അടച്ചത് ഇന്റര്‍നെറ്റ് അല്ല ജനജീവിതംതന്നെ
ഇന്റര്‍നെറ്റ് ആണ് ഈ കാലത്തെ ഏറ്റവും ഫലപ്രദമായ വിവരവിനിമയ സംവിധാനം. അതു മറ്റുപലതും കൂടിയാണ്. അതുകൊണ്ടുതന്നെ ഇന്റര്‍നെറ്റ് ഏറ്റവും പ്രധാനവും മൗലികവും ആയ മനുഷ്യാവകാശമാണ്്. പക്ഷേ, പുതിയ രാഷ്ട്രീയകാലാവസ്ഥയില്‍  ഇന്ത്യയിലെങ്കിലും  അതു കൂടുതല്‍ സ്വതന്ത്രമാവുകയല്ല, നന്നെ അസ്വതന്ത്രമാവുകയാണ് ചെയ്തത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സമയം ഇന്റര്‍നെറ്റ് നിരോധിക്കപ്പെട്ട ജനാധിപത്യരാജ്യം ഇന്ത്യയാണ് എന്നു നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതു കശ്മീരില്‍ മാത്രം ഒതുങ്ങുന്നില്ല.

2019 അവസാനം പൊട്ടിപ്പുറപ്പെട്ട പൗരത്വപ്രക്ഷോഭങ്ങള്‍ക്കിടയില്‍ രാജ്യത്തുടനീളം ഇത് ആവര്‍ത്തിക്കപ്പെട്ടു. ആര്‍ക്കും പൗരത്വബില്ലിനെക്കുറിച്ച് ഒരാശങ്കയും വേണ്ട എന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയത് ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ്. പക്ഷേ, പ്രക്ഷോഭത്തിന്റെ ആദ്യകേന്ദ്രമായ അസ്സമില്‍ ആരും അതു വായിച്ചില്ല. കാരണം അവിടെ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നില്ല!  ഒമ്പതു കൊല്ലത്തിനിടയില്‍ 381 തവണ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് തടയപ്പെട്ടു. ഇതില്‍ 2017-നു ശേഷമാണ് 319 തവണയും തടയപ്പെട്ടത്  എന്ന് സോഫ്റ്റ് ലോ ആന്റ് ഫ്രീഡംസെന്റര്‍ സ്ഥാപനം നടത്തിയ പഠനം വെളിവാക്കുന്നു. 2018-ല്‍ 134 തവണയും 2019-ല്‍ 95 തവണയുമാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് തടഞ്ഞത്. വികല ജനാധിപത്യരാജ്യം എന്നു കരുതപ്പെടുന്ന പാകിസ്താനില്‍ 12 തവണയേ 2018-ല്‍ ഇന്റര്‍നെറ്റ് ഷട്ഡൗണ്‍ ഉണ്ടായുള്ളൂ. ഇന്റര്‍നെറ്റ് നിഷേധിക്കപ്പെടുന്നത് ഏതാനും മണിക്കൂറുകളാകാം. ചിലപ്പോള്‍ ഏതാനും ദിവസങ്ങള്‍ മാത്രം. കശ്മീരിലിത് ആറു മാസമായിരിക്കുന്നു. 2019-ല്‍ 4196 മണിക്കൂര്‍ ഇന്റര്‍നെറ്റ് അടച്ചിടല്‍ മൂലം ഇന്ത്യക്കുണ്ടായ ധനനഷ്ടം 1300 കോടി ഡോളറിന്റേതാണ്.

