Sunday, 6 October 2019

വ്യാജവാര്‍ത്തകളുടെ കൊടുങ്കാറ്റിലും സത്യം കണ്ടെത്താം

ഡെഡ്എന്‍ഡ്
എന്‍.പി രാജേന്ദ്രന്‍


വ്യാജവാര്‍ത്തകളുടെ 
കൊടുങ്കാറ്റിലും 
സത്യം കണ്ടെത്താം 


ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഒരു ഫോട്ടോ കുറച്ചായി ഒരു വിഭാഗം ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അടിക്കുറിപ്പ് പ്രകാരം അത്് 1962-ല്‍  എടുത്ത ഫോട്ടോ ആണ്. സന്ദര്‍ഭവിവരണം ഇങ്ങനെ- വിദ്യാനന്ദ് വിദേഹ് എന്ന സ്വാമി ഒരു പൊതുയോഗത്തില്‍ പ്രധാനമന്ത്രിയുടെ മുഖത്തടിച്ചപ്പോഴുണ്ടായ ബഹളമാണ് ചിത്രത്തിലേത്.  ആര്യന്മാര്‍ ഇന്ത്യയിലേക്ക് കുടിയേറിയവരാണ് എന്ന് നെഹ്‌റു പ്രസംഗിച്ചതില്‍ ക്ഷോഭിച്ചാണ്, ആ യോഗത്തിലെ അദ്ധ്യക്ഷന്‍ കൂടിയായ സ്വാമി തല്‍ക്ഷണം നെഹ്‌റുവിനെ അടിച്ചത്. നമ്മുടെയെല്ലാം പൂര്‍വികരായ, ഇന്ത്യയുടെ യഥാര്‍ത്ഥ അവകാശികളായ ആര്യന്മാരെക്കുറിച്ച് ഇത്രയും വലിയ പച്ചക്കള്ളം പറഞ്ഞാല്‍ നെഹ്‌റുവിനെ അടിക്കാതെ പറ്റുമോ.....

എത്ര ലക്ഷം ആളുകളിലേക്ക് ഈ ഫോട്ടോവാര്‍ത്ത എത്തിയിട്ടുണ്ടെന്ന് പറയാനാവില്ല. കുറെപ്പേര്‍ക്ക് ഇതേ ഫോട്ടോ, 1962-ല്‍ ചൈന യുദ്ധത്തില്‍ ഇന്ത്യ തോറ്റപ്പോള്‍ കുപിതരായ ജനങ്ങള്‍ നെഹ്‌റുവിനെ മര്‍ദ്ദിച്ചപ്പോഴെന്ന കുറിപ്പോടെയും പ്രചരിപ്പിക്കുന്നുണ്ട്. വ്യാജഫോട്ടോവിന്റെയും വ്യാജവാര്‍ത്തയുടെയും ഈ കാലത്ത് ഒന്നിനെയും വിശ്വസിച്ചുകൂടാ എന്നു അനേകം അനുഭവങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ചൂണ്ടിക്കാട്ടിയ നെഹ്‌റു ഫോട്ടോയെക്കുറിച്ച്, അതിലെ സത്യാസത്യത്തെക്കുറിച്ച് നിരവധി  സത്യാന്വേഷണ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പരിശോധിക്കുകയുണ്ടായി. അതെ, ഓണ്‍ലൈന്‍ രംഗത്ത് വ്യാജവാര്‍ത്തകളുടെ കൊടുങ്കാറ്റടിക്കുമ്പോള്‍ നിരവധി വ്യക്തികളും സംഘടനകളും വ്യാജവാര്‍ത്തകളുടെ തനിനിറം പുറത്തെത്തിക്കാന്‍ നിരന്തരം പരിശ്രമിക്കുന്നുണ്ട്. നാം സാമൂഹ്യമാധ്യമങ്ങളില്‍ വായിക്കുന്ന വാര്‍ത്തകളില്‍ നല്ലൊരു ഭാഗം വ്യാജവാര്‍ത്തകളാണെന്നു ഭൂരിപക്ഷമാളുകള്‍ക്കും അറിയില്ല. സത്യത്തെയും വ്യാജത്തെയും വേര്‍തിരിക്കാന്‍ രാപകല്‍ പരിശ്രമിക്കുന്ന വ്യക്തികളും  സംഘടനകളും ഇന്റര്‍നെറ്റ് സൈറ്റുകളും സംഘടനകളും ഉണ്ട് എന്ന കാര്യവും നല്ലൊരു ഭാഗം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് അറിഞ്ഞു കൂടാ.

്പുതിയ ഓണ്‍ലൈന്‍ പ്രയോഗമനുസരിച്ച് 'വൈറല്‍' ആയ നെഹ്‌റു ഫോട്ടോയെക്കുറിച്ച് ബൂംലൈവ്‌ഡോട്ഇന്‍(boomlive.in) എന്ന വെബ്‌സൈറ്റ് നടത്തിയ അന്വേഷണത്തില്‍ ആ ഫോട്ടോയുടെ യഥാര്‍ത്ഥ സന്ദര്‍ഭം കണ്ടെത്താനായി. പട്‌നയില്‍ നടന്ന ഒരു കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ വലിയ വിഭാഗം പാര്‍ട്ടിക്കാര്‍ ബഹളമുണ്ടാക്കിയപ്പോള്‍ ക്ഷുഭിതനായി ആള്‍ക്കൂട്ടത്തിലേക്ക് ചാടിയിറങ്ങാന്‍ ശ്രമിച്ച നെഹ്‌റുവിനെ വേദിയിലെ മറ്റു നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും തടയുന്ന ഫോട്ടോ ആയിരുന്നു അത്. അസോസിയേറ്റ് പ്രസ് വാര്‍ത്താ ഏജന്‍സിയുടെ ആര്‍ക്കൈവില്‍ സൂക്ഷിച്ചിട്ടുണ്ട്. ബൂണ്‍ലൈവ് മാധ്യമം 1966 ജനവരി ആറാം തിയ്യതിയിലെ് ദി ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ പത്രത്തില്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത കണ്ടെത്തുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. 

ഒരു സമീപകാല അനുഭവം എടുത്തുപറഞ്ഞെന്നേ ഉള്ളൂ. ബൂംലൈവ് ഈ രംഗത്തെ ഒറ്റപ്പെട്ട സ്ഥാപനമല്ല. അടുത്തകാലത്തായി നിരവധി സ്ഥാപനങ്ങള്‍ സത്യാന്വേഷണ രംഗത്ത് സജീവമാണ്. മാധ്യമപ്രവര്‍ത്തകര്‍തന്നെ മുന്‍കൈ എടുത്ത് സ്ഥാപിച്ച ആദ്യത്തെ സത്യാന്വേഷണ സ്ഥാപനമാണ് ബൂണ്‍ലൈവ് എന്ന് അവരുടെ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നുണ്ട്. മാസ/ വര്‍ഷ വരിസംഖ്യ നല്‍കുന്നവര്‍ക്ക് വാട്‌സ്ആപ്പ് മുന്നറിയിപ്പുകളും സത്യാന്വേഷണ റിപ്പോര്‍ട്ടുകളും അവര്‍ അയച്ചുകൊടുക്കും.

ഈ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്തുന്ന മറ്റൊരു സ്വതന്ത്ര സ്ഥാപനമാണ് ആള്‍ട്‌ന്യൂസ്‌ഡോട്ഇന്‍(altnews.inaltnews.in). 1,32,000 അനുയായികളുള്ള ഈ സത്യാന്വേഷണസ്ഥാപനം കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ, സത്യത്തെക്കുറിച്ച് സംശയം തോന്നുന്ന ഏതു വാര്‍ത്തയെക്കുറിച്ചും അന്വേഷണം നടത്തി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചുവരുന്നു. എന്തു തരം അന്വേഷണമാണ് നടത്തിയതെങ്ങും എങ്ങനെയാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നും വിശദമായി റിപ്പോര്‍ട്ട് ചെയ്യും. സുതാര്യതയ്ക്ക് ഇതാവശ്യമാണ് എന്നവര്‍ പറയുന്നു. ഗുജറാത്തില്‍ പൗരാവകാശരംഗത്തു പ്രവര്‍ത്തിക്കുന്ന നിര്‍ഝരി സിന്‍ഹയും അഹ്മദാബാദില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞന്‍ മുര്‍ലിധര്‍ ദിയോമുരാരിയുമാണ് ആ സ്ഥാപനത്തിന്റെ ഡയറക്റ്റര്‍മാര്‍. പൗരാവകാശപ്രവര്‍ത്തകനായ പ്രതിക് സിന്‍ഹയുടെ നേതൃത്വത്തിലാണ് എഡിറ്റോറിയല്‍, വിവരാന്വേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

