Tuesday, 21 April 2020

സ്പ്രിന്‍ക്ലര്‍ സ്‌പെല്ലിങ് മിസ്റ്റേക്കുകള്‍


തുടക്കത്തിലേ ചില്ലറ സ്‌പെല്ലിങ് മിസ്റ്റേക്കുകള്‍ ഉണ്ട് ഈ സ്പ്രിന്‍ക്ലര്‍ ഏര്‍പ്പാടില്‍ എന്നു തന്നെ കരുതണം. തോട്ടത്തില്‍ വെള്ളം ചീറ്റാന്‍ ഉപയോഗിക്കുന്ന സ്പ്രന്‍ക്ലറുകളെക്കുറിച്ചേ നമ്മള്‍ സാധാരണക്കാര്‍ക്ക് കേട്ടറിവ് കാണൂ. ഇത് അതല്ല. ഒരു അക്ഷരത്തിന്റെ-E -യുടെ കുറവുണ്ട്  മലയാളി സ്റ്റാര്‍ട്ടപ്പ് മിടുക്കന്‍ റജി തോമസ്് നടത്തുന്ന സോഫ്‌റ്റ്വേര്‍ കമ്പനിയുടെ പേരിന്. -SPRINKLR. ഇങ്ങനെയൊരു വാക്ക് ഇംഗ്ലീഷില്‍ ഇല്ലെങ്കിലും ഇതൊരു മിസ്‌റ്റേക് അല്ലേയല്ല. പേരിന് അര്‍്ത്ഥമുണ്ടാകണമെന്നു നിയമമില്ല. ഇവരുമായി ബന്ധപ്പെടുത്തിയുള്ള കേരള കൊറോണ സോഫ്‌റ്റ്വേര്‍ ഇടപാടില്‍ സ്‌പെല്ലിങ്ങ് മിസ്റ്റേക്ക് ഉണ്ടോ എന്നതാണ് ചോദ്യം. അതൊരു ഭരണനിര്‍വഹണ പ്രശ്‌നമാണ്, രാഷ്ട്രീയപ്രശ്‌നവുമാണ്.  

ഇത്തരം മിക്ക വിവാദങ്ങളുടെയും കാര്യത്തിലെന്ന പോലെ, ഇവിടെയും, എല്ലാം അറിയേണ്ട പൗരന് ഇക്കാര്യത്തില്‍ വലിയ പിടിപാടൊന്നും കാണില്ല. രണ്ടു പക്ഷത്തും നിന്നുകൊണ്ട് കമ്പ്യൂട്ടര്‍ സോഫ്‌റ്റ്വേര്‍ വിദഗ്ദ്ധരെയും മാനേജ്‌മെന്റ് എക്‌സ്‌പേര്‍ട്ടുകളെയും വെല്ലുന്നു വാദങ്ങള്‍ നേതാക്കളും മാധ്യമങ്ങളും അടിച്ചുവീശും. ജനത്തിന്റെ കണ്‍ഫ്യൂഷന്‍ കൂടുകയേ ഉള്ളൂ. രണ്ടു പക്ഷക്കാര്‍ക്കും ശരിയും തെറ്റും നോക്കേണ്ട പണിയില്ല. പക്ഷം ഇല്ലാത്തവനേ ശരിയും തെറ്റും സ്വയം കണ്ടുപിടിക്കേണ്ടൂ. പാര്‍ട്ടി അനുഭാവികള്‍ എന്തു വാദിക്കണമെന്ന് പാര്‍ട്ടി പറയും, ലഘുലേഖയാക്കി പത്രത്തിലും വാട്‌സാപ്പിലുമെല്ലാം എങ്ങുമെത്തിക്കും.

കോഴ അല്ലെങ്കില്‍ കൈക്കൂലി വാങ്ങുക എന്ന ഒറ്റയിനം അഴിമതിയെക്കുറിച്ചു മാത്രം കേട്ടറിവുള്ളവരാണ് മിക്കവരും. പുത്തന്‍ കാലത്ത് പുത്തന്‍ അഴിമതികള്‍ ഉണ്ട്. ഒരു വിദേശമലയാളി ഒരു സൗജന്യസേവനം കേരളത്തിനു തരാന്‍ തയ്യാറായാല്‍പ്പിന്നെ അതിലപ്പുറം എന്തിന് നോക്കണം എന്നാവും സന്മനസ്സുള്ള ഉദ്യോഗസ്ഥ-രാഷ്ട്രീയ മേധാവികള്‍ വരെ ചിന്തിക്കുന്നത്. സൗജന്യം എന്നതു തന്നെ ഒരു തട്ടിപ്പാവാം. സൗജന്യ ഉച്ചയൂണ് എന്നൊരു ഏര്‍പ്പാടേ ഈ ആഗോളത്തട്ടിപ്പ് മുതലാളിത്തത്തിന്റെ കാലത്ത് ഇല്ല എന്നാണ് ഇന്നു തട്ടിപ്പുകാര്‍ വരെ പറയുന്നത്. നൂറു നൂലാമാലകളാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത വിവരശേഖരണ-വിശകലന രംഗത്തുള്ളത്. ഡേറ്റ എന്നൊരു ചരക്ക് വില്ക്കുകയും വാങ്ങുകയും ചെയ്താണ് ലോകത്തെ എമ്പാടും കമ്പനികള്‍ കോടികള്‍ സമ്പാദിക്കുന്നതെന്ന് നാട്ടില്‍പ്പാട്ടായത് അടുത്ത കാലത്താണ്. കമ്പനികള്‍ക്ക് അവരുടെ ഉല്പന്നം വിറ്റഴിക്കാന്‍ ഡേറ്റ വേണം. കേരളത്തില്‍ എത്ര പേര്‍ക്ക് മനോരോഗമുണ്ട്, എത്ര പേര്‍ മദ്യപാനികളാണ്, എത്രപേര്‍ ഭാര്യയെ തല്ലുന്നവരാണ് എന്നു തുടങ്ങി സര്‍വ വിവരവും വിവരക്കേടും കച്ചവടത്തിന് ആവശ്യമുള്ള ഡേറ്റ ആണ്.  അതുകൊണ്ടാണ് ഇടപാടുകളെല്ലാം പലതരം ഭൂതക്കണ്ണാടികള്‍ വെച്ചു നോക്കിയേ അംഗീകരിക്കാവൂ എന്നു അറിവുള്ളവര്‍ പറയുന്നത്.

അതിനിടെയാണ് അത്യന്തം നിഷ്‌കളങ്കനായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍, അതും വിവരസാങ്കേതിക വകുപ്പിന്റെ ചുമതല വഹിക്കുന്ന  ഉദ്യോഗസ്ഥന്‍, ഇടപാടില്‍ നിയമപ്രശ്‌നമൊന്നുമില്ലെന്നുള്ളതു കൊണ്ടാണ് സ്പ്രിന്‍ക്ലര്‍ ഇടപാട് നിയമവകുപ്പിന്റെ പരിശോധനയ്ക്ക് വിടാതിരുന്നത് എന്നൊരു മഹദ്വചനം ഉരിയാടിയത്. നിയമമറിയുന്നവര്‍ നോക്കാതെ എങ്ങനെയാണ് സാര്‍ അതില്‍ നിയമപ്രശ്മുണ്ടോ എന്നറിയുക? മറ്റെല്ലാം പോകട്ടെ, സ്പ്രിന്‍ക്ലര്‍ സ്ഥാപനം നല്‍കുന്ന സേവനം സംബന്ധിച്ച് എന്ത് നിയമപ്രശ്‌നമുണ്ടായാലും അത് അമേരിക്കയിലെ കോടതിലേ കേസ്സാക്കാനാവൂ എന്ന വ്യവസ്ഥയെങ്കിലും നിയമവകുപ്പ് അറിയേണ്ടിയിരുന്നില്ലേ സാര്‍? കേരളത്തിലെ കൊറോണ സംബന്ധിച്ച ഡേറ്റ അതിവിപുലമാണ് എന്നാണ് വകുപ്പ് സിക്രട്ടറി പത്രത്തിലെഴുതിയ കുറിപ്പില്‍പറയുന്നത്. അപ്പോള്‍ അതിന്റെ മൂല്യവും അത്രക്കു വിപുലമായിരിക്കില്ലേ?

കരാര്‍ നടപ്പാക്കാന്‍ കാട്ടിയ ബദ്ധപ്പാട് കുറച്ചേറിപ്പോയി എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ധൃതിപിടിച്ച് ചെയ്യുന്ന എന്തിലും പിഴവുകള്‍ ഏറും. പിഴവുകള്‍ ചോദ്യം ചെയ്യപ്പെടും. സത്യസന്ധത സംശയിക്കപ്പെടും. ആകെ മൊത്തം അലമ്പാവും. പ്രതിപക്ഷത്തെ ശമ്പളം കൊടുത്തും, മാധ്യമങ്ങളെ ശമ്പളം കൊടുക്കാതെയും നിര്‍ത്തിയിരിക്കുന്നത് ഈ പിഴവുകള്‍ കണ്ടെത്തുന്നതിനും ചോദ്യം ചെയ്യുന്നതിനുംതന്നെയാണ്. രാജ്യം ഒരു യുദ്ധത്തില്‍ ചെന്നുപെട്ടാല്‍ പ്രതിപക്ഷത്തിന്റെ നില പരുങ്ങലിലാവുക പതിവാണ്. കൊറോണയാവട്ടെ ആഗോള യുദ്ധമാണ്. കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്തതുകൊണ്ട് ഇരിക്കാനും നില്‍ക്കാനും നടക്കാനുമൊന്നും വയ്യാത്ത വെപ്രാളത്തിലാണല്ലോ കോണ്‍ഗ്രസ്സും കൂട്ടാളികളും. അവര്‍ക്ക് ജീവന്‍വെച്ചത് സ്പ്രിന്‍ക്ലര്‍ വന്നപ്പോഴാണ്. തല കറങ്ങി വീണവന്റെ മുഖത്ത് ജീവജലം കുടയുന്ന സ്പ്രിന്‍ക്ലര്‍. സംസ്ഥാനസര്‍ക്കാറിന് അവരുടെ നന്ദി പാര്‍സലായി എത്തും.  

ഉദാരമായ കോഴ
കൊറോണക്കാലത്ത് വീട്ടിലിരിക്കുന്നവര്‍ക്ക് നേരമ്പോക്കിനു വേണ്ടി നമ്മുടെ നേതാക്കള്‍ പലതരം വിനോദങ്ങളാണ് പടച്ചുവിടുന്നത്. ഒന്നിന്റെയും സത്യാസത്യം സാധാരണക്കാരന് മനസ്സിലാവുകയേ ഇല്ല. പുതിയ കെ.എം.ഷാജി വിവാദം ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് അനുവദിക്കാന്‍ കോഴ വാങ്ങിയതിനെക്കുറിച്ചാണ്. എം.എല്‍.എ.യുടെ കാര്യം അവിടെ നില്‍ക്കട്ടെ. കോഴയുടെ റെയ്റ്റ് നിങ്ങളെ അത്ഭുതപ്പെടുത്തുന്നില്ലേ? എത്ര ഉദാരം, വെറും കാല്‍ക്കോടി രൂപ! കോഴ്‌സിന് എത്ര അധ്യാപകരെ നിയമിച്ചാലും ശരി ഒരു അധ്യാപകനെ നിയമിക്കുന്നതിന് വാങ്ങുന്ന കോഴ മാത്രമേ പാര്‍ട്ടിക്കു വേണ്ടൂ. ബാക്കി മുഴുവന്‍ മാനേജ്‌മെന്റ്ിന്്.  ഇരുകൂട്ടരും അത്യുദാര മഹാത്മാക്കളത്രെ. 2014-ല്‍ അനുവദിച്ചുകിട്ടിയ കോഴ്‌സാണ്. മറ്റേതെങ്കിലും പാര്‍ട്ടിയാണെങ്കില്‍ കാശ് കിട്ടിയ ശേഷമേ കോഴ്‌സ് അനുവദിക്കു. ഇവിടെ ലീഗായതുകൊണ്ട് പ്രശ്‌നമില്ല. തീരുമാനത്തിനു ശേഷം കോഴ, അതിനു ശേഷം വിവാദം.  

ആരാണ് കോഴ വാങ്ങേണ്ടത് എന്ന കാര്യവും വളരെ ഉദാരമാണ്. മറ്റു പാര്‍ട്ടികളില്‍ ഇതു വിദ്യാഭ്യാസമന്ത്രിയോ മന്ത്രി നിയോഗിക്കുന്ന ശിങ്കിടിയോ വേണം വാങ്ങാന്‍. വിവാദകേസ്സില്‍ ഏതോ വാര്‍ഡ് കമ്മിറ്റി ഭാരവാഹിയോ മറ്റോ പോയി കാശ് ചോദിച്ചെന്നാണ് പറയുന്നത്. ലീഗല്ലേ, അതും നടക്കും. ഒടുവില്‍ എം.എല്‍.എ പോയി വാങ്ങിയത്രെ. ഇത്തരം കാശൊന്നും, ലീഗിലായാലും ഒരു എം.എല്‍.എക്കും പോക്കറ്റിലിടാന്‍ പറ്റില്ല. അത്തരം കോഴകള്‍ വേറെ ഉണ്ട്. അത് ചെല്ലേണ്ടിടത്ത് ചെല്ലും. നിയമസഭാതിരഞ്ഞെടുപ്പു കാലത്തു കാലുമാറി എം.വി. നികേഷ്‌കുമാറിന്റെ പക്ഷം ചേര്‍ന്ന ഒരു പ്രാദേശികനേതാവിനെ പുറത്താക്കിയതാണ് ഇപ്പോഴത്തെ ആരോപണത്തിനും വിവാദത്തിനും കാരണമായതെന്നാണ് ഷാജി പറയുന്നത്. എന്നിട്ടും കൊല്ലം കുറെയായല്ലോ സഖാവേ...

കോഴത്തരത്തിന്റെയും കള്ളത്തരത്തിന്റെയും കൂത്തരങ്ങാണ് സ്വകാര്യകോളേജ് അധ്യാപകനിയമനരംഗം എന്നറിയാത്ത ഒരു വിഡ്്ഢിയാനും കേരളത്തിലില്ല. സര്‍ക്കാര്‍ നിശ്ചയിച്ച നല്ല ശമ്പളവും വിരമിച്ച ശേഷം നല്ല പെന്‍ഷനും സര്‍ക്കാര്‍തന്നെ നല്‍കുന്ന ഉദ്യോഗമാണിത്. ഈ നിയമനം നല്‍കാന്‍ മാനേജ്‌മെന്റുകള്‍ വാങ്ങുന്നത് വന്‍കോഴയാണ്. അതില്‍ ആര്‍ക്കുമില്ല ആക്ഷേപം. കേരളത്തിലല്ലാതെ മറ്റെങ്ങുണ്ട് ഇത്രയും ഉദാരമായ അഴിമതിവ്യവസ്ഥ?  കോഴ കൊടുത്തെന്നോ വാങ്ങിയെന്നോ ഒരു മാനേജ്‌മെന്റും സമ്മതിക്കില്ല, ഒരു പാര്‍ട്ടിക്കാരും മിണ്ടില്ല. ഒരു കേസ്സും നിലനില്‍ക്കില്ല. കൊറോണയുടെ അതിവിരസ കാലത്ത് ചില്ലറ വിനോദത്തിനുതകും ഈ കോഴവിവാദം. കെ.എം ഷാജി കുറച്ചുകാലം കേസ്സില്‍ കുരുങ്ങി നടക്കട്ടെ.... പിണറായി വിജയനോടാണോ കളി?

മുനയമ്പ്
തനിക്കെതിരായ വിജിലന്‍സ് കേസ്സിനു പിന്നില്‍ മുഖ്യമന്ത്രിതന്നെ എന്നു കെ.എം.ഷാജി-
കേസ് വരുന്നെന്ന് അറിഞ്ഞ് ഷാജിയാണ് ആദ്യം വെടിപൊട്ടിച്ചതെന്നും കേള്‍ക്കുന്നുണ്ട്. ആവോ..

Tuesday, 14 April 2020

കൊറോണ പഴുതില്‍ ഒരു കേന്ദ്ര ഇരുട്ടടി

ബി.ജെ.പി കേന്ദ്രഭരണം നേടിയതു മുതല്‍ ഒരു ഫ്രഷ് ഐഡിയ കുറേശ്ശെയായി പ്രചരിക്കുന്നുണ്ടായിരുന്നു. എങ്കിലും, അഞ്ചു വര്‍ഷം ഒന്നും ചെയ്തില്ല. രണ്ടാം വട്ടം കൂടിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നപ്പോഴും തെല്ല് മടിച്ചുനിന്നു എങ്കിലും, ബി.ജെ.പി എം.പിമാര്‍ സ്വകാര്യം പറയുന്നുണ്ടായിരുന്നുവത്രെ-വൈകാതെ ഞങ്ങള്‍ എം.പി വികസനഫണ്ടിന്റെ കഥകഴിക്കും! ആദ്യംകിട്ടിയ അവസരത്തില്‍തന്നെ അവര്‍  കഴിച്ചു, ആ കഥ. 