ഇ.പി ഉണ്ണി ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ വരച്ചത്

പലരും ഇതിനെ അടിയന്തരവാസ്ഥക്കാലവുമായി താരതമ്യപ്പെടുത്തുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് വാര്‍ത്തകളുടെ സെന്‍സറിങ്ങ് ഉണ്ടായിരുന്നു. പക്ഷേ, ജനങ്ങള്‍ക്ക് പരസ്പരം ഫോണില്‍ സംസാരിക്കുന്നതിന് ഒരു മണിക്കൂര്‍പോലും നിയന്ത്രണം ഉണ്ടായിരുന്നില്ല. ആറു മാസമായി കശ്മീരില്‍ ഇന്റര്‍നെറ്റ് ഇല്ല. അടിയന്തരാവസ്ഥയിലെ  സെന്‍സറിങ്ങിന്റെ ആയിരം മടങ്ങ് ഭീകഓരമാണ് കശ്മീരിലെ അതിക്രമത്തിന്റെ ഫലം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഒരു രാത്രി മാത്രമാണ് ഡല്‍ഹിയില്‍ പത്രങ്ങള്‍ ഇറങ്ങാതെ പോയത്. കശ്മീരില്‍ മാസങ്ങളായി ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ പൂട്ടിക്കിടപ്പായിരുന്നു. പത്രങ്ങള്‍ക്ക് വാര്‍ത്തകള്‍ സ്വീകരിക്കാനോ അയക്കാനോ കഴിഞ്ഞിരുന്നില്ല. ചാനലുകള്‍ക്ക് വിഷ്വലുകള്‍ ലഭിച്ചില്ല. ഇന്റര്‍വെറ്റ് വെറും വാര്‍ത്താവിനിമയോപാധി മാത്രമല്ല. അതു ഇക്കാലത്തു ജീവിതത്തിന്റെ എല്ലാമെല്ലാമാണ്. ഒരു കുറ്റവും ചെയ്യാത്ത ഒരു ജനതയെ വലിയ തടവറയില്‍ അടച്ചുപൂട്ടുകഎന്നത് ഒരു അത്യടിയന്തരാവസ്ഥയിലും ന്യായീകരിക്കാനാവുകയില്ല. ഒരു ജനതയോടുള്ള എന്തോ പ്രതികാരപ്രകടനം പോലെ ക്രൂരമായിരുന്നു ഇത് അവിടത്തെ ഓരോ മനുഷ്യന്റെയും അനുഭവം. അവര്‍ ഇപ്പോഴും മോചിതരല്ല. എന്തെങ്കിലും ക്രമസമാധാനലംഘനം നേരിടുന്നതിനുള്ള സുരക്ഷാക്രമീകരണം ആയിരുന്നില്ല ഇത്.

ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നില്ല എന്നു ഉറപ്പുവരുത്തേണ്ട ജുഡീഷ്യറി, കശ്മീര്‍ കാര്യത്തില്‍ നിസംഗമായാണ് പ്രതികരിച്ചത്. അധികാരികളുടെ ഒരു നടപടിയെക്കുറിച്ചുള്ള ജുഡീഷ്യല്‍ അവലോകനം ഇത്ര ദിവസത്തിനകം ഉണ്ടാകണമെന്നു വ്യവസ്ഥയില്ല. പക്ഷേ, ആറു മാസം വൈകിയുണ്ടാകുന്ന ജുഡീഷ്യല്‍ പരിശോധന, കോടതിയുടെ അധികാരത്തെ കോടതിതന്നെ റദ്ദാക്കുന്നതിനു തുല്യമാണ്. മുമ്പൊന്നും ഉണ്ടായിട്ടില്ലാത്ത അത്ര കര്‍ക്കശമായ നടപടികളിലൂടെ സര്‍ക്കാര്‍ ജനജീവിതം മാസങ്ങളോളം നിശ്ചലമാക്കിയിട്ട് എങ്ങനെ ഇത്രയും നിസ്സംഗമായ നിലപാട് സ്വീകരിക്കാന്‍ കഴിയുന്നു?  ഇന്റര്‍നെറ്റ് നിയന്ത്രണത്തെ തത്ത്വത്തിലും പ്രയോഗത്തിലും അംഗീകരിക്കുക തന്നെയാണ് കോടതി ചെയ്തത്. പൗരന്റെ അത്യവശ്യങ്ങള്‍ക്കു വേണ്ടി നടക്കുന്ന ആറു മണിക്കൂര്‍ ഹര്‍ത്താലുകള്‍ക്കെതിരെ കോടതി നടത്തിയ ഇടപെടലുകളെക്കുറിച്ച് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ജനജീവിതം തടസ്സപ്പെടുത്തുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്നാണ് ബന്ദ് നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി വിധി ശരിവെച്ചുകൊണ്ട്  2013 ജനവരി 27ന് സുപ്രിം കോടതി അഭിപ്രായപ്പെട്ടത്. പൗരാവകാശലംഘനം മാത്രമല്ല, വന്‍ദേശീയനഷ്ടവുമാണ് ഇത്തരം സമരങ്ങളെന്നും കോടതി നിരീക്ഷിച്ചു. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതികരിക്കാന്‍ വേണ്ടി എത്രത്തോളം പൗരാവകാശം ലംഘിക്കാം, എത്ര ദേശീയനഷ്ടം ഉണ്ടാക്കാം എന്നും ജനങ്ങളുടെ ജനാധിപത്യപരമായ പ്രതികരണം നേരിടാന്‍ എത്രത്തോളം പൗരാവകാശം ലംഘിക്കാം, എത്രത്തോളം ദേശീയനഷ്ടം ഉണ്ടാക്കാം എന്നെല്ലാം കോടതിതന്നെ വേര്‍തിരിച്ച് തീര്‍പ്പാക്കേണ്ടതുണ്ട് എന്നു തോന്നുന്നു. പൗരാവകാശത്തിനുമേല്‍ ന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം എന്നതിന് അര്‍ത്ഥം, പൗരാവകാശം തടയാല്‍ സര്‍ക്കാറുകള്‍ക്ക് ഏതറ്റം വരെയും പോകാം എന്നാണെന്നു പറയാതെ പറയുകയാണ് ജുഡീഷ്യറി ചെയ്തത്.

 ഹര്‍ത്താലുകള്‍ക്കെതിരെ രോഷത്തോടെ ഇടപെടാറുള്ള ജുഡീഷ്യറി പക്ഷേ, ഭരണകൂടം ഒരു ജനതയുടെ മേല്‍ അടിച്ചേല്‍പ്പിച്ച അതിഭീകരമായ അനിശ്ചിതകാല സമ്പൂര്‍ണ ഹര്‍ത്താല്‍ കണ്ടില്ല. പൗരാവകാശമാണ് ഇന്റര്‍നെറ്റ് എന്ന് പറഞ്ഞുവെച്ചെങ്കിലും ഇന്റര്‍നെറ്റ് ഹൃസ്വകാലത്തേക്കല്ലാതെ അനിശ്ചിതകാലത്തേക്കു തടയരുതെന്നും അത് ഇടക്കിടെ പുനരവലോകനം ചെയ്യണമെന്നുമുള്ള അതിദുര്‍ബലമായ ശാസനയിലൂടെ സര്‍ക്കാര്‍ ചെയ്തതെല്ലാം ഫലത്തില്‍ ശരിവെക്കുക തന്നെയായിരുന്നു കോടതി.