സംഘപരിവാര്‍ അതിന്റെ മുഖ്യശത്രുവായി കണക്കാക്കുന്നത് ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയാണ്. സമത്വം, യുക്തിബോധം, മതനിരപേക്ഷത, മതസഹിഷ്ണത തുടങ്ങിയ നെഹ്‌റുവിയന്‍ ആശയങ്ങളോട് സംഘപരിവാര്‍ അസഹിഷ്ണത പുലര്‍ത്തുന്നതില്‍ അത്ഭുതമില്ല. നെഹ്‌റുവിനെ പരമാവധി ഇടിച്ചുതാഴ്ത്തുന്നതിനുള്ള വ്യാജകഥകളുടെ നിര്‍മാണശാലയായി സംഘപരിവാര്‍ ബുദ്ധിജീവി ആസ്ഥാനം മാറിയിട്ടുണ്ട്. നെഹ്‌റു രണ്ടു യുവതികളെ കെട്ടിപ്പിടിക്കുന്നതാണ്്(ഒരാള്‍ സഹോദി വിജയലക്ഷ്മി പണ്ഡിറ്റും മറ്റൊരാള്‍ മരുമകള്‍ നയന്‍താര സെഹ്ഗളുമാണ്)വളരെ മോശമായ അടിക്കുറിപ്പോടെയാണ് ഈ ഫോട്ടോ പ്രചരിപ്പിക്കപ്പെട്ടത്. യുദ്ധക്കുറ്റവാളിയായ സുഭാഷ് ചന്ദ്രബോസിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നെഹ്‌റു ബ്രിട്ടീഷ് പ്രധാനമന്ത്രിക്കയച്ചതായി കാണിക്കുന്ന കത്ത്, ഞാന്‍ വിദ്യാഭ്യാസം കൊണ്ട് ഇംഗ്ലീഷുകാരനും സംസ്‌കാരം കൊണ്ട് മുസ്ലിമും അബദ്ധവശാല്‍ ഹിന്ദുവും ആണെന്നു നെഹ്‌റു പറഞ്ഞതായ ഉദ്ദരണി തുടങ്ങി ഏഴ്് ഞെട്ടിക്കുന്ന പച്ചക്കള്ളങ്ങള്‍ ആള്‍ട്‌ന്യൂസ് പൊളിച്ചടുക്കിയിട്ടുണ്ട്.(https://www.altnews.in/never-ending-propaganda-to-malign-jawaharlal-nehru-an-alt-news-compilationhttps://www.altnews.in/never-ending-propaganda-to-malign-jawaharlal-nehru-an-alt-news-compilation/) ഈ വ്യാജവാര്‍ത്തകള്‍ കാണുന്ന ആര്‍ക്കും ഒറ്റ നോട്ടത്തില്‍തന്നെ അതിന്റെ നിജസ്ഥിതിയെക്കുറിച്ച് സംശയം തോന്നും. പക്ഷേ,  അത്രയെങ്കിലും സാമാന്യബുദ്ധിയുള്ളവരെയല്ലല്ലോ ചില പ്രസ്ഥാനങ്ങള്‍ ലക്ഷ്യമിടാറുള്ളത്.

ഒരു മുസ്ലിം പള്ളിയുടെ മുന്നില്‍ ബുര്‍ഖ ധരിച്ചുനില്‍ക്കുന്ന പുരുഷനെ കത്തിയുമായി പിടികൂടിയെന്നും അത് ആര്‍.എസ്.എസ് കാരനായിരുന്നു എന്നും പറയുന്ന വ്യാജവാര്‍ത്ത സംഘവിരുദ്ധര്‍ പ്രചരിപ്പിച്ചിരുന്നു. ആള്‍ട്‌ന്യൂസ് ആണ് അതിലെ കള്ളത്തരം കണ്ടെത്തിയത്. ആര്‍.എസ്.എസ് -ഹിന്ദുത്വവിരുദ്ധ വ്യാജവാര്‍ത്തകളും ഉണ്ടാകാറുണ്ട് എന്നു വ്യക്തം. പക്ഷേ, അവ എണ്ണത്തില്‍ കുറവാണ്.


ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യാജവാര്‍ത്ത പ്രചാരണത്തിന്റെ ഉള്ളുകള്ളികള്‍ വെളിവാക്കുന്ന പുസ്തകം ആള്‍ട്‌ന്യൂസ് എഡിറ്റര്‍ പ്രതിക് സിന്‍ഹയും മറ്റു രണ്ടു പേരും ചേര്‍ന്ന് എഡിറ്റ് ചെയ്ത് പുറത്തിറക്കിയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. ഇന്ത്യ മിസ്ഇന്‍ഫോംഡ്്്:  ദി ട്രൂ സ്റ്റോറി എന്നാണ് പുസ്തകത്തിന്റെ ശീര്‍ഷകം

മോദി ആരാധകരുടെ വലിയ സംഘങ്ങളിലൂടെയാണ്  ദേശീയതലത്തിലുള്ള വ്യാജപ്രചാരണങ്ങളേറെയും നടക്കുന്നത്. പലതിന്റെയും നിര്‍മാതാക്കളും ഇവര്‍തന്നെ. 30 ലക്ഷം അംഗങ്ങളുള്ള 'വി സപ്പോര്‍ട്ട് നരേന്ദ്രമോദി' എന്ന ഫെയ്‌സ്ബുക് ഗ്രൂപ്പ് ആണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് എന്ന് സ്‌ക്രോള്‍.ഇന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട് (https://scroll.in/article/919736/a-pro-modi-facebook-group-with-2-9-million-members-has-become-a-hotbed-of-fake-neswttps://scroll.in/article/919736/a-pro-modi-facebook-group-with-2-9-million-members-has-become-a-hotbed-of-fake-nesw)  ചൂണ്ടിക്കാട്ടുന്നു. 2016-ല്‍ പത്തു ലക്ഷം അംഗങ്ങളുണ്ടായിരുന്ന കാലത്തുതന്നെ ലോകത്തിലെ ഏറ്റവും വലിയ ഫെയ്‌സ്ബുക് ഗ്രൂപ്പ് ഇതാണെന്ന അവകാശവാദം ഉണ്ടായിരുന്നു.

ഈ മുഖ്യഗ്രൂപ്പില്‍ അംഗങ്ങളാണ് വേറെ 600 ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകള്‍. ഏത് മുഖ്യധാര വാര്‍ത്താമാധ്യമത്തേക്കാള്‍ വേഗതയില്‍ എന്തു കഥയും കോടിക്കണക്കിന് ആളുകളിലേക്ക് എത്തിക്കാന്‍ ഈ ഗ്രൂപ്പുകള്‍ക്ക് കഴിയും. ഒരു മാധ്യമത്തിലും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത വ്യാജവാര്‍ത്തകള്‍ കുടുംബഗ്രൂപ്പുകളില്‍ വരെ എത്തിക്കാന്‍ സംഘപരിവാറിന് ഇപ്പോള്‍ വിപുലമായ സംവിധാനമുണ്ട്. വാട്‌സ്ആപ്പ് പോലുള്ള ഗ്രൂപ്പുകളുടെ വലിയ ഗുണം അല്ലെങ്കില്‍ ദോഷം വ്യാജം തിരിച്ചറിയാന്‍ ആഗ്രഹമുള്ളവരെയൊന്നും ആ ഗ്രൂപ്പില്‍ അംഗമാക്കുകയേ ഇല്ല എന്നതാണല്ലോ. കള്ളമാണെന്നു അറിഞ്ഞാലും ഒരാള്‍ക്ക് എന്തു ചെയ്യാന്‍ പറ്റും?

വ്യാജവാര്‍ത്താ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ അപൂര്‍വം മുഖ്യധാര ആനുകാലികങ്ങളും സജീവമായി പങ്കാളികളാകുന്നുണ്ട്. ഇന്ത്യാടുഡെയിലെ ഫാക്റ്റ് ചെക്ക് ( https://www.indiatoday.in/fact-check  സെക്ഷന്റെ പ്രവര്‍ത്തനത്തിലൂടെ നൂറുകണക്കിന് കള്ളക്കഥകളുടെ തൊലിയൂരിപ്പോയിട്ടുണ്ട്. ദ്ി ക്വിന്റ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ ഒരു സെക്ഷന്‍ -https://www.thequint.com/news/webqoof- വ്യാജവാര്‍ത്താന്വേഷണത്തിന് നീക്കിവച്ചിട്ടുള്ളതാണ്. വേറെയും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഇത്തരം വിഭാഗങ്ങളുണ്ട്.

ഇത്രയും കാലം ഫോട്ടോഷോപ്പ് ആയിരുന്നു മിക്ക വ്യാജനിര്‍മിതികള്‍ക്കും വിശ്വാസ്യത നല്‍കിയിരുന്ന സാങ്കേതികവിദ്യ. ഫോട്ടോ കള്ളം പറയില്ല എന്നൊരു തത്ത്വം ഉണ്ടായിരുന്നു, മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ്. ഇന്ന് ഫോട്ടോ കള്ളമേ പറയൂ എന്ന സ്ഥിതി ഉണ്ടായിക്കഴിഞ്ഞു. ഏതു ഫോട്ടോയും ഏതു രീതിയില്‍ മാറ്റാനും ഫോട്ടോഷോപ്പ് സാങ്കേതികവിദ്യക്കു കഴിയും. വ്യാജവാര്‍ത്താനിര്‍മാണം ഒരു പരിധി കൂടി മുന്നോട്ടു കടക്കുകയാണ്. ഫെയ്ക്കിനേക്കാള്‍ കഠിനമാണ് ഡീപ്പ് ഫെയ്ക് എന്നു വിളിക്കപ്പെടുന്ന വ്യാജ വീഡിയോ നിര്‍മാണം. അത്യാധുനികമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സങ്കേതങ്ങള്‍വരെ ഇതിനായി ഉപയോഗിക്കുന്നു. ഒറിജിനല്‍ വീഡിയോ അപ്പാടെ മാറ്റി പുതിയ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന വീഡിയോകള്‍  ആരെക്കുറിച്ചും ഉണ്ടാക്കാം. സാമൂഹ്യമാധ്യമ ആചാര്യന്‍ സക്കര്‍ബര്‍ഗ്ഗിന്റെ വ്യാജശബ്ദവും വ്യാജമുഖവുമായി കൃത്രിമമായി ഉണ്ടാക്കിയത് കണ്ട് സക്കര്‍ബര്‍ഗ് തന്നെ ഞെട്ടിയിട്ടുണ്ട്. ദൈവംതമ്പുരാനു പോലും ഇത്തരം വീഡിയോകള്‍ തിരിച്ചറിയാനാവില്ല!

എല്ലാ കള്ളക്കഥകളുടെയും നിര്‍മാതാക്കള്‍ സംഘപരിവാറാണ് എന്ന് ധരിക്കാനാവില്ല. പക്ഷെ, ബഹുഭൂരിപക്ഷത്തിന്റെയും ഉത്ഭവകേന്ദ്രം ഈ പ്രത്യയശാസ്ത്രം പിന്തുടരുന്നരാണ് എന്നത് സത്യമാണ്. എന്നാല്‍, മതപരവും വാണിജ്യപരവും ആയ ലക്ഷ്യങ്ങളോടെ കള്ളക്കഥകളും വ്യാജശാസ്ത്രങ്ങളും വ്യാജരോഗശുശ്രൂഷയുമെല്ലാം ജനങ്ങളിലെത്തുന്നുണ്ട്. നമ്മുടെ ഉള്ളിലുള്ള വിശ്വാസങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒത്തുനില്‍ക്കുന്നതാണ് ഒരു വാര്‍ത്ത/വീഡിയോ എങ്കില്‍ അതു വിശ്വസിക്കുകയും കണ്ണില്‍കണ്ടവര്‍ക്കെല്ലാം അയച്ചുകൊടുക്കുകയും ചെയ്യുക എന്നതാണ് പൊതുരീതി. ഒരു പ്രത്യേക ഉദ്ദേശ്യവും ഇല്ലാതെ ഫോട്ടോകളും വാര്‍ത്തകളും കൃത്രിമം കാട്ടി ആളുകളെ അമ്പരപ്പിക്കുക എന്നത് ഒരു വിനോദമാക്കി മാറ്റിയവരും ധാരാളമുണ്ട്. അവര്‍ക്ക് ദുരുദ്ദേശമുണ്ടാവില്ലായിരിക്കാം. എന്നാല്‍ അവരും അപകടകാരികളാണ്.

അച്ചടിക്കുന്നതെന്തും സത്യമാണ് എന്ന് ജനങ്ങള്‍ വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന്്, ഇന്റര്‍നെറ്റില്‍ വരുന്നതെല്ലാം ആധികാരികവുമാണെന്നു വിശ്വസിക്കുന്നവര്‍ ധാരാളമാണ്. അതുണ്ടാക്കുന്ന വിപത്താവട്ടെ, മുന്‍പൊന്നുമില്ലാത്ത വിധം അതിമാരകവുമാണ്. ഈ പ്രവണതയെ നേരിടാന്‍ ഇതിന്റെ വാഹകരായ സോഷ്യല്‍ മീഡിയ വിചാരിച്ചാല്‍ സാധിക്കില്ല. സാമൂഹ്യമാധ്യമം ഉപയോഗിച്ച് നാടൊട്ടുക്കും മലിനമാക്കുന്ന വ്യാജവാര്‍ത്തകളുടെ സത്യാവസ്ഥ ജനങ്ങളില്‍ എത്തിക്കാന്‍ പരമ്പരാഗത മാധ്യമങ്ങള്‍ക്കു കഴിയുമോ എന്നറിയില്ല. അവര്‍ അതിനു ശ്രമിക്കുന്നു പോലുമില്ലല്ലോ.

( Padabhedam Oc 2019)
.

No comments:

Post a comment