Tuesday, 15 October 2019

വിവരാവകാശ ശല്യക്കാര്‍വിവരാവകാശ ശല്യക്കാര്‍മാതൃകപരമാവണം മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനം എന്നു വിചാരിക്കുന്ന ചില നിഷ്‌കളങ്കരുണ്ട്. എന്നു വച്ചാല്‍ ആ ഓഫീസ് പ്രവര്‍ത്തനത്തിന്റെ മാതൃക കേമമാണെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസും അതുപോലെ ജാഗ്രത്തായി പ്രവര്‍ത്തിക്കുമല്ലോ. അത്രയേ ഉള്ളൂ. വേറെ ദുരുദ്ദേശ്യമൊന്നുമില്ല.

വിവരാവകാശം തലയില്‍ കയറിയ ചില ആളുകള്‍ തങ്ങള്‍ക്ക് ചോദിക്കാവുന്നതില്‍ വച്ചേറ്റവും മണ്ടത്തരം നിറഞ്ഞ ചോദ്യങ്ങല്‍ കണ്ടുപിടിച്ച് അടുത്തു കാണുന്ന സര്‍ക്കാര്‍ ഓഫീസിലേക്കു പാഞ്ഞുചെല്ലുന്ന സമ്പ്രദായം നാട്ടില്‍ പരക്കെ ഉള്ളതായ ചിലര്‍ പറയുന്നുണ്ട്. ഇതു നിയമസഭയിലെ ചില അംഗങ്ങളില്‍നിന്നു പഠിച്ചതാണെന്നൊരു സംസാരവും ഉണ്ട്. ഒരു നിയമസഭാംഗം സഭാസമ്മേളനത്തില്‍ ഇത്ര ചോദ്യം ചോദിക്കണം എന്നൊന്നും വ്യവസ്ഥയില്ലെങ്കിലും ഇടക്കിടെ വല്ലതും ചോദിക്കുന്നതാണ് കീഴ്വഴക്കം. വിവരാവകാശചോദ്യങ്ങളേക്കാള്‍ കിടിലന്‍ ചോദ്യങ്ങള്‍ നിയമസഭയിലും ചോദിക്കാറുണ്ട്. ഇതാ ഒരു സാമ്പിള്‍-കേരളത്തിലെ റോഡുകളില്‍ ഓരോ ദിവസവും എത്ര പേര്‍ കാല്‍നടയായി സഞ്ചരിക്കാറുണ്ട്? ഇങ്ങനെ ഒരു ചോദ്യം കിട്ടിയാല്‍ സെക്രട്ടേറിയറ്റ്് ഭരണക്കാര്‍ വെട്ടിലാവും എന്നൊന്നും ഭയപ്പെടേണ്ട. അത്തരം ചോദ്യങ്ങള്‍ക്ക്  ഉത്തരം പറയുക എളുപ്പമാണ്. വിവരം ശേഖരിച്ചു വരുന്നു എന്ന മറുപടി കിട്ടിയാല്‍ ആ നിയമസഭയുടെ കാലാവധി വരെ പിന്നെ പേടിക്കേണ്ട. വിവരം ശേഖരിക്കാന്‍ കാലാവധിയൊന്നും പറഞ്ഞിട്ടില്ലല്ലോ.

പക്ഷേ, വിവരാവകാശ ചോദ്യത്തിന് നിയമസഭാ ചോദ്യത്തേക്കാള്‍ കടുപ്പം കൂടുതലുണ്ട്. നേരാംവണ്ണം മറുപടി പറഞ്ഞില്ലെങ്കില്‍ ഉദ്യോഗസ്ഥന്റെ പിടലിക്ക് നല്ല പിഴ ഉള്‍പ്പെടെ പല ശിക്ഷകളും വന്നു വീഴും. ശിക്ഷ കിട്ടിയവരുടെ എണ്ണം എത്ര എന്നറിയില്ല. വേണമെങ്കില്‍ വിവരാവകാശപ്രകാരം ഒരു കടലാസ് കൊടുക്കാവുന്നതേ ഉള്ളൂ. നിയമസഭയിലെ ഉത്തരം മോശമായി എന്നു പറഞ്ഞ്് ഇക്കാലംവരെ ഒരാളെപ്പോലും ശിക്ഷിച്ചിട്ടില്ല എന്നാണ് അറിവ്. ഇതിനും ചോദ്യം കൊടുക്കാം. ലോകത്തിലേക്ക് വച്ചേറ്റവും മികച്ച വിവരാവകാശ നിയമമാണത്രെ നമ്മുടേത്. അത്ര നന്നാവേണ്ട എന്ന അഭിപ്രായമാണ് മോദിജിയുടെ സര്‍ക്കാറിനുള്ളത്. രണ്ടാംവട്ട വരവില്‍ ആദ്യം ചെയ്ത ഒരു കാര്യം ആ നിയമത്തിന് നല്ലൊരു അടി കൊടുക്കുകയായിരുന്നു. ജീവന്‍ പോയിട്ടില്ല. അതു ഘട്ടം ഘട്ടമായി ശരിയാക്കിക്കൊള്ളും.

കേരളത്തിലായാലും കേരളത്തിലായാലും ഭരണം ഭരണം തന്നെയാണല്ലോ. ഇടതുപക്ഷക്കാര്‍ക്ക്-പ്രത്യേകിച്ച് കമ്യൂണിസ്റ്റുകാര്‍ക്ക്-വിവരാവകാശ നിയമത്തെക്കുറിച്ച് വലിയ സൈദ്ധാന്ത്കി നിലപാടുകളൊന്നുമില്ല. കമ്യൂണിസ്റ്റ് രാജ്യങ്ങളിലെവിടെയെങ്കിലും വിവരാവകാശ നിയമമുണ്ടായതായി  അറിവില്ല. ഇത്തരം നിയമങ്ങളെല്ലാം ബൂര്‍ഷ്വാ ചപ്പടാച്ചികളാ കരുതിയിരിക്കാനേ തരമുള്ളൂ. പക്ഷേ, പാര്‍ട്ടി പ്രതിപക്ഷത്താണ് ഇരിക്കുന്നതെങ്കില്‍ നിയമം കൊള്ളാം എന്നൊരു അഭിപ്രായം സഖാക്കള്‍ക്കുണ്ട്. ഭരണത്തിലാണെങ്കില്‍ സംഗതി ശല്യാണ്, വല്ലാതെയങ്ങ് പ്രോത്സാഹിപ്പിക്കേണ്ട കാര്യമൊന്നുമില്ല, അല്ലേ സഖാവേ? നേരത്തെ പറഞ്ഞ തരം വിവരാവകാശ ശല്യക്കാര്‍ സംസ്ഥാന സര്‍ക്കാറിന്റെ സല്‍ഭരണത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നോട്ടമിടുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ അത്തരക്കാര്‍ക്ക് ഉരുളക്കുപ്പേരി ടൈപ്പ് മറുപടികള്‍ കൊടുത്തു തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെ മാതൃകയാക്കി മറ്റ് ഓഫീസുകളില്‍ ഇതു അനുകരിക്കാവുന്നതാണ്. അതിന്റെ സാമ്പിളുകള്‍ ഒരു ഭൂലോക ബൂര്‍ഷ്വ പത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.(പത്രത്തിന്റെ പേരു പറയില്ല എന്നതാണ് കീഴ്വഴക്കം. എന്തായാലും ഈ പത്രത്തിലല്ല) 

മൂന്നു ഉരുളന്‍ ചോദ്യങ്ങള്‍ക്കുള്ള ഉപ്പേരി മറുപടികള്‍ ചുവടെ:
ചോ: യൂറോപ്യന്‍ രാജ്യങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയപ്പോള്‍ എത്ര ധാരണപത്രം ഒപ്പിട്ടു?
ഉ: ഇവിടെ അറിയില്ല. ചീഫ് സിക്രട്ടറിയുടെ ഓഫീസില്‍ ചോദിക്കൂ

ചോ: നാം മുന്നോട്ട് എന്ന പരിപാടിയുടെ ചെലവെത്ര?
ഉ: പി.ആര്‍.ഡി ഓഫീസില്‍ ചോദിക്കൂ

ചോ: വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട എത്ര പേര്‍ക്ക് പതിനായിരം രൂപ നല്‍കി, എത്ര പേര്‍ക്ക് ചികിത്സസഹായം നല്‍കി?
ഉ: റവന്യൂ വകുപ്പില്‍ ചോദിക്കൂ

ഈ ജാതി ഇഷ്ടംപോലെയുണ്ട് പത്രത്തിലെ ചോദ്യോത്തര പംക്തിയില്‍.

വിവരാവകാശ ചോദ്യത്തിനു ഒരു ഓഫീസില്‍ ഉത്തരം ലഭ്യമല്ലെങ്കില്‍ അത് ലഭ്യമാകുന്ന ഓഫീസിലേക്ക് ചോദ്യം കൈമാറുകയും വിവരം ചോദ്യകര്‍ത്താവിനെ അറിയിക്കുകയും ചെയ്യണമെന്നു നിയമത്തില്‍ വ്യവസ്ഥയുണ്ടത്രെ. ഏത്് ഓഫീസിലാണ് ചോദിക്കേണ്ടത് എന്ന് അറിയിച്ചിട്ടുണ്ടല്ലോ. പോയി വേറെ പണി നോക്ക് എന്നൊന്നും പറഞ്ഞിട്ടില്ലല്ലോ. ആ നിലയ്ക്ക് മു.ഓഫീസ് നല്‍കിയ ഉത്തരത്തിലെ കല്പന അനുസരിച്ചാല്‍ എന്താണ് ചേതം?

ബാലിശം, വെറുംശല്യം, അപ്രസക്തം എന്നീ യോഗ്യതകളുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതില്ല എന്നൊരു വകുപ്പ് ചേര്‍ക്കാന്‍ മുമ്പ് കേന്ദ്രത്തില്‍ ശ്രമം നടന്നിരുന്നു. അതൊന്നും നടന്നില്ല. ഇപ്പോള്‍ അതിനു പറ്റിയ കാലാവസഥ രൂപപ്പെട്ടിട്ടുണ്ട്. യു.പി.എ കാലമല്ല, എന്തു ചെയ്യാനും മടിയില്ലാത്ത മോദിജി, ഷാജി ഭരണമാണ്. ആവശ്യമായ ഭേദഗതി വന്നാല്‍ ഒരു വിധപ്പെട്ട ചോദ്യങ്ങളെയെല്ലാം ഒന്നുകില്‍ ബാലിശം, അല്ലെങ്കില്‍ അപ്രസക്തം, അതുമല്ലെങ്കില്‍ വെറുംശല്യം പട്ടികയില്‍ പെടുത്തി അപ്പംതന്നെ കില്‍ ചെയ്യാവുന്നതേ ഉള്ളൂ. ചോദ്യം വെറും ശല്യമാണോ ബാലിശമാണോ എന്നൊക്കെ തീരുമാനിക്കേണ്ടത് ചോദ്യം ചോദിക്കുന്നവനല്ല, ഉത്തരം പറയുന്നവനാണ് എന്നൊരു ഉപവകുപ്പ് കൂടി വേണം കേട്ടാ. അതുണ്ടെങ്കില്‍ ചോദ്യത്തെ മാത്രമല്ല, നിയമത്തെത്തന്നെ കില്‍ ചെയ്യാം, കുഴിച്ചിടുകയും ചെയ്യാം.

കടപ്പുറത്തെ  മിടുക്ക്  
പ്രധാനമന്ത്രി രാവിലെ നടത്തം നടത്തിയേക്കാന്‍ സാധ്യതയുള്ള കടലോരമായിട്ടും, സുരക്ഷാസേനാംഗങ്ങള്‍ ഓരോ ഇഞ്ചും അരിച്ചു പെറുക്കുന്ന പ്രദേശമായിട്ടും പ്രധാനമന്ത്രിക്കു പെറുക്കാന്‍ ആവശ്യമായത്ര നല്ല വൃത്തിയുള്ള കുപ്പികളും പ്ലാസ്റ്റിക് ഷീറ്റുകളും മറ്റും ഉണ്ടായിരുന്നത് വളരെ ബുദ്ധിപൂര്‍വം ആയി എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുവഴി സുരക്ഷാസൈനികര്‍ അഡ്വാന്‍സ് പോയിരുന്നുവെങ്കില്‍ ബുദ്ധിശൂന്യന്മാര്‍ അതെല്ലാം പെറുക്കിക്കളയുമായിരുന്നു. അതും ഒഴിവാക്കിയല്ലോ. ഭാഗ്യം.

