Saturday, 7 March 2020

ആള്‍ക്കൂട്ട സൈബര്‍ ആക്രമണവും മാധ്യമ ധര്‍മസങ്കടങ്ങളും


ഡെഡ് എന്‍ഡ് 
എന്‍.പി രാജേന്ദ്രന്‍'ഈ മെസേജ് പരമാവധി പ്രചരിപ്പിക്കുക. കാരണം, ഹിന്ദു ഭവനങ്ങളില്‍ വന്‍തോതില്‍ മാതൃഭൂമി വരുത്തുന്നുണ്ട്...മാനേജ്‌മെന്റില്‍ ജമാ അത്തെ ഇസ്ലാമി പരകായപ്രവേശം(കൂടുവിട്ട് കൂടുമാറ്റം} നടത്തിയതറിയാത്തവരാണ് ഏറിയ പങ്കും...അവര്‍ വായിക്കുന്നതാകട്ടെ ഇപ്പോള്‍ കലാപം ആഹ്വാനം നടത്തി നടപ്പാക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ സന്ദേശങ്ങളാണ്....മനോരമയെ പറ്റി പറയാത്തത് അവര്‍ നല്ലവരായിട്ടല്ല. അവര്‍ ക്രിസ്ത്യന്‍ താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം നില്‍ക്കുന്ന പത്രവും ചാനലുമാണെന്ന ബോധം ഹിന്ദുക്കള്‍ക്കുണ്ട്. ..എന്നാല്‍, മാതൃഭൂമിയുടെ കാര്യം അങ്ങനെയല്ല.

മാതൃഭൂമി ഇപ്പോഴും ഹിന്ദുവിനെ സഹായിക്കുന്നതാണെന്ന തെറ്റിദ്ധാരണ ആ പത്രം വരുത്തുന്ന പല സാധുക്കള്‍ക്കുമുണ്ട്.  നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കു കൂപ്പുകുത്തി ജപ്തിഭീഷണി ഭയന്ന്് പരിഭ്രാന്തിയിലായ വീരേന്ദ്രകുമാറിനെയും മകന്‍ ശ്രേയംസിനെയും ആശ്വസിപ്പിച്ചുകൊണ്ട് ഹൂറികളെപ്പോലെയോ ഹൂറന്‍മാരെപ്പോലെയോ അന്നു ജമാ അത്തെ ഇസ്ലാമി കടന്നുവന്നു. നരേന്ദ്രമോദി നോട്ട് നിരോധിക്കുന്നതിന് മുമ്പുള്ള കാലമാണ്. വീരേന്ദ്രകുമാറിന്റെ കടവും ജപ്തിഭീഷണിയും ഒഴിവാക്കിക്കൊടുത്ത് ജമാ അത്തെ ഇസ്ലാമി കള്ളപ്പണം ഒഴുക്കി മാതൃഭൂമി വാങ്ങി. അതിന്റെ ഉദ്ദേശം ഹിന്ദുക്കള്‍ക്കിടയില്‍ സ്വാധീനമുള്ള മാതൃഭൂമി എന്ന പേരിനോടുള്ള താല്പര്യമായിരുന്നു.

ഏറിയ പങ്ക് ഷെയറും സ്വന്തമാക്കിയിട്ടും ആര്‍ക്കും വേണ്ടാത്ത വീരേന്ദ്രനെയും മകനെയും ഇപ്പോഴും ജമാ അത്തെ ഇസ്ലാമി ചവിട്ടി പുറത്താക്കാത്തത് വീരേന്ദ്രന്റെ പത്രം എന്ന മുഖംമൂടി അവര്‍ക്ക് ആവശ്യമുള്ളതുകൊണ്ടു മാത്രമാണ്. മാതൃഭൂമി ഓഫീസിലെ ബാത്ത് റൂമില്‍ ഒന്നു മൂത്രമൊഴിക്കണമെങ്കിലും വീരേന്ദ്രനും മകനും ജമാ അത്തെ ഇസ്ലാമിയുടെ അനുവാദം വേണമെന്ന് അറിയാത്ത മണ്ടന്മാരാണ് ഹിന്ദുക്കള്‍. മാതൃഭൂമി എന്ന അപകടം പിടിച്ച ജിഹാദി പത്രം ഇന്നുതന്നെ നിര്‍ത്തുക. ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രമാണെന്ന യാഥാര്‍ത്ഥ്യം ഹിന്ദുവിനെ അറിയിക്കുക...'

സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നതാണ് ഈ പോസ്റ്റ്. തീര്‍ത്തും അസംബന്ധമാണ് ഇതെന്ന് മാധ്യമസംബന്ധമായ കാര്യവിവരമുള്ളവര്‍ക്കു മനസ്സിലായേക്കാം. പക്ഷേ, അതല്ല ഭൂരിപക്ഷത്തിന്റെ സ്ഥിതി. ഈ പോസ്റ്റിലുള്ളത് സത്യമാണെന്നു ഇതിനകം വിശ്വസിച്ചുകഴിഞ്ഞവര്‍ ധാരാളമുണ്ട്. ഈ ലേഖകനോടുതന്നെ, ഇതു സത്യമാവാം എന്ന മട്ടില്‍ പലരും ചോദിച്ചിട്ടുണ്ട്്. കുറച്ചുകാലം മുമ്പുവരെ എന്ത് അച്ചടിച്ചുവന്നാലും സത്യമാണ് എന്നു വിശ്വസിച്ചിരുന്നവര്‍ ധാരാളമുണ്ടായിരുന്നു. ഇന്ന്, ഇന്റര്‍നെറ്റില്‍ വരുന്നതെല്ലാം ശരിയാണെന്നു  വിശ്വസിക്കുന്നരാണ് കൂടുതല്‍. കാണുന്നതെല്ലാം മറ്റുള്ളവര്‍ക്കയച്ചുകൊടുത്ത് പലരും സംതൃപ്തിയടയുന്നത്, നിങ്ങളും ഷെയര്‍ ചെയ്യൂ എന്ന നിര്‍ദ്ദേശത്തോടെയാണ്. പോസ്റ്റ് അനന്തമായി പ്രചരിച്ചുകൊണ്ടിരിക്കും. കാണാതായ ആറു വയസ്സുകാരനെ കണ്ടെത്താന്‍ സഹായിക്കുന്നതിനു വേണ്ടി ഫോട്ടോസഹിതം ഇട്ട പോസ്റ്റ് അവന്‍ തിരിച്ചുവന്ന് അഞ്ചുവര്‍ഷം കഴിഞ്ഞാലും സാമൂഹ്യമാധ്യമത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്നതു പോലെ, മാതൃഭൂമി പൊലീസില്‍ പരാതികൊടുത്താലൊന്നും ഈ പോസ്റ്റിന്റെ പ്രചാരം നിലയ്ക്കാന്‍ പോകുന്നില്ല.

