Thursday, 29 August 2019

തരൂരിന്റെ മോദി സേവ, പിണറായിയുടെ തുഷാര്‍ സേവ

അപശബ്ദം
എന്‍പിയാര്‍ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇപ്പോള്‍ വിശേഷിച്ച് ജോലിയൊന്നുമില്ല. അതുകൊണ്ടു മിണ്ടാതിരുന്നാല്‍ പോരെ എന്നു ചോദിക്കരുത്. മിണ്ടാതിരുന്നാല്‍ തീരെ ഔട് ഓഫ് സൈറ്റ് ആകും. പിന്നെ അവരെക്കുറിച്ചും ആരും മിണ്ടില്ല. മിണ്ടാതിരിക്കുന്നു എന്നു കരുതുന്നതും സത്യമല്ല. അവര്‍ നിരന്തരം നരേന്ദ്രമോദിയെയും കേന്ദ്രഭരണത്തെയും വിമര്‍ശിക്കുന്നില്ലേ? ഉണ്ട്, പക്ഷേ...

ശശി തരൂര്‍ ആണ് അതിന്റെ സത്യം കണ്ടുപിടിച്ചത്. പറഞ്ഞതു തന്നെ പറഞ്ഞോണ്ടിരുന്നാല്‍ ആരും മൈന്‍ഡ് ചെയ്യില്ല. മോദിയെ എപ്പോഴും കുറ്റം പറഞ്ഞോണ്ടിരുന്നാല്‍ ഇവര്‍ക്ക് ഇതേ പണിയുള്ളൂ എന്നേ ജനം കരുതൂ. അതുകൊണ്ട് ഇടയ്ക്ക് ഒരു ചേഞ്ചിനു വേണ്ടി മോദിയെ പ്രശംസിക്കുകയും വേണം. അപ്പോഴേ വിമര്‍ശനത്തിനും വില കിട്ടൂ- ഇതാണ് അദ്ദേഹം ട്വിറ്ററില്‍ തട്ടിവിട്ടത്്്.

ആറു വര്‍ഷമായി താനിതു പറയുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. എന്തോ നമ്മളൊന്നും കേട്ടില്ല. എന്തായാലും ഇത്തവണ കേട്ടു. നമ്മള്‍ മാത്രമല്ല, കോണ്‍ഗ്രസ് നേതാക്കളും കേട്ടു. വേറെയും രണ്ടു മിടുക്കന്മാര്‍ തരൂരിനു പിന്തുണയുമായി പാഞ്ഞുവന്നു. ജയരാമന്‍ രമേശനും അഭിഭാഷക് അഭിഷേക മനു സിന്‍ഘ്വിയും. കോണ്‍ഗ്രസ്സിന്റെ രണ്ട് വക്കീലന്മാരാണ്. സിന്‍ഘ്വി കോടതിയിലും വാദിക്കും പുറത്തും  വാദിക്കും. ജയരാമന്‍ പുറത്തേ വാദിക്കാറുള്ളൂ. മുന്തിയ ഇക്കണോമിസ്റ്റ് ആയിരുന്നു. ഇപ്പോള്‍ അതൊഴിച്ചെല്ലാറ്റിലും കൈവെക്കും.

എന്തായാലും സംഗതി ഹിറ്റായിട്ടുണ്ട്. പ്രളയം കഴിഞ്ഞ് ഈച്ചയെ ആട്ടിയിരിക്കുന്ന കേരള ചാനലുകള്‍ക്കു പോലും കോണ്‍ഗ്രസ് വിവാദം ചര്‍ച്ചാവിഷയമായി. ഇതില്‍പരം ചിന്തിപ്പിക്കുകയും ഇടയ്ക്ക് ചിരിപ്പിക്കുകയും ചെയ്യുന്ന വിഷയമാണ്. മോദിയെ എപ്പോഴും വിമര്‍ശിക്കണമോ അതല്ല പുട്ടിനു നാളികേരം പോലെ ഇടയ്ക്ക് സുഖിപ്പിക്കണമോ എന്നതു പോലൊരു കിടിലന്‍ വിഷയം അടുത്തൊന്നും വേറെ കൈയ്യില്‍ കിട്ടിയിട്ടില്ലോ. കോണ്‍ഗ്രസ് ഇപ്പോഴും ജീവനോടെ ഉണ്ട് എന്നെങ്കിലും ജനങ്ങളെ ബോധ്യപ്പെടുത്താ്ന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്.

വിഷയം പൊട്ടിമുളച്ചിട്ട് ഒരാഴ്ചയിലേറെയായി എങ്കിലും ചില കേരള നേതാക്കളുടെ തലയില്‍ വെയിലടിച്ചത് ഇത്തിരി വൈകിയാണ്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി പൊതുവെ ശകലം വികാരജീവിയാണെങ്കിലും തരൂരിന്റെ കാര്യത്തില്‍ അല്പം തണുപ്പിച്ചാണ് സംസാരിച്ചത്. പകരം കെ.മുരളീധരന്‍ കത്തിക്കാളി. മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയില്‍ പോയാല്‍ മതി, കോണ്‍ഗ്രസ്സിന്റെ ക്രഡിറ്റില്‍ വേണ്ട എന്നാണ് അദ്ദേഹത്തിന്റെ കര്‍ശനമായ താക്കീത്. താത്വിക വിഷയത്തില്‍ പൊതുവെ ഇടപെടുന്ന ആളല്ല മുരളി. ശശിയാണെങ്കില്‍ തന്നെപ്പോലെ തിരുവനന്തപുരത്ത് അഭയം തേടിയ ഒരു അന്യസംസ്ഥാന-അന്യമണ്ഡല കോണ്‍ഗ്രസ് തൊഴിലാളിയുമാണ്. ഇത്രയും കാലം നല്ല ഐക്യത്തിലായിരുന്നു പോക്ക്. വടകരയില്‍ മത്സരിക്കണമെന്നു പറഞ്ഞപ്പോള്‍ അതു ശശിയണ്ണനു ബുദ്ധിമുട്ടാകുമോ എന്നായിരുന്നു മുരളിയുടെ ആദ്യശങ്ക. പിന്നെയേ വഴങ്ങി. ഇനിയിപ്പം അതൊന്നും നോക്കുന്നില്ല.

എന്തൊക്കെ പറഞ്ഞാലും, തരൂരിന്റെ സങ്കടം ഈ കോണ്‍ഗ്രസ്സുകാര്‍ക്ക് മനസ്സിലാവില്ല. സംഘപരിവാര്‍ മേഞ്ഞുനടക്കുന്ന സമയത്ത് കോണ്‍ഗ്രസ്സുകാര്‍ക്ക് പറയാന്‍ നാലു താത്ത്വിക ഡയലോഗുകള്‍ സംഭാവന ചെയ്ത ആളാണ് തരൂര്‍. എവിടെച്ചെന്നും നാലു തത്ത്വശാസ്ത്രം കടുകട്ടി ഇംഗ്ലീഷില്‍ തട്ടാന്‍ കഴിയുന്ന ബുദ്ധിജീവി ആരുണ്ട്് കോണ്‍ഗ്രസ്സില്‍?നെഹ്‌റുവിനു ശേഷം തരൂരേ ഉണ്ടായിട്ടുള്ളൂ എന്നാണ് തരൂരെങ്കിലും ഉറച്ചുവിശ്വസിക്കുന്നത്. സംഘപരിവാര്‍ തത്ത്വശാസ്ത്രത്തെ തുറന്നു കാട്ടാനും വേറെ ആര്‍ക്കും അത്ര കഴിഞ്ഞിട്ടുമില്ല. ലേശം മോദി ഭക്തി പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഏതെങ്കിലും സംസ്ഥാനത്തുനിന്ന് രാജ്യസഭാംഗവും പിന്നെ വിദേശകാര്യ മന്ത്രിസ്ഥാനവും കിട്ടുമായിരുന്നല്ലോ.

മുല്ലപ്പള്ളിക്കും മുരളിക്കുമൊക്കെ എന്തും പറയാം. കഴുത്തില്‍ ഒരു സ്ത്രീപീഡന-കൊലക്കേസ് തൂങ്ങിക്കിടക്കുന്ന ആളുടെ മനപ്രയാസം അവര്‍ക്ക് മനസ്സിലാവില്ല. മോദിക്കും ബി.ജെ.പി യജമാനന്മാര്‍ക്കും തെല്ല് സഹതാപം തോന്നിയാല്‍ രക്ഷപ്പെടുന്ന കേസ്സാണ് തരൂരിന്റേത്. കേസ്സില്‍നിന്നു ഊരിക്കിട്ടിയ ശേഷം ശേഷംകാലം മോദി വിമര്‍ശനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ....
                               
                                                                                         ****


പാര്‍ട്ടിഭ്രാന്ത്, പരകക്ഷിദ്രോഹം, എടുത്താല്‍ പൊന്താത്ത അഹംഭാവം, ക്രൂരകൊലപാതകങ്ങള്‍ തുടങ്ങിയ ദുസ്വഭാവങ്ങളാണ് സി.പി.എമ്മിനു ശാപമായത് എന്ന് തിരഞ്ഞെടുപ്പാനന്തരം നടന്ന ജാതകപരിശോധനകളില്‍ കണ്ടെത്തിയിരുന്നല്ലോ. ആകപ്പാടെ എന്താണ് സംഭവിച്ചതെന്നു പിണറായി സഖാവിനു ബോധ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ പൊളിറ്റ് ബ്യൂറോതല തീരുമാനമൊന്നും ഉണ്ടായിട്ടില്ലെങ്കിലും പോകേണ്ട വഴി ഏതെന്നു കണ്ടറിഞ്ഞ് രണ്ടടി ആ ദിശയില്‍ മുന്നോട്ടു വെച്ചിരിക്കുന്നു.

