Tuesday, 17 March 2020

ചാനല്‍ വിലക്ക് ഉയര്‍ത്തിയ കുറെ ചോദ്യങ്ങള്‍


https://draft.blogger.com/blog/post/edit/1188640861657046265/549499211131230604?hl=en-GB
മീഡിയ ബൈറ്റ്‌സ് 
എന്‍.പി രാജേന്ദ്രന്‍


രണ്ടു മലയാളം വാര്‍ത്താചാനലുകളുടെ സംപ്രേഷണം 48 മണിക്കൂര്‍ വിലക്കിക്കൊണ്ടുള്ള ഉത്തരവുണ്ടായത് 2020 മാര്‍ച്ച് ആറാം തിയ്യതിയാണ്. വിലക്ക് അന്നു തന്നെ നിലവില്‍ വരികയും ചെയ്തു. വലിയ കോലാഹലങ്ങളോ പ്രതിഷേധങ്ങളോ ഉണ്ടാകുന്നതിനു മുമ്പ്, പിറ്റേ ദിവസംതന്നെ ഉത്തരവ് പിന്‍വലിക്കപ്പെട്ടു. പക്ഷേ, കാര്യമായ ചര്‍ച്ചയോ വിശകലനമോ ഉണ്ടായില്ല. മറ്റെല്ലാ വിവാദങ്ങളിലും സംഭവിക്കാറുള്ളതുപോലെ എല്ലാവരും മെല്ലെ പുതിയ വിഷയങ്ങളിലേക്ക് കടന്നു.

അഭിപ്രായസ്വാതന്ത്ര്യത്തിലും മതനിരപേക്ഷതയിലും സമാധാനത്തോടെ ജീവിക്കാനുള്ള മനുഷ്യാവകാശത്തിലും വിശ്വസിക്കുന്നവര്‍ക്കാര്‍ക്കും ഇത് അങ്ങനെ മറന്നുകളയാന്‍ കഴിയില്ല.   പൗരന്റെ സ്വാതന്ത്ര്യങ്ങളെയെല്ലാം ഉറപ്പിക്കുന്ന, നിലനിര്‍ത്തുന്ന സ്വാതന്ത്ര്യമാണ് മാധ്യമസ്വാതന്ത്ര്യം. ഡല്‍ഹിയുടെ വടക്കുകിഴക്കന്‍ ഭാഗത്തുണ്ടായ വര്‍ഗീയാക്രമണങ്ങള്‍ രണ്ടു മലയാളം ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയാണ് ഇന്ത്യാ ഗവണ്മെന്റിന് അപ്രീതിയുണ്ടാക്കിയത്. രാജ്യത്തെമ്പാടുമുള്ള നൂറുകണക്കിന് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റു മലയാള ചാനലുകളും റിപ്പോര്‍ട്ടിങ്ങും ഒട്ടും വ്യത്യസ്തമായിരുന്നില്ല. രണ്ട് മലയാളം ചാനലുകളെക്കുറിച്ചു മാത്രമെന്തുകൊണ്ട് പരാതിയും അതിവേഗം നടപടിയും ഉണ്ടായി എന്നെല്ലാമുള്ള ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അതു രാഷ്ട്രീയമായി വിലയിരുത്തേണ്ട കാര്യമാണ്. അതല്ല, ഇതുമായി ബന്ധപ്പെട്ട വേറെ ചില കാര്യങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ഫിബ്രവരി 25ന് വൈകുന്നേരം 8:58:34 നും രാത്രി 12:10:45 നും സംപ്രേഷണം ചെയ്ത വാര്‍ത്തകളാണ് വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഉത്തരവിന്റെ ആദ്യ ഖണ്ഡിക ഇങ്ങനെ പോകുന്നു.

' ദല്‍ഹിയില്‍ കലാപം തുടരുകയാണെന്നും മരണം പത്ത് ആയെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. സായുധസംഘങ്ങള്‍ ആളുകളോട് മതം ചോദിച്ചതിന് ശേഷം അവരെ ആക്രമിക്കുകയാണ്. നൂറുകണക്കിന് കടകളും വീടുകളും വാഹനങ്ങളും തീയിട്ട് നശിപ്പിക്കുകയാണ്. നൂറ്ററുപതിലേറെ ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കലാപകാരികള്‍ തെരുവില്‍ വിളയാടുമ്പോള്‍
പൊലീസ് കാഴ്ചക്കാരായി മാറിനില്‍ക്കുകയാണ്. ജഫ്രബാദ് പ്രദേശത്ത് മുന്‍ദിവസത്തെപ്പോലെ കലാപം തുടരുകയാണെന്നും ജഫ്രബാദ്, അശോക് നഗര്‍, മൗജ്പുര്‍ പ്രദേശങ്ങള്‍ കലാപകാരികളുടെ പിടിയിലാണെന്നും ചാനല്‍ ലേഖകന്‍ പി.ആര്‍ സോണി റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് മാറിനില്‍ക്കുന്നതു കൊണ്ട് ജഫ്രബാദ്, മൗജ്പുര്‍ പ്രദേശങ്ങളില്‍ പള്ളികള്‍ അഗ്നിക്കിരിയാക്കിയിട്ടുണ്ട്. രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് അഗ്നിശമന വാഹനങ്ങള്‍ എത്തിയത്. കലാപകാരികള്‍ വഴിതടഞ്ഞ് യാത്രക്കാരെ മതംചോദിച്ച് ആക്രമിക്കുന്നുണ്ട്. ഹിന്ദുഭൂരിപക്ഷ പ്രദേശങ്ങളില്‍ മുസ്ലിം വീടുകള്‍ ആക്രമിക്കപ്പെടുകയും മുസ്ലിങ്ങള്‍ തിരിച്ചടിക്കുകയും ചെയ്തു. ഇരുകൂട്ടരും തമ്മില്‍ തെരുവില്‍ വെടിവെപ്പുണ്ടായി. തലേദിവസം അക്രമം ഉണ്ടായ സ്ഥലങ്ങളില്‍ ഹിന്ദുവിഭാഗക്കാര്‍ ജയ് ശ്രീറാമും മുസ്ലിങ്ങള്‍ ആസാദി മുദ്രാവാക്യങ്ങളും മുഴക്കി രംഗത്തെത്തിയതോടെ സംഘര്‍ഷം വര്‍ഗീയ ഏറ്റുമുട്ടലായി മാറി. നൂറുകണക്കിനു കടകളും വീടുകളും വാഹനങ്ങളും കത്തുകയാണ്. ഒരു പെട്രോള്‍ പമ്പിന് തീകൊളുത്തി. മൂന്നു ദിവസമായി അക്രമം തുടരുകയാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ കലാപം തടയാന്‍ ശ്രമമൊന്നും നടത്തുന്നില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുകൂട്ടിയ യോഗത്തിന് ശേഷം വളരെ കഴിഞ്ഞാണ് കേന്ദ്രസേന  രംഗത്തെത്തിയത്....

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ അക്രമത്തെക്കുറിച്ച്, ഈ ചാനല്‍ പള്ളികള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയും ഒരു സമുദായത്തോട് ചാഞ്ഞും ആണ് റിപ്പോര്‍ട്ട് ചെയ്തത് എന്നു മനസ്സിലാകുന്നു. ഇത് 1994 ലെ കേബ്ള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് നിയമങ്ങള്‍ക്ക് വിരുദ്ധമാണ്്....' 

ചാനലുകള്‍ ചട്ടലംഘനം നടത്തി എന്നു സ്ഥാപിക്കാനാണ് അധികൃതരുടെ ശ്രമമെങ്കിലും ഈ പറഞ്ഞതില്‍നിന്നൊന്നും ചാനലുകള്‍ അവിവേകമായി എന്തെങ്കിലും ചെയ്തതായി ആര്‍ക്കും തോന്നില്ല. ഏതു അക്രമസംഭവത്തിലും ചാനലുകള്‍ പറയാന്‍ ബാദ്ധ്യസ്തമായ കാര്യങ്ങളാണ് അതെല്ലാം. അവ സത്യമാകണമെന്നേ ഉള്ളൂ. സര്‍ക്കാര്‍ കുറ്റപത്രത്തിലാകട്ടെ ഇതൊന്നും സത്യമല്ലെന്നു സൂചിപ്പിക്കുന്നു പോലുമില്ല. നിയമത്തിലെ 6(1)(സി) വകുപ്പ് അനുസരിച്ച് മതസ്ഥാപനങ്ങള്‍ക്കും വിശ്വാസികള്‍ക്കുംനേരെ നടക്കുന്ന ആക്രമണങ്ങളുടെ റിപ്പോര്‍ട്ടില്‍ മതത്തെയോ വിശ്വാസികളെയോ അധിക്ഷേപിക്കുന്ന വാക്കുകളോ ദൃശ്യങ്ങളോ ഉണ്ടാകരുത്. കലാപകാരികള്‍ക്കു പ്രോത്സാഹനം നല്‍കുന്നതോ അക്രമത്തിന് പ്രചോദനം നല്‍കുന്നതോ ആവരുത് റിപ്പോര്‍ട്ട് എന്നും ചട്ടങ്ങളില്‍ പറയുന്നുണ്ട്. തെരുവില്‍ എല്ലാവരും കണ്ട കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഒരു നിയമവും തടസ്സമാകുന്നില്ലെന്ന് രണ്ട് ചാനലുകളും സര്‍ക്കാറിന് അയച്ച വിശദീകരണക്കുറിപ്പുകളില്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഡിസംബര്‍ 25ന് ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകള്‍ ഷോകോസ് നോട്ടീസയക്കുകയും ഇരു ചാനലുകളും ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തതാണ്. തുടര്‍ന്നാണ് മാര്‍ച്ച് ആറിന് 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

മീഡിയ വണിന് അയച്ച നോട്ടീസിലും ഏറെയൊന്നും വ്യത്യസ്തമല്ലാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് ആക്രമണങ്ങള്‍ കൂടുതല്‍ നടന്നത്, സിഎഎ വിരുദ്ധസമര കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായി, പൊലീസ് നിഷ്‌ക്രിയത പുലര്‍ത്തി എന്നീ ആക്ഷേപങ്ങള്‍ ചാനല്‍ റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ ഹസ്സനുല്‍ബന്ന എന്ന ലേഖകന്റെ പേരെടുത്തു പറഞ്ഞിട്ടുമുണ്ട്.  ഒരു സമുദായത്തിന് നേരെ നടന്ന ആക്രമണങ്ങള്‍ക്ക് പ്രമുഖ്യം നല്‍കി, ആര്‍.എസ്.എസ്സിന് കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചു തുടങ്ങിയ ആക്ഷേപങ്ങളാണ് മീഡിയവണ്‍ ചാനലിനെതിരെ ഉന്നയിച്ചിട്ടുള്ളത്.  ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തത് അസത്യമാണെന്നോ വ്യാജമാണെന്നോ  കുറ്റപത്രങ്ങളിലില്ല.

ഇരു സ്ഥാപനങ്ങളും നല്‍കിയ വിശദീകരണത്തിലെ വാദങ്ങള്‍ സര്‍ക്കാര്‍ ഉത്തരവില്‍ ചുരുക്കത്തില്‍ കൊടുത്തിട്ടുണ്ട്.  എല്ലാ ആരോപണങ്ങളും നിഷേധിച്ച ശേഷം ആക്ഷേപങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും തെളിവുകളും ഹാജരാക്കാന്‍ പ്രത്യേക അഡ്ജുഡിക്കേഷന്‍ ഉണ്ടാകണം എന്ന ആവശ്യവും മീഡിയ വണ്‍ ഉന്നയിച്ചിരുന്നു.

പിന്‍വലിക്കപ്പെട്ടു എന്നതുകൊണ്ടു മാത്രം സര്‍ക്കാര്‍ നടപടിയുടെ ഗൗരവം ഇല്ലാതാകുന്നില്ല. അതിനിയും ആവര്‍ത്തിക്കപ്പെടാം. ഗൗരവമുള്ള നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് സര്‍ക്കാര്‍ ഉത്തരവ്. അവ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട.്

* ഉത്തരവിലുടനീളം ആവര്‍ത്തിക്കുന്ന ഒരു വാദം വര്‍ഗീയസംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നത് സമതുലിതമായി വേണം എന്നതാണ്.(...ഷുള്‍ഡ് ഹാവ് റിപ്പോര്‍ട്ടഡ് ഇന്‍ എ ബാലന്‍സ്ഡ് വെ.) സമതുലിതമായാണ് എല്ലാം നടക്കുന്നത് എന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലല്ല മാധ്യമധര്‍മം. നമ്മുടെ നാട്ടിലെ കലാപങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളും തുല്യശക്തിയുള്ള രണ്ടു പക്ഷങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് എന്ന മട്ടിലുള്ള ഒരു സമീപനമാണ് ഔദ്യോഗിക സ്ഥാപനങ്ങള്‍ പൊതുവെ സ്വീകരിച്ചുവരുന്നത്. ആക്രമിക്കപ്പെടുന്നവന്റെയും സത്യത്തിന്റെയും പക്ഷം തന്നെയാവണം മാധ്യമപക്ഷവും. ഭൂരിപക്ഷം വരുന്ന മതത്തില്‍ പെട്ടവര്‍ കനത്ത ആയുധശേഷിയോടെയും ആള്‍ബലത്തോടെയും ന്യൂനപക്ഷ മതവിഭാഗക്കാര്‍ക്കു നേരെ നടത്തുന്ന ഏകപക്ഷീയമായ ആക്രമണങ്ങളെയും കൂട്ടക്കൊലകളെയും മാധ്യമങ്ങള്‍ എങ്ങനെയാണ് ബാലന്‍സ്ഡ് ആക്കി റിപ്പോര്‍ട്ട് ചെയ്യുക? അതുകൊണ്ടുതന്നെ റിപ്പോര്‍ട്ടിങ്ങ് വസ്തുനിഷ്ഠവും വാസ്തവവും ആകണം എന്നല്ലാതെ ഇരുപക്ഷത്തിനും തുല്യപ്രാധാന്യം നല്‍കണം എന്ന് എങ്ങനെയാണ് നിര്‍ബന്ധിക്കുക?