അക്രമാസക്തമായ ഒരു വലിയ പ്രക്ഷോഭത്തിനിടയില്‍ അത്യപകടകരമായ എന്തെങ്കിലും കിംവദന്തികളോ വ്യാജപ്രചാരണമോ നില കൂടുതല്‍ വഷളാക്കിയേക്കും എന്ന് ഭയപ്പെടുന്ന സന്ദര്‍ഭത്തില്‍ കുറച്ചുസമയം വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ തടസ്സപ്പെടുത്തുന്നത് ന്യായീകരിക്കാവുന്ന ഒരു നിയന്ത്രണമായി അംഗീകരിക്കന്നുണ്ട് മിക്ക ജനാധിപത്യരാജ്യങ്ങളും. ഇതും ചോദ്യം ചെയ്യപ്പെട്ടേക്കാം. പക്ഷേ, കശ്മീരില്‍ ജനങ്ങള്‍ എന്തെങ്കിലും ചെയ്തു എന്ന കുറ്റപ്പെടുത്തല്‍ ഈ നടപടിക്കു മുന്നോടിയായി ഉണ്ടായിട്ടില്ല. എന്തെങ്കിലും പ്രത്യേക അക്രമസംഭവങ്ങളും ഉണ്ടായിട്ടില്ല. കശ്മീര്‍ വിഭജിക്കുകയും സംസ്ഥാനത്തെ തരംതാഴ്ത്തി കേന്ദ്രഭരണ പ്രദേശമാക്കുകയും കശ്മീരിന്റെ പ്രത്യേകാവകാശം റദ്ദാക്കുകയും ചെയ്തത് ജനങ്ങള്‍ക്ക്്് അതിരൂക്ഷമായി പ്രതികരിക്കാനുള്ള പ്രകോപനമാവുമെന്ന് സര്‍ക്കാര്‍തന്നെ തീരുമാനിക്കുകയും അതിന്റെ പേരില്‍ ആറു മാസക്കാലം ജനജീവിതം കാരാഗ്രഹതുല്യമാക്കുകയുമാണ് ചെയ്തത്. ഗവണ്മെന്റിനുതന്നെ തങ്ങളുടെ തീരുമാനം അത്രകണ്ട്് ജനവിരുദ്ധമായി തോന്നുന്നതിന്റെ ഉത്തരവാദിത്തം ജനങ്ങളുടെ ചുമലില്‍ വെച്ചുകെട്ടുന്നതെങ്ങനെ?

ഇന്നത്തെ അസാധാരണനില തന്നെയാവും ഇനിയുള്ള കാലത്തെ സാധാരണനില എന്ന സന്ദേശം ജനങ്ങളിലെത്തിച്ചുകഴിഞ്ഞു. ആഭ്യന്തരസുരക്ഷിതത്ത്വന്റെ പേരില്‍ എന്തെല്ലാം ചെയ്താലും കോടതിയുടെ അംഗീകാരം ലഭിക്കും എന്ന ബോധ്യത്തിലേക്ക് ഭരണകൂടം നീങ്ങുകയാണ്. മറ്റൊരു മുന്നറിയിപ്പു കൂടി ഇതില്‍ അടങ്ങിയിരിക്കുന്നു. ഈ അടിയന്തരാവസ്ഥ ഏതു സന്ദര്‍ഭത്തിലും ഏതു സംസ്ഥാനത്തും ഉണ്ടാകാം. കോടതിവിധിയിലൂടെ മറ്റൊരു അപകടകരമായ സന്ദേശവും ജനങ്ങള്‍ക്കു ലഭിക്കുന്നു. സര്‍ക്കാര്‍ രേഖാമൂലം നല്‍കിയ ഉത്തരവുകള്‍ മാത്രമാണ് കോടതി പരിശോധിക്കുന്നത്. ഒരു ഉത്തരവും ഇല്ലാതെ കടകമ്പോളങ്ങള്‍ നിര്‍ബന്ധിച്ച് അടച്ചിട്ടതും വാഹനഗതാഗതം തടഞ്ഞതും സ്‌കൂളുകള്‍ പൂട്ടിയിട്ടതും പത്രപ്രസിദ്ധീകരണം മുടക്കിയതും ലാന്‍ഡ്ലൈന്‍ ഫോണുകള്‍ നിശബ്ദമാക്കിയതുമൊന്നും കോടതിക്ക് പരിശോധിക്കാനാവില്ല. സര്‍ക്കാറുകള്‍ക്ക് അത് എത്രവേണമെങ്കിലും ചെയ്യാം. അതിനൊന്നും തെളിവും രേഖയും ഇല്ല.
(Published in Paatabhedam Monthly 2020  Feb.issue)


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി