കോടിയേരിയുടെ കാഷ്വല്‍ ലീവ്


വിവാദമാക്കാന്‍ പറ്റാത്തതായി വല്ലതും ഉണ്ടോ എന്ന ഗവേഷണത്തിലും പരീക്ഷണത്തിലുമാണ് സി.പി.എമ്മും കുറെ മാധ്യമങ്ങളും. ഇല്ല, ഒന്നുമില്ല എന്നവര്‍ കണ്ടെത്തി. സി.പി.എം സംസ്ഥാന സിക്രട്ടറി കോടിയേരിയുടെ അസുഖമാണ് വിവാദമാക്കി ഇവര്‍ റെക്കോര്‍ഡിട്ടത്. വിവാദമാക്കാന്‍ നാട്ടില്‍ വേറെ ഒരു വിഷയവുമില്ല എന്ന മട്ടില്‍.

കോടിയേരിക്കു പാര്‍ട്ടി അവധി കൊടുത്തു എന്നായിരുന്നു പല പത്രങ്ങളില്‍ ഡിസംബര്‍ അഞ്ചിന് വന്ന മുഖ്യവാര്‍ത്ത. അപ്പോള്‍ തുടങ്ങിയതാണ് രോഗവും അവധിയും എന്നാണ് അതു വായിച്ചാല്‍ തോന്നുക. ഒന്നര മാസമായി അദ്ദേഹം അവധിയിലായിരുന്നു എന്നവര്‍ അറിഞ്ഞില്ല. അദ്ദേഹം അവധി നല്‍കിയെന്നു കുറെ മാധ്യമങ്ങള്‍, ഇല്ലെന്നു വേറെ കുറെ ചിലത്. കോടിയേരിക്കു പകരം വരാനിടയുള്ള മന്ത്രിമാരുടെ പേരും പടവും നിരത്തി ഒരടി മുന്നില്‍ ചാടി ഒരു പത്രം. അസുഖത്തിന്റെ പേരില്‍ വിവാദം പാടില്ല എന്നു നിയമത്തിലുണ്ടോ എന്ന മട്ട്്. 

തീര്‍ച്ചയായും, സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ തലവന് അസുഖം ബാധിച്ചതും അദ്ദേഹം ചുമതലകളില്‍ നിന്നു മാറി നില്‍ക്കുന്നതും വാര്‍ത്തയാണ്. നാട്ടിലതു ചര്‍ച്ചാവിഷയവുമാകും. അസുഖത്തെക്കുറിച്ചാവും പൊതുവെ ആശങ്ക, നേതാവ് എടുത്ത  ലീവിനെക്കുറിച്ചാവില്ല എന്നു മാത്രം. അസുഖം രഹസ്യമല്ലല്ലോ. ആയിരുന്ന കാലമുണ്ടായിരുന്നു. ഇവിടെയല്ല, അങ്ങ് സോവിയറ്റ് യൂണിയന്‍, ചൈന തുടങ്ങിയ സുവര്‍ണ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകളില്‍. സോവിയറ്റ് പാര്‍ട്ടി സിക്രട്ടറിക്ക് ജലദോഷം പിടിച്ചാല്‍ വിവരം സ്‌റ്റേറ്റ് സീക്രട്ടായിരുന്ന കാലം. അത്തരം ജലദോഷങ്ങളൊന്നും ഇപ്പോള്‍ ഒരു വിധം കമ്യൂണിസ്റ്റ് പാര്‍ട്ടികളിലൊന്നുമില്ല.


വിവാദം ഉണ്ടാക്കേണ്ട എന്നു മാധ്യമങ്ങള്‍ വിചാരിച്ചാലും പാര്‍ട്ടി സമ്മതിക്കില്ല എന്നുവച്ചാല്‍ എന്തു ചെയ്യാം. കോടിയേരി ബാലകൃഷ്ണന് അസുഖമുള്ളതു കൊണ്ട് പകരം ഇന്ന സഖാവ് ഇത്ര ദിവസം സിക്രട്ടറിയുടെ ചുമതല വഹിക്കും എന്നൊരു പത്രക്കുറിപ്പ് എ.കെ.ജി സെന്ററില്‍ നിന്നു പുറപ്പെുടുവിക്കുകയോ, നിറഞ്ഞ ചിരിയോടെ കോടിയേരി തന്നെ വെളിപ്പെടുത്തുകയോ ചെയ്തിരുന്നുവെങ്കില്‍ ചര്‍ച്ച രോഗത്തെക്കുറിച്ചേ ആകുമായിരുന്നുള്ളൂ. തലക്കെട്ടിന്റെ വലുപ്പം നാലിലൊന്നായി കുറയുമായിരുന്നു. കോടിയേരി പൊതുവെ എന്തെങ്കിലും പറഞ്ഞോ ചെയ്‌തോ വിവാദം ഉണ്ടാക്കുന്ന ആളല്ല.സി.പി.എമ്മിനോട് ശത്രുതയുള്ളവര്‍ക്കും കോടിയേരി ബാലകൃഷ്ണനോട് ശത്രുത കാണില്ല.

കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ വ്യക്തിക്കു പ്രധാന്യമില്ല എന്നാണ് പുസ്തകങ്ങളില്‍ കണ്ടത്്, അതാവില്ല യാഥാര്‍ത്ഥ്യമെങ്കിലും. സഖാവ് എക്‌സ് അവധിയില്‍ പോയാല്‍ സഖാവ് വൈ സിക്രട്ടറിയാകും. അത്രതന്നെ. നടന്നേടത്തോളം നടന്നു. ഇനി മിണ്ടാതിരിക്കാം എന്നല്ല പാര്‍ട്ടിപ്പത്രവും വിചാരിച്ചത്. ഇടക്കിടെ ബൂര്‍ഷ്വാമാധ്യമങ്ങളുടെ മെക്കിട്ടു കയറണം. ഇല്ലെങ്കില്‍ വിപ്ലവത്തിന് കാലതാമസം വരും. കോടിയേരിയുടെ അവധിയെച്ചൊല്ലി ബുര്‍ഷാ മാധ്യമങ്ങള്‍ നുണക്കഥ മെനഞ്ഞത് പാര്‍ട്ടിയെ ദുര്‍ബലമാക്കാനുള്ള കുതന്ത്രമാണെന്നു പത്രത്തില്‍ വിശകലനങ്ങള്‍ നിരന്നു. കോടിയേരിക്കു പകരക്കാരന്‍ വരും എന്നു പറഞ്ഞത് മനഃസാക്ഷി മരവിച്ച മാധ്യമങ്ങളുടെ മഹാക്രൂരതയായി അവര്‍ കാണുന്നു. എന്തായാലും, കോടിയേരി അതിവേഗം സുഖം പ്രാപിച്ച് മടങ്ങിവരട്ടെ. എല്ലാ വായകളും അടയട്ടെ.

മണ്ണുതിന്നത് ആരാണ്?
പട്ടിണി കിടന്ന കുഞ്ഞുങ്ങള്‍ വിശപ്പടക്കാന്‍ മണ്ണുതിന്നു എന്നായിരുന്നു വാര്‍ത്ത. അതിന്റെ പിറകെ ഒരാഴ്ചയിലേറെയായി മാധ്യമങ്ങളും പൊതുപ്രവര്‍ത്തകരും സര്‍ക്കാറും അര ഡസന്‍ വിവിധയിനം കമ്മീഷനുകളും പരക്കം പായുകയായിരുന്നു. പതിവു പോലെ മണ്ണു തിന്നോ ഇല്ലയോ എന്ന കാര്യത്തില്‍ ഇതു വരെ തീര്‍പ്പായിട്ടില്ല. ഇപ്പോഴെല്ലാവരും പറയുന്നു മണ്ണേ തിന്നിട്ടില്ല എന്ന്.

യൂറോപ്യന്‍ നിലവാരത്തിലാണു കേരളത്തിന്റെ ജനസംഖ്യാവര്‍ദ്ധന എന്ന ഹൂങ്കു പറഞ്ഞു നടപ്പായിരുന്നു നമ്മള്‍. ആ കേരളത്തിലാണ്, ജീവിക്കാന്‍ കാര്യമായ മാര്‍ഗമൊന്നുമില്ലാത്ത കുടുംബത്തില്‍ ഏഴു വര്‍ഷംകൊണ്ട് ആറു മക്കളുണ്ടായത്. സാമൂഹ്യക്ഷേമവും ആരോഗ്യവും നന്നാക്കാന്‍ ശമ്പളം പറ്റുന്നവരോന്നും ഇതറിഞ്ഞില്ല. മക്കളെ ഉണ്ടാക്കാന്‍ ഭരണഘടന പരിധി വച്ചിട്ടില്ലല്ലോ, പിന്നെന്തു തടസ്സം.

പുറമ്പോക്കിലും കുടിലുകളിലും ജീവിക്കുന്നവര്‍ക്ക് വോട്ടുണ്ടോ എന്നു നോക്കാന്‍ ഇഷ്ടം പോലെ ആളുണ്ടായിരുന്നു. അവിടെ സൗജന്യറേഷന്‍ കിട്ടുന്നുണ്ടോ എന്ന് അന്വേഷിക്കന്‍ ആര്‍ക്കും പോയില്ല. കുട്ടികള്‍ മണ്ണുതിന്നുന്നത് വിശപ്പടക്കാനാണോ അതല്ല വേറെ ഒരു അസുഖമാണോ എന്നാരും അന്വേഷിച്ചതായും കേട്ടില്ല. പട്ടിണിയില്ലാത്ത വീട്ടിലും കുട്ടികള്‍ മണ്ണുതിന്നേക്കാം എന്നത്രെ വൈദ്യശാസ്ത്രം പറയുന്നത്. അതു വേറെ അസുഖമാണ്. വിവാദങ്ങള്‍ കാടുകയറിയാല്‍ എവിടെ വിവേകം, എവിടെ യാഥാര്‍ത്ഥ്യം!

വികാരം വേറെ, വിവേകം വേറെ
പൊതുജനാഭിപ്രായം മാത്രം നോക്കി കാര്യങ്ങള്‍ ചെയ്യുന്നതിനെ ജനാധിപത്യം എന്നു വിളിക്കാനാവുമോ? ആവോ അറിയില്ല. ഭൂരിപക്ഷത്തിനൊപ്പം നിന്നില്ലെങ്കില്‍ ജീവന്‍ ബാക്കിയുണ്ടാവില്ല എന്ന നില വരുന്നതും ജനാധിപത്യമാണെന്ന വ്യാഖ്യാനം വന്നേക്കും. ജനവികാരം പലപ്പോഴും അവിവേകം നിറഞ്ഞതും നിയമലംഘനവുമാവും. ഒടുവിലത്തെ തെളിവാണ് ഹൈദരബാദില്‍ പൊലീസ് നടത്തിയ ആള്‍ക്കൂട്ടക്കൊല.

മുകളില്‍നിന്നുള്ള അറിവോടെയാണ് കൊല എന്നിപ്പോഴൊരു സംസ്ഥാന മന്ത്രി വെളിപ്പെടുത്തുന്നു. ആരാണ് മുകളിലുള്ളത്? ദൈവംതമ്പുരാനോ? അല്ല. ആഭ്യന്തരമന്ത്രിയോ മുഖ്യമന്ത്രിയോ ആവും എന്നുറപ്പ്. അതിക്രൂരമായ ബലാല്‍സംഗകൊലപാതകത്തിനെതിരെ ഉയര്‍ന്ന ജനവികാരകൊടുങ്കാറ്റില്‍ പിടിച്ചുനില്‍ക്കാന്‍ ഭരണകൂടം ബോധപൂര്‍വം നടത്തിയ കൂട്ടക്കൊലയാണ്്് ഇതെന്ന സംശയം ശരിവയ്ക്കുന്നതായി മന്ത്രിയുടെ കമെന്റ്്.

നാട്ടുകാരുടെ വികാരവും കയ്യടിയും മിഠായിപ്പൊതിയും നോക്കിയല്ല പൊലീസ് നിയമം നടപ്പാക്കേണ്ടത് എന്നു ഏതു പരിഷ്‌കൃത സമൂഹത്തിനാണ് അറിയാത്തത്. ആള്‍ക്കൂട്ടക്കൊലയുടെ മറ്റൊരു പതിപ്പാണ് ഇതെന്നു വ്യക്തം. കൂരിരുട്ടില്‍ തൊണ്ടി നോക്കാന്‍ പോകുമ്പോള്‍ കൊലയാളികള്‍ക്കു കയ്യാമം വേണ്ട എന്നൊരു ഉദ്യോഗസ്ഥന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ ആ ജോലി ചെയ്യാന്‍ യോഗ്യനല്ല എന്നു വ്യക്തം.

ബാലികയെ ബലാല്‍സംഗം ചെയ്തു കൊന്ന ക്രൂരന്‍ ജാമ്യത്തിലിറങ്ങി നെഞ്ചു വിരിച്ച് നടക്കുന്നതു കണ്ട് സഹിക്കാതെ, ആ ബാലികയുടെ അച്ഛന്‍ അവനെ വെടിവെച്ചുകൊന്ന സംഭവം ഏതാനും വര്‍ഷം മുമ്പ് മലപ്പുറത്തുണ്ടായിരുന്നു. ജനമനസ്സ് ആ അച്ഛനൊപ്പമായിരുന്നു. ചെയ്തതിനുള്ള ശിക്ഷ സ്വീകരിക്കാന്‍ തയ്യാറായാണ് അച്ഛനത് ചെയ്തത്. അദ്ദേഹം അറസ്റ്റും വിചാരണയും ശിക്ഷയുമെല്ലാം നേരിട്ടിട്ടുണ്ട്. അദ്ദേഹം ഒരു യൂണിഫോറത്തിന്റെയോ വ്യാജന്യായീകരണത്തിന്റെയോ മറവില്‍ നിയമനടപടിയില്‍ നിന്ന് തടിയൂരിയില്ല. ഒടുവില്‍ ശിക്ഷിക്കപ്പെട്ടില്ല എന്നത് സത്യം. . ഹൈദരാബാദിലെ പൊലീസ് കൊലയാളികളും ജയിലിലടക്കപ്പെടണം. അതാണ് ജനാധിപത്യത്തിലെ നിയമവാഴ്ച. ഇല്ലെങ്കില്‍ ഇവര്‍ നാളെ ആരെയെല്ലാം കൊല്ലും എന്നു പ്രവചിക്കാനാവില്ല. 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി