Tuesday, 24 September 2019

എട്ടുനിലയിലെ അടിപൊളി നിയമപാലനം

എട്ടുനിലയിലെ അടിപൊളി നിയമപാലനംഅടിപൊളിയും അടിച്ചുപൊളിയുമൊന്നും വെറും ന്യൂജന്‍ വാക്കുകള്‍ മാത്രമല്ല. കാലത്തിന്റെ വിളിയാണ്. മരട് കെട്ടിടങ്ങളും പാലാരിവട്ടം പാലവും സൂചനകാളാണ്, സൂചനമാത്രം. ന്യൂജന്‍ കൂട്ടരെയും പാര്‍ട്ടികളെയും വിട്. സുപ്രിം കോടതിയും അടിച്ചുപൊളി ലൈനിലാണ് പോക്ക്.

ഒന്നാലോചിച്ചു നോക്കിയേ....ഏതോ രണ്ടുനില കെട്ടിടം പൊളിക്കുന്ന ലാഘവത്തോടെയല്ലേ മരട് ഭൂമിയിലെ ഫ്‌ളാറ്റുകളെല്ലാം ഫ്‌ളാറ്റാക്കാന്‍ നമ്മള് പുറപ്പെടുന്നത്. ഏതെങ്കിലും കരാറുകാരനെയും നൂറു ബംഗാളികളെയും വിട്ടാല്‍ വൈകുന്നേരമാവുമ്പോഴേക്കും പൊളിച്ചിടാം എന്നാരോ കരാറെടുത്തതായി തോന്നുന്നുണ്ട്. മൊത്തം കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റ് പണി തന്നെ വരും ഒരു മലയോളം. പിന്നെ ഇരുമ്പുകമ്പികളും പലകകളും മറ്റു മറ്റും. മണ്‍വെട്ടിയും വെട്ടുകത്തിയുമെടുത്ത് പൊളിച്ചാല്‍ തീരാന്‍ യുഗങ്ങളെടുക്കും. സംഗതി ബുദ്ധിമുട്ടാണെങ്കില്‍ ഒരു വഴിയുള്ളത് പ്രതിരോധവകുപ്പിന്റെ സേവനം ആവശ്യപ്പെടുകയാണ്. വെരി ഈസി...കിടിലന്‍ ബോംബുകള്‍ ആഭ്യന്തരമായി ഉദ്പാദിപ്പിക്കുന്നുണ്ട്. നല്ലതു നോക്കി അഞ്ചെട്ടെണ്ണം യുദ്ധവിമാനം വഴി വിക്ഷേപിച്ചാല്‍ എട്ടുനിലയായാലും പത്തുനിലയായാലും എട്ടുനിലയില്‍ പൊട്ടും. സംഗതി ക്ലീനാകും....

അങ്ങനെ സംഗതി അടിപൊളിയാക്കുമ്പോള്‍ കെട്ടിടത്തിന്റെ തവിടുപൊടിയെല്ലാം പ്രദേശത്ത് വമ്പിച്ച പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നൊരു ദുര്‍വ്യാഖ്യാനം പ്രചരിക്കുന്നുണ്ട്. അതിനെക്കുറിച്ച് കോടതിയോട് ചോദിക്കാന്‍ ഫ്‌ളാറ്റ് മാഫിയയുടെ ശിങ്കിടികളും ചില പരിസ്ഥിതി വക്കീലന്മാരും ഒരുമ്പെടുന്നുണ്ട് എന്നാണ് സംസാരം. കാര്യമില്ല. പൊടിപടലങ്ങളെക്കുറിച്ചോ കരിങ്കള്‍പാളികളെക്കുറിച്ചോ ഒന്നും ഐ.പി.സി, സി.ആര്‍.പി.സി, ബില്‍ഡിങ്ങ് ആക്റ്റ് എന്നിവയിലൊന്നുമില്ല. ഭരണഘടനയില്‍പോലുമില്ല. അതുകൊണ്ട് അതുപറഞ്ഞ് തടസ്സവാദമൊന്നും ഉന്നയിക്കേണ്ട. പൊളിക്കാന്‍ പറഞ്ഞാല്‍ പൊളിക്കണം. പൊടി സംബന്ധിച്ച ഹരജി പിന്നെ ഫയലാക്കിയാല്‍ മതി. 

അതിനിടെ ഒരു കാര്യം വിട്ടുപോയി. ഈ ഫ്‌ളാറ്റ് കെട്ടിടങ്ങളില്‍ കുറെ മനുഷ്യര്‍ താമസിക്കുന്നുണ്ടത്രെ. എന്തോ, കോടതിയില്‍ ഹാജരാക്കിയ കടലാസ്സുകളില്‍ ഒന്നും താമസക്കാരുടെ പേരില്ല. താമസക്കാരൊന്നും കേസ്സില്‍ കക്ഷികളല്ല. അപ്പോള്‍ പിന്നെ വിധിയില്‍ അവരെ എന്താക്കണം എന്നു കൃത്യമായി പറയാഞ്ഞതില്‍ തെറ്റില്ല. ഇനി അങ്ങനെ കുറെ ആളുകള്‍ അതിലുണ്ടെന്നു തന്നെ വെക്കുക. പൊളിക്കുന്ന സമയത്ത് അവരോട് പുറത്തിറങ്ങി നില്‍ക്കാന്‍ പറഞ്ഞാല്‍ പോരെ? സുപ്രിം കോടതി പറഞ്ഞിട്ടു പൊളിക്കുകയാണ് എന്നു അറിയിച്ചാല്‍ അവര്‍ അനുസരിക്കാതിരിക്കില്ല. അല്ലെങ്കിലും സുപ്രിം കോടതിയെ അനുസരിക്കാതിരിക്കാന്‍ നമുക്ക് പറ്റില്ലല്ലോ. മരട് ശബരിമലയല്ലല്ലോ.

ഇക്കാര്യം സംബന്ധിച്ച് കേരളത്തിലെ ഇടതുമുന്നണി ഏകോപനസമിതി കണ്‍വീനര്‍ എ. വിജയരാഘവനോട് ഒരു കണ്‍സള്‍ട്ടേഷന്‍ നടത്തുന്നത് പ്രയോജനപ്രദമായിരിക്കും. 'കോടതിവിധി യാന്ത്രികമായി നടപ്പാക്കാന്‍ പറ്റില്ല. മരട് ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള വിധി അവിടെ താമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധം നടപ്പാക്കണമെന്നാണ് തങ്ങളുടെ നയം'-അദ്ദേഹം കഴിഞ്ഞ ദിവസം ഒരു മാധ്യമസമ്മേളനത്തില്‍. വിശദീകരിച്ചിരുന്നു. പൊതുവെ വിവരദോഷികളായ ലേഖകന്മാരില്‍ ചിലര്‍ക്ക് ഇതിന്റെ അര്‍ത്ഥം പിടികിട്ടിയില്ല. എങ്ങനെയാണ് പൊളിക്കുക എന്നവര്‍ ചോദിച്ചപ്പോള്‍ കണ്‍വീനര്‍ കൃത്യമായ മറുപടി പറഞ്ഞു.'അതാണ് തങ്ങള്‍ പരിശോധിക്കുന്നത്!!' പരിശോധിച്ചാല്‍ കണ്ടെത്താതിരിക്കില്ല. കുന്തം പോയാല്‍ കുടത്തിലും തപ്പണം. താമസക്കാരുടെ രോമത്തിനു കേടു പറ്റാതെ കെട്ടിടം പൊളിക്കുന്ന യന്ത്രം കണ്ടെത്തുകയാണെങ്കില്‍ വിവരം മാധ്യമദ്വാരാ അറിയിക്കുമായിരിക്കും. പൊളിയന്മാര്‍ ശ്രദ്ധിച്ചോണം.

വളരെ പ്രായോഗികമതികളും കുബുദ്ധിജീവികളുമാണല്ലോ നമ്മടെ നേതാക്കള്‍. ശബരിമലവിധിയും ഇതുപോലൊരു കുടുക്കുമസാല വിധിയായിരുന്നു. അന്നും ഭരണകൂടം ഇതേ സമീപനമാണ് സ്വീകരിച്ചത്. കോടതിവിധിയും തള്ളാന്‍ പറ്റില്ല, വിശ്വാസികളെയും തള്ളാന്‍ പറ്റില്ല.പക്ഷേ, യാന്ത്രികമായി നടപ്പാക്കാന്‍ പറ്റില്ല. എന്തേയ്...യാന്ത്രികമായി നടപ്പാക്കാന്‍ പറ്റില്ലാന്ന്. അതെന്താണ് കുന്ത്രാണ്ടം എന്നു ചോദിക്കരുത്. ശബരിമലയില്‍ കണ്ടതുതന്നെ. ആചാരാനുഷ്ഠാനങ്ങളെല്ലാം പാലിച്ച് വന്ന വനിതാതീര്‍ത്ഥാടകരെ അങ്ങോട്ട് കയറാന്‍ സമ്മതിച്ചില്ല. പകരം, നല്ല ഒന്നാന്തരം അവിശ്വാസിനികളെ ഉടുക്കുവഴികളിലൂടെ നാലാള്‍ കാണാതെ കയറ്റുകയും ചെയ്തു. കോടതിവിധി നടപ്പാക്കിയോ എന്നു ചോദിച്ചാല്‍ നടപ്പാക്കി എന്നുതന്നെ ഉത്തരം. യാന്ത്രികമായി നടപ്പാക്കിയോ എന്നു ചോദിച്ചാല്‍ ഇല്ല, യന്ത്രങ്ങളൊന്നും ഉപയോഗിച്ചില്ല എന്നുത്തരം. കൂടുതല്‍ വിവരങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും ഇടതുമുന്നണി കണ്‍വീനറും യാന്ത്രിക ബുദ്ധിജീവിയുമായ എ.വിജയരാഘവനുമായി ബന്ധപ്പെടുക.

മരടിലേക്കു മടങ്ങാം. കോടതിയുടെ ഈ പൊളിപ്പന്‍ പരിപാടി രാജ്യവികസനത്തില്‍ അടിയുറച്ചുവിശ്വസിക്കുന്ന ചില മഹാത്മാക്കള്‍ക്ക് ഒട്ടും രുചിച്ചിട്ടില്ല. കോടതിയെന്തിനു പൊളിക്കാന്‍ പുറപ്പെടുന്നു എന്നതാണ് അവരുടെ ചോദ്യം. ഓവര്‍സ്പീഡില്‍ വണ്ടിയോടിച്ചാല്‍ വണ്ടി പൊളിച്ചുകളയുന്നുണ്ടോ ? ഒരു പിഴ ഈടാക്കുന്നല്ലേ ഉള്ളൂ. അതുതന്നെ യാന്ത്രികമായൊന്നും നടപ്പാക്കില്ല. കൂടിപ്പോയെന്നു തോന്നിയാല്‍ ഉടനെ സംസ്ഥാനസര്‍ക്കാറുകളും മറ്റും മറ്റും ഇടപെട്ടു കുറപ്പിച്ചോളും. അതുപോലെയാണ് പരിസ്ഥിതി നിയമലംഘനത്തിന്റെയും കാര്യം. അനധികൃതനിര്‍മിതി പൊളിക്കണം എന്നു പറഞ്ഞാല്‍ അതു യാന്ത്രികമായിപ്പോകും. നല്ല തുക പിഴ മതി. അതുതന്നെ വേണമെങ്കില്‍ സംസ്ഥാനങ്ങള്‍ക്കു കുറപ്പിക്കാം.

അതിനിടയില്‍ കുറെ മണ്ടന്മാര്‍ വേറെ ഒരു ചോദ്യം ചോദിക്കുന്നുണ്ട്. മുന്‍സിഫ് കോടതി മുതല്‍ സുപ്രിം കോടതി വരെയും കാക്കത്തൊള്ളായിരം കമ്മീഷനുകളും ഉദ്യോഗസ്ഥരുമെല്ലാം കണ്ണുമിഴിച്ച് നോക്കിനില്‍ക്കെ എങ്ങനെയാണ് ഈ കെട്ടിടങ്ങളെല്ലാം ഉയര്‍ന്നു വന്നത് എന്നതാണ് ആ ചോദ്യം. കെട്ടിടം പണിയുമ്പോള്‍ അവര്‍ ടാര്‍പോളിന്‍ ഷീറ്റ് കൊണ്ട് മറച്ചാണ് പണി ചെയ്തിരുന്നത്,അതുകൊണ്ടൊന്നും കണ്ടില്ല എന്നു പറയരുത്. നിയമലംഘനമാണ്, തടയണം, പൊളിക്കണം എന്നെല്ലാമുള്ള തര്‍ക്കങ്ങള്‍ സര്‍ക്കാറിലും കോടതിയിലും നടക്കുമ്പോള്‍ ആരുംകാണാതെ കൊണ്ടുവന്നു നാട്ടിയതല്ല കെട്ടിടങ്ങള്‍. സകലമാന പെര്‍മിറ്റുകളും ലൈസന്‍സുകളും വാങ്ങി വര്‍ഷങ്ങളെടുത്ത്്് പടിപടിയായാണ് പണിതത്്. പണി തീര്‍ന്നപ്പോഴാണ്, ശരി ഇനി നമുക്ക് പൊളി തുടങ്ങാം എന്നു തീര്‍പ്പായത്. ഈ കൊടുംപാതകത്തിന് ആരെല്ലാമാണ് ഉത്തരവാദികളെന്ന് ആരും തിരക്കരുത്. വിശുദ്ധപശുക്കള്‍ നിരവധി ലിസ്റ്റിലുണ്ടാകും. പറഞ്ഞാല്‍ പറഞ്ഞവന്‍ കുടുങ്ങും. മൗനം വിദ്വാന് ഭൂഷണം. നിങ്ങളായി നിങ്ങടെ പാടായി....

വ്യാകരണം വിട്ട് കളിയില്ല
കാര്യക്ഷമമായ വിദ്യ അഭ്യാസത്തിന്റെ പേരില്‍ ലോകപ്രശസ്തി നേടിയ ദ യൂണിവേഴ്‌സിറ്റി കോളജില്‍ ദ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ദ കാന്‍ഡിഡേറ്റ്‌സില്‍  ചിലര്‍ ദ നോമിനേഷന്‍ പേപ്പറില്‍ സ്ഥാനങ്ങളുടെ പേരിനു മുന്നില്‍ ദ ചേര്‍ക്കാതിരുന്നത് ആരെന്തൊക്കെ പറഞ്ഞാലും ഗുരുത്വദോഷം തന്നെയാണ്. ഇത്ര കഷ്ടപ്പെട്ട് ഭാഷയും വ്യാകരണവുമെല്ലാം പഠിപ്പിച്ചിട്ടും അവര്‍ അങ്ങനെ ചെയ്തല്ലോ എന്നോര്‍ത്ത് സങ്കടം സഹിക്കാതെയാവണം ആ വ്യാകരണമൗലികവാദി പത്രിക തള്ളിയത്. അതു ക്ഷമിക്കാവുന്ന കുറ്റം മാത്രമാണത്. ആത്മാര്‍ത്ഥത കൂടിപ്പോയതുകൊണ്ട് ചെയ്തതാണ്. ആരുടെയെങ്കിലും പത്രിക തള്ളിച്ച്്് ദ ഇലക്ഷന്‍ ഫലത്തെ സ്വാധീനിക്കുക എന്ന ഉദ്ദേശ്യമൊന്നും അവര്‍ക്കുണ്ടാകാനിടയില്ല. അതിനുള്ള പണി ചെയ്യാന്‍ മിടുക്കന്മാര്‍ വേറെയുണ്ട്. വന്ദ്യഗുരുക്കന്മാരെക്കൊണ്ട് അതൊന്നും ചെയ്യിക്കയില്ല.
ഇത്രയും സംഭവിച്ചുകഴിഞ്ഞപ്പോള്‍ ഇനി ദ ഇല്ലെങ്കിലും കുഴപ്പമില്ല എന്നു വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചതായൊന്നും ദ സറ്റുഡന്റ്്‌സ് ധരിച്ചേക്കരുതേ. എവിടെയെല്ലാം വയ്ക്കണമെന്നു ക്ലാസ്സില്‍ പറഞ്ഞുവോ അവിടെയെല്ലാം വച്ചിരിക്കണം. നൊ എക്‌സ്‌ക്യൂസസ്...

മുനവാക്ക്
ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമെല്ലാം മൗലികാവകാശം. അതു നിഷേധിക്കാനാവില്ല എന്നു കോടതി.
* കറക്റ്റ്. പക്ഷേ, അതു കശ്മീര്‍ താഴ്‌വരയിലുള്ളവര്‍ക്ക് ബാധകമല്ല.Tuesday, 17 September 2019

'ഫീച്ചര്‍ ഫില്മ് ബാക്കി ഹെ ഭായ് '


'ഫീച്ചര്‍ ഫില്മ് ബാക്കി ഹെ ഭായ് '


കിടിലന്‍ ഡയലോഗാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി റാഞ്ചിയില്‍ കാച്ചിയത്.  'ഇതു ട്രെയ്ലര്‍ മാത്രം, സിനിമ മുഴുവന്‍ വരാനിരിക്കുന്നതേ ഉള്ളൂ...'. ഒരു മലയാളം സിനിമയില്‍ മമ്മൂട്ടി ഹിന്ദിയില്‍ വീശുന്നുണ്ട് ഇതേ ഡയലോഗ്-' ഫീച്ചര്‍ ഫില്മ്  ബാക്കി ഹേ ഭായ്്്്...ഹ ഹ ഹ'. ഒരു ഹിന്ദി സിനിമയില്‍ ഷാറുഖ് ഖാനും ഹിന്ദിയില്‍ വീശിയിട്ടുണ്ട് ഇതുതന്നെ. ഡയലോഗിന്റെ കോപ്പിറൈറ്റ് മോദിജിക്കില്ലെന്നത് കാര്യമാക്കേണ്ട.

നൂറുനാള്‍ കൊണ്ട് രാജ്യം കണ്ടു കഴിഞ്ഞു മോദി-അമിത് ഷാജി കൂട്ടുകെട്ടിന്റെ മികവ്. മുന്‍പിന്‍ നോട്ടമില്ല ആരെന്തു പറഞ്ഞാലും വകവെക്കില്ല. എന്താണോ അജന്‍ഡയിലുള്ളത് അതു പാസ്സാക്കും. പ്രതിപക്ഷം പറയുന്നത് മൈന്‍ഡ് ചെയ്യേണ്ട. ബില്ലുകളും മറ്റും പുനരവലോകനത്തിന് സബ് കമ്മിറ്റികള്‍ ഉണ്ട്. അവര്‍ക്ക് വിശേഷിച്ച് പണിയിയൊന്നുമില്ല. മുന്‍ഗവണ്മെന്റുകള്‍ എത്ര സമയമാണ് ബില്ലുകള്‍ കമ്മിറ്റികള്‍ക്ക് അയച്ച് വേസ്റ്റ് ആക്കിയത്. പ്രതിപക്ഷാംഗങ്ങള്‍ പറയുന്ന കുറ്റവും കുറവുമൊക്കെ കുറിച്ചെടുത്ത് നിയമത്തില്‍ അതു തിരുത്താന്‍ മെനക്കെടുമായിരുന്നു ബുദ്ധിയില്ലാത്ത കോണ്‍ഗ്രസ്-യു.പി.എ കാലത്തെ മന്ത്രിസഭകള്‍. പറയുമ്പോള്‍ ഇതുംപറയണമല്ലോ. നമ്മുടെ അടല്‍ ബിഹാരി വാജ്പേയിക്കും ഉണ്ടായിരുന്നു ഇതേ സൂക്കേട്. ഇപ്പോള്‍ അങ്ങനെ യാതൊന്നുമില്ല. തുരുതുരാ പാസ്സാക്കും നിയമങ്ങള്‍. ജനങ്ങള്‍ തുലഞ്ഞാലും വേണ്ടില്ല എന്നു പറഞ്ഞു തന്നെയല്ലേ കശ്മീര്‍ ബില്‍ പാസ്സാക്കിയത്.

ഇതെല്ലാം വെറും സാമ്പിളുകള്‍ മാത്രമാണ് എന്നു നാട്ടുകാര്‍ക്കെല്ലാം അറിയും. കഴിഞ്ഞ തവണ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നതുകൊണ്ട് ലേശം മടിച്ചു നില്‍ക്കേണ്ടിവന്നിട്ടുണ്ട്. ഇത്തവണ അങ്ങനെയൊരു പ്രശ്നമില്ല. രണ്ടിടത്തും ഭൂരിപക്ഷമായി. ഭൂരിപക്ഷമുണ്ടാക്കാന്‍ എന്തു കുടിലതന്ത്രവും പ്രയോഗിക്കാം എന്നാരോ പണ്ട് പറഞ്ഞിട്ടുണ്ടല്ലോ. ഇല്ലേ, കൗടില്യന്‍ പറഞ്ഞിട്ടുണ്ടാവണം...പറഞ്ഞിട്ടില്ലല്ലോ. സാരമില്ല. നല്ല സംസ്‌കൃതത്തില്‍ അങ്ങനെയൊരു ശ്ലോകം ഉണ്ടാക്കി ഫെയ്സ്ബുക്ക്, ട്വിറ്റര്‍, വാട്സ്ആപ്പ് ആദിയായ ശ്രഷ്ഠ മാധ്യമങ്ങളില്‍ ഇട്ടാല്‍ മതി. വേണമെങ്കില്‍ കൗടില്യന്റെ പേരില്‍ ഒരു വെബ്സൈറ്റ് ഉണ്ടാക്കി അതിലേക്കുള്ള ലിങ്ക് പരസ്യപ്പെടുത്തിയാലും ധാരാളം. ആരാണ് കൗടില്യന്‍ എന്നു ചോദിച്ചാല്‍ ശ്രീരാമചന്ദ്രന്റെ നിയമമന്ത്രിയായിരുന്നു എന്നു പറഞ്ഞാല്‍ മതി.

അങ്ങനെ പലതും ചെയ്യാനല്ലേ ജനങ്ങള്‍ കഷ്ടപ്പെട്ട് ഓരോരോ മനുഷ്യരെ ലോക്സഭയിലേക്ക് ജയിപ്പിച്ചത്്. മണ്ടത്തരം പറയുന്ന ആളാണോ വിവരദോഷിയാണോ അക്ഷരാഭ്യാസമില്ലാത്ത ആളാണോ എന്നൊന്നും അവര്‍ നോക്കിയില്ലല്ലോ. ഞാന്‍ ജയിച്ചാല്‍ ശിശുവിവാഹം നിയമവിധേയമാക്കും, ഞങ്ങളെ ജയിപ്പിച്ചാല്‍ മുസ്ലിങ്ങളുടെ ഉള്ള പണിയും ഇല്ലാതാക്കും, എനിക്കു വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങളെ ഞാന്‍ ശപിക്കും എന്നെല്ലാം പറഞ്ഞവരെ, അക്ഷരാഭ്യാസമുണ്ടോ എന്നു പോലും നോക്കാതെല്ലേ മടി കൂടാതെ ജയിപ്പിച്ചത്. അതു കൊണ്ട് ഇത്തവണ ട്രെയ്ലറിനെ തോല്പിക്കുന്ന ഫീച്ചര്‍ ഫില്മ് കളിക്കാന്‍ പോകുകയാണ്. കണ്ടോളിന്‍.

സാമ്പത്തികവളര്‍ച്ചയിലായിരിക്കും മുഖ്യശ്രദ്ധ എന്നു മോദിജി കഴിഞ്ഞ തവണ തന്നെ പറഞ്ഞിട്ടുണ്ട്. സാമ്പത്തികശാസ്ത്രത്തിലാണ് കളി. അതറിയുന്ന ഒരാളെങ്കിലും സര്‍ക്കാറിലുണ്ടോ എന്നു ചോദിക്കരുത്. ഞങ്ങള്‍ പറയുന്നതു പോലെ ചെയ്യുന്ന ഉദ്യോഗസ്ഥന്മാരുണ്ടായാല്‍ പോരെ. പത്തു ശതമാനം വരെ ഉയര്‍ന്നിരുന്ന വളര്‍ച്ചനിരക്ക് കഷ്ടപ്പെട്ട് നാല്-നാലര ആയി കുറച്ചിട്ടുണ്ട്. വക്കീലാണെങ്കില്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആളായിരുന്നു അരുണ്‍ ജെയ്റ്റ്ലി. നിര്‍മല സേതുരാമന്‍ പെടാപ്പാട് പെടുന്നുണ്ട്. അഞ്ചു വര്‍ഷം മിണ്ടാട്ടമില്ലാതിരുന്ന മുന്‍ പ്രഥമര്‍ മന്‍മോഹന്‍ജി ഇപ്പോള്‍ ദിവസേന ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയത് പൊല്ലാപ്പായി എന്ന് ആദ്യം തോന്നയിരുന്നു. പൊല്ലാപ്പൊന്നും ഇല്ല. അദ്ദേഹം പറയുന്നത് കേട്ടിട്ടില്ല എന്നു നടിച്ചാല്‍ മതി. അവിടെയിരുന്ന് എന്തു വേണമെങ്കിലും പറയട്ടെ.

ഒറ്റയടിക്ക് കശ്മീര്‍ സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇങ്ങനെയൊരു കടുംകൈ ഏതെങ്കിലും സര്‍ക്കാര്‍ എന്നെങ്കിലും ചെയ്യുമെന്ന് അറിയാനുള്ള ബോധം ഇല്ലാത്തവരാണ് പ്രതിപക്ഷത്തിരിക്കുന്നത്. ഇനി ഏതെല്ലാം സംസ്ഥാനങ്ങളെ കേന്ദ്രഭരണ പ്രദേശമാക്കണം എന്ന കാര്യം ആലോചിക്കുന്നുണ്ട്. ധൃതിയൊന്നുമില്ല. കേരളമാണോ ബംഗാളാണോ അടുത്തത് എന്നൊന്നും ചോദിക്കരുത്.

അസമില്‍ കുറെ ലക്ഷം ആളുകള്‍ക്കു ഉറക്കമില്ലത്രെ. ഇന്ത്യക്കാരാണ് എന്നു തെളിയിക്കുന്നതിനുള്ള രേഖയില്ലാത്തവരെ പൗരത്വ പട്ടികയില്‍ പെടുത്തില്ല. ഈ ഐഡിയ ബി.ജെ.പിയുടേതല്ല കേട്ടോ. കോടതിയും എ.എ.എസ്.യുവും അന്നത്തെ സര്‍ക്കാറും എല്ലാം ചേര്‍ന്നുണ്ടാക്കിയ വയ്യാവേലിയാണ്. പക്ഷേ, അതിബുദ്ധിമാനായ അമിത് ഷായ്ക്ക് അതിന്റെ അനന്തസാധ്യതകള്‍ മൊട്ടത്തലയില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞു. പൗരത്വസംവിധാനം ഇന്ത്യ മുഴുവന്‍ നടപ്പാക്കും എന്നദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. എന്തൊരു കുട്ടിച്ചോറായിരിക്കും അതു സംസ്ഥാനങ്ങളില്‍ ഉണ്ടാക്കുക എന്നാലോചിക്കാനേ വയ്യ. ഭ്രാന്താസ്പത്രിയിലായിരുന്ന ഒരാള്‍ രോഗം ഭേദമായി എന്ന സര്‍ട്ടിഫിക്കറ്റുമായി പുറത്തിറങ്ങിയ ശേഷം മറ്റുള്ളവരെയെല്ലാം ഭ്രാന്തന്മാര്‍ എന്നു വിളിച്ചതായി കേട്ടിട്ടുണ്ട്. കാരണം, അവരുടെ പക്കലൊന്നും ഭ്രാന്തില്ല എന്ന സര്‍ട്ടിഫിക്കറ്റ് ഇല്ലല്ലോ. അപ്പുപ്പന്മാരൊന്നും ലങ്കയില്‍നിന്നു വന്നവരല്ല എന്നു തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എവിടെ കിട്ടും? എന്തായാലും ഒരു അഖിലഭാരത പൗരത്വ ഗുല്‍മാലിന്റെ സാധ്യതകള്‍ അമിത് ഷാജി പരിശോധിക്കുന്നുണ്ട്. ഒന്നിനും മടിക്കില്ല.

കാണാന്‍പോകുന്ന ഫീച്ചര്‍ ഫിലിം പൂരത്തിന്റെ ഒരു അധ്യായം സംബന്ധിച്ച്  അമിത് ഷാജി സൂചിപ്പിച്ചിട്ടുണ്ട്. ഹിന്ദിയാണത്രെ രാഷ്്ട്രത്തില്‍ ഐക്യമുണ്ടാക്കുക.  കേരളത്തില്‍ ഇപ്പോള്‍ മലയാളത്തില്‍ പി.എസ്.സി പരീക്ഷ നടത്തണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുംപോലെ നാളെ ഹിന്ദിയില്‍ മതി യു.പി.എസ്.സി പരീക്ഷ എന്നു തീരുമാനിച്ചാല്‍ സംഗതി കേമമാവില്ലേ? പണ്ടൊരിക്കല്‍ ഇങ്ങനെയെന്തോ ചില്ലറ നടപടിയുമായി ഇറങ്ങിപ്പുറപ്പെട്ടപ്പോഴാണ് തമിഴ്നാട് രാഷ്ട്രഐക്യം കൊണ്ട് കത്തിച്ചാമ്പലായത്. ഇനിയും സാധ്യത കാണാനുണ്ട്. ഒരു രാഷ്ട്രം ഒരു ഭാഷ എന്നതു പോലെ ഇനി ഘട്ടം ഘട്ടമായി ഒരു രാഷ്ട്രം ഒരു വസ്ത്രം, ഒരു രാഷ്ട്രം ഒരു ഭക്ഷണം, ഒരു രാഷ്ട്രം ഒരു പാര്‍ട്ടി, ഒരു രാഷ്ട്രം ഒരു മതം, ഒരു രാഷ്ട്രം ഒരു മോദി എന്നിങ്ങനെയുള്ള സുന്ദരന്‍ ആശയങ്ങള്‍ ഘട്ടം ഘട്ടമായി വരുമെന്നു പ്രതീക്ഷിക്കാം. വന്നോട്ടെ, വന്നോട്ടെ....

എന്തിന് വെറുതെ പദവികള്‍!

ഉള്ളതും പോയതിന്റെ സങ്കടത്തിലാണ് കോണ്‍ഗ്രസ് ലോക്സഭയിലിപ്പോള്‍. കഴിഞ്ഞ തവണ 44 സീറ്റ് മാത്രം കിട്ടിയപ്പോള്‍ കോണ്‍ഗ്രസ്സിന്റെ എതിരാളികള്‍ പോലും ഞെട്ടിയിരുന്നു. എന്തൊരു തോല്‍വി!  44 നേക്കാള്‍ ചെറിയ സംഖ്യയാണ് 52 എന്നേ തോന്നൂ ഇത്തവണത്തെ ഞെട്ടല്‍ കണ്ടാല്‍. പ്രധാനമന്ത്രിയാകാന്‍ ജുബ്ബയിട്ട യുവരാജാവ് സ്വന്തം മണ്ഡലത്തില്‍ തറപറ്റിയത് വയനാട്ടുകാരെപ്പോലും ഞെട്ടിച്ചു. ഇതു നഷ്ടപ്പെടലിന്റെ കാലമാണ്. അതിനിടെയാണ് ചില കൂട്ടര്‍ പാര്‍ലമെന്റ് കമ്മിറ്റികളില്‍ പാര്‍ട്ടിക്കു സ്ഥാനം കിട്ടിയില്ലെന്ന് പരവശവുമായി നടക്കുന്നത്. ഹാ കഷ്ടം.

ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടിയ പാര്‍ട്ടിയുടെ തലവനാണ് പ്രതിപക്ഷനേതാവ്. അതു പണ്ട് എ.കെ.ജി.യുടെ കാലത്തേ അങ്ങനെയാണ്. പിന്നീട് കൊണ്ടുവന്ന വ്യവസ്ഥയിലും സീറ്റ് എണ്ണം പ്രധാനമായിരുന്നില്ലെന്നാണ് വിദഗ്ദ്ധരും പറഞ്ഞത്. പക്ഷേ, എന്തു ചെയ്യും, കോണ്‍ഗ്രസ്സിന് അതും വേണ്ട. രാഹുല്‍ ഗാന്ധിക്കു പാര്‍ട്ടി സ്ഥാനവും വേണ്ട, പാര്‍ലമെന്ററി സ്ഥാനവും വേണ്ട. നിരാശയുടെ പടുകുഴിയിയാണ്. നൈരാശ്യം മൂത്ത് ലോക്സഭാംഗത്വം തന്നെ രാജിവച്ചുകളുയുമോ എന്ന ഭീതിയിലാണ് വയനാട്ടുകാരും.

പാര്‍ലമെന്റ്ിലെ അല്ലറ ചില്ലറ കമ്മിറ്റി പദവികള്‍ കൊണ്ടൊരു പ്രയോജനവും കിട്ടാന്‍ പോകുന്നില്ല. ലോക്സഭയില്‍ എല്ലാം അമിത് ഷാ ചെയ്തുകൊള്ളും. മന്ത്രിമാര്‍ക്കു പോലും ഒന്നും ചെയ്യാനില്ല. പ്രതിപക്ഷാംഗങ്ങള്‍ക്കു ഘോരഘോരം പ്രസംഗിക്കാം. കൈയ്യടികിട്ടും, പ്രസംഗിക്കുന്നത് രേഖയിലുണ്ടാകും. പത്രങ്ങളില്‍ വന്നാല്‍ വന്നു. എന്തിന് വെറുതെ കമ്മിറ്റി പദവികള്‍.....


കുതന്ത്രങ്ങള്‍ അറിയാതെ..

തനിക്ക് രാഷ്ട്രീയത്തിലെ തന്ത്രകുതന്ത്രങ്ങള്‍ അറിയില്ലെ് മുസ്ലിം ലീഗിന്റെ രാജ്യസഭാംഗം പി.വി. അബ്ദുല്‍ വഹാബ് കുമ്പസരിച്ചതായി പത്രങ്ങളില്‍ കാണുുണ്ട്. അദ്ദേഹം ഈയിടെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഇടതുപക്ഷ സര്‍ക്കാറിനെ അഭിനന്ദിച്ചു പോയി. അബദ്ധത്തില്‍ പറ്റിയതാണ്. നല്ല കാര്യം ആരു ചെയ്താലും താന്‍ അഭിനന്ദിക്കും എല്ലൊം നമ്മള്‍ പ്രസംഗിക്കാനേ പാടുള്ളൂ. അത് നടപ്പാക്കാന്‍ പാടില്ല. എതിരാളികളെ എപ്പോഴും ചീത്ത പറഞ്ഞുകൊണ്ടിരിക്കണം. ചീത്തപറയാന്‍ പറ്റില്ലെങ്കില്‍ മൗനം മണ്ടനും ഭൂഷണം എ തത്ത്വം സ്വീകരിച്ച് മിണ്ടാതിരിക്കണം.
തന്ത്രകുതന്ത്രങ്ങളൊും അറിയില്ല എു വഹാബ്ജി വിനയം കൊണ്ടു പറഞ്ഞതാണ്. ചില്ലറ തന്ത്രകുതന്ത്രം അറിയാതെ ആര്‍ക്കെങ്കിലും രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകാന്‍ പറ്റുമോ? സംഭാവന കൊടുത്തി'ാണ് അതൊപ്പിച്ചത് എു അസൂയക്കാര്‍ പറയുമായിരിക്കും. എാലും തന്ത്രം വേണം. ഒരു ടേംകഴിഞ്ഞ് രണ്ടാം ടേം അതേ പദവി കി'ണമെങ്കില്‍ തന്ത്രം പോര, കാശും പോര, കുതന്ത്രംത െവേണ്ടി വരും. വെറുതെ കാശ് എറിയാന്‍ മാത്രം കഴിയുവര്‍ അത് എറിഞ്ഞുകൊണ്ടേ ഇരിക്കും. പഞ്ചായത്ത് പ്രസിഡന്റ് പോലും ആവില്ല....

മുനവാക്ക്
മരട് ഫ്‌ളാറ്റുകാര്‍ക്ക് ഒപ്പം ഉണ്ടാകും: കോടിയേരി ബാലകൃഷ്ണന്‍
*ഒപ്പംകൊണ്ട് ഒരു കാര്യവുമില്ല. പ്രശ്‌നത്തിനു മുഴുവന്‍ ഉത്തരവാദികള്‍ നഗരസഭ മുതല്‍ മന്ത്രിസഭ വരെയുള്ളവരാണ്. ഫ്‌ളാറ്റുടമകളുടെ നഷ്ടം ഇവര്‍ നികത്തിക്കൊടുക്കണം. വേറെ എന്ത് ഒപ്പം.


Monday, 9 September 2019

NP Rajendran: സ്വതന്ത്രവും പ്രബലവുമായ മാധ്യമസംവിധാനം വേണ്ട

NP Rajendran: സ്വതന്ത്രവും പ്രബലവുമായ മാധ്യമസംവിധാനം വേണ്ട: സ്വതന്ത്രവും പ്രബലവുമായ മാധ്യമസംവിധാനം വേണ്ട എന്‍.പി രാജേന്ദ്രന്‍ വാജ്‌പേയ് കാലം മുതല്‍ ബി.ജെ.പി കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ...

സ്വതന്ത്രവും പ്രബലവുമായ മാധ്യമസംവിധാനം വേണ്ട


സ്വതന്ത്രവും പ്രബലവുമായ മാധ്യമസംവിധാനം വേണ്ട


ഡെഡ്എന്‍ഡ്
എന്‍.പി രാജേന്ദ്രന്‍

വാജ്‌പേയ് കാലം മുതല്‍ ബി.ജെ.പി കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു പത്രപ്രവര്‍ത്തകയാണ് സാബ നഖ്‌വി. ഈയിടെ കോഴിക്കോട്ട് മാധ്യമവിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സംഘടിപ്പിച്ച ഒരു ചര്‍ച്ചാസമ്മേളനത്തില്‍ ചോദ്യോത്തരങ്ങള്‍ക്കിടയില്‍ ആരോ അവരോടു ചോദിച്ചു- ബി.ജെ.പി യിലെ വാജ്‌പേയ് കാലവും മോദി കാലവും തമ്മില്‍ വല്ല വ്യത്യാസമുണ്ടോ? ചെറിയ വ്യത്യാസമൊന്നുമല്ല ഉള്ളത് എന്നവര്‍ വിവരിച്ചു. വാജ്‌പേയ് കാലത്ത് പത്രപ്രവര്‍ത്തകരെ, വിമര്‍ശിക്കുന്ന പത്രപ്രവര്‍ത്തകരെപ്പോലും ഒട്ടും അകറ്റി നിര്‍ത്തിയിരുന്നില്ല. ഒരു മുസ്ലിം പത്രപ്രവര്‍ത്തകയാണ് എന്ന പ്രത്യേക പരിഗണന പോലും വാജ്‌പേയ് കാലത്ത് പാര്‍ട്ടി നേതാക്കളില്‍നിന്നു ലഭിച്ചിരുന്നു. സൗഹാര്‍ദ്ദത്തോടെയല്ലാതെ ആരും പെരുമാറാറില്ല. പാര്‍ട്ടിയുടെ മാത്രമല്ല, കേന്ദ്രസര്‍ക്കാറിന്റെയും ഓഫീസുകളില്‍ വിവരങ്ങള്‍ നല്‍കുന്നതിനും ചോദ്യങ്ങള്‍ ചോദിക്കുന്നതിനും എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും സ്വാതന്ത്ര്യം ലഭിച്ചിരുന്നു. എന്നാല്‍, നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനു ശേഷം എല്ലാം ഓരോന്നായി അവസാനിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ എന്നൊരു കൂട്ടരുടെ ആവശ്യമേ ഇല്ല എന്ന മട്ടിലായി ഇപ്പോഴത്തെ സമീപനം. പലേടത്തും കേറാന്‍പോലും അനുവാദമില്ല. സബ നഖ്‌വി അവരുടെ ഷെയ്ഡ്‌സ് ഒഫ് സാഫ്രണ്‍-ഫ്രം വാജ്‌പേയ് ടു മോദി എന്ന പുസ്തകത്തില്‍ ഇക്കാര്യം വിശദമായി പ്രതിപാദിക്കുന്നുണ്ട്. 

ഇതൊരു പെരുമാറ്റത്തിന്റെ മാത്രം പ്രശ്‌നമല്ല എന്നു ഇന്ന് എല്ലാവര്‍ക്കും അറിയാം. 2014-ല്‍ ഭരണമേറ്റ ശേഷം നരേന്ദ്ര മോദി ആദ്യം ചെയ്ത കാര്യം വിദേശപര്യടനങ്ങളില്‍ ഒപ്പം മാധ്യമലേഖകരെ കൊണ്ടുപോകുന്ന സമ്പ്രദായം നിറുത്തുകയാണ്. അന്നു മുതല്‍ വേറെയും സിഗ്നലുകള്‍ തുടര്‍ച്ചയായി അദ്ദേഹം നല്‍കുന്നുണ്ടായിരുന്നു. ഒരു പത്രസമ്മേളനം പോലും നടത്താതെ പ്രധാനമന്ത്രിക്കു ഭരിക്കാം എന്നു അദ്ദേഹം തെളിയിച്ചു. എല്ലാ ആശയവിനിമയവും മോദിക്കു വണ്‍വെ ട്രാഫിക് ആണ്. തിരിച്ചാരും ഒന്നും ചോദിക്കരുത്, പറയരുത്.  അഞ്ചുവര്‍ഷത്തിനു ശേഷമുള്ള തിരിച്ചുവരവോടെ ഇനി മാധ്യമങ്ങളുടെ ആവശ്യമേ ഇല്ല എന്ന സന്ദേശമാണ് നല്‍കുന്നത്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം 1975-ല്‍ രാജ്യത്താകെ പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരുന്നു. പക്ഷേ, ഗവണ്മെന്റിന്റെ നടപടിയില്‍ ജനങ്ങള്‍ക്കു തീവ്രമായ എതിര്‍പ്പുണ്ടാകുമെന്ന മുന്‍ധാരണയോടെ രാജ്യത്തൊരിടത്തും ആരും റോഡിലിറങ്ങുന്നതിനു നിരോധനം പ്രഖ്യാപിച്ചിട്ടില്ല. ഡല്‍ഹിയിലെ ഒരു തെരുവില്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചതായി ആക്ഷേപമുണ്ടായിരുന്നു, പക്ഷേ, ഒരിടത്തും ഒരു പത്രവും പ്രസിദ്ധീകരിക്കരുത് എന്നുറപ്പാക്കാന്‍ ശ്രമിച്ചിട്ടില്ല. പത്രറിപ്പോര്‍ട്ടര്‍മാര്‍ക്ക് റോഡിലിറങ്ങാന്‍ പറ്റാത്ത നില ഉണ്ടാക്കിയിട്ടില്ല. ജമ്മു കാശ്്മീരില്‍ ഇതെല്ലാം ചെയ്തു. ഇനി എന്തെല്ലാം ചെയ്യും എന്നു കാണാനിരിക്കുന്നേ ഉള്ളൂ.

ഒരു റിപ്പോര്‍ട്ടറെ പൊലീസ് കസ്റ്റഡിയിലെടുക്കുകയെങ്കിലും ചെയ്താല്‍ ഉയര്‍ന്നുവരാറുള്ള ബഹുജന പ്രതിഷേധത്തിന്റെ പല അനുഭവങ്ങള്‍ രാജ്യം പലവട്ടം കണ്ടതാണ്. ജനനേതാക്കളെ മുഴുവന്‍ ജയിലിലോ വീട്ടിലോ തടവിലാക്കുക, ഗതാഗതം തടയുക, കടകമ്പോളങ്ങള്‍ അടച്ചിടുക, ആസ്പത്രിയില്‍ പോകാന്‍ പോലും അനുവദിക്കാതിരിക്കുക....ഇതില്‍ ചിലതെല്ലാം ഇന്ത്യയില്‍ മുമ്പും ചെയ്തിട്ടുണ്ട്. പക്ഷേ, ഒരേ സമയം ഒരിടത്തുതന്നെ എല്ലാം ചെയ്്തിട്ടില്ല. ഒരു വലിയ അക്രമാസക്ത പ്രതിഷേധത്തെ നേരിടാനായിരുന്നു എന്ന ന്യായമെങ്കിലും പറഞ്ഞുകൊണ്ടായിരുന്നു പലരും പലതും ചെയ്യാറുള്ളത്. കശ്മീരില്‍ എല്ലാം ശാന്തമായിരുന്നു. തങ്ങള്‍ ചെയ്യാന്‍പോകുന്ന കാര്യം കശ്മീര്‍ ജനതയെ ഭ്രാന്തു പിടിപ്പിക്കുമെന്നും അവര്‍ നാടിനു തീക്കൊളുത്തുമെന്നും ഭരണകൂടം ഭയന്നിരുന്നു എന്നു വ്യക്തം. ആരെയും റോഡിലിറങ്ങാന്‍ സമ്മതിക്കാത്തതുകൊണ്ട് എങ്ങും നിശ്ശബ്ദമാണ്. കശ്മീര്‍ ശാന്തം എന്നു റിപ്പോര്‍ട്ടു ചെയ്യാന്‍ ന്യൂഡല്‍ഹിയില്‍നിന്നു ചാനല്‍ ലേഖകരെ കൊണ്ടുവന്നിരുന്നു. പൂര്‍ണവിജനതയും ശ്മശാനമൂകതയും ശാന്തത തന്നെ.

ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാപ്രഖ്യാപനം ഇന്ദിരാഗാന്ധിയുടെ മാത്രം സൃഷ്ടിയായിരുന്നു എന്ന് അക്കാലത്തെ രാഷ്ട്രീയം ശ്രദ്ധിച്ചിട്ടുള്ളവര്‍ക്ക് അറിയും. അങ്ങനെയൊരു നടപടിക്കു വഴങ്ങാനുള്ള മാനസികാവസ്ഥയിലേക്ക് രാജ്യത്തെ പരുവപ്പെടുത്തിയിരുന്നില്ല. ഇന്ദിര ചെയ്തതിനെ, ദുര്‍ബലരും ഭീരുക്കളുമായ പാര്‍ട്ടി നേതാക്കള്‍ പിന്താങ്ങുകയും പാടിപ്പുകഴ്ത്തുകയും ചെയ്തു എന്നേ ഉള്ളൂ. ഇന്ന് അതല്ല അവസ്ഥ. അഞ്ചു വര്‍ഷമായി രാജ്യത്തിന്റെ രാഷ്ട്രീയ കാലാവസ്ഥതന്നെ സംഘപരിവാര്‍ ലക്ഷ്യങ്ങള്‍ക്കു വേണ്ടി രൂപപ്പെടുത്തി വരികയായിരുന്നു. മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ എതിര്‍ശബ്ദങ്ങളും ഇല്ലതാക്കാന്‍ അടിയന്തരാവസ്ഥയില്ലാതെ തന്നെ സാധിക്കും എന്നു തെളിഞ്ഞിരിക്കുന്നു. ദേശീയ മാധ്യമങ്ങള്‍ നിശ്ശബ്ദമാണ്്. രണ്ടു വാളുകള്‍ ഓങ്ങിയാണ് ഇതു സാധിച്ചെടുത്തത്.

ഒന്നു, പരസ്യനിഷേധം- പരസ്യവരുമാനം ഇല്ലാതെ ഒരു പ്രസിദ്ധീകരണത്തിനും പ്രവര്‍ത്തിക്കാനാവില്ല. സര്‍ക്കാറിന്റെ പരസ്യം വേണം. ടൈംസ് ഒഫ് ഇന്ത്യക്കു പോലും വരുമാനത്തിന്റെ 15 ശതമാനത്തോളം കേന്ദ്രസര്‍ക്കാറിന്റെ പരസ്യങ്ങളില്‍നിന്നാണ് എന്നറിയുന്നു. മോദി കാലത്തു വിവേചനപൂര്‍വമാണ് പരസ്യം നല്‍കല്‍. അനുകൂലപത്രങ്ങള്‍ക്കു കൂടുതലും എതിരാളിപ്പത്രങ്ങള്‍ക്കു കുറച്ചും കൊടുക്കുന്നതുപോലും മനസ്സിലാക്കാം. ഇവിടെ, അതിലപ്പുറമാണ് സംഭവിക്കുന്നത്. എതിരാളികള്‍ക്കു പരസ്യമില്ല. സര്‍ക്കാര്‍ മുഖപത്രമായി പ്രവര്‍ത്തിച്ചു ശീലമില്ലാത്ത ദ് ഹിന്ദു, ദ് ടെലഗ്രാഫ്, ആനന്ദബസാര്‍ പത്രിക തുടങ്ങിയവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പരസ്യം നിഷേധിധിച്ചിരിക്കുന്നു. പാര്‍ലമെന്റില്‍ല്‍ ആക്ഷേപമുയര്‍ന്നു. മറുപടിയൊന്നും ഉണ്ടായില്ല. പരസ്യം നിഷേധിക്കുന്നത് മന്ത്രി ഒപ്പുവച്ച ഉത്തരവിറക്കിയല്ലല്ലോ. സര്‍ക്കാറിനെ എപ്പോഴും വിമര്‍ശിക്കുന്നവര്‍ക്ക് എന്തിന് എപ്പോഴും പരസ്യം കൊടുക്കണം എന്ന ചോദ്യമാണ് അവര്‍ തിരിച്ചു ചോദിക്കുക. ന്യായം തന്നെ!  കശ്മീറിലെ പല പത്രങ്ങള്‍ക്കും പൊതുതിരഞ്ഞെടുപ്പിനു മുന്‍പുതന്നെ സര്‍ക്കാര്‍ പരസ്യം നിഷേധിച്ചിരുന്നു.

രണ്ടാമത്തെ വാളും പുതുമയുള്ള ഒന്നാണ്. മാനനഷ്ടക്കേസ് ആണ് ഇപ്പോള്‍ വ്യാപകമാവുന്ന ആ മാധ്യമധ്വംസക നടപടി. മാനനഷ്ടക്കേസ് പുതിയ കാര്യമല്ല. പക്ഷേ, ഇപ്പോള്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുക എന്നതു തന്നെയാണ് ശിക്ഷ. അഞ്ചും പത്തുമല്ല, നൂറും ആയിരവും കോടി രൂപയാണ് നഷ്ടപരിഹാരം ചോദിക്കുക. എത്ര നഷ്ടപരിഹാരം വിധിക്കാം എന്നതിനു എന്തെങ്കിലും തത്വമോ നിയമമോ ഇല്ല. ഒരു ജഡ്ജിയുടെ ഫോട്ടോ ഒരു ചാനലില്‍ ഏതാനും സെക്കന്‍ഡ് സമയം മാറിപ്പോയതിന്റെ പേരില്‍ 100 കോടി രൂപ നഷ്ടപരിഹാരം വിധിച്ച കോടതി ഉള്ള നാട്ടില്‍ എന്താണ് വിധിച്ചുകൂടാത്തത്! രാജ്യത്തിന്റെ നാനാഭാഗങ്ങളിലെ കോടതികളില്‍ ഫയല്‍ ചെയ്യപ്പെടുന്ന കേസ്സുകള്‍ക്കു പിറകെ പായേണ്ടി വരുന്ന പത്രാധിപര്‍ക്കും റിപ്പോര്‍ട്ടര്‍ക്കും പത്രപ്രവര്‍ത്തനം നടത്താനാവില്ല.  ദ് ഹിന്ദുവിന്റെ മുന്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ ഇതിന്റെ മാനനഷ്ടവ്യവഹാരത്തിന്റെ ഹിംസാത്മകമായ വശം വിശദീകരിക്കുന്നുണ്ട്.

ദ് ഹിന്ദു വിട്ട ശേഷം അദ്ദേഹം ദ് വയര്‍ എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററാണ്. വര്‍ഷത്തില്‍ ഏഴു കോടി രൂപയാണ് അതിന്റെ ആകെ വാര്‍ഷിക ബജറ്റ്്്. ഈ സ്ഥാപനത്തിനെതിരെ ഇപ്പോള്‍ വിചാരണയിലിരിക്കുന്ന മാനനഷ്ടക്കേസ്സുകളില്‍ ആകെ ആവശ്യപ്പെട്ട നഷ്ടപരിഹാരത്തുക പതിനൊന്നായിരം കോടി രൂപ വരും! ആരൊക്കെയാണ് കേസ്സുകള്‍ ഫയല്‍ ചെയ്തിട്ടുള്ളതെന്നോ...ഗൗതം അദ്വാനി, അനില്‍ അംബാനി(അദ്ദേഹം പിന്നീട് കേസ് പിന്‍വലിച്ചു), സുഭാഷ് ചന്ദ്ര, രാജീവ് ചന്ദ്രശേഖര്‍ എം.പി, ശ്രീ ശ്രീ രവിശങ്കര്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മകന്‍ ജയ് അമിത് ഷാ. തീര്‍ച്ചയായും കേസ് കൊടുക്കാനും ആഗ്രഹിക്കുന്ന വലിയ തുക നഷ്ടപരിഹാരം ചോദിക്കാനും അവര്‍ക്ക് അവകാശമുണ്ട്. പക്ഷേ, മാനനഷ്ടക്കേസ് വിചാരണ തന്നെ ശിക്ഷയായി മാറുന്ന അവസ്ഥ മാധ്യമപ്രവര്‍ത്തനത്തെ തകര്‍ക്കും.അതു തന്നെയാണ് ഈ കേസ്സുകളിലെ പരാതിക്കാര്‍ എല്ലാം ആഗ്രഹിക്കുന്നത്. തങ്ങള്‍ എന്തു ചെയ്താലും ഇനി ആരും തങ്ങള്‍ക്കെതിരെ ഒന്നും എഴുതരുത്.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ശക്തി പ്രാപിക്കുന്ന കാലമാണ് ഇത്. പലതിനും വിദേശത്തുള്ള സ്വതന്ത്ര എന്‍.ജി.ഒ കളുടെ പിന്തുണയുണ്ട്. ഇത്തരം ധനസഹായങ്ങള്‍ നിര്‍ത്തലാക്കിക്കാനും  ഓണ്‍ലൈന്‍ മാധ്യമങ്ങളെ വട്ടംകറക്കാന്‍ സര്‍ക്കാറിനു കഴിയും. സര്‍ക്കാറിനെ വിമര്‍ശിക്കുന്ന പല സ്ഥാപനങ്ങളുടെയും കഴുത്തില്‍ കുരുക്കു വീണുകഴിഞ്ഞു.

ഇതിനൊക്കെ അപ്പുറത്ത്, ചാനലുകളുടെ വാര്‍ത്താ ഉള്ളടക്കം സൂക്ഷ്മമായി നിരീക്ഷിക്കാനും അവ തങ്ങളുടെ താല്പര്യത്തിനെതിരെങ്കില്‍ നേരിടാനും കേന്ദ്രത്തില്‍ സംവിധാനമുണ്ട്. 200ല്‍ ഏറെ ജീവനക്കാരെ ഇതിനായി നിയോഗിച്ചിട്ടുണ്ടത്രെ. എബിപി ചാനലിന്റെ പ്രമുഖ അവതാരകനായിരുന്നു പുണ്യ പ്രസുന്‍ ബാജ്‌പെയ് സ്വന്തം അനുഭവത്തില്‍ നിന്നു മനസ്സിലാക്കിയ ഇക്കാര്യം പരസ്യപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയെക്കുറിച്ച് വിമര്‍ശനപരമായി ഒന്നും പറയരുത് എന്ന തന്റെ ചീഫ് എഡിറ്റര്‍ തന്നോടാവശ്യപ്പെട്ടതായി അദ്ദേഹം എഴുതി. ഒടുവില്‍ ബാജ്‌പേയിക്കു രാജി വച്ചിറങ്ങേണ്ടി വന്നു.

ഇതിനെല്ലാം അപ്പുറമാണ് രാജ്യവ്യാപകമായി വിമര്‍ശകര്‍ക്കെതിരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍. രാമചന്ദ്രഗുഹ മുതല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വരെയുള്ള പ്രമുഖരുടെ അനുഭവങ്ങള്‍ എല്ലാവര്‍ക്കും അറിയാം. പ്രമുഖരല്ലാത്ത അനേകം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതിലേറെ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. തെരുവിലല്ല,  സാമൂഹ്യ(വിരുദ്ധ) മാധ്യമങ്ങളിലാണ് ഇതധികവും നടക്കാറുള്ളത് എന്നതു മാത്രമാണ് സമാധാനം.

പ്രതിസന്ധി നേരിടുന്ന ഒരു വ്യവസായമാണ് പത്രം. പാശ്ചാത്യനാടുകളില്‍ അച്ചടിപ്പത്രം അസ്തമിക്കുക തന്നെയാണ്. ആളുകള്‍ ഡിജിറ്റല്‍ മാധ്യമങ്ങളിലേക്കു നീങ്ങുന്നു. ഇന്ത്യയിലും ഈ പ്രതിഭാസം പ്രകടമാവുന്നുണ്ട്. ഭരണഘടനപരമായ സംരക്ഷണം ഇല്ലെങ്കിലും ഭരണപരമായ സംരക്ഷണം പത്രമാധ്യമത്തിനു നല്‍കണം എന്നബോധ്യം മുന്‍സര്‍ക്കാറുകള്‍ നികുതി ചുമത്തുമ്പോള്‍ മനസ്സില്‍ വെക്കാറുണ്ട്. ന്യൂസ് പ്രിന്റ് ഇറക്കുമതിക്ക്  വലിയ തോതില്‍ നികുതി ഏര്‍പ്പെടുത്താതിരുന്നത് ഇക്കാരണത്താലാണ്. ഇന്ത്യന്‍ ന്യൂസ്പ്രിന്റ് ഉല്പാദകര്‍ ഈ ആവശ്യമുന്നയിച്ച് വലിയ സമ്മര്‍ദ്ദം ചെലുത്താറുണ്ടെങ്കിലും മാധ്യമതാല്പര്യമാണ് സംരക്ഷിക്കപ്പെടാറുള്ളത്. രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യബജറ്റില്‍തന്നെ മാധ്യമങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന ഇറക്കുമതി നികുതി ചുമത്തിക്കഴിഞ്ഞു.

കേ്്രന്ദസര്‍ക്കാറിന്റെ ദയാദാക്ഷിണ്യത്തിനു നിന്നുകൊടുക്കുന്നതാവണം മാധ്യമങ്ങള്‍ എന്നു കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നു. നല്ല അനുസരണം ഉണ്ടാവണം. എങ്കില്‍ സര്‍ക്കാറിന് അതൊരു ബുദ്ധിമുട്ടാവില്ല. എല്ലാറ്റിന്റെയും ലക്ഷ്യം ഇതുമാത്രം-സ്വതന്ത്രവും പ്രബലവുമായ മാധ്യമസംവിധാനം വേണ്ട. ഭരണാധികാരികള്‍ക്ക് ജനങ്ങളിലെത്താന്‍ ട്വിറ്ററും വാട്‌സ് ആപ്പും തട്ടുപൊളിപ്പന്‍ പ്രസംഗങ്ങളുടെ ചാനല്‍ ലൈവുകളും മതി. വിമര്‍ശനവും ഉപദേശവും വേണ്ട. പിന്നെ, മാധ്യമസ്വാതന്ത്ര്യം സംബന്ധിച്ച റിപ്പോര്‍ട്ടര്‍ സാന്‍സ് ബോര്‍ഡേഴ്‌സിന്റെ വാര്‍ഷികറിപ്പോര്‍ട്ടിലെ ഇന്ത്യയുടെ റാങ്ക് അഞ്ചോ പത്തോ കുറയുമായിരിക്കും. ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍ പോലും ഇന്ത്യയ്ക്കു മുകളിലാണ്. ഇനി ഉത്തരകൊറിയയും മുകളിലെത്തുമായിരിക്കും. ആര്‍ക്കുണ്ട് ചേതം!
(Published in Padabhedam monthly -2019 Sep. issue


Friday, 6 September 2019

രണ്ട് വാര്‍ത്താ ഏജന്‍സി ജീവിതങ്ങള്‍- ഇവര്‍ വിസ്മരിക്കപ്പെടുകയില്ല


രണ്ട് വാര്‍ത്താ ഏജന്‍സി ജീവിതങ്ങള്‍-
ഇവര്‍ വിസ്മരിക്കപ്പെടുകയില്ല


എന്‍.പി രാജേന്ദ്രന്‍

പത്രപ്രവര്‍ത്തകനാകുന്നതു വരെ എനിക്കും വാര്‍ത്താ ഏജന്‍സികളെക്കുറിച്ച് വലിയ പിടിപാടുണ്ടായിരുന്നില്ല. അങ്ങനെ ചിലതുണ്ട് എന്നറിയാമെന്നല്ലാതെ രീതികളൊന്നും അറിയില്ല. പത്രവാര്‍ത്തകളോടൊപ്പം സ്വന്തം ലേഖകന്‍ എന്നും മറ്റും ചേര്‍ക്കുന്നതുപോലെ പി.ടി.ഐ എന്നും യു.എന്‍.ഐ എന്നും ചേര്‍ത്തിരുന്ന കാലം ഉണ്ടായിരുന്നു. ഇന്നത്തെ തലമുറ അതും കണ്ടിട്ടില്ല. വാര്‍ത്തകള്‍ ശേഖരിച്ച് ലോകമെങ്ങും പത്രസ്ഥാപനങ്ങള്‍ക്ക് എത്തിക്കുന്നത് വാര്‍ത്താ ഏജന്‍സികളാണ്. പക്ഷേ, അവര്‍ നിര്‍ഭാഗ്യവന്മാരാണ്. വായനക്കാര്‍ അവരുടെ സേവനം അറിയാറില്ല. അവരുടെ ലേഖകരുടെ പേരുകള്‍ വാര്‍ത്ത വായിക്കുന്നവര്‍ അറിയുകയില്ല. 

1981 മുതല്‍ ന്യൂസ് റൂമില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരു അനീതി കണ്ട് ഞാന്‍ പലപ്പോഴും അമ്പരന്നിട്ടുണ്ട്. മിക്കവാറും എല്ലാ പ്രധാന ദേശീയവാര്‍ത്തകളും തരുന്നത് പി.ടി.ഐ, യു.എന്‍.ഐ എന്നീ രണ്ട് വാര്‍ത്താ ഏജന്‍സികളാണ്. ആ റിപ്പോര്‍ട്ടുകള്‍ മലയാളത്തിലാക്കുകയാണ് മാതൃഭൂമി കോഴിക്കോട് സെന്‍ട്രല്‍ ഡസ്‌കിലെ ഞങ്ങളുടെ പ്രധാനജോലി. അതേപടി കൊടുക്കണം എന്നില്ല. ചിലപ്പോള്‍ രണ്ട് ഏജന്‍സികളുടെ വാര്‍ത്തകള്‍ കൂട്ടിക്കലര്‍ത്തി മൂന്നാമതൊന്നു സൃഷ്ടിക്കും. കൂടുതല്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയുമാകാം. പക്ഷേ... വാര്‍ത്തയിലൊരിടത്തും ഏജന്‍സിയെക്കുറിച്ച് മിണ്ടില്ല. അതു പോകട്ടെ, മിക്കപ്പോഴും ഏജന്‍സി റിപ്പോര്‍ട്ടുകള്‍ക്ക് പത്രത്തിലെ സ്വന്തം ലേഖകരുടെ ബൈലൈന്‍ കൊടുക്കുക എന്ന അതിക്രമവും ഏതാണ്ടെല്ലാ ദിവസവും കാണിക്കാറുണ്ട്. ഒരു പ്രമുഖ ലേഖകന്‍ പ്രധാന വാര്‍ത്തകളുടെ തലക്കെട്ടും ആദ്യത്തെ മൂന്നു വാചകവും എഴുതിയയക്കും. ചുവടെ add agency എന്നു ചേര്‍ക്കും. പണിതീര്‍ന്നു!


അജ്ഞാതനായി പ്രവര്‍ത്തിച്ച് അപ്രത്യക്ഷമാകുമായിരുന്ന വാര്‍ത്താഏജന്‍സി ലേഖകരുടെ കൂട്ടത്തില്‍ പെട്ട രണ്ട് മലയാളി ലേഖകര്‍ അവരുടെ ജീവിതകഥ വരും തലമുറകള്‍ക്കു വേണ്ടി എഴുതി വെച്ചിട്ടുണ്ട്.  വി.പി. രാമചന്ദ്രനും കെ.പി. കൃഷ്ണനുണ്ണയും. എഴുതിവച്ചതു കൊണ്ടു അവര്‍ മറക്കപ്പെടില്ല എന്നുറപ്പിക്കാം. അവര്‍ തമ്മില്‍ ഒരു വ്യത്യാസമുണ്ട്. വി.പി.ആര്‍ എന്ന വി.പി.രാമചന്ദ്രന്‍ അജ്ഞാതനായല്ല പത്രരംഗം വിട്ടത്. മാതൃഭൂമി പത്രാധിപത്യവും കേരള മീഡിയ അക്കാദമി അദ്ധ്യക്ഷപദവിയും വഹിച്ച, കേസരി-സ്വദേശാഭിമാനി പുരസ്‌കാരം നേടിയ വ്യത്യസ്തനായ ഒരു പത്രപ്രവര്‍ത്തകനാണ് വി.പി.രാമചന്ദ്രന്‍.  95 പിന്നിട്ട് എറണാകുളം കാക്കനാട്ട് വിശ്രമജീവിതം നയിക്കുന്ന വി.പി.ആറിനു ദീര്‍ഘമേറിയ പത്രപ്രവര്‍ത്തനജീവിതത്തിന്റെ എണ്ണമറ്റ കഥകള്‍ പറയാനുണ്ട്. പക്ഷേ,അദ്ദേഹം അധികമൊന്നും പറയാറില്ല. അദ്ദേഹത്തിന്റെ ജീവിതകഥയുടെ നല്ലൊരു ഭാഗം അദ്ദേഹം രചിച്ച് കേരള പ്രസ് അക്കാദമി (ഇപ്പോള്‍ മീഡിയ അക്കാദമി) പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്- VPR Revisited-The life and times of an extra ordinary journalist. വാര്‍ത്താ ഏജന്‍സികളുടെ വേറെയും നിരവധി ലേഖകര്‍ തൊഴില്‍രംഗത്തു വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും ഇതുപോലെ ആത്മകഥകളോ ഓര്‍മക്കുറിപ്പുകളോ എഴുതിയതായി അറിയില്ല. 

വിനീതമായ തുടക്കം
വി.പി.ആറിന്റെ തലമുറയില്‍പ്പെട്ട പാശ്ചാത്യ പത്രാധിപന്മാരുടെ ജീവചരിത്രക്കുറിപ്പുകള്‍ വായിച്ചപ്പോഴെല്ലാം ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. അവരില്‍ നല്ലൊരു പങ്ക് ആളുകള്‍ നേരെ വന്ന്  റിപ്പോര്‍ട്ടര്‍മാരോ എഡിറ്റര്‍മാരോ ആയവരല്ല. അതിനുള്ള വിദ്യാഭ്യാസം പോലും നേടിയവരല്ല. പലരും ന്യൂസ്‌റൂമുകളില്‍ കോഫി ബോയ്‌സ് അല്ലെങ്കില്‍ പ്യൂണ്‍മാര്‍ ആയിരുന്നു.സാമാന്യവിദ്യാഭ്യാസയോഗ്യത പോലും ഇല്ലാത്ത പലരും ന്യൂസ്‌റൂമിലിരുന്ന് കാര്യങ്ങള്‍ പഠിച്ച്  നല്ല ലേഖകരും കോളമിസ്റ്റുകളും എഡിറ്റര്‍മാരും ആയിട്ടുണ്ട്. തീര്‍ച്ചയായും അഭിരുചിയും അര്‍പ്പണബോധവും ആണ് അവരെ വലിയ സ്ഥാനങ്ങളിലെത്തിച്ചത് എന്ന കാര്യത്തില്‍ സംശയമില്ല. നമ്മുടെ പത്രാധിപന്മാരില്‍ ആ വിധത്തില്‍ പെട്ടവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഒരാള്‍ വി.പി.രാമചന്ദ്രനാണ്. അദ്ദേഹം ഒരു ടെലിപ്രിന്റര്‍ ഓപ്പറേറ്റര്‍ ആയി ന്യൂസ് എജന്‍സിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം മാതൃഭൂമിയുടെ പത്രാധിപര്‍ വരെ ആയിട്ടുണ്ട്. 

അസാധാരണത്വങ്ങളും യാദൃച്ഛികതകളും അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം ഉണ്ട്. രാമദാസ് എന്നാണ് അദ്ദേഹത്തിന് മാതാപിതാക്കള്‍ വിളിച്ച പേര്. ഒട്ടും ആരോഗ്യമില്ലാത്ത വികൃതമുഖം ഉള്ള ഒരു കുഞ്ഞായിരുന്നു രാമദാസ്. കുരങ്ങനെപ്പോലെ ആയിരുന്നു എന്നാണ് വി.പി.ആര്‍ തന്നെ എഴുതുന്നത്!  രാമന്റെ ദാസന്‍ എന്നു വിളിച്ചതുകൊണ്ടാണ് കുഞ്ഞിന് വൈകൃതമുണ്ടായത് എന്ന് ആരെല്ലാമോ പറഞ്ഞതു കേട്ട് രക്ഷിതാക്കള്‍ പേരു രാമചന്ദ്രന്‍ എന്നാക്കി. അതിനു ശേഷം കുഞ്ഞിന് ആരോഗ്യവും മുഖപ്രസാദവും ഉണ്ടായത്രെ! തുടര്‍ന്ന് വി.രാമചന്ദ്രന്‍ എന്ന പേരുമായി സ്‌കൂളില്‍ ചേര്‍ന്ന കുട്ടിയുടെ പേര് ഏതോ ഘട്ടത്തില്‍ ഏതോ സ്‌കൂള്‍ ക്ലര്‍ക്ക് വി.പി രാമചന്ദ്രന്‍ എന്നു മാറ്റി. ആരോട് ചോദിക്കാന്‍!

ജോലി തേടി എസ്.എസ്.എല്‍.സി, ടൈപ്പിസ്റ്റ്, ഷോര്‍ട്ട്ഹാന്‍ഡ് സര്‍ട്ടിഫിക്കറ്റുകളുമായി പുനെയില്‍ എത്തിയ രാമചന്ദ്രന് മിലിട്ടറി ഓഫീസിലാണ് ആദ്യം താല്ക്കാലിക നിയമനം കിട്ടിയത്. അവിടെ ജോലി ചെയ്തു കൊണ്ടിരിക്കേ ഉണ്ടായ ഒരു യാദൃച്ഛികസംഭവം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വഴി തിരിച്ചുവിട്ടതു കൗതുകകരമാണ്. റോഡില്‍ രണ്ട് സൈക്കിളുകള്‍ കൂട്ടിയിടിച്ച് വീണവരെ സഹായിക്കാന്‍ ചെന്നതായിരുന്നു രാമചന്ദ്രന്‍. അവരെ എഴുന്നേല്‍പ്പിച്ച് സൈക്കിള്‍ കയറാന്‍ സഹായിച്ച ശേഷം പരിചയപ്പെട്ടു. ഒരാള്‍ മലയാളിയായ ഒരു വാര്‍ത്താ ഏജന്‍സി ലേഖകനാണ്. റോയ്‌റ്റേഴ്‌സ് ലേഖകന്‍. ആ സൗഹൃദം ക്രമേണ വളര്‍ന്നുണ്ടായപ്പോള്‍ രാമചന്ദ്രന്‍ 1945-ല്‍ റോയ്‌റ്റേഴ്‌സ് ഓഫീസില്‍ ടെലിപ്രിന്റര്‍ ഓപറ്റേറ്റര്‍ ആവുകയുമാണ് ഉണ്ടായത്. റോയ്‌റ്റേഴ്‌സിന്റെ ഇന്ത്യന്‍ ഏജന്‍സിയെ അന്നു അസോസിയേറ്റഡ് പ്രസ് ഓഫ് ഇന്ത്യ(എ.പി.ഐ) എന്നാണ് വിളിച്ചിരുന്നത്. സ്വാതന്ത്ര്യലബ്ധിയോടെ  അസോസിയേറ്റഡ് പ്രസ് ഓഫ് ഇന്ത്യ, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ(പി.ടി.ഐ) ആയി. 

പി.ടി.ഐയില്‍ അന്നു ചെറിയ ശമ്പളവും  മോശമായ ജീവിതസാഹചര്യങ്ങളുമൊക്കെയായിരുന്നതു കൊണ്ട് രാമചന്ദ്രന്‍ എവിടേക്കെങ്കിലും മാറാന്‍ വഴി തേടുകയായിരുന്നു. ശമ്പളക്കുറവില്‍ പ്രതിഷേധിച്ചിരുന്നതു കൊണ്ട് രാമചന്ദ്രനെ സ്ഥലംമാറ്റാന്‍ മാനേജ്‌മെന്റ് ആലോചിക്കുന്നുമുണ്ടായിരുന്നു. എന്തായാലും സ്ഥലംമാറ്റം വൈകിയില്ല. അസമിന്റെ തലസ്ഥാനമായ ഗുവഹാട്ടിയേക്കാണ് മാറ്റപ്പെട്ടത്. 1947-ലാണത്.  വളരെ വിദൂരവും തീര്‍ത്തും അവികസിതവും ആയ ആ പട്ടണത്തിലേക്ക് സന്തോഷപൂര്‍വമാണ് അദ്ദേഹം പോയത്. രാത്രിയാകുമ്പോഴേക്ക് കൂരിരുട്ടില്‍ വന്യമൃഗങ്ങള്‍ ഇറങ്ങിനടക്കുന്ന, യാത്രചെയ്യാന്‍ കുതിരവണ്ടികള്‍ മാത്രമുള്ള, ഓല മേഞ്ഞ ഷെഡ്ഡുകളല്ലാതെ ഒരു കോണ്‍ക്രീറ്റ് കെട്ടിടം പോലുമില്ലാത്ത പട്ടണമായിരുന്നെങ്കിലും രാമചന്ദ്രന് ഒരു മെച്ചം കിട്ടി. അദ്ദേഹം അവിടെ റിപ്പോര്‍ട്ടര്‍ ജോലിയില്‍ പരിചയം നേടി. അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹവും. 

പിന്നിട്, 1951 ആവുമ്പോഴേക്ക് ബോംബെയില്‍ മടങ്ങിയെത്തിയതുകൊണ്ട് അവിടെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം ലഭിച്ചു. 1955-ല്‍ രണ്ടാം പൊതുതിരഞ്ഞെടുപ്പാവട്ടെ പഞ്ചാബില്‍ സഞ്ചരിച്ചാണ് റിപ്പോര്‍ട്ട് ചെയ്തത്.

പാകിസ്താനിലേക്ക് 
അപ്രതീക്ഷിതമായി പാകിസ്താനിലേക്ക് നിയോഗിക്കപ്പെട്ടത് രാമചന്ദ്രന് വലിയ അവസരവും വെല്ലുവിളിയുമായി. കറാച്ചി ആയിരുന്നു തലസ്ഥാനമെങ്കിലും ലാഹോറായിരുന്നു രാഷ്ട്രീയകേന്ദ്രം. വിഭജനത്തിന്റെയും കലാപങ്ങളുടെയും വൈരാഗ്യങ്ങളും അവിശ്വാസങ്ങളും നിലനില്‍ക്കെ ലാഹോറില്‍ പ്രവര്‍ത്തിക്കുക അനായാസമായിരുന്നില്ല. സദാ പൊലീസ് പിന്തുടര്‍ന്നു കൊണ്ടിരുന്നു. പത്രപ്രവര്‍ത്തകനാണോ ചാരനാണോ എന്നറിയില്ലല്ലോ. ഇന്ത്യക്കാരനുമായി ഇടപെടാന്‍ ആളുകള്‍ക്കും ഭയമായിരുന്നു. 

1958-ല്‍ പട്ടാളം പാകിസ്താന്‍ ഭരണം കയ്യടക്കിയതോടെ സ്ഥിതി ഒന്നു കൂടി മോശമായി. പട്ടാളവിപ്ലവവാര്‍ത്ത അവിടത്തെ  പത്രങ്ങളില്‍ വന്നിരുന്നുവെങ്കിലും വിദേശപത്രങ്ങള്‍ക്കു സമ്പൂര്‍ണ വിലക്കാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഒന്നും റിപ്പോര്‍ട്ട് ചെയ്തുകൂട. പാകിസ്താനില്‍ പട്ടാളവിപ്ലവം എന്ന ഒരു വരി മാത്രമാണ് റോയ്‌റ്റേഴ്‌സ് അയച്ച വാര്‍ത്തയില്‍ ഉണ്ടായിരുന്നത്. ലോകം അന്നു മറ്റൊന്നും അറിഞ്ഞില്ല. പി.ടി.ഐ ലേഖകനായ വി.പി.ആറിന് വാര്‍ത്ത അയക്കാനുള്ള ഒരു വഴിയും കണ്ടെത്താനായില്ല. ആലോചിച്ചപ്പോള്‍ ഒരു വഴി തോന്നി. പുലരും മുമ്പ് പത്രങ്ങള്‍ ഇറങ്ങും. പുലര്‍ച്ചെ പാകിസ്താന്‍ ടൈംസ് പത്രം വാങ്ങി എയര്‍ ഇന്ത്യ മാനേജരുടെ വീട്ടിലെത്തി അദ്ദേഹത്തെ വിളിച്ചുണര്‍ത്തി. പരിചയമുള്ള ആളാണ്. ഏഴു മണിക്കു വരുന്ന ഡല്‍ഹി വിമാനം ഏഴരയ്ക്കു മടങ്ങിപ്പോകാറുണ്ട്. പൈലറ്റ് വശം പത്രം കൊടുത്തയക്കണമെന്നും പി.ടി.ഐ ഓഫീസില്‍ എത്തിക്കണമെന്നും അദ്ദേഹത്തോട് അപേക്ഷിച്ചു. അപകടകരമായ ദൗത്യമാണ്. ജയിലിലാകും. സൗഹൃദത്തിന്റെ ബലം കൊണ്ടുമാത്രം മാനേജര്‍ ആ ദൗത്യം ഏറ്റു. വിമാനം പുറപ്പെട്ട ശേഷം മാത്രമേ അദ്ദേഹത്തിനു ശ്വാസം നേരെയായുള്ളൂ. പി.ടി.ഐയില്‍ എത്തിച്ച പത്രത്തിലെ ചൂടുള്ള വിവരങ്ങളാണ് പട്ടാളവിപ്ലവ വാര്‍ത്തയായി ലോകമെമ്പാടും എത്തിയത്. താന്‍ കൈകാര്യം ചെയ്ത വാര്‍ത്തകളില്‍ എക്കാലവും ഓര്‍ക്കുന്ന സ്‌കൂപ്പുകളില്‍ ഒന്നു ഇതാണ് എന്നു രാമചന്ദ്രന്‍ ആത്മകഥക്കെഴുതിയ ആമുഖത്തില്‍ പറയുന്നുണ്ട്. 

ലാഹോറിലെ പ്രവര്‍ത്തനകാലത്ത് വി.പി.ആറിനു വലിയ സഹായമായിരുന്ന ഒരു മലയാളിയുണ്ട്. രാഷ്ട്രീയ നേതാവായ ബി.എം.കുട്ടി. തിരൂരുകാരനായിരുന്ന അദ്ദേഹം പാക് പൗരത്വം നേടി അവിടെ തുടരുകയായിരുന്നു. ഒരു മലയാളി പത്രലേഖകന്‍ വന്നിട്ടുണ്ട് എന്നറിഞ്ഞ് അങ്ങോട്ടു ചെന്ന് പരിചയപ്പെടുകയായിരുന്നു അദ്ദേഹം. പിന്നെ അവര്‍ കുടുംബസുഹൃത്തുക്കളായി. ലാഹോറില്‍ ജോലി ചെയ്യുന്ന കാലത്താണ് വി.പി.ആര്‍ വിവാഹിതനായത്. കുറച്ചുകാലം ഭാര്യയെ അദ്ദേഹം ലാഹോറില്‍ കൊണ്ടുവന്നു. അവരും ബി.എം. കുട്ടിയുടെ ഭാര്യയും സുഹൃത്തുക്കളായി. ഓര്‍മക്കുറവു കൊണ്ടാവാം വി.പി.ആര്‍ ആത്മകഥയില്‍ ബി.എം. കുട്ടിയെക്കുറിച്ച് ഒന്നും എഴുതുകയുണ്ടായില്ല. പക്ഷേ, അദ്ദേഹവുമൊപ്പമുള്ള ഒരു ഫോട്ടോ ഉണ്ട്.  എന്നാല്‍, ന്നു അക്കാദമി ചെയര്‍മാനായിരുന്ന ഞാന്‍, ആത്മകഥയില്‍ ചേര്‍ക്കാന്‍ വി.ആറിനെക്കുറിച്ച് ഒരു ഓര്‍മക്കുറിപ്പ് അയച്ചുതരണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ ബി.എം. കുട്ടി വിസ്തരിച്ച കുറിപ്പ് അയച്ചുതന്നിരുന്നു. ബി.എം കുട്ടി 2019 ആഗസ്റ്റ് 24ന് അന്തരിച്ചു.


എന്തെന്തു ചരിത്രസംഭവങ്ങള്‍
1969-ലെ കോണ്‍ഗ്രസ് പിളര്‍പ്പ് ഓരോ ദിവസവും ആവേശപൂര്‍വം റിപ്പോര്‍ട്ട് ചെയ്തത് അവിസ്മരണീയമായ തൊഴിലനുഭവമായിരുന്നു. പാര്‍ട്ടിയിലെ രണ്ടു പക്ഷവും രാത്രി വൈകി എതിര്‍പക്ഷത്തേക്കു തൊടുത്തുവിട്ടിരുന്ന കത്തുകള്‍ കവര്‍ ചെയ്യാന്‍ എല്ലാവരും അര്‍ദ്ധരാത്രി വരെ കാത്തുനില്‍ക്കുമായിരുന്നു. എതിര്‍പക്ഷം അന്നുതന്നെ മറുപടി പറയാതിരിക്കാനാണ് രാത്രിയാക്കുന്നത്. ഒരു ദിവസം രാത്രി വൈകി രാമചന്ദ്രന്റെ കൈയില്‍മാത്രം കിട്ടിയ ഒരു കത്ത് ഏജന്‍സി വാര്‍ത്തയാക്കി. എക്‌സ്‌ക്ലൂസീവ് വാര്‍ത്ത. പക്ഷേ, എന്തോ കാരണത്താല്‍ അതു രാത്രി വൈകി ഇന്ദിരാഗാന്ധി പിന്‍വലിച്ചു. അതു ഏജന്‍സി അറിഞ്ഞില്ല. ഇല്ലാത്ത കത്തു റിപ്പോര്‍ട്ട് ചെയ്തത് വലിയ കോലാഹലമായതു വി.പി.ആര്‍ വിവരിക്കുന്നുണ്ട്. ഇന്ദിരാഗാന്ധി ഉള്‍പ്പെടെയുള്ള മുഴുവന്‍ സമുന്നത നേതാക്കന്മാരുമായും അടുത്ത ബന്ധം സ്ഥാപിക്കാന്‍ ഈ കാലത്തെ രാഷ്ട്രീയസംഭവങ്ങള്‍ വി.പി.ആറിനു സഹായകമായി.

പി.ടി.ഐയില്‍ ചില സഹപ്രവര്‍ത്തകരുടെയും ഉന്നതരുടെയും മോശമായ പെരുമാറ്റത്തില്‍ നിരാശനായിരുന്ന വി.പി.ആര്‍ അന്നു യു.എന്‍.ഐയുടെ തലവനായിരുന്ന പ്രമുഖ പത്രപ്രവര്‍ത്തകനായ കുല്‍ദിപ് നയ്യാരുടെ ക്ഷണം സ്വീകരിച്ച് യു.എന്‍.ഐയില്‍ ചേര്‍ന്നിരുന്നു. യു.എന്‍.ഐയും പി.ടി.ഐയും തമ്മില്‍ കടുത്ത മത്സരമായിരുന്നു. വാര്‍ത്ത ആദ്യം പത്രം ഓഫീസുകളില്‍ എത്തിക്കുന്നത് ആരെന്നതിലാണ് മത്സരം. നല്ല ജനപ്രിയ വാര്‍ത്തകള്‍ ആരു തരുന്നു എന്നതും പത്രങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ഇതില്‍ രണ്ടിലും കൂടുതല്‍ ശ്രദ്ധ ചെലുത്തിയതു മൂലമുണ്ടായ ചില ബുദ്ധിമുട്ടുകള്‍ വി.പി.ആര്‍ ഓര്‍ക്കുന്നുണ്ട്. ചില അബദ്ധവാര്‍ത്തകള്‍ കടന്നുകൂടി. ഇത് യു.എന്‍.ഐ.യുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി. മാതൃഭൂമി ഡസ്‌കില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് സീനിയര്‍ ആളുകള്‍ പറയുമായിരുന്നു-യു.എന്‍.ഐ ആദ്യം വാര്‍ത്ത തരും. പക്ഷേ, വിശ്വസിക്കേണ്ട. പി.ടി.ഐ കൂടി നോക്കിയിട്ടേ പ്രസിദ്ധപ്പെടുത്താവൂ എന്ന്.

കോണ്‍ഗ്രസ് പിളര്‍പ്പും ബംഗ്ലാദേശ് വിമോചനയുദ്ധവും ഇന്ദിരക്കെതിരായ അലഹബാദ് കോടതി വിധിയും അടിയന്തരാവസ്ഥാ പ്രഖ്യാപനവും ഉള്‍പ്പെടെ 1969-75 കാലത്തെ പ്രധാനസംഭവങ്ങളെല്ലാം വി.പി.ആര്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷേ, അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം സ്ഥലം മാറ്റപ്പെട്ടു. പ്രധാനമന്ത്രിയുടെ സ്റ്റാഫില്‍ പ്രമുഖനായിരുന്നു ആര്‍.കെ.ധവാന്‍. എന്തോ അപ്രീതി കാരണം അയാള്‍ വി.പി. ആറിനെ റാഞ്ചിക്കു സ്ഥലംമാറ്റിച്ചു. അതൊരു ക്ഷീണമായി. പക്ഷേ, അവിടെ വ്യവസായിക പ്രശ്‌നങ്ങളെക്കുറിച്ച് വളരെ ഗൗരവപൂര്‍വമായ റിപ്പോര്‍ട്ടിങ്ങ് നടത്തി. വി.പി.ആര്‍ ശരിക്കും അപ്പോഴേക്കു യു.എന്‍.ഐ യുടെ തലവന്‍ ആകേണ്ടിയിരുന്നതാണ്. പക്ഷേ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ രണ്ട് വാര്‍ത്താ ഏജന്‍സികളെയും ലയിപ്പിച്ച് സമാചാര്‍ എന്നൊരു ഏജന്‍സിക്കു രൂപം നല്‍കിയിരുന്നു.

1978-ല്‍ വി.പി.ആര്‍ മാതൃഭൂമിയിലെത്തി. വാര്‍ത്താ ഏജന്‍സികളില്‍ നിന്നു പത്രത്തിലെ ഉയര്‍ന്ന സ്ഥാനങ്ങളിലേക്കു അപൂര്‍വമായി ആരെങ്കിലും എത്താറുള്ളൂ. അന്നത്തെ മാതൃഭൂമി മാനേജിങ് ഡയറക്റ്റര്‍ കൃഷ്ണമോഹന്റെ ക്ഷണം സ്വീകരിച്ച് ആദ്യം എക്‌സിക്യൂട്ടീവ് എഡിറ്ററായാണ് വി.പി.ആര്‍ മാതൃഭൂമിയില്‍ ചേര്‍ന്നത്. മുന്നു മാസത്തിനു ശേഷം  കെ.പി.കേശവമേനോന്‍ അന്തരിച്ചപ്പോള്‍ വി.പി.ആര്‍ പത്രാധിപരായി. മാതൃഭൂമിയെ ആധുനീകരിക്കുന്നതിലും സ്വതന്ത്ര പ്രൊഫഷനല്‍ പത്രമാക്കുന്നതിലും വി.പി.ആര്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1983 ഒടുവിലാണ് മാതൃഭൂമി വിട്ടത്. തുടര്‍ന്നു തൃശ്ശൂര്‍ ഏക്‌സ്പ്രസ്സിലും തിരുവനന്തപുരം കേരളപത്രികയിലും കുറച്ചു കാലം പ്രവര്‍ത്തിച്ചെങ്കിലും കേരള പ്രസ് അക്കാദമിയായി തുടര്‍പ്രവര്‍ത്തനമേറെയും. നാലു വര്‍ഷം ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്ററായും ഏഴു വര്‍ഷത്തോളം അക്കാദമി ചെയര്‍മാനുമായും പ്രവര്‍ത്തിച്ചു. 95 പിന്നിട്ട വി.പി.ആര്‍ കാക്കനാട്ടെ വീട്ടിലാണ് താമസം.

കെ.പി.കൃഷ്ണനുണ്ണി
തുടക്കത്തില്‍ പറഞ്ഞിരുന്നതു പോലെ, തീര്‍ത്തും അപ്രശസ്തനായി ഒരു ജീവിതകാലം മുഴുവന്‍ നല്ല നിരവാരത്തിലുള്ള പത്രപ്രവര്‍ത്തനം നടത്തിയ ആളാണ് കെ.പി.കൃഷ്ണനുണ്ണി. വി.പി.ആറുമായുള്ള ഒരു സാദൃശ്യം അദ്ദേഹവും ഓര്‍മക്കുറിപ്പുകള്‍ രചിച്ചിരുന്നു എന്നതാണ്. Reporting memories എന്ന ആത്മകഥയില്‍ സ്വന്തം കാര്യമോ കുടുംബകാര്യങ്ങളോ ഒന്നും ഒട്ടും ഇല്ല.1957-ലെ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണവും വിമോചനസമരവും നേരിട്ടു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് അദ്ദേഹം. അങ്കമാലി വെടിവെപ്പ് നടന്ന വിവരം കിട്ടുകയും കൂടുതലൊന്നും അറിയാതിരിക്കുകയും ചെയ്തപ്പോള്‍ മുഖ്യമന്ത്രി ഇ.എം.എസ്സിനെ വിളിച്ചു ചോദിച്ചതും അദ്ദേഹം ഒരക്ഷരം മിണ്ടാതെ ഫോണ്‍ ശബ്ദത്തോടെ ക്രാഡലില്‍ ഇട്ടതും പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. രാത്രി വൈകി കൃഷ്ണനുണ്ണി ശേഖരിച്ചയച്ച വിവരങ്ങളാണ് ബി.ബി.സി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പി.ടി.ഐ യെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

വി.പി.ആറും കെ.പി.കൃഷ്ണനുണ്ണിയും ഒരുമിച്ച് നടത്തിയ ഒരു റിപ്പോര്‍ട്ടിങ്ങ് യാത്രയെക്കുറിച്ച് വി.പി.ആറിന്റെ ആത്മകഥയില്‍ ഒന്നും പറയുന്നില്ല. പ്രാധാന്യമുള്ള ഒരു യാത്ര തന്നെ ആയിരുന്നു അത്. ഉഗാണ്ടയുടെ കൊടുംക്രൂര ഏകാധിപതിയായിരുന്ന ഇദി അമീനെ ഇന്റര്‍വ്യൂ ചെയ്ത ആള്‍ എന്ന ഒരു ഖ്യാതി വി.പി.ആറിനെക്കുറിച്ച് ഞങ്ങള്‍ മാതൃഭൂമിയില്‍ കേട്ടിരുന്നതാണ്. ഈ യാത്രയെക്കുറിച്ചും ഇദി അമീന്‍ പ്രസംഗിച്ച ചടങ്ങില്‍ പങ്കെടുത്തതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ അറിയാന്‍ കൃഷ്ണനുണ്ണിയുടെ പുസ്തകം വായിക്കണം. 1975-ല്‍ അന്നത്തെ വിദേശകാര്യസഹമന്ത്രിക്കൊപ്പമാണ് രണ്ടു പത്രപ്രവര്‍ത്തകരും കംപാലയില്‍ എത്തുന്നത്. ഇദി അമീന്‍ പങ്കെടുത്ത ഒരു ചടങ്ങിനെക്കുറിച്ച് കൃഷ്ണനുണ്ണി പറയുന്നുണ്ടെങ്കിലും ചോദ്യങ്ങള്‍ ചോദിച്ചതായൊന്നും സൂചനയില്ല. ഇദി അമീനോട് ഇന്ത്യക്കാരെ ഉപദ്രവിക്കുന്നതിനെക്കുറിച്ച് മാത്രമാണ് ചോദിച്ചതെന്നും അദ്ദേഹമത് നിഷേധിച്ചതുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തില്ലെന്നുമാണ് ഒരിക്കല്‍ ഒരു സ്വകാര്യസംഭാഷണത്തില്‍ വി.പി.ആര്‍ ഈ ലേഖകനോട് പറഞ്ഞിരുന്നത്. പി.ടി.ഐ-യു.എന്‍.ഐ ലേഖകന്‍മാരായി റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നിരുന്ന കൃഷ്ണനുണ്ണിയും വി.പി.ആറും തിരിച്ചു പോകുമ്പോള്‍ സമാചാറിന്റെ ലേഖകന്മാരായിക്കഴിഞ്ഞിരുന്നു എന്നതാണ് ആ യാത്രയുടെ ഒരു തമാശ.

1942-ല്‍ കൊളമ്പോയില്‍ റോയ്‌റ്റേഴ്‌സ് ലേഖകന്‍ ആയാണ് കൃഷ്ണനുണ്ണി പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീട് പി.ടി.ഐ. ലേഖകനായി ഇന്ത്യയില്‍ തിരിച്ചെത്തി. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ആരോഹണവും തുടര്‍ന്നുള്ള വിമോചനസമരവും മന്ത്രിസഭയുടെ പിരിച്ചുവിടലുമെല്ലാം കൃഷ്ണനുണ്ണി കാര്യമാത്രപ്രസക്തമായ ഏതാനും കുറിപ്പുകളില്‍ വിവരിക്കുന്നുണ്ട്. പി.ടി.ഐയുടെ വാര്‍ത്താക്കുറിപ്പുകള്‍ പോലെ, അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പുകളിലും  അത്യാവശ്യ വിവരങ്ങള്‍, ഒട്ടും പൊടിപ്പും തൊങ്ങലുമില്ലാതെയാണ്  വിവരിച്ചിട്ടുള്ളത്. കഷ്ടിച്ച് നൂറു പേജേ വരൂ വിവരണം. നാല്പതു വര്‍ഷത്തിലേറെ നീണ്ടുനിന്നിരുന്നു അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനം. നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്, നിരവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുമുണ്ട്.

1984-ല്‍ പൊതു തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ കൃഷ്ണനുണ്ണി പാലക്കാട്ട് വന്നത് അന്നു അവിടെ മാതൃഭൂമിയുടെ ലേഖകനായിരുന്ന ഈ ലേഖകന്‍ ഓര്‍ക്കുന്നുണ്ട്. കെ.ആര്‍ നാരായണന്‍ ആദ്യമായി ഒറ്റപ്പാലത്തുനിന്നു ലോക്‌സഭയിലേക്കു മത്സരിച്ച തിരഞ്ഞെടുപ്പായിരുന്നു അത്. ഞങ്ങള്‍ ഒരുമിച്ച് പാലക്കാട്, ഒറ്റപ്പാലം മണ്ഡലങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. നീണ്ട കാലത്തെ പത്രപ്രവര്‍ത്തനപരിചയത്തിന്റെ യാതൊരു ജാഡയുമില്ലാതെയാണ് അദ്ദേഹം ഇടപെട്ടിരുന്നത്. ഏജന്‍സിയില്‍നിന്നു വിരമിച്ച ശേഷം ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ
പ്രത്യേക ചുമതല ഏറ്റെടുത്താണ് പാലക്കാട്ട് വന്നിരുന്നത്. 2010 ആഗസ്തില്‍ അന്തരിച്ചു. 

ഏജന്‍സികളുടെ സുവര്‍ണ്ണകാലം പിന്നിട്ടുവോ എന്നു സംശയിക്കാവുന്ന സാഹചര്യമാണ് ലോകമെങ്ങും ഉള്ളത്.  അന്താരാഷ്ട്ര സംഭവങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതാണ് വിശ്വാസ്യമെങ്കിലും പത്രങ്ങള്‍ക്ക് ഈ ഇന്റര്‍നെറ്റ് കാലത്ത് വാര്‍ത്ത കിട്ടാന്‍ ഏജന്‍സി വേണ്ട. ടെലിവിഷനുകളിലൂടെ വിവരമറിയാം, ഇന്റര്‍നെറ്റില്‍തപ്പി വിശദാംശങ്ങള്‍ കണ്ടെത്തുകയും ചെയ്യാം. ലോകത്തെ ഏതു പത്രവും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. പത്രങ്ങളുടെ വെബ്‌സൈറ്റുകള്‍ നോക്കിയാല്‍ വാര്‍ത്തയും ചിത്രവുമെല്ലാം കിട്ടും. വാര്‍ത്താ ഏജന്‍സികള്‍ ഇല്ലാതെയും പത്രമിറക്കാം എന്നര്‍ത്ഥം. പൊതുവെ പത്രങ്ങളുടെ തന്നെ ഭാവിയെക്കുറിച്ച് ഇപ്പോഴുള്ള ആശങ്ക പത്ര ഏജന്‍സികളുടെ ഭാവിയ്ക്കും ബാധകമാണല്ലോ.

(ലേഖകന്‍ മാതൃഭൂമി ഡപ്യൂട്ടി എഡിറ്ററും കേരള മീഡിയ അക്കാദമി ചെയര്‍മാനുമായിരുന്നു)
Earlier published in navalikam.com

Tuesday, 3 September 2019

പ്രസിഡന്റേ, ആ ഫയല്‍ ക്ലോസാക്കല്ലേ...

പ്രസിഡന്റേ, ആ ഫയല്‍ ക്ലോസാക്കല്ലേ...


ശശി തരൂര്‍ അയച്ച വിശദീകരണക്കത്ത് കെ.പി.സി.സി പ്രസിഡന്റ് ക്ലോസ് ആക്കിയതിനു സ്പീഡ് കൂടിപ്പോയി. അത്രയും ധൃതി വേണ്ടായിരുന്നു. കേസ് ഏതെന്നു അറിയാമല്ലോ. മോദിയെ സ്തുതിച്ചതിന്, അല്ലെങ്കില്‍ സ്തുതിച്ചതാണ് എന്നു ആളുകളെ തോന്നിപ്പിച്ചതിന്, അച്ചടക്കനടപടിയെടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നു ആവശ്യപ്പെട്ടതാണ് കേസ്. കോംപ്ലിക്കേറ്റഡ് കേസ്സാണ്. കപില്‍ സിബലും പി.ചിദംബരവും അഭിഷേക് സിങ്ങ് സംഘ്വിയും ഒന്നിച്ചു വരേണ്ടിവരും എന്തെങ്കിലും ഒരു തീര്‍പ്പുണ്ടാക്കാന്‍. അവരാണെങ്കില്‍ ഇതിലും വലിയ കേസ്സില്‍ കുടുങ്ങിക്കിടപ്പാണ്. ഉടനെയൊന്നും റിലീസാകുന്ന ലക്ഷണമില്ല.

കോണ്‍ഗ്രസ്സില്‍ അച്ചടക്കനടപടിയെടുത്ത് ആരെയെങ്കിലും പുറത്താക്കുക എളുപ്പമാണ്. അതിനു വിശദീകരണം ചോദിക്കേണ്ട കാര്യം പോലുമില്ല. പക്ഷേ, വകുപ്പും ന്യായവും നോക്കി നടപടിയെടുക്കലാവട്ടെ ശ്ശി പ്രയാസവുമാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്തുതിക്കുന്നത് അച്ചടക്കലംഘനമാണ് എന്നു ഏതെങ്കിലും പാര്‍ട്ടിയുടെ ഭരണഘടനയിലുണ്ടോ? സാധ്യതയില്ല. എന്തായാലും കോണ്‍ഗ്രസ് ഭരണഘടനയില്‍ അങ്ങനെയൊരു വകുപ്പില്ലെന്നുറപ്പാണ്. പിന്നെ എന്തിനാണ് മോദിയെ സ്തുതിച്ചത് കുറ്റമാണ് എന്ന മട്ടില്‍ മുല്ലപ്പള്ളി തരൂരിന് കടലാസ് കൊടുത്തത്?  തരൂരിന്റെ മറുപടിക്കത്ത് കിട്ടിയപ്പോള്‍ ഒരു പക്ഷേ അതു വേണ്ടിയിരുന്നില്ല എന്നു തോന്നിക്കാണണം. സംഗതി കൂടുതല്‍ വഷളാവും മുമ്പ് അദ്ധ്യായം അടച്ചുകളഞ്ഞതാവണം. പക്ഷേ, ഇതു അങ്ങനെയൊന്നും അടയാന്‍ പോകുന്ന കേസ്സല്ല കേട്ടോ.

ഫയല്‍ ക്ലോസ് ആക്കിയാല്‍ വേറെ ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ ഇടയുണ്ട്. തരൂര്‍ ഭയങ്കര പാര്‍ട്ടിവിരുദ്ധം പറഞ്ഞു എന്നു അലറിവിളിച്ച് ബഹളമുണ്ടാക്കിയവര്‍ ഈ നടപടിയില്‍ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്? മുരളീധരനാദികള്‍ എന്താണ് ധരിക്കേണ്ടത്? തരൂര്‍ പാര്‍ട്ടിവിരുദ്ധം പറഞ്ഞോ ഇല്ലയോ? പ്രധാനമന്ത്രിയെ പ്രശംസിക്കുന്നത് ശരിയോ തെറ്റോ? ഇനി ഒരു കോണ്‍ഗ്രസ് നേതാവിന് ലവലേശമൊന്ന് പ്രശംസിച്ചേ തീരൂ എന്ന് മുട്ടിപ്പോയാല്‍ അതിന് മുന്‍കൂര്‍ അനുമതി പ്രസിഡന്റ് തരുമോ അതല്ല ഹൈക്കമാന്‍ഡിന് എഴുതണമോ?

ശശി തരൂര്‍ മുല്ലപ്പള്ളിക്ക് അയച്ച കത്തിന്റെ  മറുപടി സൈബര്‍ തരംഗമായി പറപറക്കുന്നുണ്ട്. തലക്കകത്ത് ആള്‍പാര്‍പ്പുള്ളവരോട് വിശദീകരണം ചോദിക്കുംമുമ്പ് രണ്ടുവട്ടം ആലോചിച്ചേ തീരൂ എന്നാണ് ഇത് കോണ്‍ഗ്രസ്സിനെ പഠിപ്പിക്കുന്നത്. ലോകരാഷ്ട്രസഭയില്‍ വര്‍ത്തമാനം പറഞ്ഞു ശീലമുള്ള കക്ഷിയാണ് അബദ്ധത്തില്‍ ഇവിടെയെത്തിപ്പോയത്. ഇനി തിരിച്ചുപോകാനും നിവൃത്തിയില്ല. എം.പി പണിക്കിടയിലും ഘനഗംഭീര പുസ്തകങ്ങള്‍ എഴുതുന്നുമുണ്ട്. വില്പന ഉണ്ടോ എന്നറിയില്ല. ശശി തരൂര്‍ സഭയില്‍ എഴുനേറ്റുനിന്നാല്‍ മോദിപക്ഷക്കാര്‍ വാളെടുക്കും. എങ്കിലേ കക്ഷിയെ നേരിടാന്‍ പറ്റൂ. എന്നാല്‍, തരൂര്‍ വിമര്‍ശകര്‍ പലരും ലോക്‌സഭയില്‍ എഴുനേറ്റു നില്‍ക്കുന്നതുതന്നെ പണ്ടാരോ പറഞ്ഞതു പോലെ മുണ്ടൊന്നു മുറുക്കി ഉടുക്കുന്നതിനു മാത്രമാണ്.

സത്യത്തില്‍, ഈ വിഷയത്തില്‍ ഹൈക്കമാന്‍ഡാണ് വിധി പറയേണ്ടിയിരുന്നത്. ഇക്കാര്യത്തില്‍ ഒരു പൊതുനയം ഉണ്ടാകാന്‍ ഇതാവശ്യമാണ്. ആരെയെല്ലാം സ്തുതിക്കാം, എപ്പോഴെല്ലാം സ്തുതിക്കാം, എത്ര തവണ സ്തുതിക്കാം, മറുകണ്ടം ചാടാന്‍ വേണ്ടി അല്ലാതെ ചില്ലറ കാര്യസാദ്ധ്യത്തിനു സ്്തുതിക്കാമോ? മറുകണ്ടം ചാടുന്നതിനുള്ള മുന്നോടിയായുള്ള   സ്തുതിയെ എങ്ങനെ വേര്‍തിരിച്ചറിയാം എന്നിങ്ങനെയുള്ള കാര്യത്തില്‍ വ്യക്തമായ തീരുമാനം ഉണ്ടാകണം. വേണമെങ്കില്‍ മുല്ലപ്പള്ളി കണ്‍വീനറായി ഒരു നൂറംഗ അന്വേഷണക്കമ്മിറ്റി രൂപവല്‍ക്കരിക്കാം.

ഇനി അഥവാ മോദിഭരണത്തില്‍ എന്തെങ്കിലും നല്ല കാര്യം എന്നെങ്കിലും ഉണ്ടായാല്‍-ഉണ്ടാവാതിരിക്കട്ടെ- എന്തു പറയണം? തല പോയാലും സത്യം പറയാന്‍ പാടില്ല എന്ന നയം പാര്‍ട്ടി സ്വീകരിക്കണമോ?  ഇതെല്ലാം ഹൈക്കമാന്‍ഡ് വേണം കൂലങ്കഷമായി ചര്‍ച്ച ചെയ്തു തീരുമാനിക്കാന്‍. അതുകൊണ്ട്, തരൂര്‍ ഫയല്‍ ക്ലോസാക്കാതെ ഉടന്‍ കൊറിയര്‍ മാര്‍ഗം ഡല്‍ഹിക്കു വിടണം മുല്ലപ്പള്ളി സാറേ...                           


വാര്‍, നൊ പീസ്

സീതാറാം യച്ചൂരിയുടെ ശ്രീനഗര്‍ യാത്ര ഒരു ചരിത്രസംഭവം തന്നെ. ഒരു ഇന്ത്യന്‍ സംസ്ഥാനത്ത് പോകാന്‍ ഒരു രാഷ്ട്രീയ നേതാവ് പെട്ട പാട് കണ്ടപ്പോള്‍ ഇതിലും എളുപ്പം ചന്ദ്രയാന്റെ പിറകില്‍ തൂങ്ങി ചന്ദ്രനില്‍ പോകുകയാണ് എന്നു തോന്നിപ്പോകും. ഇന്ത്യാ ചരിത്രത്തില്‍ ഇതു വരെ ഏതെങ്കിലും പാര്‍ട്ടി നേതാവിന്, സ്വന്തംപാര്‍ട്ടിയിലെ മറ്റൊരു നേതാവിനെ കാണാന്‍ ഇത്രയും പെടാപ്പാട് പെടേണ്ടി വന്നിരുന്നുവോ എന്തോ...ഗിന്നസ് ബുക്കുകാരെ ഉടന്‍ വിവരമറിയിക്കണം.( അതു ചോദിച്ചിട്ടു മതി.രാജ്യദ്രോഹമാവുമോ എന്നറിയില്ല)

തോക്കേന്തിയ ഭീകരര്‍ ഒളിച്ചിരിക്കുന്ന ഗുഹയിലേക്ക് തോക്കില്ലാതെ  പോവുകയാണോ യച്ചൂരി എന്നു സംശയിച്ചുപ്പോകും പൊലീസ് പട്ടാളം പടയുടെ ഓട്ടം കണ്ടാല്‍. കടുപ്പമായിരുന്നു ശ്രീനഗര്‍ വിമാനത്താവളം മുതല്‍ യച്ചൂരിക്ക്് ഏര്‍പ്പെടുത്തിയ പൊലീസ് പാറാവ്. പത്രക്കാര്‍ക്കൊന്നും ഒപ്പം പോകാന്‍ അനുമതി ലഭിച്ചില്ല. യച്ചൂരിക്ക് കാണാം, മടങ്ങാം. അത്രമാത്രം.

പോകും മുമ്പ് തന്നെ ജഡ്ജ് യച്ചൂരിക്കു മുന്നറിയിപ്പ് നല്‍കിയതായി വാര്‍ത്ത ഉണ്ടായിരുന്നു. തരിഗാമിയെ കാണുകയല്ലാതെ മറ്റൊന്നും ചെയ്യരുത്. തീര്‍ച്ചയായും അതു നന്നായി. യച്ചൂരി ചില്ലറക്കാരനൊന്നുമല്ല. അങ്ങേര്, പത്രസമ്മേളനം നടത്തി മോദിയെ വിമര്‍ശിക്കുകയോ പ്രതിഷേധ പ്രകടനം നടത്തിക്കളയുകയോ കുത്തിയിരിപ്പുനടത്തി അറസ്റ്റ് വരിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ഇന്ത്യയുടെ സ്ഥിതി!  ലോകത്തിനു മുന്‍പില്‍ ഈ ജനാധിപത്യരാജ്യം നാണം കെട്ടുപോകുമായിരുന്നില്ലേ?
                 

വാര്‍ ആന്‍ഡ് പീസ്

ടോള്‍സ്റ്റോയിയുടെ  നോവല്‍ 'വാര്‍ ആന്‍ഡ് പീസ്' (യുദ്ധവും സമാധാനവും)വീട്ടില്‍ സൂക്ഷിച്ചത് എന്തിനാണെന്ന് വിശദീകരിക്കണമെന്ന് ഭീമാ കോറേഗാവ് കേസ്സിലെ പ്രതി സാമൂഹിക പ്രവര്‍ത്തകന്‍ വെര്‍ണന്‍ ഗോണ്‍സാാല്‍വസ്സിനോട് ബോംബെ ഹൈക്കോടതി ചോദിച്ചതായി ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ശുദ്ധ വ്യാജവാര്‍ത്ത ആയിരുന്നുവത്രെ. അങ്ങനെ യാതൊന്നും സംഭവിച്ചിട്ടില്ല.
സംഭവിച്ചത് ഇതാണ്.

ഏതോ ഒരു ബിശ്വജിത് റോയ് എഴുതിയ 'വാര്‍ ആന്റ് പീസ് ഇന്‍ ജംഗ്ള്‍മഹള്‍:പീപ്പ്ള്‍ സ്റ്റേറ്റ് ആന്റ് മാവോയിസ്റ്റ്‌സ്' എന്നു പുസ്തകം ഒരു കാരണവുമില്ലാതെ ആ വിദ്വാന്‍ വാങ്ങി വീട്ടില്‍ സൂക്ഷിച്ചതാണ് പ്രശ്‌നം. ആ പുസ്തകം നിരോധിച്ചിട്ടൊന്നുമില്ലെന്നതാണ് ഇതിനു അദ്ദേഹം കണ്ട ന്യായം. നിരോധിക്കേണ്ട പുസ്തകവും ഉണ്ട് നിരോധിക്കപ്പെടേണ്ട പുസ്തകവും ഉണ്ട്. രണ്ടും ഒരു പോലെ വര്‍ജിക്കണം. അതു തിരിച്ചറിയാന്‍ വകതിരിവു വേണം.

സംഭവം ശരിയാണ്. പക്ഷേ, ജസ്റ്റിസ് തെറ്റിദ്ധരിച്ചതു  അതു മറ്റേതോ രാജ്യത്തിലെ യുദ്ധത്തെക്കുറിച്ചാണെന്നായിരുന്നു. അതല്ല, ഇന്ത്യയില്‍ മാവോയിസ്റ്റ് പ്രശ്‌നമുള്ള പ്രദേശങ്ങളെക്കുറിച്ചാണ് പുസ്തകം. തയ്യാറാക്കിയത് ഒരു മാധ്യമപ്രവര്‍ത്തകനുമാണ്. എന്തുകൊണ്ടാണ് സമാധാനശ്രമങ്ങള്‍ വിജയിക്കാത്തത് എന്നതു സംബന്ധിച്ച് സാമൂഹ്യപ്രവര്‍ത്തകരും ആക്റ്റിവസ്റ്റുകളും മറ്റും എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണത്രെ അത്.

എന്തൊക്കെയായാലും കഠിനം തന്നെ. യുദ്ധം, കൊലപാതകം,വാഴക്കുലപാതകം,വിപ്ലവം, ഘാതകന്‍, ആരാച്ചാര്‍, വെട്ടുകത്തി തുടങ്ങിയ പേരുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്നവരും വാങ്ങുന്നവരും സൂക്ഷിച്ചേ പറ്റൂ. അക്രമവാസന വളര്‍ത്താന്‍ പാടുണ്ടോ നമ്മള്? ഇതൊക്കെ എഴുതിയിട്ടു രക്ഷപ്പെട്ടു കളയാമെന്ന് എഴുത്തുകാരും  വിചാരിക്കേണ്ട. കുടുങ്ങും...

മുനവാക്ക്
 കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണം ഇനിയും വൈകിക്കൂ
ട: ഡി.രാജ, സി.പി.ഐ സിക്രട്ടറി
* ധൃതിപ്പെടേണ്ട. ഒരംഗം പോലും ഇരുപാര്‍ട്ടികള്‍ക്കും ഒരു സഭയിലും ഇല്ലാത്ത അവസ്ഥ ഉണ്ടായ ശേഷംമതി അതിനെക്കുറിച്ച് ആലോചിക്കാന്‍. അതിനെന്തായാലും പത്തു വര്‍ഷമെങ്കിലുമെടുക്കും.