സ്വതന്ത്രവും പ്രബലവുമായ മാധ്യമസംവിധാനം വേണ്ട


സ്വതന്ത്രവും പ്രബലവുമായ മാധ്യമസംവിധാനം വേണ്ട


ഡെഡ്എന്‍ഡ്
എന്‍.പി രാജേന്ദ്രന്‍

വാജ്‌പേയ് കാലം മുതല്‍ ബി.ജെ.പി കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു പത്രപ്രവര്‍ത്തകയാണ് സാബ നഖ്‌വി. ഈയിടെ കോഴിക്കോട്ട് മാധ്യമവിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സംഘടിപ്പിച്ച ഒരു ചര്‍ച്ചാസമ്മേളനത്തില്‍ ചോദ്യോത്തരങ്ങള്‍ക്കിടയില്‍ ആരോ അവരോടു ചോദിച്ചു- ബി.ജെ.പി യിലെ വാജ്‌പേയ് കാലവും മോദി കാലവും തമ്മില്‍ വല്ല വ്യത്യാസമുണ്ടോ? ചെറിയ വ്യത്യാസമൊന്നുമല്ല ഉള്ളത് എന്നവര്‍ വിവരിച്ചു. വാജ്‌പേയ് കാലത്ത് പത്രപ്രവര്‍ത്തകരെ, വിമര്‍ശിക്കുന്ന പത്രപ്രവര്‍ത്തകരെപ്പോലും ഒട്ടും അകറ്റി നിര്‍ത്തിയിരുന്നില്ല. ഒരു മുസ്ലിം പത്രപ്രവര്‍ത്തകയാണ് എന്ന പ്രത്യേക പരിഗണന പോലും വാജ്‌പേയ് കാലത്ത് പാര്‍ട്ടി നേതാക്കളില്‍നിന്നു ലഭിച്ചിരുന്നു. സൗഹാര്‍ദ്ദത്തോടെയല്ലാതെ ആരും പെരുമാറാറില്ല. പാര്‍ട്ടിയുടെ മാത്രമല്ല, കേന്ദ്രസര്‍ക്കാറിന്റെയും ഓഫീസുകളില്‍ വിവരങ്ങള്‍ നല്‍കുന്നതിനും ചോദ്യങ്ങള്‍ ചോദിക്കുന്നതിനും എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും സ്വാതന്ത്ര്യം ലഭിച്ചിരുന്നു. എന്നാല്‍, നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനു ശേഷം എല്ലാം ഓരോന്നായി അവസാനിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ എന്നൊരു കൂട്ടരുടെ ആവശ്യമേ ഇല്ല എന്ന മട്ടിലായി ഇപ്പോഴത്തെ സമീപനം. പലേടത്തും കേറാന്‍പോലും അനുവാദമില്ല. സബ നഖ്‌വി അവരുടെ ഷെയ്ഡ്‌സ് ഒഫ് സാഫ്രണ്‍-ഫ്രം വാജ്‌പേയ് ടു മോദി എന്ന പുസ്തകത്തില്‍ ഇക്കാര്യം വിശദമായി പ്രതിപാദിക്കുന്നുണ്ട്. 

ഇതൊരു പെരുമാറ്റത്തിന്റെ മാത്രം പ്രശ്‌നമല്ല എന്നു ഇന്ന് എല്ലാവര്‍ക്കും അറിയാം. 2014-ല്‍ ഭരണമേറ്റ ശേഷം നരേന്ദ്ര മോദി ആദ്യം ചെയ്ത കാര്യം വിദേശപര്യടനങ്ങളില്‍ ഒപ്പം മാധ്യമലേഖകരെ കൊണ്ടുപോകുന്ന സമ്പ്രദായം നിറുത്തുകയാണ്. അന്നു മുതല്‍ വേറെയും സിഗ്നലുകള്‍ തുടര്‍ച്ചയായി അദ്ദേഹം നല്‍കുന്നുണ്ടായിരുന്നു. ഒരു പത്രസമ്മേളനം പോലും നടത്താതെ പ്രധാനമന്ത്രിക്കു ഭരിക്കാം എന്നു അദ്ദേഹം തെളിയിച്ചു. എല്ലാ ആശയവിനിമയവും മോദിക്കു വണ്‍വെ ട്രാഫിക് ആണ്. തിരിച്ചാരും ഒന്നും ചോദിക്കരുത്, പറയരുത്.  അഞ്ചുവര്‍ഷത്തിനു ശേഷമുള്ള തിരിച്ചുവരവോടെ ഇനി മാധ്യമങ്ങളുടെ ആവശ്യമേ ഇല്ല എന്ന സന്ദേശമാണ് നല്‍കുന്നത്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം 1975-ല്‍ രാജ്യത്താകെ പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരുന്നു. പക്ഷേ, ഗവണ്മെന്റിന്റെ നടപടിയില്‍ ജനങ്ങള്‍ക്കു തീവ്രമായ എതിര്‍പ്പുണ്ടാകുമെന്ന മുന്‍ധാരണയോടെ രാജ്യത്തൊരിടത്തും ആരും റോഡിലിറങ്ങുന്നതിനു നിരോധനം പ്രഖ്യാപിച്ചിട്ടില്ല. ഡല്‍ഹിയിലെ ഒരു തെരുവില്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചതായി ആക്ഷേപമുണ്ടായിരുന്നു, പക്ഷേ, ഒരിടത്തും ഒരു പത്രവും പ്രസിദ്ധീകരിക്കരുത് എന്നുറപ്പാക്കാന്‍ ശ്രമിച്ചിട്ടില്ല. പത്രറിപ്പോര്‍ട്ടര്‍മാര്‍ക്ക് റോഡിലിറങ്ങാന്‍ പറ്റാത്ത നില ഉണ്ടാക്കിയിട്ടില്ല. ജമ്മു കാശ്്മീരില്‍ ഇതെല്ലാം ചെയ്തു. ഇനി എന്തെല്ലാം ചെയ്യും എന്നു കാണാനിരിക്കുന്നേ ഉള്ളൂ.

ഒരു റിപ്പോര്‍ട്ടറെ പൊലീസ് കസ്റ്റഡിയിലെടുക്കുകയെങ്കിലും ചെയ്താല്‍ ഉയര്‍ന്നുവരാറുള്ള ബഹുജന പ്രതിഷേധത്തിന്റെ പല അനുഭവങ്ങള്‍ രാജ്യം പലവട്ടം കണ്ടതാണ്. ജനനേതാക്കളെ മുഴുവന്‍ ജയിലിലോ വീട്ടിലോ തടവിലാക്കുക, ഗതാഗതം തടയുക, കടകമ്പോളങ്ങള്‍ അടച്ചിടുക, ആസ്പത്രിയില്‍ പോകാന്‍ പോലും അനുവദിക്കാതിരിക്കുക....ഇതില്‍ ചിലതെല്ലാം ഇന്ത്യയില്‍ മുമ്പും ചെയ്തിട്ടുണ്ട്. പക്ഷേ, ഒരേ സമയം ഒരിടത്തുതന്നെ എല്ലാം ചെയ്്തിട്ടില്ല. ഒരു വലിയ അക്രമാസക്ത പ്രതിഷേധത്തെ നേരിടാനായിരുന്നു എന്ന ന്യായമെങ്കിലും പറഞ്ഞുകൊണ്ടായിരുന്നു പലരും പലതും ചെയ്യാറുള്ളത്. കശ്മീരില്‍ എല്ലാം ശാന്തമായിരുന്നു. തങ്ങള്‍ ചെയ്യാന്‍പോകുന്ന കാര്യം കശ്മീര്‍ ജനതയെ ഭ്രാന്തു പിടിപ്പിക്കുമെന്നും അവര്‍ നാടിനു തീക്കൊളുത്തുമെന്നും ഭരണകൂടം ഭയന്നിരുന്നു എന്നു വ്യക്തം. ആരെയും റോഡിലിറങ്ങാന്‍ സമ്മതിക്കാത്തതുകൊണ്ട് എങ്ങും നിശ്ശബ്ദമാണ്. കശ്മീര്‍ ശാന്തം എന്നു റിപ്പോര്‍ട്ടു ചെയ്യാന്‍ ന്യൂഡല്‍ഹിയില്‍നിന്നു ചാനല്‍ ലേഖകരെ കൊണ്ടുവന്നിരുന്നു. പൂര്‍ണവിജനതയും ശ്മശാനമൂകതയും ശാന്തത തന്നെ.

ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാപ്രഖ്യാപനം ഇന്ദിരാഗാന്ധിയുടെ മാത്രം സൃഷ്ടിയായിരുന്നു എന്ന് അക്കാലത്തെ രാഷ്ട്രീയം ശ്രദ്ധിച്ചിട്ടുള്ളവര്‍ക്ക് അറിയും. അങ്ങനെയൊരു നടപടിക്കു വഴങ്ങാനുള്ള മാനസികാവസ്ഥയിലേക്ക് രാജ്യത്തെ പരുവപ്പെടുത്തിയിരുന്നില്ല. ഇന്ദിര ചെയ്തതിനെ, ദുര്‍ബലരും ഭീരുക്കളുമായ പാര്‍ട്ടി നേതാക്കള്‍ പിന്താങ്ങുകയും പാടിപ്പുകഴ്ത്തുകയും ചെയ്തു എന്നേ ഉള്ളൂ. ഇന്ന് അതല്ല അവസ്ഥ. അഞ്ചു വര്‍ഷമായി രാജ്യത്തിന്റെ രാഷ്ട്രീയ കാലാവസ്ഥതന്നെ സംഘപരിവാര്‍ ലക്ഷ്യങ്ങള്‍ക്കു വേണ്ടി രൂപപ്പെടുത്തി വരികയായിരുന്നു. മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ എതിര്‍ശബ്ദങ്ങളും ഇല്ലതാക്കാന്‍ അടിയന്തരാവസ്ഥയില്ലാതെ തന്നെ സാധിക്കും എന്നു തെളിഞ്ഞിരിക്കുന്നു. ദേശീയ മാധ്യമങ്ങള്‍ നിശ്ശബ്ദമാണ്്. രണ്ടു വാളുകള്‍ ഓങ്ങിയാണ് ഇതു സാധിച്ചെടുത്തത്.

ഒന്നു, പരസ്യനിഷേധം- പരസ്യവരുമാനം ഇല്ലാതെ ഒരു പ്രസിദ്ധീകരണത്തിനും പ്രവര്‍ത്തിക്കാനാവില്ല. സര്‍ക്കാറിന്റെ പരസ്യം വേണം. ടൈംസ് ഒഫ് ഇന്ത്യക്കു പോലും വരുമാനത്തിന്റെ 15 ശതമാനത്തോളം കേന്ദ്രസര്‍ക്കാറിന്റെ പരസ്യങ്ങളില്‍നിന്നാണ് എന്നറിയുന്നു. മോദി കാലത്തു വിവേചനപൂര്‍വമാണ് പരസ്യം നല്‍കല്‍. അനുകൂലപത്രങ്ങള്‍ക്കു കൂടുതലും എതിരാളിപ്പത്രങ്ങള്‍ക്കു കുറച്ചും കൊടുക്കുന്നതുപോലും മനസ്സിലാക്കാം. ഇവിടെ, അതിലപ്പുറമാണ് സംഭവിക്കുന്നത്. എതിരാളികള്‍ക്കു പരസ്യമില്ല. സര്‍ക്കാര്‍ മുഖപത്രമായി പ്രവര്‍ത്തിച്ചു ശീലമില്ലാത്ത ദ് ഹിന്ദു, ദ് ടെലഗ്രാഫ്, ആനന്ദബസാര്‍ പത്രിക തുടങ്ങിയവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പരസ്യം നിഷേധിധിച്ചിരിക്കുന്നു. പാര്‍ലമെന്റില്‍ല്‍ ആക്ഷേപമുയര്‍ന്നു. മറുപടിയൊന്നും ഉണ്ടായില്ല. പരസ്യം നിഷേധിക്കുന്നത് മന്ത്രി ഒപ്പുവച്ച ഉത്തരവിറക്കിയല്ലല്ലോ. സര്‍ക്കാറിനെ എപ്പോഴും വിമര്‍ശിക്കുന്നവര്‍ക്ക് എന്തിന് എപ്പോഴും പരസ്യം കൊടുക്കണം എന്ന ചോദ്യമാണ് അവര്‍ തിരിച്ചു ചോദിക്കുക. ന്യായം തന്നെ!  കശ്മീറിലെ പല പത്രങ്ങള്‍ക്കും പൊതുതിരഞ്ഞെടുപ്പിനു മുന്‍പുതന്നെ സര്‍ക്കാര്‍ പരസ്യം നിഷേധിച്ചിരുന്നു.

രണ്ടാമത്തെ വാളും പുതുമയുള്ള ഒന്നാണ്. മാനനഷ്ടക്കേസ് ആണ് ഇപ്പോള്‍ വ്യാപകമാവുന്ന ആ മാധ്യമധ്വംസക നടപടി. മാനനഷ്ടക്കേസ് പുതിയ കാര്യമല്ല. പക്ഷേ, ഇപ്പോള്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുക എന്നതു തന്നെയാണ് ശിക്ഷ. അഞ്ചും പത്തുമല്ല, നൂറും ആയിരവും കോടി രൂപയാണ് നഷ്ടപരിഹാരം ചോദിക്കുക. എത്ര നഷ്ടപരിഹാരം വിധിക്കാം എന്നതിനു എന്തെങ്കിലും തത്വമോ നിയമമോ ഇല്ല. ഒരു ജഡ്ജിയുടെ ഫോട്ടോ ഒരു ചാനലില്‍ ഏതാനും സെക്കന്‍ഡ് സമയം മാറിപ്പോയതിന്റെ പേരില്‍ 100 കോടി രൂപ നഷ്ടപരിഹാരം വിധിച്ച കോടതി ഉള്ള നാട്ടില്‍ എന്താണ് വിധിച്ചുകൂടാത്തത്! രാജ്യത്തിന്റെ നാനാഭാഗങ്ങളിലെ കോടതികളില്‍ ഫയല്‍ ചെയ്യപ്പെടുന്ന കേസ്സുകള്‍ക്കു പിറകെ പായേണ്ടി വരുന്ന പത്രാധിപര്‍ക്കും റിപ്പോര്‍ട്ടര്‍ക്കും പത്രപ്രവര്‍ത്തനം നടത്താനാവില്ല.  ദ് ഹിന്ദുവിന്റെ മുന്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ ഇതിന്റെ മാനനഷ്ടവ്യവഹാരത്തിന്റെ ഹിംസാത്മകമായ വശം വിശദീകരിക്കുന്നുണ്ട്.

ദ് ഹിന്ദു വിട്ട ശേഷം അദ്ദേഹം ദ് വയര്‍ എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററാണ്. വര്‍ഷത്തില്‍ ഏഴു കോടി രൂപയാണ് അതിന്റെ ആകെ വാര്‍ഷിക ബജറ്റ്്്. ഈ സ്ഥാപനത്തിനെതിരെ ഇപ്പോള്‍ വിചാരണയിലിരിക്കുന്ന മാനനഷ്ടക്കേസ്സുകളില്‍ ആകെ ആവശ്യപ്പെട്ട നഷ്ടപരിഹാരത്തുക പതിനൊന്നായിരം കോടി രൂപ വരും! ആരൊക്കെയാണ് കേസ്സുകള്‍ ഫയല്‍ ചെയ്തിട്ടുള്ളതെന്നോ...ഗൗതം അദ്വാനി, അനില്‍ അംബാനി(അദ്ദേഹം പിന്നീട് കേസ് പിന്‍വലിച്ചു), സുഭാഷ് ചന്ദ്ര, രാജീവ് ചന്ദ്രശേഖര്‍ എം.പി, ശ്രീ ശ്രീ രവിശങ്കര്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മകന്‍ ജയ് അമിത് ഷാ. തീര്‍ച്ചയായും കേസ് കൊടുക്കാനും ആഗ്രഹിക്കുന്ന വലിയ തുക നഷ്ടപരിഹാരം ചോദിക്കാനും അവര്‍ക്ക് അവകാശമുണ്ട്. പക്ഷേ, മാനനഷ്ടക്കേസ് വിചാരണ തന്നെ ശിക്ഷയായി മാറുന്ന അവസ്ഥ മാധ്യമപ്രവര്‍ത്തനത്തെ തകര്‍ക്കും.അതു തന്നെയാണ് ഈ കേസ്സുകളിലെ പരാതിക്കാര്‍ എല്ലാം ആഗ്രഹിക്കുന്നത്. തങ്ങള്‍ എന്തു ചെയ്താലും ഇനി ആരും തങ്ങള്‍ക്കെതിരെ ഒന്നും എഴുതരുത്.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ശക്തി പ്രാപിക്കുന്ന കാലമാണ് ഇത്. പലതിനും വിദേശത്തുള്ള സ്വതന്ത്ര എന്‍.ജി.ഒ കളുടെ പിന്തുണയുണ്ട്. ഇത്തരം ധനസഹായങ്ങള്‍ നിര്‍ത്തലാക്കിക്കാനും  ഓണ്‍ലൈന്‍ മാധ്യമങ്ങളെ വട്ടംകറക്കാന്‍ സര്‍ക്കാറിനു കഴിയും. സര്‍ക്കാറിനെ വിമര്‍ശിക്കുന്ന പല സ്ഥാപനങ്ങളുടെയും കഴുത്തില്‍ കുരുക്കു വീണുകഴിഞ്ഞു.

ഇതിനൊക്കെ അപ്പുറത്ത്, ചാനലുകളുടെ വാര്‍ത്താ ഉള്ളടക്കം സൂക്ഷ്മമായി നിരീക്ഷിക്കാനും അവ തങ്ങളുടെ താല്പര്യത്തിനെതിരെങ്കില്‍ നേരിടാനും കേന്ദ്രത്തില്‍ സംവിധാനമുണ്ട്. 200ല്‍ ഏറെ ജീവനക്കാരെ ഇതിനായി നിയോഗിച്ചിട്ടുണ്ടത്രെ. എബിപി ചാനലിന്റെ പ്രമുഖ അവതാരകനായിരുന്നു പുണ്യ പ്രസുന്‍ ബാജ്‌പെയ് സ്വന്തം അനുഭവത്തില്‍ നിന്നു മനസ്സിലാക്കിയ ഇക്കാര്യം പരസ്യപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയെക്കുറിച്ച് വിമര്‍ശനപരമായി ഒന്നും പറയരുത് എന്ന തന്റെ ചീഫ് എഡിറ്റര്‍ തന്നോടാവശ്യപ്പെട്ടതായി അദ്ദേഹം എഴുതി. ഒടുവില്‍ ബാജ്‌പേയിക്കു രാജി വച്ചിറങ്ങേണ്ടി വന്നു.

ഇതിനെല്ലാം അപ്പുറമാണ് രാജ്യവ്യാപകമായി വിമര്‍ശകര്‍ക്കെതിരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍. രാമചന്ദ്രഗുഹ മുതല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വരെയുള്ള പ്രമുഖരുടെ അനുഭവങ്ങള്‍ എല്ലാവര്‍ക്കും അറിയാം. പ്രമുഖരല്ലാത്ത അനേകം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതിലേറെ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. തെരുവിലല്ല,  സാമൂഹ്യ(വിരുദ്ധ) മാധ്യമങ്ങളിലാണ് ഇതധികവും നടക്കാറുള്ളത് എന്നതു മാത്രമാണ് സമാധാനം.

