Tuesday, 26 November 2019

ചുമ്മാ കുറെ വ്യാജ ചാണക്യന്മാര്‍

അപശബ്ദം
എന്‍പിയാര്‍

ചുമ്മാ കുറെ വ്യാജ ചാണക്യന്മാര്‍

ഓര്‍ക്കാപ്പുറത്ത് ഇരുട്ടടി കിട്ടിയ മഹാരാഷ്ട്രയിലെ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ക്ക്് ഇനിയും ബോധം തെളിഞ്ഞതിന്റെ ലക്ഷണമില്ല. കോണ്‍ഗ്രസ് യുഗത്തിലെ അവശേഷിക്കുന്ന വൃദ്ധചാണക്യനാണ് ശരദ് പവാര്‍. മുഖ്യമന്ത്രിയാകാന്‍ 38ാം വയസ്സില്‍ കോണ്‍ഗ്രസ്സിനെ കാലുവാരിയ ആളാണ്. ഇദ്ദേഹത്തിനും ചുമ്മാ നടക്കുന്ന ബി.ജെ.പി വിരുദ്ധ ചാണക്യന്മാര്‍രും   ഒരു കാര്യം മനസ്സിലായിക്കാണണം. ബി.ജെ.പി യില്‍ ഒരു ചാണക്യനൊന്നുമല്ല ഉള്ളത്. ഏതാണ്ട് എല്ലാവരും പുതിയ ഇനം ചാണക്യന്മാരാണ്.

ബി.ജെ.പിയെ തോല്‍പ്പിച്ച്്് മന്ത്രിസഭയും മറ്റും ഉണ്ടാക്കണമെങ്കില്‍ വെറുതെ ചാണക്യന്‍ എന്നും മറ്റും പറഞ്ഞുനടന്നിട്ട് ഒരു കാര്യവുമില്ല. മൗര്യസാമ്രാജ്യകാലത്തിലെങ്ങാനും ഉണ്ടായിരുന്ന കക്ഷിയാണ് ചാണക്യന്‍. എതിരിടാന്‍ വേറെ ചാണക്യന്മാരൊന്നും ഇല്ലാഞ്ഞതുകൊണ്ട് വെച്ചതു വേലയായി കുറെക്കാലം തിളങ്ങിയിരിക്കാം. പോരാത്തതിന് അന്നു വോട്ടും പാര്‍ട്ടിയുമൊന്നും ഉണ്ടായിരുന്നില്ലല്ലോ. ഇവിടെയിപ്പോള്‍ പഞ്ചായത്ത് വാര്‍ഡ് തലംമുതല്‍ കുതന്ത്രം പയറ്റി വളര്‍ന്നു വികസിച്ച് രാജ്യം ഭരിക്കുന്നവരോട് കളിക്കാന്‍ പഴഞ്ചന്‍ ചാണക്യസൂത്രം ഉരുവിട്ടിട്ടൊന്നും കാര്യമില്ല.

ബുദ്ധിയും കൗശലവുമാണ് ജയത്തിന് ആധാരമെന്നത് വെറും തെറ്റിദ്ധാരണയാണ്. സത്യം, ശരി, തത്ത്വദീക്ഷ, നിയമം, ഭരണഘടന തുടങ്ങിയവയെ ഒന്നും ഒട്ടും വിലവെക്കരുത്. കാര്യം നേടാന്‍ ചെയ്യേണ്ടതെന്തും ചെയ്യണം. നിയമമോ തത്ത്വമോ ഭരണഘടനയോ മറ്റോ എതിരു നില്‍ക്കുന്നുണ്ടെങ്കില്‍ അതിനെ മറികടക്കാന്‍ കുറുക്കുവഴി തേടാം. പണം കൊടുക്കണമെങ്കില്‍ കൊടുക്കാം. തല്ലണമെങ്കില്‍ തല്ലാം, കൊല്ലണമെങ്കില്‍ കൊല്ലാം. 70,000 കോടി കട്ടതിന് ജയിലില്‍ ഇടും എന്നു പറഞ്ഞുപോയല്ലോ എന്നൊന്നും ചിന്തിക്കരുത്. ആ കട്ടവനെ ഉപമുഖ്യമന്ത്രിയാക്കാം. അത്രയേ ഉള്ളൂ. ഇതിനു ചുമ്മാ ചാണക്യനെയും ചാര്‍വാകനെയും കണാദനെയും ഒന്നും കൂട്ടുപിടിക്കേണ്ട കാര്യമില്ല. 

കോണ്‍ഗ്രസ്സുകാര്‍ക്ക് എന്തു ചെയ്യാനും ശങ്കയാണ്, പണ്ടേ. അടിസ്ഥാനപരമായി എന്‍.സി.പിയും കോണ്‍ഗ്രസ്സുതന്നെയാണല്ലോ. ഇവര്‍ക്കും  ശങ്ക വിട്ട നേരമില്ല. ചെയ്യുന്നത് ശരിയോ, അതു പ്രയോജനപ്പെടുമോ, തിരിച്ചടി ഉണ്ടാകുമോ, ജനങ്ങള്‍ തെറ്റിദ്ധരിക്കുമോ, ചീത്തപ്പേരാവുമോ തുടങ്ങിയ ചിന്തകള്‍ ഇവരുടെ നെട്ടല്ലിനു കുത്തും. അതുവളഞ്ഞുവരും. ശങ്കയാണ് കുഴപ്പം. നല്ലതു ചെയ്യാനും ശങ്കയാണ്, മോശം ചെയ്യാനും ശങ്കയാണ്. അതു കൊണ്ട് രണ്ടും കാര്യമായൊന്നും ചെയ്യാറില്ല. അങ്ങനെയല്ലാത്ത കോണ്‍ഗ്രസ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മാത്രമായിരുന്നു. ശങ്കയില്ലാതെ കുറച്ചു നല്ല കാര്യങ്ങളും കുറെ ചീത്തക്കാര്യങ്ങളും ചെയ്തു. ചീത്തക്കാര്യങ്ങളാണ് ചിലര്‍ക്കു ചരിത്രത്തില്‍ സ്ഥാനം നേടിക്കൊടുക്കുക എന്നും നമ്മളറിയണം. 

വൃദ്ധചാണക്യന്‍ പവാറും അനുയായികളും എത്രയോ വിലപ്പെട്ട സമയമാണ് പാഴാക്കിയത്്്്. ശിവസേനയുമായി കൂട്ടുകൂടുന്നത് തത്ത്വങ്ങള്‍ക്കെതിരാവുമോ എന്നായിരുന്നു ആദ്യത്തെ ശങ്ക. അതു തീര്‍ക്കാന്‍ കുറെ സമയം കൊന്നു. ഇക്കാലത്ത് ഏതു രാഷ്ട്രീയ മന്ദബുദ്ധിജീവിയാണ് അങ്ങനെയൊരു വിഷയത്തെക്കുറിച്ച് ആലോചിച്ച് സമയം പാഴാക്കുക! ബന്ധം ആവാം. വെറുതെയങ്ങ് ബന്ധപ്പെടാന്‍ പറ്റില്ല. മിനിമം പരിപാടി ഉണ്ടാക്കണം. മിനിമം പരിപാടിയേ! കുറെ ബുദ്ധിജീവികളെയും മറ്റും വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്ത് രേഖയാക്കി വെച്ചു. പ്രകടനപത്രിക പോലെയാണ് ഇതും. സത്യപ്രതിജ്ഞ കഴിഞ്ഞ ഉടന്‍ മറക്കേണ്ട സംഗതികളാണ്. ശിവസേനശിശുക്കള്‍ക്ക് ഇതൊന്നും അത്ര പരിചയമുള്ളതല്ല. മീശ പിരിച്ചങ്ങനെ നടക്കുകയായിരുന്നു. അവര്‍ ആകെ ഒരു വട്ടമേ ശരിക്കു മഹാരാഷ്്ട്ര ഭരിച്ചിട്ടുള്ളൂ. ബി.ജെ.പിയുമായിരുന്നു അന്നും കൂട്ട്.

വ്യാഴാഴ്ച രാത്രി മന്ത്രിസ്ഥാനവും ഭരണവുമെല്ലാം സ്വപ്‌നം കണ്ട് ശിശുക്കള്‍ ഉറങ്ങുന്ന നേരത്താണ് ആര്‍ഷഭാരതസംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ വടിവാള്‍ വീശിയത്. രാഷ്ട്രപതി ഭരണം റദ്ദാക്കി. രാഷ്ട്രപതിയല്ല, പ്രധാനമന്ത്രിയാണ് അതു ചെയ്തത്. അത്യാവശ്യം വന്നാല്‍ അങ്ങനെ ചെയ്യാന്‍ ഭരണഘടനയില്‍ വകുപ്പുണ്ട്. ഭരണം പിടിക്കുന്നതിലും വലിയ അത്യാവശ്യകാര്യം വേറെ എന്തുണ്ട്?  ഭൂരിപക്ഷമുണ്ടോ എന്നൊന്നും നോക്കിയില്ല. ഒരുത്തനെ കാലുമാറ്റാന്‍ കഴിഞ്ഞുവെന്ന വിവരം കിട്ടിയ ഉടനെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. സത്യപ്രതിജ്ഞ ആദ്യം, ഭൂരിപക്ഷം പിന്നീട് എന്നതാണ് ലൈന്‍. ഒരു മാസത്തിനപ്പുറം ഭൂരിപക്ഷം തെളിയിച്ചാല്‍ മതി എന്ന് വിശ്വസ്ത ഗവര്‍ണര്‍ ഉറപ്പുകൊടുത്തിട്ടുണ്ട്. ഈ ജാതി ഏര്‍പ്പാടുകളൊന്നും യഥാര്‍ത്ഥ ചാണക്യന്‍ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്തതാണ്. നമ്മള്‍ വെറുതെ ചാണക്യന്‍ എന്നു പറയുന്നുവെന്നേ ഉള്ളൂ. 
 
അറുപത് വര്‍ഷം കൊണ്ട് കോണ്‍ഗ്രസ്സിനു ചെയ്യാന്‍ കഴിയാത്തതാണ് തങ്ങള്‍ അറുപതു മാസം കൊണ്ട് ചെയ്തതെന്നു  മോദിജി പറഞ്ഞതിന്റെ പൊരുളിപ്പോഴേ ജനത്തിനു ശരിക്കും മനസ്സിലായിള്ളൂ. ഇനി സുപ്രിം കോടതിയേ ഉള്ളൂ ശരണം. സുപ്രിം കോടതിക്കു മുമ്പ് കര്‍ണാടകയില്‍ കണ്ട വീറൊന്നും എന്തോ ഇപ്പോള്‍ മഹാരാഷ്ട്രയില്‍ കാണുന്നേയില്ല. അവിടെയും ശങ്ക തുടങ്ങിക്കാണണം. കാത്തിരുന്നു കാണാം. 

സംസ്‌കൃത അസംസ്‌കൃതര്‍ 
സംസ്‌കൃതം ഒരു മതഭാഷയാണ് എന്ന ധരിച്ചുവച്ചിട്ടുള്ളവര്‍ പരക്കെ ഉണ്ട്. മതങ്ങള്‍ പുതിയ ഭാഷയൊന്നും ഉണ്ടാക്കുക പതിവില്ല. ഉള്ള ഭാഷ ഉപയോഗിച്ചല്ലേ മതത്തിന് ജനങ്ങളിലെത്താന്‍ കഴിയൂ. പൗരാണിക ഭാരതത്തിലെ മൂലഭാഷ എന്നാണ് സംസ്‌കൃതത്തിന്റെ ശബ്ദതാരാവലി അര്‍ത്ഥം.