പാശ്ചാത്യരാജ്യങ്ങളിലൊക്കെ ഇങ്ങനെ ഒരേര്‍പ്പാട് ഉണ്ടത്രെ. രാവിലെ നടക്കാന്‍ പോകുമ്പോള്‍ ഒരു സഞ്ചി കൈയില്‍ കരുതുക. എന്നിട്ട് വഴിയില്‍ കാണുന്നതെല്ലാം പെറുക്കിയെടുക്കുക. അവിടെ പെറുക്കാന്‍ വല്ലതും കിട്ടിയാല്‍ ഭാഗ്യമായി എന്നേ കരുതാന്‍ പറ്റൂ. ഇതു ചെയ്യുന്നതിനു ഒപ്പം ഫോട്ടോഗ്രാഫര്‍മാരെ കൂട്ടാറുണ്ടോ, ഫോട്ടോ ട്വിറ്ററില്‍ ഇടാറുണ്ടോ എന്നൊന്നും വ്യക്തമല്ല. നമ്മുടെ കേരളത്തിലും രാവിലെ നടപ്പിന് സഞ്ചി കരുതുന്ന മിടുക്കന്മാര്‍ ഉണ്ട്്. പക്ഷേ, വീട്ടിലെ വെയ്സ്റ്റ് ആണ് കൈയില്‍ കരുതാറുള്ളത്-വഴിയില്‍ കളയാന്‍. പ്രധാനമന്ത്രിയുടെ സന്ദേശം ഉള്‍ക്കൊണ്ട് നാളെ മുതല്‍ മോദി രസികര്‍ മന്റ്രത്തില്‍ പെട്ടവര്‍ ചെന്നൈയിലെങ്കിലും പെറുക്ക് തുടരുമെന്നാണ് കരുതേണ്ടത്. കേരളത്തില്‍ അതിനു സാധ്യതയില്ല. ഇവിടെ നടക്കാന്‍ പോകുന്ന ഓരോ കിലോമീറ്ററെങ്കിലും വേസ്റ്റ് ശേഖരിക്കണമെങ്കില്‍ സഞ്ചിയൊന്നും പോര, പെട്ടി ഓട്ടോ എങ്കിലും വേണ്ടിവരും. 

വ്യക്തിപ്രഭാവ നിര്‍മിതിയാണ്, ജാഡയാണ്, അഭിനയമാണ്, ആളെപ്പറ്റിക്കലാണ് എന്നെല്ലാം കുറ്റം പറയുന്ന അസൂയാലുക്കള്‍ നാട്ടില്‍ ധാരാളമുണ്ട്.് അവരെയൊന്നും വിലവെക്കാതെ മോദിജി മുന്നോട്ടു പോകട്ടെ. അടുത്ത യാത്രയിലെ ഐറ്റം ഇപ്പോള്‍തന്നെ പ്ലാന്‍ ചെയ്യണം. ഈ സാമ്പത്തികമാന്ദ്യത്തിനും മറ്റനവധി  മോശം വാര്‍ത്തകള്‍ക്കുമിടയില്‍ ഇങ്ങനെ ചിലതെങ്കിലും ഉണ്ടാകട്ടെ ജനത്തിന് ഒന്നു സന്തോഷിക്കാന്‍....

മുനയമ്പ്
ഉപതിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി. യോഗം ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്നു ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍......
* പിതാജി ആത്മീയ കാര്യങ്ങള്‍ നോക്കിയാല്‍ മതി. പിന്തുണ, കൈത്തുണ തുടങ്ങിയ കച്ചോടങ്ങളെല്ലാം പുത്രന്‍ നടത്തിക്കൊള്ളും

Suprabhatham Daily dt 15 Oct 2019

No comments:

Post a comment