മാതൃഭൂമിയെക്കുറിച്ചുള്ള ഈ ഫെയ്ക്‌ന്യൂസ് ഏതെങ്കിലും ഒറ്റപ്പെട്ട വ്യക്തികള്‍ സൃഷ്ടിച്ചയച്ചതാണ് എന്നു കരുതാനാവില്ല. വളരെ വ്യക്തമായ ഉദ്ദേശ്യത്തോടെ നടക്കുന്ന സംഘടിതശ്രമമാണ് ഫെയ്ക് ന്യൂസ് നിര്‍മാണം. നിരവധി രാജ്യങ്ങളില്‍ ഭൂരിപക്ഷാധിപത്യ അജന്‍ഡയോടെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് ഇതിനുള്ള വിപുലമായ സംവിധാനങ്ങളുണ്ട്. ദേശീയതലത്തില്‍ നേടിയ മുന്‍കൈ കേരളത്തില്‍ നേടാന്‍ കഴിയുന്നില്ല എന്നതിനാല്‍ വ്യത്യസ്തമായ ഒരു മാധ്യമ അജന്‍ഡ അവര്‍ ആസൂത്രണം ചെയ്തതിന്റെ ഭാഗമാണ് ഈ പ്രചാരണം എന്നു കരുതേണ്ടതുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷപ്രചാരണത്തില്‍ സത്യമോ യുക്തിയോ പ്രധാനമല്ല. സ്വന്തം മുഖപത്രം കൊണ്ടുനടക്കാന്‍ കഷ്ടപ്പെടുന്ന ഒരു പ്രസ്ഥാനമാണ് ജമാ അത്തെ ഇസ്ലാമി എന്നറിയുന്നവര്‍ ഈ പോസ്റ്റ് വായിച്ച് ചിരിക്കും. പക്ഷേ, അത് അധികം പേര്‍ക്കൊന്നും അറിയില്ലല്ലോ. കുറെ ഷെയര്‍ വാങ്ങിയാലൊന്നും മാതൃഭൂമി പോലൊരു പത്രത്തെ അപ്പടി മുസ്ലിം പത്രമാക്കാന്‍ കഴിയില്ല എന്ന് അറിയാത്തവരും കാണും. ജമാ അത്തെ ഇസ്ലാമി മുഖപത്രമായ മാധ്യമം പോലും അങ്ങനെയല്ല പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പി എം.പിയുടെ കൈവശമുള്ള സ്ഥാപനമായിട്ടും ഏഷ്യാനെറ്റ് ന്യൂസിനെ ബി.ജെ.പി പ്രസിദ്ധീകരണമാക്കാന്‍ അതിന്റെ ഉടമസ്ഥന്‍ തുനിയുന്നില്ല എന്നതും കാണേണ്ടതുണ്ട്. 

 സംഘപരിവാര്‍ അനുകൂല രീതിയിലാണ് മാതൃഭൂമി വാര്‍ത്തകള്‍ കൊടുക്കുന്നതെന്ന പരാതി ന്യൂനപക്ഷ-മതനിരപേക്ഷത പക്ഷങ്ങളിലുള്ളവര്‍ക്കും ഉണ്ട്. പക്ഷേ, ഹിന്ദുത്വ അജന്‍ഡക്കാര്‍ ഈ ജമാ അത്തെ ഇസ്ലാമിക്കഥ പ്രചരിപ്പിക്കുന്നതാവട്ടെ, മാതൃഭൂമി പൗരത്വവിഷയത്തിലും മറ്റും ഹിന്ദുത്വവിരുദ്ധ നിലപാട് സ്വീകരിക്കുന്നതിലുള്ള പക തീര്‍ക്കാന്‍ കൂടിയാണ്. ചുരുക്കത്തില്‍ രണ്ടു  പക്ഷത്തിനും മാതൃഭൂമിയോട് അതൃപ്തിയാണ് ഉളളത്.  ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ഉദയംകൊണ്ട, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കേണ്ട ഒരു പ്രസിദ്ധീകരണത്തില്‍ നിന്നുണ്ടാകേണ്ട ഉറച്ച നിലപാട് മാതൃഭൂമിയില്‍നിന്ന് ഉണ്ടാകുന്നില്ല എന്ന ആക്ഷേപത്തില്‍ കഴമ്പുണ്ട്. ആരെയെല്ലാമോ ഭയന്ന് പറയേണ്ടത് പറയാതെ വിഴുങ്ങുന്നുണ്ട്. പക്ഷേ, ഇതൊന്നും വര്‍ഗീയശക്തികളെ തൃപ്തിപ്പെടുത്താന്‍ പര്യാപ്തമല്ല. എത്രയെല്ലാം വഴങ്ങിയാലും പ്രീണിപ്പിക്കാന്‍ ശ്രമിച്ചാലും മാതൃഭൂമിക്കെതിരായ നീക്കം അവര്‍ മയപ്പെടുത്തുകയില്ല. മീശ നോവല്‍ വിവാദത്തിനു മുമ്പുതന്നെയും ഇതു വ്യക്തമാക്കുന്ന പല സംഭവങ്ങളുണ്ടായിട്ടുണ്ട്. ഹിന്ദുക്കള്‍ ഒരു ക്രിസ്ത്യന്‍ പത്രം വാങ്ങിയാലും വിരോധമില്ല മാതൃഭൂമി വാങ്ങരുത് എന്നവര്‍ ആഗ്രഹിക്കുന്നു.

പാര്‍ട്ടികളുടെയോ മതസംഘടനകളുടെയോ പിന്‍ബലമില്ലാത്ത പത്രങ്ങളെ കുതന്ത്രങ്ങളും ഭീഷണികളും കേന്ദ്രഭരണാധികാരത്തിന്റെ ചാട്ടവാറും  ഉപയോഗിച്ച് വരുതിയില്‍ കൊണ്ടു വരാനുള്ള നീക്കങ്ങള്‍ കേരളത്തിലും നടക്കുന്നുണ്ട്. ഉത്തരം പത്രങ്ങളെയും ചാനലുകളെയും എങ്ങനെ ആക്രമിച്ചാലും ആരും ചോദിക്കാനും പറയാനും വരില്ല എന്നവര്‍ക്കറിയാം. ഈ പത്രങ്ങള്‍ ഇത്തരം നീക്കങ്ങളെ തുറന്നുകാട്ടാന്‍ മുതിരാറേയില്ല. കാരണം, അവര്‍ കേന്ദ്രഭരണാധികാരികളെ ശരിക്കും ഭയപ്പെടുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവരെ ഭയപ്പെടുത്താന്‍ കേസ് കൊടുത്തു എങ്കിലും പ്രചാരണത്തെ തുറന്നുകാട്ടാന്‍ പത്രങ്ങള്‍ ഒന്നും ചെയ്യുന്നില്ല. വ്യാജവാര്‍ത്തപ്പെരുപ്പത്തെ തുറന്നുകാട്ടുവാന്‍ പത്രങ്ങള്‍ക്ക് ബാധ്യതയില്ലേ?

വ്യത്യസ്ത മത-രാഷ്ട്രീയ വിഭാഗങ്ങളില്‍നിന്നു മാത്രമല്ല മറ്റു വിഭാഗക്കാരില്‍നിന്നും പാര്‍ട്ടികളില്‍ നിന്നുമെല്ലാമുള്ള ആക്രമണം മുമ്പൊന്നുമില്ലാത്ത രീതിയില്‍ മാധ്യമങ്ങള്‍ ഇപ്പോള്‍ നേരിടേണ്ടി വരുന്നു. ചാനല്‍ അവതാരകര്‍ മുതല്‍ കാര്‍ട്ടൂണിസ്റ്റുകള്‍ വരെയുള്ളവര്‍ക്ക് നേരെ ക്രൂരമായ ആള്‍ക്കൂട്ട സൈബര്‍ ആക്രമണങ്ങള്‍ ആവര്‍ത്തിച്ചു നടക്കുന്നു. എല്ലാ വിഭാഗങ്ങളെയും പ്രീണിപ്പിച്ചും കുനിയാന്‍ പറയുമ്പോള്‍ ഇഴഞ്ഞും മാധ്യമങ്ങള്‍ തങ്ങളുടെ ദൗര്‍ബല്യം പ്രകടമാക്കുന്നു. ഒരു പട്ടണത്തില്‍ നൂറു കോപ്പി കൂട്ടാനോ കുറക്കാനോ കഴിയുന്നവര്‍ പറയുന്നതെല്ലാം അപ്പടി അനുസരിക്കാന്‍ അവര്‍ തയ്യാറാകേണ്ടി വരുന്നു. പരസ്യപ്പണത്തിന്റെ സ്വാധീനം എത്രയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ശാരീരിക ആക്രമണങ്ങളില്‍ പ്രതിഷേധിക്കാനുള്ള ബാധ്യത മാത്രമേ ഉള്ളൂ എന്ന നയമാണ് പത്രപ്രവര്‍ത്തക-തൊഴിലാളി സംഘടനകള്‍ പുലര്‍ത്തുന്നത്. ചില മാനേജ്‌മെന്റുകള്‍ ആകട്ടെ മാധ്യമ പ്രവര്‍ത്തകരെ കൊല്ലാക്കൊല ചെയ്താല്‍പോലും തിരിഞ്ഞുനോക്കാറില്ല.

പത്രത്തിന് സ്വതന്ത്രമോ നിഷ്പക്ഷമോ ആയ നിലപാടുകള്‍ ഉണ്ടാകുന്നതുതന്നെ കുറ്റമാണ് എന്ന കരുതുന്നവരാണ് നല്ലൊരു പങ്ക് വായനക്കാരും. മുന്‍കാലങ്ങളില്‍ വിശ്വാസ്യതയുള്ള പത്രം ഓരോ വിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാടാണ് വായനക്കാര്‍ ഉള്‍ക്കൊണ്ടിരുന്നത്. ഇന്ന്, തങ്ങളുടെ നിലപാടിനൊപ്പം പത്രം നിന്നു കൊള്ളണം എന്നാണ് ഇത്തരം ആളുകള്‍ ആഗ്രഹിക്കുന്നത്. തങ്ങളുടെ പക്ഷത്തെക്കുറിച്ചുള്ള അനുകൂല വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെടണം എന്ന ആഗ്രഹം ഒരു പരിധി വരെ മനസ്സിലാക്കാനാവും. പക്ഷേ, പലരും ഉദ്ദേശിക്കുന്നത് അവര്‍ക്ക് ഇഷ്ടമില്ലാത്ത വാര്‍ത്തകളോ ലേഖനങ്ങളോ പത്രം പ്രസിദ്ധീകരിക്കാനേ പാടില്ല എന്നാണ്്്. മാതൃഭൂമിയില്‍ വന്ന കാര്‍ട്ടൂണിന്റെ പേരില്‍ പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണനെതിരെ പലവട്ടം ദിവസങ്ങളോളം നീണ്ട ആള്‍ക്കൂട്ട സൈബര്‍ ആക്രമണം ഉണ്ടായി. കൈവെട്ടുമെന്നും കാല്‍മുട്ട് അടിച്ചുതകര്‍ക്കുമെന്നുംഉള്ള ഭീഷണി ഉത്തരവാദപ്പെട്ട സി.പി.എം പ്രമുഖരില്‍നിന്നുണ്ടായി. നേരത്തെ മുസ്ലിം പക്ഷത്തുനിന്നും ഇത്തരം ആക്രമണം ഉണ്ടായി. ആള്‍ക്കൂട്ട സൈബര്‍ ആക്രമണങ്ങള്‍ തുടരുമെന്ന് ഉറപ്പാണ്. മാധ്യമങ്ങള്‍ക്കു നേരെയുള്ള ഫാഷിസ്റ്റ് കടന്നാക്രമങ്ങള്‍ക്ക് കക്ഷിഭേദമില്ല. ഇത്തരം ആക്രമണങ്ങള്‍ മാധ്യമസ്ഥാപനമല്ല, മിക്കപ്പോഴും മാധ്യമപ്രവര്‍ത്തകനും കുടുംബവും മാത്രം സഹിക്കേണ്ട ശിക്ഷയായി ഒതുങ്ങുന്നു. 

ആക്രമണങ്ങള്‍ ഓരോരുത്തരും സ്വയംസഹിക്കണം. ആരും സഹായത്തിനെത്തില്ല. 'ആദ്യം അവര്‍ കമ്യൂണിസ്റ്റുകാരെത്തേടി വന്നു, ഞാന്‍ മിണ്ടിയില്ല....' എന്നു തുടങ്ങുന്ന, ജര്‍മന്‍ പേസ്റ്റര്‍ മാര്‍ട്ടിന്‍ ന്യൂമോളറുടെ പ്രസിദ്ധമായ വചനങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാണ്. തങ്ങള്‍ക്കെതിരെ അല്ലല്ലോ എന്നോര്‍ത്ത് അവര്‍ ആശ്വസിക്കുകയും എതിര്‍സ്ഥാപനത്തിനു നേരെയാണല്ലോ എന്നോര്‍ത്ത്  ആനന്ദിക്കുകയും ചെയ്യുന്നു. പക്ഷേ, ആരും ഇതില്‍നിന്നു രക്ഷപ്പെടാന്‍ പോകുന്നില്ല.

പാഠഭേദം മാര്‍ച്ച് 2020No comments:

Post a comment