സംസ്‌കൃതന്‍ എന്നൊരു വാക്കുമുണ്ട്. പരിഷ്‌കൃതമാനവന്‍ എന്നും പണ്ഡിതന്‍ എന്നും ഈ വാക്കിന് അര്‍ത്ഥമുണ്ട്. ഇത്രയും ആയാല്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാവും. അപ്പോള്‍ സംസ്‌കൃതത്തിനു വേണ്ടി വാദിക്കുന്നവരായും സംസ്‌കൃതപ്രേമികളായും നടിക്കുന്ന ആളുകള്‍ സംസ്‌കൃതര്‍ ആവണമെന്നില്ലേ എന്നതാണ് പ്രശ്‌നം. ഇല്ല. സംസ്‌കൃതം പഠിച്ച് പണ്ഡിതനായ ഒരാള്‍ സംസ്‌കൃതം പഠിപ്പിക്കാന്‍ എത്തുമ്പോള്‍ അവന്റെ ജാതിയും മതവും നോക്കുന്നവര്‍ സംസ്‌കൃതമാനവന്‍ ആവില്ല.  അവര്‍ പരിഷ്‌കൃതമാനവനോ സംസ്‌കാരമുള്ളവന്‍ പോലുമോ അല്ല എന്നാണ് ഉത്തരം. 

സംസ്‌കൃതത്തോട് അത്യധികം സ്‌നേഹബഹുമാനങ്ങളുള്ളവരാണ് സംസ്‌കൃതം സ്വമേധയാ പഠിക്കുന്നത്. അതൊരു മുസ്ലിം ആണ് എങ്കില്‍ സ്‌നേഹവും ബഹുമാനവും കൂടുകയേ ഉള്ളൂ സംസ്‌കൃതമാനവന്. ആദ്യം കത്തിപ്പിടിച്ചെങ്കിലും,  മുസ്ലിം സംസ്‌കൃതാധ്യാപകന് എതിരായ സമരം പൊളിഞ്ഞുപോയി. കാരണം, ആര്‍.എസ്.എസ് അതിനെ പിന്താങ്ങില്ല എന്ന് അറിയിച്ചതാണ് കാരണം. അത് ഏതായാലും നന്നായി. വര്‍ഗീയതയ്ക്കും വിവരദോഷത്തിനും വിദ്വേഷചിന്തയ്ക്കും പോലും വേണം പരിധി എന്നവര്‍ക്കു തോന്നിക്കാണണം. അത്രയും നല്ലത്. 
മൊഴിയമ്പ്
ഗോധ്ര തീവെപ്പ് ആസൂത്രണം ചെയ്തത് കോണ്‍ഗ്രസ്സുകാര്‍ ആണ് എന്നു ഗുജറാത്ത് സര്‍ക്കാര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ പരാമര്‍ശം.
*  സാരമില്ല. മഹാത്മാ ഗാന്ധിയെ കൊന്നതു കോണ്‍ഗ്രസ്സുകാരാണ് എന്നു സ്ഥാപിക്കുന്ന പുസ്തകം അതേ ബോര്‍ഡില്‍നിന്നു ഉടനെ പ്രതീക്ഷിക്കാം.

Tuesday, 19 November 2019

മഹാരാഷ്ട്ര മോഡല്‍ മഹാസഖ്യംഅപശബ്ദം
എന്‍പിയാര്‍

മഹാരാഷ്ട്ര മോഡല്‍ മഹാസഖ്യം

അഞ്ചുവര്‍ഷമായി മഹാരാഷ്ട്രത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിപക്ഷത്ത് വീണു കിടപ്പായിരുന്നു. എങ്ങിലും ആദര്‍ശം വിട്ടൊരു കളിയും കളിച്ചിട്ടില്ല. പാര്‍ട്ടിയുടെ സര്‍വസ്വവുമായിരുന്ന ശരദ് പവാര്‍ പോയിട്ടും കാറ്റു പോകാത്ത പാര്‍ട്ടിയാണത്. വര്‍ഗീയവിരുദ്ധനിലപാട് കൈവിട്ടില്ല. അങ്ങനെ എല്ലാ കാലവും നില്‍ക്കാന്‍ കഴിയുമോ സഹോദരന്മാരേ... അഞ്ചു കൊല്ലംകൊണ്ടു തന്നെ ക്ഷമ നശിച്ചിരിക്കുന്നു. വല്ല വിധേനയും ഭരണത്തില്‍ കേറുക തന്നെ. ഇനി വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ വീഴ്ചയാണ് ഫലം എന്നു ബോധ്യമായിരിക്കുന്നു. അല്ലെങ്കിലും ചുമ്മാ പ്രതിപക്ഷത്തിരിക്കുമ്പോള്‍ പാര്‍ട്ടികളുടെ ആദര്‍ശത്തിന്റെ രോമത്തിനു പോലും ഒരു കേടും സംഭവിക്കില്ല. അധികാരത്തിന്റെ നാലയലത്തെങ്കിലും എത്താന്‍ വിദൂരസാധ്യതയെങ്കിലും ഉണ്ടെന്നു വന്നാലാണ് കളി മാറുക. ഇതാ മാറിയിരിക്കുന്നു.

ബി.ജെ.പി വര്‍ഗീയപാര്‍ട്ടിയാണോ എന്ന കാര്യത്തില്‍ സംശയം പണ്ടേയില്ല, ഇപ്പോഴുമില്ല. ശിവസേനയോ?  സംശയം പണ്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതു വരെ ഇല്ലായിരുന്നു. ബി.ജെ.പിയേക്കാള്‍ വര്‍ഗീയവിഷം ചൊരിയാറുള്ളത് സേനയല്ലേ എന്നു ചോദിച്ചാല്‍ അല്ല എന്നു പറയാറാനാവില്ല. മുംബൈ കത്തിക്കുന്നതിനുള്ള തീപ്പെട്ടിയും കൊണ്ടായിരുന്നു അവരുടെ നടപ്പുതന്നെ. പലവട്ടം കത്തിച്ചിട്ടുമുണ്ട്. ആ വര്‍ഗീയതയെക്കുറിച്ചാണ്് ഇപ്പോള്‍ ലേശം സംശയം ഉണ്ടായിരിക്കുന്നത്.  ഹിന്ദു പാര്‍ട്ടിയാണ് തങ്ങളുടേതെന്നു തന്നെയേ അവര്‍ പറയാറുള്ളൂ. സ്ഥാപകന്‍ ബാല്‍ താക്കറെയെ തോല്‍പ്പിക്കുന്ന ഒരു ഹിന്ദുത്വവാദി ബി.ജെ.പിയിലോ ആര്‍.എസ്.എസ്സിലോ ഒരു കാലത്തും ഉണ്ടായിരുന്നിട്ടില്ല എന്ന ഉറച്ച വിശ്വാസത്തിലാണ് അവര്‍ കഴിഞ്ഞുകൂടുന്നത്. അതുകൊണ്ടാണ് അവര്‍ ബാല്‍ താക്കറെയ ഹിന്ദു സാമ്രാജ്യാധിപന്‍ എന്നു ഇപ്പോഴും വിളിക്കുന്നത്. എന്നാലും സാരമില്ല. അതൊരു പ്രാദേശിക വിപത്ത് മാത്രമാണ്. മറ്റേത് ദേശീയവിപത്താണ്. ദേശീയവിപത്തിനെ നേരിടാന്‍ പ്രാദേശികവിപത്തുമായി വിട്ടുവീഴ്ചയാവാം!

സോണിയാജി മുംബൈയിലേക്ക് ദിവസവും പാഞ്ഞുചെല്ലുന്നില്ല എന്നേ ഉള്ളൂ. ശിവസേന കാര്യത്തില്‍ ചരടുവലിക്കാന്‍ പറ്റിയ കിങ്കരന്മാരെ അയക്കുന്നുണ്ട്. പഴയ വിരോധമൊന്നും മാദം സോണിയയ്ക്ക് പവാര്‍ജിയോട് ഇപ്പോഴില്ല കേട്ടോ. സോണിയാജിയുടെ അഭിപ്രായം ചോദിക്കാതെ പവാര്‍ജി ഒന്നും ചെയ്യില്ല. ഇല്ല, പഴയതെല്ലാം മറന്നതുകൊണ്ടല്ല. 1999-ല്‍ സോണിയ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതിനെ എതിര്‍ത്താണ് പവാര്‍ പാര്‍ട്ടി വിട്ടത്്. വിദേശി വേണ്ട, നല്ല നാടന്‍ നേതാവ് തന്നെ വേണം എന്നതായിരുന്നു ഡിമാന്‍ഡ്. പക്ഷേ, അഞ്ചു കൊല്ലം കഴിഞ്ഞ് 2004-ല്‍ സോണിയ മാറിനിന്ന് ഡോ.മന്‍മോഹന്‍ സിങ്ങ് വന്നപ്പോള്‍തന്നെ പവാറിന്റെ വിരോധങ്ങളെല്ലാം അലിഞ്ഞില്ലാതായിരുന്നു. അദ്ദേഹം എന്‍.ഡി.എ മന്ത്രിസഭയില്‍ കാബിനറ്റ്  മന്ത്രിയുമായി. 38-ാം വയസ്സില്‍ കോണ്‍ഗ്രസ് വിട്ട് മഹാരാഷ്്ട്ര മുഖ്യമന്ത്രിയായതാണ് പവാര്‍. കൊല്ലം കുറെയായി. എന്നെങ്കിലും പ്രധാനമന്ത്രിയാകണം എന്ന മോഹം ഇനി നടക്കുമെന്നു തോന്നുന്നില്ല.

അതുപോകട്ടെ. ശിവസേനയുടെ കാര്യം ആലോചിക്കാം. ബി.ജെ.പിക്ക് ഒപ്പംതന്നെയെങ്കിലും ഇടക്കിടെ അവരെയൊന്ന് കുത്താതെ ഉറക്കംവരില്ല ശിവസൈനികര്‍ക്ക്. കേരളത്തില്‍ സി.പി.എമ്മിനെ സി.പി.ഐ കുത്തുന്നതിനേക്കാള്‍ കടുപ്പത്തിലാണ് ശിവസൈനികരുടെ കുത്ത്. ഞാനോ നീയോ മൂപ്പന്‍ എന്ന തര്‍ക്കം പണ്ടേ ഉണ്ട് അവര്‍ തമ്മില്‍. ബി.ജെ.പി.യുടെ ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുന്നതിനേക്കാള്‍ 19 വര്‍ഷം മുമ്പ് ഇതേ ബി.ജെ.പിയുടെ സഹായത്തോടെ ശിവസൈനികന്‍ മനോഹര്‍ ജോഷി മുഖ്യമന്ത്രിയായിട്ടുണ്ട്. എന്തു കൊണ്ടു വീണ്ടും ആയിക്കൂടാ. ബി.ജെ.പി പിന്താങ്ങുന്നില്ലെങ്കില്‍ കോണ്‍ഗ്രസ്സും പവാറും പിന്താങ്ങിയാല്‍ ഒരു താക്കറെ സന്തതിക്ക് മുഖ്യമന്ത്രിയാകാമല്ലോ.

ആകുന്നത് ഒന്നു കാണട്ടെ എന്നാണ് അമിത് ഷായുടെ കടുംപിടുത്തത്തിന്റെ അര്‍ത്ഥം. രാഷ്ട്രപതി ഭരണം എന്നാല്‍ അര്‍ത്ഥം അമിത്ഷാ ഭരണം എന്നാണ്. ഇപ്പോള്‍ മഹാരാഷ്ട്രയില്‍ അമിത് ഷാ ഭരണം ആണ്. കോടതിയോ മറ്റോ ഇടപെട്ടാല്‍ ചിലപ്പോള്‍ ശിവസേന-കോണ്‍ഗ്രസ്-എന്‍.സി.പി മന്ത്രിസഭ വന്നേക്കാം. പൊതു മിനിമം പരിപാടി ഉണ്ടാക്കുന്ന കാര്യം ചര്‍ച്ച ചെയ്യുകയാണത്രെ അവര്‍. വെറുതെ പറയുന്നതാണ്. അധികാരം നേടുക എന്നതിനപ്പുറം എന്തു മിനിമം പരിപാടി! എങ്ങനെ സേന എം.എല്‍.എ മാരെ അമിത്ഷായുടെ വേട്ടനായ്ക്കളുടെ ദംഷ്ടങ്ങളില്‍നിന്ന് രക്ഷിക്കാം എന്നു ചര്‍ച്ച ചെയ്യാനുണ്ട്. ഇല്ലെങ്കില്‍ കര്‍ണാടക ആവര്‍ത്തിക്കും.

കൂടുതല്‍ സീറ്റ് നേടിയ ഒന്നാം കക്ഷിയെ മൂന്നും നാലും ദുര്‍ബലര്‍ ചേര്‍ന്ന് തള്ളിത്താഴെയിട്ട് അധികാരം പിടിക്കുന്നത് നല്ല ഏര്‍പ്പാടല്ല. ബി..ജെ.പി.ക്കു പക്ഷേ ഒന്നും മിണ്ടാനൊക്കില്ല അതു മിനിമം പരിപാടിയാക്കിയത് അവരാണ്. തിരഞ്ഞെടുപ്പിനു ശേഷം എം.എല്‍.എ മാര്‍ കൂറുമാറുന്നതു മാത്രമേ കൂറുമാറ്റ നിയമത്തിന്റെ പരിധിയില്‍ വരുന്നുള്ളൂ. വോട്ടു ചെയ്ത ജനങ്ങളെ മണ്ടന്മാരാക്കി പാര്‍ട്ടികള്‍ക്കു കൂറുമാറാം. ഏതു ചെകുത്താനുമായും കൂട്ടുകൂടാം. നടക്കട്ടെ.

ഊരാക്കുടുക്കായി
സൂക്ഷിച്ചില്ലെങ്കില്‍, പേരു ചീത്തയാകാന്‍ അധികം സമയം വേണ്ട. ദീര്‍ഘകാലം ഒന്നാംകിട റോഡും പാലവും ഉണ്ടാക്കി പേരെടുത്ത സ്ഥാപനമാണ് ഊരാളുങ്കല്‍ എന്ന സ്ഥലനാമം പേറുന്ന, സഹകരണ മേഖലയിലെ ലേബര്‍ കോണ്‍ട്രാക്റ്റ് സഹസംഘം. മഹാനായ വാഗ്ഭടാനന്ദഗുരു 1925-ല്‍ സ്ഥാപിച്ച സംഘം പല മേഖലകളില്‍ തൊട്ടതെല്ലാം പൊന്നാക്കിയിട്ടുണ്ട്. സംസര്‍ഗേേദാഷം ആണോ എന്നറിയില്ല. കേരള പൊലീസിന്റെ ഒരു ഡിജിറ്റല്‍ പണിയേറ്റത് ഊരാക്കുടുക്കായി.

യു.ഡി.എഫ് കാലത്തും സര്‍ക്കാര്‍ പല പണികള്‍ ഊരാളുങ്കലിനെ ഏല്പ്പിച്ചിട്ടില്ലേ, പിന്നെ ഇപ്പോള്‍ എന്തിനു ബഹളം വെക്കുന്നു എന്നു പാര്‍ട്ടിക്കാര്‍ ചോദിക്കുന്നുണ്ട്. പ്രതിഭാഗം വാദം വിചിത്രം. യു.ഡി.എഫ് കാലത്ത് ഏല്പിച്ചത് സിമന്റിന്റെയും കുമ്മായത്തിന്റെയും പണിയാണ്. ഇതു പണി വേറെ. ഈ പണി ഡിജിറ്റല്‍ പണിയാണ്. ഈ പണിയും ടെന്‍ഡര്‍ വിളിക്കാതെ സഹകരണസ്ഥാപനത്തിനു കൊടുക്കാം. പക്ഷേ, പൊലീസ് ഡാറ്റ മുഴുവന്‍ മറ്റൊരു സ്ഥാപനത്തെ ഏല്പ്പിക്കുന്നത് കൈവിട്ട കളിയാണ്. 

ലോകത്ത് മുഴുവന്‍ ഡാറ്റക്കച്ചവടമാണ് ഇന്നത്തെ വലിയ കച്ചവടം. കേരളത്തിലെ പൊലീസിനെ സംബന്ധിക്കുന്ന സകല വിവരങ്ങളും ഊരാളുങ്കല്‍ അല്ല, ഏതു തമ്പുരാന്‍ ഏറ്റെടുക്കുന്നതും അപകടമാണ്. പൊലീസ് രേഖ അതിലൂടെ ചോര്‍ത്തിയെടുക്കാന്‍ കാത്തുനില്‍ക്കുന്നത് പാര്‍ട്ടിയാണോ, ഏതെങ്കിലും ഗൂഢ സംഘടനയാണോ വിദേശ ഏജന്‍സിയാണോ എന്നൊന്നും പറയാനൊക്കില്ല സഖാവേ.. കളി അപകടമാണ്. സംശയം വേണ്ട.

മുനയമ്പ്
ബവ്‌റേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള വരുമാനത്തിന്റെ അഞ്ചു ശതമാനം ഉപയോഗിച്ച് ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തുന്നതില്‍ വിരോധാഭാസം ഉണ്ടെങ്കിലും സര്‍ക്കാര്‍ ഇതുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി എ.കെ.ബാലന്‍
* ഒട്ടും വേവലാതി വേണ്ട. സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതുതന്നെ മദ്യംവിറ്റിട്ടാണ്. പോരാത്തതിന് ശബരിമല, യുഎപിഎ നയങ്ങളിലെ വിരോധാഭാസത്തിന്റെ നാലയലത്തു വരില്ല മദ്യംവിറ്റുള്ള ബോധവല്‍ക്കരണ വിരോധാഭാസം. തിരിഞ്ഞു നോക്കേണ്ട, മാര്‍ച്ച്...

Wednesday, 13 November 2019

അപശബ്ദം

അപശബ്ദം
എന്‍പിയാര്‍


സി.പി.എം കടുവ, മാവോയിസ്റ്റ കിടുവ

 കമ്യൂണിസ്റ്റ് പാര്‍ട്ടി കാഡര്‍ പ്രവര്‍ത്തനമെന്നാല്‍ ചില്ലറ കേസ്സൊന്നുമല്ല. സ്വന്തം പ്രവര്‍ത്തനമേഖലയില്‍ ഇല ഇളകിയാല്‍ കാഡര്‍ വിവരമറിയണം. ആരെന്തു വേഷം കെട്ടിയാലും ശരി, ഓരോ ആളുടെയും വോട്ട് ഏതു കള്ളിയിലാണ് കുത്തുക എന്ന് വോട്ടറേക്കാള്‍ നിശ്ചയം കാഡറിനുണ്ടാവണമത്രെ. ഇതല്പം പഴയ കഥയാണ്. സ്ഥാനാര്‍ത്ഥിക്ക് കിട്ടുന്ന വോട്ടിന്റെ എണ്ണം വോട്ടെണ്ണും മുന്‍പ് പാര്‍ട്ടി കൃത്യമായി അറിഞ്ഞിരുന്ന കാലം. പാര്‍ട്ടി ഒരു പാട് പുരോഗമിച്ചിരിക്കുന്നു. ഇപ്പോള്‍ ബ്രാഞ്ച് കമ്മിറ്റിയംഗങ്ങള്‍ നക്‌സലായ വിവരം പോലും പാര്‍ട്ടി അറിയുന്നില്ല. ഇതാണ് കമ്യൂണിസ്റ്റ് വിപ്ലവ പ്രസ്ഥാനത്തിന് കമ്യൂണിക്കേഷന്‍ വിപ്ലവം ഉണ്ടാക്കിയ ഡാമേജ്.

എന്നാലും സഖാവേ, ഇത്രത്തോളം നമ്മുടെ പാര്‍ട്ടി പുരോഗമിക്കുമെന്ന് ആരും ഒരു ദുസ്വപ്‌നത്തില്‍ പോലും കണ്ടിരുന്നില്ല. കോഴിക്കോട്ടെ രണ്ടു പാര്‍ട്ടി യുവാക്കളെക്കുറിച്ച്, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളെക്കുറിച്ച് പാര്‍ട്ടിക്കുള്ളതിനേക്കാള്‍ കൃത്യമായ അറിവ് കേരളാപോലീസിന് ഉണ്ട് എന്നു പറയുന്നതിന്റെ ക്രഡിറ്റ് ഡി.ജി.പിക്ക് കിട്ടുമായിരിക്കും. പക്ഷേ, ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ സ്ഥിതി ഒന്നാലോചിച്ചുനോക്കിയേ. യുപിഎപിയില്‍ പെട്ട് ജയിലില്‍കിടക്കുന്ന രണ്ടുപേരും പാര്‍ട്ടി സഖാക്കളാണ് എന്നു മുഖ്യമന്ത്രി പറയുമ്പോള്‍, അല്ല സര്‍ അവര്‍ മാവോയിസ്റ്റുകളാണ് എന്നു ബഹ്‌റസാര്‍ തര്‍ക്കുത്തരം പറയുന്ന രംഗമൊന്ന് സങ്കല്‍പ്പിച്ചു നോക്കൂ. ഒടുവില്‍, പാര്‍ട്ടിയെക്കുറിച്ച് പാര്‍ട്ടി ജില്ലാ സിക്രട്ടറി പറഞ്ഞതല്ല, സ്‌പെഷല്‍  ബ്രാഞ്ച് കോണ്‍സ്റ്റബ്ള്‍ പറഞ്ഞതാണ് ശരി എന്നു വന്നപ്പോഴത്തെ ഞെട്ടല്‍ മാറണമെങ്കില്‍ കാലം കുറച്ചെടുക്കും.
സി.പി.എമ്മില്‍ അംഗമാകുക അത്ര എളുപ്പമല്ല എന്ന് അറിയാത്തവരില്ലല്ലോ. പല പല നിരീക്ഷണപരീക്ഷണങ്ങളിലൂടെ കടന്നു പോയിട്ടല്ലേ ഒരാള്‍ പാര്‍ട്ടിയംഗം ആകുന്നത്. പാര്‍ട്ടി ഓഫീസില്‍ പാഞ്ഞു ചെല്ലുമ്പോഴേക്കും അംഗത്വപുസ്തകം എടുത്തു നീട്ടുന്ന പാര്‍ട്ടിയല്ല ഇത്. മിസ്ഡ് കോള്‍ അടിച്ചാല്‍ മെമ്പര്‍ഷിപ്പ് കിട്ടുന്ന ഒരു ദേശീയപാര്‍ട്ടിയുണ്ട്. ആ വഴിക്ക് അതില്‍ കള്ളനോട്ട് അടിക്കുന്നവരും അംഗങ്ങളായിട്ടുണ്ട്. ആ പാര്‍ട്ടിക്ക് അത് അഭിമാനമാണ്. പല സംസ്ഥാനത്തിലെയും പാര്‍ട്ടി എം.എല്‍.എമാരില്‍ പാതിയിലേറെ ക്രിമിനില്‍ കേസ് പ്രതികളാകുന്നതിലും ആ പാര്‍ട്ടിക്ക് ഒട്ടുമില്ല ചമ്മല്‍. അതല്ലല്ലോ വിപ്ലവപാര്‍ട്ടിയുടെ അവസ്ഥ.

പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഏര്‍പ്പാട് ഇത്രയും സീരിയസ് ആയി എടുത്തിട്ടുള്ള വേറെ ഏതെങ്കിലും പാര്‍ട്ടി ഉണ്ടെങ്കില്‍ അത് മാവോയിസ്റ്റ് പാര്‍ട്ടി ആകാനേ തരമുള്ളൂ. അതിനെക്കുറിച്ച് നമുക്കൊന്നും കൂടുതല്‍ അറിയില്ല. സി.പി.എം ഭരണഘടനയില്‍ തുടക്കത്തില്‍തന്നെ അക്കമിട്ട് കൊടുത്തിട്ടുണ്ട്, മെമ്പറാകാന്‍ വേണ്ട യോഗ്യതകളുടെയും വിജയിക്കേണ്ട പരീക്ഷണങ്ങളുടെയും നീണ്ട പട്ടിക. അംഗമാകാന്‍ ആദ്യം അപേക്ഷ എഴുതിക്കൊടുക്കണം. രണ്ട് അംഗങ്ങള്‍ ആളെക്കുറിച്ച് അന്വേഷണം നടത്തി റിക്കമെന്റ് ചെയ്യണം. ആദ്യം കാന്‍ഡിഡേറ്റ് മെമ്പര്‍ഷിപ്പേ തരൂ.  ഏതെങ്കിലും ജോലിയില്‍ സ്ഥിരപ്പെടും മുന്‍പ് തരണം ചെയ്യേണ്ട ട്രെയിനി, അപ്രന്റീസ്, ഇന്റേണീ തുടങ്ങിയ പലവിധ പരീക്ഷണഘട്ടങ്ങള്‍ പോലെ ഒന്നാണ് ഈ കാന്‍ഡിഡേറ്റ് മെമ്പര്‍ പരീക്ഷണം. ഇതു വിജയകരമായ പൂര്‍ത്തിയാക്കി, ആ പ്രവര്‍ത്തനം കമ്മിറ്റി വിലയിരുത്തി, മേല്‍ക്കമ്മിറ്റി അംഗീകരിച്ചാലേ മേമ്പ്ര് ആകാന്‍ പറ്റൂ. ഒരു വട്ടം ആയാല്‍ ജീവിതകാലം മുഴുവന്‍ അങ്ങ് തുടരാമെന്നൊന്നും കരുതേണ്ട. അതു സര്‍ക്കാര്‍ ഉദ്യോഗത്തിലേ നടക്കൂ, റിട്ടയര്‍മെന്റ് വരെയെങ്കിലും. ഇവിടെ നൂറു ചട്ടവട്ടങ്ങള്‍ പാലിച്ചാലേ പാര്‍ട്ടിയില്‍ നില്‍ക്കാന്‍ പറ്റൂ. അതെല്ലാം വിവരിക്കാന്‍ ഈ പേജില്‍ സ്ഥലംപോര.

ഇങ്ങനെയെല്ലാം മുന്‍കരുതല്‍ എടുത്തിട്ടും മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറി. മിസ്ഡ് കോള്‍ അടിച്ചവരെ എല്ലാമങ്ങ്  മെമ്പറാക്കുകയാണ് ഇതിലും ഭേദം എന്നു തോന്നുന്നു.  അംഗത്വ വര്‍ദ്ധനയെക്കുറിച്ച് ഇടക്കിടെ വീമ്പടിക്കുകയെങ്കിലും ചെയ്യാമല്ലോ. കമ്യൂണിസ്റ്റ് ചരിത്രത്തില്‍ നുഴഞ്ഞുകയറ്റം വണ്‍വെ ട്രാഫിക്കായേ നടക്കാറുള്ളൂ. പാര്‍ട്ടി പ്രവര്‍ത്തകര്‍ പലേടത്തും നുഴഞ്ഞുകയറും. ഇങ്ങോട്ട് നുഴഞ്ഞുകയറാന്‍ ഒരു പുഴുവിനെപ്പോലും അനുവദിക്കില്ല. എതിര്‍പാര്‍ട്ടിയിലും സര്‍ക്കാറിലും മാത്രമല്ല, രഹസ്യപ്പോലീസിലും പട്ടാളത്തിലും എല്ലാം നുഴഞ്ഞു കയറും. രഹസ്യങ്ങള്‍ ചോര്‍ത്താന്‍ മാത്രമല്ല, എതിര്‍പാര്‍ട്ടികളെ താത്വികമായി സ്വാധീനിക്കാനും ആശയക്കുഴപ്പമുണ്ടാക്കി അടിപിടിയുണ്ടാക്കാനും എല്ലാം പല ട്രിക്കുകളും പ്രയോഗിക്കാം. ചാരന്മാര്‍ ഇങ്ങോട്ടു കടക്കില്ല എന്നുറപ്പു വരുത്തണം, അത്രയേ വേണ്ടൂ.

എന്നാല്‍, കേട്ടാല്‍ അമ്പരപ്പിക്കുന്ന ഒരു കാര്യമുണ്ട്. ലോകം മുഴുവന്‍ കമ്യൂണിസത്തെ ലിക്വിഡേറ്റ് ചെയ്തു എന്നു പറഞ്ഞ് കൈകൊട്ടിപ്പാടുന്ന യു.എസ് മുതലാളിത്തത്തിന് ഇപ്പോഴും കമ്യൂണിസത്തോടുള്ള വിറളി മാറിയിട്ടില്ല. അമേരിക്കയില്‍ കമ്യൂണിസ്റ്റ് നുഴഞ്ഞുകയറ്റ പരിഭ്രാന്തി ഇപ്പോഴുമുണ്ടത്രെ. വെറുതെ പറയുന്നതല്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വ സ്ഥാനാര്‍ത്ഥി ബര്‍ണി സാന്‍ഡേഴ്‌സ് താന്‍ സോഷ്യലിസ്റ്റ് ആണ് എന്നു പറഞ്ഞതു കേട്ട് വലതന്മാര്‍ ഭയങ്കരമായി ഞെട്ടിയത്രെ. ഇയാള്‍ ഇനി നാളെ, താന്‍ കമ്യൂണിസ്റ്റാണ് എന്നു പറയുമോ എന്ന ഭയം പലരും പ്രകടിപ്പിക്കുന്നു. തീര്‍ന്നില്ല. അമേരിക്കന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയിലേക്ക് നുഴഞ്ഞു കയറാനും പാര്‍ട്ടി പിടിക്കാനും കമ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നതിനെതിരെ വലിയ കോലാഹലം ഇളക്കിവിടുന്നുണ്ട് ചില ഗ്രൂപ്പുകാര്‍. പശു ചത്തെന്നോ മോരിലെ പുളി മാറിയെന്നോ അവരിപ്പോഴും വിശ്വസിക്കുന്നില്ല. കമ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന സ്ഥലങ്ങളിലാണ് കമ്യൂണിസത്തെക്കുറിച്ച് ഇപ്പോള്‍ ആര്‍ക്കും പേടിയില്ലാത്തത്.

ചീഫ് സിക്രട്ടറിയുടെ നയപ്രഖ്യാപനം
അതിര്‍ത്തിയില്‍ ശത്രുരാജ്യത്തിന്റെ പട്ടാളക്കാരെ നമ്മുടെ സൈനികര്‍ കൊല്ലുന്നതു പോലെ, പൊലീസുകാര്‍ മാവോയിസ്റ്റുകളെ കൊല്ലുന്നതും തുല്യആദരവ് അര്‍ഹിക്കുന്ന പ്രവര്‍ത്തിയാണെന്നു പത്രത്തില്‍ ലേഖനം എഴുതിയത് ഗവ. ചീഫ് സിക്രട്ടറിയാണ്. ഇങ്ങനെ ലേഖനം എഴുതാന്‍ ചീഫ് സിക്രട്ടറിക്ക് മുഖ്യമന്ത്രി അനുമതി കൊടുത്തിട്ടുമില്ല, അങ്ങനെ അനുവാദമില്ലാതെ ചീഫ് സിക്രട്ടറി എഴുതിയ ലേഖനം മുഖ്യമന്ത്രി വായിച്ചിട്ടുമില്ല.ഭേഷ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ലേഖനം എഴുതുമ്പോള്‍ വായനക്കാരന്റെ ആശയക്കുഴപ്പം ഒഴിവാക്കാന്‍ ചെയ്യാറുള്ള ഒരു കാര്യമുണ്ട്. ലേഖനത്തിന് അടിയില്‍ വ്യക്തമായി കൊടുക്കും-ഇതു വ്യക്തിപരമായ അഭിപ്രായമാണ് എന്ന്. അങ്ങനെ എഴുതിയിട്ടില്ലെങ്കില്‍ അതിന് അര്‍ത്ഥം ഒന്നേ ഉള്ളൂ. ഇതു വ്യക്തിപരമല്ല, സര്‍ക്കാറിന്റെ നിലപാടാണ് എന്നു തന്നെ.

എന്നോടു ചോദിക്കാതെ എന്തിനു ലേഖനം എഴുതി എന്നു മുഖ്യമന്ത്രി ചീഫ് സിക്രട്ടറിയോട് ചോദിച്ചുവോ, മറുപടി വല്ലതും കിട്ടിയോ എന്നാരും ഇതുവരെ മുഖ്യമന്ത്രിയോട് ചോദിച്ചിട്ടില്ല. അല്ല, അങ്ങനെയൊരു അനുവാദം വാങ്ങണം എന്നു വല്ല ചട്ടവും അനുശാസിക്കുന്നുണ്ടോ എന്തോ. ചട്ടമൊന്നും ഇല്ലെന്നു മട്ടിലാണ് ചീഫ് സിക്രട്ടറിയുടെ എഴുത്ത്. ഞാനൊന്നുമറിയില്ല രാമനാരായണ എന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ നില്‍പ്പ്.

ഐ.എ.എസ്സുകാരും ഐ.പി.എസ്സുകാരും കേന്ദ്രനയത്തിന് വഴങ്ങിവേണം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ എന്നു രഹസ്യഉത്തരവ് വല്ലതും ഇറങ്ങിയോ എന്നറിയില്ല. ഇറങ്ങിയ മട്ടുണ്ട്. ജമ്മു കശ്മീരില്‍ ചെയ്തതു പോലെ, സംസ്ഥാന പൊലീസിന്റെ ചുമതല കേന്ദ്ര സര്‍ക്കാറിനാണ് എന്നൊരു ഉത്തരവ് ഇറക്കാന്‍ എന്താണ് പ്രയാസം? ബി.ജെ.പിയുടെ കയ്യടി പാര്‍ട്ടിപത്രം വഴി ലഭിച്ചിട്ടുമുണ്ട്്. ചുമ്മാതല്ല മുഖ്യമന്ത്രി ഒന്നും മിണ്ടാത്തത്. നാടോടുമ്പോള്‍ നടുവെ തന്നെയങ്ങ് ഓടിയേക്കാം. അല്ല പിന്നെ....

മുനയമ്പ്
ജനാധിപത്യത്തിന്റെ നെടുംതൂണ്, ഫോര്‍ത്ത് പില്ലര്‍, സ്വതന്ത്രമാധ്യമപ്രവര്‍ത്തനം എന്നിവയൊക്കെ അസംബന്ധമാണ്. അങ്ങനെയൊരു സംഭവം ലോകത്തെങ്ങുമില്ല-ജോണ്‍ ബ്രിട്ടാസ്്

*ജോണ്‍ ബ്രിട്ടാസിനേക്കാള്‍ മെച്ചപ്പെട്ട ഒരു മാധ്യമ ഉപദേഷ്ടാവിനെ മുഖ്യമന്ത്രിക്ക് ലോകത്തെങ്ങും കിട്ടില്ല, ഉറപ്പ്്

(Published in suprabhaatham daily on 13.11.2019)

Tuesday, 12 November 2019

മുഖപ്രസംഗപേജുകള്‍ രാഷ്ട്രീയക്കാര്‍ കയ്യടക്കുമ്പോള്‍


മീഡിയബൈറ്റ്‌സ്

മുഖപ്രസംഗപേജുകള്‍ രാഷ്ട്രീയക്കാര്‍ കയ്യടക്കുമ്പോള്‍

മിക്ക ഇംഗ്ലീഷ് പത്രങ്ങളുടെയും എഡിറ്റോറിയല്‍ പേജുകളില്‍ ലേഖനമെഴുതാനുളള കരാര്‍ രാഷ്ട്രീയക്കാര്‍ക്ക് കൊടുത്തിട്ടുണ്ടോ? ഓഗസ്റ്റ് മാസത്തില്‍ ദേശീയദിനപത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളെക്കുറിച്ച്് ഇന്ത്യന്‍ ജേണലിസംറെവ്യു (https://indianjournalismreview.com/)നടത്തിയ നിരീക്ഷണമാണ് ഈ ചോദ്യമുയര്‍ത്തുന്നത്.

കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ ചരിത്രപ്രധാനമായ ഇടപെടല്‍ നടത്തിയ മാസം എന്ന നിലയില്‍ കൂടിയാവാം രാഷ്ട്രീയക്കാര്‍-ബഹുഭൂരിപക്ഷവും ബി.ജെ.പി നേതാക്കള്‍-പത്രങ്ങളുടെ ലേഖനവിഭാഗം കയ്യടക്കിയത്. ആഗസ്റ്റിലെ ഏഴു പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളില്‍ 42 ലേഖനങ്ങള്‍ എഴുതിയത് രാഷ്ട്രീയ നേതാക്കളായിരുന്നു. നേതാക്കളല്ലാത്ത പാര്‍ട്ടി ബുദ്ധിജീവികള്‍ എഴുതിയതു കൂടി ചേര്‍ത്താല്‍ എണ്ണം 63 ആകും. ഇതില്‍ ഒന്നാം സ്ഥാനം ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിനായിരുന്നു. 39 ലേഖനങ്ങള്‍ എഴുതിയത് നേതാക്കള്‍, ഇതില്‍ 32ഉം ബി.ജെ.പി നേതാക്കള്‍. സംഘപരിവാര്‍ സഹയാത്രികനായിരുന്ന അധിപന്‍ രാമ്‌നാഥ് ഗോയങ്കയുടെ കാലം മുതല്‍ ദി ഇന്ത്യന്‍ എക്്‌സപ്രസ്സിന് ഈ പക്ഷപാതം ഉണ്ടായിരുന്നതാണ്. 63 ലേഖനങ്ങളില്‍ പത്തു ലേഖനങ്ങള്‍ കോണ്‍ഗ്രസ് പക്ഷ നിലപാടുള്ളവ ആയിരുന്നു.

പുതിയ ആശയങ്ങളും പുതിയ ചിന്തകളും ഗൗരവമുള്ള വിമര്‍ശനങ്ങളും നിരീക്ഷണങ്ങളും നിറഞ്ഞു നില്‍ക്കുന്ന പേജുകളായിരുന്നു ഏതു പത്രത്തിലെയും എഡിറ്റോറിയല്‍ പേജുകള്‍ ഒരു കാലത്ത്. പത്രം ഗൗരവമുള്ള കാര്യങ്ങള്‍ക്കുള്ളതല്ലെന്നും വായനക്കാരില്‍ ഭൂരിപക്ഷത്തിനു ഇഷ്ടപ്പെടുന്ന വിഭവങ്ങളാണ് വേണ്ടതെന്നുമുള്ള പുതിയ കാല കോര്‍പ്പറേറ്റ്  ആശയം ശക്തി പ്രാപിച്ച തൊണ്ണൂറുകളോടെയാണ് പത്രലേഖനങ്ങളുടെ സ്വഭാവങ്ങളില്‍ മാറ്റംവന്നത്.

ഇപ്പോഴത്തെ ബി.ജെ.പി എഴുത്തുകാരില്‍ ഏറ്റവും പ്രമുഖന്‍ ജനറല്‍ സിക്രട്ടറി രാം മാധവ് ആണ്. മിക്ക പത്രം ഓഫീസുകളിലും കാണപ്പെടാറുള്ള ഇദ്ദേഹം ഒരു മാസം നാലു ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. നിയമമന്ത്രി രാംശങ്കര്‍ പ്രസാദ് മൂന്നു ലേഖനങ്ങള്‍ എഴുതി. ഇംഗ്ലീഷില്‍ ഒരു വാചകമെങ്കിലും എഴുതുമെന്ന് ആരും കുറ്റപ്പെടുത്തിയിട്ടില്ലാത്ത ആഭ്യന്തരമന്ത്രി അമിത് ഷാ 22 ദിവസത്തിനുള്ളില്‍ രണ്ടു ലേഖനങ്ങളെഴുതിയെന്നാണു ഐ.ജെ.ആര്‍ റിപ്പോര്‍ട്ടില്‍ പരിഹസിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും രണ്ടു ലേഖനം എഴുതിയിട്ടുണ്ട്.
.-
'അഭൂതപൂര്‍വമായ' ജന്മദിനവൂം മാധ്യമ ആഘോഷവും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69ാം പിറന്നാള്‍ സപ്തംബര്‍ 17-നായിരുന്നു. പിറന്നാളുകള്‍ അഭൂതപൂര്‍വമല്ല. വര്‍ഷംതോറും സംഭവിക്കുന്നതാണ്. അറുപതും എഴുപതുമൊക്കെ പ്രത്യേകതയുള്ള വയസ്സായാണ് കണക്കാക്കാറുള്ളത്. പ്രധാനമന്ത്രിയ്ക്കു അറുപത്തഞ്ചു തികഞ്ഞത് കാര്യമായൊന്നും കൊണ്ടാടിയിരുന്നില്ല. എന്തുകൊണ്ടെന്നറിയില്ല 69ാം പിറന്നാള്‍ വലിയ സംഭവമായിരുന്നു. മാധ്യമങ്ങളിലാണ് അതു കാര്യമായി ആഘോഷിക്കപ്പെട്ടത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പ്രധാന മാധ്യമങ്ങളില്‍, കേന്ദ്രമന്ത്രിസഭയിലെ രണ്ടാമന്‍ എന്നു കരുതപ്പെടുന്ന അമിത് ഷായുടെ പ്രത്യേകലേഖനം ഉണ്ടായിരുന്നു. ഒരു ജന്മദിനത്തില്‍ പ്രധാനമന്ത്രിയെ പുകഴ്ത്തി രാജ്യത്തെ ഏറ്റവുമധികം പത്രങ്ങളില്‍ മുഖ്യലേഖനം പ്രസിദ്ധീകരിക്കുന്ന ആദ്യവ്യക്തി അമിത് ഷാ ആയിരിക്കാം.

അമിത് ഷായ്ക്ക്ു പുറമെ വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കറും പ്രകീര്‍ത്തന ലേഖനങ്ങള്‍ എഴുതാന്‍ നിയോഗിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ മനോരമ പത്രത്തില്‍ അമിത് ഷായുടെയും മാതൃഭൂമിയില്‍ പ്രകാശ് ജാവഡേക്കറുടെയും ലേഖനങ്ങളാണ് ഉണ്ടായിരുന്നത്. ചെറുകിട പത്രങ്ങളില്‍ ലേഖനമൊന്നും കണ്ടില്ല. ടൈംസ് ഓഫ് ഇന്ത്യ മാത്രം കേന്ദ്രമന്ത്രിമാരുടെ ലേഖനത്തിനു പകരും പ്രത്യേകം നിര്‍ദ്ദേശിച്ച്  സദ്ഗുരു ജഗ്ഗി വാസുദേവ് ആണ് പ്രധാനമന്ത്രിയെക്കുറിച്ച് എഴുതിയത്.

മുമ്പ് ഒരു പ്രധാനമന്ത്രിയുടെയും ജന്മദിനം ഈ രീതിയില്‍ ആഘോഷിക്കപ്പെട്ടതായി ആര്‍ക്കും അറിയില്ല. പൊതുതിരഞ്ഞെടുപ്പിനു മുന്‍പുള്ള മൂന്നു വര്‍ഷക്കാലത്ത് കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികള്‍ക്കു പ്രചാരം നല്‍കാന്‍ 3800 കോടി രൂപയുടെ പരസ്യം മാധ്യമങ്ങള്‍ക്ക് നല്‍കിയതായി ഇപ്പോള്‍ ലേഖനമെഴുതിയ മന്ത്രി പ്രകാശ് ജാവഡേക്കര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.
എന്തായാലും അടുത്ത വര്‍ഷത്തെ എഴുപതാം ജന്മദിനം അഭൂതപൂര്‍വമായിത്തന്നെ ആഘോഷിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.


 ദി ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, ദി ഇന്ത്യന്‍ എക്‌സ്പ്രസ്, ദി ടെലഗ്രാഫ്, ഡക്കാന്‍ ഹെറാള്‍ഡ്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എന്നീ പത്രങ്ങളിലെ ലേഖനങ്ങളാണ് പരിശോധിച്ചത്.  രാഷ്ട്രീയക്കാരുടെ ലേഖനങ്ങള്‍ കൊടുക്കുന്ന കാര്യത്തില്‍ ഏറ്റവും 'മോശം'  നിലപാട് ദി ഹിന്ദുവിന്റെതാണ്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനു മാത്രമാണ് ആ പടി കയറാനായത്. ദി ടെലഗ്രാഫിലും പാര്‍ട്ടി നേതാക്കള്‍ എഴുതിയിട്ടില്ല.

കാല്‍നൂറ്റാണ്ടു മുന്‍പുവരെയും പത്രത്തിലെ ബുദ്ധിജീവികളായ എഡിറ്റര്‍മാരാണ് ദേശീയ- അന്തര്‍ദേശീയ വിഷയങ്ങളെക്കുറിച്ച്്്് പഠനാര്‍ഹമായ ലേഖനങ്ങള്‍ എഴുതാറുള്ളത്. ഇപ്പോള്‍ പല പത്രങ്ങളിലും അത്തരം ബുദ്ധിജീവകള്‍ തീരെ ഇല്ലാത്തതാവാം രാഷ്ട്രീയബുദ്ധിജീവികളെ ആശ്രയിക്കാന്‍ കാരണം. പത്രങ്ങള്‍ക്ക് പുറത്തുള്ള യഥാര്‍ത്ഥ ബുദ്ധിജീവികളെക്കൊണ്ട് എഴുതിക്കാന്‍ പ്രതിഫലം കൊടുക്കേണ്ടതുണ്ട്. പ്രത്യേകിച്ച് പ്രതിഫലമൊന്നും കൊടുക്കാതെ കിട്ടുന്നതാണ് രാഷ്ട്രീയക്കാരുടെ പ്രചാരണസാഹിത്യം. വായനക്കാരന് എന്തു പ്രയോജനം എന്ന് ആരും ചോദിക്കാറില്ല.


തകരുന്ന പത്രങ്ങള്‍, വേരുറക്കാതെ ഓണ്‍ലൈന്‍:
മാധ്യമഭാവി ഇപ്പോഴും അനിശ്ചിതം
നാളെയുടെ മാധ്യമം ഏത്്? ഇപ്പോഴും ഇത്തരം കിട്ടാത്ത ചോദ്യമായി അതു തുടരുന്നു. ഇന്നത്തെ മാധ്യമം ഏത് എന്നതിനെക്കുറിച്ചുപോലും ഉറച്ച ഉത്തരം കിട്ടുന്നില്ല. ഇന്റര്‍നെറ്റ് മാധ്യമങ്ങളില്‍ വാര്‍ത്ത തേടുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കേതന്നെ, ആ വിധം മാധ്യമങ്ങള്‍ക്കും വേരുറക്കുന്നില്ല. ഒരുപാട് ഓണ്‍ലൈന്‍ മാധ്യമങ്ങളും പരമ്പരാഗതമാധ്യമങ്ങള്‍ നേരിടുന്ന തരം പ്രതിസന്ധികളെ നേരിടുന്നു. പോരാത്തതിനു അവരുടെ വാര്‍ത്തകള്‍ക്കു വിശ്വാസ്യത നേടാന്‍ കഴിയുന്നുമില്ല, സ്ഥാപനങ്ങളില്‍ തൊഴില്‍സുരക്ഷിതത്വം നല്‍കാന്‍ കഴിയുന്നില്ല. ഭാവി അനിശ്ചിതം.

ന്യൂ ഓര്‍ലീന്‍സില്‍ ഒക്‌റ്റോബറില്‍ നടക്കുന്ന അമേരിക്കന്‍ ഓണ്‍ലൈന്‍ ന്യൂസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനത്തിനു മുന്നോടിയായി പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വെ ഈ അനിശ്ചിതത്ത്വങ്ങളിലേക്കാണ് വിരല്‍ ചൂണ്ടിയത്. പ്രധാന നിഗമനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

കുടുതല്‍ വായന ഓണ്‍ലൈനില്‍
2018-ല്‍ മുതിര്‍ന്ന അമേരിക്കക്കാരില്‍ 34 ശതമാനം പേരും ഓണ്‍ലൈനില്‍ വിവരങ്ങള്‍ അറിയാനാണ് താല്പര്യപ്പെട്ടത്. 2016-ലെ ഇത്തരക്കാരുടെ ശതമാനം 28 ആയിരുന്നതാണ് ഇത്തവണ 34 ആയത്. ഇങ്ങനെ പറയുമ്പോഴും വാര്‍ത്തയുടെ ആദ്യ സ്രോതസ് ടെലിവിഷന്‍ ആയി തുടരുകയാണ് 44 ശതമാനം ആളുകള്‍ക്കും.

പ്രാദേശികവാര്‍ത്തകള്‍ക്കു  രണ്ടും 
പ്രാദേശികവാര്‍ത്തകള്‍ വായിക്കാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ടെലിവിഷനെയും ഏതാണ്ട് ഒരേ പോലെ ആശ്രയിക്കുന്നവരാണ് ഭൂരിപക്ഷം മുതിര്‍ന്ന അമേരിക്കക്കാരും. 37 ശതമാനം വായനക്കാര്‍ ഓണ്‍ലൈന്‍ വഴിയും 41 ശതമാനം പേര്‍ ടെലിവിഷന്‍ ചാനലുകളിലൂടെയുമാണ് പ്രാദേശികവാര്‍ത്തകള്‍ അറിയുന്നത്. ടെലിവിഷനില്‍ പൊതുവാര്‍ത്തകള്‍ അറിയാം.  എന്നാല്‍, ഏതെങ്കിലും പ്രദേശത്തെ ഏതെങ്കിലും പ്രത്യേകവാര്‍ത്ത തെരച്ചില്‍ നടത്തി അറിയാന്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍തന്നെ വേണം.

അനായാസ ഉപയോഗം
സമയം മെനക്കെടുത്താതെ അതിവേഗം, ക്ലേശരഹിതമായി വാര്‍ത്ത അറിയാന്‍ കഴിയണം എന്നതിനാണ് പത്തില്‍ എട്ടു അമേരിക്കക്കാരും(82ശതമാനം) പ്രാധാന്യം നല്‍കുന്നത്. വളച്ചുകെട്ടിയും സങ്കീര്‍ണത കൂട്ടിക്കലര്‍ത്തിയും വാര്‍ത്ത ദുരൂഹമാക്കുന്ന പ്രവണണയുണ്ട്.  നാട്ടില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ആര്‍, എപ്പോള്‍, എവിടെ, എങ്ങനെ... തുടങ്ങിയ വിവരങ്ങള്‍ ഒറ്റ വായനയില്‍ അറിയുകയാണ് പ്രധാനം.

തൊഴില്‍ ലഭ്യത ഏറുന്നു, പക്ഷേ
2008-നും 2018-നും ഇടയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം 82 ശതമാനം വര്‍ദ്ധിച്ചതായി സര്‍വെ കണ്ടെത്തി. എന്നാല്‍, പരമ്പരാഗത മാധ്യമങ്ങളില്‍ നഷ്ടപ്പെട്ട തൊഴിലവസരങ്ങളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ദ്ധന നിസ്സാരമാണ്. 33000 തൊഴിലുകള്‍ പത്രങ്ങളില്‍ നഷ്ടപ്പെട്ടപ്പോഴാണ് ഓണ്‍ലൈനില്‍ 7000-13000 തൊഴിലുകള്‍ ഉണ്ടായത്. പരമ്പരാഗതമാധ്യമങ്ങളില്‍ നാലിലൊന്നു തൊഴിലവസരങ്ങളാണ് 2008-18 കാലത്ത് ഇല്ലാതായത്. ലേഓഫ് പോലുള്ള തൊഴില്‍ മുടക്കങ്ങളുടെ കാര്യത്തില്‍ ഇന്റര്‍നെറ്റ് മാധ്യമങ്ങളില്‍ സ്ഥിതി ഒട്ടും ഭേദമല്ലതാനും. പത്രങ്ങളേക്കാള്‍ അനിശ്ചിതവും അപ്രവചനീയവുമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വരുമാനനില. വായനക്കാരുടെ എണ്ണം ദിവസംതോറും മാറുന്നതുകൊണ്ടു വരുമാനവും അനിശ്ചിതമാകുന്നു. തൊഴില്‍ സുരക്ഷിതത്വം ഒട്ടുമില്ലെന്നു സാരം

ഫെയ്‌സ്ബുക്ക് മുന്നില്‍
ഫെയ്‌സ് ബുക്ക് ഒരു വാര്‍ത്താമാധ്യമമല്ലെങ്കിലും 43 ശതമാനം അമേരിക്കക്കാര്‍ക്ക്് വാര്‍ത്ത ആദ്യം ലഭിക്കുന്നത് ഫെയ്‌സ്ബുക്കില്‍ നിന്നാണ്. അതേസമയം സാമൂഹ്യ മാധ്യമങ്ങളില്‍ കിട്ടുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെക്കുറിച്ച്  ഉറപ്പും ആര്‍ക്കുമില്ല. വസ്തുതാപരമല്ലാത്ത വാര്‍ത്തകളാണ് മിക്കപ്പോഴും സോഷ്യല്‍ മീഡിയ തരുന്നത്. ഒന്നും വിശ്വസിക്കാന്‍ വയ്യ. കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന വാര്‍ത്തകളാണ് സാമൂഹ്യമാധ്യമങ്ങളിലേറെയും എന്ന് സാമൂഹ്യമാധ്യമം വായിക്കുന്നവരില്‍ പകുതിയിലേറെപ്പേര്‍ തിരിച്ചറിഞ്ഞതായി സര്‍വെ വെളിവാക്കി.

നാലിലൊന്നു പത്രങ്ങളും ജോലിക്കാരെ കുറച്ചു
2018-ല്‍ അമേരിക്കയിലെ നാലിലൊന്നു പത്രങ്ങളിലും പത്രപ്രവര്‍ത്തകരുള്‍പ്പെടെയുള്ള ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നതായി പ്യൂ റിസര്‍ച്ച് സെന്ററിന്റെ സര്‍വെ വ്യക്തമാക്കി. ഞായര്‍  പ്രചാരം അരലക്ഷം വരെ കോപ്പിയുള്ള പത്രങ്ങള്‍ക്കാണ് ഏറെയും ക്ഷതമേറ്റത്. തൊഴില്‍ നഷ്ടപ്പെട്ട പത്രജീവനക്കാരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലാണ്.


ഗൂഗ്‌ളിനെതിരെ പത്രങ്ങളുടെ പടയൊരുക്കം

ഗൂഗ്ള്‍ സേര്‍ച്ചില്‍ വാര്‍ത്തകള്‍ വരുന്നത് കോപ്പിറൈറ്റ് നിയമങ്ങളുടെ ലംഘനമാണോ? ഗൂഗ്‌ളും പത്രങ്ങളും തമ്മില്‍ ഈ വിഷയത്തില്‍  ശണ്ഠ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇപ്പോഴിതാ ഫ്രാന്‍സിലെയും ജര്‍മനിയിലെയും പ്രസാധകര്‍ ഗൂഗ്‌ളിനെ തുരത്താന്‍ ഐക്യമുന്നണി രൂപവല്‍ക്കരിക്കുകയാണ്.

ലോകമെങ്ങും ഗൂഗ്‌ളില്‍ വാര്‍ത്ത കൊടുക്കുന്നതിന് പ്രത്യേക വ്യവസ്ഥയൊന്നുമില്ല. പല പ്രസാധകരും അതു നല്ല കാര്യമായാണ് കണക്കാക്കിയിരുന്നത്. അത്രയും കൂടുതല്‍ ആളുകള്‍ തങ്ങളുടെ പത്രവും വാര്‍ത്തയും വായിക്കുമല്ലോ എന്നവര്‍ ആശ്വസിച്ചിരുന്നു. എന്നാല്‍, ഒരു വാര്‍ത്ത പോലും സ്വന്തമായി പ്രസിദ്ധീകരിക്കാതെ, മറ്റുള്ളവര്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ കൊണ്ട് ഗൂഗ്ള്‍ പണം കൊയ്യുകയാണെന്ന തിരിച്ചറിഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. കോപ്പിറൈറ്റ് നിയമങ്ങള്‍ വാര്‍ത്തകള്‍ക്കു ബാധകമാക്കണമെന്ന ആവശ്യം ഉയര്‍ന്നതും ഇതിനെത്തുടര്‍ന്നാണ്.

ഓണ്‍ലൈന്‍ പ്രസാധകര്‍ക്ക് ബാധകമാകുന്ന കോപ്പിറൈറ്റ് നിയമം യൂറോപ്യന്‍ യൂണിയന്‍ തയ്യാറാക്കുന്നതാണ് ഇപ്പോള്‍ ഈ ചര്‍ച്ച സജീവമാകാന്‍ കാരണം. പ്രതിഫലം കൊടുത്ത് സേര്‍ച്ച് വിവരം പ്രസിദ്ധപ്പെടുത്താന്‍ തയ്യാറല്ലെന്നു ഗൂഗ്ള്‍ ആദ്യമേ പ്രഖ്യാപിച്ചിട്ടുള്ളതാണ്. സേര്‍ച്ചില്‍ ചേര്‍ക്കാന്‍ തങ്ങള്‍ ആര്‍ക്കും പ്രതിഫലം നല്‍കുന്നില്ല. അതുകൊണ്ട് പത്രങ്ങള്‍ക്കു മാത്രം അങ്ങനെ പണം നല്‍കാനാവില്ല. സേര്‍ച്ച് ഫലങ്ങളല്ല, സേര്‍ച്ച് പേജിലെ പരസ്യങ്ങളാണ് തങ്ങള്‍ വില്‍ക്കുന്നത്-അവര്‍ ന്യായീകരിക്കുന്നു.

സംഘം ചേരലൊക്കെ നടക്കുമെങ്കിലും, ഗൂഗ്‌ളിനെ തോല്‍പ്പിക്കുക അത്ര എളുപ്പമല്ല. സൗജന്യമായി ഉള്ളടക്കം തന്നില്ലെങ്കില്‍ തങ്ങളുടെ സേര്‍ച്ച് ഫലത്തില്‍നിന്നു പത്രം ഒഴിവാക്കപ്പെടുമെന്നു ഗൂഗ്ള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വെബ് വാര്‍ത്തകളിലേക്ക് മിക്കപ്പോഴും വായനക്കാര്‍ എത്തുന്നത് സേര്‍ച്ച് പേജുകളിലൂടെയാണ്. എന്നാല്‍ ഗൂഗ്‌ളിനും ഇതു പൂര്‍ണരൂപത്തില്‍ നടപ്പാക്കാനാവില്ല. അവര്‍ക്കും പത്രവാര്‍ത്ത വേണം. ഇതില്ലെങ്കില്‍ സേര്‍ച്ച് സംവിധാനം ദുര്‍ബലമാകും. പരസ്യം കുറയും.

ഫ്രഞ്ച്, ജര്‍മന്‍ പ്രസാധകരാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ ഉറച്ച നിലപാട് എടുത്തിട്ടുള്ളതെങ്കിലും രണ്ട് രാജ്യങ്ങളിലെയും ഗവണ്മെന്റുകള്‍ ഇതുവരെ നിലപാട് ഉറപ്പിച്ചിട്ടില്ല. ഫ്രഞ്ച് സര്‍ക്കാര്‍ പൊതുവെ പത്രങ്ങള്‍ക്ക് അനുകൂലമാണ്. എന്നാല്‍ ഗൂഗ്ള്‍ നിലപാടില്‍ തെറ്റൊന്നുമില്ല എന്നാണ് ജര്‍മന്‍ സര്‍ക്കാറിന്റെ കാഴ്ചപ്പാട്. യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ചകളില്‍ അവര്‍ എന്തു നിലപാട് സ്വീകരിക്കുമെന്നു കണ്ടറിയണം.

ലോകവ്യാപകമായി പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാണമാണ് ഇതില്‍ ഉരുത്തിരിയുക. ഫ്രാന്‍സിലാണ് പുതിയ ചട്ടം ആദ്യം നടപ്പാക്കേണ്ടത്. ഫ്രാന്‍സിന്റെ അനുഭവമനുസരിച്ചാവും മറ്റു രാജ്യങ്ങള്‍ അവരുടെ നയം രൂപവല്‍ക്കരിക്കുന്നത്. യൂറോപ്പിനു പുറത്തും ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

ചൈനയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് 'കൂറു പരീക്ഷ'

ചൈനയിലെ പൊതുമേഖലാ പത്രങ്ങളിലെ പതിനായിരത്തിലേറെ മാധ്യമപ്രവര്‍ത്തകര്‍ പ്രസിഡന്റ് ഷി ചിന്‍പിങ്ങിനോട് കൂറു പുലര്‍ത്തുന്നവരാണോ എന്നു പരിശോധിക്കപ്പെടും. കൂറു മാത്രമല്ല, പ്രസിഡന്റ് പിന്തുടരുന്ന നയങ്ങളോടും അദ്ദേഹത്തിന്റെ രാഷ്ട്രീയ ചിന്തയോടും മാക്‌സിസത്തിന്റെ ചൈനീസ് പ്രയോഗത്തോടും ഉള്ള സമീപനവും അറിവും പരിശോധിക്കപ്പെടുമെന്നു സൗത് ചൈന മോണിങ്‌പോസ്റ്റ്് റിപ്പോര്‍ട്ട് ചെയ്തു. .

 രാജ്യവ്യാപകമായി  രണ്ടു ഘട്ടമായാണ് പരീക്ഷ നടത്തുക. ആദ്യഘട്ടപരീക്ഷ ഒക്‌റ്റോബറില്‍ നടക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രചാരണവകുപ്പാണ് ഇതിന്റെ ചുമതല  വഹിക്കുക. പരീക്ഷ  എഴുതുന്നതിന് പ്രത്യേക ആപ്പ് തയ്യാറാക്കിക്കഴിഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ക്കള്ള പ്രസ് കാര്‍ഡുകള്‍ പരീക്ഷയില്‍ വിജയിച്ചവര്‍ക്കു മാത്രമേ  കിട്ടൂ. സൗത് ചൈന മോണിങ്ങ് പോസ്റ്റ്( scmp.com ) ഇതുസംബന്ധിച്ച് വിശദവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ഹോങ്കോങ് പ്രസിദ്ധീകരണമാണ് ഇത്.
(Published in Media Magazine Oct 2019)

Tuesday, 5 November 2019

തിരിഞ്ഞുകടിച്ച പൊലീസ്

അപശബ്ദം 

എന്‍പിയാര്‍

തിരിഞ്ഞുകടിച്ച പൊലീസ്

പണ്ട് നക്‌സലുകള്‍ എന്നാണ് വിളിക്കാറുള്ളത്. അടുത്ത കാലത്താണ് പേരു ഒന്നു കൂടി പ്രാകൃതമാക്കിയത്. മാവോയിസ്റ്റുകള്‍. പണ്ടാണ് അവര്‍ ശരിക്കും മാവോയിസ്റ്റുകളായിരുന്നത്. ഇന്നിപ്പോള്‍ മാവോ സെ തൂങ്ങിന്റെ നാട്ടില്‍പ്പോലും മാവോയിസ്റ്റുകളില്ല. ഉള്ളത്് അസ്സല്‍ മുതലാളിത്ത തീവ്രവാദികളാണ്. അമേരിക്കക്കാര്‍ക്കു വരെ അസൂയ ഉണ്ടാക്കുന്ന ഇനം മാവോയിസ്റ്റുകള്‍. 

അതവിടെ നില്‍ക്കട്ടെ. കുറെക്കാലമായി, മാവോയിസ്റ്റ് ഭീഷണി എന്നു പരക്കെ കേള്‍ക്കുന്നുണ്ടെങ്കിലും കേരളത്തിലൊരു പൂച്ചക്കുട്ടിയെപ്പോലും അവര്‍ കൊന്നതായി വാര്‍ത്തയില്ല. കൊല്ലുന്ന പണി മൊത്തം സംസ്ഥാനം ഭരിക്കുന്നവരും കേന്ദ്രം ഭരിക്കുന്നവരുമാണല്ലോ ഏറ്റെടുത്തിട്ടുള്ളത്. കാട്ടില്‍ ഗതികിട്ടാ പട്ടിണിക്കാരായി നടക്കാറുണ്ടത്രെ കുറെ മാവോയിസ്റ്റുകള്‍. എന്തിനാണ് കാട്ടില്‍ നടക്കുന്നത് എന്നു മാത്രം മനസ്സിലാവുന്നില്ല. അവരെ നേരിടാന്‍, എടുത്താല്‍ പൊന്താത്ത ആയുധങ്ങളും വാഹനങ്ങളും കോടിക്കണക്കിനു രൂപയും കേന്ദ്രന്‍ സംസ്ഥാനത്തിനു കൊടുക്കുന്നുണ്ട്. അതുംവാങ്ങി ചുമ്മാ ഇരിക്കുന്നതെങ്ങനെ?  അതാണ്്, തങ്ങളുടെ ഒരു രോമത്തിനു പോലും കേടു പറ്റാതെ നിഷ്പ്രയാസം നാലു മനുഷ്യരെ അട്ടപ്പാടിയില്‍ തട്ടിയത്. ഇനി അതിനുള്ള പരമവീരചക്രമോ വെറും ചക്രമോ കേന്ദ്രപോലീസ് തസ്തികയോ ചിലര്‍ക്കൊക്കെ കിട്ടുമായിരിക്കും. കിട്ടട്ടെ.

മാവോയിസ്റ്റ് ഉന്മൂലനത്തിന്റെ ഭരണകൂട സ്്പിരിട്ട് സി.പി.എം സഹധര്‍മ പാര്‍ട്ടിയായ സി.പി.ഐക്ക് ഉണ്ടായില്ല. മഹാകഷ്ടം. പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അനുഭവിക്കുന്നു പെടാപ്പാടിനെക്കുറിച്ച് അവര്‍ക്ക് ഒരു സഹതാപവും ഇല്ല. മാവോയിസ്റ്റാവുന്നതുതന്നെ വെടിവെച്ചു കൊല്ലാന്‍ മതിയായ പ്രകോപനമാണെന്ന് എന്തേ മനസ്സിലാക്കാത്തത്! കീഴടങ്ങാന്‍ വന്നവരെ വെടിവെച്ചിട്ടുവെന്നു മാത്രമല്ല, ഒരു അശു നേതാവിനെ കസ്റ്റഡിയില്‍ വെടിവെച്ചുകൊന്നു എന്നും സി.പി.ഐ.ക്കാര്‍ ആരോപിച്ചിട്ടുണ്ട്്്. കണ്ടാലും മിണ്ടാതിരിക്കുകയല്ലേ ഭരണമുന്നണി ഘടകത്തിന്റെ മുന്നണിധര്‍മം? സി.പി.ഐ.ക്കാര്‍ക്ക് ഇതൊന്നും മനസ്സിലാവില്ല. പഴയ രാജന്‍കേസ്സിന്റെ കുറ്റബോധം ഉള്ളില്‍കുത്തുന്നുണ്ട്. അടിയന്തരാവസ്ഥയില്‍ മുഖ്യമന്ത്രിസ്ഥാനത്ത് ഇരുന്നു സുഖിച്ച പാര്‍ട്ടിയല്ലേ.... അതുകൊണ്ട്്് ഇപ്പോള്‍ എല്ലാറ്റിനും ഒരു മുഴം മുന്നെ എറിയണം. എങ്കിലേ ഇടതിനേക്കാള്‍ വലിയ ഇടതാവാനാവൂ. 

നാലു സോകോള്‍ഡ് മാവോയിസ്റ്റുകളെ കൊന്നതുകൊണ്ടൊന്നും കേന്ദ്രത്തിലെയും കേരളത്തിലെയും ഇരട്ടച്ചങ്കന്മാര്‍ക്ക് തൃപ്തി വരില്ല എന്നാശങ്കിച്ചാവണം രാത്രി റോഡോരത്തു നിന്ന രണ്ടുപേരെ ജയിലിലിട്ടത്. റോഡോരത്തു നില്‍ക്കുന്നത് കുറ്റമാവുമോ എന്തോ. സഞ്ചി തപ്പിയപ്പോള്‍ മാവോയിസ്റ്റുകളുടെ നോട്ടീസ് കണ്ടത്രെ. മഹാപരാധംതന്നെ. ഒരു തരത്തില്‍ നോക്കിയാല്‍ മാന്യന്മാരാണ് ആ പൊലീസുകാര്‍. നഗരമാവോയിസ്റ്റുകളാണ് എന്നു പറഞ്ഞ് അപ്പടി വെടിവെച്ചു കൊല്ലാമായിരുന്നല്ലോ. അതു ചെയ്തില്ല. ആ അമ്മമാരുടെ ഭാഗ്യം. പിടിക്കപ്പെട്ടവര്‍ ആര്്്്്, എന്ത് എന്നു നോക്കിയതു മാരകവിഷമുള്ള യുഎപിഎ കുത്തിവെച്ച ശേഷമാണ്. ചെറുപ്പക്കാര്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ് എന്നറിയുമ്പോഴേക്കും വൈകിയിരുന്നു. ഇനി ഊരാന്‍ കുറച്ച് പാടുണ്ട്.

ഇരട്ടച്ചങ്കുള്ള സഖാവ് പൊലീസിനെ ഭരിക്കുമ്പോള്‍തന്നെ വേണം ഇങ്ങനെ സംഭവിക്കാന്‍. പാര്‍ട്ടി സംസ്ഥാനകമ്മിറ്റിക്കുതന്നെ മുഖം നഷ്ടപ്പെട്ടതുകൊണ്ടാണ് അവരെ വിട്ടയക്കണമെന്നു ആലോചിക്കുന്നതുതന്നെ. വല്ല സാധാരണക്കാരനും ആയിരുന്നെങ്കില്‍ ആരും ഒരക്ഷരം മിണ്ടില്ലായിരിന്നു. ഈ തോതില്‍ എന്തായിരിക്കും സംഘപരിവാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതി? എത്ര ചെറുപ്പക്കാരെ ഭീകരലേബ്ള്‍ നെറ്റിയിലൊട്ടിച്ച് എത്ര വര്‍ഷമായി ജയിലിട്ടിട്ടുണ്ടാവും. ഇടതുപക്ഷമോ സംഘപക്ഷമോ എന്ന വ്യത്യാസമെല്ലാം ഇല്ലാതാവും. ജമ്മു കാശ്മീരിലെ പൊലീസ് ഭരണം കേന്ദ്രം ഏറ്റെടുത്തത് അങ്ങനെ നിയമം മാറ്റിക്കൊണ്ടുതന്നെയാണ്. കേരളം പോലുള്ള അപ്രധാനസംസ്ഥാനങ്ങളില്‍ പറയാതെയും അതു ചെയ്യാവുന്നതേ ഉള്ളൂ. ചെയ്തു കഴിഞ്ഞോ എന്തോ...... 

പാട്ടത്തിന് പട്ടേല്‍
കോണ്‍ഗ്രസ് നേതാവായിരുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേലിനെ ബി.ജെ.പി ക്കാര്‍ എന്തിന് തലയില്‍ പേറി നടക്കുന്നു എന്നു പലരും ചോദിക്കുന്നുണ്ട്. അങ്ങനെ പാടില്ലെന്ന് ഭരണഘടനയിലില്ല. ശ്രീരാമന്‍ മുതല്‍ സ്വാമി വിവേകാനന്ദന്‍ വരെ ആരും എതിരു പറയാത്ത മഹാബിംബങ്ങളെ സ്വന്തമാക്കി വെക്കുന്നതിന് നിയമതടസ്സമില്ലെന്നിരിക്കെ എന്തു കൊണ്ട് ഒരു പരേതനായ കോണ്‍ഗ്രസ് നേതാവിനെ പൊക്കിപ്പിടിച്ചു കൂടാ. എന്തിന് സ്വന്തം നേതൃദാരിദ്ര്യം വെളിപ്പെടുത്തുന്നത് എന്ന ചോദ്യമുണ്ട്. ദേശീയ സ്വാതന്ത്ര്യസമരം നടക്കുമ്പോള്‍ സംഘപരിവാറിനു കൊടിപിടിക്കാനും ജയിലില്‍ പോകാനുമൊന്നും സമയം കിട്ടിയില്ല. മസില്‍ ഉരുട്ടല്‍, ദണ്ഡ് പ്രയോഗം, കമ്പഡികളി തുടങ്ങിയ അടിയന്തരപ്രാധാന്യമുളള വിഷയങ്ങളിലായിരുന്നു ശ്രദ്ധ. അതുകൊണ്ടാണ് 1930-47 കാലത്തെ ഒരു നേതാവിന്റെയും ഫോട്ടോ ഫ്രെയിം ചെയ്തു ചുവരില്‍ തൂക്കാന്‍ കിട്ടാതെ പോയത്. അങ്ങനെ വരുമ്പോള്‍ അത്യാവശ്യം ചിലരെ ചരിത്രപുസ്തകത്തില്‍നിന്നു പാട്ടത്തിനെടുക്കാവുന്നതേ ഉള്ളൂ.

പട്ടേല്‍ ഗുജറാത്തുകാരനാണെന്നത് മുഖ്യഘടകമാണ്. ഇന്ത്യയെ ഒന്നാക്കിയ ആളെന്ന ക്രഡിറ്റുണ്ട്. ആര്‍.എസ്.എസ്സിനെ നിരോധിച്ച ആളെന്ന ഒരു ദുഷ്‌പേരുണ്ട്. അത് അവഗണിക്കാം. നെഹ്‌റുവിന്റെ പണിയാണെന്നു പറഞ്ഞുനില്‍ക്കാം. മോദിയും അമിത് ഷായും വരുന്ന സംസ്ഥാനമാണല്ലോ ഗുജറാത്ത്. ആ ഗുജറാത്തില്‍ പിന്നെ പരിഗണിക്കേണ്ട ഒരാള്‍ ഗാന്ധിജിയാണ്. ഗോഡ്‌സെ,സവാര്‍ക്കര്‍മാരെ ഇവര്‍ക്കൊപ്പം ചേര്‍ക്കാം. ചിലരെല്ലാം കുരച്ചുചാടുമെങ്കിലും ചരിത്രം മാറ്റിയെഴുതുന്ന പണി പൂര്‍ത്തിയാകുമ്പോഴേക്ക് എല്ലാം അപ്രസക്തമാകും. മഹാത്മാഗാന്ധി, സര്‍ദാര്‍ പട്ടേല്‍, നരേന്ദ്ര മോദി, അമിത് ഷാ എന്നിവര്‍ ഒരു വരിയില്‍ അണിനിരക്കും. കണ്ടോളിന്‍.

സുരേഷ് ഗോപിയുടെ കഷ്ടപ്പാട്
പാര്‍ട്ടി പ്രസിഡന്റുമാരായിരുന്ന പല വിദ്വാന്മാരും കണ്ണടച്ചു തുറക്കുമ്പോഴേക്ക് ഗവര്‍ണര്‍മാരായി സുഖവാസത്തിന് പോകുന്നത് കണ്ടില്ലേ? വാസ്തവത്തില്‍ ഇങ്ങനെ സുഖവാസം ലഭിക്കേണ്ട ഒരാളല്ലേ നമ്മുടെ സുരേഷ് ഗോപിജി. എന്തെല്ലാം വീരകൃത്യങ്ങളാണ് അദ്ദേഹം വെള്ളിത്തിരയില്‍ ചെയ്തിട്ടുള്ളത്. എത്രയെത്ര അടിപൊളി തട്ടുപൊളിപ്പന്‍ പ്രസംഗങ്ങളാണ് ഡയലോഗായി അടിച്ചുവിട്ടിട്ടുള്ളത്.  ആ ദേഹത്തിനു ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം ഇരിക്കപ്പൊറുതി കിട്ടിയിട്ടില്ല.

രാജ്യസഭാംഗത്വം കൊടുത്തു, ശരിതന്നെ. പക്ഷേ, എന്തുകൊണ്ട് ഒരു കേന്ദ്രമന്ത്രി കൊടുത്തില്ല? അതുപോട്ടെ, വലിയ ശല്യമൊന്നുമില്ലാത്ത പണിയാണ് രാജ്യസഭയിലേത്. ഒരു സൈഡില്‍ മിണ്ടാതിരിക്കാം. അങ്ങനെ ഇരിക്കുമ്പോഴാണ് തൃശ്ശൂരില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. പറ്റില്ല എന്നു പറയാന്‍ പറ്റുമോ? പറ്റില്ല. എന്തു വിചാരിക്കും മോദിജിയും ഷാജിയുമൊക്കെ. മത്സരിച്ചു. ജയിക്കരുതേ എന്നു തനിക്കുവേണ്ടിത്തന്നെ പലരും പ്രാര്‍ത്ഥിച്ചുകാണണം. ഇരിക്കപ്പൊറുതി കിട്ടുമോ ലോക്‌സഭാംഗമായാല്‍? വീട്ടിലെ കോളില്‍ ബെല്ലില്‍ വഴിപോകുന്നവരൊക്കെ കയറി വിരലമര്‍ത്തില്ലേ? ഭാഗ്യം, ജയിച്ചില്ല.

അങ്ങനെ മനസ്സമാധാനത്തോടെ കഴിഞ്ഞുകൂടാന്‍ തുടങ്ങുമ്പോഴതാ വീണ്ടും വിളി വരുന്നു. ശ്രീധരന്‍പിള്ളയിരുന്ന കസേര ഒഴിവാണത്രെ. ഒരു കാര്യം വ്യക്തം. സുരേഷ് ഗോപിയോട് കടുത്ത ശത്രുതയുള്ള ആരോ ഡല്‍ഹിയില്‍ പാര്‍ട്ടി നേതൃത്വത്തില്‍ ഇരുന്നു ചരടുവലിക്കുന്നുണ്ട്. കേരളത്തില്‍ എന്തു പണിക്കും കോപ്പുള്ള അര ഡസന്‍ നേതാക്കളുള്ളപ്പോള്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പോലുമായിട്ടില്ലാത്ത ആ ചങ്ങാതിയെ സംസ്ഥാന പ്രസിഡന്റാക്കാമെന്ന് ബുദ്ധിയുദിച്ച ആള്‍ക്ക്  അടിയന്തര ചികിത്സ നല്‍കേണ്ടതുതന്നെയാണ്. എന്തിനും വേണ്ടേ പരിധി?
 മുനയമ്പ്
നിര്‍മിതബുദ്ധി സേവനങ്ങള്‍ പൊലീസിലും നടപ്പാക്കും: മുഖ്യമന്ത്രി
നിര്‍മിത ബുദ്ധിശൂന്യതയാണ് വാളയാര്‍ മുതല്‍ അട്ടപ്പാടിവരെയും പിന്നെ കോഴിക്കോട്ടും നടപ്പാക്കിയത്. അതുമതി.