പ്രതിസന്ധി നേരിടുന്ന ഒരു വ്യവസായമാണ് പത്രം. പാശ്ചാത്യനാടുകളില്‍ അച്ചടിപ്പത്രം അസ്തമിക്കുക തന്നെയാണ്. ആളുകള്‍ ഡിജിറ്റല്‍ മാധ്യമങ്ങളിലേക്കു നീങ്ങുന്നു. ഇന്ത്യയിലും ഈ പ്രതിഭാസം പ്രകടമാവുന്നുണ്ട്. ഭരണഘടനപരമായ സംരക്ഷണം ഇല്ലെങ്കിലും ഭരണപരമായ സംരക്ഷണം പത്രമാധ്യമത്തിനു നല്‍കണം എന്നബോധ്യം മുന്‍സര്‍ക്കാറുകള്‍ നികുതി ചുമത്തുമ്പോള്‍ മനസ്സില്‍ വെക്കാറുണ്ട്. ന്യൂസ് പ്രിന്റ് ഇറക്കുമതിക്ക്  വലിയ തോതില്‍ നികുതി ഏര്‍പ്പെടുത്താതിരുന്നത് ഇക്കാരണത്താലാണ്. ഇന്ത്യന്‍ ന്യൂസ്പ്രിന്റ് ഉല്പാദകര്‍ ഈ ആവശ്യമുന്നയിച്ച് വലിയ സമ്മര്‍ദ്ദം ചെലുത്താറുണ്ടെങ്കിലും മാധ്യമതാല്പര്യമാണ് സംരക്ഷിക്കപ്പെടാറുള്ളത്. രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യബജറ്റില്‍തന്നെ മാധ്യമങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന ഇറക്കുമതി നികുതി ചുമത്തിക്കഴിഞ്ഞു.

കേ്്രന്ദസര്‍ക്കാറിന്റെ ദയാദാക്ഷിണ്യത്തിനു നിന്നുകൊടുക്കുന്നതാവണം മാധ്യമങ്ങള്‍ എന്നു കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നു. നല്ല അനുസരണം ഉണ്ടാവണം. എങ്കില്‍ സര്‍ക്കാറിന് അതൊരു ബുദ്ധിമുട്ടാവില്ല. എല്ലാറ്റിന്റെയും ലക്ഷ്യം ഇതുമാത്രം-സ്വതന്ത്രവും പ്രബലവുമായ മാധ്യമസംവിധാനം വേണ്ട. ഭരണാധികാരികള്‍ക്ക് ജനങ്ങളിലെത്താന്‍ ട്വിറ്ററും വാട്‌സ് ആപ്പും തട്ടുപൊളിപ്പന്‍ പ്രസംഗങ്ങളുടെ ചാനല്‍ ലൈവുകളും മതി. വിമര്‍ശനവും ഉപദേശവും വേണ്ട. പിന്നെ, മാധ്യമസ്വാതന്ത്ര്യം സംബന്ധിച്ച റിപ്പോര്‍ട്ടര്‍ സാന്‍സ് ബോര്‍ഡേഴ്‌സിന്റെ വാര്‍ഷികറിപ്പോര്‍ട്ടിലെ ഇന്ത്യയുടെ റാങ്ക് അഞ്ചോ പത്തോ കുറയുമായിരിക്കും. ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍ പോലും ഇന്ത്യയ്ക്കു മുകളിലാണ്. ഇനി ഉത്തരകൊറിയയും മുകളിലെത്തുമായിരിക്കും. ആര്‍ക്കുണ്ട് ചേതം!
(Published in Padabhedam monthly -2019 Sep. issue


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി