Wednesday, 30 October 2019

'പ്രസന്റ് സര്‍, വി ടി ഭട്ടതിരിപ്പാട് ഇവിടെയുണ്ട് '

https://www.facebook.com/photo.php?fbid=2624055844317287&set=a.301525849903643&type=3&theater&notif_t=feedback_reaction_generic_tagged&notif_id=1572352966569458


സൈലന്‍സ് പ്രസിദ്ധീകരിച്ച ' പ്രസന്റ് സര്‍, വി ടി ഭട്ടതിരിപ്പാട് ഇവിടെയുണ്ട് ' സാറ ജോസഫ് എന്‍.പി രാജേന്ദ്രന് നല്‍കി പ്രകാശനം ചെയ്തു. സിവിക് ചന്ദ്രന്‍ എഡിറ്റ് ചെയ്തതാണ് കൃതി. സിവിക് ചന്ദ്രന്‍, കന്നട എഴുത്തുകാരനായ പ്രസന്ന എന്നിവര്‍ സമീപം. കോഴിക്കോട് മൂലാക്കം വേദിയിലാണ് ചടങ്ങ് നടന്നത്.

.

Tuesday, 29 October 2019

കുമ്മനം ശ്രീധരന്‍പിള്ള!


കുമ്മനം ശ്രീധരന്‍പിള്ള!

പി.എസ് ശ്രീധരന്‍പിള്ളയും കുമ്മനം രാജശേഖരനായി എന്ന് ചുരുക്കത്തില്‍ പറയാം. ഉപതിരഞ്ഞെടുപ്പുകളുടെ ഫലം വന്ന ഉടന്‍ വരമ്പത്ത് കൂലി കൊടുത്തു. അകത്തുള്ളവര്‍ക്കായാലും പുറത്തുള്ളവര്‍ക്കായാലും വരമ്പത്ത് കൂലി കൊടുക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. ചീത്തപ്പേരൊന്നുമില്ലാതെ അടങ്ങിയൊതുങ്ങി പ്രവര്‍ത്തിച്ചു പോന്നിരുന്ന കുമ്മനത്തെ പിടിച്ച് സംസ്്ഥാന ബി.ജെ.പി അദ്ധ്യക്ഷനാക്കിയത് എന്തിന് എന്ന് കുമ്മനത്തിനും തിരിഞ്ഞിട്ടില്ല, ശേഷം ബി.ജെ.പി ക്കാര്‍ക്കും തിരിഞ്ഞിട്ടില്ല. ബി.ജെ.പിയിലും സി.പി.എമ്മിലും ഇക്കാര്യത്തില്‍ എതിരു പറയാന്‍ പറ്റില്ല. മേലോട്ടു അടിച്ചു കയറ്റിയാലും ശരി, താഴോട്ട് ചവിട്ടിയിട്ടാലും ശരി വിഡ്ഢിച്ചിരി ചിരിച്ച്്്് പൊടി തട്ടി എഴുന്നേറ്റു പോകാനേ പാടുള്ളൂ. കുമ്മനം അങ്ങനെ മേലോട്ടുള്ള അടിയും വാങ്ങിയിട്ടുണ്ട്, താഴേക്കുള്ള തൊഴിയും വാങ്ങിയിട്ടുണ്ട്. രണ്ടായാലും നമുക്കൊന്നുതന്നെ എന്നു ഭാവിക്കുകയാണ് ഭംഗി. ശ്രീധരന്‍പിള്ള മേലോട്ടുള്ള അടി കിട്ടിയ ഹരത്തിലാണ് ഇപ്പോ്ള്‍.


പലരും വിചാരിക്കുന്നതു പോലെ കണ്ണില്‍ച്ചോരയില്ലാത്ത പാര്‍ട്ടിയല്ല ബി.ജെ.പി. ഗവര്‍ണര്‍ സ്ഥാനമാണ് ശിക്ഷയനുഭവിക്കുന്നവര്‍ പേറേണ്ടത്. ശമ്പളവും മുടിഞ്ഞ ആനുകൂല്യങ്ങളും കിട്ടും. കോണ്‍ഗ്രസ്സുകാരുടെ ഭരണകാലത്ത്, ഗവര്‍ണര്‍ സ്ഥാനത്തിന്റെ സ്ഥിതി എത്ര ദയനീയമായിരുന്നു എന്നൊന്ന് ഓര്‍ത്തുനോക്കൂ. പ്രായാധിക്യം കാരണം വിരമിക്കുന്ന  കുറെ നേതാക്കന്മാരെയാണ് പ്രത്യേക ആംബുലന്‍സില്‍ അങ്ങോട്ടു കയറ്റിയയച്ചിരുന്നത്. വൃദ്ധസദനമായിരുന്ന ഗവര്‍ണര്‍ ഭവനുകളില്‍ സുഖചികിത്സയും മറ്റു സൗകര്യങ്ങളും ഏര്‍പ്പാട് ചെയ്തിരുന്നു. എല്ലാവരുടെ അങ്ങനെ ആയിരുന്നു എന്നല്ല....ഭൂരിപക്ഷവും അങ്ങനെ ആയിരുന്നു എന്നാണ് കവി ഉദ്ദേശിച്ചത്. കെ.ശങ്കരനാരായണനൊക്കെ രണ്ടാമത് പറഞ്ഞ ഗണത്തില്‍ പെട്ടവരാണ്. ഇനിയും ഒരു റൗണ്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ ആകണമെങ്കിലും റെഡി.


ആ അവസ്ഥ മോദിയുഗത്തില്‍ മാറിയിരിക്കുന്നു. കുമ്മനത്തെയും ശ്രീധരന്‍പിള്ളയെയും പോലുള്ള ഇരുമ്പന്‍ സ്വയംസേവകരെയാണ് അയക്കുന്നത്. ശിഷ്ടകാലം മുഴുവന്‍ അവിടെപ്പോയി സുഖിച്ചു കളയാമെന്ന വ്യാമോഹമൊന്നും ബി.ജെ.പിയില്‍  ആര്‍ക്കും ഇല്ല. കുമ്മനത്തിന് അതൊട്ടുമുണ്ടായിരുന്നില്ല. ഓരോരുത്തരുടെയും സുഖം ഓരോന്നാണ്. കുമ്മനത്തിന് മിസോറംവാസം കഠിനശിക്ഷയായിരുന്നു. ത്രിപുരയില്‍ അധികാരം പിടിച്ചതുപോലെ കുമ്മനം കേരളത്തില്‍ അധികാരം പിടിക്കണമെന്നാവും അമിത് ഷാ ആഗ്രഹിച്ചിരിക്കുക. അതൊന്നും നടന്നില്ല. അതിനാണ് ശിക്ഷ. ആ നിലയ്ക്കാണെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി.യുടെ സമ്പൂര്‍ണപരാജയം അറിഞ്ഞ ഉടനെ പി.എസ് ശ്രീധരന്‍പിള്ളയെ ഗവര്‍ണര്‍ ആക്കേണ്ടതായിരുന്നു. കൂടുതല്‍ നല്ല പെര്‍ഫോമന്‍സ് സംസ്ഥാന നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലാവും എന്നൊരു പ്രതീക്ഷ ബി.ജെ.പി ഹൈക്കമാന്‍ഡിന് ഉണ്ടായിരുന്നോ എന്തോ..ഉണ്ടാകാനിടയുണ്ട്. കേരളമെന്ത് എന്ന് അമിത് ഷാ പ്രഭുതികള്‍ക്ക് ഒരു പിടിയുമില്ല. ഈ തോതില്‍ പോയാല്‍ തുടര്‍ച്ചയായി നാലഞ്ച് സംസ്ഥാന പ്രസിഡന്റു സ്ഥാനക്കാര്‍ക്ക് ഗവര്‍ണര്‍ സ്ഥാനത്തിരിക്കാന്‍ യോഗമുണ്ടാകും. അതുകൊണ്ടാണോ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് തിക്കും തിരക്കും കൂടുന്നത് എന്നും അറിഞ്ഞുകൂടാ.


സംസ്ഥാന പ്രസിഡന്റുമാര്‍ വിചാരിച്ചാല്‍ സംസ്ഥാനഭരണം പിടിച്ചെടുത്ത്് പോക്കറ്റിലിട്ടുതരാന്‍ കഴിയുമെന്ന വിശ്വാസം എങ്ങനെയാണ് ആ പാര്‍ട്ടിയെ മാറാരോഗമായി പിടികൂടിയതെന്ന് ആര്‍ക്കറിയാം. പാര്‍ട്ടി തോറ്റാല്‍ പി.സി.സി പ്രസിഡന്റിനെ ഗവര്‍ണരാക്കുന്ന കീഴ് വഴക്കം കോണ്‍ഗ്രസ്സിലുണ്ടായിരുന്നില്ല. അവിടെ പക്ഷേ, ജയിക്കണമെന്നു വലിയ നിര്‍ബന്ധവും ഉണ്ടായിരുന്നില്ലല്ലോ. ചിലര്‍ സ്വമേധയാ രാജിവെക്കുന്ന സമ്പ്രദായം കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട്. പാര്‍ട്ടി പറയാനൊന്നും മാന്യനേതാക്കന്മാര്‍ ആരും കാത്തുനില്‍ക്കാറില്ല. രാജ്യത്തെമ്പാടും പാര്‍ട്ടി തോറ്റ് നാനാവശേഷമായപ്പോള്‍ എ.ഐ.സി.സി പ്രസിഡന്റ് ആരോടും ചോദിക്കാതെ രാജിവെച്ച് തടി 'കയിച്ചിലാക്കിയ' പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പിന്നെ, പഴയ പ്രസിഡന്റായി പുതിയ പ്രസിഡന്റ്. ഇപ്പോള്‍ രാജിവെച്ച പ്രസിഡന്റ് നേടിക്കൊടുത്തതിനേക്കാല്‍ കുറഞ്ഞ സീറ്റ് നേടിക്കൊടുത്ത പ്രസിഡന്റാണ് മുട്ടുശാന്തിയായി വന്നതെങ്കിലും അണികളുടെ ആവേശം മൂര്‍ദ്ധന്യത്തില്‍ എത്തിയിട്ടുണ്ടത്രെ.


തോറ്റ ബി.ജെ.പി പ്രസിഡന്റുമാരെ തുടര്‍ച്ചയായി സഹിക്കാന്‍ മിസോറാം സംസ്ഥാനം ഇതിനു മാത്രം എന്തു പാപമാണ് ചെയ്തത് എന്നു ചോദിക്കുന്നവരുണ്ട്. കുമ്മനത്തിന് കൊടുത്തതിനേക്കാള്‍ കൂടുതല്‍ സുഖവാസശിക്ഷ ശ്രീധരന്‍പിള്ളയ്ക്ക്ു വിധിച്ചിട്ടുണ്ടോ എന്നറിയില്ല. കുമ്മനത്തേക്കാള്‍ തിളങ്ങാനുള്ള ഉരുപ്പടികള്‍ വക്കീലിന്റെ കൈവശമുണ്ട്.  അതു കൊണ്ട് കുറച്ചേറെ അവിടെ നില്‍ക്കേണ്ടി വന്നേക്കാം. ആകെയൊരു അപകടസാധ്യത ഉള്ളത് അദ്ദേഹം വല്ലാതെ പുസ്തകമെഴുതിക്കളയും എന്നുള്ളതാണ്. അതു മിസോറാംകാര്‍ സഹിക്കേണ്ടതില്ല, കേരളീയരാണ് സഹിക്കേണ്ടത്. അനുഭവിക്കട്ടെ....


ഉപാദ്ധ്യക്ഷക്  അബ്ദുള്ളക്കുട്ടി

സി.പി.എം, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളിലെ സുഖവാസത്തിനു ശേഷം എത്തിയ എ.പി.അബ്ദുള്ളക്കുട്ടി എന്ന മുന്‍ എം.പിയെ ബി.ജെ.പി അതിന്റെ സംസ്ഥാന ഉപാദ്ധ്യക്ഷ സ്ഥാനത്ത് പ്രതിഷ്ഠിച്ച വാര്‍ത്ത ചിലരെയൊക്കെ ഞെട്ടിച്ചതായി കാണുന്നുണ്ട്. ഞെട്ടേണ്ട കാര്യമില്ല. കഴിഞ്ഞ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ആരെയൊക്കെ സ്ഥാനാര്‍ത്ഥികളാക്കി എന്നു നോക്കിയാല്‍ ആരും ഞെട്ടില്ല. അബ്ദുള്ളക്കുട്ടി ഗവര്‍ണര്‍ ആകാനും അദ്ദേഹം സന്നദ്ധനായിരുന്നു. ആള്‍ മഹാത്യാഗിയാണല്ലോ. തത്കാലം ഉപാദ്ധ്യക്ഷയ് മഹോദയ് ആയാല്‍ മതി എന്നാണ് മുകളിലുള്ളവര്‍ കല്‍പ്പിച്ചത്.  

ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതിന്റെയും ഫലം അറിയുന്നതിന്റെയും ഇടയിലെ ഗ്യാപ്പാണ് ആ മഹാസംഭവം പ്രഖ്യാപിക്കാന്‍ നേതാക്കള്‍ തിരഞ്ഞെടുത്തത്. ഇതിനു പ്രത്യേക പ്രാധാന്യമുള്ളതായി കരുതുന്നവരുണ്ട്്്. വോട്ടെടുപ്പിനു മുമ്പ് ഈ വിവരം നാട്ടുകാര്‍ അറിഞ്ഞാല്‍ ബി.ജെ.പിക്കു കിട്ടുന്ന വോട്ടുകൂടി ഇല്ലാതാകുമോ എന്ന ഭയമാണ് ഒരു കാരണമായി പറയപ്പെടുന്നത്. തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തുനിന്നാലോ? പ്രസിഡന്റ് തന്നെ ഇല്ലാതാവുന്ന ഘട്ടത്തില്‍ എങ്ങനെ പുതിയ വൈസ് പ്രസിഡന്റിനെ നിയമിക്കും?  എന്തായാലും നല്ല മുഹൂര്‍ത്തത്തില്‍ സംഭവം നടന്നു.


തുടര്‍ന്ന് സാമൂഹ്യമാധ്യമത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ വിലാപ-പ്രതിഷേധ പ്രകടനങ്ങള്‍ സാമാന്യം വ്യാപകമായി നടന്നു. പതിറ്റാണ്ടുകളായി രാവും പകലും പാര്‍ട്ടി്ക്കു വേണ്ടി പാഞ്ഞുനടക്കുകയും ഇഷ്്ടംപോലെ അടിയും കുത്തും ഏറ്റുവാങ്ങുകയും ചെയ്തുവരുന്നവരെ അവഗണിച്ചാണ്, വിശ്വസിക്കാന്‍ കൊള്ളാത്ത ഈ കക്ഷിയെ വൈസ് പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്. എത്ര കാലം പാര്‍ട്ടിയിലുണ്ടാകുമെന്ന് വല്ല ഉറപ്പുമുണ്ടോ..ഇങ്ങനെ പോയി സങ്കടപരിവാറുകാരുടെ പരിദേവനകള്‍.


ഗവര്‍ണര്‍ നിയമനം പോലൊരു ഹൈക്കമാന്‍ഡ് അഭ്യാസമാണ് ഈ നിയമനവും എന്ന്് അവര്‍ക്കറിയാം. സ്ഥിതിവിവരക്കണക്ക് അനുസരിച്ച്്, കേരളത്തില്‍ ബി.ജെ.പിക്കു നാലു സീറ്റുകിട്ടാന്‍തന്നെ പ്രയാസമാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഹിന്ദു വോട്ടിന്റെ ഏതാണ്ട് മുപ്പതു ശതമാനം കിട്ടിയാല്‍ ഭൂരിപക്ഷം സീറ്റ് കൈയ്യിലാക്കാം. ഇവിടെ അതു നടക്കില്ല. കാരണം, ഹിന്ദുവോട്ടുതന്നെ പാതിയില്‍ കുറച്ചേറെയേ ഉള്ളൂ. അതുകൊണ്ട് ക്രിസ്ത്യന്‍, മുസ്ലിം വോട്ട് വേണം. പരീക്ഷിച്ചിടത്തോളം പ്രയോജനമൊന്നും കാണാനില്ല. അമിത് ഷാജിമാര്‍ക്ക് അറിയാത്ത മറ്റൊരു കണക്കാണ് ഇത്. കാലേ അരക്കാല്‍ മുസ്ലിം വോട്ടേ ബി.ജെ.പി പെട്ടിയില്‍ വീഴാറുള്ളൂ. ചിലരെ പാര്‍ട്ടിയിലെടുത്താല്‍ അതും കിട്ടാതാവുമോ എന്തോ. കാത്തിരുന്നു കാണാം.  

Tuesday, 22 October 2019

ശരിദൂരം ശരികേടുദൂരം

അപശബ്ദം
എന്‍പിയാര്‍


ശരിദൂരം ശരികേടുദൂരം

ജി.സുകുമാരന്‍ നായരുടെ കൈവശം വോട്ട് എത്രയുണ്ടെന്നു ആര്‍ക്കുമറിയില്ല. ഇമ്മിണി ഉണ്ടെന്നാണ് എല്ലാവരുടെയും വിശ്വാസം. വിശ്വാസത്തിനു തെളിവു ചോദിക്കരുത്. എന്‍.എസ്.എസ്്, എസ്.എന്‍.ഡി.പി വോട്ടിന്റെ സാന്നിദ്ധ്യം കണ്ടെത്താനുളള ഉപകരണങ്ങള്‍ ശാസ്ത്രജ്ഞര്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഇവര്‍ രണ്ടു കൂട്ടരും പണ്ടെന്നോ പാര്‍ട്ടികള്‍ ഉണ്ടാക്കിയെന്നും കെട്ടിവച്ചത് തിരിച്ചുകിട്ടാന്‍ മാത്രം വോട്ടില്ലെന്ന് സ്വയം തിരിച്ചറിഞ്ഞ് ധീരമായി പിന്‍വാങ്ങിയെന്നും ചരിത്രത്തിലുണ്ട്. അതെന്തായാലും ശരി, ഇത്തവണയും പോളിങ്ങിനു മുന്‍പ് വാര്‍ത്തകളില്‍ സുകുമാരന്‍ നായരാണ് നിറഞ്ഞുനിന്നത്. വെള്ളാപ്പള്ളിയേക്കാള്‍ തിളങ്ങി.

എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇടയില്‍ സ്‌കെയില്‍ വച്ചളന്ന് കൃത്യ അകലത്തില്‍ പോസ്റ്റ് നാട്ടിയായിരുന്നു കുറെക്കാലമായി പാര്‍പ്പ്. എങ്കിലും, പെരുന്നയില്‍ വന്ന് യഥാവിധി കാണുന്നവര്‍ക്ക് കൈയ്യിലുള്ളത് കൊടുക്കാറുണ്ട്. ഇരുപക്ഷക്കാരും പോകും. ആര്‍ക്ക് കൊടുത്തു, എത്ര കൊടുത്തു എന്നു സുകുമാരന്‍നായര്‍ക്കു പോലും പറയാന്‍ പറ്റില്ല. അങ്ങനെ സമദൂരം സുകുമാരന്‍നായര്‍ക്കു മാത്രം ഗുണമേകി  തുടരുമ്പോഴാണ് ശബരിമലയില്‍ അരുതാത്തതു സംഭവിച്ചത്.

സ്ത്രീപ്രവേശനത്തിനെതിരെ ആദ്യം ഇറങ്ങിയ എന്‍.എസ്.എസ്സാണ് എന്നു രേഖകൡ കാണുന്നുണ്ട്. പെട്ടന്നു പ്ലേറ്റ് മാറ്റി സംഘപരിവാറും ചാടി വീണ് പരമാവധി കോപ്രായം കാട്ടിയത് നായര്‍ക്ക് ഒട്ടും പിടിച്ചിട്ടില്ല. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി അതാണോ ചെയ്യേണ്ടത്? കേരളം പരമാവധി കുട്ടിച്ചോറാക്കാനാണ് അവര്‍ നോക്കിയത്. അമിത് ഷാജി അറുത്ത കൈക്കു ഉപ്പുതേക്കില്ല. ശബരിമല പ്രശ്‌നത്തോടെ സുകുമാരന്‍ നായര്‍ എന്തായാലും ഇങ്ങോട്ടുതിരിയും എന്നാണ് ദല്‍ഹി രാജാക്കന്മാര്‍ ധരിച്ചത്. സുകുമാരന്‍ നായരെ അവര്‍ക്ക് മനസ്സിലായിട്ടില്ല. എല്ലാവരെയും ഡല്‍ഹിക്കു വിളിക്കുന്ന പതിവേ ഉള്ളൂ അമിത് ഷാജിക്ക്. ഡല്‍ഹിക്കാരെ ഇങ്ങോട്ടു വിളിക്കാറേ ഉള്ളൂ സുകുമാരന്‍ നായര്‍. കോണ്‍ഗ്രസ്സുകാര്‍തന്നെ ഭേദം. മണ്ണും ചാരി നിന്നല്ലാതെ വേറെ ശരികേടൊന്നും ചെയ്തില്ലല്ലോ.

ജി.സുകുമാരന്‍ നായര്‍ പണ്ടേ യു.ഡി.എഫ് ആണ് എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. ചില മുന്തിരങ്ങ പുളിക്കും. രമേശ് ചെന്നിത്തല എന്‍.എസ്.എസ്സിന്റെ അദൃശ്യ അസി.സിക്രട്ടറിയാണ് എന്നൊരു കരവര്‍ത്തമാനവും നിലവിലുണ്ട്. ആയതിനാല്‍, ഉപതിരഞ്ഞെടുപ്പുകളില്‍ വോട്ട് യു.ഡി.എഫിനാണ് കൊടുത്തത്. യു.ഡി.എഫ് ജയിച്ചാല്‍ അതു സുകുമാരന്‍ നായരുടെ ശക്തി, തോറ്റാല്‍ ചെന്നിത്തലയുടെ ശക്തിക്കുറവ്. വരുന്നേടത്തു വച്ചു കാണാം.

സി.പി.എം നൂറു നോട്ടൗട്ട്
നൂറിന്റെ നിറവില്‍ എന്നാണ് പത്രഭാഷ. സി.പി.എം ആ അവസ്ഥയിലാണ്. രണ്ടു ജന്മവാര്‍ഷികം ആഘോഷിക്കാന്‍ ഭാഗ്യമുള്ള പാര്‍ട്ടിയാണ് ഇത്. മനുഷ്യരെപ്പോലെയല്ല, പാര്‍ട്ടികള്‍ക്ക്് പലവട്ടം ജനിക്കാനാവും. സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഡസന്‍വട്ടം ജനിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ എം.പി വീരേന്ദ്രകുമാര്‍ കൈവശം കാണും.

1964 ഒക്‌റ്റോ.-നവംബര്‍ സമ്മേളനത്തിലാണ് സി.പി.എം ജനിച്ചതെന്ന് പാര്‍ട്ടി ജാതകത്തിലുണ്ട്. അമ്പതാം വയസ്സ് 2014-ഒക്‌റ്റോബറില്‍ ആഘോഷിച്ചതിന്റെ വിവരങ്ങള്‍ പാര്‍ട്ടി വെബ്‌സൈറ്റില്‍ കാണാം. ഇപ്പോഴിതാ പാര്‍ട്ടി ജനിച്ചതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നു!  പാര്‍ട്ടി മുഖപത്രം രണ്ടു ഫുള്‍പേജുകളില്‍ അതിന്റെ ഓര്‍മ പുതുക്കുന്നുണ്ട്. 2014-ല്‍ അമ്പതു വയസ്സായ പാര്‍ട്ടിയ്ക്ക് എങ്ങനെ 2019-ല്‍ നൂറുവയസ്സാവും എന്നാരും ചോദിക്കരുത്.


സി.പി.ഐ എന്ന ഒറിജിനല്‍ പാര്‍ട്ടിയില്‍ നിന്നു പിളര്‍ന്നു പിരിഞ്ഞാണ് സി.പി.എം ഉണ്ടായതെന്ന കാര്യം ആ ഇരട്ടപ്പേജ് ലേഖനങ്ങളിലൊരിടത്തും ഭൂതകണ്ണാടി വച്ച് നോക്കിയവര്‍ക്കും കാണാനായില്ല. 2014-ല്‍ അമ്പതാം വാര്‍ഷികത്തിന് പീപ്പ്ള്‍സ് ഡമോക്രസിയില്‍ എഴുതിയ ലേഖനത്തില്‍ പ്രകാശ് കാരാട്ട് പണ്ട് പാര്‍ട്ടി വിട്ടതിന്റെ കഥയൊക്കെ വിവരിച്ചിട്ടുണ്ട്. യച്ചൂരി അതൊന്നു മിണ്ടുന്നില്ല.

എന്തേ സി.പി.ഐ ജന്മശതാബ്ദി  ആഘോഷിക്കുന്നില്ല? ഒരു ചുക്കും അറിയാത്ത ചിലര്‍ ചോദിക്കുന്നുണ്ട്. പാര്‍ട്ടി എന്നു ജനിച്ചു എന്ന കാര്യത്തില്‍പ്പോലും ഭിന്നിപ്പുള്ള വേറെ പാര്‍ട്ടി ലോകത്തില്ല 1920-ല്‍ താഷ്‌കെന്റില്‍ ഗ്രൂപ്പ് യോഗം നടത്തിയ തിയ്യതിയാണ് സി.പി.എം കണക്കാക്കുന്നത്. 1925 ഡിസംബര്‍ 26 ന് കാണ്‍പൂരിലാണ് ജനിച്ചതെന്ന് സി.പി.ഐയും കണക്കാക്കുന്നു. സി.പി.ഐക്ക് നൂറു തികയാന്‍ ഇനിയും വര്‍ഷം അഞ്ചു കഴിയണമെന്നര്‍ത്ഥം. ജനനം മുതലുള്ള ഭിന്നതകള്‍ തീരാതെങ്ങനെയാണു ഈ പാര്‍ട്ടികള്‍ തമ്മില്‍ ലയിച്ചൊന്നാകുക?  എന്തായാലും ഇരുനൂറാം വാര്‍ഷികത്തിനു മുന്‍പെങ്കിലും ഈ ഭിന്നതകളെല്ലാം പരിഹരിക്കുമായിരിക്കും. ധൃതിയില്ലല്ലോ.

നില വിടുന്ന ഡോവല്‍
അജിത് കുമാര്‍ ഡോവലിനെ കശ്മീരുകാര്‍ മാത്രമല്ല, നമ്മളും പേടിക്കണം എന്ന നില വന്നിട്ടുണ്ട്. അമിത് ഷാജി ഇന്ത്യാചരിത്രം തിരുത്തുന്ന തിരക്കിലാണ്. ഡോവലാണ് ശരി ആഭ്യന്തരമന്ത്രി. പാകിസ്താനില്‍ നടത്തിയ സര്‍ജിക്കല്‍ സ്്‌ട്രൈക്ക് മാത്രമല്ല, കശ്മീരിലെ രണ്ടു മാസം കഴിഞ്ഞിട്ടും തീരാത്ത സര്‍ജിക്കല്‍ സ്്‌ട്രൈക്കും അജിത് ഡോവലിന്റെ ഐഡിയ ആണത്രെ.
 ജഡ്ജിമാര്‍ എങ്ങനെ കേസ് കൈകാര്യം ചെയ്യണം, പത്രങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണം തുടങ്ങിയ കാര്യങ്ങളിലാണ്  ഡോവല്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചില ഉപദേശങ്ങള്‍ അദ്ദേഹം രണ്ടു കൂട്ടര്‍ക്കും നല്‍കുന്നുണ്ട്. തലസ്ഥാനത്ത് വലിയൊരു സുരക്ഷാസമ്മേളനത്തില്‍ പ്രസംഗിച്ചപ്പോള്‍ ഡോവലിന്റെ ജുഡീഷ്യല്‍, ഫോര്‍ത്ത് എസ്റ്റേറ്റ്്് ചിന്തകള്‍ ചിറകു വിടര്‍ത്തി്.

മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതു കൊണ്ടാണ് ഭീകരര്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നതെന്നും മാധ്യമങ്ങള്‍ ബ്ലാക്കൗട് ചെയ്താല്‍ പിന്നെ അവര്‍ ആ പണി ചെയ്യില്ല എന്നുമാണ് ഡോവലിന്റെ വിദഗ്ദ്ധാഭിപ്രായം. അതുകൊണ്ട്, മേലില്‍ മാധ്യമങ്ങള്‍ സ്വയംസെന്‍സര്‍ഷിപ്പ് നടപ്പാക്കണമെന്നൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല കേട്ടോ. അദ്ദേഹത്തിന്റെ ഈ ഉപദേശമാകാം ജമ്മു കശ്മീരിലെ മീഡിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് കാരണമെന്ന് നമ്മളെപ്പോലുള്ള വിവരദോഷികള്‍ ധരിച്ചാല്‍ കുറ്റപ്പെടുത്തരുത്.

ജുഡീഷ്യറിയുടെ കാര്യമാണ് ഇതിലേറെ കഷ്ടം. ഒരുത്തന്‍ ഭീകരനാണ്, ബോംബ് വച്ച് പത്തുപേരെ കൊന്നു എന്നു പൊലീസ് പറഞ്ഞാലൊന്നും ജഡ്ജിമാര്‍ വിശ്വസിക്കില്ല. എവിടെ സാക്ഷി, എവിടെ തെളിവ് എന്നെല്ലാം ചോദിക്കും. ഭീകരര്‍ക്കെതിരെ തെളിവ് നല്‍കാനുണ്ടോ ആരെങ്കിലും വരുന്നു! ആരും വരില്ല. ഭീകരര്‍ക്കെതിരായ കേസ്സും സിംപ്ള്‍ ക്രിമിനലുകള്‍ക്കെതിലായ കേസ്സും ജുഡീഷ്യറി വേറിട്ടുകാണണം. തെങ്ങു കയറാനും കവുങ്ങ് കയറാനും ഒരേ സൂത്രം പോര.

എന്തു ചെയ്യാം. ഈ ഭരണഘടനയും നിയമവുമൊക്കെ എഴുതിപ്പിടിച്ചതു ഭീകരന്മാരെ കണ്ടിട്ടുപോലുമില്ലാത്തവരാണ്. വിചാരണ കൂടാതെ ശിക്ഷിക്കരുത്, നിയമം അനുസരിച്ചേ എന്തും ചെയ്യാവൂ, പൊലീസ് അല്ല ജുഡീഷ്യറിയാണ് വിചാരണ നടത്തേണ്ടത് തുടങ്ങിയ പാശ്ചാത്യ ആശയങ്ങള്‍ നെഹ്‌റുവും അംബേദ്കറും മറ്റുംചേര്‍ന്ന് എഴുതിച്ചേര്‍ത്തതാണ്. ഒന്നു നോക്കിയാല്‍ ഈ ജനാധിപത്യം തന്നെ ഒരു മണ്ടന്‍ പാശ്ചാത്യ ആശയമാണ്. ഇതിനെല്ലാമുള്ള ഭാരതീയപരിഹാരം ഇന്ത്യാചരിത്രത്തില്‍ കണ്ടെത്താന്‍ ആളെ വിട്ടിട്ടുണ്ട്.  ഡോവല്‍ജി അതിന്റെ റിപ്പോര്‍ട്ടുമായി ഉടനെ വരുന്നതായിരിക്കും.

മുനയമ്പ്
മുന്‍പ്‌ യു.ഡി.എഫുകാരനായിരുന്നതിന്റെ ചില ദൂഷ്യങ്ങള്‍ തന്നിലവേഷിക്കുന്നുണ്ടാവാം എന്നു മന്ത്രി കെ.ടി. ജലീല്‍.
* ബൂര്‍ഷ്വാ ദൂഷ്യങ്ങള്‍ക്ക് എക്‌സ്‌പൈറി ഡേറ്റ് ഇല്ല. ആജീവനാന്തം ഉണ്ടാകും.

Tuesday, 15 October 2019

വിവരാവകാശ ശല്യക്കാര്‍വിവരാവകാശ ശല്യക്കാര്‍മാതൃകപരമാവണം മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനം എന്നു വിചാരിക്കുന്ന ചില നിഷ്‌കളങ്കരുണ്ട്. എന്നു വച്ചാല്‍ ആ ഓഫീസ് പ്രവര്‍ത്തനത്തിന്റെ മാതൃക കേമമാണെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസും അതുപോലെ ജാഗ്രത്തായി പ്രവര്‍ത്തിക്കുമല്ലോ. അത്രയേ ഉള്ളൂ. വേറെ ദുരുദ്ദേശ്യമൊന്നുമില്ല.

വിവരാവകാശം തലയില്‍ കയറിയ ചില ആളുകള്‍ തങ്ങള്‍ക്ക് ചോദിക്കാവുന്നതില്‍ വച്ചേറ്റവും മണ്ടത്തരം നിറഞ്ഞ ചോദ്യങ്ങല്‍ കണ്ടുപിടിച്ച് അടുത്തു കാണുന്ന സര്‍ക്കാര്‍ ഓഫീസിലേക്കു പാഞ്ഞുചെല്ലുന്ന സമ്പ്രദായം നാട്ടില്‍ പരക്കെ ഉള്ളതായ ചിലര്‍ പറയുന്നുണ്ട്. ഇതു നിയമസഭയിലെ ചില അംഗങ്ങളില്‍നിന്നു പഠിച്ചതാണെന്നൊരു സംസാരവും ഉണ്ട്. ഒരു നിയമസഭാംഗം സഭാസമ്മേളനത്തില്‍ ഇത്ര ചോദ്യം ചോദിക്കണം എന്നൊന്നും വ്യവസ്ഥയില്ലെങ്കിലും ഇടക്കിടെ വല്ലതും ചോദിക്കുന്നതാണ് കീഴ്വഴക്കം. വിവരാവകാശചോദ്യങ്ങളേക്കാള്‍ കിടിലന്‍ ചോദ്യങ്ങള്‍ നിയമസഭയിലും ചോദിക്കാറുണ്ട്. ഇതാ ഒരു സാമ്പിള്‍-കേരളത്തിലെ റോഡുകളില്‍ ഓരോ ദിവസവും എത്ര പേര്‍ കാല്‍നടയായി സഞ്ചരിക്കാറുണ്ട്? ഇങ്ങനെ ഒരു ചോദ്യം കിട്ടിയാല്‍ സെക്രട്ടേറിയറ്റ്് ഭരണക്കാര്‍ വെട്ടിലാവും എന്നൊന്നും ഭയപ്പെടേണ്ട. അത്തരം ചോദ്യങ്ങള്‍ക്ക്  ഉത്തരം പറയുക എളുപ്പമാണ്. വിവരം ശേഖരിച്ചു വരുന്നു എന്ന മറുപടി കിട്ടിയാല്‍ ആ നിയമസഭയുടെ കാലാവധി വരെ പിന്നെ പേടിക്കേണ്ട. വിവരം ശേഖരിക്കാന്‍ കാലാവധിയൊന്നും പറഞ്ഞിട്ടില്ലല്ലോ.

പക്ഷേ, വിവരാവകാശ ചോദ്യത്തിന് നിയമസഭാ ചോദ്യത്തേക്കാള്‍ കടുപ്പം കൂടുതലുണ്ട്. നേരാംവണ്ണം മറുപടി പറഞ്ഞില്ലെങ്കില്‍ ഉദ്യോഗസ്ഥന്റെ പിടലിക്ക് നല്ല പിഴ ഉള്‍പ്പെടെ പല ശിക്ഷകളും വന്നു വീഴും. ശിക്ഷ കിട്ടിയവരുടെ എണ്ണം എത്ര എന്നറിയില്ല. വേണമെങ്കില്‍ വിവരാവകാശപ്രകാരം ഒരു കടലാസ് കൊടുക്കാവുന്നതേ ഉള്ളൂ. നിയമസഭയിലെ ഉത്തരം മോശമായി എന്നു പറഞ്ഞ്് ഇക്കാലംവരെ ഒരാളെപ്പോലും ശിക്ഷിച്ചിട്ടില്ല എന്നാണ് അറിവ്. ഇതിനും ചോദ്യം കൊടുക്കാം. ലോകത്തിലേക്ക് വച്ചേറ്റവും മികച്ച വിവരാവകാശ നിയമമാണത്രെ നമ്മുടേത്. അത്ര നന്നാവേണ്ട എന്ന അഭിപ്രായമാണ് മോദിജിയുടെ സര്‍ക്കാറിനുള്ളത്. രണ്ടാംവട്ട വരവില്‍ ആദ്യം ചെയ്ത ഒരു കാര്യം ആ നിയമത്തിന് നല്ലൊരു അടി കൊടുക്കുകയായിരുന്നു. ജീവന്‍ പോയിട്ടില്ല. അതു ഘട്ടം ഘട്ടമായി ശരിയാക്കിക്കൊള്ളും.

കേരളത്തിലായാലും കേരളത്തിലായാലും ഭരണം ഭരണം തന്നെയാണല്ലോ. ഇടതുപക്ഷക്കാര്‍ക്ക്-പ്രത്യേകിച്ച് കമ്യൂണിസ്റ്റുകാര്‍ക്ക്-വിവരാവകാശ നിയമത്തെക്കുറിച്ച് വലിയ സൈദ്ധാന്ത്കി നിലപാടുകളൊന്നുമില്ല. കമ്യൂണിസ്റ്റ് രാജ്യങ്ങളിലെവിടെയെങ്കിലും വിവരാവകാശ നിയമമുണ്ടായതായി  അറിവില്ല. ഇത്തരം നിയമങ്ങളെല്ലാം ബൂര്‍ഷ്വാ ചപ്പടാച്ചികളാ കരുതിയിരിക്കാനേ തരമുള്ളൂ. പക്ഷേ, പാര്‍ട്ടി പ്രതിപക്ഷത്താണ് ഇരിക്കുന്നതെങ്കില്‍ നിയമം കൊള്ളാം എന്നൊരു അഭിപ്രായം സഖാക്കള്‍ക്കുണ്ട്. ഭരണത്തിലാണെങ്കില്‍ സംഗതി ശല്യാണ്, വല്ലാതെയങ്ങ് പ്രോത്സാഹിപ്പിക്കേണ്ട കാര്യമൊന്നുമില്ല, അല്ലേ സഖാവേ? നേരത്തെ പറഞ്ഞ തരം വിവരാവകാശ ശല്യക്കാര്‍ സംസ്ഥാന സര്‍ക്കാറിന്റെ സല്‍ഭരണത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നോട്ടമിടുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ അത്തരക്കാര്‍ക്ക് ഉരുളക്കുപ്പേരി ടൈപ്പ് മറുപടികള്‍ കൊടുത്തു തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെ മാതൃകയാക്കി മറ്റ് ഓഫീസുകളില്‍ ഇതു അനുകരിക്കാവുന്നതാണ്. അതിന്റെ സാമ്പിളുകള്‍ ഒരു ഭൂലോക ബൂര്‍ഷ്വ പത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.(പത്രത്തിന്റെ പേരു പറയില്ല എന്നതാണ് കീഴ്വഴക്കം. എന്തായാലും ഈ പത്രത്തിലല്ല) 

മൂന്നു ഉരുളന്‍ ചോദ്യങ്ങള്‍ക്കുള്ള ഉപ്പേരി മറുപടികള്‍ ചുവടെ:
ചോ: യൂറോപ്യന്‍ രാജ്യങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയപ്പോള്‍ എത്ര ധാരണപത്രം ഒപ്പിട്ടു?
ഉ: ഇവിടെ അറിയില്ല. ചീഫ് സിക്രട്ടറിയുടെ ഓഫീസില്‍ ചോദിക്കൂ

ചോ: നാം മുന്നോട്ട് എന്ന പരിപാടിയുടെ ചെലവെത്ര?
ഉ: പി.ആര്‍.ഡി ഓഫീസില്‍ ചോദിക്കൂ

ചോ: വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട എത്ര പേര്‍ക്ക് പതിനായിരം രൂപ നല്‍കി, എത്ര പേര്‍ക്ക് ചികിത്സസഹായം നല്‍കി?
ഉ: റവന്യൂ വകുപ്പില്‍ ചോദിക്കൂ

ഈ ജാതി ഇഷ്ടംപോലെയുണ്ട് പത്രത്തിലെ ചോദ്യോത്തര പംക്തിയില്‍.

വിവരാവകാശ ചോദ്യത്തിനു ഒരു ഓഫീസില്‍ ഉത്തരം ലഭ്യമല്ലെങ്കില്‍ അത് ലഭ്യമാകുന്ന ഓഫീസിലേക്ക് ചോദ്യം കൈമാറുകയും വിവരം ചോദ്യകര്‍ത്താവിനെ അറിയിക്കുകയും ചെയ്യണമെന്നു നിയമത്തില്‍ വ്യവസ്ഥയുണ്ടത്രെ. ഏത്് ഓഫീസിലാണ് ചോദിക്കേണ്ടത് എന്ന് അറിയിച്ചിട്ടുണ്ടല്ലോ. പോയി വേറെ പണി നോക്ക് എന്നൊന്നും പറഞ്ഞിട്ടില്ലല്ലോ. ആ നിലയ്ക്ക് മു.ഓഫീസ് നല്‍കിയ ഉത്തരത്തിലെ കല്പന അനുസരിച്ചാല്‍ എന്താണ് ചേതം?

ബാലിശം, വെറുംശല്യം, അപ്രസക്തം എന്നീ യോഗ്യതകളുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതില്ല എന്നൊരു വകുപ്പ് ചേര്‍ക്കാന്‍ മുമ്പ് കേന്ദ്രത്തില്‍ ശ്രമം നടന്നിരുന്നു. അതൊന്നും നടന്നില്ല. ഇപ്പോള്‍ അതിനു പറ്റിയ കാലാവസഥ രൂപപ്പെട്ടിട്ടുണ്ട്. യു.പി.എ കാലമല്ല, എന്തു ചെയ്യാനും മടിയില്ലാത്ത മോദിജി, ഷാജി ഭരണമാണ്. ആവശ്യമായ ഭേദഗതി വന്നാല്‍ ഒരു വിധപ്പെട്ട ചോദ്യങ്ങളെയെല്ലാം ഒന്നുകില്‍ ബാലിശം, അല്ലെങ്കില്‍ അപ്രസക്തം, അതുമല്ലെങ്കില്‍ വെറുംശല്യം പട്ടികയില്‍ പെടുത്തി അപ്പംതന്നെ കില്‍ ചെയ്യാവുന്നതേ ഉള്ളൂ. ചോദ്യം വെറും ശല്യമാണോ ബാലിശമാണോ എന്നൊക്കെ തീരുമാനിക്കേണ്ടത് ചോദ്യം ചോദിക്കുന്നവനല്ല, ഉത്തരം പറയുന്നവനാണ് എന്നൊരു ഉപവകുപ്പ് കൂടി വേണം കേട്ടാ. അതുണ്ടെങ്കില്‍ ചോദ്യത്തെ മാത്രമല്ല, നിയമത്തെത്തന്നെ കില്‍ ചെയ്യാം, കുഴിച്ചിടുകയും ചെയ്യാം.

കടപ്പുറത്തെ  മിടുക്ക്  
പ്രധാനമന്ത്രി രാവിലെ നടത്തം നടത്തിയേക്കാന്‍ സാധ്യതയുള്ള കടലോരമായിട്ടും, സുരക്ഷാസേനാംഗങ്ങള്‍ ഓരോ ഇഞ്ചും അരിച്ചു പെറുക്കുന്ന പ്രദേശമായിട്ടും പ്രധാനമന്ത്രിക്കു പെറുക്കാന്‍ ആവശ്യമായത്ര നല്ല വൃത്തിയുള്ള കുപ്പികളും പ്ലാസ്റ്റിക് ഷീറ്റുകളും മറ്റും ഉണ്ടായിരുന്നത് വളരെ ബുദ്ധിപൂര്‍വം ആയി എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുവഴി സുരക്ഷാസൈനികര്‍ അഡ്വാന്‍സ് പോയിരുന്നുവെങ്കില്‍ ബുദ്ധിശൂന്യന്മാര്‍ അതെല്ലാം പെറുക്കിക്കളയുമായിരുന്നു. അതും ഒഴിവാക്കിയല്ലോ. ഭാഗ്യം.

പാശ്ചാത്യരാജ്യങ്ങളിലൊക്കെ ഇങ്ങനെ ഒരേര്‍പ്പാട് ഉണ്ടത്രെ. രാവിലെ നടക്കാന്‍ പോകുമ്പോള്‍ ഒരു സഞ്ചി കൈയില്‍ കരുതുക. എന്നിട്ട് വഴിയില്‍ കാണുന്നതെല്ലാം പെറുക്കിയെടുക്കുക. അവിടെ പെറുക്കാന്‍ വല്ലതും കിട്ടിയാല്‍ ഭാഗ്യമായി എന്നേ കരുതാന്‍ പറ്റൂ. ഇതു ചെയ്യുന്നതിനു ഒപ്പം ഫോട്ടോഗ്രാഫര്‍മാരെ കൂട്ടാറുണ്ടോ, ഫോട്ടോ ട്വിറ്ററില്‍ ഇടാറുണ്ടോ എന്നൊന്നും വ്യക്തമല്ല. നമ്മുടെ കേരളത്തിലും രാവിലെ നടപ്പിന് സഞ്ചി കരുതുന്ന മിടുക്കന്മാര്‍ ഉണ്ട്്. പക്ഷേ, വീട്ടിലെ വെയ്സ്റ്റ് ആണ് കൈയില്‍ കരുതാറുള്ളത്-വഴിയില്‍ കളയാന്‍. പ്രധാനമന്ത്രിയുടെ സന്ദേശം ഉള്‍ക്കൊണ്ട് നാളെ മുതല്‍ മോദി രസികര്‍ മന്റ്രത്തില്‍ പെട്ടവര്‍ ചെന്നൈയിലെങ്കിലും പെറുക്ക് തുടരുമെന്നാണ് കരുതേണ്ടത്. കേരളത്തില്‍ അതിനു സാധ്യതയില്ല. ഇവിടെ നടക്കാന്‍ പോകുന്ന ഓരോ കിലോമീറ്ററെങ്കിലും വേസ്റ്റ് ശേഖരിക്കണമെങ്കില്‍ സഞ്ചിയൊന്നും പോര, പെട്ടി ഓട്ടോ എങ്കിലും വേണ്ടിവരും. 

വ്യക്തിപ്രഭാവ നിര്‍മിതിയാണ്, ജാഡയാണ്, അഭിനയമാണ്, ആളെപ്പറ്റിക്കലാണ് എന്നെല്ലാം കുറ്റം പറയുന്ന അസൂയാലുക്കള്‍ നാട്ടില്‍ ധാരാളമുണ്ട്.് അവരെയൊന്നും വിലവെക്കാതെ മോദിജി മുന്നോട്ടു പോകട്ടെ. അടുത്ത യാത്രയിലെ ഐറ്റം ഇപ്പോള്‍തന്നെ പ്ലാന്‍ ചെയ്യണം. ഈ സാമ്പത്തികമാന്ദ്യത്തിനും മറ്റനവധി  മോശം വാര്‍ത്തകള്‍ക്കുമിടയില്‍ ഇങ്ങനെ ചിലതെങ്കിലും ഉണ്ടാകട്ടെ ജനത്തിന് ഒന്നു സന്തോഷിക്കാന്‍....

മുനയമ്പ്
ഉപതിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി. യോഗം ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്നു ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍......
* പിതാജി ആത്മീയ കാര്യങ്ങള്‍ നോക്കിയാല്‍ മതി. പിന്തുണ, കൈത്തുണ തുടങ്ങിയ കച്ചോടങ്ങളെല്ലാം പുത്രന്‍ നടത്തിക്കൊള്ളും

Suprabhatham Daily dt 15 Oct 2019

Thursday, 10 October 2019

പ്രിയ മോദിജിക്ക് രാജ്യദ്രോഹപൂര്‍വംവിമര്‍ശനം ആര്‍ക്കെതിരെ നടത്തുന്നതും രാജ്യദ്രോഹമാകുന്നില്ല എന്നു സുപ്രിം കോടതി പറഞ്ഞിട്ടുണ്ട്്. ഇതു പറഞ്ഞതിനു ശേഷവും അയ്യോ രാജ്യദ്രോഹം എന്നു അലറിവിളിച്ച്, പലര്‍ക്കുമെതിരെ കേസ്സെടുപ്പിക്കുന്നുണ്ടെന്ന് സുപ്രിം കോടതിയോട് പറഞ്ഞത് പ്രമുഖ രാജ്യദ്രോഹി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ്. കോടതിവിധിയൊന്നും കോണ്‍സ്റ്റബ്ള്‍മാര്‍ക്ക് മനസ്സിലാകില്ല, അവര്‍ക്ക് ഐ.പി.സിയേ അറിയൂ, അതുകൊണ്ട് അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ നിയമം പുതുക്കാന്‍ കോടതി നിര്‍ദ്ദേശിക്കണമെന്നാണ് ഈ വക്കീല്‍ കോടതിയോട്് ആവശ്യപ്പെട്ടിരുന്നത്. പൊലീസുകാരല്ല, മജിസ്‌റ്റ്രേറ് ആണ് കേസ്സിന്റെ വകുപ്പും വിധിയുമെല്ലാം നോക്കേണ്ടത്, അവര്‍ക്ക് വിധിയൊക്കെ അറിയാം എന്നാണു ഭൂഷണ് സുപ്രിം കോടതി ജസ്റ്റിസ് നല്‍കിയ മറുപടി. ബിഹാറിലെ കോടതിയില്‍നിന്നുള്ള വാര്‍ത്ത കേട്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി. പൊലീസുകാരേക്കാള്‍ മോശമാണ് ചില മജിസ്‌ട്രേറ്റുമാരുടെ ബുദ്ധിസ്ഥിതി.   കണ്ടില്ലേ പ്രധാനമന്ത്രിക്കു കത്തെഴുതിയ 49 പേര്‍ക്ക് കിട്ടിയ പണി.

 എന്തു പൊതുതാല്പര്യ ഹര്‍ജിയാണ് ഇന്നു ഫയല്‍ ചെയ്യേണ്ടത് എന്നു കണ്ടെത്താന്‍ മാത്രമായി രാവിലെ പത്രം വായിക്കുന്നവര്‍ നമ്മുടെ നാട്ടില്‍ കുറവാണ്. ബിഹാര്‍ മഹാരാജ്യത്ത് സ്ഥിതി അത്ര സുഖകരമല്ല. അവിടെ സുധീര്‍ കുമാര്‍ ഓഝ എന്നൊരു വക്കീലാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായ രാജ്യദ്രോഹക്കേസ്സിന്റെ ഉപജ്ഞാതാവ്. ഈ വക്കീല്‍ സുപ്രിം കോടതി വിധി വായിച്ചിട്ടില്ല. വായിച്ചിരുന്നെങ്കില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി എന്നു പറഞ്ഞ് വക്കീല്‍ കേസ് ഫയല്‍ ചെയ്യുമായിരുന്നില്ല, കേസ്സെടുക്കാന്‍ ഉത്തരവിട്ട സ്ഥലം മയിസ്രേട്ടും വായിച്ചിട്ടില്ല സുപ്രിംകോടതി വിധി. ഈ കേസ്സില്ലാ വക്കീലിനെ മുന്നില്‍ നിറുത്തി കളിക്കുന്നവര്‍ ആരെന്നറിയാന്‍ ദിവ്യജ്ഞാനമൊന്നും വേണ്ട താനും.

സ്വന്തം മിടുക്കു കണ്ട് ആളുകള്‍ ഏല്പിക്കുന്ന കേസ്സുവാദിച്ചു ജീവിക്കുന്ന ആളല്ല ഈ സുധീര്‍ കുമാര്‍ ഓഝ. സാദാ വക്കീലല്ല എന്നു ചുരുക്കം. കേസ്സെല്ലാം പുള്ളിക്കാരന്‍ സ്വയം കണ്ടെത്തി ഫയല്‍ ചെയ്യും. പൊതുതാല്പര്യ ഹരജിയിലാണ് സദാ കണ്ണ്. സ്റ്റാമ്പൊട്ടിക്കണമെന്നില്ല, വെള്ളക്കടലാസ്സില്‍ എഴുതിക്കൊടുത്താലും മതിയല്ലോ.  അമ്പതാം വയസ്സിനിടയില്‍ ഈ ടൈപ്പ് 745 കേസ്സുകളാണത്രെ പുള്ളിക്കാരന്‍ ഫയല്‍ ചെയ്തിട്ടുള്ളത്. ഈ മാതിരി കേസ്സ് നടത്താന്‍ പ്രത്യേകിച്ച് ചെലവൊന്നുമില്ല കേട്ടോ. ഏതാണ്ട് എല്ലാ കേസ്സുകളും തള്ളപ്പെടാറാണ് പതിവ്. അല്ലെങ്കില്‍, തള്ളുന്ന ഘട്ടം എത്തുംമുമ്പ് സംഗതി ഒത്തുതീര്‍പ്പാക്കുന്നുണ്ടാവാം. നാടു നന്നാക്കലാണ് ഒറ്റ ഉദ്ദേശ്യമെന്നാണ് ആ വിനീതന്റെ അവകാശവാദം. രാജ്യസ്‌നേഹത്തിന്റെ ആധിക്യം മൂലം ചെയ്തു പോകുന്നതാണ്. കുറച്ച് പബ്‌ളിസിറ്റിയും കുറച്ചല്ലാതെ  കോടതിച്ചെലവും കിട്ടിയാല്‍ സംഗതി ഒത്തുതീര്‍ക്കാവുന്നതല്ലേ ഉള്ളൂ.

ഇതു വരെ അദ്ദേഹം ഫയല്‍ ചെയ്ത കേസ്സുകളില്‍ വച്ചേറ്റവും കിടിലന്‍ കേസ്സ് പ്രധാനമന്ത്രിക്കു കത്തെഴുതിയ 49 മാന്യന്മാര്‍ക്കെതിരായ കേസ്സാണെന്ന് അദ്ദേഹത്തിനു ഇക്കഴിഞ്ഞ ദിവസമേ മനസ്സിലായുള്ളൂ. രാജ്യത്തെ മുഴുവന്‍ പത്രങ്ങളിലും ഈ കേസ്സ് എട്ടുകോളം  വാര്‍ത്തയാണ്. എത്ര വക്കീലന്മാര്‍ കോട്ടിട്ട് തെക്കുവടക്കു നടക്കുന്നു, വേറെ ആര്‍ക്കെങ്കിലും ഈ ബുദ്ധി തോന്നിയോ. ഈ അഛാ ആദ്മി പത്രക്കാരോട് പറഞ്ഞത് എന്തെന്നോ? 'പ്രധാനമന്ത്രിക്കു ആരു കത്തെഴുതുന്നതിനും ഞാന്‍ എതിരല്ല. പക്ഷേ, അതു മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തി അവര്‍ ബോധപൂര്‍വം രാജ്യത്തിന്റെയും പ്രധാനമന്ത്രിയുടെയും പ്രതിച്ഛായ കേടുവരുത്തുന്നു. അതാണ് പ്രശ്‌നം'. സംഗതി മനസ്സിലായല്ലോ. അതാണ് പ്രശനം. രഹസ്യമായി വേണം കത്തെഴുതാന്‍. പരസ്യപ്പെടുത്തി പ്രധാനമന്ത്രിക്കു മാനഹാനി ഉണ്ടാക്കരുത്, രാജ്യത്തിനു അഭിമാനക്ഷതം ഉണ്ടാക്കരുത്. ഇതുരണ്ടും ഉണ്ടായിരിക്കുന്നു. ഓഝയ്ക്കു സഹിക്കുന്നില്ല.

ചില അസ്സല്‍ രാജ്യസ്‌നേഹികളും ഈ കേസ്സില്‍ പ്രതിക്കൂട്ടിലാവാന്‍ സാധ്യതയുണ്ട് എന്നാണ് ഇതെഴുതുന്ന നിയമ അജ്ഞന് തോന്നുന്നത്.  ഒന്ന്. കുപ്രസിദ്ധരായ 49 രാജ്യദ്രോഹികള്‍ ചേര്‍ന്നു രാജ്യദ്രോഹപൂര്‍വം കത്തയച്ചത് പത്രം ഓഫീസിലേക്കല്ല പ്രധാനമന്ത്രിക്കാണ്. ഇത്രയും രാജ്യദ്രോഹപരമായ ഒരു കത്തു കിട്ടിയിട്ട് മാസം മൂന്നായിട്ടും ഈ ഗുരുതരമായ കുറ്റം പൊലീസ്സില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രധാനമന്ത്രിയോ  രാജാവിനേക്കാള്‍ രാജഭക്തിയുള്ള പി.എം.ഒ ഉദ്യോഗസ്ഥരോ തയ്യാറായില്ല. പ്രധാനമന്ത്രിയേക്കാള്‍ പ്രധാനിയായ മന്ത്രി  അമിത് ഷാജിക്കെങ്കിലും ഈ ബുദ്ധി തോന്നേണ്ടതായിരുന്നില്ലേ?  ബി.ജെ.പി കേന്ദ്രനേതാക്കളെരാള്‍ പോലും കേസ്സെടുക്കാന്‍ ആവശ്യപ്പെട്ടില്ല. ഇനിയിപ്പോള്‍ ഈ കേസ്സിനെക്കുറിച്ച് ഉത്തരം പറയാന്‍ പ്രധാനമന്ത്രിയെക്കൂടി കോടതിയിലേക്കു വിളിക്കണമെന്ന ആവശ്യവും ഉയര്‍ന്നേക്കാം. വേറൊന്ന്...  രാജ്യദ്രോഹികള്‍ പരസ്യപ്പെടുത്തിയ കത്തുമൂലം പ്രധാനമന്ത്രിയുടെ യശസ്സിനു കേടുപാട് സംഭവിച്ചു എന്നതാണല്ലോ പ്രശ്‌നം. . യശസ്സിനു സംഭവിച്ച ഡാമേജിന്റെ തോതു പ്രധാനമന്ത്രി തന്നെ പറഞ്ഞാലല്ലേ അറിയാന്‍ പറ്റൂ. വന്നുനില്‍ക്കട്ടെ അദ്ദേഹവും സാക്ഷിക്കൂട്ടില്‍. ആകെമൊത്തം നോക്കുമ്പോള്‍ കേസ്സില്‍ വാദിഭാഗമാണോ പ്രതിക്കൂട്ടിലെത്തുക എന്നൊരു ആശങ്ക ഇല്ലാതില്ല.

രാജ്യദ്രോഹക്കേസ് ഒരു പക്ഷേ, അധികം താമസിയാതെ ഹൈക്കോടതിയോ സുപ്രിം കോടതിയോ എടുത്ത് ചവറ്റുകൊട്ടയിലിട്ടേക്കാം. അങ്ങനെ ചെയ്താലും അര്‍ബണ്‍ റൂറല്‍ രാജ്യദ്രോഹികള്‍ക്കുള്ള ഒരു സന്ദേശം ഇതിലുണ്ട്. അടങ്ങിയൊതുങ്ങി ജീവിച്ചില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും രാജ്യദ്രോഹത്തിനു ജയിലാകാം. ജാമ്യമില്ലാത്ത കുറ്റമാണ് രാജ്യദ്രോഹം.  ആര്‍ക്കെല്ലാം എതിരെ  ഈ ടൈപ്പ് കേസ്സുകള്‍ വരും എന്നു പറയാണ്‍ ജോത്സര്‍ക്കേ പറ്റ. ഇതൊരു സാമ്പില്‍ ഡോസ്സാണ്. പ്രധാനമന്ത്രിക്ക് അയച്ച കത്തുതന്നെ ലക്ഷക്കണക്കിനാളുകള്‍ ഒപ്പിട്ട് പരസ്യപ്പെടുത്തുന്നുണ്ട്. തുല്യചെയ്തിക്കു തുല്യകേസ് എന്ന ന്യായപ്രകാരം ഇവരെയും രാജ്യദ്രോഹക്കേസ്സില്‍ പ്രതികളാക്കാം. ഇതൊന്നുമില്ലാതെതന്നെ, രാഹുല്‍ ഗാന്ധിയടക്കം ഡസന്‍കണക്കിന് രാജ്യദ്രോഹികളെ കേസ്സില്‍ കുടുക്കിക്കഴിഞ്ഞു.

നിലവിലുള്ള പൗരത്വപ്രശ്‌നത്തിലെ ഒരു പ്രധാനവ്യവസ്ഥ രാജ്യദ്രോഹപ്രശ്‌നത്തനും ബാധകമാക്കാവുന്നതാണ്. അസ്സമില്‍ ജീവിക്കുന്ന ഓരോ ആളും സ്വയം തെളിയിക്കണം താന്‍ ഇന്ത്യക്കാരനാണ് എന്ന്. അസ്സമില്‍ മാത്രമല്ല, ഘട്ടം ഘട്ടമായി ഇത് രാജ്യമാസകലം നടപ്പാക്കാനും അമിത് ഷാജി ആലോചിക്കുന്നുണ്ട്. മിസ്റ്റര്‍ എക്‌സ്, ഓര്‍ വൈ ഇന്ത്യന്‍ പൗരനാണ്എ ന്നു തെളിയിക്കേണ്ട ഉത്തരവാദിത്തം മിസ്റ്റര്‍ എക്‌സ്, ഓര്‍ വൈക്കു തന്നെയാണ്. അല്ലാതെ സര്‍ക്കാറിന്റെ പണിയല്ല അത്്. രാജ്യദ്രോഹിയല്ല എന്നു ഒരോ ആളും സ്വയം തെളിയിക്കണം എന്നൊരു വ്യവസ്ഥ ഉണ്ടാക്കുന്നത് നന്നാവും. കാണാലോ ഓരോരുത്തനും കിടന്നു ചക്രശ്വാസം വലിക്കുന്നത്. രാജ്യദ്രോഹിയല്ലെന്നു സ്വയം തെളിയിക്കാത്തവര്‍ക്കൊക്കെ ജീവപര്യന്തം തടവു കൊടുക്കാം. പാശ്ചാത്യ സാമ്രാജ്യത്വവാദികളുടെ വഴിയെ നാം പോയിക്കൂട. അമേരിക്കയിലും ബ്രിട്ടനിലുമൊന്നും ഇപ്പോള്‍ എഴുത്തിനും പ്രസംഗത്തിനുമൊന്നും രാജ്യദ്രോഹം എന്നൊരു വകുപ്പുതന്നെ ഇല്ലത്രെ. അതൊന്നും നമുക്കു പറ്റില്ല. നമ്മളല്ലാത്ത എല്ലാവരെയും രാജ്യദ്രോഹികളാക്കിയിട്ടു വേണം നമുക്കു കഴിഞ്ഞുകൂടാന്‍....

മുനയമ്പ്
പൂതനപ്രയോഗം  പ്രത്യേകം വ്യക്തിയെ ഉദ്ദേശിച്ചല്ലെന്നു മന്ത്രി ജി.സുധാകരന്‍
* സ്ത്രീ സമൂഹത്തെ പൊതുവില്‍ ഉദ്ദേശിച്ചാവണം.Wednesday, 9 October 2019

മോഹന്‍ ഭാഗവതിന്റെ ഗാന്ധിലേഖനവും മാതൃഭൂമിയും


മോഹന്‍ ഭാഗവതിന്റെ ഗാന്ധിലേഖനവും മാതൃഭൂമിയും

മഹാത്മാ ഗാന്ധിയുടെ 150 ാം ജന്മദിനനാളില്‍ മാതൃഭൂമി ദിനപത്രം രണ്ടു പേജുള്ള(8,9 പേജുകളില്‍ സെന്റല്‍ സ്‌പ്രെഡ്) പ്രത്യേകപതിപ്പും മറ്റു ചില പേജുകളില്‍ ചില ഓര്‍മറിപ്പോര്‍ട്ടുകളും പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതിലൊന്നും പെടാത്ത ഒരു ലേഖനം വാര്‍ത്താപേജില്‍ ഉണ്ടായിരുന്നു. ആര്‍.എസ്.എസ് തലവന്റെ ആ ലേഖനം വായനക്കാരുടെയും വിമര്‍ശകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയതില്‍ അത്ഭുതമില്ല. ലേഖനം കൊടുത്ത പേജും രീതിയും കാണുമ്പോള്‍ അര്‍ദ്ധമനസ്സോടെ കൊടുത്തതുപോലെയേ തോന്നൂ. ഒളിപ്പിച്ചു കടത്തിയതുപോലെ എന്നുംപറയാം. മോഹന്‍ ഭാഗവത് മാതൃഭൂമിയുടെ എഡിറ്റ് പേജില്‍ എഴുതി എന്നു ചില ബുദ്ധിജീവികള്‍ വിശേഷിപ്പിച്ചത് ശ്രദ്ധക്കുറവോ അറിവില്ലായ്മയോ ആകാം. അതവിടെ നില്‍ക്കട്ടെ.

മഹാത്മാ ഗാന്ധിയെ പ്രകീര്‍ത്തിച്ചു കൊണ്ട്് ആര്‍.എസ്.എസ് തലവന്‍ ഒരു ലേഖനമയച്ചാല്‍ മാതൃഭൂമി പത്രം എന്തു ചെയ്യണമായിരുന്നു എന്ന ചോദ്യത്തിന് എളുപ്പം ഉത്തരം പറയാന്‍ നാലു പതിറ്റാണ്ടോളമായി മാതൃഭൂമിയുമായും പത്രപ്രവര്‍ത്തനവുമായി പൊതുവായും ഉറ്റബന്ധം പുലര്‍ത്തുന്ന ഈ ലേഖകനു കഴിയില്ല. മാതൃഭൂമി ഉറച്ച ആര്‍.എസ്.എസ്-ഹിന്ദുത്വ വിരുദ്ധ പ്രഖ്യാപിതനയം ഉള്ള പത്രമായിരുന്നുവെങ്കില്‍ ആ ലേഖനം ഉപേക്ഷിക്കാന്‍ എഡിറ്റര്‍ക്ക്  അനായാസം തീരുമാനിക്കാം. പൊതുവെ മതേതരത്വം, മതസൗഹാര്‍ദ്ദം, ജനാധിപത്യം എന്നെല്ലാം പറയുമെങ്കിലും വര്‍ഗീയവാദികളെ തീര്‍ത്തും അകറ്റിനിര്‍ത്തുക, അവരുടെ ലേഖനം കൊടുക്കാതിരിക്കുക, വാര്‍ത്ത കവര്‍ ചെയ്യാതിരിക്കുക തുടങ്ങിയ രീതികള്‍ രാഷ്്ട്രീയേതര പത്രങ്ങള്‍ക്കില്ല. മലയാളത്തില്‍ ഒട്ടുമില്ല. എല്ലാ പാര്‍ട്ടികളെയും പോലെ മാത്രമേ ഹിന്ദുത്വ പാര്‍ട്ടിയെയും സംഘടനകളെയും മാതൃഭൂമി ഉള്‍പ്പെടെയുള്ള മാനേജ്‌മെന്റുകള്‍ കാണുന്നുള്ളൂ.

സ്വാതന്ത്ര്യസമരകാലവും തുടര്‍ന്നു നെഹ്‌റു കാലവും ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയും കഴിഞ്ഞാണ് മാതൃഭൂമിക്കു പുതിയ മാനേജ്‌മെന്റ് നയങ്ങളും പത്രാധിപനയങ്ങളും ഉണ്ടാകുന്നത്. ഉള്ളടക്കം സംബന്ധിച്ച എല്ലാ ചുമതലയും പത്രാധിപര്‍ക്കാണ്. നിയമം അനുശാസിക്കുന്നതും അങ്ങനെയാണ്. മാറുന്ന പത്രാധിപന്മാരില്‍ ചിലര്‍ ഈ അധികാരം നൂറു ശതമാനം ഉപയോഗിച്ചിട്ടുണ്ട്, ചിലര്‍ അര ശതമാനം പോലും ഉപയോഗിക്കാതിരുന്നിട്ടുമുണ്ട്. അങ്ങനെ ഉടമസ്ഥന്മാരോടൊന്നും ചോദിക്കാതെ തീരുമാനമെടുക്കാന്‍ അധികാരമുള്ള ഒരു എഡിറ്റര്‍ ഇന്നു മാതൃഭൂമിക്കില്ല. അങ്ങനെ ഒരു നയവുമില്ല. പൂര്‍ണ എഡിറ്റര്‍തന്നെ ഇല്ല എന്നാണ് പറയേണ്ടത്. എക്‌സി. എഡിറ്റര്‍ക്ക്, പരമിതമായ ചുമതലകളേ ഉള്ളൂ എന്നാണ് അറിയാന്‍ കഴിയുന്നത്. പൂര്‍ണതോതിലുള്ള, കരുത്തനായ എഡിറ്റര്‍ ഉണ്ടാകരുത് എന്നാണ് എല്ലാ മാനേജ്‌മെന്റുകളുടെയും ആഗ്രഹം. ഡയറക്റ്റര്‍മാര്‍ക്കും മാര്‍ക്കറ്റിങ് മാനേജര്‍മാര്‍ക്കും ഇന്‍ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍മാര്‍ക്കും വിലസാന്‍ അങ്ങനെയൊരു എഡിറ്റര്‍ ഉണ്ടാവാനേ പാടില്ല.

മോഹന്‍ ഭാഗവതിനും സ്വാതന്ത്ര്യമുണ്ട്
ആര്‍.എസ്.എസ് തലവന് മഹാത്മാഗാന്ധിയെക്കുറിച്ച് നല്ല വാക്കുകള്‍ പറയാന്‍ അവകാശമില്ലേ? ഉണ്ടെങ്കില്‍ അതു അപ്പടി ബ്ലാക്കൗട് ചെയ്യുകയാണോ ഒരു സ്വതന്ത്രപത്രം ചെയ്യേണ്ടത്? ഉറച്ച കക്ഷിരാഷ്ട്രീയനിലപാടുകളുള്ള ഒരോ ആളും ഇക്കാര്യത്തിലും ഓരോ നിലപാട് സ്വീകരിക്കും. കക്ഷിരാഷ്ട്രീയബന്ധമോ, അനുഭാവം പോലുമോ ഇല്ലാത്ത പ്രൊഫഷനല്‍ പത്രപവര്‍ത്തകന് വായനക്കാരുടെ പക്ഷത്തുനിന്നു കൊണ്ടേ ചിന്തിക്കാന്‍ പറ്റൂ. മോഹന്‍ ഭാഗവതിനു ഗാന്ധിജിയെക്കുറിച്ച് പറയാന്‍ സ്വാതന്ത്ര്യമുണ്ട്. അതു പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമിക്കും സ്വാതന്ത്ര്യമുണ്ട്. ഭാഗവത് എന്തു പറയുന്നു എന്നറിയാന്‍ ഓരോ വായനക്കാരനും അവകാശമുണ്ട്. അവരുടെ നയമാറ്റങ്ങളെക്കുറിച്ചറിയാന്‍ താല്പര്യവുമുണ്ട്. അതിനെക്കുറിച്ച് തലങ്ങും വിലങ്ങും ചര്‍ച്ച ചെയ്യാനും മോഹന്‍ ഭാഗവത്തിന്റെ നിലപാട് പച്ചക്കള്ളവും വഞ്ചനയും ഗാന്ധിജിയെ വെടിവെച്ചുകൊന്നവരെന്ന കറുത്ത മുഖം വെളുപ്പിക്കാനുള്ള തന്ത്രവുമാണെന്ന് ആഞ്ഞടിക്കാനും ഈ ലേഖനം ഉപയോഗിക്കാവുന്നതേ ഉള്ളൂ. അതിനുള്ള വേദിയൊരുക്കലാണ് ജനാധിപത്യത്തിലെ സ്വതന്ത്ര പത്രങ്ങള്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തം. അല്ലാതെ വിവാദലേഖനം ഒളിച്ചുവയ്ക്കുകയല്ല തന്നെ.

മോഹന്‍ ഭാഗവത് ആ ലേഖനം മാതൃഭൂമിക്കു വേണ്ടി മാത്രമായി അയച്ചുകൊടുത്തതല്ല എന്ന് എല്ലാവര്‍ക്കും അറിയുമായിരിക്കും. എല്ലാ ഭാഷകളിലും ഒന്നോ രണ്ടോ പത്രത്തിനാവണം ലേഖനം കൊടുത്തിരിക്കുക. ഇംഗ്ലീഷ് പത്രങ്ങളുടെ കൂട്ടത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ മാത്രമാണ്, ഒറ്റ നോട്ടത്തില്‍, ആ ലേഖനം കണ്ടത്്. സംഘപരിവാര്‍ അനുയായികളെയല്ല, പൊതു സമൂഹത്തെയാണ് സംഘപരിവാറിലെ പ്രചാരണസംഘം ലക്ഷ്യമിടുന്നത് എന്നു വ്യക്തം. അല്ലായിരുന്നുവെങ്കില്‍ ആ ലേഖനം ജന്മഭൂമിയിലോ കേസരിയിലോ ഒന്നാം പേജ് ലേഖനമായി വന്നേനെ. മഹാത്മാഗാന്ധിയെ ബഹുമാനിക്കുന്ന ജനവിഭാഗം, സംഘപരിവാര്‍ സംഘടനകളുടെ അനുഭാവിക്കൂട്ടത്തിനു പുറത്താണുള്ളത്. അവര്‍ വായിക്കാനാണ് ലേഖനം മാതൃഭൂമിയിലേക്കു അയച്ചത്. ഇതൊക്കെ വലിയ ആസൂത്രണത്തിന്റെ ഭാഗമാണ്.

ഈയിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69 ാം ജന്മദിനത്തില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഒന്നും രണ്ടും പത്രങ്ങളില്‍ കേന്ദ്രമന്ത്രി അമിത് ഷായുടെ മോദി പ്രകീര്‍ത്തന ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ചില പത്രങ്ങളില്‍ മന്ത്രി പ്രകാശ് ജാവേദ്കറാണ് ഈ പ്രകീര്‍ത്തനം എഴുതിയത്. മുന്‍പൊരു ജന്മദിനത്തിലും ഇല്ലാത്ത ഈ പുതുമ അടുത്ത വര്‍ഷത്തെ എഴുപതാം ജന്മദിനാഘോഷത്തിന്റെ ട്രെയ്‌ലര്‍ മാത്രമാവും. ആസൂത്രണത്തിന്റെ തലം സൂചിപ്പിച്ചുവെന്നു മാത്രം. മോഹന്‍ ഭാഗവതിന്റെ ലേഖനം യഥാര്‍ത്ഥത്തില്‍ ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ സ്വീകരിച്ചുപോന്ന ഗാന്ധിവിരുദ്ധ നിലപാടുകള്‍ തുറന്നു കാട്ടാനുള്ള ഒരു അവസരമാണ്. ആ തുറന്നുകാട്ടല്‍ രാജ്യത്തു നടക്കുന്നുണ്ട്. മാതൃഭൂമിതന്നെ അത് ഒരു പരിധിയോളം  ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്- ഒരു വീണ്ടുവിചാരം ആണെന്നു തോന്നിപ്പിക്കുന്നുണ്ടെങ്കിലും.

എല്ലാവരെയും പ്രീണിപ്പിക്കുക
മാതൃഭൂമിയും മാതൃഭൂമി പോലെയുള്ള പാര്‍ട്ടിരഹിത പത്രങ്ങളും എത്തിപ്പെട്ടിട്ടുള്ള ധര്‍മസങ്കടാവസ്ഥ വിമര്‍ശകര്‍ കാണാതെ പോകരുത്. എല്ലാ പാര്‍ട്ടികളോടും തീര്‍ത്തും സ്വതന്ത്രവും വസ്തുനിഷ്ഠവും ശരിതെറ്റുകള്‍ മാത്രം ആധാരമാക്കിയുമുള്ള നിലപാട് സ്വീകരിക്കും എന്നതാണ് ഈ പത്രങ്ങള്‍ പറയുന്നത്. അഭിപ്രായങ്ങള്‍ മുഖപ്രസംഗത്തിലും ലേഖനങ്ങളിലും ഒതുക്കും, വാര്‍ത്തകള്‍ സത്യസന്ധമായിരിക്കും. ഓരോ വിഭാഗത്തിനും അവര്‍ക്ക് സമൂഹത്തിലുള്ള പിന്‍ബലം നല്‍കുന്ന അര്‍ഹതയ്‌ക്കൊത്ത പ്രാതിനിധ്യം വാര്‍ത്തകളുടെ കവറേജില്‍ ലഭിക്കും. ഈ തത്ത്വം പ്രയോഗിക്കുമ്പോള്‍ മോഹന്‍ ഭാഗവതിനെപ്പോലൊരാളുടെ ലേഖനം പ്രസിദ്ധീകരിക്കാതെ തിരിച്ചയക്കാന്‍ കഴിയില്ല. ബി.ജെ.പി അനുകൂലികളാരും മാതൃഭൂമി വായിക്കേണ്ട എന്നൊരു നയം മാതൃഭൂമിക്കില്ല, ഉണ്ടാകാന്‍ പാടുള്ളതുമല്ല. സോഷ്യല്‍ മീഡിയയിലും മറ്റ് ഹിന്ദുത്വവിരുദ്ധ നിലപാടുകളുള്ള ഓണ്‍ലൈന്‍-അച്ചടി പ്രസിദ്ധീകരണങ്ങളിലും എഴുതുന്നവര്‍ ആഗ്രഹിക്കുന്നത് അവര്‍ പുലര്‍ത്തുന്ന അതേ തോതിലുള്ള ഹിന്ദുത്വവിരുദ്ധവികാരം മാതൃഭൂമി പോലുള്ള പത്രങ്ങളും പുലര്‍ത്തണം എന്നാണ്. അത് സാധ്യമാവില്ല. കാരണം, പാര്‍ട്ടികളെയും മതങ്ങളെയും വര്‍ഗങ്ങളെയും വര്‍ഗീയവാദികളെയും സംഘടനകളെയും എല്ലാം തുല്യതോതില്‍ പ്രീണിപ്പിച്ച്, പത്രപ്രചാരം ഉയര്‍ത്തുക എന്നതാണ് പത്രങ്ങളുടെ അടിസ്ഥാനനയം. തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വായനക്കാരെയോ പരസ്യക്കാരെയോ അകറ്റാന്‍ അവരെക്കൊണ്ടാവില്ല. വിപണിയിലാണ് അവരുടെ തത്ത്വങ്ങളുള്ളത്. അതാണ് അവരുടെ നിലനില്‍പ്പ്.

പക്ഷേ, മാതൃഭൂമി  ഉള്‍പ്പെടെയുള്ള പല മാനേജ്‌മെന്റുകളും കാണാതെ പോകുന്ന ഒരു കാര്യമുണ്ട്. ഹിന്ദുത്വസംഘടനകളെയോ ആ വികാരം കൊണ്ടുനടക്കുന്നവരെയോ അനുകൂലവാര്‍ത്തയും ലേഖനവും കൊടുത്ത് ഒപ്പം നിര്‍ത്താനാവില്ല. തത്കാലം സര്‍ക്കുലേഷന്‍ ഉള്ളതുകൊണ്ട് മോഹന്‍ ഭാഗവതിന്റെ ലേഖനം മാതൃഭൂമിക്കും അയച്ചുതന്നേക്കും. പക്ഷേ, സ്വതന്ത്രനിലപാടുകളുള്ള ഒരു പത്രം കേരളത്തില്‍ ഉണ്ടാകണം എന്ന ആഗ്രഹം അവര്‍ക്കില്ല. എന്നു മാത്രമല്ല എത്രയും വേഗം ആ പത്രത്തെ കൊന്നു കുഴിച്ചുമൂടണമെന്ന് അവര്‍ ആഗ്രഹിക്കുന്നുമുണ്ട്്. ഇതു പകല്‍വെളിച്ചം പോലെ വ്യക്തമാണ്്. മാതൃഭൂമി നടത്തിപ്പുകാര്‍ക്ക് ഇതു ഇപ്പോഴും ബോധ്യപ്പെടാത്തതാണോ അതല്ല, അറിഞ്ഞിട്ടും നിസ്സഹായത കൊണ്ട് ഒന്നുമറിയില്ലെന്നു ഭാവിക്കുന്നതാണോ എന്നറിയില്ല.


മീശ നോവല്‍ വിവാദം
എന്താണ് മീശ നോവല്‍ പ്രശ്‌നത്തില്‍ സംഭവിച്ചത്? ഹിന്ദുവിശ്വാസി സമൂഹത്തില്‍ അര ശതമാനം ആളുകള്‍ പോലും കണ്ടിട്ടില്ല ആഴ്ചപ്പതിപ്പിലെ ആ നോവലിലെ വിവാദവാചകം.  മാതൃഭൂമി ഹിന്ദുസ്ത്രീകളെക്കുറിച്ച് മാതൃഭൂമി ഇങ്ങനെ ആഭാസം എഴുതി, ആ പത്രം വാങ്ങരുത് എന്നു  നാടെമ്പാടുമുള്ള ഹിന്ദുവീടുകളില്‍,വനിതകളെ നിയോഗിച്ച് പ്രചാരം നടത്തിയാണ് മാതൃഭൂമി പത്രത്തിന്റെ കോപ്പി ലക്ഷക്കണക്കിന് കുറപ്പിച്ചത്. തൊട്ടുമുന്‍പ് നബിനിന്ദ ആരോപിച്ചും ഇതുപോലെ പത്രബഹിഷ്‌കരണം നടന്നിട്ടുണ്ട്. അതിന്റെ തോതു വേറെ. കാല്‍നൂറ്റാണ്ട് മുന്‍പ് മതസംഘടനകളെ ഭയപ്പെടാതെ എഴുതിയ ഒരു കാര്യവും ഇന്നു പത്രത്തിലെഴുതാന്‍ പറ്റില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു മതസംഘടനയോടും ലവലേശമെങ്കിലും തന്റേടത്തോടെയുള്ള നിലപാട് സ്വീകരിക്കാന്‍ സാധിക്കുന്നില്ല. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ ഭയന്നിട്ടില്ലാത്ത പത്രം ഇന്നു പത്താള്‍ മാത്രമുള്ള ഈര്‍ക്കില്‍ സംഘടനക്കാരന്‍ ഫോണ്‍ വിളിച്ചാലും ഭയക്കും.

 ഇതിനിടയിലും നിരന്തരമായ മാതൃഭൂമി വിരുദ്ധപ്രചാരണം ഹിന്ദുത്വസംഘടനക്കാര്‍ നടത്തുന്നുണ്ട്. ഏറ്റവും ഒടുവില്‍ മൂന്നോ നാലോ ഹിന്ദുത്വ അനുകൂലികള്‍, മാതൃഭൂമി വാരാന്തപ്പതിപ്പിലെ ഒരു ലേഖനത്തെക്കുറിച്ച് അമര്‍ഷത്തോടെ എന്നോടു പറഞ്ഞത് ഓര്‍ക്കുന്നു. ആലങ്കോട് ലീലാകൃഷ്ണന്‍ ഈയിടെ എഴുതിയതാണ് ലേഖനം. പാക്കനാര്‍ ക്രിസ്ത്യാനിയാണ് എന്നെഴുതി ലീലാകൃഷ്ണന്‍ എഴുതി എന്നതാണ് അവരുടെ അമര്‍ഷത്തിനു കാരണം.  ഞാന്‍ ആ ലേഖനം വായിച്ചുനോക്കി. ലീലാകൃഷ്ണന്‍ അങ്ങനെ എഴുതിയിട്ടില്ല. േേകസരി ബാലകൃഷ്ണപിള്ള ചരിത്രത്തിന്റെ  അടിവേരുകള്‍ എന്ന ഗ്രന്ഥത്തില്‍ നടത്തിയ പരാമര്‍ശമാണ് വിഷയം. മനയെക്കുറിച്ചുള്ള ചരിത്രപരമായ എന്തോ പരാമര്‍ശമാണ്. ലീലാകൃഷ്ണന്‍ അതു ക്വോട്ട് ചെയ്തു എന്നു മാത്രം. ഹിന്ദുമതവുമായി ബന്ധമൊന്നുമുള്ളതല്ല ആ ലേഖനം. ഇതുപോലും മാതൃഭൂമിയെ തകര്‍ക്കാനുള്ള പ്രചാരണായുധമായി ഉപയോഗിക്കുന്നു. ഇതിന്റെയെല്ലാം ആത്യന്തികമായ ഫലമെന്താണ്? ഒരേ സമയം ഹിന്ദുത്വവാദികളും മതേതരവാദികളും മാതൃഭൂമിക്കെതിരെ ആള്‍ക്കൂട്ട ആക്രമണത്തിനു ഒരുമ്പെടുന്നു. മാതൃഭൂമി അത്രത്തോളമൊന്നും അര്‍ഹിക്കുന്നില്ല. മാതൃഭൂമി നശിക്കേണ്ടത് മതേതരവാദികളുടെ ആവശ്യമല്ല, വര്‍ഗീയവാദികളുടെ മാത്രം ആവശ്യമാണ്്, സംശയമില്ല. മതനിരപേക്ഷപ്രസ്ഥാനങ്ങള്‍ക്കും ന്യൂനപക്ഷതാല്പര്യങ്ങള്‍ക്കും അതാണ് വേണ്ടത് എന്നു നെഞ്ചത്ത് കൈവച്ച് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ?

 വര്‍ഗ്ഗീയവാദികളുടെ കടന്നാക്രമങ്ങളെ നേരിടേണ്ടി വരുമ്പോള്‍ മാധ്യമങ്ങള്‍ക്കൊന്നും ഒരു ഘട്ടത്തിലും മതനിരപേക്ഷ സംഘടനകളുടെയോ ബുദ്ധിജീവികളുടെയോ ഇടതുപക്ഷത്തിന്റെയോ സഹായമോ വാക്കാലുള്ള പിന്തുണ പോലുമോ ലഭിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മതനിരപേക്ഷത പറയുന്ന മാധ്യമമാകട്ടെ, പാര്‍ട്ടിയാകട്ടെ കാര്യസാധ്യത്തിന് മതാനുയായികള്‍ക്കു മുന്നില്‍ കുമ്പിട്ടുനില്‍ക്കാറുമുണ്ട്. ഒരു കൂട്ടര്‍ക്ക് ആവശ്യം സര്‍ക്കുലേഷനാണ്, മറ്റേ കൂട്ടര്‍ക്ക് ആവശ്യം വോട്ടാണ്. രണ്ടിന്റെയും തന്ത്രങ്ങള്‍ ഒന്നുതന്നെ. ഉറച്ച മതനിരപേക്ഷ നിലപാട്  എടുക്കാന്‍ കരുത്തുള്ള പത്രമോ പാര്‍ട്ടിയോ ഉണ്ടോ കേരളത്തില്‍? ഇന്ത്യയുടെ കാര്യം വിട്.


കഥ/കവിത കൊടുക്കില്ല
മോഹന്‍ ഭാഗവതിന്റെ ലേഖനം പ്രസിദ്ധീകരിച്ചതുകൊണ്ട് ഇനി തന്റെ കഥ/ കവിത/ലേഖനം മാതൃഭൂമിയില്‍ പ്രസിദ്ധീകരണത്തിന് അയക്കില്ല എന്ന പ്രഖ്യാപിച്ചിട്ടുള്ള ആദര്‍ശവാദികളോട് ആത്മാര്‍ത്ഥമായും സഹതാപമുണ്ട്. എനിക്ക് ഇഷ്ടമില്ലാത്തവരുടെ ലേഖനം പ്രസിദ്ധപ്പെടുത്തുന്ന മാധ്യമത്തില്‍ എന്റെ ലേഖനം കൊടുക്കില്ല എന്ന നിലപാട് ജനാധിപത്യപരമാണോ?   ഫാസിസ്റ്റുകളുടെ ലേഖനം പ്രസിദ്ധപ്പെടുത്താനുള്ള അവകാശവും പത്രസ്വാതന്ത്ര്യത്തിന്റെ ഭാഗം തന്നെയാണ്. പത്രത്തിലുടെ നിങ്ങളുടെ രചന വായനക്കാരില്‍ എത്തും എന്നതുകൊണ്ടാണ് നിങ്ങള്‍ അവര്‍ക്ക് അതയച്ചുകൊടുക്കുന്നത്. ഇല്ലെങ്കില്‍ നിങ്ങള്‍ക്കു നഷ്ടപ്പെടുന്നത്  നല്ല വായനക്കാരെയാണ്. ഒരു തരത്തിലും സ്വീകാര്യമല്ലാത്ത പ്രസിദ്ധീകരണങ്ങളില്‍ നമ്മളാരും സൃഷ്ടികള്‍ പ്രസിദ്ധീകരിക്കില്ല. മാതൃഭൂമി ഇപ്പോഴും അത്തരമൊരു പ്രസിദ്ധീകരണമായിട്ടില്ല.
Sunday, 6 October 2019

വ്യാജവാര്‍ത്തകളുടെ കൊടുങ്കാറ്റിലും സത്യം കണ്ടെത്താം

ഡെഡ്എന്‍ഡ്
എന്‍.പി രാജേന്ദ്രന്‍


വ്യാജവാര്‍ത്തകളുടെ 
കൊടുങ്കാറ്റിലും 
സത്യം കണ്ടെത്താം 


ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഒരു ഫോട്ടോ കുറച്ചായി ഒരു വിഭാഗം ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അടിക്കുറിപ്പ് പ്രകാരം അത്് 1962-ല്‍  എടുത്ത ഫോട്ടോ ആണ്. സന്ദര്‍ഭവിവരണം ഇങ്ങനെ- വിദ്യാനന്ദ് വിദേഹ് എന്ന സ്വാമി ഒരു പൊതുയോഗത്തില്‍ പ്രധാനമന്ത്രിയുടെ മുഖത്തടിച്ചപ്പോഴുണ്ടായ ബഹളമാണ് ചിത്രത്തിലേത്.  ആര്യന്മാര്‍ ഇന്ത്യയിലേക്ക് കുടിയേറിയവരാണ് എന്ന് നെഹ്‌റു പ്രസംഗിച്ചതില്‍ ക്ഷോഭിച്ചാണ്, ആ യോഗത്തിലെ അദ്ധ്യക്ഷന്‍ കൂടിയായ സ്വാമി തല്‍ക്ഷണം നെഹ്‌റുവിനെ അടിച്ചത്. നമ്മുടെയെല്ലാം പൂര്‍വികരായ, ഇന്ത്യയുടെ യഥാര്‍ത്ഥ അവകാശികളായ ആര്യന്മാരെക്കുറിച്ച് ഇത്രയും വലിയ പച്ചക്കള്ളം പറഞ്ഞാല്‍ നെഹ്‌റുവിനെ അടിക്കാതെ പറ്റുമോ.....

എത്ര ലക്ഷം ആളുകളിലേക്ക് ഈ ഫോട്ടോവാര്‍ത്ത എത്തിയിട്ടുണ്ടെന്ന് പറയാനാവില്ല. കുറെപ്പേര്‍ക്ക് ഇതേ ഫോട്ടോ, 1962-ല്‍ ചൈന യുദ്ധത്തില്‍ ഇന്ത്യ തോറ്റപ്പോള്‍ കുപിതരായ ജനങ്ങള്‍ നെഹ്‌റുവിനെ മര്‍ദ്ദിച്ചപ്പോഴെന്ന കുറിപ്പോടെയും പ്രചരിപ്പിക്കുന്നുണ്ട്. വ്യാജഫോട്ടോവിന്റെയും വ്യാജവാര്‍ത്തയുടെയും ഈ കാലത്ത് ഒന്നിനെയും വിശ്വസിച്ചുകൂടാ എന്നു അനേകം അനുഭവങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ചൂണ്ടിക്കാട്ടിയ നെഹ്‌റു ഫോട്ടോയെക്കുറിച്ച്, അതിലെ സത്യാസത്യത്തെക്കുറിച്ച് നിരവധി  സത്യാന്വേഷണ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പരിശോധിക്കുകയുണ്ടായി. അതെ, ഓണ്‍ലൈന്‍ രംഗത്ത് വ്യാജവാര്‍ത്തകളുടെ കൊടുങ്കാറ്റടിക്കുമ്പോള്‍ നിരവധി വ്യക്തികളും സംഘടനകളും വ്യാജവാര്‍ത്തകളുടെ തനിനിറം പുറത്തെത്തിക്കാന്‍ നിരന്തരം പരിശ്രമിക്കുന്നുണ്ട്. നാം സാമൂഹ്യമാധ്യമങ്ങളില്‍ വായിക്കുന്ന വാര്‍ത്തകളില്‍ നല്ലൊരു ഭാഗം വ്യാജവാര്‍ത്തകളാണെന്നു ഭൂരിപക്ഷമാളുകള്‍ക്കും അറിയില്ല. സത്യത്തെയും വ്യാജത്തെയും വേര്‍തിരിക്കാന്‍ രാപകല്‍ പരിശ്രമിക്കുന്ന വ്യക്തികളും  സംഘടനകളും ഇന്റര്‍നെറ്റ് സൈറ്റുകളും സംഘടനകളും ഉണ്ട് എന്ന കാര്യവും നല്ലൊരു ഭാഗം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് അറിഞ്ഞു കൂടാ.

്പുതിയ ഓണ്‍ലൈന്‍ പ്രയോഗമനുസരിച്ച് 'വൈറല്‍' ആയ നെഹ്‌റു ഫോട്ടോയെക്കുറിച്ച് ബൂംലൈവ്‌ഡോട്ഇന്‍(boomlive.in) എന്ന വെബ്‌സൈറ്റ് നടത്തിയ അന്വേഷണത്തില്‍ ആ ഫോട്ടോയുടെ യഥാര്‍ത്ഥ സന്ദര്‍ഭം കണ്ടെത്താനായി. പട്‌നയില്‍ നടന്ന ഒരു കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ വലിയ വിഭാഗം പാര്‍ട്ടിക്കാര്‍ ബഹളമുണ്ടാക്കിയപ്പോള്‍ ക്ഷുഭിതനായി ആള്‍ക്കൂട്ടത്തിലേക്ക് ചാടിയിറങ്ങാന്‍ ശ്രമിച്ച നെഹ്‌റുവിനെ വേദിയിലെ മറ്റു നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും തടയുന്ന ഫോട്ടോ ആയിരുന്നു അത്. അസോസിയേറ്റ് പ്രസ് വാര്‍ത്താ ഏജന്‍സിയുടെ ആര്‍ക്കൈവില്‍ സൂക്ഷിച്ചിട്ടുണ്ട്. ബൂണ്‍ലൈവ് മാധ്യമം 1966 ജനവരി ആറാം തിയ്യതിയിലെ് ദി ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ പത്രത്തില്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത കണ്ടെത്തുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. 

ഒരു സമീപകാല അനുഭവം എടുത്തുപറഞ്ഞെന്നേ ഉള്ളൂ. ബൂംലൈവ് ഈ രംഗത്തെ ഒറ്റപ്പെട്ട സ്ഥാപനമല്ല. അടുത്തകാലത്തായി നിരവധി സ്ഥാപനങ്ങള്‍ സത്യാന്വേഷണ രംഗത്ത് സജീവമാണ്. മാധ്യമപ്രവര്‍ത്തകര്‍തന്നെ മുന്‍കൈ എടുത്ത് സ്ഥാപിച്ച ആദ്യത്തെ സത്യാന്വേഷണ സ്ഥാപനമാണ് ബൂണ്‍ലൈവ് എന്ന് അവരുടെ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നുണ്ട്. മാസ/ വര്‍ഷ വരിസംഖ്യ നല്‍കുന്നവര്‍ക്ക് വാട്‌സ്ആപ്പ് മുന്നറിയിപ്പുകളും സത്യാന്വേഷണ റിപ്പോര്‍ട്ടുകളും അവര്‍ അയച്ചുകൊടുക്കും.

ഈ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്തുന്ന മറ്റൊരു സ്വതന്ത്ര സ്ഥാപനമാണ് ആള്‍ട്‌ന്യൂസ്‌ഡോട്ഇന്‍(altnews.inaltnews.in). 1,32,000 അനുയായികളുള്ള ഈ സത്യാന്വേഷണസ്ഥാപനം കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ, സത്യത്തെക്കുറിച്ച് സംശയം തോന്നുന്ന ഏതു വാര്‍ത്തയെക്കുറിച്ചും അന്വേഷണം നടത്തി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചുവരുന്നു. എന്തു തരം അന്വേഷണമാണ് നടത്തിയതെങ്ങും എങ്ങനെയാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നും വിശദമായി റിപ്പോര്‍ട്ട് ചെയ്യും. സുതാര്യതയ്ക്ക് ഇതാവശ്യമാണ് എന്നവര്‍ പറയുന്നു. ഗുജറാത്തില്‍ പൗരാവകാശരംഗത്തു പ്രവര്‍ത്തിക്കുന്ന നിര്‍ഝരി സിന്‍ഹയും അഹ്മദാബാദില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞന്‍ മുര്‍ലിധര്‍ ദിയോമുരാരിയുമാണ് ആ സ്ഥാപനത്തിന്റെ ഡയറക്റ്റര്‍മാര്‍. പൗരാവകാശപ്രവര്‍ത്തകനായ പ്രതിക് സിന്‍ഹയുടെ നേതൃത്വത്തിലാണ് എഡിറ്റോറിയല്‍, വിവരാന്വേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

സംഘപരിവാര്‍ അതിന്റെ മുഖ്യശത്രുവായി കണക്കാക്കുന്നത് ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയാണ്. സമത്വം, യുക്തിബോധം, മതനിരപേക്ഷത, മതസഹിഷ്ണത തുടങ്ങിയ നെഹ്‌റുവിയന്‍ ആശയങ്ങളോട് സംഘപരിവാര്‍ അസഹിഷ്ണത പുലര്‍ത്തുന്നതില്‍ അത്ഭുതമില്ല. നെഹ്‌റുവിനെ പരമാവധി ഇടിച്ചുതാഴ്ത്തുന്നതിനുള്ള വ്യാജകഥകളുടെ നിര്‍മാണശാലയായി സംഘപരിവാര്‍ ബുദ്ധിജീവി ആസ്ഥാനം മാറിയിട്ടുണ്ട്. നെഹ്‌റു രണ്ടു യുവതികളെ കെട്ടിപ്പിടിക്കുന്നതാണ്്(ഒരാള്‍ സഹോദി വിജയലക്ഷ്മി പണ്ഡിറ്റും മറ്റൊരാള്‍ മരുമകള്‍ നയന്‍താര സെഹ്ഗളുമാണ്)വളരെ മോശമായ അടിക്കുറിപ്പോടെയാണ് ഈ ഫോട്ടോ പ്രചരിപ്പിക്കപ്പെട്ടത്. യുദ്ധക്കുറ്റവാളിയായ സുഭാഷ് ചന്ദ്രബോസിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നെഹ്‌റു ബ്രിട്ടീഷ് പ്രധാനമന്ത്രിക്കയച്ചതായി കാണിക്കുന്ന കത്ത്, ഞാന്‍ വിദ്യാഭ്യാസം കൊണ്ട് ഇംഗ്ലീഷുകാരനും സംസ്‌കാരം കൊണ്ട് മുസ്ലിമും അബദ്ധവശാല്‍ ഹിന്ദുവും ആണെന്നു നെഹ്‌റു പറഞ്ഞതായ ഉദ്ദരണി തുടങ്ങി ഏഴ്് ഞെട്ടിക്കുന്ന പച്ചക്കള്ളങ്ങള്‍ ആള്‍ട്‌ന്യൂസ് പൊളിച്ചടുക്കിയിട്ടുണ്ട്.(https://www.altnews.in/never-ending-propaganda-to-malign-jawaharlal-nehru-an-alt-news-compilationhttps://www.altnews.in/never-ending-propaganda-to-malign-jawaharlal-nehru-an-alt-news-compilation/) ഈ വ്യാജവാര്‍ത്തകള്‍ കാണുന്ന ആര്‍ക്കും ഒറ്റ നോട്ടത്തില്‍തന്നെ അതിന്റെ നിജസ്ഥിതിയെക്കുറിച്ച് സംശയം തോന്നും. പക്ഷേ,  അത്രയെങ്കിലും സാമാന്യബുദ്ധിയുള്ളവരെയല്ലല്ലോ ചില പ്രസ്ഥാനങ്ങള്‍ ലക്ഷ്യമിടാറുള്ളത്.

ഒരു മുസ്ലിം പള്ളിയുടെ മുന്നില്‍ ബുര്‍ഖ ധരിച്ചുനില്‍ക്കുന്ന പുരുഷനെ കത്തിയുമായി പിടികൂടിയെന്നും അത് ആര്‍.എസ്.എസ് കാരനായിരുന്നു എന്നും പറയുന്ന വ്യാജവാര്‍ത്ത സംഘവിരുദ്ധര്‍ പ്രചരിപ്പിച്ചിരുന്നു. ആള്‍ട്‌ന്യൂസ് ആണ് അതിലെ കള്ളത്തരം കണ്ടെത്തിയത്. ആര്‍.എസ്.എസ് -ഹിന്ദുത്വവിരുദ്ധ വ്യാജവാര്‍ത്തകളും ഉണ്ടാകാറുണ്ട് എന്നു വ്യക്തം. പക്ഷേ, അവ എണ്ണത്തില്‍ കുറവാണ്.


ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യാജവാര്‍ത്ത പ്രചാരണത്തിന്റെ ഉള്ളുകള്ളികള്‍ വെളിവാക്കുന്ന പുസ്തകം ആള്‍ട്‌ന്യൂസ് എഡിറ്റര്‍ പ്രതിക് സിന്‍ഹയും മറ്റു രണ്ടു പേരും ചേര്‍ന്ന് എഡിറ്റ് ചെയ്ത് പുറത്തിറക്കിയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. ഇന്ത്യ മിസ്ഇന്‍ഫോംഡ്്്:  ദി ട്രൂ സ്റ്റോറി എന്നാണ് പുസ്തകത്തിന്റെ ശീര്‍ഷകം

മോദി ആരാധകരുടെ വലിയ സംഘങ്ങളിലൂടെയാണ്  ദേശീയതലത്തിലുള്ള വ്യാജപ്രചാരണങ്ങളേറെയും നടക്കുന്നത്. പലതിന്റെയും നിര്‍മാതാക്കളും ഇവര്‍തന്നെ. 30 ലക്ഷം അംഗങ്ങളുള്ള 'വി സപ്പോര്‍ട്ട് നരേന്ദ്രമോദി' എന്ന ഫെയ്‌സ്ബുക് ഗ്രൂപ്പ് ആണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് എന്ന് സ്‌ക്രോള്‍.ഇന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട് (https://scroll.in/article/919736/a-pro-modi-facebook-group-with-2-9-million-members-has-become-a-hotbed-of-fake-neswttps://scroll.in/article/919736/a-pro-modi-facebook-group-with-2-9-million-members-has-become-a-hotbed-of-fake-nesw)  ചൂണ്ടിക്കാട്ടുന്നു. 2016-ല്‍ പത്തു ലക്ഷം അംഗങ്ങളുണ്ടായിരുന്ന കാലത്തുതന്നെ ലോകത്തിലെ ഏറ്റവും വലിയ ഫെയ്‌സ്ബുക് ഗ്രൂപ്പ് ഇതാണെന്ന അവകാശവാദം ഉണ്ടായിരുന്നു.

ഈ മുഖ്യഗ്രൂപ്പില്‍ അംഗങ്ങളാണ് വേറെ 600 ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകള്‍. ഏത് മുഖ്യധാര വാര്‍ത്താമാധ്യമത്തേക്കാള്‍ വേഗതയില്‍ എന്തു കഥയും കോടിക്കണക്കിന് ആളുകളിലേക്ക് എത്തിക്കാന്‍ ഈ ഗ്രൂപ്പുകള്‍ക്ക് കഴിയും. ഒരു മാധ്യമത്തിലും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത വ്യാജവാര്‍ത്തകള്‍ കുടുംബഗ്രൂപ്പുകളില്‍ വരെ എത്തിക്കാന്‍ സംഘപരിവാറിന് ഇപ്പോള്‍ വിപുലമായ സംവിധാനമുണ്ട്. വാട്‌സ്ആപ്പ് പോലുള്ള ഗ്രൂപ്പുകളുടെ വലിയ ഗുണം അല്ലെങ്കില്‍ ദോഷം വ്യാജം തിരിച്ചറിയാന്‍ ആഗ്രഹമുള്ളവരെയൊന്നും ആ ഗ്രൂപ്പില്‍ അംഗമാക്കുകയേ ഇല്ല എന്നതാണല്ലോ. കള്ളമാണെന്നു അറിഞ്ഞാലും ഒരാള്‍ക്ക് എന്തു ചെയ്യാന്‍ പറ്റും?

വ്യാജവാര്‍ത്താ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ അപൂര്‍വം മുഖ്യധാര ആനുകാലികങ്ങളും സജീവമായി പങ്കാളികളാകുന്നുണ്ട്. ഇന്ത്യാടുഡെയിലെ ഫാക്റ്റ് ചെക്ക് ( https://www.indiatoday.in/fact-check  സെക്ഷന്റെ പ്രവര്‍ത്തനത്തിലൂടെ നൂറുകണക്കിന് കള്ളക്കഥകളുടെ തൊലിയൂരിപ്പോയിട്ടുണ്ട്. ദ്ി ക്വിന്റ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ ഒരു സെക്ഷന്‍ -https://www.thequint.com/news/webqoof- വ്യാജവാര്‍ത്താന്വേഷണത്തിന് നീക്കിവച്ചിട്ടുള്ളതാണ്. വേറെയും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഇത്തരം വിഭാഗങ്ങളുണ്ട്.

ഇത്രയും കാലം ഫോട്ടോഷോപ്പ് ആയിരുന്നു മിക്ക വ്യാജനിര്‍മിതികള്‍ക്കും വിശ്വാസ്യത നല്‍കിയിരുന്ന സാങ്കേതികവിദ്യ. ഫോട്ടോ കള്ളം പറയില്ല എന്നൊരു തത്ത്വം ഉണ്ടായിരുന്നു, മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ്. ഇന്ന് ഫോട്ടോ കള്ളമേ പറയൂ എന്ന സ്ഥിതി ഉണ്ടായിക്കഴിഞ്ഞു. ഏതു ഫോട്ടോയും ഏതു രീതിയില്‍ മാറ്റാനും ഫോട്ടോഷോപ്പ് സാങ്കേതികവിദ്യക്കു കഴിയും. വ്യാജവാര്‍ത്താനിര്‍മാണം ഒരു പരിധി കൂടി മുന്നോട്ടു കടക്കുകയാണ്. ഫെയ്ക്കിനേക്കാള്‍ കഠിനമാണ് ഡീപ്പ് ഫെയ്ക് എന്നു വിളിക്കപ്പെടുന്ന വ്യാജ വീഡിയോ നിര്‍മാണം. അത്യാധുനികമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സങ്കേതങ്ങള്‍വരെ ഇതിനായി ഉപയോഗിക്കുന്നു. ഒറിജിനല്‍ വീഡിയോ അപ്പാടെ മാറ്റി പുതിയ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന വീഡിയോകള്‍  ആരെക്കുറിച്ചും ഉണ്ടാക്കാം. സാമൂഹ്യമാധ്യമ ആചാര്യന്‍ സക്കര്‍ബര്‍ഗ്ഗിന്റെ വ്യാജശബ്ദവും വ്യാജമുഖവുമായി കൃത്രിമമായി ഉണ്ടാക്കിയത് കണ്ട് സക്കര്‍ബര്‍ഗ് തന്നെ ഞെട്ടിയിട്ടുണ്ട്. ദൈവംതമ്പുരാനു പോലും ഇത്തരം വീഡിയോകള്‍ തിരിച്ചറിയാനാവില്ല!

എല്ലാ കള്ളക്കഥകളുടെയും നിര്‍മാതാക്കള്‍ സംഘപരിവാറാണ് എന്ന് ധരിക്കാനാവില്ല. പക്ഷെ, ബഹുഭൂരിപക്ഷത്തിന്റെയും ഉത്ഭവകേന്ദ്രം ഈ പ്രത്യയശാസ്ത്രം പിന്തുടരുന്നരാണ് എന്നത് സത്യമാണ്. എന്നാല്‍, മതപരവും വാണിജ്യപരവും ആയ ലക്ഷ്യങ്ങളോടെ കള്ളക്കഥകളും വ്യാജശാസ്ത്രങ്ങളും വ്യാജരോഗശുശ്രൂഷയുമെല്ലാം ജനങ്ങളിലെത്തുന്നുണ്ട്. നമ്മുടെ ഉള്ളിലുള്ള വിശ്വാസങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒത്തുനില്‍ക്കുന്നതാണ് ഒരു വാര്‍ത്ത/വീഡിയോ എങ്കില്‍ അതു വിശ്വസിക്കുകയും കണ്ണില്‍കണ്ടവര്‍ക്കെല്ലാം അയച്ചുകൊടുക്കുകയും ചെയ്യുക എന്നതാണ് പൊതുരീതി. ഒരു പ്രത്യേക ഉദ്ദേശ്യവും ഇല്ലാതെ ഫോട്ടോകളും വാര്‍ത്തകളും കൃത്രിമം കാട്ടി ആളുകളെ അമ്പരപ്പിക്കുക എന്നത് ഒരു വിനോദമാക്കി മാറ്റിയവരും ധാരാളമുണ്ട്. അവര്‍ക്ക് ദുരുദ്ദേശമുണ്ടാവില്ലായിരിക്കാം. എന്നാല്‍ അവരും അപകടകാരികളാണ്.

അച്ചടിക്കുന്നതെന്തും സത്യമാണ് എന്ന് ജനങ്ങള്‍ വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന്്, ഇന്റര്‍നെറ്റില്‍ വരുന്നതെല്ലാം ആധികാരികവുമാണെന്നു വിശ്വസിക്കുന്നവര്‍ ധാരാളമാണ്. അതുണ്ടാക്കുന്ന വിപത്താവട്ടെ, മുന്‍പൊന്നുമില്ലാത്ത വിധം അതിമാരകവുമാണ്. ഈ പ്രവണതയെ നേരിടാന്‍ ഇതിന്റെ വാഹകരായ സോഷ്യല്‍ മീഡിയ വിചാരിച്ചാല്‍ സാധിക്കില്ല. സാമൂഹ്യമാധ്യമം ഉപയോഗിച്ച് നാടൊട്ടുക്കും മലിനമാക്കുന്ന വ്യാജവാര്‍ത്തകളുടെ സത്യാവസ്ഥ ജനങ്ങളില്‍ എത്തിക്കാന്‍ പരമ്പരാഗത മാധ്യമങ്ങള്‍ക്കു കഴിയുമോ എന്നറിയില്ല. അവര്‍ അതിനു ശ്രമിക്കുന്നു പോലുമില്ലല്ലോ.

( Padabhedam Oc 2019)
.

Tuesday, 1 October 2019

കേ.കോ കള്‍ എല്ലാം പിരിഞ്ഞുപോകട്ടെ..

കേ.കോ കള്‍ എല്ലാം പിരിഞ്ഞുപോകട്ടെ..


അപശബ്ദം
എന്‍പിയാര്‍

പാലായില്‍ യു.ഡി.എഫ് തോറ്റു എന്നു കേട്ടപ്പോള്‍ ജനം പൊതുവെ മുന്നണിഭേദമില്ലാതെ 'അതു നന്നായി' എന്നു പറഞ്ഞത്രെ. മുന്‍പൊന്നും ഇങ്ങനെ ഉണ്ടായതായി കേട്ടിട്ടില്ല തോറ്റ യു.ഡി. എഫ് സ്വതന്ത്രന്‍ അത്ര മോശക്കാരനായതാണ് ഈ അഭിപ്രായത്തിനു കാരണം എന്നു ധരിക്കരുത്. നന്നായി എന്നു പറഞ്ഞ മിക്ക ജനത്തിനും ജോസ് വക്കീലിലെ അറിയുക തന്നെയില്ല. അദ്ദേഹം എത്ര നല്ല ആളായിരുന്നാലും ശരി ഇത്തവണ പാലായില്‍ കേ.കോ പാര്‍ട്ടിക്കിട്ട് ഒന്നു കിട്ടണമെന്ന് ജനങ്ങള്‍ക്കിടയില്‍ അഭിപ്രായമുണ്ടായിരുന്നു. പാലായ്ക്കു പുറത്തുള്ള പൊതുജനത്തിന്റെ കാര്യമാണ് പറഞ്ഞത്.

സഹിക്കാന്‍ മേലാഞ്ഞിട്ടു തന്നെയാണ് തോറ്റതുനന്നായി എന്നു യു.ഡി.എഫുകാര്‍ പോലും പറഞ്ഞത്. കേ.കോ പാര്‍ട്ടികളുടെ വക എന്തെല്ലാം ഇനം കോള്‍ക്കളിയും  കൈകൊട്ടിക്കളിയും കണ്ണുപൊത്തിക്കളിയും പല ഇനം കാലുവാരല്‍കളിയും പാര്‍ട്ടി ജനിച്ച കാലം മുതല്‍ ജനം കാണുന്നുണ്ട്. കുത്തിത്തിരിപ്പു കൊണ്ട് പാര്‍ട്ടി എത്രവട്ടം പിളര്‍ന്നു എന്നോ സ്ഥാനമോഹം തലയ്ക്കു പിടിച്ചപ്പോള്‍ വീണ്ടു ലയിച്ചെന്നോ ഉള്ള കണക്ക് ആരുടെയും കൈവശവുമില്ല. കേ.കോകാരുടെ ഇത്തരം കളിതമാശകള്‍ എത്ര കണ്ടാലും കേരളീയര്‍ ഞെട്ടാറില്ല, ചിരിക്കാറേയുള്ളൂ. ചെറിയ ഡോസില്‍ രോഗാണുക്കളെ കുത്തിവെച്ചാല്‍ ഏതു രോഗത്തിനെതിരെയും ക്രമേണപ്രതിരോധശേഷി ഉണ്ടാക്കാമെന്നെ ശാസ്ത്രതത്ത്വമാണ് ഇവിടെയും പ്രാബല്രയത്തില്‍ വരുന്നത്. അതുകൊണ്ടാണ് കേ.കോ പാര്‍ട്ടിക്കാര്‍ എന്തു പോക്രിത്തരം കാണിച്ചാലും ജനം സഹിക്കുന്നത്്. ഇത്തവണ ആ പരിധിയും കടന്നുപോയി ചേട്ടാ, കടന്നു പോയി.

കെ.എം മാണിയുടെ ഒടുവിലത്തെ ജയത്തേക്കാള്‍ വളരെയൊന്നും നാണംകെട്ടതല്ല ഇത്തവണത്തെ തോല്‍വി  എന്നു വേണമെങ്കില്‍ ആശ്വസിക്കാം. ഇക്കളിയെല്ലാം കളിച്ചിട്ടും കെട്ടിവച്ചതു തിരിച്ചുകിട്ടിയത് അത്ഭുതം തന്നെ എന്നു ആശ്വസിക്കുന്നവരും കാണും.

പല അപൂര്‍വതകള്‍ കേ.കോ തോല്‍വിക്കു മകുടം ചാര്‍ത്തുന്നുണ്ട്. കെ.എം മാണിയുടെ മണ്ഡലത്തില്‍, അദ്ദേഹത്തിന്റെ മരണാനന്തരമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു നാണം മറയ്ക്കാന്‍ രണ്ടില ഉണ്ടായില്ല എന്നതുതന്നെ ഏറ്റവും സങ്കടകരമായ അപൂര്‍വത. വോട്ടെണ്ണിയ ശേഷവും അതു മറയ്‌ക്കേണ്ട ആവശ്യം വരും എന്ന് അന്നോര്‍ത്തിരുന്നില്ല. ചിഹ്നം  മരത്തില്‍നിന്നു ഉണങ്ങി വീണുപോയതൊന്നുമല്ല. ബഹുമാനപ്പെട്ട നേതാക്കള്‍ മേശയിലിട്ടു പൂട്ടിയതാണ്. എന്നിട്ടും ഇത്രയും ജനം കൈതച്ചക്കു കുത്തി എന്നതാണ് അത്ഭുതം. എന്തൊരു മഹാമനസ്‌കത. ഒരു തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്് മുന്‍കാലത്തൊന്നും ഒരു പാര്‍ട്ടിയും ഇത്ര ആവേശപൂര്‍വം തമ്മിലടിച്ചിട്ടില്ല. ജോസഫ് ചെല്ലുന്നേടത്തെല്ലാം മാണിപുത്രന്റെ ഗ്രൂപ്പുകാരും മറിച്ചും സംഘടിച്ചുചെന്ന് കൂക്കൂവിളിച്ചത് ജയസാധ്യത കുറച്ചൊന്നുമല്ല വര്‍ദ്ധിപ്പിച്ചത്.

പിന്നെയെന്താണ്, പഴയ പോലുള്ള അനുസരണബോധം വോട്ടര്‍മാര്‍ക്കില്ല. നേതാക്കളുടെ കല്പന അപ്പടി അനുസരിക്കുക, പട്ടിണി കിടന്നിട്ടായാലും പ്രചാരണം നടത്തുക തുടങ്ങിയ സത്സ്വഭാവങ്ങളൊന്നും ഇപ്പോള്‍ ഇല്ലെന്നു മാത്രമല്ല, കൊടുക്കാനുള്ളതു കൊടുത്തില്ലെങ്കില്‍ പണി തരുകയും ചെയ്യും. കേ.കോ വോട്ടിനു മാത്രമല്ല എല്ലാ പാര്‍ട്ടി വോട്ടിനും ഇതു ബാധകമാണ്. 33000 വോട്ടിന്റെ ഭൂരിപക്ഷം നാലുമാസത്തിനിടയില്‍ മൂവായിരമായി കുറഞ്ഞത് ലോകറെക്കോഡ് ആണ്.  ഇതുകൊണ്ടൊന്നും കേ.കോ പാര്‍ട്ടിക്കാര്‍ ഒരു പാഠവും പഠിക്കില്ല എന്നാണ് ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. തമ്മിലടിയുടെ പേനാക്കത്തിക്കു പൂര്‍വാധികം മൂര്‍ച്ച വരുത്തയിട്ടുണ്ട്.

ഫലമറിഞ്ഞപ്പോള്‍ അങ്ങനെത്തന്നെ വേണം എന്ന്  ഏറ്റവും ഉച്ചത്തില്‍ പറഞ്ഞത് ആരാവും? പി.ജെ ജോസഫ് അല്ലാതെ വേറെ ആര്! ആ പാവത്താനെ കെട്ടിയിടാന്‍ ഒരു വര്‍ക്കിങ് ചെയര്‍മാന്‍ പോസ്റ്റ് നാട്ടിക്കൊടുത്തിരുന്നുവെങ്കില്‍ ഈ നാണക്കേട് ഉണ്ടാകുമായിരുന്നോ? അദ്ദേഹം തന്നെയാണ് ഈ ചോദ്യം റിസള്‍ട്ട് വന്ന ഉടന്‍ ഉറക്കെ ചോദിച്ചത്. സത്യമാണ്. മാണിപുത്രന് ഇതൊരു വിഷയമല്ല. ചിഹ്നം കിട്ടാതെ പോയതാണ് അദ്ദേഹത്തിന്റെ മുഖ്യപ്രശ്‌നം. അതായത് വോട്ടിങ്ങ് യന്ത്രത്തില്‍ രണ്ടില കാണാഞ്ഞതില്‍ ക്ഷുഭിതരായ കുറെ നിരക്ഷര പാലാക്കാര്‍ ചക്ക പോലെയുള്ള എന്തോ ചിഹ്നം കണ്ടിട്ടും അതില്‍ കുത്താതെ വേറൊരു ക്ലോക്കില്‍ ആഞ്ഞുകുത്തി ദ്വേഷ്യം തീര്‍ത്തതാണ് പരാജയകാരണം. വേറെ കാരണമൊന്നും അദ്ദേഹം നോക്കിയിട്ട് കാണാനില്ല.

ഉടനെ കേ.കോ പാര്‍ട്ടികളുടെ എണ്ണത്തില്‍ ഒന്നിന്റെയോ രണ്ടിന്റെയോ വര്‍ദ്ധന് പൊതുജനം പ്രതീക്ഷിക്കുന്നുണ്ട്്. അതാണ് കീഴ്‌വഴക്കം. ക്രമേണ അതു വര്‍ദ്ധിക്കും. മാണിസാര്‍
 ഇല്ലാത്തതുകൊണ്ട് ആരെയും പേടിക്കാനില്ല. കെ.കോ പെരുകി, ആളെണ്ണം പാര്‍ട്ടി എന്ന സുന്ദരാവസ്ഥയിലെത്തും. ഇങ്ങനെ പെരുകുന്നതിലും നല്ലത് കേ.കോ പാര്‍ട്ടികളെല്ലാം സ്വമേധയാ സമാധാനപരമായി പിരിഞ്ഞുപോവുകയാണ്്. അറുപതുകളിലും അതിനു ശേഷവും കോണ്‍ഗ്രസ് വിട്ട് രൂപം കൊണ്ട് പ്രാദേശിക കോണ്‍ഗ്രസ്സുക്കു വംശനാശം സംഭവിക്കുകയാണ് ഉണ്ടായത്. കോണ്‍ഗ്രസ് തന്നെ മിക്കയിടത്തും ഇല്ലാതായി, പിന്നെയെന്തിന്.....

മുന്‍കൂര്‍ വിവാദം
അവാര്‍ഡ് പ്രഖ്യാപിച്ചതിനു ശേഷം വിവാദം എന്നതാണ് പരമ്പരാഗത രീതി. വയലാര്‍ അവാര്‍ഡ് കാര്യത്തില്‍ ബഹുമാന്യനായ സാനുമാസ്റ്റര്‍ അതു ലംഘിച്ചു. അദ്ദേഹം അവാര്‍ഡ് പ്രഖ്യാപിക്കുംമുന്‍പ് വിവാദത്തിനു തിരി കൊളുത്തി. വേറൊരു പരമ്പരാഗതരീതിയും അദ്ദേഹം ലംഘിച്ചതായി കാണാം. അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍തന്നെ അവാര്‍ഡിനെക്കുറിച്ചുള്ള വിവാദം ഉദ്ഘാടനം ചെയ്തു. അല്ല, അങ്ങനെ പാടില്ലെന്നു ചട്ടമൊന്നുമൊന്നുമില്ലല്ലോ.

അതുരണ്ടും പോരെങ്കില്‍ ഇതാ വിവാദം ഒന്നു കൂടി. ചെയര്‍മാന്‍ എന്തിനു രാജിവെച്ചു എന്ന പ്രശ്‌നത്തിലാണ് അത്. ആരോഗ്യപരമായ കാരണത്താലാണ് രാജിയെന്നാണ് ചെയര്‍മാന്‍ പറഞ്ഞത്. സാഹിത്യഅവാര്‍ഡ് നിര്‍ണയത്തിനു വലിയ ആരോഗ്യമൊന്നും ആവശ്യമുള്ളതായി കേട്ടിട്ടില്ല. നല്ല പുസ്തകത്തിനു നല്‍കാതെ മോശം പുസ്തകത്തിനാണ് നല്‍കാന്‍ പോകുന്നത് എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം വായന എന്ന കടുപ്പമുള്ള പണി കഴിഞ്ഞു എന്നാണ്. പിന്നെയെന്താണ് ആരോഗ്യം കൊണ്ട് വേണ്ടത്? മറ്റേ രണ്ട് അംഗങ്ങളെ കൈകാര്യം ചെയ്യാന്‍ വേണ്ട ആരോഗ്യം ഇല്ല എന്നു പറഞ്ഞാല്‍ മനസ്സിലാക്കാം. സാനുമാസ്റ്റര്‍ അങ്ങനെ പറയുന്നുമില്ല. എന്നാല്‍, ആരോഗ്യം വേണ്ടത് ഇത്തരം വിഷയത്തില്‍ വിവാദം ഉണ്ടാക്കാനാണ്. പ്രസ്താവന നടത്താനും മാധ്യമങ്ങളെ കാണാനും ചോദ്യങ്ങള്‍ക്കു മറുപടി പറയാനും വിവാദത്തിന്റെ ചൂടും പുകയും നേരിടാനുമൊക്കെയാണ് അതു വേണ്ടത്. അതും മാസ്റ്റര്‍ അനായാസേന കൈകാര്യം ചെയ്തു.

അവസാനം സാനുമാസ്റ്റര്‍ നിര്‍ദ്ദേശിച്ച ആള്‍ക്കുതന്നെ അവാര്‍ഡ് കിട്ടി. ഇനി വിവാദമില്ലെന്നും ഇല്ല,  ആ അദ്ധ്യായം അടച്ചു എന്നാണ് മാസ്റ്റര്‍ പറഞ്ഞത്. അങ്ങനെ തുറക്കാന്‍ പറയുമ്പോള്‍ തുറക്കുന്നതും അടക്കാന്‍ പറയുമ്പോള്‍ അടയുന്നതുമല്ലല്ലോ ഈ വിവാദങ്ങളൊന്നും. അവാര്‍ഡ് കമ്മിറ്റിക്കാരേക്കാള്‍ മാന്യന്മാരാണ് അവാര്‍ഡിനു പരിഗണിക്കപ്പെട്ടവരെന്നത് ഭാഗ്യം. ഇല്ലെങ്കില്‍ കുറെനാള്‍ കത്തിനില്‍ക്കുമായിരുന്നു സംഗതി. 

സുപ്രിം കോടതി ഇറങ്ങിവരട്ടെ
എക്‌സിക്യൂട്ടീവ് ഇടപാടുകള്‍ നടത്തി ശീലമില്ലാഞ്ഞിട്ടാവണം കോടതിക്ക് ചില തിരിച്ചറിവുകളുണ്ടാകാന്‍ വൈകിയത്. ജീവിതകാല സമ്പാദ്യം മുഴുവന്‍ മുടക്കി പാര്‍പ്പിടം വാങ്ങിയവര്‍ നാളെ സുപ്രിം കോടതിക്കു മുന്നില്‍ തൂങ്ങിച്ചാവുന്ന അവസ്ഥ ഉണ്ടാകരുതല്ലോ. ഇത്തരം ബാധ്യതകളൊന്നും ഭരണഘടന ജുഡീഷ്യറിയുടെ ചുമലില്‍ വെച്ചുകെട്ടിയിരുന്നില്ല. ഇതൊക്കെ എക്‌സിക്യൂട്ടീവിന്റെ പൊല്ലാപ്പുകളാണ്. സര്‍വകക്ഷിയോഗം വിളിക്കാന്‍ ചീഫ് ജസ്റ്റിസിനു പറ്റില്ലല്ലോ. എന്തായാലും ഇപ്പോള്‍ നഷ്ടപരിഹാരം തുടങ്ങി പല പ്രഖ്യാപനങ്ങളും വന്നതില്‍ എല്ലാവര്‍ക്കുമുണ്ട് സന്തോഷം.

 കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്കു നഷ്ടപരിഹാരം, വേറെ താമസത്തിനു സൗകര്യം, കരാറുകാരില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കല്‍, കെട്ടിടം പണിയാന്‍ വേറെ സ്ഥലം കണ്ടെത്തില്‍, കെട്ടിടം ബോംബിട്ടു പൊട്ടിക്കുമ്പോള്‍ കോണ്‍ക്രീറ്റ് വീണു ചാവുന്ന തദ്ദേശീയ മൃഗ-മനുഷ്യജാതികള്‍ക്കു സഹായം, ശിഷ്ടം കോണ്‍ക്രീറ്റ് കുഴിച്ചുമൂടാന്‍ അറബിക്കടലില്‍ വലിയ ഗുഹകള്‍ ണ്ടെത്തല്‍.....ഇനിയും എന്തെല്ലാം പൊല്ലാപ്പുകള്‍ കിടക്കുന്നു.
അതിനുമുന്‍പുവേണം ഇതേ സ്ഥലത്ത് വേണം വേറെ ഫ്‌ളാറ്റ് പണിയാന്‍, അതേ നിയമവിധേയമായിത്തന്നെ പണിയാം. അന്നു കെട്ടിടം പണിയാന്‍ അനുമതി ഇല്ലാതിരുന്ന സ്ഥലം, ഇനി അനുമതി കിട്ടിയാല്‍ കെട്ടിടം പണിയാവുന്ന ഉടമാണ്. അനുമതി കോടതി തരും. ചട്ടം മാറ്റുംമുമ്പാണ് അവര്‍ പണിതത്. അതു പൊളിക്കണം. ഭിക്ഷയില്ല എന്നു പറയേണ്ടത് തിരുമേനിയാണ്, കാര്യസ്ഥനല്ല. 

മുനയമ്പ്
മത്സരിക്കാന്‍ സമ്മതം കൊടുത്തിട്ടും കുമ്മനം സ്ഥാനാര്‍ത്ഥിലിസ്റ്റിലില്ലാത്തതില്‍ പാര്‍ട്ടിയില്‍ പരിഭവം.
* പാവത്തിനെ ഇത്തവണയെങ്കിലും കഷ്ടപ്പെടുത്തേണ്ട എന്നു വിചാരിച്ചതാവും കേന്ദ്രനേതാക്കള്‍. എന്തുചെയ്യും, അതും കുറ്റമായി.