ആരെങ്കിലും പരസഹായം കിട്ടാതെ എവിടെയെങ്കിലും റോഡരുകിലോ ജയിലിലോ കിടപ്പുണ്ടോ എന്നാണ് ആദ്യനടപടി എന്ന നിലയില്‍ അന്വേഷിച്ചത്. കേരളത്തില്‍ ഇപ്പോള്‍ അത്തരം അലവലാതികള്‍ ഒന്നും ഇല്ലല്ലോ. പെട്ടന്നാണ്, നമ്മുടെ നാട്ടുകാരനായ ഒരു പിന്നാക്ക സമുദായ രക്ഷകന്‍ ഏതോ ദുഷ്ടന്റെ ക്രൂരതയ്ക്ക് ഇരയായി ഗള്‍ഫ് ജയിലില്‍ കിടക്കുന്നുണ്ട് എന്ന വിവരം ലഭിച്ചത്. പേരൊന്നും ചോദിച്ചില്ല. വേണ്ടതു ചെയ്യാന്‍ ഉടന്‍ ഓഫീസിനു നിര്‍ദ്ദേശം നല്‍കി. ഓഫീസില്‍ ഇത്തരം കാര്യങ്ങള്‍ക്ക് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിമാര്‍ക്കും മറ്റും ഉടനുടന്‍ സന്ദേശമയക്കാനുള്ള ഫോറങ്ങള്‍ ഉണ്ട്. പേരു ചേര്‍ത്ത് അയച്ചാല്‍ മതി. ഒപ്പെല്ലാം മുഖ്യമന്ത്രി നേരത്തെ തന്നെ ഇട്ടുവെയ്ക്കും. അതുപോലൊന്നു ഇപ്പറഞ്ഞ കക്ഷിയുടെ കാര്യത്തിലും അയച്ചുകൊടുത്തു. വേറൊന്നും സംഭവിച്ചിട്ടില്ല. മുഖ്യമന്ത്രി കത്തയച്ചതുകൊണ്ടൊന്നും ലോകത്തൊരു ജയിലില്‍നിന്നും ആരെയും മോചിപ്പിക്കില്ല എന്നറിയില്ലേ? പിന്നെയെന്തിനു വെറുതെ വിമര്‍ശിക്കുന്നു.

നടേ പറഞ്ഞ യോഗ്യന്‍ എന്‍.ഡി.എ എന്ന ദുഷ്ടപ്രസ്ഥാനത്തിന്റെ കേരളത്തലവന്‍ ആണെന്നു വിവരം കിട്ടാഞ്ഞിട്ടല്ല. കേസ്സൊരു കള്ളച്ചെക്കു കേസ്സാണെന്നും കേട്ടറിവുണ്ട്. സാരമില്ല. ഒരു കുറ്റവും ചെയ്യാത്ത, മഹാത്മാഗാന്ധിയുടെ തത്സ്വരൂപങ്ങള്‍ക്കു വേണ്ടിയേ ശിപാര്‍ശക്കത്ത് അയക്കൂ എന്നു തീരുമാനിക്കാന്‍ പറ്റില്ലല്ലോ. അത്തരക്കാരുണ്ടോ ജയിലില്‍ കിടക്കുന്നു. ആറ്റ്‌ലസ് രാമചന്ദ്രന്‍ അതിദയനീയമായ നിലയില്‍ അവിടെ ജയിലില്‍ കിടന്നിട്ടും തിരിഞ്ഞു നോക്കിയില്ലല്ലോ എന്നു ചിലര്‍ ചോദിക്കുന്നുണ്ട്. ശരിയാണ്, അന്നു പക്ഷേ ഞങ്ങള്‍ തിരഞ്ഞെടുപ്പു തോറ്റു ആത്മപരിശോധനയൊന്നും തുടങ്ങിയിരുന്നില്ലല്ലോ.

ഇനി ആരു വിദേശത്തു ജയിലില്‍ കിടക്കുന്നുണ്ടെങ്കിലും ആ വിവരം ഒരു എസ്.എം.എസ് ആയി അറിയിച്ചാല്‍ മതി. ഉടന്‍ ശുപാര്‍ശക്കത്ത് പ്രധാനമന്ത്രിക്കയാക്കുന്നതായിരിക്കും. പാര്‍ട്ടിഭേദം, കുറ്റത്തിന്റെ ഗൗരവം എന്നിവ പ്രശ്‌നമല്ല. വിദേശക്കുറ്റങ്ങളിലേ ഇടപെടൂ. ലോക്കല്‍ കേസ്സുകള്‍ നിലവിലെ അവസ്ഥ തന്നെ തുടരും. അറസ്റ്റു  ചെയ്യാനുള്ള ഉത്തരവും വിട്ടയക്കാനുള്ള ശുപാര്‍ശയും ഒരാള്‍തന്നെ ഒപ്പിടുന്നതിനു എന്തോ ഭരണഘടനാതടസ്സമുണ്ട്. അതു പാടില്ല.
                                                                                                    ***
മുനവാക്ക്
പി.ചിദംബരത്തിനു ഇത് തിരിച്ചടികളുടെ കാലം-പത്രവാര്‍ത്ത

കുറെക്കാലം അടിച്ചുമാറ്റിയല്ലോ, ഇനി ഇത്തിരി തിരിച്ചടി ആവട്ടെ
Sunday, 25 August 2019

ബി.എം കുട്ടിയുടെ ഒരു മലയാള പത്രപ്രവര്‍ത്തനബന്ധം

ബി.എം കുട്ടിയുടെ ഒരു മലയാള പത്രപ്രവര്‍ത്തനബന്ധം


പാകിസ്താനില്‍ പ്രമുഖ നേതാവായി വളര്‍ന്ന നമ്മുടെ തിരൂര്‍കാരനായ ബി.എം കുട്ടി അന്തരിച്ച വിവരറിഞ്ഞപ്പോള്‍ ചില ഓര്‍മകള്‍ നുരഞ്ഞുവന്നു. കുട്ടിയെക്കുറിച്ച് 1981-ല്‍ ഞാന്‍ മാതൃഭൂമിയില്‍ ചേര്‍ന്ന കാലം മുതലേ കേള്‍ക്കുന്നുണ്ടായിരുന്നു. അതിന് ഒരു കാരണമുണ്ട്. അദ്ദേഹവുമായി നല്ല പരിചയം ഉള്ള ആളായിരുന്നു മാതൃഭൂമിയുടെ അന്നത്തെ പത്രാധിപര്‍ വി.പി രാമചന്ദ്രന്‍. അദ്ദേഹം പറഞ്ഞാണ് കുട്ടിയെക്കുറിച്ച് പലരും പലതും അറിഞ്ഞത്. പിന്നീട് ഒന്നു രണ്ടു തവണ കേരളത്തില്‍ വന്നപ്പോഴത്തെ വാര്‍ത്തകളിലൂടെ ബി.എം.കുട്ടി വീണ്ടും ഓര്‍മിക്കപ്പെട്ടു. പക്ഷേ, എനിക്ക് ബി.എം കുട്ടിയുമായി ബന്ധപ്പെടാന്‍ വേറെ ഒരു അവസരം ഉണ്ടായി. അതു പറയാം.

2011-14 കാലത്ത് ഞാന്‍ കേരള മീഡിയ അക്കാദമി ചെയര്‍മാനായിരുന്ന കാലത്ത് പ്രമുഖ പത്രപ്രവര്‍ത്തകനായ വി.പി.രാമചന്ദ്രന്റെ  ജീവചരിത്രകൃതി പ്രസിദ്ധപ്പെടുത്തിയിരുന്നു. എനിക്കു മുന്‍പ് പത്തു വര്‍ഷം അക്കാദമിയുടെ ചെയര്‍മാന്‍ ആയിരുന്നു വി.പി.ആര്‍. അങ്കിത ചീരക്കാതില്‍ എന്ന വിദ്യാര്‍ത്ഥിനി വി.പി.ആറുമായി ദീര്‍ഘമായി സംസാരിച്ച് ഇംഗ്ലീഷിലെഴുതിയതായിരുന്നു. 

രചന എന്റെ കൈയില്‍ കിട്ടിയപ്പോള്‍ ഒരു സംശയം ഉളവായി. രചനയില്‍ ഞാന്‍ എന്ന് തുടര്‍ച്ചയായി ഉപയോഗിച്ചിട്ടുണ്ട്. ഞാന്‍ വി.പി.ആര്‍ ആണ്. പക്ഷേ, ഗ്രന്ഥകര്‍ത്താവ് അങ്കിതയാണ്.   ഇത് ആത്മകഥയാണോ ജീവചരിത്രമാണോ? വി.പി.ആറിനോടുതന്നെ ചോദിച്ചു. 'അങ്കിത എഴുതിയതാണ് അതു മുഴുവന്‍. പക്ഷേ, ഞാന്‍ പറഞ്ഞതല്ലാതെ കൂടുതലൊന്നും എഴുതിയിട്ടുമില്ല. പക്ഷേ, ആത്മകഥ എന്നു വിളിക്കരുത്. ആത്മകഥയായിരുന്നുവെങ്കില്‍ ഒരുപാട് വ്യക്തികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും എഴുതേണ്ടതായിരുന്നു. ഇന്നെനിക്ക് അതിനു കഴിയില്ല'-വി.പി.ആര്‍ വിശദീകരിച്ചു.

വി.പി.ആര്‍ എഡിറ്ററായിരുന്നപ്പോഴാണ് ഞാന്‍ മാതൃഭൂമിയില്‍ ജേണലിസം ട്രെയ്‌നി ആയി ചേരുന്നത്. അതിന്റെ അടുപ്പവും അകല്‍ച്ചയും ഒരേ സമയം ഉണ്ട്. കൃതിയുടെ ഈ പരിമിതി അവഗണിച്ചും ആ ആത്മകഥാജീവചരിത്രം പ്രസിദ്ധപ്പെടുത്താന്‍  തീരുമാനിച്ചു.

വി.പി.ആര്‍ എന്നെ ഏല്‍പിച്ച കൃതിയില്‍, പാകിസ്താനിലായിരുന്നപ്പോള്‍ ബി.എം. കുട്ടിയുമായി പുലര്‍ത്തിയ സൗഹൃദത്തെക്കുറിച്ച്  ഒന്നും എഴുതിയിരുന്നില്ല. ഒന്നുകില്‍ മറന്നതാവാം. അല്ലെങ്കില്‍, ബന്ധങ്ങളെക്കുറിച്ചു മിതത്വം പാലിച്ചതാവാം. വ്യക്തിപരമായ ഓര്‍മകള്‍ അദ്ദേഹത്തിന്റെ രചനയില്‍ കുറവാണ്. പത്രപ്രവര്‍ത്തനാനുഭവങ്ങളാണ് കൂടുതല്‍. വ്യക്തി ഓര്‍മകളും കൂടി ഉണ്ടെങ്കിലേ പുസ്തകം ഒന്നുകൂടി സമഗ്രമാവൂ എന്നു തോന്നി. ഒരു പരിഹാരമേ മനസ്സില്‍ വന്നുള്ളൂ. ബി.എം.കുട്ടിയെ സമീപിച്ച് വി.പി.ആറിനെക്കുറിച്ച എഴുതിക്കുക.

കുട്ടിയെ മെയില്‍ മാര്‍ഗം ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിക്കുകയും ഏതാനും ദിവസങ്ങള്‍ക്കകം നല്ലൊരു ഒരു ഓര്‍മക്കുറിപ്പ് അയച്ചുതരികയും ചെയ്തു. മറ്റു പലരുടെയും ഓര്‍മക്കുറിപ്പുകള്‍ ചേര്‍ത്ത് കൃതി സമഗ്രമാക്കി. VPR revisited-Life and times of an extraordinary journalist എന്ന പുസ്തകം 2013-ലാണ്് പ്രസിദ്ധപ്പെടുത്തിയത്.

1924-ല്‍ ജനിച്ച വി.പി രാമചന്ദ്രന്‍ അന്നത്തെ ഇന്റര്‍മീഡിയറ്റുമായി ഉത്തരേന്ത്യയിലേക്കു വണ്ടി കയറിപ്പോയതാണ് ഒരു ജീവിതമാര്‍ഗം കണ്ടെത്താന്‍. പല വാതിലുകള്‍ തുറന്നും അടച്ചും അദ്ദേഹം പി.ടി.ഐ എന്ന വാര്‍ത്താ ഏജന്‍സിയില്‍ ആദ്യം ടെലിപ്രിന്റര്‍ ഓപറേറ്ററും പിന്നെ റിപ്പോര്‍ട്ടറുമായി. 1957-58-ല്‍ പാകിസ്താനില്‍ ലേഖകനായി പ്രവര്‍ത്തിച്ചപ്പോഴാണ് പ്രമുഖ ഇടതുപക്ഷ-തൊഴിലാളി നേതാവായ ബി.എം കുട്ടിയുമായുണ്ടായ സൗഹൃദം.

ലാഹോറിലായിരുന്നു  കുട്ടിയുടെയും അന്‍പതുകളിലെ പ്രവര്‍ത്തനകേന്ദ്രം. ഇടതുപക്ഷ രാഷ്ട്രീയക്കാരാനായി പല മേഖലകളിലും പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും കുട്ടി 1955-ല്‍ ഒരു പാകിസ്താന്‍-ജര്‍മന്‍ എന്‍ജിനീയറിങ്ങ് കമ്പനിയുടെ മാനേജരായാണ് കറാച്ചിയില്‍ നിന്ന് ലാഹോറിലെത്തുന്നത്. മലയാളിയായ ഒരു പത്രപ്രവര്‍ത്തകന്‍ ഉണ്ടെന്നറിഞ്ഞ് കുട്ടി അങ്ങോട്ടു ചെന്നാണ് വി.പി.ആറിനെ പരിചയപ്പെടുന്നത്. മലയാളത്തില്‍ സംസാരിക്കാന്‍ ഒരാളെ കണ്ടെത്തിയതില്‍ അന്നുണ്ടായ സന്തോഷം അദ്ദേഹം ഓര്‍മക്കുറിപ്പില്‍ വിവരിക്കുന്നുണ്ട്. അവര്‍ പിന്നെ സുഹൃത്തുക്കളായി. ലാഹോറിലെ മുഴുവന്‍ പത്രപ്രവര്‍ത്തകരും വി.പി.ആര്‍ വഴി കുട്ടിയുടെ സുഹൃത്തുക്കളായി. വി.പി.ആര്‍ അവധിയില്‍ സ്വദേശമായ വടക്കഞ്ചേരിയിലേക്കു മടങ്ങിയതും വിവാഹിതനായി മടങ്ങിയതും അവര്‍ക്കു സ്വീകരണം നല്‍കിയതും ഇംഗ്ലീഷും മലയാളവും മാത്രം അറിയുന്ന നവവധു ഗൗരിയെ ഉറുദു പഠിക്കാന്‍ ഏര്‍പ്പാട് ചെയ്തതുമെല്ലാം കുട്ടി ഓര്‍ത്തെടുക്കുന്നുണ്ട്. കുട്ടിയുടെ ഭാര്യ ബിര്‍ജിസ്  യു.പി കാരിയായതിനാല്‍ അവര്‍ ഉറുദു പഠിപ്പിക്കുന്ന ചുമതല ഏല്‍ക്കുകയും ചെയ്തു.

ആ കൂട്ടുകെട്ട് പെട്ടെന്നു തകര്‍ന്നത് പാകിസ്താനില്‍ പട്ടാളവിപ്ലവത്തിലൂടെ ജനറല്‍ അയുബ് ഖാന്‍ ഭരണാധികാരിയായതോടെയാണ്. കുട്ടിയുടെ പല ഇടതുപക്ഷ കൂട്ടുകാരും അറസ്റ്റിലായത് കുട്ടിയെ അമ്പരപ്പിച്ചു. ഇനി തന്നെയാവും പിടികൂടുക എന്ന തോന്നലുണ്ടായതോടെ അദ്ദേഹം മെല്ലെ ഇന്ത്യയില്‍ രാഷ്ട്രീയാഭയം തേടി. 1959-ല്‍ പാകിസ്താനിലേക്കു മടങ്ങിയെങ്കിലും ലാഹോറില്‍ വിമാനമിറങ്ങിയ ഉടനെ അറസ്റ്റിലായി. പിന്നെ, 1961-ല്‍ ആണ് പുറത്തിറങ്ങിയത്. അറസ്റ്റ് ചെയ്യപെട്ടപ്പോള്‍ പൊലീസ് വീട് സര്‍ച്ച് ചെയ്‌തെന്നും ഇന്ത്യന്‍ പത്രപ്രവര്‍ത്തകനായ വി.പി.ആറുമൊത്തുള്ള ഫോട്ടോ കണ്ടെടുത്തെന്നുമുള്ള വിവരം ഭാര്യയില്‍നിന്ന് അറിഞ്ഞ് ഞെട്ടി.

പില്‍ക്കാലത്ത് കുട്ടി ഒന്നോ കേരളത്തില്‍ വന്നിട്ടുണ്ട്. എണ്‍പതുകളുടെ ആദ്യം  കൊച്ചി മാതൃഭൂമിയില്‍ വന്നതും വി.പി.ആറിനെ കണ്ടതും ഓര്‍മക്കുറിപ്പിലുണ്ട്.

പ്രസ് കൗണ്‍സില്‍ പിരിച്ചുവിടുക തന്നെയാണ് വേണ്ടത്

പ്രസ് കൗണ്‍സില്‍ പിരിച്ചുവിടുക തന്നെയാണ് വേണ്ടത് 

1975-ല്‍ അടിയന്തരാവസ്ഥയും സെന്‍സര്‍ഷിപ്പും പ്രഖ്യാപിച്ചതിനു ശേഷം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പത്രലോകത്തോട് കാണിച്ച ഒരു വലിയ 'ഔദാര്യ'മുണ്ട്. പത്രസ്വാതന്ത്ര്യ സംരക്ഷണത്തിനായി ഇന്ത്യാ ഗവണ്മെന്റ് സ്ഥാപിച്ച പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന സ്ഥാപനം അവര്‍ പിരിച്ചുവിട്ടു.

അടിയന്തരാവസ്ഥയില്‍ സെന്‍സര്‍ഷിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പത്രലേഖകരെ ഓടിച്ചുപിടിച്ച് ജയിലിലോ വീട്ടുതടങ്കലിലോ ആക്കിയിരുന്നില്ല. പത്രപ്രവര്‍ത്തകര്‍ക്ക് എവിടെയെങ്കിലും സഞ്ചരിക്കാന്‍ പൊലീസ് അനുമതി വേണ്ടിവന്നിരുന്നില്ല. പത്രം അച്ചടിക്കാന്‍ പറ്റാത്ത അവസ്ഥ ഒരിടത്തും ഉണ്ടായുമില്ല. ഒരു സംസ്ഥാനംപോലും ആഴ്ചകളോളം പത്രരഹിതമായി മാറിയിരുന്നില്ല. ടെലഫോണ്‍ സംവിധാനങ്ങള്‍ പൂര്‍ണമായി അടച്ചു പൂട്ടിയിരുന്നില്ല. ഇതെല്ലാം ക്ശ്മീരില്‍ സംഭവിക്കുന്നു.

ഒരു ഇന്ത്യന്‍ സംസ്ഥാനത്ത് ഇത്രയും സംഭവിച്ച് മൂന്നാഴ്ച പിന്നിട്ടിട്ടും, വിമര്‍ശിക്കുന്നതു പോകട്ടെ ഒന്ന് അന്വേഷിച്ച് എന്തെങ്കിലും അരുതായ്മകള്‍ അവിടെ സംഭവിച്ചിട്ടുണ്ടോ എന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ പോലുമുള്ള സന്നദ്ധത ആ സ്ഥാപനം പ്രകടിപ്പിച്ചിട്ടില്ല.

പ്രസ് കൗണ്‍സിലിന്റെ ഒരു അന്വേഷണസംഘം ഇതുവരെ കശ്മീരിലേക്കു പോയിട്ടില്ല. ക്ശ്മീര്‍ സര്‍ക്കാറിനോട് ഒരു റിപ്പോര്‍ട്ട് ചോദിച്ചിട്ടുപോലുമില്ല. യുദ്ധമേഖലയില്‍ പോലും കാണാത്ത നിയന്ത്രണങ്ങളിലൊട്ടും അയവ് വരുത്താതിരുന്നിട്ടും മൗനംവെടിയാന്‍ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി.കെ.പ്രസാദ് തയ്യാറായിട്ടില്ല. എന്നിട്ടിപ്പോള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്്റ്റിസ് പ്രസാദ് വേവലാതിപ്പെടുന്നത് പ്രസ് കൗണ്‍സില്‍ തയ്യാറാക്കിയ പത്രപ്രവര്‍ത്തക പെരുമാറ്റച്ചട്ടസംഹിത കശ്മീരിലെ പത്രപ്രവര്‍ത്തകര്‍ പാലിക്കുന്നുണ്ടോ എന്നതിലാണ്. കൗണ്‍സില്‍ ഇക്കാര്യം സംബന്ധിച്ച് സുപ്രിം കോടതിയില്‍ ഒരു രേഖ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടത്രെ.

കശ്മീര്‍ ടൈംസ് എക്‌സി.എഡിറ്റര്‍ അനുരാധ ഭാസീന്‍ സമര്‍പ്പിച്ച ഒരു റിട്ട് ഹരജി സുപ്രിം കോടതി പരിഗണിക്കുന്നതിന് ഇടയിലാണ്, ഞങ്ങള്‍ക്കും ചിലതു പറയാനുണ്ട്, അനുവദിക്കണമേ എന്ന ഹരജിയുമായി പ്രസ് കൗണ്‍സില്‍ പാഞ്ഞു ചെന്നിരിക്കുന്നത്. ചെയര്‍മാന്‍ കൗണ്‍സില്‍ പെരുമാറ്റ സംഹിതയിലെ 23 ാം വകുപ്പ് പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.  'വാര്‍ത്തകളും അഭിപ്രായങ്ങളും വിവരങ്ങളും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍  സമൂഹത്തിന്റെയോ രാജ്യത്തിന്റെയോ ഉന്നതമായ താല്പര്യങ്ങള്‍ക്കു ഹാനികരമായ യാതൊന്നും പ്രസിദ്ധീകരിക്കപ്പെടുന്നില്ല എന്നു പത്രപ്രവര്‍ത്തകര്‍ ഉറപ്പുവരുത്തേണ്ടതുണ്ട് ' എന്നാണ് ഈ വകുപ്പില്‍ പറഞ്ഞിരിക്കുന്നത് എന്ന് കൗണ്‍സില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

കശ്മീരിലെ പത്രങ്ങളോ മറ്റു മാധ്യമങ്ങളോ രാജ്യതാല്പര്യങ്ങള്‍ തകരാറാക്കുന്ന എന്തെങ്കിലും പ്രസിദ്ധപ്പെടുത്തിയതായി ആഗസ്റ്റ് അഞ്ചിനോ അതിനു ശേഷമോ ഒരാക്ഷേപവും ഉണ്ടായിട്ടില്ല. ഉണ്ടെങ്കില്‍തന്നെ അതിനെതിരെ കേസ് ചാര്‍ജ് ചെയ്ത് നടപടിയെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ആവശ്യത്തിനു നിയമമില്ലെന്ന പരാതിയൊന്നും കശ്മീരില്‍ ഇല്ലല്ലോ.

കശ്മീരില്‍ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. നിയമങ്ങളോ നിയമവാഴ്ചയോ റദ്ദാക്കപ്പെട്ടിട്ടില്ല. അഭിപ്രായസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും നില നില്‍ക്കുന്നുണ്ട്. എന്നിട്ടും, ഇതിന്റെയെല്ലാം അതിഗുരുതരമായ ലംഘനങ്ങളെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ വേറെയെന്തെല്ലാമോ പറയാന്‍ ശ്രമിക്കുന്ന ഇത്തരമൊരു കൗണ്‍സിലിനു തുടരാന്‍ ഒരു അവകാശവുമില്ല. കേന്ദ്രസര്‍ക്കാറിനു വേണ്ടത് ഇത്തരമൊരു കൗണ്‍സില്‍ ആണ് എന്നറിഞ്ഞു കൊണ്ടുതന്നെ പറയട്ടെ, അല്ലെങ്കില്‍ത്തന്നെ 'വെറും പല്ലില്ലാപ്പുലി' എന്ന പേരു നേടിയിട്ടുള്ള ഈ കൗണ്‍സില്‍ പിരിച്ചുവിടണം. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിനു നല്ലത്.

Wednesday, 21 August 2019

അന്ന് അരുണ്‍ ഷൗരി, ഇന്നു റവീഷ് കുമാര്‍ഏഷ്യന്‍ നോബല്‍ സമ്മാനം എന്നു വിശേഷിപ്പിക്കപ്പെടാറുള്ള മാഗ്‌സാസെ അവര്‍ഡിന് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത് എന്‍.ഡി.ടി.വി യുടെ സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ റവീഷ് കുമാറാണ്. ഈ തിരഞ്ഞെടുപ്പ് അടിയന്തരാവസ്ഥക്കാലത്തെ പമേഗ്‌സാസെ അവാര്‍ഡിനെ ഓര്‍മിപ്പിക്കുന്നു. അന്നു രാജ്യം പ്രഖ്യാപിത ഏകാധിപത്യത്തിന്‍കീഴില്‍ ഞെരുങ്ങുകയായിരുന്നു. അതിനെതിരെയും തുടര്‍ന്നും ശബ്ദിക്കാന്‍ ശ്രമിച്ചതിനുള്ള അംഗീകാരമായി ബഹുമതി 1982-ല്‍ അരുണ്‍ ഷൗരിയെ തേടിച്ചെന്നു. ഇന്ന് രാജ്യം അപ്രഖ്യാപിത ഏകാധിപത്യത്തിലാണ്. ഇന്ത്യന്‍ ദൃശ്യമാധ്യമങ്ങളില്‍നിന്ന് ഇതിനെതിരെ ഉയരുന്ന ഒരു ശബ്ദം റവീഷ് കുമാറിന്റേതാണെന്ന് ഒരു മഗ്‌സാസെ പുരസ്‌കാരസമിതി തിരിച്ചറിയുന്നു.

അരുണ്‍ ഷൗരിയുടെ മാധ്യമസേവനങ്ങള്‍ വിവരിക്കുന്ന പുരസ്‌കാര സമിതിയുടെ പ്രഖ്യാപനത്തില്‍ 575 വാക്കുകളാണ് ഉണ്ടായിരുന്നതെന്ന് ഇന്ത്യന്‍ ജേണലിസം റവ്യൂ റിപ്പോര്‍ട്ട് ഓര്‍ക്കുന്നു. ഇന്ന് റവീഷ് കുമാര്‍ പൊരുതേണ്ടിവരുന്ന രാഷ്ട്രീയ വെല്ലുവിളികള്‍ വിവരിക്കാന്‍ പുരസ്‌കാരസമിതിക്ക് 878 വാക്കുകള്‍ ഉപയോഗിക്കേ്ണ്ടിവന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ എത്ര വലിയ ഭീഷണിയെ ആണ് നേരിടുന്നതെന്ന് ഇതു വ്യക്തമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
റവീഷ് കുമാര്‍

പ്രണോയ് റോയ് സ്ഥാപിച്ച ഇന്ത്യയിലെ ഏറ്റവും സ്വതന്ത്ര ദൃശ്യമാധ്യമമായ എന്‍.ഡി.ടി.വി ക്കെതിരെ കടുത്ത ഭീഷണികളാണ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുള്ളതെന്ന് ഈ പുരസ്‌കാരം ഓര്‍മിപ്പിക്കുന്നു. ആരോ ഉന്നയിച്ച ഒരു ആരോപണത്തിന്റെ പേരില്‍ അറസ്റ്റ് പോലും ഇല്ലാതെ തന്നെ റോയിയുടെ വിദേശയാത്ര തടസ്സപ്പെടുത്തിയത് പ്രതികാരത്തിന്റെ തോതു വെളിവാക്കുന്നു.

റവീഷ് കുമാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന തത്ത്വങ്ങള്‍ എത്രമാത്രം പ്രസക്തമാണ് എന്നു പുരസ്‌കാരരേഖയില്‍ വിശദീകരിക്കുന്നുണ്ട്. പാവപ്പെട്ടവരുടെയും കഷ്ടപ്പെടുന്ന കര്‍ഷകരുടെയും തകര്‍ന്നു കൊണ്ടിരിക്കുന്ന സാമൂഹ്യസേവന സംരംഭങ്ങളുടെയും ഭാഗത്തുനിന്നുകൊണ്ടുള്ള റവീഷിന്റെ റിപ്പോര്‍ട്ടുകള്‍ ഏറെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. റിക്ഷവലിക്കുന്നരുടെയും തോട്ടികളുടെയും കാര്യം പറയാന്‍ ഇന്ത്യയില്‍ ഇന്നു മറ്റധികം ദേശീയ ദൃശ്യമാധ്യമങ്ങള്‍ക്ക് ഇന്ന് സമയവും സന്മനസ്സും ഇല്ലല്ലോ.  എന്‍.ഡി.ടി.വി ന്യൂസ് റൂമിനെ അദ്ദേഹം ജനങ്ങളുടെ ന്യൂസ് റൂം എന്നാണ് വിശേഷിപ്പിക്കാറുള്ളതും.

അരുണ്‍ ഷൗരിക്കു പുറമെ ഈ ബഹുമതി ലഭിച്ച പത്രപ്രവര്‍ത്തകര്‍, അമിതാഭ ചൗധരി(1961), ബി.ജി.വര്‍ഗീസ്(1975),ആര്‍.കെ ലക്ഷ്മണ്‍(1984-കാര്‍ട്ടൂണിസ്റ്റ്), പി.സായ്‌നാഥ്(2007) എന്നിവരാണ്. 

ഇന്ത്യയിലെ പ്രമുഖ വാര്‍ത്താമാധ്യമങ്ങള്‍ ഒന്നും തന്നെ ഈ ബഹുമതിയെ  വിലമതിച്ചില്ല.  റവീഷിനെ അവര്‍ എത്രമാത്രം അവജ്ഞയോടെയാണ് കാണുന്നത് എന്നു ഇതു വ്യക്തമാക്കുന്നു. ഈ മാധ്യമങ്ങളെല്ലാം രാജ്യം ഭരിക്കുന്ന 'വലിയേട്ട'നെ ഭയപ്പെട്ടാണോ ഇങ്ങനെ പെരുമാറുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. ബി.ജി. വര്‍ഗീസും അ ഇതിലൊരു കൗതുകകരമായ യാദൃച്ഛികത കൂടിയുണ്ട്. വലിയേട്ടന്‍- ബിഗ് ബ്രദര്‍-  എന്ന പദപ്രയോഗം ജോര്‍ജ് ഓര്‍വലിന്റേതാണ്. ബിഗ് ബ്രദര്‍ ഈസ് വാച്ചിങ് യു എന്ന് അദ്ദേഹം എഴുതിയത് എക്കാലത്തേക്കും പ്രസക്തമായി നിലനില്‍ക്കുന്നു.  ഇന്നും ലോകം കൂടുതല്‍ കൂടുതല്‍ ബഹുമാനത്തോടെ ഓര്‍ക്കുന്ന ഓര്‍വല്‍ ജനിച്ചത് ഇന്ത്യയിലാണ്. ബിഹാറിലെ മോത്തിഹാരിയില്‍. റവീഷ് കൂമാര്‍  ജനിച്ചതും മോത്തിഹാരിയില്‍ തന്നെ!

Saturday, 17 August 2019

എട്ടു വര്‍ഷം, ജപ്പാനില്‍ കുറഞ്ഞത് ഒരു കോടി പത്രം


മീഡിയ കോളം
എന്‍.പി രാജേന്ദ്രന്‍


എട്ടു വര്‍ഷം, ജപ്പാനില്‍ കുറഞ്ഞത് ഒരു കോടി പത്രം

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പത്രം വില്‍ക്കുന്ന രാജ്യം എന്ന ബഹുമതി ജപ്പാന്‍ നിലനിര്‍ത്തുന്നുണ്ട്. പക്ഷേ, ജപ്പാനില്‍ പത്രവില്പനയിലുണ്ടാകുന്ന തകര്‍ച്ച അവിടത്തെ പത്രങ്ങളെ ആകെ ആശങ്കയിലാഴ്ത്തുന്നു. രണ്ടായിരാം ആണ്ടിനു ശേഷം 2018 വരെ ഒരു കോടി കോപ്പികളാണ് രാജ്യത്ത് കുറഞ്ഞത്. 2018-ല്‍ മാത്രം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരുപത് ലക്ഷം കോപ്പികളുടെ കുറവാണ് ഇവിടെ പത്രപ്രചാരത്തില്‍ ഉണ്ടായത്. അഞ്ചു ശതമാനം എ്ന്നത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കുറവാണ്. കേരളത്തില്‍ പോലും പത്തു ശതമാനമാണ് പത്രം ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ വര്‍ഷംതോറും കുറയുന്നത്. 3,68 കോടി പത്രങ്ങള്‍ വില്‍ക്കുന്ന ജപ്പാന് ഇരുപതു ലക്ഷം കോപ്പിയുടെ കുറവ് വലുതല്ല. എന്നാല്‍, ഭാവിയെക്കുറിച്ചുള്ള ആശങ്കയെ ഇതൊട്ടും നിസ്സാരമാക്കുന്നില്ല.

85ലക്ഷം കോപ്പിവില്‍ക്കുന്ന പത്രമാണ് യോമ്യുരി ഷിംബുന്‍. ഇതാണ് ഏറ്റവും സര്‍ക്കുലേഷനുള്ള പത്രം. ആ പത്രത്തിന്റെ പ്രചാരത്തേക്കാള്‍ പതിനഞ്ചു ലക്ഷം കൂടൂതലാണ് ഓരോ വര്‍ഷം രാജ്യത്തുണ്ടാകുന്ന പ്രചാരക്കുറവ്. വര്‍ഷം തോറും ഓരോ യോമ്യുരി ഷിംബുന്‍ പത്രം അടച്ചുപൂട്ടുന്നതിനു തുല്യം എന്നു പറയാം.
ലോകത്തിലേറ്റവും പ്രചാരമുള്ള പത്രങ്ങള്‍ ജപ്പാനിലാണ്. യോമ്യുരി ഷിംബുന്‍, അസാഹി ഷിംബുന്‍ എന്നീ ജപ്പാന്‍ പത്രങ്ങള്‍ക്കാണ് എത്രയോ വര്‍ഷങ്ങളായി ആഗോളതലത്തില്‍ത്തന്നെ ഒന്നും രണ്ടും സ്ഥാനം. ഒരു കോടി കോപ്പികള്‍ വരെ ദിവസവും വിറ്റിരുന്ന പത്രങ്ങളാണ് ഇവ.

2018-ല്‍ ജപ്പാന്‍ ന്യൂസ്‌പേപ്പര്‍ പബ്ലിഷേഴ്‌സ്&എഡിറ്റേഴ്‌സ് അസോസിയേഷന്‍ നടത്തിയ സര്‍വെയുടെ റിപ്പോര്‍ട് കണ്ടെത്തിയത് 53.6 ശതമാനം ജനങ്ങള്‍ ഇപ്പോഴും ദിവസവും ഒരു അച്ചടിപ്പത്രം വായിക്കുന്നുണ്ട് എന്നാണ്. പതിനാറു ശതമാനം പേര്‍ ആഴ്ചയിലൊരു ദിവസമേ പത്രം വായിക്കുന്നുള്ളൂ.

ദിവസവും പത്രം വായിക്കുന്നവരില്‍ 20ശതമാനം അമ്പതിലേറെ പ്രായം ഉള്ളവരാണ്. 28 ശതമാനം പേര്‍ അറുപതിലേറെ പ്രായമുള്ളവരും 22 ശതമാനം പേര്‍ എഴുപതിലേറെ പ്രായമുള്ളവരുമാണ്. പത്രം വായിക്കാറില്ല എന്നു പറഞ്ഞവരില്‍ 80 ശതമാനം പേരും 
നാല്പതിനു താഴെ പ്രായമുള്ളവരാണ്.


ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ചൈനയുടെ സ്ഥിതിയും മോശമാണ്. ജപ്പാനെക്കാള്‍ മോശമാണ് എന്നുതന്നെ പറയാം. നിരവധി ഇടത്തരം, ചെറുകിട പത്രങ്ങള്‍ അടച്ചുപൂട്ടപ്പെടുകയാണ്. 2017-ന്റെ അവസാന പ്രവര്‍ത്തിദിവസം മാത്രംഅവിടത്തെ 14 പത്രങ്ങള്‍ പ്രസിദ്ധീകരണം നിര്‍ത്തി. ചിലത് ആഴ്ചപ്പത്രമാക്കി മാറ്റി.

പ്രചാരത്തിലുള്ള കുറവിനേക്കാള്‍ അലട്ടുന്നത് പരസ്യവരുമാനത്തിലുള്ള കുറവാണ്. അനേകമനേകം പുതിയ സാധ്യതകളാണ് പരസ്യമേഖലയില്‍ ഉയര്‍ന്നുവരുന്നത്. അതാവട്ടെ, പത്രങ്ങളുടെ വരുമാനമാണ് നഷ്ടപ്പെടുത്തുന്നത്. പത്രങ്ങള്‍ക്കു കിട്ടിപ്പോന്ന അത്ര പരസ്യം പത്രത്തിന്റെ ഓണ്‍ലൈനിനു കിട്ടും എന്നും പ്രതീക്ഷിക്കാന്‍ പറ്റാതായിട്ടുണ്ട്. പരസ്യംകുറയുമ്പോള്‍ സ്ഥാപനങ്ങള്‍ ആഗ്രഹിക്കുന്നത് കോപ്പി കൂട്ടാനല്ല കുറക്കാനാണ്. പരസ്യവരുമാനം കുറവാണെങ്കില്‍ കൂടുതല്‍ കോപ്പി അടിക്കുന്നത് ലാഭമല്ല, നഷ്ടമാണ് ഉണ്ടാക്കുക. ഇതും വലിയ ധര്‍മസങ്കടം തന്നെ.
                                 (ആധാരം: nippon.com Aug 6, 2019)


ഇനി വാര്‍ത്ത സര്‍ക്കാര്‍ തിരുത്തും, സിംഗപ്പൂരില്‍

വ്യാജവാര്‍ത്തകള്‍ക്കെതിരെയുള്ള നടപടി എന്നതാണ് ന്യായീകരണം. ഏതു വാര്‍ത്തയിലും തെെറ്റന്നു സര്‍ക്കാറിനു തോന്നുന്ന ഭാഗം സര്‍ക്കാര്‍ നേരിട്ടങ്ങ് തിരുത്തും. പാര്‍ലമെന്റ് പാസ്സാക്കിയ ഈ നിയമം നടപ്പാക്കിത്തുടങ്ങിയാല്‍ ഒരു പക്ഷേ ജനങ്ങള്‍ക്ക്, ഇതിലും ഭേദം വ്യാജവാര്‍ത്ത ഉണ്ടാകുകയാണ് എന്നുപോലും തോന്നിയേക്കാം. വാര്‍ത്ത തിരുത്തലില്‍ ഒതുങ്ങുന്നില്ല സര്‍ക്കാറിന്റെ അധികാരം. ദുരുദ്ദേശപൂര്‍വം തെറ്റായ വാര്‍ത്ത കൊടുത്തെന്നു വന്നാല്‍ പിഴ മാത്രമല്ല, ജയില്‍ ശിക്ഷയും ലഭിക്കാം.

ഓണ്‍ലൈന്‍/ സാമൂഹ്യമാധ്യമങ്ങളില്‍ മാത്രമല്ല പരമ്പരാഗത മാധ്യമങ്ങളിലും കൈകടത്താന്‍ പുതിയ നിയമം സര്‍ക്കാറിന് അധികാരം നല്‍കുന്നു.
ഇത് അഭിപ്രായസ്വാതന്ത്ര്യത്തിന്‍മേലുള്ള  മറ്റൊരു വലിയ ആഘാതമാണ്.

എന്നാല്‍, പൊതുവെ അത്ര വലിയ ആശങ്കയൊന്നും ജനങ്ങളിലില്ല. അതിനൊരുകാരണം, രാജ്യത്ത് ഇപ്പോള്‍തന്നെ വലിയ പത്രസ്വാതന്ത്ര്യമൊന്നുമില്ല എന്നതു തന്നെ. പത്രസ്വാതന്ത്ര്യ ആഗോള സൂചികയില്‍ 183 രാജ്യങ്ങളില്‍ 151 ാം സ്ഥാനമാണ് സിംഗപ്പുരിനിപ്പോള്‍ ഉള്ളത്. പരമ്പരാഗത മാധ്യമങ്ങള്‍ ഇപ്പോള്‍തന്നെ സര്‍ക്കാറിന്റെ നിയന്ത്രണത്തിലാണ്. ആഗോള സാമൂഹ്യമാധ്യമങ്ങള്‍ക്കാണ് ആശങ്ക കൂടുതലുള്ളത്. നിയമം വരുന്നതിനു മുമ്പ് ചില സംഗതികള്‍ പ്രസിദ്ധീകരണത്തില്‍നിന്നു മാറ്റാന്‍ ആവശ്യപ്പെട്ടിട്ട് ഫെയ്‌സ്ബുക്ക് വഴങ്ങുകയുണ്ടായില്ല. ഇതാണ് ഈ നിയമം വരാന്‍തന്നെ കാരണം എന്നു പലരും കരുതുന്നു. പുതിയ നിയമം വിദേശ മാധ്യമങ്ങള്‍ക്കും ബാധകമാണ്.

സിംഗപ്പുരിന്റെ മാതൃക മറ്റു മധ്യ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ അനുകരിച്ചേക്കുമോ എന്ന ഭയം സാമൂഹ്യമാധ്യമരംഗത്തുള്ളവര്‍ക്കുണ്ട്. നേരത്തെ, തായ്‌ലന്റ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും വിവാദമുയര്‍ത്തുകയുണ്ടായി.


യങ്ടൗണ്‍-യു.എസ്സിലെ ആദ്യ പത്രരഹിത പട്ടണം

നോര്‍ത്ത് ഈസ്റ്റ് ഓഹിയയോവിലെ എക്കാലത്തെയും വലിയ ദിനപത്രം വിന്‍ഡിക്കേറ്റര്‍ ഈയിടെയാണ് പ്രദേശവാസികളെ ആ പ്രഖ്യാപനത്തിലൂടെ ഞെട്ടിച്ചത്. ആഗസ്റ്റ് അവസാനിക്കുംമുമ്പ് പത്രം അടച്ചുപൂട്ടും. 
മുന്‍പാണെങ്കില്‍ ഇതു 144 മുഴുവന്‍ സമയ ജീവനക്കാര്‍ക്കും ഇരുനൂറ്റന്‍പതോളം താല്കാലിക ജീവനക്കാര്‍ക്കും ജോലി നഷ്ടപ്പെടുന്ന പ്രശ്‌നം മാത്രമാകുമായിരുന്നു. ഇപ്പോള്‍ അതല്ല പ്രശ്‌നം. മുന്‍പ് പലരും വാങ്ങാന്‍ ശ്രമിച്ചിട്ടുള്ള ആ പ്രഗത്ഭ ദിനപത്രത്തിന്റെ തിരോധാനത്തോടെ യങ്ടൗണ്‍ പട്ടണത്തില്‍ വേറെ പത്രം ഉണ്ടാകില്ല. പല പട്ടണങ്ങള്‍ക്കും ഈ അവസ്ഥ ഉണ്ടാകും എന്നു പലരും പ്രവചിച്ചിരുന്നുവെങ്കിലും യങ്ടൗണ്‍ ആയിരിക്കുന്നു ആദ്യമായി ഈ ദുരന്തത്തിലേക്ക് പ്രവേശിക്കുന്ന പട്ടണം. 

ഈ വാര്‍ത്ത കേട്ട് പലരും ദുഃഖിച്ചിരിക്കാം. പക്ഷേ, സന്തോഷിച്ച ഒരാള്‍ ഉണ്ടെന്ന് ആ പത്രം വായിക്കുന്ന എല്ലാവര്‍ക്കും അറിയാം. അതു യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ്. ട്രംപിന്റെ ജനവിരുദ്ധനടപടികള്‍ക്കും വംശവിദ്വേഷ രാഷ്ട്രീയത്തിനും എതിരെ നിരന്തരം പോരാടുന്ന ഒരു പത്രമായിരുന്നു അത്. ഈ പോരാട്ടം സ്ഥാപനത്തിനു നിരവധി ദേശീയ ബഹുമതികള്‍ നേടിക്കൊടുത്തിട്ടണ്ട്. 

2020-ല്‍ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വിന്‍ഡിക്കേറ്ററിന്റെ അഭാവം ട്രംപ് അനുകൂലികള്‍ക്ക് സഹായമാകും. ട്രംപിന് അനുകൂലമായി വോട്ട് ചെയ്യുന്ന ഒരു പട്ടണമാകും യങ്ടൗണ്‍. യങ്ടൗണിന്  ചരിത്രപരമായി ഒരു പ്രത്യേകതയുണ്ട്. ഒന്നാം ലോകയുദ്ധത്തിനു ശേഷമുള്ള കാലത്ത് വെള്ളക്കാരുടെ വര്‍ഗീയപ്രസ്ഥാനമായ ക്ലുക്ലസ്‌ക്ലാനിന് വലിയ പിന്തുണ ലഭിച്ച പട്ടണമായിരുന്നു അത്. ഇത്തവണ ട്രംപ് ഏറ്റെടുക്കുന്നത് ഏതാണ്ട് ഒരു ക്ലുക്ലസ്‌ക്ലാന് അജന്‍ഡയാണ്. കറുത്ത വര്‍ഗക്കാര്‍ക്കും വിദേശത്തു നിന്നെത്തുന്ന അഭയാര്‍ത്ഥികള്‍ക്കും മറ്റു മതക്കാര്‍ക്കും എതിരായ വെള്ളക്കാരുടെ വര്‍ഗീയവിദ്വേഷം കത്തിജ്വലിപ്പിച്ച് വോട്ടാക്കി മാറ്റുന്നത് യങ്ടൗണ്‍ കാണേണ്ടി വന്നേക്കും. 
  


യങ്ടൗണിലെ വിന്‍ഡിക്കേറ്റര്‍ ആസ്ഥാനം


വ്യാജവാര്‍ത്ത കണ്ടെത്താനുള്ള പെടാപ്പാടുകള്‍

2020 അമേരിക്കയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വര്‍ഷമാണ്. ഇതു വ്യാജവാര്‍ത്തകളുടെയും സുവര്‍ണകാലമായിരിക്കുമെന്ന്് എല്ലാവരും പ്രതീക്ഷിക്കുന്നു. 2016-ല്‍  ട്രംപിനെ തിരഞ്ഞെടുത്തത് വന്‍തോതിലുള്ള വ്യാജവാര്‍ത്താ പ്രചാരണത്തിലോടു കൂടിയായിരുന്നു എന്ന ലോകം തിരിച്ചറിഞ്ഞത് തിരഞ്ഞെടുപ്പിനു ശേഷമായിരുന്നു. ഇത്തവണ മുന്‍പേ അതു നേരിടാനുള്ള ശ്രമത്തിലാണ് യു.എസ് പത്രങ്ങള്‍. 
വാള്‍സ്ട്രീറ്റ് ജേണല്‍ അവരുടെ വ്യാജവാര്‍ത്തപ്രതിരോധനയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ സാധാരണ പോലത്തെ ഇലക്ഷന്‍ ഡസ്‌കുകള്‍ മാത്രമല്ല ഉണ്ടായിരിക്കുക. വലിയ ഡസ്‌ക് വ്യാജവാര്‍ത്താഡസ്‌ക് ആണ്. വ്യാജവാര്‍ത്ത ഉണ്ടാക്കാനല്ല, അതു കണ്ടെത്തി തടയാന്‍. 21 പേരടങ്ങിയ ഈ ഡസ്‌കിന്റെ രൂപവല്‍ക്കരണം പത്രം പ്രഖ്യാപിച്ചു.
വ്യാജവാര്‍ത്ത എന്ന പഴയ പേരു പോലും പുതിയ ഇനം വ്യാജവാര്‍ത്തകളെ വിശേഷിപ്പിക്കാന്‍ പര്യാപ്തമല്ല എന്നതു കൊണ്ടാവണം ഇപ്പോള്‍ അവയെ വിശേഷിപ്പിക്കുന്നത് ഡീപ് ഫെയ്ക് എന്നാണ്. ആഴവും പരപ്പും ഉള്ളവ. നിര്‍മിതബുദ്ധിയും സങ്കീര്‍ണ ഡിജിറ്റല്‍ സാങ്കേതികവിദ്യയും മറ്റും ഉപയോഗിച്ചുള്ള പുത്തന്‍ സൃഷ്ടികള്‍ കണ്ടാല്‍/ വായിച്ചാല്‍ സംശയമേ തോന്നില്ലത്രെ.

പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന വീഡിയോകള്‍ വ്യാജമാണോ എന്നു കണ്ടെത്തുക പ്രയാസമേറിയതാണ്. യു.എസ് ജനപ്രതിനിധിസഭയുടെ സ്പീക്കര്‍ നാന്‍സി പെലോസിയുടെ അത്തരമൊരു വീഡിയോ വലിയ പ്രശ്‌നമായിത്തീര്‍ന്നു. കുടിച്ച്് അവശയായി പെരുമാറുന്ന സ്പീക്കര്‍ ആണ് വീഡിയോവില്‍ ഉണ്ടായിരുന്നത്. ഫെയ്‌സ്ബുക്ക് ഇതു തടയാനൊന്നും നിന്നില്ല. അതു വലിയ വിവാദമായി. അവര്‍ക്കും അതു ഫെയ്ക് ആണ് എന്നു കണ്ടെത്തുക പ്രയാസം തന്നെയായിരിക്കുമല്ലോ. 25ലക്ഷം പേര്‍ ആ വീഡിയ 'ആസ്വദിച്ചു'.പിന്നീട് ഫെയ്‌സ്ബുക്ക് കുറ്റസമ്മതത്തോടെ അതു പിന്‍വലിച്ചു. ഇതിനു പ്രതികാരമായി ഇറക്കിയ പലയിനം വ്യാജ സക്കര്‍ബര്‍ഗ് വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ കറങ്ങിനടപ്പുണ്ട്. 

വലിയ ഒരു ധര്‍മസങ്കടം ഇതിലുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിവിട്ട് കുറ്റകരമായ അധിക്ഷേപത്തിന്റെയും വ്യക്തിഹത്യയുടെയും തലത്തിലെത്തുവ മാത്രമേ തടയാന്‍ പാടുള്ളൂ. ഇല്ലെങ്കില്‍ അതു മറ്റൊരു കുറ്റമായി മാറും. ഇതെങ്ങനെ സാധിക്കാം എന്നതാണ് പ്രശ്‌നം.

അന്ന് അരുണ്‍ ഷൗരി, ഇന്ന് റവിഷ് കുമാര്‍

ഏഷ്യന്‍ നോബല്‍ സമ്മാനം എന്നു വിശേഷിപ്പിക്കപ്പെടാറുള്ള മാഗ്‌സാസെ അവര്‍ഡിന് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത് എന്‍.ഡി.ടി.വി യുടെ സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ റവിഷ് കുമാറാണ്. ഈ തിരഞ്ഞെടുപ്പ് അടിയന്തരാവസ്ഥക്കാലത്തെ മഗ്‌സാസെ അവാര്‍ഡിനെ ഓര്‍മിപ്പിക്കുന്നു. അന്നു രാജ്യം പ്രഖ്യാപിത ഏകാധിപത്യത്തിന്‍കീഴില്‍ ഞെരുങ്ങുകയായിരുന്നു. അതിനെതിരെ ശബ്ദിക്കാന്‍ ശ്രമിച്ചതിനുള്ള അംഗീകാരമായ ബഹുമതി അരുണ്‍ ഷൗരിയെ തേടിച്ചെന്നു. ഇന്ന് രാജ്യം അപ്രഖ്യാപിത ഏകാധിപത്യത്തിലാണ്. ഇന്ത്യന്‍ ദൃശ്യമാധ്യമങ്ങളില്‍നിന്ന് ഇതിനെതിരെ ഉയരുന്ന ഒരു ശബ്ദം റവിഷ് കുമാറിന്റേതാണെന്ന് മഗ്‌സാസെ പുരസ്‌കാരസമിതി തിരിച്ചറിയുന്നു.

അരുണ്‍ ഷൗരിയുടെ മാധ്യമസേവനങ്ങള്‍ വിവരിക്കുന്ന പുരസ്‌കാര സമിതിയുടെ പ്രഖ്യാപനത്തിന് 575 വാക്കുകളാണ് ഉണ്ടായിരുന്നതെന്ന് ഇന്ത്യന്‍ ജേണലിസം റവ്യൂ റിപ്പോര്‍ട്ട് https://indianjournalismreview.com/ ചെയ്യുന്നു. ഇന്ന് റവിഷ് കുമാര്‍ പൊരുതേണ്ടിവരുന്ന രാഷ്ട്രീയ വെല്ലുവിളികള്‍ വിവരിക്കാന്‍ പുരസ്‌കാരസമിതിക്ക് 878 വാക്കുകള്‍ വേണ്ടിവന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ എത്ര വലിയ ഭീഷണിയെ ആണ് നേരിടുന്നതെന്ന് ഇതു വ്യക്തമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. 


അരുണ്‍ ഷൗരി
പ്രണോയ് റോയ് സ്ഥാപിച്ച ഇന്ത്യയിലെ ഏറ്റവും സ്വതന്ത്ര ദൃശ്യമാധ്യമമായ എന്‍.ഡി.ടി.വി ക്കെതിരെ കടുത്ത ഭീഷണികളാണ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുള്ളതെന്ന് ഈ പുരസ്‌കാരം ജനങ്ങളെ ഓര്‍മിപ്പിക്കുന്നു. ആരോ ഉന്നയിച്ച ഒരു ആരോപണത്തിന്റെ പേരില്‍ അറസ്റ്റ് പോലും ഇല്ലാതെ തന്നെ റോയിയുടെ വിദേശയാത്ര തടസ്സപ്പെടുത്തിയത് പ്രതികാരത്തിന്റെ തോതു വെളിവാക്കുന്നു. 

റവിഷ് കുമാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന തത്ത്വങ്ങള്‍ എത്രമാത്രം പ്രസക്തമാണ് എന്നു പുരസ്‌കാരരേഖയില്‍ വിശദീകരിക്കുന്നുണ്ട്. പാവപ്പെട്ടവരുടെയും കഷ്ടപ്പെടുന്ന കര്‍ഷകരുടെയും തകര്‍ന്നു കൊണ്ടിരിക്കുന്ന സാമൂഹ്യസേവന സംരംഭങ്ങളുടെയും ഭാഗത്തുനിന്നുകൊണ്ടു വിശദീകരിക്കുന്നുണ്ട്. റവിഷിന്റെ റിപ്പോര്‍ട്ടുകള്‍ ഏറെ പ്രതീക്ഷ ഉയര്‍ത്തുന്നു. റിക്ഷവലിക്കുന്നരുടെയും തോട്ടികളുടെയും കാര്യം പറയാന്‍ ഇന്ത്യയില്‍ മറ്റൊരു ദേശീയ ദൃശ്യമാധ്യമത്തിനും ഇന്ന് സമയവും സന്മനസ്സും ഇല്ലെന്നു വ്യക്തം. എന്‍.ഡി.ടി.വി ന്യൂസ് റൂമിനെ റവിഷ് കുമാര്‍ ജനങ്ങളുടെ ന്യൂസ് റൂം എന്നാണ് വിശേഷിപ്പിക്കാറുള്ളതും. 

റവിഷ് കുമാര്‍
ഇന്ത്യയിലെ പ്രമുഖ വാര്‍ത്താമാധ്യമങ്ങള്‍ ഈ ബഹുമതിയെ ഒട്ടും വിലമതിച്ചില്ല. 
മുഖ്യധാരാമാധ്യമങ്ങള്‍ ബഹുഭൂരിപക്ഷവും റവിഷ് കുമാറിന്റെ പുരസ്‌കാരവാര്‍ത്ത മുഖപേജില്‍ പ്രസിദ്ധീകരിച്ചതേയില്ല. റവിഷ് കുമാറിനെ അവര്‍ അവജ്ഞയോടെയാണ് കാണുന്നത് എന്നു ഇതു വ്യക്തമാക്കുന്നു. 35 വര്‍ഷം മുന്‍പ് കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ.ലക്ഷ്മണ്‍ ആണ് ഈ ബഹുമതി ഒടുവില്‍ നേടിയ മാധ്യമപ്രവര്‍ത്തകന്‍ എന്ന് മറന്നുകൂടാ. രാജ്യം ഭരിക്കുന്ന 'വലിയേട്ട'നെ ഭയപ്പെട്ടാണോ വന്‍കിട മാധ്യമങ്ങള്‍ ഇങ്ങനെ പെരുമാറുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതിലൊരു കൗതുകകരമായ യാദൃച്ഛികത കൂടിയുണ്ട്. വലിയേട്ടന്‍- ബിഗ് ബ്രദര്‍-  എന്ന പദപ്രയോഗം ജോര്‍ജ് ഓര്‍വലിന്റേതാണ്. ബിഗ് ബ്രദര്‍ ഈ വാച്ചിങ് യു എന്ന് അദ്ദേഹം എഴുതിയത് എക്കാലത്തേക്കും പ്രസക്തമായി നിലനില്‍ക്കുന്നു. ഇന്നും ലോകം കൂടുതല്‍ ഓര്‍ക്കുന്ന ഓര്‍വല്‍ ജനിച്ചത് ഇന്ത്യയിലാണ്. ബിഹാറിലെ മോത്തിഹാരിയില്‍. റവിസ് കൂമാര്‍  ജനിച്ചതും മോത്തിഹാരിയില്‍ തന്നെ!

(Media Magazine)Monday, 12 August 2019

പരസ്യത്തിനു മീതെ ഒരു മാധ്യമപരുന്തും പറക്കില്ല

ഡെഡ്എന്‍ഡ്
എന്‍.പി രാജേന്ദ്രന്‍


പ്രശസ്ത എഡിറ്ററും ഗ്രന്ഥകാരനുമായിരുന്ന വിനോദ് മേത്ത, തനിക്ക്  ഔട്‌ലുക്ക് എഡിറ്റര്‍ പദവി നഷ്ടപ്പെട്ടത് എങ്ങനെയാണെന്ന്് ആത്മകഥയായ 'എഡിറ്റര്‍ അണ്‍പ്ലഗ്്ഗഡ്'ല്‍ വിവരിച്ചിട്ടുണ്ട്. രാഷ്ട്രീയ, മാധ്യമ രംഗങ്ങളെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നല്ലോ 2008-09 കാലത്തെ നീര റാഡിയ ടേപ്പ് വിവാദം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഔട്‌ലുക്ക്  പ്രസിദ്ധപ്പെടുത്തിയതാണ് അദ്ദേഹത്തിന്റെ സ്ഥാനനഷ്ടത്തിനു കാരണമായത്. നീര റാഡിയ എന്ന കോര്‍പ്പറേറ്റ് ലോബിയിസ്റ്റ് ദേശീയ നയങ്ങളെ സ്വാധീനിക്കുന്നതിനായി ഇടപെട്ടതിന്റെ കഥകള്‍ ആ ടേപ്പുകള്‍ ഉണ്ടായിരുന്നു. അതില്‍ ചിലത് ടാറ്റ എന്ന കോര്‍പ്പറേറ്റ് സ്ഥാപനത്തിന് നൊന്തു. റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ എഡിറ്റര്‍ വിനോദ് മേത്ത കൂട്ടാക്കിയില്ല. പ്രതികാരമായി ടാറ്റ ചെയ്തത് വളരെ 'നിസ്സാര'മായ ഒരു കാര്യം മാത്രമാണ്. ടാറ്റ സ്ഥാപനങ്ങളുടെയൊന്നും പരസ്യം ഔട്‌ലുക്ക് മാഗസീനു കൊടുക്കേണ്ട എന്നു നിശ്ചയിച്ചു. സ്വാഭാവികമായും ഉടമസ്ഥര്‍ വേവലാതിപ്പെട്ടു. എഡിറ്റര്‍ തന്നെ ടാറ്റയുമായി ഒരു ഒത്തുതീര്‍പ്പിനു ശ്രമിച്ചു. നടന്നില്ല. ഒടുവില്‍ അനിവാര്യമായതു സംഭവിച്ചു. ഇംഗ്്‌ളീഷ് വാര്‍ത്താ മാഗസിന്‍ രംഗത്തെ അക്കാലത്തെ ഏറ്റവും മികച്ച എഡിറ്റര്‍ ആയിരുന്ന വിനോദ് മേത്തയേക്കാള്‍ വിലയുണ്ട് വര്‍ഷം തോറും നഷ്ടപ്പെടുന്ന അഞ്ചു കോടിരൂപയ്ക്ക് എന്നു ബോദ്ധ്യമുള്ള ഔട്‌ലുക്ക് ഉടമസ്ഥര്‍ വിനോദ് മേത്തയെ എഡിറ്റര്‍ സ്ഥാനത്തു നിന്നു മാറ്റി. മുകളിലേക്കു ചവിട്ടുക എന്നൊരു ശൈലിയുണ്ടല്ലോ ഇംഗ്ലീഷില്‍. എഡിറ്റോറിയല്‍ ചെയര്‍മാന്‍ എന്ന വിചിത്രമായ ഒരു പദവി അദ്ദേഹത്തിനു നല്‍കിയത് ഉടമസ്ഥരുടെ ഔദാര്യം മാത്രമായിരുന്നു.

സമീപകാലത്ത് കേരളത്തില്‍ ഇത്തരമൊരു പരസ്യ ഉപരോധം ഉണ്ടായി. പത്രമേഖലയില്‍ സംഭവിക്കുന്നതൊന്നും പത്രവാര്‍ത്തയാകാത്തതുകൊണ്ട് പൊതുജനം അറിയാറില്ല. രണ്ടു വര്‍ഷം മുമ്പു സുപ്പര്‍താരം ദിലീപും സംഘവും ഒരു യുവനടിയെ പ്രതികാരം ചെയ്യാന്‍ വേണ്ടി സംഘം ചേര്‍ന്നു ക്രൂരമായി പീഡിപ്പിച്ചെന്ന കേസ്സാണ് സംഭവത്തിന്റെ അടിസ്ഥാനം. ദിലീപിനും ദിലീപിനെ സംരക്ഷിച്ച ചലചിത്ര പ്രവര്‍ത്തകര്‍ക്കും എതിരെ സ്വാഭാവികമായും വലിയ മുറവിളി ഉയര്‍ന്നു. ചാനലുകള്‍ ധാര്‍മികരോഷത്താല്‍ തിളച്ചു. അവതാരകള്‍ ഇടംവലം നോക്കാതെ വാള്‍വീശി. സിനിമാരംഗത്തെ അമാനുഷ വ്യക്തിത്വങ്ങള്‍ക്ക് ഇതൊന്നും അത്ര പിടിക്കുന്നുണ്ടായിരുന്നില്ല. മാതൃഭൂമി ചാനലായിരുന്നുവത്രെ  സുപ്പര്‍ താരത്തെ ഏറ്റവും നിഷ്‌കരുണം കടന്നാക്രമിച്ചത്.

എന്തായാലും നീര റാഡിയ കേസ്സില്‍ ടാറ്റ ചെയ്തത് സിനിമാമുതലാളിമാര്‍ ചെയ്തു. മാത്യുഭൂമി സ്ഥാപനത്തിനു സിനിമാപരസ്യം കൊടുക്കേണ്ട എന്നു തീരുമാനിച്ചു. സിനിമാ റിലീസ് നടക്കുന്ന വെള്ളിയാഴ്ചകളിലും തുടര്‍ദിവസങ്ങളിലും വരാറുള്ളത് ചിലപ്പോഴൊക്കെ ഫുള്‍പേജ് കളര്‍ പരസ്യങ്ങളാണ്. ചിലതെല്ലാം ഒന്നാം പേജില്‍ നിന്നുതിളങ്ങം. എന്തായാലും മറ്റു പത്രങ്ങളെല്ലാം ആര്‍മാദിക്കുമ്പോള്‍ മാതൃഭൂമി ദൈന്യതയിലായിരുന്നു. അഞ്ചു കോടി രൂപയെങ്കിലും നഷ്ടപ്പെട്ടിരിക്കും എന്നാണ് പറയപ്പെടുന്നത്. കൃത്യവിവരം മാനേജ്‌മെന്റിനേ അറിയൂ.

പരസ്യനിരോധ ഉപരോധത്തിനെതിരെ പത്രസ്ഥാപനങ്ങളും സംഘടനകളുമൊന്നും ഒരക്ഷരം മിണ്ടുകയുണ്ടായില്ല. വാര്‍ത്ത കൊടുക്കാനും കൊടുക്കാതിരിക്കാനും പത്രത്തിന് സ്വാതന്ത്ര്യമുള്ളതു പോലെ പരസ്യം കൊടുക്കാനും കൊടുക്കാതിരിക്കാനും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ടല്ലോ. പത്രനയങ്ങളെ സ്വാധീനിക്കാന്‍ വേണ്ടിത്തന്നെയാണ് എന്നു പ്രഖ്യാപിച്ചുകൊണ്ട് ഇങ്ങനെ ചെയ്താലും ഇതിനെതിരെ ഒന്നും ചെയ്യാനാവില്ല. ആര്‍ക്കു പരസ്യം കൊടുക്കണം കൊടുക്കാതിരിക്കണം എന്നതു വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. തങ്ങള്‍ക്കു വഴങ്ങി, തങ്ങള്‍ പറയുന്നതു പോലെ എഴുതണം എന്നു പത്രങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് അധാര്‍മികമല്ലേ എന്ന് സിനിമക്കാരോട് ആരും ചോദിക്കുകയില്ല എന്നുറപ്പാണല്ലോ. പത്രങ്ങളും ധാര്‍മികതയുമായുള്ള ബന്ധം പോലെയല്ല ചലചിത്രരംഗവും ധാര്‍മികതയുമായുള്ള ബന്ധം. നാട്ടുകാര്‍ പത്രക്കാരോടു ചിലപ്പോഴെങ്കിലും പത്രധര്‍മത്തെക്കുറിച്ച് ചോദിക്കാറുണ്ടല്ലോ. ഒരാളും സിനിമക്കാരോട് 'ചലച്ചിത്രധര്‍മ'ത്തെക്കുറിച്ച് ചോദിക്കാറില്ല. അങ്ങനെയൊന്നില്ല എന്നതു തന്നെ കാരണം.

പത്രങ്ങളൊന്നുമല്ല, ചലച്ചിത്രങ്ങളാണ് യഥാര്‍ത്ഥ ഫോര്‍ത്ത് എസ്റ്റേറ്റ്് മുമ്പൊരിക്കല്‍ പ്രമുഖ രാഷ്ട്രീയനേതാവായ എം.എ ജോണ്‍ പറയുകയുണ്ടായി. സിനിമകള്‍, മാധ്യമങ്ങളേക്കാള്‍ ഫലപ്രദമായ ധാര്‍മിക-രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഏറ്റെടുക്കുന്നു എന്നതാണ് അദ്ദേഹം അതിനു പറഞ്ഞ കാരണം. ശരിയാണ്, ധാര്‍മികതയുടെ പക്ഷത്തുനിന്നുകൊണ്ടുള്ള പോരാട്ടങ്ങളാണ് പല സിനിമകളും. പക്ഷേ, എല്ലാം അഭിനയമാണെന്നും നാട്ടുകാരുടെ പോക്കറ്റിലുള്ള പണം സ്വന്തം പോക്കറ്റിലാക്കുകയാണ് ഈ അഭിനയങ്ങളുടെയെല്ലാം ഉദ്ദേശ്യമെന്നും ഇന്നെല്ലാവര്‍ക്കും അറിയാം. ഏറ്റവും നിന്ദ്യമായ ഒരു പീഡനക്കേസ്സില്‍ പെട്ട ആളെ സംരക്ഷിക്കാന്‍ തങ്ങളെക്കൊണ്ടാവും പോലെ പൊരുതിയിട്ടുണ്ട്് ഇവരും ഇവരുടെ സംഘടനകളുമെല്ലാം. രാജ്യസഭയിലും ലോക്‌സഭയിലുമെല്ലാം ജനപ്രതിനിധികളായി പ്രവര്‍ത്തിക്കുന്ന നിരവധി സിനിമാതാരങ്ങളെ നമുക്കറിയാം. ചലച്ചിത്രത്തിലെ ധാര്‍മികാഭിനയം കൊണ്ട് അങ്ങനെയൊരു നേട്ടമുണ്ട്. ഇവരുടെ തട്ടുപൊളിപ്പന്‍ ധാര്‍മികപ്രഭാഷണങ്ങള്‍ മറ്റാരോ എഴുതിക്കൊടുക്കുന്നതാണെന്നു പോലും അറിയാത്തവര്‍ അയല്‍സംസ്ഥാനങ്ങളില്‍ മാത്രമല്ല കേരളത്തിലും കാണും. എന്തായാലും പരസ്യം നിഷേധിച്ച് പത്രത്തെ വരുതിയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ച ചലച്ചിത്രനേതാക്കളില്‍ ഇടതുപക്ഷക്കാരുമുണ്ട്, വലതുപക്ഷക്കാരുമുണ്ട്.

മലയാളമാധ്യമങ്ങളില്‍ ഇപ്പോള്‍ ചലച്ചിത്രനിരൂപണമോ വിമര്‍ശനമോ ഇല്ല എന്ന യാഥാര്‍ത്ഥ്യം എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നറിയില്ല. പരസ്യപ്പണത്തിന്റെ ശക്തിയാണ് ഇത്തരമൊരു അവസ്ഥയുണ്ടാക്കിയത്. മാതൃഭൂമി പത്രത്തില്‍ മുമ്പ് ആഴ്ച തോറും ഉണ്ടായിരുന്ന ചലച്ചിത്ര ഫീച്ചറില്‍ സിനിമരംഗത്തെക്കുറിച്ച് വിമര്‍ശനാത്മക ചര്‍ച്ചകളും വിമര്‍ശനങ്ങളുമുണ്ടാകാറുണ്ട്. ചലച്ചിത്രമുതലാളിമാരെ മാത്രമല്ല, സുപ്പര്‍ താരങ്ങളെയും ഡയറക്റ്റര്‍മാരെയും ചലച്ചിത്ര ബുദ്ധിജീവികളെപ്പോലും അത് അലോസരപ്പെടുത്തി. പരസ്യനിഷേധം എന്ന ഭീഷണിയാണ് അന്നും ഉയര്‍ന്നുവന്നത്. 'ഞാന്‍ പത്രസ്വാതന്ത്ര്യത്തിലോ പത്രാധിപരുടെ അധികാരത്തിലോ കൈകടത്തുകയില്ല. പക്ഷേ, ഇന്നത്തെപ്പോലെ തുടര്‍ന്നാല്‍ വര്‍ഷം ഇത്ര കോടി രൂപയുടെ നഷ്ടമുണ്ടാകും. അതിനെന്തു പരിഹാരം?- പരസ്യവിഭാഗം തലവന്‍ കമ്പനി തലവനോടു ചോദിച്ചുകാണണം. തീരുമാനം ഉടനുണ്ടായി. 1991 നു ശേഷം ചലച്ചിത്രനിരൂപണവും വിമര്‍ശവും പത്രത്തില്‍ തലപൊക്കിയിട്ടില്ല.  ഒരു പത്രത്തില്‍ അതില്ല എന്നല്ല, ഒരു പത്രത്തിലും അതില്ല എന്നറിയുക. വാര്‍ത്തകളും ലേഖനങ്ങളുമെല്ലാം പുകഴ്ത്തലുകളും അഭിനന്ദനങ്ങളും മാത്രമായി. ഒരര്‍ത്ഥത്തില്‍ പെയ്ഡ് ന്യൂസുകള്‍ തന്നെ.

ദിലീപ് വിഷയത്തിലെ പരസ്യഉപരോധത്തെ മാതൃഭൂമി ആദ്യഘട്ടത്തില്‍ ചെറുത്തുനിന്നു എന്നതു സത്യമാണ്. ഏറെക്കാലമായി പെട്ടിയില്‍ പൂട്ടിയിട്ടിരുന്ന നിരൂപണവും വിമര്‍ശനവുമെല്ലാം പുറത്തെടുത്തു. പലപ്പോഴും അതു അതിരുകടന്ന വിമര്‍ശവും അധിക്ഷേപവുമായി. പക തീര്‍ക്കുന്നതിനു വേണ്ടി എന്നു ബോധ്യപ്പെടുന്ന വിധം താഴ്ന്ന നിലവാരത്തിലായി ചില സിനിമാ അവലോകനങ്ങള്‍. ഒരു സിനിമയുടെ  സസ്‌പെന്‍സ് പരിണാമം വെളിപ്പെടുത്തിയത് സിനിമാപ്രേമികളുടെ എതിര്‍പ്പ് വാങ്ങുകയും സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം വിളിച്ചുവരുത്തകയും ചെയ്തു.

ഒടുവിലിതാ, പ്രശ്‌നം പരിഹരിച്ചിരിക്കുന്നു. പല മധ്യവര്‍ത്തികളുടെയും ചലച്ചിത്ര രംഗത്തുതന്നെയുള്ള പല പ്രമുഖരുടെയും ശ്രമഫലമായാണ് സംഗതി സബൂറായത്. മെയ് മാസത്തോടെ മാതൃഭൂമിയില്‍ സിനിമാപരസ്യങ്ങള്‍ തിരിച്ചുവന്നു. മോഹന്‍ലാലിന്റെ 'ലുസിഫര്‍' ഫുള്‍ പേജില്‍ പ്രത്യക്ഷപ്പെട്ടു.

ജുലായി ഏഴിനു, വിവാദ സുപ്പര്‍സ്റ്റാര്‍ ദിലീപ് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ഒരു അഭിമുഖത്തിലൂടെ വായനക്കാരെ നോക്കി വിജയഭാവത്തോടെ ചിരിച്ചു. വിവാദങ്ങളില്ല, യുവനടിയില്ല, പീഡനവും ഇല്ല. അവസാന രംഗത്തില്‍ വില്ലന്‍ മാധ്യമം തോറ്റു. മാന്യപ്രേക്ഷകര്‍ എല്ലാം മറക്കുക, പൊറുക്കുക.

(പാഠഭേദം ആഗസ്ത് 2019)