Tuesday, 1 October 2019

കേ.കോ കള്‍ എല്ലാം പിരിഞ്ഞുപോകട്ടെ..

കേ.കോ കള്‍ എല്ലാം പിരിഞ്ഞുപോകട്ടെ..


അപശബ്ദം
എന്‍പിയാര്‍

പാലായില്‍ യു.ഡി.എഫ് തോറ്റു എന്നു കേട്ടപ്പോള്‍ ജനം പൊതുവെ മുന്നണിഭേദമില്ലാതെ 'അതു നന്നായി' എന്നു പറഞ്ഞത്രെ. മുന്‍പൊന്നും ഇങ്ങനെ ഉണ്ടായതായി കേട്ടിട്ടില്ല തോറ്റ യു.ഡി. എഫ് സ്വതന്ത്രന്‍ അത്ര മോശക്കാരനായതാണ് ഈ അഭിപ്രായത്തിനു കാരണം എന്നു ധരിക്കരുത്. നന്നായി എന്നു പറഞ്ഞ മിക്ക ജനത്തിനും ജോസ് വക്കീലിലെ അറിയുക തന്നെയില്ല. അദ്ദേഹം എത്ര നല്ല ആളായിരുന്നാലും ശരി ഇത്തവണ പാലായില്‍ കേ.കോ പാര്‍ട്ടിക്കിട്ട് ഒന്നു കിട്ടണമെന്ന് ജനങ്ങള്‍ക്കിടയില്‍ അഭിപ്രായമുണ്ടായിരുന്നു. പാലായ്ക്കു പുറത്തുള്ള പൊതുജനത്തിന്റെ കാര്യമാണ് പറഞ്ഞത്.

സഹിക്കാന്‍ മേലാഞ്ഞിട്ടു തന്നെയാണ് തോറ്റതുനന്നായി എന്നു യു.ഡി.എഫുകാര്‍ പോലും പറഞ്ഞത്. കേ.കോ പാര്‍ട്ടികളുടെ വക എന്തെല്ലാം ഇനം കോള്‍ക്കളിയും  കൈകൊട്ടിക്കളിയും കണ്ണുപൊത്തിക്കളിയും പല ഇനം കാലുവാരല്‍കളിയും പാര്‍ട്ടി ജനിച്ച കാലം മുതല്‍ ജനം കാണുന്നുണ്ട്. കുത്തിത്തിരിപ്പു കൊണ്ട് പാര്‍ട്ടി എത്രവട്ടം പിളര്‍ന്നു എന്നോ സ്ഥാനമോഹം തലയ്ക്കു പിടിച്ചപ്പോള്‍ വീണ്ടു ലയിച്ചെന്നോ ഉള്ള കണക്ക് ആരുടെയും കൈവശവുമില്ല. കേ.കോകാരുടെ ഇത്തരം കളിതമാശകള്‍ എത്ര കണ്ടാലും കേരളീയര്‍ ഞെട്ടാറില്ല, ചിരിക്കാറേയുള്ളൂ. ചെറിയ ഡോസില്‍ രോഗാണുക്കളെ കുത്തിവെച്ചാല്‍ ഏതു രോഗത്തിനെതിരെയും ക്രമേണപ്രതിരോധശേഷി ഉണ്ടാക്കാമെന്നെ ശാസ്ത്രതത്ത്വമാണ് ഇവിടെയും പ്രാബല്രയത്തില്‍ വരുന്നത്. അതുകൊണ്ടാണ് കേ.കോ പാര്‍ട്ടിക്കാര്‍ എന്തു പോക്രിത്തരം കാണിച്ചാലും ജനം സഹിക്കുന്നത്്. ഇത്തവണ ആ പരിധിയും കടന്നുപോയി ചേട്ടാ, കടന്നു പോയി.

കെ.എം മാണിയുടെ ഒടുവിലത്തെ ജയത്തേക്കാള്‍ വളരെയൊന്നും നാണംകെട്ടതല്ല ഇത്തവണത്തെ തോല്‍വി  എന്നു വേണമെങ്കില്‍ ആശ്വസിക്കാം. ഇക്കളിയെല്ലാം കളിച്ചിട്ടും കെട്ടിവച്ചതു തിരിച്ചുകിട്ടിയത് അത്ഭുതം തന്നെ എന്നു ആശ്വസിക്കുന്നവരും കാണും.

പല അപൂര്‍വതകള്‍ കേ.കോ തോല്‍വിക്കു മകുടം ചാര്‍ത്തുന്നുണ്ട്. കെ.എം മാണിയുടെ മണ്ഡലത്തില്‍, അദ്ദേഹത്തിന്റെ മരണാനന്തരമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു നാണം മറയ്ക്കാന്‍ രണ്ടില ഉണ്ടായില്ല എന്നതുതന്നെ ഏറ്റവും സങ്കടകരമായ അപൂര്‍വത. വോട്ടെണ്ണിയ ശേഷവും അതു മറയ്‌ക്കേണ്ട ആവശ്യം വരും എന്ന് അന്നോര്‍ത്തിരുന്നില്ല. ചിഹ്നം  മരത്തില്‍നിന്നു ഉണങ്ങി വീണുപോയതൊന്നുമല്ല. ബഹുമാനപ്പെട്ട നേതാക്കള്‍ മേശയിലിട്ടു പൂട്ടിയതാണ്. എന്നിട്ടും ഇത്രയും ജനം കൈതച്ചക്കു കുത്തി എന്നതാണ് അത്ഭുതം. എന്തൊരു മഹാമനസ്‌കത. ഒരു തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്് മുന്‍കാലത്തൊന്നും ഒരു പാര്‍ട്ടിയും ഇത്ര ആവേശപൂര്‍വം തമ്മിലടിച്ചിട്ടില്ല. ജോസഫ് ചെല്ലുന്നേടത്തെല്ലാം മാണിപുത്രന്റെ ഗ്രൂപ്പുകാരും മറിച്ചും സംഘടിച്ചുചെന്ന് കൂക്കൂവിളിച്ചത് ജയസാധ്യത കുറച്ചൊന്നുമല്ല വര്‍ദ്ധിപ്പിച്ചത്.

പിന്നെയെന്താണ്, പഴയ പോലുള്ള അനുസരണബോധം വോട്ടര്‍മാര്‍ക്കില്ല. നേതാക്കളുടെ കല്പന അപ്പടി അനുസരിക്കുക, പട്ടിണി കിടന്നിട്ടായാലും പ്രചാരണം നടത്തുക തുടങ്ങിയ സത്സ്വഭാവങ്ങളൊന്നും ഇപ്പോള്‍ ഇല്ലെന്നു മാത്രമല്ല, കൊടുക്കാനുള്ളതു കൊടുത്തില്ലെങ്കില്‍ പണി തരുകയും ചെയ്യും. കേ.കോ വോട്ടിനു മാത്രമല്ല എല്ലാ പാര്‍ട്ടി വോട്ടിനും ഇതു ബാധകമാണ്. 33000 വോട്ടിന്റെ ഭൂരിപക്ഷം നാലുമാസത്തിനിടയില്‍ മൂവായിരമായി കുറഞ്ഞത് ലോകറെക്കോഡ് ആണ്.  ഇതുകൊണ്ടൊന്നും കേ.കോ പാര്‍ട്ടിക്കാര്‍ ഒരു പാഠവും പഠിക്കില്ല എന്നാണ് ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. തമ്മിലടിയുടെ പേനാക്കത്തിക്കു പൂര്‍വാധികം മൂര്‍ച്ച വരുത്തയിട്ടുണ്ട്.

ഫലമറിഞ്ഞപ്പോള്‍ അങ്ങനെത്തന്നെ വേണം എന്ന്  ഏറ്റവും ഉച്ചത്തില്‍ പറഞ്ഞത് ആരാവും? പി.ജെ ജോസഫ് അല്ലാതെ വേറെ ആര്! ആ പാവത്താനെ കെട്ടിയിടാന്‍ ഒരു വര്‍ക്കിങ് ചെയര്‍മാന്‍ പോസ്റ്റ് നാട്ടിക്കൊടുത്തിരുന്നുവെങ്കില്‍ ഈ നാണക്കേട് ഉണ്ടാകുമായിരുന്നോ? അദ്ദേഹം തന്നെയാണ് ഈ ചോദ്യം റിസള്‍ട്ട് വന്ന ഉടന്‍ ഉറക്കെ ചോദിച്ചത്. സത്യമാണ്. മാണിപുത്രന് ഇതൊരു വിഷയമല്ല. ചിഹ്നം കിട്ടാതെ പോയതാണ് അദ്ദേഹത്തിന്റെ മുഖ്യപ്രശ്‌നം. അതായത് വോട്ടിങ്ങ് യന്ത്രത്തില്‍ രണ്ടില കാണാഞ്ഞതില്‍ ക്ഷുഭിതരായ കുറെ നിരക്ഷര പാലാക്കാര്‍ ചക്ക പോലെയുള്ള എന്തോ ചിഹ്നം കണ്ടിട്ടും അതില്‍ കുത്താതെ വേറൊരു ക്ലോക്കില്‍ ആഞ്ഞുകുത്തി ദ്വേഷ്യം തീര്‍ത്തതാണ് പരാജയകാരണം. വേറെ കാരണമൊന്നും അദ്ദേഹം നോക്കിയിട്ട് കാണാനില്ല.

ഉടനെ കേ.കോ പാര്‍ട്ടികളുടെ എണ്ണത്തില്‍ ഒന്നിന്റെയോ രണ്ടിന്റെയോ വര്‍ദ്ധന് പൊതുജനം പ്രതീക്ഷിക്കുന്നുണ്ട്്. അതാണ് കീഴ്‌വഴക്കം. ക്രമേണ അതു വര്‍ദ്ധിക്കും. മാണിസാര്‍
 ഇല്ലാത്തതുകൊണ്ട് ആരെയും പേടിക്കാനില്ല. കെ.കോ പെരുകി, ആളെണ്ണം പാര്‍ട്ടി എന്ന സുന്ദരാവസ്ഥയിലെത്തും. ഇങ്ങനെ പെരുകുന്നതിലും നല്ലത് കേ.കോ പാര്‍ട്ടികളെല്ലാം സ്വമേധയാ സമാധാനപരമായി പിരിഞ്ഞുപോവുകയാണ്്. അറുപതുകളിലും അതിനു ശേഷവും കോണ്‍ഗ്രസ് വിട്ട് രൂപം കൊണ്ട് പ്രാദേശിക കോണ്‍ഗ്രസ്സുക്കു വംശനാശം സംഭവിക്കുകയാണ് ഉണ്ടായത്. കോണ്‍ഗ്രസ് തന്നെ മിക്കയിടത്തും ഇല്ലാതായി, പിന്നെയെന്തിന്.....

മുന്‍കൂര്‍ വിവാദം
അവാര്‍ഡ് പ്രഖ്യാപിച്ചതിനു ശേഷം വിവാദം എന്നതാണ് പരമ്പരാഗത രീതി. വയലാര്‍ അവാര്‍ഡ് കാര്യത്തില്‍ ബഹുമാന്യനായ സാനുമാസ്റ്റര്‍ അതു ലംഘിച്ചു. അദ്ദേഹം അവാര്‍ഡ് പ്രഖ്യാപിക്കുംമുന്‍പ് വിവാദത്തിനു തിരി കൊളുത്തി. വേറൊരു പരമ്പരാഗതരീതിയും അദ്ദേഹം ലംഘിച്ചതായി കാണാം. അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍തന്നെ അവാര്‍ഡിനെക്കുറിച്ചുള്ള വിവാദം ഉദ്ഘാടനം ചെയ്തു. അല്ല, അങ്ങനെ പാടില്ലെന്നു ചട്ടമൊന്നുമൊന്നുമില്ലല്ലോ.

അതുരണ്ടും പോരെങ്കില്‍ ഇതാ വിവാദം ഒന്നു കൂടി. ചെയര്‍മാന്‍ എന്തിനു രാജിവെച്ചു എന്ന പ്രശ്‌നത്തിലാണ് അത്. ആരോഗ്യപരമായ കാരണത്താലാണ് രാജിയെന്നാണ് ചെയര്‍മാന്‍ പറഞ്ഞത്. സാഹിത്യഅവാര്‍ഡ് നിര്‍ണയത്തിനു വലിയ ആരോഗ്യമൊന്നും ആവശ്യമുള്ളതായി കേട്ടിട്ടില്ല. നല്ല പുസ്തകത്തിനു നല്‍കാതെ മോശം പുസ്തകത്തിനാണ് നല്‍കാന്‍ പോകുന്നത് എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം വായന എന്ന കടുപ്പമുള്ള പണി കഴിഞ്ഞു എന്നാണ്. പിന്നെയെന്താണ് ആരോഗ്യം കൊണ്ട് വേണ്ടത്? മറ്റേ രണ്ട് അംഗങ്ങളെ കൈകാര്യം ചെയ്യാന്‍ വേണ്ട ആരോഗ്യം ഇല്ല എന്നു പറഞ്ഞാല്‍ മനസ്സിലാക്കാം. സാനുമാസ്റ്റര്‍ അങ്ങനെ പറയുന്നുമില്ല. എന്നാല്‍, ആരോഗ്യം വേണ്ടത് ഇത്തരം വിഷയത്തില്‍ വിവാദം ഉണ്ടാക്കാനാണ്. പ്രസ്താവന നടത്താനും മാധ്യമങ്ങളെ കാണാനും ചോദ്യങ്ങള്‍ക്കു മറുപടി പറയാനും വിവാദത്തിന്റെ ചൂടും പുകയും നേരിടാനുമൊക്കെയാണ് അതു വേണ്ടത്. അതും മാസ്റ്റര്‍ അനായാസേന കൈകാര്യം ചെയ്തു.

അവസാനം സാനുമാസ്റ്റര്‍ നിര്‍ദ്ദേശിച്ച ആള്‍ക്കുതന്നെ അവാര്‍ഡ് കിട്ടി. ഇനി വിവാദമില്ലെന്നും ഇല്ല,  ആ അദ്ധ്യായം അടച്ചു എന്നാണ് മാസ്റ്റര്‍ പറഞ്ഞത്. അങ്ങനെ തുറക്കാന്‍ പറയുമ്പോള്‍ തുറക്കുന്നതും അടക്കാന്‍ പറയുമ്പോള്‍ അടയുന്നതുമല്ലല്ലോ ഈ വിവാദങ്ങളൊന്നും. അവാര്‍ഡ് കമ്മിറ്റിക്കാരേക്കാള്‍ മാന്യന്മാരാണ് അവാര്‍ഡിനു പരിഗണിക്കപ്പെട്ടവരെന്നത് ഭാഗ്യം. ഇല്ലെങ്കില്‍ കുറെനാള്‍ കത്തിനില്‍ക്കുമായിരുന്നു സംഗതി. 

സുപ്രിം കോടതി ഇറങ്ങിവരട്ടെ
എക്‌സിക്യൂട്ടീവ് ഇടപാടുകള്‍ നടത്തി ശീലമില്ലാഞ്ഞിട്ടാവണം കോടതിക്ക് ചില തിരിച്ചറിവുകളുണ്ടാകാന്‍ വൈകിയത്. ജീവിതകാല സമ്പാദ്യം മുഴുവന്‍ മുടക്കി പാര്‍പ്പിടം വാങ്ങിയവര്‍ നാളെ സുപ്രിം കോടതിക്കു മുന്നില്‍ തൂങ്ങിച്ചാവുന്ന അവസ്ഥ ഉണ്ടാകരുതല്ലോ. ഇത്തരം ബാധ്യതകളൊന്നും ഭരണഘടന ജുഡീഷ്യറിയുടെ ചുമലില്‍ വെച്ചുകെട്ടിയിരുന്നില്ല. ഇതൊക്കെ എക്‌സിക്യൂട്ടീവിന്റെ പൊല്ലാപ്പുകളാണ്. സര്‍വകക്ഷിയോഗം വിളിക്കാന്‍ ചീഫ് ജസ്റ്റിസിനു പറ്റില്ലല്ലോ. എന്തായാലും ഇപ്പോള്‍ നഷ്ടപരിഹാരം തുടങ്ങി പല പ്രഖ്യാപനങ്ങളും വന്നതില്‍ എല്ലാവര്‍ക്കുമുണ്ട് സന്തോഷം.

 കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്കു നഷ്ടപരിഹാരം, വേറെ താമസത്തിനു സൗകര്യം, കരാറുകാരില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കല്‍, കെട്ടിടം പണിയാന്‍ വേറെ സ്ഥലം കണ്ടെത്തില്‍, കെട്ടിടം ബോംബിട്ടു പൊട്ടിക്കുമ്പോള്‍ കോണ്‍ക്രീറ്റ് വീണു ചാവുന്ന തദ്ദേശീയ മൃഗ-മനുഷ്യജാതികള്‍ക്കു സഹായം, ശിഷ്ടം കോണ്‍ക്രീറ്റ് കുഴിച്ചുമൂടാന്‍ അറബിക്കടലില്‍ വലിയ ഗുഹകള്‍ ണ്ടെത്തല്‍.....ഇനിയും എന്തെല്ലാം പൊല്ലാപ്പുകള്‍ കിടക്കുന്നു.
അതിനുമുന്‍പുവേണം ഇതേ സ്ഥലത്ത് വേണം വേറെ ഫ്‌ളാറ്റ് പണിയാന്‍, അതേ നിയമവിധേയമായിത്തന്നെ പണിയാം. അന്നു കെട്ടിടം പണിയാന്‍ അനുമതി ഇല്ലാതിരുന്ന സ്ഥലം, ഇനി അനുമതി കിട്ടിയാല്‍ കെട്ടിടം പണിയാവുന്ന ഉടമാണ്. അനുമതി കോടതി തരും. ചട്ടം മാറ്റുംമുമ്പാണ് അവര്‍ പണിതത്. അതു പൊളിക്കണം. ഭിക്ഷയില്ല എന്നു പറയേണ്ടത് തിരുമേനിയാണ്, കാര്യസ്ഥനല്ല. 

മുനയമ്പ്
മത്സരിക്കാന്‍ സമ്മതം കൊടുത്തിട്ടും കുമ്മനം സ്ഥാനാര്‍ത്ഥിലിസ്റ്റിലില്ലാത്തതില്‍ പാര്‍ട്ടിയില്‍ പരിഭവം.
* പാവത്തിനെ ഇത്തവണയെങ്കിലും കഷ്ടപ്പെടുത്തേണ്ട എന്നു വിചാരിച്ചതാവും കേന്ദ്രനേതാക്കള്‍. എന്തുചെയ്യും, അതും കുറ്റമായി.


No comments:

Post a comment