പടുകൂറ്റന്‍ കെപിസിസി


പാര്‍ട്ടിയുടെ നേതൃശേഷിയും ഭാരവാഹികളുടെ എണ്ണവും തമ്മില്‍ വല്ല ബന്ധവുമുണ്ടോ എന്നു കണ്ടെത്താന്‍ ഇതുവരെ ആരും ഗവേഷണം നടത്തിയിട്ടില്ല.  വൈസ് പ്രസിഡന്റ്, വര്‍ക്കിങ് പ്രസിഡന്റ്, ജനറല്‍ സിക്രട്ടറി, സിക്രട്ടറി തുടങ്ങിയ തസ്തികകളില്‍ ഇരിക്കുന്ന വന്‍പടയുടെ ആളെണ്ണം കൂടുന്നതിനനുസരിച്ച് പാര്‍ട്ടി ശക്തിപ്പെടുമോ അതല്ല, ഉള്ള വീര്യം തന്നെ ചോര്‍ന്നുപോവുമോ? ഒരു സത്യം പറയാം. പാര്‍ട്ടിക്ക് പണ്ടത്തെ ബലമൊന്നും ഇപ്പോഴില്ല. അത് ഭാരവാഹിശല്യം കൊണ്ടാണെന്നു പറയാനാവില്ല എന്നുമാത്രം. കോണ്‍ഗ്രസ്സില്‍ അംഗത്വമെടുക്കുമ്പോള്‍ തന്നെ ആളുടെ ചിന്ത ഏത് ഭാരമാണ് വഹിക്കേണ്ടത് എന്നതിനെക്കുറിച്ചാണ്. ഭാരംവഹിക്കാതെ അവര്‍ക്കു ജീവിക്കാന്‍ കഴിയില്ല.   

കോണ്‍ഗ്രസ്, സി.പി.എം എന്നീ രണ്ടു പാര്‍ട്ടികളാണ് കേരളത്തില്‍ ബലത്തില്‍ ഒന്നും രണ്ടും റാങ്കില്‍ നില്‍ക്കുന്നത് എന്നാണ് പൊതുധാരണ. ഇതില്‍ ഒരു പാര്‍ട്ടിയുടെ ഭാരംമുഴുവന്‍ സംസ്ഥാനതലത്തില്‍ വഹിക്കുന്ന വാഹിയുടെ എണ്ണം ഒന്ന് ആണ്. ഒരേ ഒരു ഒന്ന്. ഒരു സിക്രട്ടറി മാത്രം. ജനറല്‍ സിക്രട്ടറി പോലുമല്ല, വെറും സിക്രട്ടറി. മറ്റേ പാര്‍ട്ടിയുടെ സംസ്ഥാനഭാരവാഹികളുടെ എണ്ണം ഇതെഴുതുന്ന സമയത്ത് 48 ആയിട്ടുണ്ട്. ഏതു നിമിഷവും വര്‍ദ്ധിക്കാം. ഒരു പ്രസിഡന്റ്, പന്ത്രണ്ട് വൈസ് പ്രസിഡന്റ്, 34 ജനറല്‍ സിക്രട്ടറി, ഒരു ഖജാന്‍ജി എന്നിങ്ങനെയാണ് ഇപ്പോഴത്തെ അവസ്ഥ. കെ.പി.സി.സി ഭാരവാഹി ഗോപുരനിര്‍മാണം തീര്‍ന്നിട്ടില്ല.

പ്രസിഡന്റ് അമിതാദ്ധ്വാനം ചെയ്ത് ക്ഷീണിക്കാതിരിക്കാനാണ് 12 വൈസ് പ്രസിഡന്റുമാരെ നിയമിക്കുന്നത് എന്നറിയാമല്ലോ. മുമ്പ് ഇതിനേക്കാള്‍ ആള്‍ബലം ഉണ്ടായിരുന്നു-വൈസ് പ്രസിഡന്റിനു പുറമെ നാലഞ്ച് വര്‍ക്കിങ് പ്രസിഡന്റുമാരും ഉണ്ടായിരുന്നു. പ്രസിഡന്റ് ഒട്ടും വര്‍ക്ക് ചെയ്യാതിരിക്കാനാണ് വേറെ വര്‍ക്കിങ് പ്രസിഡന്റുമാരെ വെക്കുന്നത്. ഇത്തവണ ഇക്കൂട്ടരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. 94 സാദാ സിക്രട്ടറിമാരുടെ പേരുകള്‍ ആണത്രെ ഇപ്പോള്‍ ഹൈക്കമാന്‍ഡിന്റെ കൈവശം കിട്ടിയിരിക്കുന്നത്. അതു കണ്ട് തലകറക്കം വന്നതുകൊണ്ടോ കയ്യറപ്പ് തോന്നിയതു കൊണ്ടോ എന്തോ മാദം ഒപ്പിട്ടില്ല. ഇതിനെക്കുറിച്ച് എന്തായാലും കൂലങ്കഷമായ ചര്‍ച്ച നടക്കുന്നുണ്ട്്. തീരാന്‍ കാലം കുറച്ചെടുത്തേക്കും.
 
മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്റായതു മുതല്‍ തുടങ്ങിയതാണല്ലോ ഭാരവാഹി നിയമനചര്‍ച്ച. വര്‍ഷം ഒന്നരയാവാറായി. നേരം പുലരാറായി. ഭാരവാഹിപ്പട്ടികയിലെ ആളെണ്ണം വര്‍ദ്ധിക്കുന്നത് പാര്‍ട്ടിക്കകത്തെ സ്ഥാനമോഹത്തിന്റെയും ഗ്രൂപ്പുതല്ലിന്റെയും ഗ്രാഫ് ഉയരുമ്പോഴാണ് എന്ന് സാമാന്യജനത്തിനും അറിയാം. ഇങ്ങനെ ഭാരവാഹിയാകുന്നത് നാണക്കേടാണ് എന്നു കരുതുന്നവരുടെ എണ്ണം വളരെ കുറവാണ്. രണ്ടോ മൂന്നോ മാത്രം... ഇവരുടെ എണ്ണം പത്തോ ഇറുപത്തഞ്ചോ ആയി വര്‍ദ്ധിച്ചിരുന്നെങ്കില്‍ എന്നു മോഹിക്കുന്നവര്‍ കാണും. ആ ഒഴിവില്‍ തങ്ങള്‍ക്കും ഭാരവാഹിയാകാമല്ലോ എന്ന ആഗ്രഹം മാത്രമേ അവര്‍ക്കുള്ളൂ. വേറെ ദുരുദ്ദേശമൊന്നുമില്ല. പാര്‍ട്ടി ഭാരവാഹികളുടെ എണ്ണം ഇങ്ങനെ കൂടുന്നത് പാര്‍ട്ടിയെ ജനങ്ങള്‍ക്കിടയില്‍ പരിഹാസ്യമാക്കില്ലേ എന്നു ചോദിക്കുന്നവരുണ്ട്. ഭാരവാഹികള്‍ക്ക് അങ്ങനെയൊരു അഭിപ്രായമേ ഇല്ല. ആകെ അങ്ങനെ പറഞ്ഞത് വി.ഡി.സതീശനും ടി.എന്‍ പ്രതാപനും മാത്രം. അവരെ സ്ഥാനം എടുക്കാന്‍ നിര്‍ബന്ധിക്കാതിരുന്നാല്‍ പ്രശ്‌നം തീരും. ആ സ്ഥാനങ്ങള്‍ മറ്റേ കൂട്ടത്തില്‍ പെട്ട രണ്ടു പേര്‍ക്കു നറുക്കിട്ട് കൊടുക്കാം. 

പൊതുജനങ്ങള്‍ക്ക് ഇതിലൊന്നും ഒരു പരാതിയുമില്ല. നിങ്ങളായി നിങ്ങളുടെ പാടായി. ഇതിലും വലിയ എന്തെല്ലാം കോപ്രായങ്ങള്‍ കണ്ടിരിക്കുന്നു. ഇതെല്ലാം കണ്ട് ശീലമായിക്കഴിഞ്ഞിരിക്കുന്നു. സി.പി.എമ്മിനെപ്പോലെ പിശുക്കന്മാരല്ല കോണ്‍ഗ്രസ്സുകാര്‍. ഒരു പത്തുനൂറു പേര്‍ക്ക് സ്ഥാനം കൊടുക്കുന്നത് മനഷ്യസ്‌നേഹത്തിന്റെ ലക്ഷണമല്ലേ? അത്രയും പേരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നത് ജനക്ഷേമകരമായ നടപടിയല്ലേ? ദാരിദ്ര്യനിര്‍മാര്‍ജനമാണ് പാര്‍ട്ടിയുടെ എക്കാലത്തെയും ലക്ഷ്യം. പാര്‍ട്ടിക്കകത്തെങ്കിലും അതു നടക്കട്ടെ. 

ദേശീയതലത്തില്‍ ഇത്ര സെക്രട്ടറിബലം പാര്‍ട്ടിക്കില്ല. കമ്മിറ്റികളില്‍ ഇത്രപേരേ പാടുള്ളൂ എന്നൊന്നും ഭരണഘടനയില്ല.  ഭാരംവഹിക്കാഞ്ഞാല്‍ ഉറക്കം വരാത്തവര്‍ അന്നും ധാരാളം കാണും. എങ്കിലും,  മുപ്പതു വര്‍ഷം മുമ്പുവരെ പാര്‍ട്ടിക്ക് ഒരു പ്രസിഡന്റും ഒരു വൈസ് പ്രസിഡന്റും മൂന്ന് ജനറല്‍ സെക്രട്ടറിമാരുമേ ഉണ്ടായിരുന്നുള്ളൂ. പാര്‍ട്ടിയുടെ ശക്തി ക്ഷയിക്കുന്നതിന് ആനുപാതികമായാണോ ഭാരവാഹികളുടെ എണ്ണം കൂടുന്നത് അതല്ല, എണ്ണം കൂടുന്നതിന് ആനുപാതികമായാണോ പാര്‍ട്ടി ശോഷിച്ചു വരുന്നത് എന്നു കണ്ടെത്താന്‍ ഗവേഷകരെ നിയോഗിക്കുന്നത് നന്നാവും.

ഇതിനിടെ, ചില സ്ഥാന ആര്‍ത്തിക്കാര്‍ ഒരു പുത്തന്‍ ആശയം പാര്‍ട്ടിക്കു മുന്നില്‍ വച്ചതായി കേള്‍ക്കുന്നുണ്ട്. എന്തുകൊണ്ട് ഖജാന്‍ജി മാത്രം ഒന്നേ പാടുള്ളൂ എന്നു വാശിപിടിക്കുന്നു? മുപ്പതു കൊല്ലം കൊണ്ട് മറ്റു തസ്തികകളില്‍ ഉണ്ടായ വര്‍ദ്ധനയ്ക്ക്്്് ആനുപാതികമായി നോക്കിയാല്‍ അസി.ട്രഷറര്‍, ഡപ്യൂട്ടി ട്രഷറര്‍, വര്‍ക്കിങ് ട്രഷറര്‍ എന്നീ തസ്തികകള്‍ സൃഷ്ടിക്കാമെന്നതാണ് ഈ നിര്‍ദ്ദേശം. ദോഷം പറഞ്ഞൂകൂട. ബുദ്ധിപരംതന്നെ.

കെ.പി.സി.സി. ഭാരവാഹിത്വ പ്രഖ്യാപനം ഇവിടത്തെ ഫ്‌ളക്‌സ് വ്യവസായത്തിന് വലിയ ഉത്തേജനം ആവുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ ഭാരവാഹികളുടെയും വര്‍ണമുഖങ്ങള്‍, രണ്ടാള്‍ വലിപ്പത്തില്‍ കേരളത്തിലെങ്ങും കാണാനാവും. ബോര്‍ഡിലെ ഫോട്ടോ വലിപ്പം കണ്ടാല്‍ കിട്ടിയത് പ്രധാനമന്ത്രിസ്ഥാനമോ എന്നു തോന്നിപ്പോകമെന്നു മാത്രം. ഫ്‌ളക്‌സ് നിരോധനമെന്നൊന്നും പറഞ്ഞു പേടിപ്പിക്കാന്‍ നോക്കേണ്ട. പാര്‍ട്ടി വളര്‍ന്നാലും ശരി ഇല്ലെങ്കിലും ശരി. ഫള്ക്‌സ് വ്യവസായം വളരട്ടെ.

ഇരുതല വാളിന്റെ മൂര്‍ച്ച
  പൂഴിക്കടകനും ഇരുതല മൂര്‍ച്ചയുള്ള വാളും ഒരുമിച്ചു വന്നാല്‍ പിണറായി വിജയന്‍ ഭയം കൊണ്ട് മോഹാലസ്യപ്പെടുമെന്നാണ് അതിബുദ്ധിമാനായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിചാരിച്ചത്. പല പത്രക്കാരും ഇങ്ങനെത്തന്നെ വിചാരിച്ചു. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തെ ഇടതുമുന്നണി പിന്താങ്ങിയില്ലെങ്കില്‍ ഇടത്-ബി.ജെ.പി രഹസ്യക്കൂട്ട് ആരോപിച്ച് അവരെ നാണിപ്പിച്ചുകളയാം, പിന്താങ്ങിയാല്‍ ഗവര്‍ണറുടെ ക്രോധാഗ്നിയില്‍ പിണറായി വെന്തുതീരും-ഇതല്ലേ ചെന്നിത്തലയുടെ കുബുദ്ധി!

നടക്കില്ല രമേശാ നടക്കില്ല. നാണിക്കാന്‍ വേറെ ആളെ നോക്കണം. ഗവര്‍ണറെ പിണക്കുന്നതു കൊണ്ട് രമേശ് ചെന്നിത്തലയ്ക്ക് കാല്‍കാശിന്റെ നഷ്ടമില്ല. അതല്ല, സര്‍ക്കാറിന്റെ സ്ഥിതി. പ്രമേയം പാസ്സാക്കിയാല്‍ പിന്നെ ഈ ഗവര്‍ണര്‍ തല്ലിയോടിച്ചാലും കേരളം വിട്ടുപോകില്ല. കേന്ദ്രം പുള്ളിക്കാരനെ മാറ്റുകയുമില്ല. ശിഷ്ടകാലം ഈ ഗവര്‍ണറെത്തന്നെ പിണറായി സഹിച്ചേ പറ്റൂ. ഗവര്‍ണര്‍ വിചാരിച്ചാല്‍ സംസ്ഥാനസര്‍ക്കാറിനു ഉണ്ടാക്കാവുന്ന ന്യൂയിസെന്‍സ് ചെറുതൊന്നുമാവില്ല. നിരന്തര തലവേദന ഉറപ്പ്. അതു മസ്തിഷ്‌കജ്വരമായി രൂപാന്തരപ്പെടാതെ നോക്കുകയേ നിവൃത്തിയുള്ളൂ. അതു കൊണ്ട് പ്രമേയവിഷയത്തില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്കൊപ്പം നില്‍ക്കും. ചെന്നിത്തലയുടെ അതിബുദ്ധി പോക്കറ്റില്‍തന്നെ കിടക്കട്ടെ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി