Tuesday, 25 February 2020

ട്രംപ്ജിനു കോടികളുടെ നമസ്‌തെ!തെറ്റിദ്ധരിക്കരുത്. കോടികളുടെ നമസ്‌തെ എന്നു പറഞ്ഞതിന് അര്‍ത്ഥം കോടിക്കണക്കിനാളുകള്‍ നമസ്‌തെ പറഞ്ഞു എന്നല്ല. കോടിക്കണക്കിന് രൂപ നമസ്‌തെ പറയാന്‍ ചെലവാക്കി എന്നാണ്. വന്‍സ്വീകരണമാണ് ഇവിടെ ഒരുക്കിയത് എന്നു ചുരുക്കം. അതിനെക്കുറിച്ച് വീരവാദം മുഴക്കിയത് അതിഥിയായ അമേരിക്കന്‍ പ്രസിഡന്റ് തന്നെയാണ്. ആദ്യം പറഞ്ഞത് ഗുജറാത്തില്‍ എഴുപത് ലക്ഷം ആളുകള്‍ തന്നെ വരവേല്‍ക്കും എന്നായിരുന്നു. ശരിയായി അമേരിക്കന്‍ ഇംഗ്‌ളീഷില്‍ പറയാന്‍ അറിയാത്ത ആരോ ഏഴു ലക്ഷം എന്നതിനു ഏഴു മില്യന്‍ എന്നു പറഞ്ഞുകൊടുത്തതാണോ എന്നു സംശയിക്കണം. അതും പോരാഞ്ഞിട്ട് ട്രംപ്ജി തന്നെ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം ഒരു കോടിയായി ഉയര്‍ത്തുകയും ചെയ്തു. വീമ്പു പറയാന്‍ എവിടെയും ജി.എസ്.ടിയൊന്നും കോടുക്കേണ്ടതില്ലല്ലോ.

നമ്മുടെ പ്രധാനമന്ത്രി അഞ്ചുമാസം മുമ്പ് മോദി ഹൂസ്റ്റണില്‍ ചെന്നപ്പോള്‍ ലക്ഷക്കണക്കിനു പേര്‍ 'ഹൗ ഡു യു ഡു മോദി' ( ഇതിന്റെ ഷോര്‍ട് ഫോമാണ് ഹൗഡി മോദി ) എന്നു ചോദിച്ച് അദ്ദേഹത്തെ സ്വാഗതം ചെയ്‌തെന്നാണല്ലോ ഐതിഹ്യം. ഇതിലൊരു ചെറിയ പ്രശ്‌നമുണ്ട്. അമേരിക്കയില്‍ ചെന്നാലും ഇന്ത്യയില്‍ നിന്നാലും മോദിജിയെ സ്വീകരിക്കാന്‍ പാഞ്ഞെത്തുക ഇന്ത്യക്കാര്‍ തന്നെയാണ്. അമേരിക്കക്കാര്‍ക്ക് വേറെ പണിയുണ്ട്. അമേരിക്കയില്‍ അര ലക്ഷം പേര്‍ മോദിയെ ആവേശപൂര്‍വം സ്വീകരിച്ചെന്നാണ് കണക്ക്. സ്വീകരിച്ചത് അമേരിക്കാരാണോ എന്നു ചോദിച്ചാലും,, ഇന്ത്യക്കാരല്ലേ എന്നു ചോദിച്ചാലും അതെ എന്ന മറുപടി കിട്ടും. രണ്ടും ശരിയാണ്. അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യക്കാര്‍. ഇന്ത്യന്‍ വംശജര്‍ എന്നു വേണം പറയാന്‍. പലരും ഇരട്ട പൗരന്മാരാണ്. അമേരിക്കയില്‍ ജോലി കിട്ടി അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ അവിടത്തെ പൗരനാകുന്നതില്‍ ഒട്ടും തെറ്റില്ല. അതിലവര്‍ ജാതിയും മതവും നോക്കാറില്ല. ഇന്ത്യക്കാര്‍ ഇന്ത്യയോട് സ്‌നേഹമില്ലാത്തതുകൊണ്ടൊന്നുമല്ല അമേരിക്കന്‍ പൗരന്മാരാകുന്നത്. അമേരിക്കയില്‍ ജീവിച്ച് പരമാവധി അവരുടെ സൗകര്യങ്ങള്‍ ഉപയോഗിച്ച് വലിയ തുക ശമ്പളം പറ്റി അതു വഴി ഇന്ത്യയെ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഇന്ത്യ അമേരിക്കയില്‍ നിന്നു വന്‍തുക വായ്പയും സഹായവും വാങ്ങുന്നത് അവരെ പാപ്പരാക്കാനാണ് എന്നു പണ്ട് വി.കെ.എന്‍ എഴുതിയത് മറക്കേണ്ട.

നമ്മുടെ പ്രധാനമന്ത്രി, വെറും ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അദ്ദേഹത്തിന് അമേരിക്ക വീസ നിഷേധിച്ചത് ഓര്‍മയുണ്ടല്ലോ. ഇന്ന് അതോര്‍ക്കാന്‍ അവര്‍ മടിക്കും. ചെറിയ തുക്കട രാജ്യം വല്ലതും ആയിരുന്നെങ്കില്‍ അതേ ആള്‍ പ്രധാനമന്ത്രിയായാലും വീസ കിട്ടുമായിരുന്നില്ല. ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യത്തോട് അക്കളി കളിക്കാന്‍ പറ്റില്ലല്ലോ. രണ്ടാമത്തെ വലിയ രാജ്യം രണ്ടാമത്തെ വലിയ വിപണി കൂടി ആണല്ലോ. സാരമില്ല, അദ്ദേഹം വന്നോട്ടെ എന്നായി അമേരിക്ക. രാജ്യത്തിന്റെ ഗവണ്മെന്റ് അകറ്റിനിര്‍ത്താന്‍ ശ്രമിച്ച ഒരു അന്യരാജ്യത്തലവന്‍ വരുമ്പോള്‍ സ്വന്തം പൗരന്മാര്‍ ഇങ്ങനെ കൊട്ടിഘോഷിക്കുന്നത് ശരിയോ എന്നാരും അവരോട് ചോദിക്കുകയില്ല. കൊട്ടിഘോഷിച്ചതിന് ആരെയും രാജ്യദ്രോഹക്കുറ്റത്തിനു ജയിലിലിടാറുമില്ല.

പറഞ്ഞുവന്നത് മറ്റൊരു കാര്യമാണ്. അമേരിക്കയില്‍ മോദിയെ സ്വീകരിച്ചത് അമേരിക്കക്കാരല്ല, ഇന്ത്യക്കാരാണ്. ഇവിടെ ട്രംപ്ജിയെ സ്വീകരിച്ചത് ഇന്ത്യക്കാരാണ്. അവിടെ മോദി സ്വീകരണക്കമ്മിറ്റിയില്‍ പേരിന് ചില അമേരിക്കക്കാരുണ്ടായിരുന്നു. ഇവിടെ ട്രംപിനെ സ്വീകരിക്കുന്നവരുടെ കൂട്ടത്തില്‍ മഷിയിട്ടു നോക്കിയാലും ഒരു അമേരിക്കക്കാരനെ കാണില്ല. അതു വേണമെന്നല്ല. കാരണം, ട്രംപ് ഇവിടെ വരുന്നത് ഇന്ത്യക്കാരായ അമേരിക്കന്‍ വോട്ടര്‍മാരുടെ  വോട്ടു പിടിക്കാനാണ്. പ്രസിഡന്റ് സ്ഥാനത്തേക്കു വീണ്ടും മത്സരിക്കുന്ന ട്രംപിനു അമേരിക്കയില്‍ പൗരത്വമുള്ള ഇന്ത്യക്കാരുടെ വോട്ടുവേണം. ബി.ജെ.പിക്ക് അമേരിക്കന്‍ ഇന്ത്യക്കാര്‍ക്കിടയിലും കാണും കുറെ ബ്രാഞ്ചു കമ്മിറ്റികള്‍. അവര്‍ക്കു ട്രംപാണ് സ്ഥാനാര്‍ത്ഥി.

മോദിക്കു വോട്ടുകിട്ടുന്നതിനപ്പുറം ട്രംപ് ആഘോഷം കൊണ്ട് ഇന്ത്യക്കു നേട്ടമുണ്ടാകില്ല എന്നാണ് നിരീക്ഷകര്‍ പറയുന്നത്. വലിയ കരാറൊപ്പിടാനൊന്നും ഇപ്പോള്‍ സമയമില്ല. ഇറക്കുമതിയിന്മേല്‍ വലിയ നികുതി ചുമത്തി അമേരിക്കയെ കുഴപ്പത്തിലാക്കുന്ന സ്വഭാവം ഇന്ത്യക്കാര്‍ ഇനിയും വെടിയാത്തതില്‍ ട്രംപിന് പരിഭവമുണ്ട്. തല്‍ക്കാലം വോട്ടു കഴിയുംവരെ അതു മിണ്ടുന്നില്ല. പക്ഷേ, ഹെലികോപ്റ്റര്‍, വിമാനം, തോക്ക്, പീരങ്കി തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ ഇന്ത്യ എപ്പോള്‍ വേണമെങ്കിലും വാങ്ങുമല്ലോ. തല്‍ക്കാലം അതുകൊണ്ട് ട്രംപ്ജി തൃപ്തിപ്പെടുമായിരിക്കും.

അതിനിടെ, അഹമ്മദാബാദില്‍ മോദി സഞ്ചരിക്കുന്ന പാതയ്ക്കരികിലെ ചേരികള്‍ അദ്ദേഹം കാണാതിരിക്കാന്‍ വേണ്ടി മതിലുകള്‍ കെട്ടി മറച്ചതായി ഒരു അപഖ്യാതി മാധ്യമങ്ങളും രാജ്യസ്‌നേഹമില്ലാത്ത ചില കൂട്ടരും പ്രചരിപ്പിക്കുന്നുണ്ട്. അതിഥികള്‍ക്കു നാം മനഃക്ലേശം ഉണ്ടാക്കരുതല്ലോ, നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായ നാം തകര്‍ക്കാനും പാടില്ല. പാവങ്ങള്‍ ഒട്ടും വിഷമിക്കരുത്. മൂന്നു മണിക്കൂര്‍ സന്ദര്‍ശനത്തിന് നൂറു കോടി രൂപ ഗുജറാത്തിന് ചെലവുവരും. അതില്‍ ഒരു പങ്ക് ചേരികളിലേക്കും ഉറ്റിവീഴും. ട്ര്ക്ക്ള്‍ ഡൗണ്‍ എന്നാണ് ഇതിനു വിവരമുള്ളവര്‍ പറയുക. മതിലിനിപ്പുറവും അതു ഉറ്റുവീണിട്ടുണ്ടാകും....

മുല്ലപ്പള്ളിയുടെ കഷ്ടകാലം
കോണ്‍ഗ്രസ്സില്‍ പൊളിറ്റിക്കല്‍ അഫേഴ്‌സ് കമ്മിറ്റി എന്നൊരു ഏര്‍പ്പാട് കൂടിയുണ്ട്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇതിന്റെ പൊട്ടലും ചീറ്റലും ചിലപ്പോള്‍ മാധ്യമങ്ങളില്‍ കാണാറുണ്ട്. എന്നാലും വലിയ ഉപദ്രവമൊന്നുമുണ്ടായിരുന്നില്ല. അതെല്ലാം കഴിഞ്ഞ് ദീര്‍ഘകാല ആക്റ്റിങ് പ്രസിഡന്റ് ഭരണവും പിന്നെ ശരിക്കുമുള്ള പ്രസിഡന്റ് ഭരണവും  വന്നു. ആ ഘട്ടവും കഴിഞ്ഞ് ഇതാ കാക്കത്തൊള്ളായിരം അംഗങ്ങളുള്ള എക്ലിക്യുട്ടീവ് കമ്മിറ്റി നിലവില്‍ വന്നിരിക്കുന്നു. ഈ ആള്‍ക്കൂട്ടക്കമ്മിറ്റി വിളിച്ചു കൂട്ടിയാല്‍ പിണറായി, മോദി ഭരണങ്ങള്‍ക്ക് എതിരെ ഓരോ പ്രമേയങ്ങള്‍ ഏകകണ്ഠമായി പാസ്സാക്കാം എന്നല്ലാതെ വേറെ ചര്‍ച്ചയൊന്നും സാധ്യമാവില്ല. ശ്രമിച്ചാല്‍ പൊലീസിനു പണിയാവും.

അതുകൊണ്ടാണ് മുല്ലപ്പള്ളി പൊളിറ്റിക്കല്‍ അഫേഴ്‌സ് കമ്മിറ്റിയുടെ യോഗം വിളിച്ചത്. വിളിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത് കടിച്ചതിനേക്കാള്‍ വലിയ പാമ്പ് മാളത്തിലുണ്ട് എന്ന്. പ്രസിഡന്റിനെ കമ്മിറ്റിയംഗങ്ങള്‍ വിമര്‍ശിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത്രെ. വിമര്‍ശിച്ചെന്നു മാത്രമല്ല, കമ്മിറ്റിയില്‍ നടന്നതെല്ലാം മാധ്യമങ്ങള്‍ക്കു നല്‍കി നാട്ടില്‍പാട്ടാക്കുകയും ചെയ്തത്രെ. അതു കൊണ്ട് ഇനി പി.എ.സി വേണ്ട എന്നാണ് പ്രസിഡന്റ് പറയുന്നത്. ആകപ്പാടെ പ്രശ്‌നമായിരിക്കുന്നു.

ഇതിനെന്തു പോംവഴി എന്ന് ആലോചിച്ച് നേതാക്കളുടെ തലപുകയുകയാണ്. പ്രസിഡന്റ് ഭാരവാഹികളെ ഒരിക്കല്‍ പോലും ഫോണില്‍ വിളിക്കുന്നില്ല, വിളിച്ചവരെ തിരിച്ചുവിളിക്കുന്നില്ല, റോഡില്‍ കണ്ടാല്‍ മിണ്ടുന്നില്ല, മിണ്ടിയാലും ചായ വാങ്ങിക്കൊടുക്കുന്നില്ല...എന്നിങ്ങനെ പോകുന്നു പരാതികള്‍. ഇതു കരുതുംപോലെ ചില്ലറ പ്രശ്‌നമല്ല.  ഇത്രയും ഭാരവാഹികളെ വെച്ചുപൊറുപ്പിച്ച വേറെ ഏതെങ്കിലും പ്രസിഡന്റ് ലോകത്തുണ്ടോ എന്നറിയാന്‍ ഗൂഗ്ള്‍ സര്‍ച്ച് നടത്തിയിട്ട് പ്രയോജനമുണ്ടായില്ല.

സ്വയംകൃതാനര്‍ത്ഥത്തിന് എന്തു പരിഹാരം എന്ന് ആരോട് ചോദിക്കാനാണ്. വല്ല ജ്യോത്സ്യന്മാരെയും കണ്ടുനോക്ക്്. ഒരു ഭാരവാഹി പോലുമില്ലാത്ത, പോയ്‌പ്പോയ നല്ല കാലം ഓര്‍ത്ത് കണ്ണീര്‍ പൊഴിക്കട്ടെ പ്രസിഡന്റ്. ഭാരവാഹിപ്പട്ടിക അംഗീകരിപ്പിച്ചേ തിരിച്ചൂപോകുള്ളൂ എന്നു വാശി പിടിച്ച് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡിന്റെ ഉമ്മറത്ത് കുത്തിയിരുന്നതല്ലേ ഇതേ പ്രസിഡന്റ്! അങ്ങനെ വേണം, ഹൈക്കമാന്‍ഡിനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും. അനുഭവിക്ക്....

ഒഴുകുന്ന കോണ്‍ഗ്രസ്
കോണ്‍ഗ്രസ് നില കിട്ടാതെ ഒഴുകുകയാണെന്ന ജനങ്ങളുടെ വിചാരം ഇല്ലാതാക്കാന്‍ നേതൃത്വപ്രതിസന്ധി പരിഹരിക്കാന്‍ പാര്‍ട്ടി മുന്‍ഗണന നല്‍കണമെന്ന്  ശശി തരൂര്‍ ആവശ്യപ്പെട്ടിരിക്കുന്നതായി മാധ്യമറിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ് നില കിട്ടാതെ ഒഴുകുന്നതല്ല പ്രശ്‌നം, അങ്ങനെ ജനങ്ങള്‍ വിചാരിക്കുന്നതാണ് എന്നു വേണം തരൂര്‍വചനങ്ങളില്‍ നിന്നു മനസ്സിലാക്കാന്‍.
ഇതു തരൂര്‍ജിയുടെ തെറ്റിദ്ധാരണ മാത്രമാണ്. ജനങ്ങള്‍ക്ക് അത്തരം വിചാരമൊന്നുമില്ല. ജനങ്ങള്‍ കോണ്‍ഗ്രസ്സിനെപ്പറ്റി ഇപ്പോള്‍ കാര്യമായൊന്നും ചിന്തിക്കുന്നേയില്ല. വേറെ എന്തെല്ലാം പ്രശ്‌നങ്ങള്‍ കിടക്കുന്ന ചിന്തിക്കാന്‍. ആരുണ്ടായാലും സോണിയ മതി, സോണിയ ഇല്ലെങ്കില്‍ രാഹൂല്‍ മതി, രാഹുല്‍ ഇല്ലെങ്കില്‍ സോണിയ മതി, ഇനി രണ്ടാള്‍ക്കും വയ്യെങ്കില്‍ പ്രിയങ്ക മതി എന്നു വിലപിക്കുന്ന ഒരു ആള്‍ക്കൂട്ടത്തെ ജനങ്ങള്‍ പാര്‍ട്ടിയായിത്തന്നെ കണക്കാക്കുന്നില്ല. പിന്നെന്തു പ്രതിസന്ധി, എന്തു നേതൃത്വം. എല്ലാം വ്യാമോഹങ്ങള്‍ മാത്രം.

മുനയമ്പ് 
സുപ്രിം കോടതി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അമിത പ്രധാനമന്ത്രിസ്തുതിയെ, വിരമിച്ച ജസ്റ്റിസുമാര്‍ വിമര്‍ശിച്ചുവെന്നു വാര്‍ത്ത-
വിരമിച്ച് വര്‍ഷങ്ങളായി പല സ്ഥാനങ്ങള്‍ വഹിച്ചവര്‍ക്ക് എന്തും പറയാം. വരുന്ന സെപ്തംബര്‍ രണ്ടിനു വിരമിക്കുന്നവര്‍ക്ക് അതു പറ്റില്ലല്ലോTuesday, 18 February 2020

കെജ്‌റി ഇരുതല വാള്‍സന്തോഷം കൊണ്ട് കരയാനും വയ്യ, സങ്കടം കൊണ്ട് ചിരിക്കാനും വയ്യ എന്ന അവസ്ഥയിലാണ് രാജ്യത്തെ പ്രതിപക്ഷം. ദല്‍ഹി തിരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ചാണ് പറയുന്നത്. കെജ്‌റിവാളിന്റെ വാളേറ്റ് വീഴാത്ത ഒരു കക്ഷിയുമില്ല. ഏതാണ്ട് എല്ലാവരും പോര്‍ക്കളത്തില്‍ കിടപ്പാണ്. ചിലതിന് തലയില്ല, ചിലതിന് കാലില്ല, ചിലതിന് വാലില്ല, ചിലതിന് ജീവന്‍ തന്നെയില്ല.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റു വാരിയ ബി.ജെ.പിയുടെ ആറാം ഇന്ദ്രിയം പറഞ്ഞത് കെജ്‌റിവാളിനെ വീഴ്ത്തി ബി.ജെ.പി ഇക്കുറി ദല്‍ഹി ഭരിക്കും എന്നു തന്നെയായിരുന്നു. പക്ഷേ, വോട്ടെണ്ണിയപ്പോള്‍ രണ്ടക്കം തികഞ്ഞില്ല സീറ്റുനില. ആകെ ഒരു ആശ്വാസമേയുണ്ടായുള്ളൂ. കോണ്‍ഗ്രസ്സിനേക്കാള്‍ പല മടങ്ങു ഭേദമാണ് നില എന്നതു മാത്രം. . ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് നിന്ന കോണ്‍ഗ്രസ്സിന് മിക്കയിടത്തും കെട്ടിവച്ചത് കിട്ടിയില്ല.

മൊത്തം 5.44 ശതമാനമാണ് കോണ്‍ഗ്രസ്സിനു കിട്ടിയത്. അയ്യോ പാവം.  എന്തൊരു പ്രതീക്ഷയായിരുന്നു! ആപ്പ് പാര്‍ട്ടിയെ മടുത്ത ജനം തങ്ങളെ ഭരണമേല്‍പ്പിക്കുമെന്നാണ് അവര്‍ പ്രതീക്ഷിച്ചത്, അല്ല മോഹിച്ചത്. വലിയ തിക്കും തിരക്കും ആയിരുന്നു ടിക്കറ്റ് കൗണ്ടറില്‍. നേതാക്കന്മാരുടെ ഭാര്യമാരും മക്കളുമൊക്കെ ആയിരുന്നു സ്ഥാന ആര്‍ത്തികളില്‍ അധികവും. വോട്ടെണ്ണിയ ശേഷം ആരെയും കണ്ടിട്ടില്ല.

പക്ഷേ, മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ്സിനോട് അസൂയയാണ്. അവര്‍ക്ക് നാലര ശതമാനത്തോളം വോട്ടുകിട്ടിയല്ലോ. ഒരു ശതമാനത്തില്‍ താഴെയാണ് ബി.എസ്.പി, ലോക്ശക്തി, ജനശക്തി,ആര്‍.ജെ.ഡി ആദിയായ പാര്‍ട്ടികളുടെ ജനശക്തി. ആഗോള രാഷ്ട്രീയത്തിലും പ്രബലശക്തിയിരുന്ന സി.പി.ഐ, സി.പി.എം പാര്‍ട്ടികളുടെ കണക്ക് വിക്കിപീഡിയ കണക്കിലെടുത്തേ ഇല്ല. നോട്ടയിലും താഴെ ആയതുകൊണ്ട് അവഗണിച്ചതാവും. അവര്‍ എടുത്തു ചേര്‍ത്തതില്‍ ഏറ്റവും കുറവ് എല്‍.ജെ.ഡി യുടെ വോട്ടാണ്. അത് 0.04ശതമാനമാണ്. ഇതിലും താഴെയുള്ള ശതമാനം കൂട്ടാന്‍ കമ്പ്യൂട്ടറില്‍ സംവിധാനം ഇല്ലായിരിക്കാം.

കെജ്‌റിവാളിന്റെ അതിബുദ്ധിയാണോ അതോ കുരുട്ടുബുദ്ധിയാണോ വിജയിച്ചത് എന്ന കാര്യത്തില്‍ മതനിരപേക്ഷ ബുദ്ധിജീവികള്‍ക്കിടയില്‍ തര്‍ക്കമുണ്ട്. രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന പൗരത്വവിഷയത്തെക്കുറിച്ച് ആപ്പ് ഒരക്ഷരം മിണ്ടിയില്ല. മിണ്ടിക്കാന്‍ വേണ്ടി പഠിച്ച പണി പലതും നോക്കി സര്‍വ പാര്‍ട്ടികളും. സമരക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തത് ആപ്പ് പാര്‍ട്ടിക്കാരനാണ് എന്ന് ആക്ഷേപിക്കുക പോലും ചെയ്തു ബി.ജെ.പി. എങ്കില്‍ അവനെ രണ്ടു വട്ടം ശിക്ഷിച്ചോളൂ എന്നായി കെജ്‌രിവാള്‍. അവസാനം വരെ അങ്ങേര് പൗരത്വപ്രശ്‌നം മിണ്ടിയില്ല.

പൗരത്വ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാറിനെ അനൂകൂലിക്കുന്നവരും എതിര്‍ക്കുന്നവരും എന്നു രാജ്യത്തെ രണ്ടായി വിഭജിക്കുക എന്നതു തന്നെയാണല്ലോ ബി.ജെ.പിയുടെ പ്ലാന്‍. ഭൂരിപക്ഷാധിപത്യ രാഷ്ട്രീയത്തിന്റെ തന്ത്രവും ഇതുതന്നെയാണ്. മാസങ്ങള്‍ക്ക് മുമ്പ് മോദിക്കും കോണ്‍ഗ്രസ്സിനും വോട്ടു ചെയ്തവരുടെ വോട്ടു പിടിക്കുക മാത്രമാണ് ജയത്തിനുള്ള ഏക വഴിയെന്ന്് മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാതെ എങ്ങനെയാണ് തിരഞ്ഞെടുപ്പ് ജയിക്കുക. പൗരത്വപ്രശ്‌നത്തിലേക്ക് ശ്രദ്ധ മാറ്റിയാല്‍ ഡല്‍ഹിയിലെ കെജ്‌റിവാള്‍ ഭരണം തിരഞ്ഞെ
ടുപ്പില്‍ വിഷയമല്ലാതാവും. അതാണ് ബി.ജെ.പി ആഗ്രഹിച്ചത്.  പകരം തലസ്ഥാനവാസികളുടെ ദൈനംദിന പ്രശ്‌നങ്ങളില്‍ ഊന്നി ആപ്പ്. വെളളവും വെളിച്ചവും ചികിത്സയും റോഡും മക്കളുടെ പഠിപ്പും കഴിഞ്ഞേ മറ്റേത് പ്രശ്‌നവും ഉള്ളൂ എന്നറിയുന്നത് വലിയ ബുദ്ധിയാണോ?

 2024-ല്‍ കെജ്‌റിവാള്‍ മത്സരിക്കുക ഡല്‍ഹി മുഖ്യമന്ത്രിയാകാനാവില്ല. ബി.ജെ.പി പക്ഷത്ത് വിരല്‍ ഊന്നാനുള്ള ഇടം കെജ്‌റിവാളിന് കിട്ടില്ല. തങ്ങള്‍ക്കിടയില്‍ കെജ്‌റിവാളിന് ഏത് ഇടം കൊടുക്കണം എന്നു തീരുമാനിക്കട്ടെ ദേശീയപ്രതിപക്ഷx. അതിന് സമയം വൈകിയിട്ടില്ലല്ലോ.

അങ്ങനെ സുരേന്ദ്രന്‍
രാജ്യം ഭരിക്കുന്ന പാര്‍ട്ടി ഒരു കൊച്ചു സംസ്ഥാനത്തിലെ പ്രസിഡന്റിനെ കണ്ടെത്താന്‍ എത്ര സമയമെടുക്കുന്നു എന്നത് ആ പാര്‍ട്ടിയിലെ ജനാധിപത്യത്തിന്റെ തനി സ്വരീപം വെളിവാക്കും. കോണ്‍ഗ്രസ് മുന്തിയ മാതൃകയാണ്. കേരളത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്‍് ആയത് 2018 സെപ്്തംബറിലാണ്. പ്രസിഡന്റ് വി.എം. സുധീരന്‍ രാജിവെച്ച് പതിനെട്ടുമാസം പിന്നിട്ടിട്ടാണ് മുല്ലപ്പള്ളി വരുന്നത്. പക്ഷേ, അവര്‍ക്ക് ഇതിനിടയില്‍ ഇഞ്ചാര്‍ജ് പ്രസിഡന്റ് ഉണ്ടായിരുന്നു. അതു കൊണ്ട് ധൃതി ഉണ്ടായിരുന്നില്ല. തീരുമാനം ഉടനൊന്നും ഉണ്ടാവില്ല എന്നറിയുന്നതുകൊണ്ടാണല്ലോ ഇഞ്ചാര്‍ജിനെ നിയോഗിക്കുന്നത്. ബി.ജെ.പി.ക്ക് ഒരു കാരണവും പറയാതെ ഇടക്കിടെ പ്രസിഡന്റിനെ മാറ്റണം. പുതിയതിനെ നിയമിക്കാന്‍ എമ്പാടും സമയവും വേണം.

പി.എസ് ശ്രീധരന്‍പിള്ളയെ മിസോറം ഗവര്‍ണര്‍ ആക്കിയ ശേഷം മാത്രമാണ് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തെരച്ചില്‍ സംഘത്തെ നിയോഗിച്ചത്. സംശയമില്ല, മിസോറം വളരെ പ്രധാനപ്പെട്ട സംസ്ഥാനമാണ്. കേരളത്തില്‍ ബി.ജെ.പിക്കു കിട്ടുന്ന വോട്ടിന്റെ പാതി പോലും വരില്ല മിസോറാമിലെ ജനസംഖ്യയെങ്കിലും അതല്ലല്ലോ മാനദണ്ഡം. ഗവര്‍ണറാണ് ബി.ജെ.പി ഭരണത്തിലെ പ്രധാനതാരം എന്നു മനസ്സിലായി വരുന്നുണ്ട്.

കോണ്‍ഗ്രസ്സിലെന്ന പോലെ ഇവിടെയും സംസ്ഥാനത്തെ പാര്‍ട്ടി ഘടകത്തിന് വലിയ പങ്കാളിത്തമൊന്നുമില്ല ഇത്തരം തീരുമാനങ്ങളില്‍. ചര്‍ച്ചയും ആലോചനയുമെല്ലാം  ഹൈക്കമാന്‍ഡ് നടത്തും. എന്തായാലും ഇവിടെ പ്രസിഡന്റിനെ കണ്ടെത്തുക ദുഷ്‌കരമായി മാറിയിരുന്നെങ്കില്‍ അഡ്വ. ശ്രീധരന്‍പിള്ള തിരിച്ചുവരട്ടെ എന്നു തീരുമാനിച്ചുകളയുമായിരുന്നു ഹൈക്കമാന്‍ഡ്. ശ്രീധരന്‍പിള്ളയുടെ ഭാഗ്യം-അതു സംഭവിച്ചില്ല. സുരേന്ദ്രന് ഒരു അഞ്ചാറുമാസമെങ്കിലും കിട്ടട്ടെ എന്ന് ആശിക്കുന്നു, പ്രസിഡന്റായി ഇരിക്കാനല്ല-ഗവര്‍ണര്‍ ആകാന്‍!

പൊലീസ് ഭരണം
ഒരാളുടെ പാര്‍ട്ടിയേത് എന്നു തീരുമാനിക്കുന്നത് ആ ആളാണ്. ചോദിച്ചാല്‍ മിക്കവരും അതൊളിച്ചുവെക്കാറുമില്ല. യു.എ.പി.എ കേസ്സില്‍ അകപ്പെട്ട രണ്ട് യുവാക്കളോട്്് ആരും ഈ ചോദ്യം ഇതുവരെ ചോദിച്ചിട്ടില്ല. അവര്‍ മാവോയിസ്റ്റുകളാണ് എന്ന് ആദ്യം പ്രഖ്യാപിച്ചത്  മുഖ്യമന്ത്രിയാണ്. പാര്‍ട്ടിയംഗമായിരുന്ന ആള്‍ മാവോയിസ്റ്റായി എന്നു പാര്‍ട്ടി പ്രഖ്യാപിക്കുംമുമ്പാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അതിന്റെ തെളിവൊന്നും മുഖ്യമന്ത്രിയോ പൊലീസോ വെളിപ്പെടുത്തിയിട്ടില്ല. തീര്‍ച്ചയായും മു്ഖ്യമന്ത്രിക്കു പാര്‍ട്ടിയിലല്ല പൊലീസിലാണ് കൂടുതല്‍ വിശ്വാസം. പൊലീസ് പറയുന്നത് മുഖ്യമന്ത്രി പാര്‍ട്ടിയോടു പറയും, പാര്‍ട്ടി വിശ്വസിക്കും. പാര്‍ട്ടി പറയുന്നത് പൊതുജനവും വിശ്വസിക്കണം.

ചോദ്യമോ ഇത്തരമോ ഇല്ലാതെയാണ് പാര്‍ട്ടി അലനെയും താഹയെയും പുറത്താക്കിയത്. പോട്ടെ, അതു പാര്‍ട്ടിക്കാര്യം. പക്ഷേ, മാവോയിസ്റ്റ് ലഘുലേഖ വായിച്ചതിന് ഒരാളെ യു.എ.പി.എ ചുമത്തി തടവിലിട്ടത് ശരിയല്ല എന്നു പുറത്തിറങ്ങി ഉച്ചത്തില്‍ വിളിച്ചുപറയാന്‍ ആ പാര്‍ട്ടിയില്‍ എന്തേ ആരുമില്ലാതായത്?

മുനയമ്പ്
പൊലീസിന്റെ തോക്കും വെടിയുണ്ടയും കാണാതായതിനെക്കുറിച്ച് കേന്ദ്ര അന്വേഷണം  വേണ്ടെന്നു സി.പി.എം സിക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
മാവോയിസ്റ്റ് ലഘുലേഖ വായിക്കുംപോലൊരു ഗുരുതര കുറ്റമൊന്നുമല്ലായിരിക്കും.

Wednesday, 5 February 2020

അടച്ചത് ഇന്റര്‍നെറ്റ് അല്ല ജനജീവിതംതന്നെ
ഇന്റര്‍നെറ്റ് ആണ് ഈ കാലത്തെ ഏറ്റവും ഫലപ്രദമായ വിവരവിനിമയ സംവിധാനം. അതു മറ്റുപലതും കൂടിയാണ്. അതുകൊണ്ടുതന്നെ ഇന്റര്‍നെറ്റ് ഏറ്റവും പ്രധാനവും മൗലികവും ആയ മനുഷ്യാവകാശമാണ്്. പക്ഷേ, പുതിയ രാഷ്ട്രീയകാലാവസ്ഥയില്‍  ഇന്ത്യയിലെങ്കിലും  അതു കൂടുതല്‍ സ്വതന്ത്രമാവുകയല്ല, നന്നെ അസ്വതന്ത്രമാവുകയാണ് ചെയ്തത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സമയം ഇന്റര്‍നെറ്റ് നിരോധിക്കപ്പെട്ട ജനാധിപത്യരാജ്യം ഇന്ത്യയാണ് എന്നു നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതു കശ്മീരില്‍ മാത്രം ഒതുങ്ങുന്നില്ല.

2019 അവസാനം പൊട്ടിപ്പുറപ്പെട്ട പൗരത്വപ്രക്ഷോഭങ്ങള്‍ക്കിടയില്‍ രാജ്യത്തുടനീളം ഇത് ആവര്‍ത്തിക്കപ്പെട്ടു. ആര്‍ക്കും പൗരത്വബില്ലിനെക്കുറിച്ച് ഒരാശങ്കയും വേണ്ട എന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയത് ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ്. പക്ഷേ, പ്രക്ഷോഭത്തിന്റെ ആദ്യകേന്ദ്രമായ അസ്സമില്‍ ആരും അതു വായിച്ചില്ല. കാരണം അവിടെ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നില്ല!  ഒമ്പതു കൊല്ലത്തിനിടയില്‍ 381 തവണ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് തടയപ്പെട്ടു. ഇതില്‍ 2017-നു ശേഷമാണ് 319 തവണയും തടയപ്പെട്ടത്  എന്ന് സോഫ്റ്റ് ലോ ആന്റ് ഫ്രീഡംസെന്റര്‍ സ്ഥാപനം നടത്തിയ പഠനം വെളിവാക്കുന്നു. 2018-ല്‍ 134 തവണയും 2019-ല്‍ 95 തവണയുമാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് തടഞ്ഞത്. വികല ജനാധിപത്യരാജ്യം എന്നു കരുതപ്പെടുന്ന പാകിസ്താനില്‍ 12 തവണയേ 2018-ല്‍ ഇന്റര്‍നെറ്റ് ഷട്ഡൗണ്‍ ഉണ്ടായുള്ളൂ. ഇന്റര്‍നെറ്റ് നിഷേധിക്കപ്പെടുന്നത് ഏതാനും മണിക്കൂറുകളാകാം. ചിലപ്പോള്‍ ഏതാനും ദിവസങ്ങള്‍ മാത്രം. കശ്മീരിലിത് ആറു മാസമായിരിക്കുന്നു. 2019-ല്‍ 4196 മണിക്കൂര്‍ ഇന്റര്‍നെറ്റ് അടച്ചിടല്‍ മൂലം ഇന്ത്യക്കുണ്ടായ ധനനഷ്ടം 1300 കോടി ഡോളറിന്റേതാണ്.

ഇ.പി ഉണ്ണി ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ വരച്ചത്

പലരും ഇതിനെ അടിയന്തരവാസ്ഥക്കാലവുമായി താരതമ്യപ്പെടുത്തുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് വാര്‍ത്തകളുടെ സെന്‍സറിങ്ങ് ഉണ്ടായിരുന്നു. പക്ഷേ, ജനങ്ങള്‍ക്ക് പരസ്പരം ഫോണില്‍ സംസാരിക്കുന്നതിന് ഒരു മണിക്കൂര്‍പോലും നിയന്ത്രണം ഉണ്ടായിരുന്നില്ല. ആറു മാസമായി കശ്മീരില്‍ ഇന്റര്‍നെറ്റ് ഇല്ല. അടിയന്തരാവസ്ഥയിലെ  സെന്‍സറിങ്ങിന്റെ ആയിരം മടങ്ങ് ഭീകഓരമാണ് കശ്മീരിലെ അതിക്രമത്തിന്റെ ഫലം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഒരു രാത്രി മാത്രമാണ് ഡല്‍ഹിയില്‍ പത്രങ്ങള്‍ ഇറങ്ങാതെ പോയത്. കശ്മീരില്‍ മാസങ്ങളായി ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ പൂട്ടിക്കിടപ്പായിരുന്നു. പത്രങ്ങള്‍ക്ക് വാര്‍ത്തകള്‍ സ്വീകരിക്കാനോ അയക്കാനോ കഴിഞ്ഞിരുന്നില്ല. ചാനലുകള്‍ക്ക് വിഷ്വലുകള്‍ ലഭിച്ചില്ല. ഇന്റര്‍വെറ്റ് വെറും വാര്‍ത്താവിനിമയോപാധി മാത്രമല്ല. അതു ഇക്കാലത്തു ജീവിതത്തിന്റെ എല്ലാമെല്ലാമാണ്. ഒരു കുറ്റവും ചെയ്യാത്ത ഒരു ജനതയെ വലിയ തടവറയില്‍ അടച്ചുപൂട്ടുകഎന്നത് ഒരു അത്യടിയന്തരാവസ്ഥയിലും ന്യായീകരിക്കാനാവുകയില്ല. ഒരു ജനതയോടുള്ള എന്തോ പ്രതികാരപ്രകടനം പോലെ ക്രൂരമായിരുന്നു ഇത് അവിടത്തെ ഓരോ മനുഷ്യന്റെയും അനുഭവം. അവര്‍ ഇപ്പോഴും മോചിതരല്ല. എന്തെങ്കിലും ക്രമസമാധാനലംഘനം നേരിടുന്നതിനുള്ള സുരക്ഷാക്രമീകരണം ആയിരുന്നില്ല ഇത്.

ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നില്ല എന്നു ഉറപ്പുവരുത്തേണ്ട ജുഡീഷ്യറി, കശ്മീര്‍ കാര്യത്തില്‍ നിസംഗമായാണ് പ്രതികരിച്ചത്. അധികാരികളുടെ ഒരു നടപടിയെക്കുറിച്ചുള്ള ജുഡീഷ്യല്‍ അവലോകനം ഇത്ര ദിവസത്തിനകം ഉണ്ടാകണമെന്നു വ്യവസ്ഥയില്ല. പക്ഷേ, ആറു മാസം വൈകിയുണ്ടാകുന്ന ജുഡീഷ്യല്‍ പരിശോധന, കോടതിയുടെ അധികാരത്തെ കോടതിതന്നെ റദ്ദാക്കുന്നതിനു തുല്യമാണ്. മുമ്പൊന്നും ഉണ്ടായിട്ടില്ലാത്ത അത്ര കര്‍ക്കശമായ നടപടികളിലൂടെ സര്‍ക്കാര്‍ ജനജീവിതം മാസങ്ങളോളം നിശ്ചലമാക്കിയിട്ട് എങ്ങനെ ഇത്രയും നിസ്സംഗമായ നിലപാട് സ്വീകരിക്കാന്‍ കഴിയുന്നു?  ഇന്റര്‍നെറ്റ് നിയന്ത്രണത്തെ തത്ത്വത്തിലും പ്രയോഗത്തിലും അംഗീകരിക്കുക തന്നെയാണ് കോടതി ചെയ്തത്. പൗരന്റെ അത്യവശ്യങ്ങള്‍ക്കു വേണ്ടി നടക്കുന്ന ആറു മണിക്കൂര്‍ ഹര്‍ത്താലുകള്‍ക്കെതിരെ കോടതി നടത്തിയ ഇടപെടലുകളെക്കുറിച്ച് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ജനജീവിതം തടസ്സപ്പെടുത്തുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്നാണ് ബന്ദ് നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി വിധി ശരിവെച്ചുകൊണ്ട്  2013 ജനവരി 27ന് സുപ്രിം കോടതി അഭിപ്രായപ്പെട്ടത്. പൗരാവകാശലംഘനം മാത്രമല്ല, വന്‍ദേശീയനഷ്ടവുമാണ് ഇത്തരം സമരങ്ങളെന്നും കോടതി നിരീക്ഷിച്ചു. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതികരിക്കാന്‍ വേണ്ടി എത്രത്തോളം പൗരാവകാശം ലംഘിക്കാം, എത്ര ദേശീയനഷ്ടം ഉണ്ടാക്കാം എന്നും ജനങ്ങളുടെ ജനാധിപത്യപരമായ പ്രതികരണം നേരിടാന്‍ എത്രത്തോളം പൗരാവകാശം ലംഘിക്കാം, എത്രത്തോളം ദേശീയനഷ്ടം ഉണ്ടാക്കാം എന്നെല്ലാം കോടതിതന്നെ വേര്‍തിരിച്ച് തീര്‍പ്പാക്കേണ്ടതുണ്ട് എന്നു തോന്നുന്നു. പൗരാവകാശത്തിനുമേല്‍ ന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം എന്നതിന് അര്‍ത്ഥം, പൗരാവകാശം തടയാല്‍ സര്‍ക്കാറുകള്‍ക്ക് ഏതറ്റം വരെയും പോകാം എന്നാണെന്നു പറയാതെ പറയുകയാണ് ജുഡീഷ്യറി ചെയ്തത്.

 ഹര്‍ത്താലുകള്‍ക്കെതിരെ രോഷത്തോടെ ഇടപെടാറുള്ള ജുഡീഷ്യറി പക്ഷേ, ഭരണകൂടം ഒരു ജനതയുടെ മേല്‍ അടിച്ചേല്‍പ്പിച്ച അതിഭീകരമായ അനിശ്ചിതകാല സമ്പൂര്‍ണ ഹര്‍ത്താല്‍ കണ്ടില്ല. പൗരാവകാശമാണ് ഇന്റര്‍നെറ്റ് എന്ന് പറഞ്ഞുവെച്ചെങ്കിലും ഇന്റര്‍നെറ്റ് ഹൃസ്വകാലത്തേക്കല്ലാതെ അനിശ്ചിതകാലത്തേക്കു തടയരുതെന്നും അത് ഇടക്കിടെ പുനരവലോകനം ചെയ്യണമെന്നുമുള്ള അതിദുര്‍ബലമായ ശാസനയിലൂടെ സര്‍ക്കാര്‍ ചെയ്തതെല്ലാം ഫലത്തില്‍ ശരിവെക്കുക തന്നെയായിരുന്നു കോടതി.

അക്രമാസക്തമായ ഒരു വലിയ പ്രക്ഷോഭത്തിനിടയില്‍ അത്യപകടകരമായ എന്തെങ്കിലും കിംവദന്തികളോ വ്യാജപ്രചാരണമോ നില കൂടുതല്‍ വഷളാക്കിയേക്കും എന്ന് ഭയപ്പെടുന്ന സന്ദര്‍ഭത്തില്‍ കുറച്ചുസമയം വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ തടസ്സപ്പെടുത്തുന്നത് ന്യായീകരിക്കാവുന്ന ഒരു നിയന്ത്രണമായി അംഗീകരിക്കന്നുണ്ട് മിക്ക ജനാധിപത്യരാജ്യങ്ങളും. ഇതും ചോദ്യം ചെയ്യപ്പെട്ടേക്കാം. പക്ഷേ, കശ്മീരില്‍ ജനങ്ങള്‍ എന്തെങ്കിലും ചെയ്തു എന്ന കുറ്റപ്പെടുത്തല്‍ ഈ നടപടിക്കു മുന്നോടിയായി ഉണ്ടായിട്ടില്ല. എന്തെങ്കിലും പ്രത്യേക അക്രമസംഭവങ്ങളും ഉണ്ടായിട്ടില്ല. കശ്മീര്‍ വിഭജിക്കുകയും സംസ്ഥാനത്തെ തരംതാഴ്ത്തി കേന്ദ്രഭരണ പ്രദേശമാക്കുകയും കശ്മീരിന്റെ പ്രത്യേകാവകാശം റദ്ദാക്കുകയും ചെയ്തത് ജനങ്ങള്‍ക്ക്്് അതിരൂക്ഷമായി പ്രതികരിക്കാനുള്ള പ്രകോപനമാവുമെന്ന് സര്‍ക്കാര്‍തന്നെ തീരുമാനിക്കുകയും അതിന്റെ പേരില്‍ ആറു മാസക്കാലം ജനജീവിതം കാരാഗ്രഹതുല്യമാക്കുകയുമാണ് ചെയ്തത്. ഗവണ്മെന്റിനുതന്നെ തങ്ങളുടെ തീരുമാനം അത്രകണ്ട്് ജനവിരുദ്ധമായി തോന്നുന്നതിന്റെ ഉത്തരവാദിത്തം ജനങ്ങളുടെ ചുമലില്‍ വെച്ചുകെട്ടുന്നതെങ്ങനെ?

ഇന്നത്തെ അസാധാരണനില തന്നെയാവും ഇനിയുള്ള കാലത്തെ സാധാരണനില എന്ന സന്ദേശം ജനങ്ങളിലെത്തിച്ചുകഴിഞ്ഞു. ആഭ്യന്തരസുരക്ഷിതത്ത്വന്റെ പേരില്‍ എന്തെല്ലാം ചെയ്താലും കോടതിയുടെ അംഗീകാരം ലഭിക്കും എന്ന ബോധ്യത്തിലേക്ക് ഭരണകൂടം നീങ്ങുകയാണ്. മറ്റൊരു മുന്നറിയിപ്പു കൂടി ഇതില്‍ അടങ്ങിയിരിക്കുന്നു. ഈ അടിയന്തരാവസ്ഥ ഏതു സന്ദര്‍ഭത്തിലും ഏതു സംസ്ഥാനത്തും ഉണ്ടാകാം. കോടതിവിധിയിലൂടെ മറ്റൊരു അപകടകരമായ സന്ദേശവും ജനങ്ങള്‍ക്കു ലഭിക്കുന്നു. സര്‍ക്കാര്‍ രേഖാമൂലം നല്‍കിയ ഉത്തരവുകള്‍ മാത്രമാണ് കോടതി പരിശോധിക്കുന്നത്. ഒരു ഉത്തരവും ഇല്ലാതെ കടകമ്പോളങ്ങള്‍ നിര്‍ബന്ധിച്ച് അടച്ചിട്ടതും വാഹനഗതാഗതം തടഞ്ഞതും സ്‌കൂളുകള്‍ പൂട്ടിയിട്ടതും പത്രപ്രസിദ്ധീകരണം മുടക്കിയതും ലാന്‍ഡ്ലൈന്‍ ഫോണുകള്‍ നിശബ്ദമാക്കിയതുമൊന്നും കോടതിക്ക് പരിശോധിക്കാനാവില്ല. സര്‍ക്കാറുകള്‍ക്ക് അത് എത്രവേണമെങ്കിലും ചെയ്യാം. അതിനൊന്നും തെളിവും രേഖയും ഇല്ല.
(Published in Paatabhedam Monthly 2020  Feb.issue)


Tuesday, 4 February 2020

ഗവര്‍ണര്‍ തമാശകള്‍
ഗവര്‍ണര്‍ എന്നൊരു തസ്തിക ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത് ജനങ്ങള്‍ വല്ലപ്പോഴും കുറെ തമാശ ആസ്വദിക്കാനാണോ എന്നു സംശയിച്ചുപോകുന്നു. ചില ഗവര്‍ണര്‍മാര്‍ അവരുടെ നടപടികള്‍ കൊണ്ടുതന്നെ തമാശ ഉണ്ടാക്കും. ഗൗരവത്തില്‍ പറയുന്ന കാര്യങ്ങള്‍തന്നെയാണ് തമാശയാവുക. ഇത്തവണ വര്‍ഷാരംഭത്തില്‍ നിയമസഭയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് ഗവര്‍ണര്‍ജി തമാശ കൂട്ടിച്ചേര്‍ത്തത്. എഴുതിത്തയ്യാറാക്കിയ പ്രസംഗത്തില്‍ തമാശ ഉണ്ടാവില്ല. കാരണം, അതു വളരെ ഗൗരവപൂര്‍വം തയ്യാറാക്കുന്നതാണ്. ബഹുമാനപ്പെട്ട ഗവര്‍ണര്‍ക്കു പ്രസംഗിക്കാന്‍ വേണ്ടിയാണ് എന്ന ബോധത്തോടെ ഏതെങ്കിലും ഉയര്‍ന്ന ഉദ്യോഗസ്ഥനോ പണ്ഡിതനോ തയ്യാറാക്കിയതായിരിക്കും. അതു പലരും വായിച്ചു കുറ്റമറ്റതാക്കിയിരിക്കും. പിന്നെ ഗവര്‍ണറുടെ ഓഫീസിലെ ഉന്നതന്മാരും ഓരോ വാചകവും രണ്ടു വട്ടം വായിക്കും. എവിടെയാണ് ഗവര്‍ണര്‍ക്ക് പാര ഒളിപ്പിച്ചുവച്ചിരിക്കുന്നത് എന്നു പറയാന്‍ കഴിയില്ലല്ലോ.

അങ്ങനെയെല്ലാമുള്ള ഇത്തവണത്തെ പ്രസംഗത്തിനിടയില്‍ ഒരു പാരയുടെ തുടക്കമെത്തിയപ്പോള്‍ ഗവര്‍ണര്‍ ഒന്നു നിറുത്തി സദസ്സിലെ നോക്കിച്ചിരിച്ചുകൊണ്ട് പറയുകയാ-അഭിപ്രായവ്യവ്യത്യാസമുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ആഗ്രഹം മാനിച്ച് പൗരത്വഭേദഗതിക്കെതിരായ പതിനെട്ടാം പാരഗ്രാഫ് വായിക്കുകയാണെന്ന്. അതും പറഞ്ഞ്, ഒന്നു കൂടി വെളുക്കെ ചിരിച്ചാണ് ഗവര്‍ണര്‍സാര്‍ അതു വായിച്ചത്. ഇതിലും വലിയ തമാശ ഇക്കാലത്തിനിടയില്‍ ഒരു ഗവര്‍ണര്‍ പറഞ്ഞുകാണില്ല. ഗവര്‍ണര്‍ക്കു വായിക്കാന്‍ കൊള്ളാത്ത കാര്യമാണ് എന്നറിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ഇഷ്ടം പരിഗണിച്ച് അതീവ ഉദാരമതിയായി ഗവര്‍ണര്‍ അതു സഭയില്‍ വായിക്കുക! എന്നിട്ടത് ലോകംമുഴുവന്‍ കേള്‍ക്കേ ലൈവ് ആയി സംപ്രേഷണം ചെയ്യുക. സഭാരേഖകളില്‍ അത് ലോകാവസാനം വരെ സൂക്ഷിക്കുക....ഇതെല്ലാം വെറും തമാശയാണോ അല്ല വേറെ എന്തോ പ്രശ്‌നമോ? പൊതുജനത്തിന് ആകപ്പാടെ ഒന്നും തിരിയുന്നില്ല.

എന്തെല്ലാം കുറ്റവും കുറവും പറഞ്ഞാലും ഒരു മിനിമം അറിവ് ഗവര്‍ണര്‍മാര്‍ക്ക് ഉണ്ടാവും. അതിലൊന്നാണ് സര്‍ക്കാറിന്റെ നയപ്രഖ്യാപനം ഗവര്‍ണറുടെ ഭരണഘടനാപരമായ ചുതമലയാണ് എന്ന അറിവ്. തനിക്ക് യോജിപ്പുണ്ടോ ഇല്ലയോ എന്നൊന്നും ആരും ഗവര്‍ണറോട് ചോദിക്കില്ല. ജനങ്ങള്‍ തിരഞ്ഞെടുത്ത് അയക്കുന്നത് ഗവര്‍ണറെയല്ല, മന്ത്രിസഭയെ ആണ്. അതുപോകട്ടെ, മുഖ്യമന്ത്രിയുടെ ആഗ്രഹം അനുസരിച്ച് ചിലത് വായിക്കാനും ചിലതു വായിക്കാതിരിക്കാനും ഗവര്‍ണറെ ഭരണഘടന ചുമതലപ്പെടുത്തിയതായി ആരാണാവോ ഗവര്‍ണര്‍ജിയെ തെറ്റിദ്ധരിപ്പിച്ചത്? യോജിപ്പുള്ളതു മാത്രം വായിച്ചാല്‍ മതി എന്നു ഭരണഘടനയിലുണ്ടോ? വായിച്ച എല്ലാ കാര്യത്തോടും ഗവര്‍ണര്‍ക്ക്ാ നല്ല യോജിപ്പാണോ?   പൗരത്വം സംബന്ധിച്ച ഖണ്ഡികയും വായിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഗ്രഹം ആരാണ് ഗവര്‍ണറെ അറിയിച്ചത്്? അതിനു മുമ്പ്, പൗരത്വനിയമം സംബന്ധിച്ച സര്‍ക്കാറിന്റെ നയം താന്‍ വായിക്കില്ല എന്നു ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവോ? അതു മനസ്സിലാക്കിയ മുഖ്യമന്ത്രി ' അയ്യോ ഗവര്‍ണര്‍ സാറേ അതു വായിക്കാതെ പോയിക്കളയരുതേ.... എന്റെ തല പോകുന്ന പ്രശ്‌നമാണേ' എന്നെഴുതിയ കണ്ണീരൊലിക്കുന്ന കത്തു ഗവര്‍ണര്‍ക്കയച്ചുവോ?  മുഖ്യമന്ത്രിയുടെ ആഗ്രഹം മാനിച്ച് ഗവര്‍ണറും വല്ലതും ചെയ്യാന്‍ ഇതു മുഖ്യമന്ത്രിയുടെ കുടുംബത്തിലെ വിവാഹത്തിനുള്ള ക്ഷണക്കത്താണോ?  മുഖ്യമന്ത്രി അപേക്ഷിച്ചാല്‍ ചെയ്യാന്‍ പാടില്ലാത്തത് ഗവര്‍ണര്‍ ചെയ്യാമോ? അതും പോകട്ടെ, ഗവര്‍ണര്‍ വായിച്ചില്ലെന്നു വിചാരിക്കുക. എന്താണ് സംഭവിക്കുക?  യാതൊന്നും സംഭവിക്കില്ല. യു.പി.എ ഭരണകാലത്ത് സുപര്‍ സീനിയര്‍ സിറ്റിസണ്‍സിനെയാണ് ഗവര്‍ണറായി നിയമാക്കാറുള്ളത്. അവര്‍ക്ക് ഇത്തരം പ്രസംഗങ്ങള്‍ പാതിഭാഗം വായിക്കാനേ പലപ്പോഴും കഴിയാറുള്ളൂ. ഒരു ചുക്കും അതുകൊണ്ട് സംഭവിക്കാറില്ല.

പലരും പലവട്ടം ആവര്‍ത്തിച്ചിട്ടുള്ള ഒരു കാര്യം ആരെങ്കിലും ഇംഗ്‌ളീഷിലേക്കു വിവര്‍ത്തനം ചെയ്ത് ഗവര്‍ണര്‍ക്കു കൊടുക്കണം. -ഗവര്‍ണര്‍ പദവി ഒരു അജാഗളസ്തനം മാത്രമാണ്-. വിശദീകരണം ആവശ്യമില്ല.

നയപ്രഖ്യാപന പ്രസംഗത്തിനു വരുന്ന ഗവര്‍ണറെ തടയാന്‍ ബലംപിടിച്ചു നിന്ന പ്രതിപക്ഷത്തിന്റെ കാര്യമാണ് അതിലേറെ കഷ്ടം. ഗവര്‍ണറെ തിരികെ വിളിക്കാനാണ് ഗവര്‍ണറെ തടഞ്ഞത്്. അതിനു കേന്ദ്രത്തിലെ ആരെയെങ്കിലും വേണ്ടേ തടയാന്‍.  ഗവര്‍ണറാണോ ഗവര്‍ണറെ തിരികെ വിളിക്കേണ്ടത്? ഇതു പോലെ സംസ്ഥാനത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടതു കേട്ട് എന്നെങ്കിലും എവിടെയെങ്കിലും കോണ്‍ഗ്രസ് ഭരണകാലത്ത് ഗവര്‍ണര്‍മാരെ തിരികെ വിളിച്ചിട്ടുണ്ടോ? നയപ്രഖ്യാപനവാര്‍ത്തയ്ക്കിടയില്‍ അല്പനേരം മാധ്യമങ്ങളില്‍ ഇടംകിട്ടിയത് ലാഭം. അല്ലെങ്കിലും അതാണല്ലോ ്അടിസ്ഥാനപ്രശ്‌നം.

എത്ര വേഗമാണ് ആളുകള്‍ ഓരോന്നു മറന്നു കളയുന്നത് എന്നോര്‍ക്കുന്നതും നല്ല തമാശയാണ്. അഞ്ചു വര്‍ഷം മുമ്പ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ അവസാനത്തെ കാല്‍ വര്‍ഷത്തിനിടയില്‍ മറ്റൊരു തമാശയുണ്ടായി. അന്നത്തെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവമാണ്. വിവരമുള്ള മനുഷ്യനാണ്. അതുകൊണ്ട് ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ തമാശ ഒട്ടും ഉണ്ടാകാറില്ല. പക്ഷേ, അദ്ദേഹത്തിനും,  തിരഞ്ഞെടുപ്പിലേക്ക് പോകുന്ന സര്‍ക്കാറിനു വേണ്ടി നയപ്രഖ്യാപനപ്രസംഗം നടത്തേണ്ടിവന്നു. ഒരു മാസം കഴിഞ്ഞാല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരും. സര്‍ക്കാര്‍ നിശ്ചലമാകും. ഒരു നയവും നടപ്പാക്കാനാവില്ല. പക്ഷേ, ഗവര്‍ണര്‍ക്ക് നയ്ര്രപഖ്യാപന പ്രസംഗം നടത്തേണ്ടിവന്നു. എന്തൊരു തമാശ- അതു രണ്ടുമണിക്കൂര്‍ 36 മിനിറ്റ് നീണ്ടുനിന്നു! 

തമാശയുടെ കാര്യത്തില്‍ അന്നത്തെ പ്രതിപക്ഷം ഒട്ടും അലംഭാവം കാട്ടിയില്ല. ഗവര്‍ണര്‍ നിയമസഭയില്‍ പ്രസംഗിക്കേണ്ട ദിവസത്തിന്റെ തലേന്ന് പ്രതിപക്ഷനേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് ഒരു അഭ്യര്‍ത്ഥന നടത്തി. ബാര്‍ കോഴയിലും അതുമായി ബന്ധപ്പെട്ട ഡസന്‍കണക്കിന് അപവാദങ്ങളിലും പെട്ട് സര്‍ക്കാര്‍ നാണം കെട്ടു നില്‍ക്കുകയായിരുന്നല്ലോ. പിറ്റേന്ന്, ഗവര്‍ണര്‍ നിയമസഭയില്‍ വന്ന് യു.ഡി.എഫ് സര്‍ക്കാറിന്റെ നയപ്രഖ്യാപനം നടത്തി സ്വയം നാണംകെടരുത്, വല്ല നിവൃത്തിയുമുണ്ടെങ്കില്‍
അങ്ങോട്ടു പോകാനേ പാടില്ല-ഇതായിരുന്നു അഭ്യര്‍ത്ഥന. ഗവര്‍ണര്‍ ചിരിച്ചോ പൊട്ടിച്ചിരിച്ചോ എന്നൊന്നും വാര്‍ത്തയിലുണ്ടായിരുന്നില്ല. ഒരു മാസം മാത്രം പ്രവര്‍ത്തനാധികാരമുള്ള സര്‍ക്കാറിന്റെ നയപ്രഖ്യാപനം ഗവര്‍ണര്‍ നീട്ടിപ്പാടി രണ്ടര മണിക്കൂര്‍. 

ഗവര്‍ണര്‍ പദവി ആവശ്യമില്ല, അതില്ലാതാക്കണം എന്ന് ഈ തമാശകള്‍ സഹിക്കാതെ വരുമ്പോള്‍ സകലരും പറയാറുണ്ട്. ആരും അതു ചെയ്യില്ല എന്നറിയാം. എങ്കിലും പറയുകയാണ്. ആ പദവി ഇല്ലാതാക്കരുത്. ജനങ്ങള്‍ക്കു കുറച്ച് തമാശ കാണാനും അവകാശമുണ്ട്, ഭരണഘടനയില്‍ അതു ചേര്‍ത്തിട്ടില്ലെങ്കിലും......

മുനയമ്പ്
ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ സ്വന്തം ചിന്തയും ആശയങ്ങളും മറ്റുള്ളവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നുത്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കരുത്. പ്രകടനപത്രികയുടെ പേരില്‍ ഇഷ്ടം പോലെ ആകാം.