രാജ്യം കൊറോണയുടെ നീരാളിപ്പിടുത്തത്തില്‍ അമര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഏതെങ്കിലും എം.പിയുടെ തലയില്‍, എം.പി ഫണ്ട് തങ്ങള്‍ക്ക് വേണ്ട, സര്‍ക്കാര്‍ എടുത്തോട്ടെ എന്നൊരു ചിന്ത പൊട്ടിമുളയ്ക്കുമായിരുന്നോ? ഒരിക്കലുമില്ല. അവരെല്ലാം, സംസ്ഥാനസര്‍ക്കാറുകളുടെയും ജില്ലാഭരണകൂടങ്ങളുടെയും ഒപ്പം നിന്ന് കൊറോണയെ തടയാന്‍ എന്തു സഹായം ചെയ്യാനാവും എന്ന തലപുകയ്ക്കുകയായിരുന്നു. അങ്ങനെ കക്ഷിരാഷ്ട്രീയം മറന്ന് പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കെ ആണ് പൊടുന്നനെ ഇടിത്തീ വീണത്. അഞ്ചു കോടിയുടെയല്ല, അഞ്ചു രൂപയുടെ പദ്ധതി പോലും ഇനി എം.പി മാര്‍ക്ക് സ്വന്തം നാട്ടുകാര്‍ക്കുവേണ്ടി നടപ്പാക്കാന്‍ കഴിയില്ല.

കേന്ദ്രസര്‍ക്കാറിന് കാശിന് ഇത്രയും ദാരിദ്ര്യമുണ്ടോ എന്നല്ല ഇപ്പോള്‍ ആളുകള്‍ ചിന്തിക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ തലപ്പത്ത് ഇത്രയും ദുഷ്ടബുദ്ധികളുണ്ടോ എന്നാണ്. ഒരു സര്‍ക്കാര്‍ സ്വന്തം ചെലവുകള്‍ വെട്ടിക്കുറക്കുമ്പോള്‍ ആദ്യം വെട്ടുക ഉപേക്ഷിച്ചാല്‍ കുറച്ചുമാത്രം ദോഷം ചെയ്യുന്ന ചെലവുകളല്ലേ? 1993-ല്‍ ഈ പദ്ധതി വന്നതിനു ശേഷം ഏതെങ്കിലും പാര്‍ട്ടിയോ എം.പി.യോ ധനവിദഗ്ദ്ധനോ ആസൂത്രകനോ ഈ വികസനപദ്ധതി വെട്ടണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നോ? ഏതെങ്കിലും വിമര്‍ശകന്‍ ഈ പദ്ധതി കൊണ്ട് ഒരു പ്രയോജവും ഇല്ല എന്നു വിമര്‍ശിച്ചിരുന്നോ? ഏതെങ്കിലും പത്രം പദ്ധതിക്കെതിരെ മുഖപ്രസംഗം എഴുതിയിരുന്നോ? ഇല്ല സാര്‍, ഒരാള്‍ പോലും അങ്ങനെ ചിന്തിച്ചിട്ടില്ല. എന്നിട്ടും സര്‍ക്കാര്‍ എന്തിന് ദുരിതകാലത്ത് ഈ കടുംവെട്ട് വെട്ടി? വെട്ടാതെ തന്നെ ഇത്രയും തുക ദുരിതാശ്വാസത്തിനു ചെലവിടാനാകുമായിരുന്നില്ലേ?

ദുരിതകാലത്താണ് കുബുദ്ധികളുടെ മസ്തിഷ്‌കം കൂടുതല്‍ സക്രിയമായിരിക്കുക. കഷ്ടപ്പെടുന്ന മനുഷ്യനെ എങ്ങനെ സഹായിക്കാം എന്നാണ് നല്ല മനുഷ്യര്‍ ആലോചിച്ചുകൊണ്ടിരിക്കുക. അവര്‍ക്കു അപ്പോള്‍ മതവും രാഷ്ട്രീയവും ഒന്നുമല്ല തലയില്‍ കത്തുക. ചിലര്‍ എങ്ങനെ ഈ തഞ്ചത്തില്‍ എതിരാളിയുടെ തലവെട്ടാം എന്നാണ് ചിന്തിക്കുക. ഭരണകക്ഷിക്കു പ്രത്യേക നേട്ടമൊന്നുമുണ്ടാക്കാത്ത പദ്ധതിയാണ് എം.പി.മാരുടെ തദ്ദേശവികസന ഫണ്ട് എന്നു ബി.ജെ.പി.യുടെ കേന്ദ്രനേതൃത്വത്തിലുള്ളവര്‍ക്ക് കുറച്ചായി തോന്നിത്തുടങ്ങിയിരുന്നത്രെ. അതില്‍ കാര്യമുണ്ട്.

ഈ ഫണ്ടില്‍ കക്ഷിഭേദമില്ല. പാര്‍ലമെന്റിലെ ജനപ്രതിനിധിക്ക് കേന്ദ്രഭരണകക്ഷിയുടെ ഓശാരമില്ലാത്ത സ്വന്തം മണ്ഡലത്തില്‍  അഞ്ചു കോടിയുടെ വികസനപദ്ധതികള്‍ നടപ്പാക്കാം. അതിനു കേന്ദ്ര ഉദ്യോഗസ്ഥരുടെയും കാലുപിടിക്കേണ്ട. 1993-ല്‍ പദ്ധതി നടപ്പാക്കിയ യു.പി.എ മന്ത്രിമാര്‍ക്ക് ഇതെല്ലാം നല്ല കാര്യങ്ങളായാണ് തോന്നിയത്. എല്ലാവര്‍ക്കും അങ്ങനെ തോന്നണമെന്നില്ലല്ലോ. 

ഇനി ഇതല്ല സംഭവിക്കാന്‍ പോകുന്നത്. എം. പി ഫണ്ട്് പദ്ധതി വേഷം മാറി, പേരു മാറി പുതിയ രൂപത്തില്‍ വരും. പ്രധാനമന്ത്രി കൊറോണ നിര്‍മാര്‍ജന്‍ പദ്ധതി എന്നോ മറ്റോ ആയിക്കൊള്ളട്ടെ പേര്. പ്രദേശത്തെ ജനങ്ങള്‍ പദ്ധതികള്‍ നിര്‍ദ്ദേശിക്കും എന്നായിരിക്കും ആദ്യം കേള്‍ക്കുക. പക്ഷേ, ഏതു വേണം ഏതു വേണ്ട എന്നു തീരുമാനിക്കുക കേന്ദ്രസര്‍ക്കാര്‍ ആയിരിക്കും. അതിനുവേണ്ടി ഒരു ഉപദേശകസമിതി ഉണ്ടാക്കാം. അതില്‍ എല്ലാ പാര്‍ട്ടിക്കാരെയും വെക്കാം. എന്നു വെച്ചാല്‍, എം.പി ആരായാലും എല്ലാ മണ്ഡലത്തിലെയും പദ്ധതി തീരുമാനിക്കുന്നത് കേന്ദ്രഭരണകക്ഷി ആയിരിക്കും എന്നര്‍ത്ഥം. മോദിവിരുദ്ധനായ എം.പി്‌യക്കും ഉപദേശകസമിതി യോഗത്തില്‍ചെന്നു വായിട്ടലക്കാം. പക്ഷേ, പാര്‍ട്ടി തീരുമാനമനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിക്കും. എപ്പടി?

നമുക്ക് കാത്തിരിക്കാം. ഇനി ഏതു ചില്ലറ പദ്ധതിക്കു വേണ്ടിയും കക്ഷിഭേദമന്യേ എല്ലാ ജനപ്രതിനിധികളും കേന്ദ്രത്തിലെ ഭരണാധികാരികളുടെ മുന്നില്‍ കൈനീട്ടി നില്‍ക്കേണ്ടിവരും. എം.പി നിര്‍ദ്ദേശിക്കുന്ന പദ്ധതിയാവില്ല നടപ്പാക്കുക എന്നു മാത്രം. മുമ്പും ജനം പദ്ധതിയൊന്നും അറിയാറില്ലല്ലോ. ഇനി ജനപ്രതിനിധികളും അറിയേണ്ട. എം.പിമാര്‍ക്ക് മുഖ്യപങ്കാളിത്തമുള്ള ഈ കേന്ദ്രപദ്ധതി ഇല്ലാതാക്കിയത് എം.പി മാരോട് ഒരു അക്ഷരം ചോദിക്കാതെയാണ്. ഇതാണ് ജനപ്രാതിനിധ്യത്തിന്റെ കൊറോണ കാല അവസ്ഥ. ആരും ഒന്നും ചോദിക്കില്ല.

മുഖ്യശത്രു ആര്‍
എതിര്‍ക്കാനും വയ്യ, എതിര്‍ക്കാതിരിക്കാനും വയ്യ എന്ന ധര്‍മസങ്കടത്തിലാണ് കേന്ദ്രത്തിലെയും കേരളത്തിലെയും കോണ്‍ഗ്രസ്. കോണ്‍ഗ്രസ്സിന് രണ്ടിടത്തെയും മുഖ്യശത്രു ഒന്നല്ല, രണ്ടാണ് .ഇടതുപക്ഷത്തിന്റെയും  ദേശീയ മുഖ്യശത്രു ബി.ജെ.പി തന്നെ. അപ്പോള്‍ ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസ്സിന്റെയും കേരളത്തിലെ മുഖ്യശത്രു ആര് എന്നു ചോദിച്ചാല്‍ ഇരുപാര്‍ട്ടികളും മറുപടി തരില്ല. അത് ആലോചിച്ചേ പറയാന്‍ പറ്റൂ. ആലോചന തുടങ്ങിയിട്ട് കാലം കുറച്ചായി.

സംസ്ഥാന ഭരണകക്ഷിയായ ഇടതുപക്ഷത്തോട് എത്രത്തോളം ശത്രുത ആവാം, എത്രത്തോളം മൈത്രി ആകാം? ഈ ചോദ്യം കോണ്‍ഗ്രസ്സിനെ ആകെ പൊല്ലാപ്പിലാക്കിയിരിക്കുന്നു. കൊറോണ ആണ് മുഖ്യശത്രു. അക്കാര്യത്തില്‍ സംശയമില്ല. കൊറോണയെ നേരിടുന്ന കാര്യത്തില്‍ ഇടതുപക്ഷ സര്‍ക്കാറിനോട് മൈത്രി വേണ്ടേ? രമേശ് ചെന്നിത്തലയ്ക്ക്് ഇത് വലിയ പ്രശ്‌നമല്ല. ഇടയ്ക്ക് പിണറായിയെ സ്തുതിക്കാനും വിരോധമില്ല. പക്ഷേ, മുല്ലപ്പള്ളിക്ക് അതു വയ്യ. കണ്ണൂരില്‍ സി.പി.എമ്മിനെ നിരന്തരം തോല്പിച്ചതാണ് പിണറായിയുടെ മുല്ലപ്പള്ളിവൈരത്തിനു കാരണം എന്നാണ് ചെന്നിത്തല ധരിച്ചിരിക്കുന്നത്. ശരിയല്ല. കഴിഞ്ഞ ജന്മത്തില്‍ത്തന്നെ പിണറായി-മുല്ലപ്പള്ളി വൈരം ഉണ്ടെന്നാണത്രെ ജാതകത്തില്‍ കാണുന്നത്. പത്തു കൊറോണ വന്നാലും അതു തീരില്ല. ആരോ ഇതിനിടയില്‍ ജാതി പറഞ്ഞു, അച്ഛനെ പറഞ്ഞു എന്നൊക്കെ പ്രചാരമുണ്ട്. ജാതിയോ അച്ഛനോ അല്ല, രാഷ്ട്രീയം തന്നെയാണ് പ്രശ്‌നം. അതു അച്ഛന്മാരുടെ കാലത്തേ ഉണ്ടെന്നു മാത്രം.

ഇതിനിടയില്‍ ബി.ജെ.പി പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഒന്നു ഡീസന്റാകാന്‍ നോക്കിയതും പൊല്ലാപ്പായി. എല്ലാ ദിവസവും രാവിലെ പത്തു മണിക്ക് പ്രസ് ക്ലബ്ബില്‍വന്ന് മുഖ്യമന്ത്രിയെ ചീത്തപറയലല്ല തന്റെ പണി എന്ന് അദ്ദേഹം നയംവ്യക്തമാക്കിയിരുന്നു. അത്, മുഖ്യമന്ത്രി സുരേന്ദ്രനോട് തിരുവനന്തപുരം യാത്ര വിവാദത്തില്‍ കാട്ടിയ സന്മനസ്സിനുള്ള പ്രതിഫലമാണെന്നു വരെ ശത്രുക്കള്‍ പറഞ്ഞുകളഞ്ഞു! ആരാണ് ശത്രക്കളെന്നോ?മുഖ്യശത്രുക്കളെ തിരയാന്‍ വേറെങ്ങും പോകേണ്ട, അവരെല്ലാം പാര്‍ട്ടിക്കകത്തുതന്നെയുണ്ട്.

മുനയമ്പ്
ദുരിതക്കയത്തില്‍ ഉഴലുന്നവര്‍ക്ക് ഭക്ഷണവും റേഷനും വിതരണം ചെയ്യുന്നത് ക്യാമറയില്‍ പകര്‍ത്തി പ്രചാരണോപാധിയാക്കുന്നതിന് എതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍. ഈ സമയത്തുള്ള ഫോട്ടോഗ്രാഫി രാജസ്ഥാനിലെങ്ങും നിരോധിച്ചതായും വാര്‍ത്ത.

രാജസ്ഥാനില്‍ ഇതാവാം. കേരളത്തില്‍ ഇതു തടയാന്‍ ദുരിതാശ്വാസംതന്നെ നിരോധിക്കേണ്ടിവരും. 
Friday, 10 April 2020

വര്‍ഗീയാക്രമണങ്ങളെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത വിധം

വര്‍ഗീയാക്രമണങ്ങള്‍ 2002-ല്‍ ഗുജറാത്തില്‍ ചോരപ്പുഴയൊഴുക്കിയപ്പോഴാണ് ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടിങിനു മേല്‍ നിരോധനം ഏര്‍പ്പെടുത്താന്‍ മുതിര്‍ന്നത്. അന്നു നരേന്ദ്ര മോദി ആയിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി.

വര്‍ഗീയാക്രമണങ്ങള്‍ കൊടുമ്പിരി കൊള്ളുകയും അഹമ്മദാബാദില്‍ മുസ്ലിം കോളനികളില്‍ ചോരപ്പുഴയൊഴുകുകയും ചെയ്തപ്പോള്‍ സര്‍ക്കാര്‍ തിരക്കിട്ടു ചെയ്ത ഒരു കാര്യം സ്റ്റാര്‍ ന്യൂസ്, സീ ന്യൂസ്, സി.എന്‍.എന്‍, ആജ്തക് തുടങ്ങിയ ചാനലുകള്‍ വീടുകളില്‍ കാണുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്ന് കേബ്ള്‍ വിതരണക്കാര്‍ക്ക് ഉത്തരവ് നല്‍കുകയായിരുന്നു. അത് ദൃശ്യമാധ്യമങ്ങള്‍ നടത്തിയ ആദ്യത്തെ വര്‍ഗീയകലാപ റിപ്പോര്‍ട്ടിങ് ആയിരുന്നു, റിപ്പോര്‍ട്ടിങ്ങിന്റെ നിരോധനവും ആയിരുന്നു. അതിന്റെ പേരില്‍ ദേശീയ ദൃശ്യമാധ്യമങ്ങള്‍ക്കു ഹിന്ദുസംഘടനകളില്‍ നിന്നുണ്ടായ അധിക്ഷേപത്തിന്റെയും ശത്രുതയുടെയും തീ ഇന്നും അണഞ്ഞിട്ടില്ല.

ഹിന്ദുത്വ സംഘടനകളുടെ അപ്രീതിക്കും ക്രോധത്തിനും മതിയായ കാരണങ്ങളുണ്ട്. മുന്‍കാല കലാപ റിപ്പോര്‍ട്ടിങ്ങുകളില്‍നിന്നുള്ള അവിശ്വസനീയമായ ഒരു വ്യതിയാനമായിരുന്നു മുകളില്‍ പേരെടുത്തു പറഞ്ഞ ദേശീയ ഇംഗ്ലീഷ് ചാനലുകളുടെ ഗുജറാത്ത് കലാപ റിപ്പോര്‍ട്ടിങ്ങ്. അതിനു മുന്‍പുള്ള കാലത്ത്, പത്രങ്ങളുടെ വര്‍ഗീയാക്രമണ റിപ്പോര്‍ട്ടിങ്ങ് അക്രമികളെ തുറന്നുകാട്ടാനോ വര്‍ഗീയഭ്രാന്തിനെതിരെ ജനവികാരമുണര്‍ത്താനോ ഒരിക്കലും പര്യാപ്തമാകാറില്ല. അതുകൊണ്ടുതന്നെ, ഭൂരിപക്ഷ മതവര്‍ഗീയവാദികള്‍ക്ക് ആ റിപ്പോര്‍ട്ടിങ്ങില്‍ ഒട്ടും അപ്രിയം ഉണ്ടാകാറുമില്ല. കാരണം,  ആക്രമിക്കപ്പെട്ടവരെയോ ആക്രമിക്കുന്നവരെയോ പത്രങ്ങള്‍ മതംതിരിച്ച് രേഖപ്പെടുത്താറില്ല. മരിച്ചവര്‍ ഏതു മതക്കാര്‍ എന്നു നോക്കാറില്ല, ഏതുവിഭാഗമാണ് കൂട്ടക്കൊലകള്‍ നടത്തിയത് എന്നു ചൂണ്ടിക്കാട്ടാറില്ല. ഇത്ര ആരാധനാലയങ്ങള്‍ കത്തിച്ചു, ഇത്രപേര്‍ കൊല്ലപ്പെട്ടു, ഇത്ര കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടു, ഇത്ര പേര്‍ അഭയാര്‍ത്ഥിക്യാമ്പുകളില്‍ അഭയം തേടി..... എന്നിങ്ങനെ പോയി നിഷ്പക്ഷ മുഖ്യധാരാ മാധ്യമറിപ്പോര്‍ട്ടിങ്ങ്.

വര്‍ഗീയാക്രമണങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണം എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കാറില്ല മുമ്പും. പക്ഷേ, നിരവധി അന്വേഷണക്കമ്മീഷണുകളുടെയും കോടതികളുടെയും മറ്റും നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇക്കാര്യത്തില്‍ ചില മാര്‍ഗനിര്‍ദ്ദേശകതത്ത്വങ്ങള്‍ക്കു രൂപം നല്‍കിയിരുന്നു. അതനുസരിച്ച് അക്രമികളുടെയും ആക്രമണത്തിന് ഇരയായവരുടെയും മതം എടുത്തു പറയരുത് എന്നൊരു ചട്ടം പത്രങ്ങള്‍ പിന്തുടര്‍ന്നു പോന്നു. ജനവികാരം ആളിക്കത്താനും കൂടുതല്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടാനും റിപ്പോര്‍ട്ടിങ്ങ് പ്രകോപനമാകരുത് എന്ന സദുദ്ദേശമേ ഇതിനു പിന്നിലുണ്ടായിരുന്നുള്ളൂ. എങ്കിലും, അതല്ല സംഭവിച്ചത്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള വര്‍ഗീയകലാപങ്ങള്‍ രണ്ടു തുല്യശക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നില്ല. ഏതാണ്ട് എല്ലാം ഭൂരിപക്ഷ വര്‍ഗീയത ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ പകപോക്കലുകളായിരുന്നു. പലപ്പോഴും ചില്ലറ പ്രകോപനങ്ങള്‍ അവര്‍ ഇതിനായി ഉണ്ടാക്കിക്കൊടുക്കാറുണ്ടെങ്കിലും. മാധ്യമങ്ങള്‍ പൊതുവെ വര്‍ഗീയവാദികളെ പിന്താങ്ങുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാറില്ലെങ്കിലും അക്രമികളെ തുറന്നുകാട്ടാറുമില്ല. സമാധാനത്തിനു വേണ്ടി മുറവിളി കൂട്ടാറുണ്ടുതാനും.

ഹിന്ദുത്വസംഘടനകള്‍ നേരിട്ട് നേതൃത്വം നല്‍കാതെതന്നെ ഹിന്ദുക്കള്‍ ന്യനപക്ഷമതക്കാര്‍ക്കെതിരെ നടത്തിയ ആദ്യത്തെയും, ഒരുപക്ഷേ അവസാനത്തെയും വര്‍ഗീയാക്രമണമാണ് 1984-ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് സിഖുകാര്‍ക്കെതിരെ ഡല്‍ഹിയിലും പരിസരത്തും നടന്നത്. ആയിരങ്ങളാണ് കൂട്ടക്കൊലകളില്‍ വെന്തുവെണ്ണീറായത്. ഗാന്ധിയന്മാരായ കോണ്‍ഗ്രസ്സുകാരാണ് എല്ലാറ്റിലും പ്രതികളായത്. പല നേതാക്കളും ശിക്ഷിക്കപ്പെട്ടു. വന്‍മരം നിലംപതിച്ചപ്പോള്‍ ഉണ്ടായ മണ്ണിളക്കം മാത്രമായി ഇതിനെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ചുരുക്കിക്കാട്ടി. അന്ന് ചാനലുകള്‍ രംഗത്തുവന്നു തുടങ്ങിയിരുന്നു. പക്ഷേ, അവര്‍ ഇന്ദിരാഗാന്ധിയുടെ സംസ്‌കാരച്ചടങ്ങുകളുടെ റിപ്പോര്‍ട്ടിങ്ങില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കൂട്ടക്കൊലകളൊന്നും ടെലിവിഷനുകളിലൂടെ വീടുകളുടെ സ്വീകരണമുറികളിലെത്തിയില്ല. ഇന്ദിരാഗാന്ധിയുടെ കൊലപാതകം വരെ സിഖ് തീവ്രവാദികള്‍ നടത്തിപ്പോന്ന എല്ലാ അക്രമങ്ങളുടെയും കൊലകളുടെയും ശിക്ഷ നിരപരാധികളായ സാധാരണ സിഖുകാര്‍ ഏറ്റുവാങ്ങേണ്ടിവന്നു.

 കലാപ റിപ്പോര്‍ട്ടിങ് കാര്യത്തില്‍ പത്രങ്ങള്‍ സ്വീകരിച്ചുപോന്ന കീഴ്‌വഴക്കങ്ങള്‍ 2002-ല്‍ ദൃശ്യമാധ്യമങ്ങള്‍ ലംഘിച്ചു.  ഗുജറാത്തില്‍ മുസ്ലിം, ഹിന്ദു എന്നു പേരെടുത്തു പറഞ്ഞുതന്നെയാണ് കൂട്ടക്കൊലകളും തീവെപ്പുകളും ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഇംഗ്‌ളീഷ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. തീര്‍ത്തും നിഷ്പക്ഷമായാണ് തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് എന്ന് ആ ചാനലുകള്‍ അവകാശപ്പെട്ടിരുന്നു. പക്ഷേ, ഗോധ്രയ്ക്കു ശേഷമുള്ള പ്രതികാര കൂട്ടക്കൊലകളും അഗ്നിപ്രളയവും മുസ്ലിങ്ങള്‍ക്കെതിരെ ആണല്ലോ നടന്നത്. അത് അതേപടി റിപ്പോര്‍ട്ട് ചെയ്തത് ഹിന്ദുത്വസംഘടനകളില്‍ ക്രോധം വളര്‍ത്തി. കാരണം, ഗോധ്ര കൂട്ടേെക്കാലയ്ക്കുള്ള ഹിന്ദുത്വ പ്രതികാരമായിരുന്നല്ലോ മാസങ്ങളോളം നടന്ന ഗുജറാത്ത് കലാപം. വിദ്വേഷപ്രചാരണങ്ങളുടെയും വര്‍ഗീയാക്രമണ അജന്‍ഡകളുടെയും തനിസ്വഭാവം രാജ്ദീപ് സര്‍ദേശായിയെയും ബര്‍ഖ ദത്തിനെയും പോലുള്ളവര്‍ തുറന്നുകാട്ടി. ഗോധ്രയില്‍ തീവണ്ടിക്കു തീയിട്ട് ഹിന്ദുക്കളെ കൂട്ടമായി കൊന്നത് അവര്‍ ഈവിധം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല എന്നു വികാരപൂര്‍വും പ്രചരിപ്പിക്കപ്പെട്ടു. പട്ടാപ്പകല്‍ ക്യാമറകള്‍ക്കു മുന്നില്‍ നടന്ന ആക്രമണങ്ങളും ഇരുളില്‍ ആരോ തീയിട്ട് പിന്‍വലിഞ്ഞുണ്ടാക്കിയ തീവണ്ടി സ്‌ഫോടനവും ഒരു പോലെ റിപ്പോര്‍ട്ട് ചെയ്യാനാവില്ല എന്ന പരിമിതി ഉണ്ടായിട്ടും മരണമടഞ്ഞ കര്‍സേവകര്‍ക്ക് അര്‍ഹമായ പരിഗണനയും അവരെക്കുറിച്ച് മതിയായ വിവരങ്ങളും ചാനലുകള്‍ നല്‍കിയിരുന്നു എന്ന് വിശദീകരിക്കപ്പെട്ടുവെങ്കിലും അതൊന്നും വിലപ്പോയില്ല.

പത്രങ്ങള്‍ക്കു മാത്രമായി ഉള്ള സ്ഥാപനമാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. ദൃശ്യമാധ്യമങ്ങളുടെ കാര്യത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇടപെടാറില്ല. ദൃശ്യമാധ്യമങ്ങള്‍ക്കു മാര്‍ഗനിര്‍ദ്ദേശം നല്‍കാനോ അവയെ നിയന്ത്രിക്കാനോ സ്ഥാപനങ്ങളോ സംവിധാനമോ ഇല്ല. ചാനലുകള്‍ക്കും അച്ചടിമാധ്യമങ്ങള്‍ക്കും ഓണ്‍ലൈന്‍ മാധ്യനങ്ങള്‍ക്കും ഒരുപോലെ ബാധകമായ പൊതുനിയമമോ പെരുമാറ്റച്ചട്ടമോ വ്യവസ്ഥകളോ ആവശ്യമില്ലേ എന്ന ചോദ്യം ഉയരാറുണ്ടെങ്കിലും അഭിപ്രായസമന്വയം ഉണ്ടായിട്ടില്ല. ചാനലുകള്‍ക്കെതിരെ ഏകപക്ഷീയമായി, ഒരു വിശദീകരണം പോലും ചോദിക്കാതെ ശിക്ഷാനടപടിയെടുക്കാന്‍ 1994-ലെ ദ് കേബ്ള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്‌സ് റൂള്‍സ് അധികാരം നല്‍കുന്നതു കൊണ്ട് കേന്ദ്രസര്‍ക്കാറിനു ചാനലുകളുടെ കാര്യത്തില്‍ ഇഷ്ടം പോലെ ചെയ്യാം എന്ന നില ഉണ്ടാക്കിയിട്ടുണ്ട്. അച്ചടിമാധ്യമങ്ങളുടെ കാര്യത്തില്‍ എടുക്കാന്‍ മടിക്കുന്ന ശിക്ഷാനടപടികള്‍ ദൃശ്യമാധ്യമങ്ങള്‍ക്കെതിരെ മടി കൂടാതെ പ്രയോഗിക്കുന്നതാണ് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയവണ്‍ കാര്യത്തില്‍ നാം കണ്ടത്.   .

ഗുജറാത്ത് വര്‍ഗീയാക്രമണ റിപ്പോര്‍ട്ടിങ് സംബന്ധിച്ച് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കു ഡല്‍ഹി കേന്ദ്രമായുള്ള ദൃശ്യമാധ്യമങ്ങളെക്കുറിച്ചേ പരാതി ഉണ്ടായിരുന്നുള്ളു. ഗുജറാത്ത് പത്രങ്ങളെക്കുറിച്ച് അവര്‍ക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല. കാരണം, അവ ഹിന്ദു പക്ഷത്ത് ഉറച്ചുനിന്നിരുന്നു. സന്ദേശ്, ഗുജറാത്ത് സമാചാര്‍ തുടങ്ങിയ പത്രങ്ങള്‍ മുസ്ലിംകൂട്ടക്കൊലകളെ പിന്തുണയ്ക്കുക തന്നെ  ചെയ്തു. വര്‍ഗീയവിദ്വേഷ പ്രചാരണത്തില്‍ അവരൊട്ടും അറച്ചുനിന്നില്ല. വ്യക്തമായ നിയമവ്യവസ്ഥകളൊക്കെ ഉണ്ടെങ്കിലും ഗുജറാത്ത് സര്‍ക്കാര്‍ അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല എന്നു മാത്രമല്ല, അവരുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി അവയുടെ പത്രാധിപന്മാര്‍ക്ക് ഒപ്പുവെച്ച അഭിനന്ദനക്കത്തുകള്‍ അയച്ചുകൊടുക്കുകയാണ് ചെയതത്. ഹിന്ദുത്വപക്ഷത്തുനിന്ന്് കലാപത്തെ പ്രോത്സാഹിപ്പിച്ച പത്രങ്ങള്‍ക്ക് അഭിനന്ദനം, മതനിരപേക്ഷപക്ഷത്ത് നിലയിറപ്പിച്ച് കൊലയാളികളെ തുറന്നുകാട്ടിയ ചാനലുകള്‍ക്കു ശിക്ഷ!

ഭൂരിപക്ഷാധിപത്യ രാഷ്ട്രീയം എത്ര വേഗത്തിലാണ് ശക്തി പ്രാപിക്കുക എന്ന് ഗുജറാത്ത് കലാപം വ്യക്തമായി കാട്ടിത്തന്നു. കലാപം കഴിയുമ്പോഴേക്ക് ഗുജറാത്ത് സമാചാര്‍,സന്ദേശ് പത്രങ്ങളുടെ സര്‍ക്കുലേഷന്‍ കുതിച്ചുയര്‍ന്നു. ഏറ്റവും പ്രചാരമുള്ള ഈ രണ്ടു പത്രങ്ങള്‍ തമ്മില്‍ എത്രത്തോളം വര്‍ഗീയവിദ്വേഷപ്രചാരണം നടത്താം എന്ന കാര്യത്തില്‍ കടുത്ത മത്സരം തന്നെ നടക്കുകയായിരുന്നു. 'രക്തം കൊണ്ടു പ്രതികാരം ചെയ്യാന്‍' ഹിന്ദുക്കളോട് തുറന്നു ആഹ്വാനം ചെയ്ത സന്ദേശ് പത്രത്തിന്റെ പ്രചാരം ഒന്നര ലക്ഷം വര്‍ദ്ധിച്ചു. പ്രകോപനത്തിന്റെ കാര്യത്തില്‍ അല്പമൊന്നു  മടിച്ചുനിന്ന ഗുജറാത്ത് സമാചാര്‍ പത്രത്തിന്റെ പ്രചാരവര്‍ദ്ധനയും മടിച്ചുനിന്നു. തീര്‍ച്ചയായും, എഡിറ്റേഴ്‌സ് ഗില്‍ഡും പ്രസ് കൗണ്‍സിലുമെല്ലാം ഈ പത്രങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പക്ഷേ, അതൊന്നും ഈ പത്രങ്ങള്‍ ഗൗനിച്ചില്ല. അവരുടെ വായനക്കാര്‍ അത്രയും ഗൗനിച്ചുകാണില്ല.

ഈ പഴയ കാര്യങ്ങള്‍ ഇപ്പോള്‍ ഓര്‍മയില്‍ വന്നത് പൗരത്വനിയമത്തിനെതിലായി നടന്നുവന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഡല്‍ഹിയില്‍ ഹിന്ദുത്വപക്ഷം തിരികൊളുത്തി വര്‍ഗീയകലാപത്തെത്തുടര്‍ന്നുണ്ടായ ചില മാധ്യമ ശിക്ഷാനടപടികളാണ്. അതിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയവണിനും എതിരെ രണ്ടു നാളത്തെ സംപ്രേഷണനിരോധനം പ്രഖ്യാപിച്ചത് ഇന്ത്യാ ഗവണ്മെന്റിന്റെ സെക്രട്ടറിയാണ്. ഒരു മാധ്യമറിപ്പോര്‍ട്ടിങ്ങ് ക്രമസമാധാനം തകര്‍ക്കുന്നതാണ് എന്നു തോന്നിയാല്‍ അതു തടയാന്‍ അധികൃതര്‍ക്ക് അധികാരം വേണം എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, കുറ്റം ചെയ്തതായി ആക്ഷേപിച്ച് വിശദീകരണം ചോദിച്ച ഉദ്യോഗസ്ഥന്‍ തന്നെ വിധികര്‍ത്താവായി മാധ്യമത്തെ ശിക്ഷിക്കുന്നത് കടുത്ത മാധ്യമസ്വാതന്ത്ര്യ ലംഘനമായിട്ടും അക്കാര്യം ഇന്ത്യന്‍ മാധ്യമലോകം ഗൗരവപൂര്‍വം കൈകാര്യം ചെയ്തില്ല എന്നത് ആശങ്കയുണര്‍ത്തുന്നു. ഡല്‍ഹി കലാപത്തിന്റെ റിപ്പോര്‍ട്ടിങ്ങ് നടത്തിയ അനേകമനേകം ചാനലുകളില്‍നിന്നു രണ്ടു മലയാളി ചാനലുകളെ മാത്രം ശിക്ഷിച്ചത് മലയാളമാധ്യമലോകത്തെ തെല്ലുപോലും അലോസരപ്പെടുത്തിയില്ല എന്നത് അതിലേറെ ആശങ്കാജനകമാണ്. ബി.ജെ.പി നേതൃത്വത്തിലുള്ള ഒരാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഏഷ്യനെറ്റ് ന്യൂസ് എന്ന ഒറ്റക്കാരണത്താലാണ് ശിക്ഷ വഴിക്കു വെച്ച് റദ്ദാക്കപ്പെട്ടത്. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ മാന്യമായ മാധ്യമനയം അല്ല ഇക്കാര്യത്തില്‍ തുടക്കം മുതല്‍ സ്വീകരിച്ചുപോന്നിരുന്നത് എന്ന് തല്‍ക്കാലം കെട്ടടങ്ങിയ വിവാദത്തിനിടയില്‍ നാം മറന്നുകൂടാ.

പാഠഭേദം ഏപ്രില്‍ 2020


Tuesday, 7 April 2020

പുതിയ പിണറായി അവതാരം
മുഖ്യമന്ത്രിയെ പരിഹസിക്കുകയാണ് എന്നു ധരിക്കരുത്. അതല്ല ഉദ്ദേശ്യം. കൊറോണ കൊണ്ട്  കേരളത്തിനുണ്ടായ ഉപ്രയോജനങ്ങള്‍ എന്നൊരു ഉപന്യാസം എഴുതേണ്ടി വരികയാണെങ്കില്‍ അതില്‍ പ്രാധാന്യമുള്ള സ്ഥാനത്തുണ്ടാവുക നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന് രണ്ടാഴ്ചക്കിടയില്‍ ഉണ്ടായ അവിശ്വസനീയമായ ഭാവാന്തരമാണ്. ഇതു വിജയേട്ടന്‍ തന്നെയോ എന്നു പിണറായി പ്രദേശത്തുകാര്‍പോലും ചോദിച്ചുപോകുന്ന നല്ല നടപ്പുശീലം. എന്തതിശയമേ.....

ഇപ്പോഴദ്ദേഹത്തിനു ശത്രുക്കളില്ല. മിത്രങ്ങളേ ഉള്ളൂ. എതിരാളികളില്ല,സഹായം നല്‍കേണ്ടവരേ ഉള്ളൂ. വിമര്‍ശനമില്ല,പരിഹാസമില്ല..പരിഗണനയേ ഉള്ളൂ.

കൊറോണ ഇല്ലാത്ത സമയത്ത് വേറെ എന്തെങ്കിലും കാര്യത്തിന് പ്രധാനമന്ത്രി ജനങ്ങളോട് രാത്രി തട്ടിന്‍പുറത്ത് കയറിനിന്ന് കിണ്ണം കിണ്ണത്തിന്മേല്‍ അടിച്ച് ശബ്ദമുണ്ടാക്കാനോ ഇലക്്ട്രിക് ലൈറ്റ് അണച്ച്  മണ്ണെണ്ണ വിളക്ക് തെളിയിക്കാനോ ആഹ്വാനം ചെയ്തിരുന്നുവെങ്കില്‍ എന്താകുമായിരുന്നു പിണറായിയുടെ പ്രതികരണം എന്നു സങ്കല്‍പ്പിക്കാന്‍ പ്രയാസമൊന്നുമില്ല. മോദി പ്രധാനമന്ത്രിയുടെ പണിയെടുക്കണം, തപ്പു കൊട്ടിക്കാനും വിളക്ക് കൊളുത്തിക്കാനുമൊക്കെ ഇവിടെ വേറെ ആളണ്ടെന്നെങ്കിലും മിനിമം പറയുമായിരുന്നു.  ഇപ്പോള്‍ അതൊന്നും ഉണ്ടായില്ല. വിളക്കു കൊളുത്തുന്നത് നല്ലതല്ലേ എന്നായിരുന്നു പ്രതികരണം. മുഖ്യമന്ത്രിയുടെ താമസസ്ഥലത്ത് വിളക്ക് അണക്കുകയും വിളക്ക് കത്തിക്കുകയും ചെയ്തു. ഇന്നത്തെ അവസ്ഥയ്ക്ക് നട്ടുച്ചക്ക് വിളക്കു കൊളുത്തണമെന്ന് മോദിജി പറഞ്ഞാലും പിണറായിജി മാത്രമല്ല നമ്മളും എതിരു പറയുമായിരുന്നില്ലല്ലോ.

പിണറായി വിജയന്‍ മുഖ്യമന്ത്രിയാണ്, അദ്ദേഹം പറഞ്ഞോട്ടെ, പക്ഷേ പാര്‍ട്ടി പറയാനുള്ളത് പാര്‍ട്ടി പറയേണ്ടേ എന്നു ചില സഖാക്കള്‍ ഗൗരവമായിത്തന്നെ ചോദിക്കുന്നുണ്ട്. പൊളിറ്റ് ബ്യൂറോ എന്തോ പറഞ്ഞെന്നു വരുത്തി. ഇവിടെ പാര്‍ട്ടി കാര്യമായൊന്നും പ്രതികരിച്ചതേ ഇല്ല. പത്തു വര്‍ഷം മുമ്പായിരുന്നുവെങ്കില്‍ ഇതാകുമായിരുന്നോ അവസ്ഥ. അതും പോകട്ടെ, പിണറായിയായിരുന്നു  പാര്‍ട്ടി സെക്രട്ടറി എങ്കില്‍ ഇങ്ങനെ പറയാന്‍ പാര്‍ട്ടി മുഖ്യമന്ത്രിയെ അനുവദിക്കുമായിരുന്നോ എന്നും ചോദ്യമുണ്ട്. ഉത്തരം തിരഞ്ഞ് അകലെയൊന്നും പോകേണ്ട. ഇവിടെ അങ്ങനെ പാര്‍ട്ടി സിക്രട്ടറിയും മുഖ്യമന്ത്രിയുമൊന്നും വെവ്വേറെ ഇല്ല. മുഖ്യമന്ത്രിയേ ഉള്ളൂ.....അതുതന്നെ സിക്രട്ടറിയും. 

അതു പോകട്ടെ. പിണറായിയുടെ നന്മയില്‍ ഗോപാലന്‍ പ്രവര്‍ത്തികള്‍ തുടര്‍ന്നും ആഹ്ലാദപൂര്‍വം അവലോകനം ചെയ്യാം. ശശി തരൂര്‍ ആഗോളപ്രശസ്ത എഴുത്തുകാരനും ബുദ്ധിജീവിയും തന്ത്രജ്ഞനുമൊക്കെ ആയിരുന്നെങ്കിലും പിണറായിക്കെന്നല്ല സി.പി.എമ്മിനു തന്നെ കണ്ണിന് കണ്ണ് കണ്ടുകൂടാത്ത ആളായിരുന്നു. ഐക്യരാഷ്ട്രസഭയുടെ സിക്രട്ടറി ജനറലാകാന്‍ രാജ്യം നിയോഗിച്ച ആളായിരുന്നു എന്ന് ഇന്ന് ആര്‍ ഓര്‍ക്കുന്നു. കേരളത്തിന്റെ തലസ്ഥാനമണ്ഡലത്തില്‍നിന്നു മൂന്നാം വട്ടം ഇടതുപക്ഷത്തെ മൂന്നാം സ്ഥാനത്താക്കി ലോക്‌സഭയിലേക്കു പോയ വെറുമൊരു കോണ്‍ഗ്രസ്സുകാരന്‍ മാത്രമാണിന്ന് തരൂര്‍. ആ തരൂര്‍ കേരളത്തിലെ കൊറോണ പ്രതിരോധത്തിന് ശ്രദ്ധേയമായ സഹായങ്ങള്‍ ചെയ്തപ്പോള്‍ പിണറായി പ്രശംസയില്‍ ഒട്ടും പിശുക്കു കാട്ടിയില്ല.

അതും പോകട്ടെ, ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റിനെ ഒരു വിവാദക്കുരുക്കില്‍ പെടുത്താന്‍ കിട്ടുന്ന ചാന്‍സ് മഹാത്മാഗാന്ധിയായാലും പാഴാക്കുമായിരുന്നില്ല. കോഴിക്കോട്ടു നിന്നു ഡി.ജി.പിയുടെ അനുമതി വാങ്ങി തിരുവനന്തപുരത്തേക്ക് വെച്ചടിച്ച കെ.സൂരേന്ദ്രനെ ചാനലുകള്‍ വളഞ്ഞിട്ട് പിടിച്ചപ്പോഴും പിണറായി പ്രതികരിച്ചില്ല. എല്ലാവരും നിന്നേടത്ത് നില്‍ക്കണം എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനമാണല്ലോ സുരേന്ദ്രന്‍ ലംഘിച്ചത്. ഡി.ജി.പി അനുമതി കൊടുത്തത് മുഖ്യമന്ത്രിയുടെ അറിവോടെയായിരിക്കും എന്നാര്‍ക്കാണ് ഊഹിക്കാന്‍ പറ്റാത്തത്. എന്തിന് സുരേന്ദ്രന്‍ തിരുവനന്തപുരത്തേക്ക് പറന്നു എന്നൊരുപക്ഷേ പിണറായിക്കും അറിയുമായിരിക്കാം. അത്യടിയന്തരം തന്നെയാവും. ഇനി ആവശ്യം വരുമ്പോള്‍ പിണറായി അതു പുറത്തെടുക്കുമായിരിക്കും. എന്തോ...നാളത്തെ കാര്യം ആര്‍ക്കറിയാം.

ഇങ്ങനെ ഇനിയും പലതു തപ്പിയെടുക്കാം. പക്ഷേ, രണ്ടു കുത്തുവാക്ക് പ്രധാനമന്ത്രി ശരിക്കും അര്‍ഹിക്കുന്ന ഒരു കേസ് ഇടയ്ക്ക് ഉണ്ടായപ്പോഴും പിണറായി അതിവിദഗ്ദ്ധമായി ഒഴിഞ്ഞുമാറിയത്  ഇവിടെ ആര്‍ക്കും അത്ര പിടിച്ചിട്ടില്ല കേട്ടോ. രണ്ടു വര്‍ഷം മുന്‍പ് കടുത്ത പ്രളയത്തില്‍ വശംകെട്ട കേരളത്തിനു വിദേശത്തുനിന്നു ലഭിക്കുമായിരുന്നു വിദേശസഹായം ക്രൂരമായി നിഷേധിക്കപ്പെട്ടിരുന്നു. യു.എ. ഇ തരാമെന്നു പറഞ്ഞ് 700 കോടി രൂപയാണ് നമുക്ക് നഷ്ടപ്പെട്ടത്. ഇവിടെ പണത്തിന് ഒരു പഞ്ഞവുമില്ല, വിദേശികളുടെ മുന്നില്‍ ചെന്നു പിച്ചച്ചട്ടി നീട്ടി രാജ്യത്തിന് അപമാനമുണ്ടാക്കുകയാണ് കേരളം എന്ന ഭാവത്തിലാണ് കേന്ദ്രം അതു നിഷേധിച്ചത്. ഇപ്പോഴിതാ കൊറോണ വന്നപ്പോള്‍ നയം മാറിയിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍തന്നെ വിദേശസഹായം തേടാന്‍ ഒരുങ്ങുന്നു. പിണറായിക്ക് അതിലും മോദിയോട് അപ്രിയമില്ല. ഒരു കുത്തുവാക്കു പോലും അദ്ദേഹത്തിന്റെ കൈയില്‍ സ്റ്റോക്കില്ലാതായിപ്പോയി.

ഇതിനെല്ലാം അപ്പുറമാണ് മുഖ്യമന്ത്രിയുടെ വിനയം. മറ്റേതൊരു സംസ്ഥാനത്തേക്കാള്‍ മികച്ച രീതിയില്‍ കേരളം കൊറാളയെ കൂട്ടായ കൈകാര്യം ചെയ്യുന്നുണ്ട്്. അതിനെക്കുറിച്ച് മുഖ്യമന്ത്രി വലിയ അവകാശവാദങ്ങള്‍ ഒന്നും ഉയര്‍ത്തുന്നില്ല. പ്രധാനമന്ത്രിയില്‍ നിന്ന് ഒരു പരിഗണനയും-വാക്കായോ കാശായോ- കിട്ടുന്നില്ല എന്നതില്‍ ഒട്ടു പരിഭവിക്കുന്നുമില്ല. 
കൊറോണക്കാലം ഇനി അധികം നീളാതിരിക്കട്ടെ. നീണ്ടാല്‍ സഖാവ് പിണറായി വിജയന്‍ നിഷ്‌കാമ കര്‍മയോഗി പുരസ്‌കാരം വാങ്ങി, സന്ന്യാസിവേഷത്തില്‍ വീട്ടിലിരിക്കുന്നത് കാണേണ്ടി വന്നേക്കുമോ എന്നൊരു ആശങ്ക. വേറെ പ്രശ്‌നമൊന്നുമില്ല.   

കാസറഗോഡിന്റെ വിധി
പൗരന്മാര്‍ പകല്‍ എന്തുചെയ്യുന്നു എന്നറിയാന്‍ പൊലീസ് ഉടനീളം ഡ്രോണുകള്‍ പറപ്പിച്ച് പരിശോധന നടത്താറുണ്ട് എന്ന് ഏതെങ്കിലും ഏകാധിപത്യ രാജ്യത്തെക്കുറിച്ച് ആരെങ്കിലും എഴുതിയിരുന്നെങ്കില്‍ നമ്മളാരും അതൊട്ടും വിശ്വസിക്കുമായിരുന്നില്ല. ഇന്ന് വീട്ടിനു പുറത്തിറങ്ങിയവര്‍ ഡ്രോണിന്റെ മുഴക്കം കേട്ട് മുണ്ടൂരി മുഖംമറച്ച് പാഞ്ഞ് രക്ഷപ്പെടുകയാണ് ഈ കേരളത്തില്‍. വരുംതലമുറയും തെളിവു കാട്ടിക്കൊടുക്കാതെ ഇതു വിശ്വസിച്ചേക്കില്ല. അതാണ് കൊറോണക്കാലം. പൗരാവകാശമെന്നത് പേരിനു പോലുമില്ല. അങ്ങാടിയില്‍ പോയവരെ പിടിച്ചുനിര്‍ത്തി ഏത്തമിടീക്കാന്‍ പൊലീസ് ഏമാനു ധൈര്യമുണ്ടായി ഈ കേരളത്തില്‍.

എന്നിട്ടാണ് നമ്മള്‍ അയല്‍സംസ്ഥാനത്തെക്കുറിച്ച് പരാതിയുമായി ജുഡീഷ്യറിയെ സമീപിച്ചത്.  കര്‍ണാടക എന്ന അയല്‍ സംസ്ഥാനത്തിലേക്ക് കടക്കാന്‍ കാസറഗോഡുകാര്‍ക്ക് അനുമതിയില്ല. കര്‍ണാടയുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നു കോടതി വിധിച്ചിട്ടും കര്‍ണാടകം അത് മൈന്‍ഡ് ചെയ്തിട്ടില്ല. മനുഷ്യര്‍ റോഡിലിറങ്ങാതെ വീട്ടിലിക്കണമെന്നു വ്യവസ്ഥയുള്ള കേരളത്തിന് എങ്ങനെ കര്‍ണാടകയെ ചോദ്യം ചെയ്യാനാവും?  കൊറോണയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനു തന്നെയാണ് രണ്ടു സംസ്ഥാനങ്ങളും ഭരണഘടനാവിരുദ്ധ നടപടികള്‍  സ്വീകരിക്കുന്നത്. പറഞ്ഞിട്ട് കാര്യമില്ല. കാസറഗോഡ് എന്ന പേരുതന്നെ കന്നടഭാഷയില്‍ നിന്ന് ഉല്‍ഭവിച്ചതാണെന്നും സംസ്ഥാനരൂപവല്‍ക്കരണം വരെ കാസറഗോഡ് കന്നടയുടെ ഭാഗമായിരുന്നെന്നും കാസറഗോഡിനെ കര്‍ണാടക സംസ്ഥാനത്തിന്റെ ഭാഗമാക്കണമെന്ന ആവശ്യത്തെച്ചൊല്ലി ഏറെ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു എന്നുമൊക്കെ ഇന്ന് ആരോര്‍ക്കുന്നു.

എട്ടു വര്‍ഷം മുമ്പ് തുടങ്ങിയ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് നിര്‍മാണം പൂര്‍ത്തിയാകാത്തതല്ലേ കാസര്‍ഗോഡുകാരെ കുഴക്കുന്നതെന്നും അധികമാരുമോര്‍ക്കുന്നില്ല. കാസര്‍ഗോഡ് കേരളത്തിലെ ഏറ്റവും അവഗണിക്കപ്പെട്ട പ്രദേശമാണ്. കര്‍ണാടകത്തിന്റെ ഭാഗമാകാത്തതില്‍ അവര്‍ ഇപ്പോഴും സങ്കടപ്പെടുന്നുണ്ടാവും. അതിനുത്തരം പറയേണ്ടത് കേരളമാണ്, കര്‍ണാടകമല്ല.
(published in Suprabhaatham daily dt 7Apr20)