* എല്ലാ മാധ്യമങ്ങളും തുല്യനിലയില്‍ പരിഗണിക്കപ്പെടണമെന്നു പറയാം. എന്നാല്‍, ഡല്‍ഹിയുടെ ഉള്‍പ്രദേശങ്ങളില്‍ നടന്ന അക്രമങ്ങളെക്കുറിച്ചുള്ള രണ്ട് മലയാള ചാനലുകളുടെ റിപ്പോര്‍ട്ടിങ് എതു തരത്തിലാണ് സംഘര്‍ഷം വളര്‍ത്തുന്നതും സമാധാനം തകര്‍ക്കുന്നതുമാവുന്നത്? ഈ സമീപനം മാധ്യമസ്വാതന്ത്ര്യത്തിന്റെ തത്ത്വങ്ങളുമായി ഒത്തുപോകുന്നതാണോ? എണ്ണമറ്റ ഹിന്ദി ചാനലുകളുള്ളതില്‍ ഒന്നുപോലും കേബ്ള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് റഗുലേഷന്‍ ആക്റ്റിന്റെ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലേ? അവയെല്ലാം സമതുലിത റിപ്പോര്‍ട്ടിങ് ആണോ നടത്തിയത്? 'ബാലന്‍സ്ഡ് വ്യൂ' എന്ന ഗുണം ചാനലുകളുടെ റിപ്പോര്‍ട്ടിങ്ങില്‍ മതിയോ, ചാനലുകളെ സര്‍ക്കാര്‍ വിലയിരുത്തുന്നതിലും വേണ്ടേ? 

*ചാനല്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം, പ്രത്യേകിച്ചും ന്യൂനപക്ഷഭാഷകളിലുള്ളത് വിലയിരുത്തുന്നതിന് എന്തു സംവിധാനമാണ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് വകുപ്പിനുള്ളത്? സാമ്പത്തികവും മറ്റുമായ ചട്ടലംഘനങ്ങള്‍ കണ്ടെത്തുന്നതുപോലെ മാധ്യമ ഉള്ളടക്കത്തിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്താനാവുമോ? ആവുമെങ്കില്‍ത്തന്നെ, മീഡിയവണ്‍ ചാനല്‍ ആവശ്യപ്പെട്ടതുപോലെ കുറ്റാരോപിതര്‍ക്ക് തങ്ങളുടെ വാദം അവതരിപ്പിക്കാന്‍ മതിയായ സൗകര്യം നല്‍കേണ്ടതായിരുന്നില്ലേ?

* മാധ്യമങ്ങള്‍ എന്ന നിലയില്‍ ചാനലുകളും പത്രങ്ങളും ഭരണഘടനാപരമായി ഒരേ വിഭാഗത്തിലാണ് പെടുന്നത്. അഭിപ്രായസ്വാതന്ത്യം എന്ന ഒരേ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്വാതന്ത്ര്യം ഉപയോഗിക്കുന്നതിന് അച്ചടിമാധ്യമങ്ങള്‍ക്ക് സംരക്ഷണവും മാര്‍ഗനിര്‍ദ്ദേശവും നല്‍കുന്നതിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നൊരു ഔദ്യോഗികസ്ഥാപനവും സംവിധാനവും ഇന്ത്യാഗവണ്മെന്‍് ഒരുക്കിയിട്ടുണ്ട്. എന്തുകൊണ്ട്, സമൂഹത്തിന്റെ ചലനങ്ങളെ ഉടനുടന്‍ സ്വാധീനിക്കുന്നത് ദൃശ്യ-ഡിജിറ്റല്‍ മാധ്യമങ്ങളായിട്ടും ഈ സംവിധാനത്തിന്റെ സംരക്ഷണം/നിയന്ത്രണം അവയ്ക്ക് ബാധകമാക്കുന്നില്ല?

* ആരാധനാലയം എന്നല്ലാതെ പള്ളി,ക്ഷേത്രം എന്നൊന്നും പ്രത്യേകം എടുത്തു കാട്ടരുതെന്ന നിബന്ധനകള്‍ കാലഹരണപ്പെട്ടില്ലേ? സാമൂഹ്യമാധ്യമങ്ങളിലൂടെ കലാപം ലൈവ് ആയി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാലമാണ് ഇത്. വ്യാജവാര്‍ത്തകള്‍ സമാധാനം തകര്‍ക്കുന്നു. അപ്പോള്‍ വാസതവം അറിയിക്കാനുള്ള ഉത്തരവാദിത്തം ദൃശ്യ-അച്ചടിമാധ്യമങ്ങളുടേതല്ലേ? ചട്ടങ്ങളും കാലത്തിനൊത്ത് മാറേണ്ടതല്ലേ?

* വര്‍ഗീയസംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പത്രങ്ങള്‍ പുലര്‍ത്തേണ്ട മുന്‍കരുതലുകള്‍ സാമാന്യം യുക്തിസഹമായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ 1991-ലും 1993- ലും പ്രത്യേക വിജ്ഞാപനമായി പുറപ്പെടുവിച്ചിട്ടുണ്ട്. അസത്യം, അതിശയോക്തി, പ്രകോപനം, സ്്പര്‍ദ്ധ, അധിക്ഷേപം, മതനിന്ദ തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ മാത്രമേ പത്രങ്ങള്‍ക്കെതിരെ നടപടി എടുക്കാനാവൂ. അതു തന്നെ അപ്പോഴപ്പോള്‍ പ്രസ് കൗണ്‍സിലിനെ അറിയിക്കേണ്ടതുണ്ട-തുടങ്ങിയ വ്യക്തമായ നടപടിക്രമങ്ങള്‍ പ്രസ് കൗണ്‍സില്‍ നിയമാവലിയിലുണ്ട്്. 

*  ദ് കേബ്ള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്‌സ് റൂള്‍സ് 1994-ലെ ആറാം വകുപ്പ് ഉദ്ധരിച്ചുകൊണ്ടാണ് രണ്ട് മലയാളം ചാനലുകള്‍ക്കും എതിരെ സര്‍ക്കാര്‍ കുറ്റം ആരോപിച്ചിരിക്കുന്നത്. തീര്‍ച്ചയായും ഇത് ഇന്നലെ ഉണ്ടായ നിയമമല്ല. ചാനലുകള്‍ വന്ന കാലത്തുള്ള ചട്ടങ്ങളാണ്. ഈ ആറാം വകുപ്പില്‍ എവിടെയെങ്കിലും വാര്‍ത്താചാനലുകളെക്കുറിച്ച് എന്തെങ്കിലും പരാമര്‍ശമുണ്ടോ? ഇല്ല. ഈ നിയമത്തിന്റെ ബലത്തില്‍ ചാനലുകളെ ശിക്ഷിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ അധികാരികള്‍ക്ക് വാര്‍ത്താചാനലുകളോടാണ് തങ്ങള്‍ സംസാരിക്കുന്നത് എന്ന സാമാന്യബോധമെങ്കിലും ഉണ്ടായിരുന്നോ?  എങ്ങനെയും വ്യാഖ്യാനിക്കാവുന്ന, ഏത് ചാനലിനെയും എപ്പോള്‍ വേണമെങ്കിലും നിശ്ശബ്ദമാക്കാന്‍ കഴിയുന്ന കുറെ ആജ്ഞകള്‍ എന്നല്ലാതെ ഇതിനെ വാര്‍ത്താമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നിയമമായി ആരെങ്കിലും പരിഗണിക്കുമോ?

* ഒരു സ്വതന്ത്ര ഏജന്‍സി മുന്‍പാകെ കോടതിയിലെന്ന പോലെ കേസ് വാദിക്കാനും തെളിവുകള്‍ പരിശോധിക്കാനും സംവിധാനമുണ്ടാക്കാതെ വാര്‍ത്താമാധ്യമങ്ങളെ ഭരണാധികാരികള്‍ ശിക്ഷിക്കാന്‍ തുടങ്ങിയാല്‍ മാധ്യമസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും എത്രകാലം നിലനില്‍ക്കും?


No comments:

Post a comment