Tuesday, 31 March 2020

സര്‍ക്കാറിന്റെ മദ്യാസക്തി
മദ്യ ഉപയോക്താക്കളെ കുടിയന്മാര്‍ എന്നു വിളിക്കുകയാണ് നമ്മുടെ പൊതുരീതി. സംസ്ഥാനഭരണകൂടത്തെ പൊതുവെയും ധനവകുപ്പിനെ പ്രത്യേകിച്ചും താങ്ങിനിര്‍ത്തുന്ന ഈ കൂട്ടരെ അവഹേളിക്കാന്‍ പാടില്ല. മദ്യ ഉപയോക്താവ് എന്നേ വിളിക്കാവൂ. മാന്യ മദ്യ ഉപയോക്താവ് എന്നായാലും വിരോധമില്ല. എന്തായാലും, കൊറോണ ബാധിതരോടുള്ള കരുണയേക്കാള്‍ കൂടുമോ മാന്യ മദ്യ ഉപയോക്താക്കളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ  കരുണ എന്നൊരു സംശയം പലര്‍ക്കുമുണ്ട്. ഒരു ഘട്ടത്തില്‍. സംസ്ഥാനത്തെ മിക്കവാറുമെല്ലാ അവശ്യ ഏര്‍പ്പാടുകളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചപ്പോഴും ബാറുകളും ബെവറേജസ് കടകളും അടക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കുകയുണ്ടായില്ല. മദ്യ ഉപയോക്താക്കളോട് ജന്മവിരോധം കൊണ്ടുനടക്കുന്ന മദ്യവിരുദ്ധസംഘടനക്കാരും വേറെ ചില കൂട്ടരും മദ്യക്കടയടപ്പിക്കണം എന്ന് രാപകല്‍ ആവശ്യപ്പെട്ടിരുന്നു. കൊറോണയ്ക്ക് തെല്ലെങ്കിലും പേടിയുള്ള ഒരു സാധനം ആല്‍ക്കഹോള്‍ ആണെന്ന് മദ്യവിരുദ്ധര്‍ അറിയേണ്ട കാര്യമില്ലല്ലോ....

ഷട്ഡൗണ്‍ ലോക്ക്ഡൗണ്‍ തുടങ്ങിയ നല്ല വാക്കുകളിലൂടെ വിശേഷിപ്പിക്കപ്പെടുന്ന അടച്ചിടല്‍ ആരംഭിച്ചപ്പോള്‍ മദ്യശാലകളെ അതില്‍ പെടുത്തിയിരുന്നില്ല. ഇക്കാര്യം വിശദീകരിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ മാധ്യമലേഖകര്‍ സ്വാഭാവികമായും ഇക്കാര്യം ചോദിച്ചു. ചോദിക്കും എന്നറിയാവുന്ന  മുഖ്യമന്ത്രി അതിനു വായടപ്പന്‍ മറുപടി കൊടുക്കാനുള്ള ആധികാരികരേഖകളുമായാണ് വന്നത്. എന്തു കൊണ്ട് ബെവറേജസ് കടകള്‍ അടക്കുന്നില്ല എന്നു വിശദീകരിക്കാന്‍ അദ്ദേഹം ഒരു കേന്ദ്ര ഉത്തരവ് ഇംഗ്ലീഷില്‍ തന്നെയുള്ളത് പത്രക്കാര്‍ക്ക് വായിച്ചു കേള്‍പ്പിച്ചു. അതില്‍ അടച്ചിടലില്‍ നിന്നു ഒഴിവാക്കപ്പെടേണ്ട ഭക്ഷണ, ദ്രാവക വില്പനശാലകളുടെ കൂട്ടത്തില്‍ ബെവ്‌റേജസ് എന്നു കൂടി ചേര്‍ത്തിരുന്നത് വായിച്ചുകേള്‍പ്പിച്ചു. രാജ്യത്തിന്റെ സ്ഥിതി ഇതാണ് എന്നദ്ദേഹം അല്പം പരിഹാസത്തോടെ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു. ഇംഗ്ലീഷ് നിഘണ്ടു പ്രകാരം 'വെള്ളം ഒഴികെയുള്ള കുടിക്കാവുന്ന എന്തു ദ്രാവകവും' ബെവ്‌റേജസ് ആണ്. ചായയും കാപ്പിയുമെല്ലാം ബെവ്‌റേജസ്സില്‍ പെടും. മലയാളത്തില്‍ പക്ഷേ, ഇതങ്ങനെയല്ലല്ലോ. ഇവിടെ ബെവ്‌റേജസ് എന്ന വാക്കിനു മദ്യം എന്നേ അര്‍ത്ഥമുള്ളൂ. പത്രസമ്മേളനത്തില്‍ ആരും മുഖ്യമന്ത്രിയോട് ഒന്നും ചോദിച്ചില്ല. ആത്മരക്ഷാര്‍ത്ഥം മൗനം പാലിച്ചതായിരിക്കാം.

പക്ഷേ, ഒടുവില്‍ മദ്യക്കടകള്‍ അടക്കേണ്ടിവന്നു. അവശ്യവസ്തുക്കള്‍ സംഭരിക്കാന്‍ സമയം നല്‍കാതെയാണല്ലോ ലോക്ക്ഡൗണ്‍ ഉണ്ടായത്്.  അതിബുദ്ധിമാന്മാര്‍ കുറച്ചെല്ലാം മുന്‍കരുതല്‍ ശേഖരം സജ്ജമാക്കിയിരിക്കാം. സര്‍ക്കാരില്‍ നല്ല വിശ്വാസമുള്ള ചില മദ്യഉപയോക്താക്കാളാണ് കുടുങ്ങിപ്പോയത്. ആരു ചതിച്ചാലും കേരള ഗവണ്‍മെന്റ് ചതിക്കില്ലെന്നും ബാര്‍ പൂട്ടിയാലും ബെവ്‌റേജസ് പൂട്ടില്ലെന്നും അവര്‍ ദുസ്വപ്‌നങ്ങള്‍ക്കിടയിലും പ്രതീക്ഷ പുലര്‍ത്തിയിരുന്നു. പക്ഷേ, എല്ലാം പൂട്ടി. എങ്കിലും മദ്യഉപയോക്താക്കളെ കൈയൊഴിയാന്‍ സര്‍ക്കാറിന്റെ സന്മനസ്സ് സമ്മതിച്ചില്ല. അവര്‍ പോംവഴികളെക്കുറിച്ച് നിരന്തരം ആലോചിച്ചു. മദ്യം ബാറുകളിലൂടെ വിതരണം ചെയ്യാം, അവിടെയിരുന്നു കുടിക്കാന്‍ പാടില്ലെന്നു മാത്രം എന്നൊരു നിര്‍ദ്ദേശം വന്നു. ഹോട്ടലുകളില്‍നിന്നു ഭക്ഷണം പൊതിഞ്ഞുവാങ്ങാം, ഇരുന്നു കഴിക്കരുത് എന്നു പറയുംപോലെയേ ഇതുള്ളൂ എന്നവര്‍ വാദിക്കുകയും ചെയ്തു. ആളുകള്‍ പൊതിഞ്ഞു വീട്ടില്‍ കൊണ്ടുപോയി കഴിക്കുമെന്ന ഒരു തടസ്സവാദം ഉയര്‍ത്തപ്പെട്ടു. കൊറോണയ്ക്ക് ഇങ്ങനെയൊരു സൈഡ് ഇഫക്റ്റ് ആരും പ്രതീക്ഷിച്ചതല്ലല്ലോ. അതും നടന്നില്ല.

മദ്യമില്ലാത്ത അവസ്ഥ കേരളത്തെ സംബന്ധിച്ചിടത്തോളം കൊറോണയെക്കാള്‍ അപായകരമായി എന്നാണ് ഇപ്പോള്‍ തോന്നുന്നത്. കൊറോണ കൊണ്ട് ഒരാളേ മരിച്ചുള്ളൂ. മദ്യമില്ലാത്തതുകൊണ്ട് നാലഞ്ചാളുകള്‍ മരിച്ചതായി വാര്‍ത്തയുണ്ട്. കുടിക്കാന്‍ കിട്ടിയില്ലെങ്കില്‍ ജീവന്‍ വെടിഞ്ഞേക്കാന്‍ മാത്രം മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്റ്ററുടെ കുറിപ്പടിയോടെ മദ്യം നല്‍കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിച്ചതാണ്. ഡോക്റ്റര്‍മാരുടെ സംഘടനയ്ക്ക് അത് അത്ര പിടിച്ചില്ലെന്നു തോന്നുന്നു. മദ്യം കഴിക്കാഞ്ഞാല്‍ മരിക്കും എന്ന അവസ്ഥയിലുള്ള ആളെ ചികിത്സിക്കാന്‍ ക്ലിനിക്കില്‍ പ്രവേശിപ്പിക്കുകയാണത്രെ വേണ്ടത്!  അല്ലാതെ, മരുന്നു കുറിപ്പടിയില്‍ 'ബ്രാന്‍ഡി രണ്ട് പെഗ് മൂന്നുനേരം ഭക്ഷണത്തിന് അര മണിക്കൂര്‍ മുമ്പ്' എന്നെഴുതുകയല്ലത്രെ വേണ്ടത്.

പ്രതീക്ഷ വെടിയരുതാരും. സര്‍ക്കാര്‍ ഒപ്പമല്ല, കൂടെത്തന്നെയുണ്ട്. എന്തെങ്കിലും ഒരു വഴി കണ്ടെത്താതിരിക്കില്ല.

റോഡില്‍ ഏത്തം
കണ്ണൂരില്‍ റോഡില്‍ കൂടിനിന്ന മൂന്നു പേരെ പിടികൂടി ജില്ലാ പൊലീസ് മേധാവി ഏത്തമിടീച്ചതും മേധാവിയെ മുഖ്യമന്ത്രി ശാസിച്ചതും ചര്‍ച്ചാവിഷയമായിരുന്നു. അമ്മയെ തല്ലിയാലും രണ്ടുണ്ടു പക്ഷം എന്നു ചൊല്ലുണ്ടാക്കിയ കേരളീയര്‍ക്ക് ഇക്കാര്യത്തില്‍ മൂന്നു പക്ഷം തന്നെ ഉണ്ടായേക്കാം. പൊലീസ് മേധാവികള്‍ക്കു മാത്രമല്ല, ജഡ്ജിമാര്‍ക്കുപോലും ചില ഘട്ടങ്ങളില്‍ തങ്ങളെ ഏല്പിച്ച പണി എന്ത് എന്നു മറന്നുപോകാറുണ്ട്. ഈയിടെയായി ഈ അസുഖം കൂടിവരുന്നുണ്ട്. 

പൗരന്മാര്‍ റോഡിലിറങ്ങരുത് എന്നു അനുശാസിക്കുന്ന നിയമമൊന്നും ഇന്ത്യയിലിതുവരെ ഉണ്ടായിട്ടില്ല. പച്ചക്കറി വാങ്ങാന്‍ കടയില്‍ പോകാം. മടങ്ങിവരുമ്പോള്‍ സുഹൃത്തിനെ കണ്ടാല്‍ നിന്നു സംസാരിക്കാം. അത്യാവശ്യത്തിനേ റോഡിലിറങ്ങാവൂ. കൂട്ടംകൂടി നില്‍ക്കരുത്. ഇത് ഒരു പൊതുനന്മയ്ക്കു വേണ്ടി ജനങ്ങള്‍ ചെയ്യുന്ന സേവനമാണ്. ഒരു പൊതു ബോധവുമില്ലാതെ ഇതു ലംഘിക്കുകയും റോഡില്‍ കൂട്ടംകൂടി നില്‍ക്കുകയും ചെയ്യുന്നവരെ ഏത്തമിടീക്കുന്നതില്‍ എന്താണ് തെറ്റ് എന്നു ചോദിക്കുന്നവരുടെ സന്മനസ്സിനു നല്ല നമസ്‌കാരം. പക്ഷേ, ഒരു പൗരന്‍ പൊതുനിരത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിക്കുന്നതിനേക്കാള്‍ കുറ്റകരമാണ് നിയമം പാലിക്കേണ്ട ഒരു പൊലീസ് ഓഫീസര്‍ പൊതുറോഡില്‍ നിന്നുകൊണ്ട് നിയമം ലംഘിക്കുന്നതും പൗരനെ അപമാനിക്കുന്നതും. കുറ്റം ചെയ്തവനെ പൊലീസ് മേധാവിക്ക് കസ്റ്റഡിയിലെടുക്കാം. കേസ്സെടുക്കുകയും ചെയ്യാം. പക്ഷേ, ശിക്ഷിക്കാന്‍ ഒരുമ്പെടരുത്. അത് അയാളെ ഏല്പിച്ച പണിയല്ല.

നിയമാനുസൃതമായ അധികാരമേ ആര്‍ക്കും ഉള്ളൂ. പണ്ടത്തെ ജന്മിയുടെ അധികാരമുള്ള ആളാണ് താനെന്നു പൊലീസ് ഉദ്യോഗസ്ഥന്് തോന്നിത്തിടങ്ങിയാല്‍ അത് കൊറോണയേക്കാള്‍ ദ്രോഹം ചെയ്യുന്ന രോഗമാണ്. ഉത്തരേന്ത്യയില്‍ ഇപ്പോഴും ജന്മിമാരും ജന്മിമനസ്സുള്ള പൊലീസുകാരും ഉണ്ടാവാം. കേരളം അതല്ല നാട് എന്ന് യതീഷ് ചന്ദ്രമാര്‍  ഇനിയെങ്കിലും പഠിക്കട്ടെ. 

മുനയമ്പ്
ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധവുമായ കോട്ടയത്തു ചട്ടം ലംഘിച്ച് തെരുവിലിറങ്ങി ബഹളം കൂട്ടി-വാര്‍ത്ത.
ഒരൊറ്റ യതീഷ് ചന്ദ്രയെയും അവിടെയെങ്ങും അവസാനം വരെ കണ്ടതേയില്ല.

Tuesday, 17 March 2020

ചാനല്‍ വിലക്ക് ഉയര്‍ത്തിയ കുറെ ചോദ്യങ്ങള്‍മീഡിയ ബൈറ്റ്‌സ് 
എന്‍.പി രാജേന്ദ്രന്‍


രണ്ടു മലയാളം വാര്‍ത്താചാനലുകളുടെ സംപ്രേഷണം 48 മണിക്കൂര്‍ വിലക്കിക്കൊണ്ടുള്ള ഉത്തരവുണ്ടായത് 2020 മാര്‍ച്ച് ആറാം തിയ്യതിയാണ്. വിലക്ക് അന്നു തന്നെ നിലവില്‍ വരികയും ചെയ്തു. വലിയ കോലാഹലങ്ങളോ പ്രതിഷേധങ്ങളോ ഉണ്ടാകുന്നതിനു മുമ്പ്, പിറ്റേ ദിവസംതന്നെ ഉത്തരവ് പിന്‍വലിക്കപ്പെട്ടു. പക്ഷേ, കാര്യമായ ചര്‍ച്ചയോ വിശകലനമോ ഉണ്ടായില്ല. മറ്റെല്ലാ വിവാദങ്ങളിലും സംഭവിക്കാറുള്ളതുപോലെ എല്ലാവരും മെല്ലെ പുതിയ വിഷയങ്ങളിലേക്ക് കടന്നു.

അഭിപ്രായസ്വാതന്ത്ര്യത്തിലും മതനിരപേക്ഷതയിലും സമാധാനത്തോടെ ജീവിക്കാനുള്ള മനുഷ്യാവകാശത്തിലും വിശ്വസിക്കുന്നവര്‍ക്കാര്‍ക്കും ഇത് അങ്ങനെ മറന്നുകളയാന്‍ കഴിയില്ല.   പൗരന്റെ സ്വാതന്ത്ര്യങ്ങളെയെല്ലാം ഉറപ്പിക്കുന്ന, നിലനിര്‍ത്തുന്ന സ്വാതന്ത്ര്യമാണ് മാധ്യമസ്വാതന്ത്ര്യം. ഡല്‍ഹിയുടെ വടക്കുകിഴക്കന്‍ ഭാഗത്തുണ്ടായ വര്‍ഗീയാക്രമണങ്ങള്‍ രണ്ടു മലയാളം ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയാണ് ഇന്ത്യാ ഗവണ്മെന്റിന് അപ്രീതിയുണ്ടാക്കിയത്. രാജ്യത്തെമ്പാടുമുള്ള നൂറുകണക്കിന് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റു മലയാള ചാനലുകളും റിപ്പോര്‍ട്ടിങ്ങും ഒട്ടും വ്യത്യസ്തമായിരുന്നില്ല. രണ്ട് മലയാളം ചാനലുകളെക്കുറിച്ചു മാത്രമെന്തുകൊണ്ട് പരാതിയും അതിവേഗം നടപടിയും ഉണ്ടായി എന്നെല്ലാമുള്ള ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അതു രാഷ്ട്രീയമായി വിലയിരുത്തേണ്ട കാര്യമാണ്. അതല്ല, ഇതുമായി ബന്ധപ്പെട്ട വേറെ ചില കാര്യങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ഫിബ്രവരി 25ന് വൈകുന്നേരം 8:58:34 നും രാത്രി 12:10:45 നും സംപ്രേഷണം ചെയ്ത വാര്‍ത്തകളാണ് വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഉത്തരവിന്റെ ആദ്യ ഖണ്ഡിക ഇങ്ങനെ പോകുന്നു.

' ദല്‍ഹിയില്‍ കലാപം തുടരുകയാണെന്നും മരണം പത്ത് ആയെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. സായുധസംഘങ്ങള്‍ ആളുകളോട് മതം ചോദിച്ചതിന് ശേഷം അവരെ ആക്രമിക്കുകയാണ്. നൂറുകണക്കിന് കടകളും വീടുകളും വാഹനങ്ങളും തീയിട്ട് നശിപ്പിക്കുകയാണ്. നൂറ്ററുപതിലേറെ ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കലാപകാരികള്‍ തെരുവില്‍ വിളയാടുമ്പോള്‍
പൊലീസ് കാഴ്ചക്കാരായി മാറിനില്‍ക്കുകയാണ്. ജഫ്രബാദ് പ്രദേശത്ത് മുന്‍ദിവസത്തെപ്പോലെ കലാപം തുടരുകയാണെന്നും ജഫ്രബാദ്, അശോക് നഗര്‍, മൗജ്പുര്‍ പ്രദേശങ്ങള്‍ കലാപകാരികളുടെ പിടിയിലാണെന്നും ചാനല്‍ ലേഖകന്‍ പി.ആര്‍ സോണി റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് മാറിനില്‍ക്കുന്നതു കൊണ്ട് ജഫ്രബാദ്, മൗജ്പുര്‍ പ്രദേശങ്ങളില്‍ പള്ളികള്‍ അഗ്നിക്കിരിയാക്കിയിട്ടുണ്ട്. രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് അഗ്നിശമന വാഹനങ്ങള്‍ എത്തിയത്. കലാപകാരികള്‍ വഴിതടഞ്ഞ് യാത്രക്കാരെ മതംചോദിച്ച് ആക്രമിക്കുന്നുണ്ട്. ഹിന്ദുഭൂരിപക്ഷ പ്രദേശങ്ങളില്‍ മുസ്ലിം വീടുകള്‍ ആക്രമിക്കപ്പെടുകയും മുസ്ലിങ്ങള്‍ തിരിച്ചടിക്കുകയും ചെയ്തു. ഇരുകൂട്ടരും തമ്മില്‍ തെരുവില്‍ വെടിവെപ്പുണ്ടായി. തലേദിവസം അക്രമം ഉണ്ടായ സ്ഥലങ്ങളില്‍ ഹിന്ദുവിഭാഗക്കാര്‍ ജയ് ശ്രീറാമും മുസ്ലിങ്ങള്‍ ആസാദി മുദ്രാവാക്യങ്ങളും മുഴക്കി രംഗത്തെത്തിയതോടെ സംഘര്‍ഷം വര്‍ഗീയ ഏറ്റുമുട്ടലായി മാറി. നൂറുകണക്കിനു കടകളും വീടുകളും വാഹനങ്ങളും കത്തുകയാണ്. ഒരു പെട്രോള്‍ പമ്പിന് തീകൊളുത്തി. മൂന്നു ദിവസമായി അക്രമം തുടരുകയാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ കലാപം തടയാന്‍ ശ്രമമൊന്നും നടത്തുന്നില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുകൂട്ടിയ യോഗത്തിന് ശേഷം വളരെ കഴിഞ്ഞാണ് കേന്ദ്രസേന  രംഗത്തെത്തിയത്....

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ അക്രമത്തെക്കുറിച്ച്, ഈ ചാനല്‍ പള്ളികള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയും ഒരു സമുദായത്തോട് ചാഞ്ഞും ആണ് റിപ്പോര്‍ട്ട് ചെയ്തത് എന്നു മനസ്സിലാകുന്നു. ഇത് 1994 ലെ കേബ്ള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് നിയമങ്ങള്‍ക്ക് വിരുദ്ധമാണ്്....' 

ചാനലുകള്‍ ചട്ടലംഘനം നടത്തി എന്നു സ്ഥാപിക്കാനാണ് അധികൃതരുടെ ശ്രമമെങ്കിലും ഈ പറഞ്ഞതില്‍നിന്നൊന്നും ചാനലുകള്‍ അവിവേകമായി എന്തെങ്കിലും ചെയ്തതായി ആര്‍ക്കും തോന്നില്ല. ഏതു അക്രമസംഭവത്തിലും ചാനലുകള്‍ പറയാന്‍ ബാദ്ധ്യസ്തമായ കാര്യങ്ങളാണ് അതെല്ലാം. അവ സത്യമാകണമെന്നേ ഉള്ളൂ. സര്‍ക്കാര്‍ കുറ്റപത്രത്തിലാകട്ടെ ഇതൊന്നും സത്യമല്ലെന്നു സൂചിപ്പിക്കുന്നു പോലുമില്ല. നിയമത്തിലെ 6(1)(സി) വകുപ്പ് അനുസരിച്ച് മതസ്ഥാപനങ്ങള്‍ക്കും വിശ്വാസികള്‍ക്കുംനേരെ നടക്കുന്ന ആക്രമണങ്ങളുടെ റിപ്പോര്‍ട്ടില്‍ മതത്തെയോ വിശ്വാസികളെയോ അധിക്ഷേപിക്കുന്ന വാക്കുകളോ ദൃശ്യങ്ങളോ ഉണ്ടാകരുത്. കലാപകാരികള്‍ക്കു പ്രോത്സാഹനം നല്‍കുന്നതോ അക്രമത്തിന് പ്രചോദനം നല്‍കുന്നതോ ആവരുത് റിപ്പോര്‍ട്ട് എന്നും ചട്ടങ്ങളില്‍ പറയുന്നുണ്ട്. തെരുവില്‍ എല്ലാവരും കണ്ട കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഒരു നിയമവും തടസ്സമാകുന്നില്ലെന്ന് രണ്ട് ചാനലുകളും സര്‍ക്കാറിന് അയച്ച വിശദീകരണക്കുറിപ്പുകളില്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഡിസംബര്‍ 25ന് ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകള്‍ ഷോകോസ് നോട്ടീസയക്കുകയും ഇരു ചാനലുകളും ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തതാണ്. തുടര്‍ന്നാണ് മാര്‍ച്ച് ആറിന് 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

മീഡിയ വണിന് അയച്ച നോട്ടീസിലും ഏറെയൊന്നും വ്യത്യസ്തമല്ലാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് ആക്രമണങ്ങള്‍ കൂടുതല്‍ നടന്നത്, സിഎഎ വിരുദ്ധസമര കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായി, പൊലീസ് നിഷ്‌ക്രിയത പുലര്‍ത്തി എന്നീ ആക്ഷേപങ്ങള്‍ ചാനല്‍ റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ ഹസ്സനുല്‍ബന്ന എന്ന ലേഖകന്റെ പേരെടുത്തു പറഞ്ഞിട്ടുമുണ്ട്.  ഒരു സമുദായത്തിന് നേരെ നടന്ന ആക്രമണങ്ങള്‍ക്ക് പ്രമുഖ്യം നല്‍കി, ആര്‍.എസ്.എസ്സിന് കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചു തുടങ്ങിയ ആക്ഷേപങ്ങളാണ് മീഡിയവണ്‍ ചാനലിനെതിരെ ഉന്നയിച്ചിട്ടുള്ളത്.  ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തത് അസത്യമാണെന്നോ വ്യാജമാണെന്നോ  കുറ്റപത്രങ്ങളിലില്ല.

ഇരു സ്ഥാപനങ്ങളും നല്‍കിയ വിശദീകരണത്തിലെ വാദങ്ങള്‍ സര്‍ക്കാര്‍ ഉത്തരവില്‍ ചുരുക്കത്തില്‍ കൊടുത്തിട്ടുണ്ട്.  എല്ലാ ആരോപണങ്ങളും നിഷേധിച്ച ശേഷം ആക്ഷേപങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും തെളിവുകളും ഹാജരാക്കാന്‍ പ്രത്യേക അഡ്ജുഡിക്കേഷന്‍ ഉണ്ടാകണം എന്ന ആവശ്യവും മീഡിയ വണ്‍ ഉന്നയിച്ചിരുന്നു.

പിന്‍വലിക്കപ്പെട്ടു എന്നതുകൊണ്ടു മാത്രം സര്‍ക്കാര്‍ നടപടിയുടെ ഗൗരവം ഇല്ലാതാകുന്നില്ല. അതിനിയും ആവര്‍ത്തിക്കപ്പെടാം. ഗൗരവമുള്ള നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് സര്‍ക്കാര്‍ ഉത്തരവ്. അവ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട.്

* ഉത്തരവിലുടനീളം ആവര്‍ത്തിക്കുന്ന ഒരു വാദം വര്‍ഗീയസംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നത് സമതുലിതമായി വേണം എന്നതാണ്.(...ഷുള്‍ഡ് ഹാവ് റിപ്പോര്‍ട്ടഡ് ഇന്‍ എ ബാലന്‍സ്ഡ് വെ.) സമതുലിതമായാണ് എല്ലാം നടക്കുന്നത് എന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലല്ല മാധ്യമധര്‍മം. നമ്മുടെ നാട്ടിലെ കലാപങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളും തുല്യശക്തിയുള്ള രണ്ടു പക്ഷങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് എന്ന മട്ടിലുള്ള ഒരു സമീപനമാണ് ഔദ്യോഗിക സ്ഥാപനങ്ങള്‍ പൊതുവെ സ്വീകരിച്ചുവരുന്നത്. ആക്രമിക്കപ്പെടുന്നവന്റെയും സത്യത്തിന്റെയും പക്ഷം തന്നെയാവണം മാധ്യമപക്ഷവും. ഭൂരിപക്ഷം വരുന്ന മതത്തില്‍ പെട്ടവര്‍ കനത്ത ആയുധശേഷിയോടെയും ആള്‍ബലത്തോടെയും ന്യൂനപക്ഷ മതവിഭാഗക്കാര്‍ക്കു നേരെ നടത്തുന്ന ഏകപക്ഷീയമായ ആക്രമണങ്ങളെയും കൂട്ടക്കൊലകളെയും മാധ്യമങ്ങള്‍ എങ്ങനെയാണ് ബാലന്‍സ്ഡ് ആക്കി റിപ്പോര്‍ട്ട് ചെയ്യുക? അതുകൊണ്ടുതന്നെ റിപ്പോര്‍ട്ടിങ്ങ് വസ്തുനിഷ്ഠവും വാസ്തവവും ആകണം എന്നല്ലാതെ ഇരുപക്ഷത്തിനും തുല്യപ്രാധാന്യം നല്‍കണം എന്ന് എങ്ങനെയാണ് നിര്‍ബന്ധിക്കുക?

* എല്ലാ മാധ്യമങ്ങളും തുല്യനിലയില്‍ പരിഗണിക്കപ്പെടണമെന്നു പറയാം. എന്നാല്‍, ഡല്‍ഹിയുടെ ഉള്‍പ്രദേശങ്ങളില്‍ നടന്ന അക്രമങ്ങളെക്കുറിച്ചുള്ള രണ്ട് മലയാള ചാനലുകളുടെ റിപ്പോര്‍ട്ടിങ് എതു തരത്തിലാണ് സംഘര്‍ഷം വളര്‍ത്തുന്നതും സമാധാനം തകര്‍ക്കുന്നതുമാവുന്നത്? ഈ സമീപനം മാധ്യമസ്വാതന്ത്ര്യത്തിന്റെ തത്ത്വങ്ങളുമായി ഒത്തുപോകുന്നതാണോ? എണ്ണമറ്റ ഹിന്ദി ചാനലുകളുള്ളതില്‍ ഒന്നുപോലും കേബ്ള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് റഗുലേഷന്‍ ആക്റ്റിന്റെ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലേ? അവയെല്ലാം സമതുലിത റിപ്പോര്‍ട്ടിങ് ആണോ നടത്തിയത്? 'ബാലന്‍സ്ഡ് വ്യൂ' എന്ന ഗുണം ചാനലുകളുടെ റിപ്പോര്‍ട്ടിങ്ങില്‍ മതിയോ, ചാനലുകളെ സര്‍ക്കാര്‍ വിലയിരുത്തുന്നതിലും വേണ്ടേ? 

*ചാനല്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം, പ്രത്യേകിച്ചും ന്യൂനപക്ഷഭാഷകളിലുള്ളത് വിലയിരുത്തുന്നതിന് എന്തു സംവിധാനമാണ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് വകുപ്പിനുള്ളത്? സാമ്പത്തികവും മറ്റുമായ ചട്ടലംഘനങ്ങള്‍ കണ്ടെത്തുന്നതുപോലെ മാധ്യമ ഉള്ളടക്കത്തിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്താനാവുമോ? ആവുമെങ്കില്‍ത്തന്നെ, മീഡിയവണ്‍ ചാനല്‍ ആവശ്യപ്പെട്ടതുപോലെ കുറ്റാരോപിതര്‍ക്ക് തങ്ങളുടെ വാദം അവതരിപ്പിക്കാന്‍ മതിയായ സൗകര്യം നല്‍കേണ്ടതായിരുന്നില്ലേ?

* മാധ്യമങ്ങള്‍ എന്ന നിലയില്‍ ചാനലുകളും പത്രങ്ങളും ഭരണഘടനാപരമായി ഒരേ വിഭാഗത്തിലാണ് പെടുന്നത്. അഭിപ്രായസ്വാതന്ത്യം എന്ന ഒരേ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്വാതന്ത്ര്യം ഉപയോഗിക്കുന്നതിന് അച്ചടിമാധ്യമങ്ങള്‍ക്ക് സംരക്ഷണവും മാര്‍ഗനിര്‍ദ്ദേശവും നല്‍കുന്നതിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നൊരു ഔദ്യോഗികസ്ഥാപനവും സംവിധാനവും ഇന്ത്യാഗവണ്മെന്‍് ഒരുക്കിയിട്ടുണ്ട്. എന്തുകൊണ്ട്, സമൂഹത്തിന്റെ ചലനങ്ങളെ ഉടനുടന്‍ സ്വാധീനിക്കുന്നത് ദൃശ്യ-ഡിജിറ്റല്‍ മാധ്യമങ്ങളായിട്ടും ഈ സംവിധാനത്തിന്റെ സംരക്ഷണം/നിയന്ത്രണം അവയ്ക്ക് ബാധകമാക്കുന്നില്ല?

* ആരാധനാലയം എന്നല്ലാതെ പള്ളി,ക്ഷേത്രം എന്നൊന്നും പ്രത്യേകം എടുത്തു കാട്ടരുതെന്ന നിബന്ധനകള്‍ കാലഹരണപ്പെട്ടില്ലേ? സാമൂഹ്യമാധ്യമങ്ങളിലൂടെ കലാപം ലൈവ് ആയി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാലമാണ് ഇത്. വ്യാജവാര്‍ത്തകള്‍ സമാധാനം തകര്‍ക്കുന്നു. അപ്പോള്‍ വാസതവം അറിയിക്കാനുള്ള ഉത്തരവാദിത്തം ദൃശ്യ-അച്ചടിമാധ്യമങ്ങളുടേതല്ലേ? ചട്ടങ്ങളും കാലത്തിനൊത്ത് മാറേണ്ടതല്ലേ?

* വര്‍ഗീയസംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പത്രങ്ങള്‍ പുലര്‍ത്തേണ്ട മുന്‍കരുതലുകള്‍ സാമാന്യം യുക്തിസഹമായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ 1991-ലും 1993- ലും പ്രത്യേക വിജ്ഞാപനമായി പുറപ്പെടുവിച്ചിട്ടുണ്ട്. അസത്യം, അതിശയോക്തി, പ്രകോപനം, സ്്പര്‍ദ്ധ, അധിക്ഷേപം, മതനിന്ദ തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ മാത്രമേ പത്രങ്ങള്‍ക്കെതിരെ നടപടി എടുക്കാനാവൂ. അതു തന്നെ അപ്പോഴപ്പോള്‍ പ്രസ് കൗണ്‍സിലിനെ അറിയിക്കേണ്ടതുണ്ട-തുടങ്ങിയ വ്യക്തമായ നടപടിക്രമങ്ങള്‍ പ്രസ് കൗണ്‍സില്‍ നിയമാവലിയിലുണ്ട്്. 

*  ദ് കേബ്ള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്‌സ് റൂള്‍സ് 1994-ലെ ആറാം വകുപ്പ് ഉദ്ധരിച്ചുകൊണ്ടാണ് രണ്ട് മലയാളം ചാനലുകള്‍ക്കും എതിരെ സര്‍ക്കാര്‍ കുറ്റം ആരോപിച്ചിരിക്കുന്നത്. തീര്‍ച്ചയായും ഇത് ഇന്നലെ ഉണ്ടായ നിയമമല്ല. ചാനലുകള്‍ വന്ന കാലത്തുള്ള ചട്ടങ്ങളാണ്. ഈ ആറാം വകുപ്പില്‍ എവിടെയെങ്കിലും വാര്‍ത്താചാനലുകളെക്കുറിച്ച് എന്തെങ്കിലും പരാമര്‍ശമുണ്ടോ? ഇല്ല. ഈ നിയമത്തിന്റെ ബലത്തില്‍ ചാനലുകളെ ശിക്ഷിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ അധികാരികള്‍ക്ക് വാര്‍ത്താചാനലുകളോടാണ് തങ്ങള്‍ സംസാരിക്കുന്നത് എന്ന സാമാന്യബോധമെങ്കിലും ഉണ്ടായിരുന്നോ?  എങ്ങനെയും വ്യാഖ്യാനിക്കാവുന്ന, ഏത് ചാനലിനെയും എപ്പോള്‍ വേണമെങ്കിലും നിശ്ശബ്ദമാക്കാന്‍ കഴിയുന്ന കുറെ ആജ്ഞകള്‍ എന്നല്ലാതെ ഇതിനെ വാര്‍ത്താമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നിയമമായി ആരെങ്കിലും പരിഗണിക്കുമോ?

* ഒരു സ്വതന്ത്ര ഏജന്‍സി മുന്‍പാകെ കോടതിയിലെന്ന പോലെ കേസ് വാദിക്കാനും തെളിവുകള്‍ പരിശോധിക്കാനും സംവിധാനമുണ്ടാക്കാതെ വാര്‍ത്താമാധ്യമങ്ങളെ ഭരണാധികാരികള്‍ ശിക്ഷിക്കാന്‍ തുടങ്ങിയാല്‍ മാധ്യമസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും എത്രകാലം നിലനില്‍ക്കും?


മഹാരാജാവിന്റെ ഘര്‍വാപസിപതിനഞ്ച് വര്‍ഷമെടുത്തു മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുവരാന്‍. അതവരുടെ ഗുണം കൊണ്ടല്ല, നാട്ടുകാര്‍ വേറെ നിവൃത്തിയില്ലാതെ ചെയ്തതാവും. പാര്‍ട്ടി അതു വരെ നാമാവശേഷമാകാതെ നിലനിന്നല്ലോ, അത് അത്ഭുതം. ഇപ്പോഴിതാ ഭരണത്തില്‍ തിരിച്ചുവന്ന് പതിനഞ്ച് മാസം തികയും മുന്‍പ് ഇരിപ്പ് പ്രതിപക്ഷത്താകാന്‍ പോകുന്നു. കോണ്‍ഗ്രസ്സുകാര്‍തന്നെ ബി.ജെ.പിയെ പിടിച്ചുവലിച്ച് ഭരണക്കസേരയില്‍ കൊണ്ടുവന്ന് ഇരുത്തുകയാണ്. ഭരണത്തിലിരുന്നാല്‍ ഒരു സുഖവുമില്ല, എങ്ങനെയെങ്കിലും പ്രതിപക്ഷമാവണം കോണ്‍ഗ്രസ്സിന്.

ഇന്നലെ വരെ കോണ്‍ഗ്രസ്സിന്റെ ഭാവി പ്രതീക്ഷയായിരുന്ന രാജപ്രമുഖനാണ്, ഓര്‍ക്കാപ്പുറത്ത് മറുകണ്ടംചാടി ബി.ജെ.പിയുടെ അത്ഭുതപ്രതീക്ഷയായി മാറിയത്. ബി.ജെ.പിയുടെ പതിവ് ഇതല്ല. മറ്റു കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍  കുത്തിത്തിരിപ്പിന് കേന്ദ്രത്തില്‍ നിന്ന് പ്രത്യേക ഗൂഢസംഘത്തെ നിയോഗിക്കുകയാണ് കീഴ് വഴക്കം. അവര്‍ പോയി കോടികള്‍ ഇറക്കി എം.എല്‍.എ കച്ചവടത്തിനു സ്റ്റാള്‍ തുറക്കും. റെയ്റ്റ് സംസ്ഥാനത്തിനും സാഹചര്യത്തിനും അനുസരിച്ച് മാറും. മധ്യപ്രദേശ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായതുകൊണ്ട് പണം പുല്ലായി കത്തിക്കന്‍ തയ്യാറായിരുന്നു. മന്ത്രിസഭയ്ക്ക് വയസ്സ് രണ്ടാകും മു്ന്‍പ് അവര്‍ അതൊപ്പിക്കുമായിരുന്നു. അതൊന്നും വേണ്ടിവന്നില്ല. ബി.ജെ.പി ഏറ്റവും ഭയന്ന, അമ്പതുതികയാന്‍ പോകുന്ന യുവതേജസ്സിനെത്തന്നെ കാല്‍കാശ് മുടക്കാതെ കൈയില്‍ കിട്ടി. അതിനാണു കോണ്‍്ഗ്രസ്സിനെ നമിക്കണമെന്നു പറഞ്ഞത്.

അച്ഛനൊഴികെ കുടുംബം ഒന്നടങ്കം ബി.ജെ.പി ആയിരുന്നിട്ടും ജ്യോതിരാദിത്യ ഇത്രയും കാലം പിടിച്ചുനിന്നത് ചില്ലറ കാര്യമല്ല. പക്ഷേ, രണ്ടാം വട്ടം മോദി വന്നതോടെ എല്ലാ പോരാട്ടവും തോല്‍ക്കുന്ന കളിയായി തോന്നിയിരുന്നു. എന്നിട്ടും പിടിച്ചുനിന്നു. കോണ്‍ഗ്രസ്സുകാരുണ്ടോ സമ്മതിക്കുന്നു. സിന്ധ്യയെ ബി.ജെ.പി.യിലേക്കു പറപ്പിച്ചേ അടങ്ങൂ എന്നവര്‍ പ്രതിജ്ഞയെടുത്തിരുന്നു. പിന്നെ, വൈകിയില്ല.

പതിനഞ്ചു വര്‍ഷത്തിന് ശേഷം അധികാരത്തില്‍ വന്നപ്പോള്‍ ജ്യോതിരാദിത്യക്ക് മുഖ്യമന്ത്രിസ്ഥാനം കൊടുത്തുകൂടായിരുന്നോ എന്ന ചോദ്യം പലരും ഇപ്പോള്‍ ചോദിക്കുന്നുണ്ട്. കൊടുക്കാഞ്ഞത് നന്നായി എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ എന്നു ചോദിക്കുന്നവരും കാണും. യുവാക്കളെ സ്വര്‍ഗത്തിന്റെ താക്കോള്‍ ഏല്‍പ്പിക്കും എന്നോ മറ്റോ ഉള്ള വാഗ്ദാനവുമായി നടക്കുന്ന പോയ പ്രസിഡന്റ് രാഹുലിന്റെ ഉറ്റ സുഹൃത്തായിട്ടും സിന്ധ്യക്കു മുഖ്യമന്ത്രിസ്ഥാനം കിട്ടിയില്ല. എഴുപതുപിന്നിട്ട  കമല്‍നാഥ് എന്ന യുവാവിനെയാണ് പാര്‍ട്ടി കണ്ടെത്തിയത്. ലോക്‌സഭ തിരഞ്ഞെടുപ്പു വന്നപ്പോള്‍ ഇവന്റെ ശല്യം അങ്ങോട്ടു പോട്ടെ എന്നുവിചാരിച്ചാണ് സിന്ധ്യയെ ഗുണയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. അവിടെ തോറ്റതോടെ സിന്ധ്യക്ക് കളി പാളിയെന്നു ബോധ്യം വന്നിരുന്നു. പിന്നെ വൈകിയില്ല.

എന്തായാലും, കോണ്‍ഗ്രസ് വളരെ കുബുദ്ധിപൂര്‍വമായി ഒരു കാര്യം ചെയ്തു. പാര്‍ട്ടിയില്‍നിന്നുള്ള രാജി സിന്ധ്യ പ്രഖ്യാപിച്ച ദിവസംതന്നെ സിന്ധ്യയെ കോണ്‍ഗ്രസ്സില്‍ നിന്നു പുറത്താക്കി! എന്തൊരു തന്ത്രപൂര്‍വ നീക്കം! കേരളത്തില്‍നിന്നു പോയ കെ.സി. വേണുഗോപാല്‍ ആയിരിക്കണം ഇത് സോണിയാജിയെ ഉപദേശിച്ചത് എന്നാണ് തലസ്ഥാനത്തെ പത്രക്കാര്‍ക്കിടയിലെ അഭ്യൂഹം. കേരളത്തില്‍ സി.പി.എം ഇതു സാധാരണ പ്രയോഗിക്കാറുള്ളത് വേണുഗോപാലന് കണ്ടിരിക്കുമല്ലോ. പാര്‍ട്ടി വിട്ടവനെ ലക്ഷ്യം വെച്ച് പുറത്താക്കല്‍ അമ്പ് തൊടുത്തുവിടും. അത് അതിവേഗത്തില്‍ പറന്നുചെന്ന് രാജിക്കത്തിനെ മറികടന്ന് ആളെ നിലംപരിശാക്കും! സിന്ധ്യ മോദിയെ കാണുന്നു അതേ സമയമാണത്രെ കെ.സി വേണുഗോപാല്‍ സോണിയാജിയുമായി സംസാരിച്ചത്. ഇതുതന്നെയാവും പറഞ്ഞുകൊടുത്തത്. അല്ലാതെ വേണുഗോപാലിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വമൊന്നുമാവില്ല. ഉറപ്പ്.   

ഇതൊക്കെയാണെങ്കില്‍ മഹാരാജിന്റെ ഈ ഘര്‍വാപസിയെ പ്രധാനമന്ത്രിക്ക് അത്ര പിടിച്ചിട്ടില്ല എന്നൊരു കിംവദന്തി ബി.ജെ.പി വൃത്തങ്ങളില്‍ പ്രചരിക്കുന്നുണ്ടത്രെ. മോദിജിയുടെ ഒരു സമീപകാലപ്രസംഗം ആരോ എടുത്തു പുറത്തിട്ടതാണു കിംവദന്തിക്കു കാരണം. ദില്ലി രാംലീല മൈതാനത്തെ പൊതുയോഗത്തിലായിരുന്നു ആ പ്രസംഗം. കുടുംബാധിപത്യം ശരിയല്ല എന്നതാണ് ആ പ്രസംഗത്തിന്റെ മുഖ്യതീം. അന്നു ഒരു കുടുംബമല്ലേ കോണ്‍ഗ്രസ്സിന്റെ തലപ്പത്തുണ്ടായിരുന്നുള്ളൂ. മോദിജി പറഞ്ഞത്, കുടുംബാധിപത്യമുള്ള പാര്‍ട്ടി തന്നെപ്പോലെയുള്ള ചായ്‌വാല കുടുംബത്തില്‍പ്പെട്ടവരെ, പാവപ്പെട്ടവരെ വളരാന്‍ സമ്മതിക്കില്ല എന്നായിരുന്നു. മധ്യപ്രദേശിലെ സിന്ധ്യ കുടുംബത്തെയും ഹരിയാണയിലെ ഹൂഡ കുടുംബത്തെയും കശ്മീരിലെ അബ്ദുല്ല കുടുംബത്തെയും പേരെടുത്തു പറഞ്ഞുതന്നെ അദ്ദേഹം ഇക്കാര്യം അടിവരയിട്ടു പറഞ്ഞിരുന്നു.  പട്ടിണിയില്‍നിന്നു വളര്‍ന്നുവരുന്നവരെ അവര്‍ ഇടിച്ചുതാഴ്ത്തും. യോഗ്യതയുള്ളവരെ അവര്‍ അടിച്ചമര്‍ത്തും. 21 ാം നൂറ്റാണ്ട് കുടുംബാധിപത്യത്തിന്റെ നൂറ്റാണ്ടല്ല. ഞാന്‍ ഇതുപറയുന്നതുകൊണ്ടാണ് അവര്‍ എന്നെ ശത്രുവായി കാണുന്നത്.'-മോദിജി ശബ്ദമുയര്‍ത്തിതന്നെ പറഞ്ഞു. സിന്ധ്യാജി ഒരു പക്ഷേ ഇതു കേട്ടുകാണില്ല. ഇനി അതല്ല, രാജകുടുംബങ്ങള്‍ക്കു മോദിതത്ത്വം ബാധകമല്ല എന്നുണ്ടോ എന്തോ...കാത്തിരുന്നു കാണാം.

കോണ്‍ഗ്രസ് എന്നും കുടുംൂബാധിപത്യത്തിന് എതിരാണ് എന്നതാണ് യഥാര്‍ത്ഥ്യം. അത് അധികം പേര്‍ ശ്രദ്ധിക്കാറില്ല. കോണ്‍ഗ്രസ് ഒരു കുടുംബത്തിനു മാത്രമേ ഇക്കാര്യത്തില്‍ ഭാഗികമായ എക്‌സംപ്ഷന്‍ കൊടുക്കുന്നുള്ളൂ. അതു ഗാന്ധി കുടുംബം എന്നറിയപ്പെടുന്ന നെഹ്‌റു കുടുംബത്തിനാണ്. വേറെ ഒരു കുടുംബത്തെയും മുകളിലെത്താന്‍ സമ്മതിക്കില്ല. ആ കുടുംബത്തില്‍തന്നെ പിണങ്ങിനിന്നവരെ ഇങ്ങോട്ട് അടുപ്പിച്ചിട്ടില്ല. ഇന്ദിരാജിക്കു രണ്ട് ആണ്‍മക്കളുണ്ടായിരുന്നു എന്നറിയാത്തവരില്ലല്ലോ. അതില്‍ ഒരാളുടെ മകനാണ് രാഹുല്‍. മറ്റേ ആള്‍ എവിടെ എന്നാരെങ്കിലും അന്വേഷിക്കാറുണ്ടോ?  അവന്‍ വരുണ്‍ ഗാന്ധിയാണ്,  അച്ഛന്റെ പേര് സഞജയ് ഗാന്ധി. രാജീവ് വിമാനം പറപ്പിച്ചു നടക്കുന്ന കാലത്ത് രാജ്യത്തിന്റെ ഭാവി പ്രതീക്ഷയായി കോണ്‍ഗ്രസ്സുകാര്‍ കൊണ്ടുനടന്നതാണ്. ഭാഗ്യമുണ്ടായില്ല. ആ സഞ്ജയിന്റെ മകന്‍ വരുണ്‍ ഗാന്ധി ഇന്നു തേരാപാരാ നടക്കുകയാണെന്ന് എത്ര പേര്‍ ഓര്‍ക്കുന്നു? ഇതില്‍പ്പരം ശക്തമായ കുടുംബാധിപത്യവിരോധം വേറെ ആര്‍ക്കുണ്ട്!

രാജസ്ഥാനും ശരിപ്പെടുത്താം
രാജസ്ഥാനില്‍ നിന്നു രാജ്യസഭയിലേക്കു മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുത്ത അഖിലേന്ത്യാ നേതാവിന്റെ പേരു കേട്ടിരിക്കുമല്ലോ. നമ്മുടെ നാട്ടുകാരനായ കെ.സി വേണുഗോപാല്‍. ഈ കണ്ണൂരുകാരന്‍ ആലപ്പുഴയില്‍നിന്നുള്ള ലോക്‌സഭാംഗമായിരുന്നു അടുത്ത കാലം വരെ. എന്തേ ആലപ്പുഴയില്‍നിന്നു ഇത്തവണ മത്സരിക്കാഞ്ഞത്? പാര്‍ട്ടിയില്‍ വളരെയേറെ ചുതമലകള്‍ വഹിക്കുന്നതുകൊണ്ട് അദ്ദേഹത്തിന് പാര്‍ലമെന്റംഗമാകാന്‍ വയ്യ. എന്തൊരു അഭിനന്ദനീയമായ ത്യാഗം എന്നു പലരും അമ്പരന്നു. പക്ഷേ, പാര്‍ട്ടി ചുമതലകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കേതന്നെ അദ്ദേഹമിതാ രാജസ്ഥാനില്‍നിന്നു രാജ്യസഭയിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരിക്കുന്നു. എത്ര തിരക്കുണ്ടെങ്കിലും, രാജ്യസഭയിലൊരു സീറ്റു കിട്ടിയാല്‍ ആരും വേണ്ടെന്നു പറയില്ല. കോടീശ്വരന്മാര്‍ കോടികള്‍ വലിച്ചെറിഞ്ഞ് നേടിയെടുക്കുന്ന സ്ഥാനമാണ്. മറ്റൊരു സംസ്ഥാനത്തു പോയി മത്സരിക്കാന്‍ ഡോ. മന്‍മോഹന്‍സിങ്ങിനെപ്പോലൊരു വലിയ പാര്‍ലമെന്റേറിയനാണോ കെ.സി.വേണുഗോപാല്‍ എന്ന് ആരും  ചോദിക്കരുത്. ആണ് എന്നു മാഡം പറഞ്ഞാല്‍ ആണ് എന്നാണ് അര്‍ത്ഥം.

രാജസ്ഥാനിലും കോണ്‍ഗ്രസ്സിന് ഭരണമുണ്ട്. മധ്യപ്രദേശിലെപ്പോലെ ഇതും വളരെക്കാലത്തിനു ശേഷം വീണുകിട്ടിയതാണ്. ജനത്തിന് വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ട് കഷ്ടിച്ച് ഭൂരിപക്ഷം കൊടുത്തതാണ്. രാജ്യസഭാ സ്ഥാനാര്‍ത്ഥിനിര്‍ണയം പാര്‍ട്ടിയില്‍ ഭിന്നിപ്പ് സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വാര്‍ത്ത. രാജസ്ഥാനും മധ്യപ്രദേശിന്റെ വഴി പോകുമോ എന്നറിയില്ല. ആരു പോയാലും ഹൈക്കമാന്‍ഡിന് പ്രശ്‌നമല്ല. മന്ത്രിസഭ തകര്‍ന്നാലും ്പ്രശ്‌നമല്ല. എത്രകാലം പട്ടിയുടെ വാല്‍ കുഴലിലിട്ടാലും അത് നിവരുകയില്ല തീര്‍ച്ച.

മുനയമ്പ്
ഗുജറാത്തിലെ അവശിഷ്ട കോണ്‍ഗ്രസ് എം.എല്‍.എ മാരില്‍ ചിലരും ബി.ജെ.പി.യിലേക്കു കാലുമാറുന്നു- വാര്‍ത്ത.
ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ഇതേ മാര്‍ഗമുള്ളൂ. കോണ്‍ഗ്രസ് എം.പി മാരും എം.എല്‍.എമാരും നേതാക്കളുമെല്ലാം കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേരുക. എല്ലാവരും അതിലെത്തിയാല്‍  ആ പാര്‍ട്ടി കുട്ടിച്ചോറാകും. അതിന്റെ കഥ കഴിയും. അതാണ് എളുപ്പവഴി....

പതിനഞ്ച് വര്‍ഷമെടുത്തു മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുവരാന്‍. അതവരുടെ ഗുണം കൊണ്ടല്ല, നാട്ടുകാര്‍ വേറെ നിവൃത്തിയില്ലാതെ ചെയ്തതാവും. പാര്‍ട്ടി അതു വരെ നാമാവശേഷമാകാതെ നിലനിന്നല്ലോ, അത് അത്ഭുതം. ഇപ്പോഴിതാ ഭരണത്തില്‍ തിരിച്ചുവന്ന് പതിനഞ്ച് മാസം തികയും മുന്‍പ് ഇരിപ്പ് പ്രതിപക്ഷത്താകാന്‍ പോകുന്നു. കോണ്‍ഗ്രസ്സുകാര്‍തന്നെ ബി.ജെ.പിയെ പിടിച്ചുവലിച്ച് ഭരണക്കസേരയില്‍ കൊണ്ടുവന്ന് ഇരുത്തുകയാണ്. ഭരണത്തിലിരുന്നാല്‍ ഒരു സുഖവുമില്ല, എങ്ങനെയെങ്കിലും പ്രതിപക്ഷമാവണം കോണ്‍ഗ്രസ്സിന്.

ഇന്നലെ വരെ കോണ്‍ഗ്രസ്സിന്റെ ഭാവി പ്രതീക്ഷയായിരുന്ന രാജപ്രമുഖനാണ്, ഓര്‍ക്കാപ്പുറത്ത് മറുകണ്ടംചാടി ബി.ജെ.പിയുടെ അത്ഭുതപ്രതീക്ഷയായി മാറിയത്. ബി.ജെ.പിയുടെ പതിവ് ഇതല്ല. മറ്റു കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍  കുത്തിത്തിരിപ്പിന് കേന്ദ്രത്തില്‍ നിന്ന് പ്രത്യേക ഗൂഢസംഘത്തെ നിയോഗിക്കുകയാണ് കീഴ് വഴക്കം. അവര്‍ പോയി കോടികള്‍ ഇറക്കി എം.എല്‍.എ കച്ചവടത്തിനു സ്റ്റാള്‍ തുറക്കും. റെയ്റ്റ് സംസ്ഥാനത്തിനും സാഹചര്യത്തിനും അനുസരിച്ച് മാറും. മധ്യപ്രദേശ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായതുകൊണ്ട് പണം പുല്ലായി കത്തിക്കന്‍ തയ്യാറായിരുന്നു. മന്ത്രിസഭയ്ക്ക് വയസ്സ് രണ്ടാകും മു്ന്‍പ് അവര്‍ അതൊപ്പിക്കുമായിരുന്നു. അതൊന്നും വേണ്ടിവന്നില്ല. ബി.ജെ.പി ഏറ്റവും ഭയന്ന, അമ്പതുതികയാന്‍ പോകുന്ന യുവതേജസ്സിനെത്തന്നെ കാല്‍കാശ് മുടക്കാതെ കൈയില്‍ കിട്ടി. അതിനാണു കോണ്‍്ഗ്രസ്സിനെ നമിക്കണമെന്നു പറഞ്ഞത്.

അച്ഛനൊഴികെ കുടുംബം ഒന്നടങ്കം ബി.ജെ.പി ആയിരുന്നിട്ടും ജ്യോതിരാദിത്യ ഇത്രയും കാലം പിടിച്ചുനിന്നത് ചില്ലറ കാര്യമല്ല. പക്ഷേ, രണ്ടാം വട്ടം മോദി വന്നതോടെ എല്ലാ പോരാട്ടവും തോല്‍ക്കുന്ന കളിയായി തോന്നിയിരുന്നു. എന്നിട്ടും പിടിച്ചുനിന്നു. കോണ്‍ഗ്രസ്സുകാരുണ്ടോ സമ്മതിക്കുന്നു. സിന്ധ്യയെ ബി.ജെ.പി.യിലേക്കു പറപ്പിച്ചേ അടങ്ങൂ എന്നവര്‍ പ്രതിജ്ഞയെടുത്തിരുന്നു. പിന്നെ, വൈകിയില്ല.

പതിനഞ്ചു വര്‍ഷത്തിന് ശേഷം അധികാരത്തില്‍ വന്നപ്പോള്‍ ജ്യോതിരാദിത്യക്ക് മുഖ്യമന്ത്രിസ്ഥാനം കൊടുത്തുകൂടായിരുന്നോ എന്ന ചോദ്യം പലരും ഇപ്പോള്‍ ചോദിക്കുന്നുണ്ട്. കൊടുക്കാഞ്ഞത് നന്നായി എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ എന്നു ചോദിക്കുന്നവരും കാണും. യുവാക്കളെ സ്വര്‍ഗത്തിന്റെ താക്കോള്‍ ഏല്‍പ്പിക്കും എന്നോ മറ്റോ ഉള്ള വാഗ്ദാനവുമായി നടക്കുന്ന പോയ പ്രസിഡന്റ് രാഹുലിന്റെ ഉറ്റ സുഹൃത്തായിട്ടും സിന്ധ്യക്കു മുഖ്യമന്ത്രിസ്ഥാനം കിട്ടിയില്ല. എഴുപതുപിന്നിട്ട  കമല്‍നാഥ് എന്ന യുവാവിനെയാണ് പാര്‍ട്ടി കണ്ടെത്തിയത്. ലോക്‌സഭ തിരഞ്ഞെടുപ്പു വന്നപ്പോള്‍ ഇവന്റെ ശല്യം അങ്ങോട്ടു പോട്ടെ എന്നുവിചാരിച്ചാണ് സിന്ധ്യയെ ഗുണയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. അവിടെ തോറ്റതോടെ സിന്ധ്യക്ക് കളി പാളിയെന്നു ബോധ്യം വന്നിരുന്നു. പിന്നെ വൈകിയില്ല.

എന്തായാലും, കോണ്‍ഗ്രസ് വളരെ കുബുദ്ധിപൂര്‍വമായി ഒരു കാര്യം ചെയ്തു. പാര്‍ട്ടിയില്‍നിന്നുള്ള രാജി സിന്ധ്യ പ്രഖ്യാപിച്ച ദിവസംതന്നെ സിന്ധ്യയെ കോണ്‍ഗ്രസ്സില്‍ നിന്നു പുറത്താക്കി! എന്തൊരു തന്ത്രപൂര്‍വ നീക്കം! കേരളത്തില്‍നിന്നു പോയ കെ.സി. വേണുഗോപാല്‍ ആയിരിക്കണം ഇത് സോണിയാജിയെ ഉപദേശിച്ചത് എന്നാണ് തലസ്ഥാനത്തെ പത്രക്കാര്‍ക്കിടയിലെ അഭ്യൂഹം. കേരളത്തില്‍ സി.പി.എം ഇതു സാധാരണ പ്രയോഗിക്കാറുള്ളത് വേണുഗോപാലന് കണ്ടിരിക്കുമല്ലോ. പാര്‍ട്ടി വിട്ടവനെ ലക്ഷ്യം വെച്ച് പുറത്താക്കല്‍ അമ്പ് തൊടുത്തുവിടും. അത് അതിവേഗത്തില്‍ പറന്നുചെന്ന് രാജിക്കത്തിനെ മറികടന്ന് ആളെ നിലംപരിശാക്കും! സിന്ധ്യ മോദിയെ കാണുന്നു അതേ സമയമാണത്രെ കെ.സി വേണുഗോപാല്‍ സോണിയാജിയുമായി സംസാരിച്ചത്. ഇതുതന്നെയാവും പറഞ്ഞുകൊടുത്തത്. അല്ലാതെ വേണുഗോപാലിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വമൊന്നുമാവില്ല. ഉറപ്പ്.   

ഇതൊക്കെയാണെങ്കില്‍ മഹാരാജിന്റെ ഈ ഘര്‍വാപസിയെ പ്രധാനമന്ത്രിക്ക് അത്ര പിടിച്ചിട്ടില്ല എന്നൊരു കിംവദന്തി ബി.ജെ.പി വൃത്തങ്ങളില്‍ പ്രചരിക്കുന്നുണ്ടത്രെ. മോദിജിയുടെ ഒരു സമീപകാലപ്രസംഗം ആരോ എടുത്തു പുറത്തിട്ടതാണു കിംവദന്തിക്കു കാരണം. ദില്ലി രാംലീല മൈതാനത്തെ പൊതുയോഗത്തിലായിരുന്നു ആ പ്രസംഗം. കുടുംബാധിപത്യം ശരിയല്ല എന്നതാണ് ആ പ്രസംഗത്തിന്റെ മുഖ്യതീം. അന്നു ഒരു കുടുംബമല്ലേ കോണ്‍ഗ്രസ്സിന്റെ തലപ്പത്തുണ്ടായിരുന്നുള്ളൂ. മോദിജി പറഞ്ഞത്, കുടുംബാധിപത്യമുള്ള പാര്‍ട്ടി തന്നെപ്പോലെയുള്ള ചായ്‌വാല കുടുംബത്തില്‍പ്പെട്ടവരെ, പാവപ്പെട്ടവരെ വളരാന്‍ സമ്മതിക്കില്ല എന്നായിരുന്നു. മധ്യപ്രദേശിലെ സിന്ധ്യ കുടുംബത്തെയും ഹരിയാണയിലെ ഹൂഡ കുടുംബത്തെയും കശ്മീരിലെ അബ്ദുല്ല കുടുംബത്തെയും പേരെടുത്തു പറഞ്ഞുതന്നെ അദ്ദേഹം ഇക്കാര്യം അടിവരയിട്ടു പറഞ്ഞിരുന്നു.  പട്ടിണിയില്‍നിന്നു വളര്‍ന്നുവരുന്നവരെ അവര്‍ ഇടിച്ചുതാഴ്ത്തും. യോഗ്യതയുള്ളവരെ അവര്‍ അടിച്ചമര്‍ത്തും. 21 ാം നൂറ്റാണ്ട് കുടുംബാധിപത്യത്തിന്റെ നൂറ്റാണ്ടല്ല. ഞാന്‍ ഇതുപറയുന്നതുകൊണ്ടാണ് അവര്‍ എന്നെ ശത്രുവായി കാണുന്നത്.'-മോദിജി ശബ്ദമുയര്‍ത്തിതന്നെ പറഞ്ഞു. സിന്ധ്യാജി ഒരു പക്ഷേ ഇതു കേട്ടുകാണില്ല. ഇനി അതല്ല, രാജകുടുംബങ്ങള്‍ക്കു മോദിതത്ത്വം ബാധകമല്ല എന്നുണ്ടോ എന്തോ...കാത്തിരുന്നു കാണാം.

കോണ്‍ഗ്രസ് എന്നും കുടുംൂബാധിപത്യത്തിന് എതിരാണ് എന്നതാണ് യഥാര്‍ത്ഥ്യം. അത് അധികം പേര്‍ ശ്രദ്ധിക്കാറില്ല. കോണ്‍ഗ്രസ് ഒരു കുടുംബത്തിനു മാത്രമേ ഇക്കാര്യത്തില്‍ ഭാഗികമായ എക്‌സംപ്ഷന്‍ കൊടുക്കുന്നുള്ളൂ. അതു ഗാന്ധി കുടുംബം എന്നറിയപ്പെടുന്ന നെഹ്‌റു കുടുംബത്തിനാണ്. വേറെ ഒരു കുടുംബത്തെയും മുകളിലെത്താന്‍ സമ്മതിക്കില്ല. ആ കുടുംബത്തില്‍തന്നെ പിണങ്ങിനിന്നവരെ ഇങ്ങോട്ട് അടുപ്പിച്ചിട്ടില്ല. ഇന്ദിരാജിക്കു രണ്ട് ആണ്‍മക്കളുണ്ടായിരുന്നു എന്നറിയാത്തവരില്ലല്ലോ. അതില്‍ ഒരാളുടെ മകനാണ് രാഹുല്‍. മറ്റേ ആള്‍ എവിടെ എന്നാരെങ്കിലും അന്വേഷിക്കാറുണ്ടോ?  അവന്‍ വരുണ്‍ ഗാന്ധിയാണ്,  അച്ഛന്റെ പേര് സഞജയ് ഗാന്ധി. രാജീവ് വിമാനം പറപ്പിച്ചു നടക്കുന്ന കാലത്ത് രാജ്യത്തിന്റെ ഭാവി പ്രതീക്ഷയായി കോണ്‍ഗ്രസ്സുകാര്‍ കൊണ്ടുനടന്നതാണ്. ഭാഗ്യമുണ്ടായില്ല. ആ സഞ്ജയിന്റെ മകന്‍ വരുണ്‍ ഗാന്ധി ഇന്നു തേരാപാരാ നടക്കുകയാണെന്ന് എത്ര പേര്‍ ഓര്‍ക്കുന്നു? ഇതില്‍പ്പരം ശക്തമായ കുടുംബാധിപത്യവിരോധം വേറെ ആര്‍ക്കുണ്ട്!

രാജസ്ഥാനും ശരിപ്പെടുത്താം
രാജസ്ഥാനില്‍ നിന്നു രാജ്യസഭയിലേക്കു മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുത്ത അഖിലേന്ത്യാ നേതാവിന്റെ പേരു കേട്ടിരിക്കുമല്ലോ. നമ്മുടെ നാട്ടുകാരനായ കെ.സി വേണുഗോപാല്‍. ഈ കണ്ണൂരുകാരന്‍ ആലപ്പുഴയില്‍നിന്നുള്ള ലോക്‌സഭാംഗമായിരുന്നു അടുത്ത കാലം വരെ. എന്തേ ആലപ്പുഴയില്‍നിന്നു ഇത്തവണ മത്സരിക്കാഞ്ഞത്? പാര്‍ട്ടിയില്‍ വളരെയേറെ ചുതമലകള്‍ വഹിക്കുന്നതുകൊണ്ട് അദ്ദേഹത്തിന് പാര്‍ലമെന്റംഗമാകാന്‍ വയ്യ. എന്തൊരു അഭിനന്ദനീയമായ ത്യാഗം എന്നു പലരും അമ്പരന്നു. പക്ഷേ, പാര്‍ട്ടി ചുമതലകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കേതന്നെ അദ്ദേഹമിതാ രാജസ്ഥാനില്‍നിന്നു രാജ്യസഭയിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരിക്കുന്നു. എത്ര തിരക്കുണ്ടെങ്കിലും, രാജ്യസഭയിലൊരു സീറ്റു കിട്ടിയാല്‍ ആരും വേണ്ടെന്നു പറയില്ല. കോടീശ്വരന്മാര്‍ കോടികള്‍ വലിച്ചെറിഞ്ഞ് നേടിയെടുക്കുന്ന സ്ഥാനമാണ്. മറ്റൊരു സംസ്ഥാനത്തു പോയി മത്സരിക്കാന്‍ ഡോ. മന്‍മോഹന്‍സിങ്ങിനെപ്പോലൊരു വലിയ പാര്‍ലമെന്റേറിയനാണോ കെ.സി.വേണുഗോപാല്‍ എന്ന് ആരും  ചോദിക്കരുത്. ആണ് എന്നു മാഡം പറഞ്ഞാല്‍ ആണ് എന്നാണ് അര്‍ത്ഥം.

രാജസ്ഥാനിലും കോണ്‍ഗ്രസ്സിന് ഭരണമുണ്ട്. മധ്യപ്രദേശിലെപ്പോലെ ഇതും വളരെക്കാലത്തിനു ശേഷം വീണുകിട്ടിയതാണ്. ജനത്തിന് വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ട് കഷ്ടിച്ച് ഭൂരിപക്ഷം കൊടുത്തതാണ്. രാജ്യസഭാ സ്ഥാനാര്‍ത്ഥിനിര്‍ണയം പാര്‍ട്ടിയില്‍ ഭിന്നിപ്പ് സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വാര്‍ത്ത. രാജസ്ഥാനും മധ്യപ്രദേശിന്റെ വഴി പോകുമോ എന്നറിയില്ല. ആരു പോയാലും ഹൈക്കമാന്‍ഡിന് പ്രശ്‌നമല്ല. മന്ത്രിസഭ തകര്‍ന്നാലും ്പ്രശ്‌നമല്ല. എത്രകാലം പട്ടിയുടെ വാല്‍ കുഴലിലിട്ടാലും അത് നിവരുകയില്ല തീര്‍ച്ച.

മുനയമ്പ്
ഗുജറാത്തിലെ അവശിഷ്ട കോണ്‍ഗ്രസ് എം.എല്‍.എ മാരില്‍ ചിലരും ബി.ജെ.പി.യിലേക്കു കാലുമാറുന്നു- വാര്‍ത്ത.
ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ഇതേ മാര്‍ഗമുള്ളൂ. കോണ്‍ഗ്രസ് എം.പി മാരും എം.എല്‍.എമാരും നേതാക്കളുമെല്ലാം കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേരുക. എല്ലാവരും അതിലെത്തിയാല്‍  ആ പാര്‍ട്ടി കുട്ടിച്ചോറാകും. അതിന്റെ കഥ കഴിയും. അതാണ് എളുപ്പവഴി....

Tuesday, 10 March 2020

പാളിയ സാമ്പിള്‍ സെന്‍സര്‍ഷിപ്പ്
കള്ളം പറയുക അത്ര എളുപ്പമല്ല. പറയാം, പക്ഷേ ആരും വിശ്വസിക്കില്ല എന്നേ ഉള്ളൂ. പിടിച്ചുനില്‍ക്കാന്‍ നല്ല ബുദ്ധിയും ഓര്‍മശക്തിയും വേണം. അതില്ലാത്തവര്‍ പറഞ്ഞാല്‍ പെട്ടെന്നു കള്ളി വെളിച്ചത്താവും.
ഏഷ്യാനെറ്റ്, മീഡിയ വണ്‍ വാര്‍ത്താനിരോധനം പിന്‍വലിച്ചത് അവര്‍ മാപ്പ് പറഞ്ഞതുകൊണ്ടാണ് എന്നൊരു കേരളകേന്ദ്രന്‍ മന്ത്രി തട്ടിവിട്ടത് തന്റെ ഗമയൊന്ന് നാട്ടാര്‍ അറിയട്ടെ എന്നു വിചാരിച്ചാവണം. ചാനലിനെ വിലക്കിയതും താനറിയും അതു നീക്കിയതും താനറിയും അതിന്റെ കാരണവും താനറിയും എന്നു ജനങ്ങള്‍ ധരിക്കണമല്ലോ. ഏഷ്യാനെറ്റ് മാപ്പ് പറഞ്ഞ വിവരം പക്ഷേ ഏഷ്യനെറ്റ് അറിഞ്ഞില്ല. മീഡിയവണ്‍ മാപ്പ് പറഞ്ഞതായി അവകാശവാദവുമില്ല.  അതു സാരമില്ല. പക്ഷേ, ചാനല്‍ മാപ്പു പറഞ്ഞ മഹാസംഭവം വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി പ്രകാശ് ജാവദേകറും അറിഞ്ഞില്ല. അദ്ദേഹം ഒരു സത്യവും അതിന്റെ ആഘാതം കുറക്കാന്‍ ഒരു അര്‍ദ്ധസത്യവും പറഞ്ഞു. ഏഷ്യാനെറ്റ് ഉടമ തന്നെ വിളിച്ചിരുന്നു എന്നത് സത്യം, പ്രധാനമന്ത്രിക്ക് ചാനല്‍ വിലക്കില്‍ അപ്രിയമുണ്ടെന്നത് അര്‍ദ്ധസത്യം.

ഇവിടെയാണ് സത്യത്തിന്റെ കിടപ്പ്. ഏഷ്യാനെറ്റ് ഉടമ വെറും ഒരു ഉടമയല്ലെന്നും ബി.ജെ.പിയുടെ എം.പി ആണെന്നും മന്ത്രി പറയാതെ നമുക്കെല്ലാം അറിയാം. ബി.ജെ.പി എം.പിയുടെ ചാനലിനെ വര്‍ഗ്ഗീയ വിഷയത്തില്‍ ശിക്ഷിക്കുന്നത് ചില്ലറ മണ്ടത്തമൊന്നുമല്ലല്ലോ. പാര്‍ട്ടി എം.പി.യുടെ ചാനലിനെ ശിക്ഷിച്ചതില്‍പ്രധാനമന്ത്രി തീര്‍ച്ചയായും അപ്രിയം പ്രകടിപ്പിക്കും-. ബി.ജെ.പി എം.പിയുടെ ചാനലിനൊപ്പം കൂട്ടിക്കെട്ടിയത് ജമാ അത്തെ ഇസ്ലാമിയുടെ ചാനലിനെ ആയിരുന്നു എന്നറിഞ്ഞാല്‍ പുറംലോകം ഞെട്ടും. സംഘപരിവാറിന് ഇതില്‍പ്പരം നാണക്കേട് വേറെയില്ല. മാപ്പ് പറഞ്ഞതോ പ്രധാനമന്ത്രി വിഷമിച്ചതോ അല്ല കാരണം. എം.പി വിളിച്ച് പറയാനുള്ളത് പറഞ്ഞതാണ്-അതിപ്പം ക്ലീനായി നാട്ടുകാര്‍ക്കറിയും.

ഈ പ്രശ്‌നത്തിനിടയില്‍ കേന്ദ്രമന്ത്രി മുരളീധരന്റെ ഹാസ്യബോധം എല്ലാവര്‍ക്കും ആസ്വദിച്ചു. ഏഷ്യാനെറ്റ് ക്ഷമ ചോദിച്ചതു കൊണ്ട് അവരെ കുറ്റവിമുക്തരാക്കി. അപ്പോള്‍ പിന്നെ മീഡിയവണിനെയോ? അത് അത് അത്...ഒരു കുറ്റത്തിന് രണ്ടാള്‍ക്ക് രണ്ട് ശിക്ഷ പാടില്ലല്ലോ. അതായത്, ഒരേ കുറ്റത്തിന് രണ്ടാള്‍ക്ക് പിഴ വിളിച്ചാല്‍ ഒരാള്‍ പിഴയടച്ചാല്‍മതി....മറ്റെയാളും പിഴയടച്ചതായി കണക്കാക്കും, ഏത്്്്്? നീതിന്യായരംഗത്ത് എന്തെല്ലാം വിപ്ലവങ്ങളാണ് നമ്മളറിയതെ നടക്കുന്നത് പടച്ചോനേ...

എന്തൊക്കെ ആയാലും കടുപ്പമായിരുന്നു ഈ ചാനലുകളുടെ റിപ്പോര്‍ട്ടിങ്ങ് എന്നു പറയാതെ വയ്യ കേട്ടോ. കലാപത്തില്‍ ആര്‍.എസ്.എസ്സിന് പങ്കുണ്ടെന്നു ബി.ജെ.പി എം.പിയുടെ ചാനലും മറ്റേ ചാനലും ഒരു പോലെ പറഞ്ഞുകളഞ്ഞു. അങ്ങനെ പറഞ്ഞാല്‍ ആര്‍.എസ്.എസ്സിന്റെ യശസ്സിന് ഹാനി സംഭവിക്കില്ലേ? അതുപാടില്ല. പോരാത്തതിന് ഡല്‍ഹി പൊലീസ് നിഷ്‌ക്രിയമായിരുന്നു എന്നും റിപ്പോര്‍ട്ട് ചെയ്തു. അതു ഡല്‍ഹി പൊലീസിന്റെ ഖ്യാതിക്ക് ഹാനി ഉണ്ടാക്കി. രാജ്യസ്‌നേഹമുള്ളവര്‍ ഇങ്ങനെ ചെയ്യാമോ?

റിപ്പോര്‍ട്ടിങ്ങില്‍ ചാനലുകള്‍ രണ്ടും പക്ഷം ചേര്‍ന്നു എന്നൊരു ഗുരുതരമായ കുറ്റവും ഉണ്ട്. വര്‍ഗീയാക്രമണം ആരാണ് നടത്തിയതെന്നും ആരാണ് ഇരകളായതെന്നും വിളിച്ചുപറഞ്ഞു. പോരാത്തതിന് വീഡിയോകളും കാണിച്ചു. സത്യം പറയരുത്്. വസ്തുതകള്‍ പരമാവധി മറച്ചുവെക്കണം. ആരെല്ലാമോ ആരെയൊക്കെയോ ആക്രമിച്ചു, കട കത്തിച്ചു, വെട്ടിക്കൊന്നു..... എന്നൊക്കെയേ പറയാവൂ. ആക്രമിക്കപ്പെട്ടവരുടെ വീഡിയോകള്‍ ചാനലില്‍ കാണിക്കുമ്പോള്‍ ആരാണ് ആക്രമിക്കപ്പെട്ടതെന്നു മനസ്സിലാകും. പ്രധാനമന്ത്രി നേരത്തെ പറഞ്ഞത് ഓര്‍ക്കേണ്ടതായിരുന്നു. പൗരത്വപ്രശ്‌നത്തില്‍ സമരം ചെയ്യുന്നത് ഏതു വിഭാഗമാണ് എന്നു  വേഷം കണ്ടാല്‍ അറിയാം എന്നാണല്ലോ അദ്ദേഹം കണ്ടെത്തിയത്. അക്രമികള്‍ കൂട്ടക്കൊല നടത്തിയത് ആരെയാണ് എന്നും ചാനലില്‍ വസ്ത്രം കണ്ടാല്‍ തിരിച്ചറിഞ്ഞേക്കും. പാടില്ല....

വിലക്കുവാര്‍ത്ത കേട്ട് ആളുകള്‍ പല വിചിത്ര ചോദ്യങ്ങളും ചോദിക്കുന്നുണ്ട്. ഡല്‍ഹി ആക്രമണങ്ങളില്‍ ശിക്ഷിക്കപ്പെട്ടത് രണ്ട് മലയാളം ചാനലുകള്‍ മാത്രമായിപ്പോയത് എന്തേ? കേരളത്തില്‍ തന്നെ വേറെയും എണ്ണമറ്റ 'സെക്കുലര്‍ രാജ്യദ്രോഹ' ചാനലുകള്‍ ഇല്ലേ?  മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇത്തരം ചാനലുകളും വിലക്കപ്പെട്ട സത്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നില്ലേ? എന്തേ അവര്‍ക്കൊന്നും ഒരു വിലക്കും ശാസനയുമില്ലാത്തത്. കേരളത്തിന്റെ തനിസ്വഭാവം ലോകം അറിയട്ടെ എന്നാവണം ഉദ്ദേശ്യം.

ഡല്‍ഹിയിലെ ചില ബി.ജെ.പി നേതാക്കള്‍ കൊടിയ മതവിദ്വേഷം പ്രചരിപ്പിക്കുന്നതാണ് വര്‍ഗീയാക്രമണങ്ങള്‍ക്കു കാരണമെന്നു കുറെ സെക്കുലര്‍ രാജ്യദ്രോഹികള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലടക്കാത്തത് കലാപത്തിന്റെ വീര്യം കൂടുമെന്നു ഭയന്നാവണം. മാത്രവുമല്ല, വര്‍ഗീയവിദേഷം ഡോസ് ഡോസായി കുത്തിവച്ചാല്‍ ആളുകള്‍ക്ക് അതിനോടുള്ള പ്രതിരോധശേഷി വര്‍ദ്ധിക്കും. പിന്നെ എന്തും സഹിച്ചോളുമായിരിക്കും.

വെള്ളിയാഴ്ച രാത്രി മുതല്‍ ചാനല്‍വിലക്ക് നടപ്പാക്കാന്‍ തീരുമാനിച്ചവരുടെ ബുദ്ധി വളരെ പ്രശംസാര്‍ഹമാണ്. കോടതിയില്‍ പോയി സ്റ്റേ വാങ്ങാനൊന്നും അവസരം കൊടുക്കരുതല്ലോ. എന്തായാലും അതെല്ലാം പാളിപ്പോയി. സാരമില്ല. ഇതൊരു സാമ്പിള്‍ ഡോസ് മാത്രമായിരുന്നു. തെറ്റുകള്‍ തിരുത്തി ഒറിജിനല്‍ സാധനം വരുന്നുണ്ട്. പിന്നെ ഒരു മാധ്യമവും ഒരു പരാതിയും പറയില്ല.

നല്ല പുരോഗതി
കേരളത്തിലെ രണ്ടു ചാനലുകള്‍ക്കു നേരെ കടുത്ത നടപടി ഉണ്ടായിട്ടും മാധ്യമങ്ങള്‍ ഒറ്റകെട്ടായി നിന്ന് അതിനെ പ്രതിരോധിച്ചില്ലെന്ന ആക്ഷേപമുണ്ട്. അങ്ങനെ പ്രതിരോധിക്കേണ്ട കാര്യമൊന്നുമില്ല. രണ്ടു ചാനലുകളെ മാത്രമല്ലേ വിലക്കിയിട്ടുള്ളൂ. അവരെ വിലക്കുമ്പോള്‍ മറ്റു ചാനലുകള്‍ക്കെല്ലാം സംപ്രേഷണം തുടരാമല്ലോ. അപ്പോള്‍ അവരുടെ റെയ്റ്റിങ്ങ് വര്‍ദ്ധിക്കുമല്ലോ. അത്രയും സമയത്തെ പരസ്യം നമുക്കു കിട്ടുകയും ചെയ്യും. പ്രതിഷേധസൂചകമായ മറ്റുള്ളവരും ചാനലുകള്‍ പൂട്ടിയിട്ടാല്‍ വന്‍നഷ്ടമല്ലേ ഉണ്ടാവുക. അതു പാടില്ല.
മുന്‍പെല്ലാം പല റിപ്പോര്‍ട്ടുകളിലും മറ്റൊരു ചാനല്‍, മറ്റൊരു പത്രം എന്നല്ലേ കൊടുക്കാറുള്ളൂ. ഇത്തവണ അതുണ്ടായില്ല. രണ്ടു ചാനലുകളുടെയും പേരുകൊടുത്തു. ശ്ലാഘനീയം!


മുനയമ്പ്
ഒരു വര്‍ഷം നീണ്ട പ്രക്രിയകളുടെ അവസാനമായാണ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്.-വാര്‍ത്ത
അതാവശ്യമാണ്. ഇനി ഇരുപത്തഞ്ച് കൊല്ലം കഴിഞ്ഞല്ലേ തിരഞ്ഞെടുപ്പുണ്ടാകൂ...

Saturday, 7 March 2020

ആള്‍ക്കൂട്ട സൈബര്‍ ആക്രമണവും മാധ്യമ ധര്‍മസങ്കടങ്ങളും


ഡെഡ് എന്‍ഡ് 
എന്‍.പി രാജേന്ദ്രന്‍'ഈ മെസേജ് പരമാവധി പ്രചരിപ്പിക്കുക. കാരണം, ഹിന്ദു ഭവനങ്ങളില്‍ വന്‍തോതില്‍ മാതൃഭൂമി വരുത്തുന്നുണ്ട്...മാനേജ്‌മെന്റില്‍ ജമാ അത്തെ ഇസ്ലാമി പരകായപ്രവേശം(കൂടുവിട്ട് കൂടുമാറ്റം} നടത്തിയതറിയാത്തവരാണ് ഏറിയ പങ്കും...അവര്‍ വായിക്കുന്നതാകട്ടെ ഇപ്പോള്‍ കലാപം ആഹ്വാനം നടത്തി നടപ്പാക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ സന്ദേശങ്ങളാണ്....മനോരമയെ പറ്റി പറയാത്തത് അവര്‍ നല്ലവരായിട്ടല്ല. അവര്‍ ക്രിസ്ത്യന്‍ താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം നില്‍ക്കുന്ന പത്രവും ചാനലുമാണെന്ന ബോധം ഹിന്ദുക്കള്‍ക്കുണ്ട്. ..എന്നാല്‍, മാതൃഭൂമിയുടെ കാര്യം അങ്ങനെയല്ല.

മാതൃഭൂമി ഇപ്പോഴും ഹിന്ദുവിനെ സഹായിക്കുന്നതാണെന്ന തെറ്റിദ്ധാരണ ആ പത്രം വരുത്തുന്ന പല സാധുക്കള്‍ക്കുമുണ്ട്.  നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കു കൂപ്പുകുത്തി ജപ്തിഭീഷണി ഭയന്ന്് പരിഭ്രാന്തിയിലായ വീരേന്ദ്രകുമാറിനെയും മകന്‍ ശ്രേയംസിനെയും ആശ്വസിപ്പിച്ചുകൊണ്ട് ഹൂറികളെപ്പോലെയോ ഹൂറന്‍മാരെപ്പോലെയോ അന്നു ജമാ അത്തെ ഇസ്ലാമി കടന്നുവന്നു. നരേന്ദ്രമോദി നോട്ട് നിരോധിക്കുന്നതിന് മുമ്പുള്ള കാലമാണ്. വീരേന്ദ്രകുമാറിന്റെ കടവും ജപ്തിഭീഷണിയും ഒഴിവാക്കിക്കൊടുത്ത് ജമാ അത്തെ ഇസ്ലാമി കള്ളപ്പണം ഒഴുക്കി മാതൃഭൂമി വാങ്ങി. അതിന്റെ ഉദ്ദേശം ഹിന്ദുക്കള്‍ക്കിടയില്‍ സ്വാധീനമുള്ള മാതൃഭൂമി എന്ന പേരിനോടുള്ള താല്പര്യമായിരുന്നു.

ഏറിയ പങ്ക് ഷെയറും സ്വന്തമാക്കിയിട്ടും ആര്‍ക്കും വേണ്ടാത്ത വീരേന്ദ്രനെയും മകനെയും ഇപ്പോഴും ജമാ അത്തെ ഇസ്ലാമി ചവിട്ടി പുറത്താക്കാത്തത് വീരേന്ദ്രന്റെ പത്രം എന്ന മുഖംമൂടി അവര്‍ക്ക് ആവശ്യമുള്ളതുകൊണ്ടു മാത്രമാണ്. മാതൃഭൂമി ഓഫീസിലെ ബാത്ത് റൂമില്‍ ഒന്നു മൂത്രമൊഴിക്കണമെങ്കിലും വീരേന്ദ്രനും മകനും ജമാ അത്തെ ഇസ്ലാമിയുടെ അനുവാദം വേണമെന്ന് അറിയാത്ത മണ്ടന്മാരാണ് ഹിന്ദുക്കള്‍. മാതൃഭൂമി എന്ന അപകടം പിടിച്ച ജിഹാദി പത്രം ഇന്നുതന്നെ നിര്‍ത്തുക. ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രമാണെന്ന യാഥാര്‍ത്ഥ്യം ഹിന്ദുവിനെ അറിയിക്കുക...'

സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നതാണ് ഈ പോസ്റ്റ്. തീര്‍ത്തും അസംബന്ധമാണ് ഇതെന്ന് മാധ്യമസംബന്ധമായ കാര്യവിവരമുള്ളവര്‍ക്കു മനസ്സിലായേക്കാം. പക്ഷേ, അതല്ല ഭൂരിപക്ഷത്തിന്റെ സ്ഥിതി. ഈ പോസ്റ്റിലുള്ളത് സത്യമാണെന്നു ഇതിനകം വിശ്വസിച്ചുകഴിഞ്ഞവര്‍ ധാരാളമുണ്ട്. ഈ ലേഖകനോടുതന്നെ, ഇതു സത്യമാവാം എന്ന മട്ടില്‍ പലരും ചോദിച്ചിട്ടുണ്ട്്. കുറച്ചുകാലം മുമ്പുവരെ എന്ത് അച്ചടിച്ചുവന്നാലും സത്യമാണ് എന്നു വിശ്വസിച്ചിരുന്നവര്‍ ധാരാളമുണ്ടായിരുന്നു. ഇന്ന്, ഇന്റര്‍നെറ്റില്‍ വരുന്നതെല്ലാം ശരിയാണെന്നു  വിശ്വസിക്കുന്നരാണ് കൂടുതല്‍. കാണുന്നതെല്ലാം മറ്റുള്ളവര്‍ക്കയച്ചുകൊടുത്ത് പലരും സംതൃപ്തിയടയുന്നത്, നിങ്ങളും ഷെയര്‍ ചെയ്യൂ എന്ന നിര്‍ദ്ദേശത്തോടെയാണ്. പോസ്റ്റ് അനന്തമായി പ്രചരിച്ചുകൊണ്ടിരിക്കും. കാണാതായ ആറു വയസ്സുകാരനെ കണ്ടെത്താന്‍ സഹായിക്കുന്നതിനു വേണ്ടി ഫോട്ടോസഹിതം ഇട്ട പോസ്റ്റ് അവന്‍ തിരിച്ചുവന്ന് അഞ്ചുവര്‍ഷം കഴിഞ്ഞാലും സാമൂഹ്യമാധ്യമത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്നതു പോലെ, മാതൃഭൂമി പൊലീസില്‍ പരാതികൊടുത്താലൊന്നും ഈ പോസ്റ്റിന്റെ പ്രചാരം നിലയ്ക്കാന്‍ പോകുന്നില്ല.

മാതൃഭൂമിയെക്കുറിച്ചുള്ള ഈ ഫെയ്ക്‌ന്യൂസ് ഏതെങ്കിലും ഒറ്റപ്പെട്ട വ്യക്തികള്‍ സൃഷ്ടിച്ചയച്ചതാണ് എന്നു കരുതാനാവില്ല. വളരെ വ്യക്തമായ ഉദ്ദേശ്യത്തോടെ നടക്കുന്ന സംഘടിതശ്രമമാണ് ഫെയ്ക് ന്യൂസ് നിര്‍മാണം. നിരവധി രാജ്യങ്ങളില്‍ ഭൂരിപക്ഷാധിപത്യ അജന്‍ഡയോടെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് ഇതിനുള്ള വിപുലമായ സംവിധാനങ്ങളുണ്ട്. ദേശീയതലത്തില്‍ നേടിയ മുന്‍കൈ കേരളത്തില്‍ നേടാന്‍ കഴിയുന്നില്ല എന്നതിനാല്‍ വ്യത്യസ്തമായ ഒരു മാധ്യമ അജന്‍ഡ അവര്‍ ആസൂത്രണം ചെയ്തതിന്റെ ഭാഗമാണ് ഈ പ്രചാരണം എന്നു കരുതേണ്ടതുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷപ്രചാരണത്തില്‍ സത്യമോ യുക്തിയോ പ്രധാനമല്ല. സ്വന്തം മുഖപത്രം കൊണ്ടുനടക്കാന്‍ കഷ്ടപ്പെടുന്ന ഒരു പ്രസ്ഥാനമാണ് ജമാ അത്തെ ഇസ്ലാമി എന്നറിയുന്നവര്‍ ഈ പോസ്റ്റ് വായിച്ച് ചിരിക്കും. പക്ഷേ, അത് അധികം പേര്‍ക്കൊന്നും അറിയില്ലല്ലോ. കുറെ ഷെയര്‍ വാങ്ങിയാലൊന്നും മാതൃഭൂമി പോലൊരു പത്രത്തെ അപ്പടി മുസ്ലിം പത്രമാക്കാന്‍ കഴിയില്ല എന്ന് അറിയാത്തവരും കാണും. ജമാ അത്തെ ഇസ്ലാമി മുഖപത്രമായ മാധ്യമം പോലും അങ്ങനെയല്ല പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പി എം.പിയുടെ കൈവശമുള്ള സ്ഥാപനമായിട്ടും ഏഷ്യാനെറ്റ് ന്യൂസിനെ ബി.ജെ.പി പ്രസിദ്ധീകരണമാക്കാന്‍ അതിന്റെ ഉടമസ്ഥന്‍ തുനിയുന്നില്ല എന്നതും കാണേണ്ടതുണ്ട്. 

 സംഘപരിവാര്‍ അനുകൂല രീതിയിലാണ് മാതൃഭൂമി വാര്‍ത്തകള്‍ കൊടുക്കുന്നതെന്ന പരാതി ന്യൂനപക്ഷ-മതനിരപേക്ഷത പക്ഷങ്ങളിലുള്ളവര്‍ക്കും ഉണ്ട്. പക്ഷേ, ഹിന്ദുത്വ അജന്‍ഡക്കാര്‍ ഈ ജമാ അത്തെ ഇസ്ലാമിക്കഥ പ്രചരിപ്പിക്കുന്നതാവട്ടെ, മാതൃഭൂമി പൗരത്വവിഷയത്തിലും മറ്റും ഹിന്ദുത്വവിരുദ്ധ നിലപാട് സ്വീകരിക്കുന്നതിലുള്ള പക തീര്‍ക്കാന്‍ കൂടിയാണ്. ചുരുക്കത്തില്‍ രണ്ടു  പക്ഷത്തിനും മാതൃഭൂമിയോട് അതൃപ്തിയാണ് ഉളളത്.  ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ഉദയംകൊണ്ട, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കേണ്ട ഒരു പ്രസിദ്ധീകരണത്തില്‍ നിന്നുണ്ടാകേണ്ട ഉറച്ച നിലപാട് മാതൃഭൂമിയില്‍നിന്ന് ഉണ്ടാകുന്നില്ല എന്ന ആക്ഷേപത്തില്‍ കഴമ്പുണ്ട്. ആരെയെല്ലാമോ ഭയന്ന് പറയേണ്ടത് പറയാതെ വിഴുങ്ങുന്നുണ്ട്. പക്ഷേ, ഇതൊന്നും വര്‍ഗീയശക്തികളെ തൃപ്തിപ്പെടുത്താന്‍ പര്യാപ്തമല്ല. എത്രയെല്ലാം വഴങ്ങിയാലും പ്രീണിപ്പിക്കാന്‍ ശ്രമിച്ചാലും മാതൃഭൂമിക്കെതിരായ നീക്കം അവര്‍ മയപ്പെടുത്തുകയില്ല. മീശ നോവല്‍ വിവാദത്തിനു മുമ്പുതന്നെയും ഇതു വ്യക്തമാക്കുന്ന പല സംഭവങ്ങളുണ്ടായിട്ടുണ്ട്. ഹിന്ദുക്കള്‍ ഒരു ക്രിസ്ത്യന്‍ പത്രം വാങ്ങിയാലും വിരോധമില്ല മാതൃഭൂമി വാങ്ങരുത് എന്നവര്‍ ആഗ്രഹിക്കുന്നു.

പാര്‍ട്ടികളുടെയോ മതസംഘടനകളുടെയോ പിന്‍ബലമില്ലാത്ത പത്രങ്ങളെ കുതന്ത്രങ്ങളും ഭീഷണികളും കേന്ദ്രഭരണാധികാരത്തിന്റെ ചാട്ടവാറും  ഉപയോഗിച്ച് വരുതിയില്‍ കൊണ്ടു വരാനുള്ള നീക്കങ്ങള്‍ കേരളത്തിലും നടക്കുന്നുണ്ട്. ഉത്തരം പത്രങ്ങളെയും ചാനലുകളെയും എങ്ങനെ ആക്രമിച്ചാലും ആരും ചോദിക്കാനും പറയാനും വരില്ല എന്നവര്‍ക്കറിയാം. ഈ പത്രങ്ങള്‍ ഇത്തരം നീക്കങ്ങളെ തുറന്നുകാട്ടാന്‍ മുതിരാറേയില്ല. കാരണം, അവര്‍ കേന്ദ്രഭരണാധികാരികളെ ശരിക്കും ഭയപ്പെടുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവരെ ഭയപ്പെടുത്താന്‍ കേസ് കൊടുത്തു എങ്കിലും പ്രചാരണത്തെ തുറന്നുകാട്ടാന്‍ പത്രങ്ങള്‍ ഒന്നും ചെയ്യുന്നില്ല. വ്യാജവാര്‍ത്തപ്പെരുപ്പത്തെ തുറന്നുകാട്ടുവാന്‍ പത്രങ്ങള്‍ക്ക് ബാധ്യതയില്ലേ?

വ്യത്യസ്ത മത-രാഷ്ട്രീയ വിഭാഗങ്ങളില്‍നിന്നു മാത്രമല്ല മറ്റു വിഭാഗക്കാരില്‍നിന്നും പാര്‍ട്ടികളില്‍ നിന്നുമെല്ലാമുള്ള ആക്രമണം മുമ്പൊന്നുമില്ലാത്ത രീതിയില്‍ മാധ്യമങ്ങള്‍ ഇപ്പോള്‍ നേരിടേണ്ടി വരുന്നു. ചാനല്‍ അവതാരകര്‍ മുതല്‍ കാര്‍ട്ടൂണിസ്റ്റുകള്‍ വരെയുള്ളവര്‍ക്ക് നേരെ ക്രൂരമായ ആള്‍ക്കൂട്ട സൈബര്‍ ആക്രമണങ്ങള്‍ ആവര്‍ത്തിച്ചു നടക്കുന്നു. എല്ലാ വിഭാഗങ്ങളെയും പ്രീണിപ്പിച്ചും കുനിയാന്‍ പറയുമ്പോള്‍ ഇഴഞ്ഞും മാധ്യമങ്ങള്‍ തങ്ങളുടെ ദൗര്‍ബല്യം പ്രകടമാക്കുന്നു. ഒരു പട്ടണത്തില്‍ നൂറു കോപ്പി കൂട്ടാനോ കുറക്കാനോ കഴിയുന്നവര്‍ പറയുന്നതെല്ലാം അപ്പടി അനുസരിക്കാന്‍ അവര്‍ തയ്യാറാകേണ്ടി വരുന്നു. പരസ്യപ്പണത്തിന്റെ സ്വാധീനം എത്രയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ശാരീരിക ആക്രമണങ്ങളില്‍ പ്രതിഷേധിക്കാനുള്ള ബാധ്യത മാത്രമേ ഉള്ളൂ എന്ന നയമാണ് പത്രപ്രവര്‍ത്തക-തൊഴിലാളി സംഘടനകള്‍ പുലര്‍ത്തുന്നത്. ചില മാനേജ്‌മെന്റുകള്‍ ആകട്ടെ മാധ്യമ പ്രവര്‍ത്തകരെ കൊല്ലാക്കൊല ചെയ്താല്‍പോലും തിരിഞ്ഞുനോക്കാറില്ല.

പത്രത്തിന് സ്വതന്ത്രമോ നിഷ്പക്ഷമോ ആയ നിലപാടുകള്‍ ഉണ്ടാകുന്നതുതന്നെ കുറ്റമാണ് എന്ന കരുതുന്നവരാണ് നല്ലൊരു പങ്ക് വായനക്കാരും. മുന്‍കാലങ്ങളില്‍ വിശ്വാസ്യതയുള്ള പത്രം ഓരോ വിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാടാണ് വായനക്കാര്‍ ഉള്‍ക്കൊണ്ടിരുന്നത്. ഇന്ന്, തങ്ങളുടെ നിലപാടിനൊപ്പം പത്രം നിന്നു കൊള്ളണം എന്നാണ് ഇത്തരം ആളുകള്‍ ആഗ്രഹിക്കുന്നത്. തങ്ങളുടെ പക്ഷത്തെക്കുറിച്ചുള്ള അനുകൂല വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെടണം എന്ന ആഗ്രഹം ഒരു പരിധി വരെ മനസ്സിലാക്കാനാവും. പക്ഷേ, പലരും ഉദ്ദേശിക്കുന്നത് അവര്‍ക്ക് ഇഷ്ടമില്ലാത്ത വാര്‍ത്തകളോ ലേഖനങ്ങളോ പത്രം പ്രസിദ്ധീകരിക്കാനേ പാടില്ല എന്നാണ്്്. മാതൃഭൂമിയില്‍ വന്ന കാര്‍ട്ടൂണിന്റെ പേരില്‍ പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണനെതിരെ പലവട്ടം ദിവസങ്ങളോളം നീണ്ട ആള്‍ക്കൂട്ട സൈബര്‍ ആക്രമണം ഉണ്ടായി. കൈവെട്ടുമെന്നും കാല്‍മുട്ട് അടിച്ചുതകര്‍ക്കുമെന്നുംഉള്ള ഭീഷണി ഉത്തരവാദപ്പെട്ട സി.പി.എം പ്രമുഖരില്‍നിന്നുണ്ടായി. നേരത്തെ മുസ്ലിം പക്ഷത്തുനിന്നും ഇത്തരം ആക്രമണം ഉണ്ടായി. ആള്‍ക്കൂട്ട സൈബര്‍ ആക്രമണങ്ങള്‍ തുടരുമെന്ന് ഉറപ്പാണ്. മാധ്യമങ്ങള്‍ക്കു നേരെയുള്ള ഫാഷിസ്റ്റ് കടന്നാക്രമങ്ങള്‍ക്ക് കക്ഷിഭേദമില്ല. ഇത്തരം ആക്രമണങ്ങള്‍ മാധ്യമസ്ഥാപനമല്ല, മിക്കപ്പോഴും മാധ്യമപ്രവര്‍ത്തകനും കുടുംബവും മാത്രം സഹിക്കേണ്ട ശിക്ഷയായി ഒതുങ്ങുന്നു. 

ആക്രമണങ്ങള്‍ ഓരോരുത്തരും സ്വയംസഹിക്കണം. ആരും സഹായത്തിനെത്തില്ല. 'ആദ്യം അവര്‍ കമ്യൂണിസ്റ്റുകാരെത്തേടി വന്നു, ഞാന്‍ മിണ്ടിയില്ല....' എന്നു തുടങ്ങുന്ന, ജര്‍മന്‍ പേസ്റ്റര്‍ മാര്‍ട്ടിന്‍ ന്യൂമോളറുടെ പ്രസിദ്ധമായ വചനങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാണ്. തങ്ങള്‍ക്കെതിരെ അല്ലല്ലോ എന്നോര്‍ത്ത് അവര്‍ ആശ്വസിക്കുകയും എതിര്‍സ്ഥാപനത്തിനു നേരെയാണല്ലോ എന്നോര്‍ത്ത്  ആനന്ദിക്കുകയും ചെയ്യുന്നു. പക്ഷേ, ആരും ഇതില്‍നിന്നു രക്ഷപ്പെടാന്‍ പോകുന്നില്ല.

പാഠഭേദം മാര്‍ച്ച് 2020