Tuesday, 7 April 2020

പുതിയ പിണറായി അവതാരം
മുഖ്യമന്ത്രിയെ പരിഹസിക്കുകയാണ് എന്നു ധരിക്കരുത്. അതല്ല ഉദ്ദേശ്യം. കൊറോണ കൊണ്ട്  കേരളത്തിനുണ്ടായ ഉപ്രയോജനങ്ങള്‍ എന്നൊരു ഉപന്യാസം എഴുതേണ്ടി വരികയാണെങ്കില്‍ അതില്‍ പ്രാധാന്യമുള്ള സ്ഥാനത്തുണ്ടാവുക നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന് രണ്ടാഴ്ചക്കിടയില്‍ ഉണ്ടായ അവിശ്വസനീയമായ ഭാവാന്തരമാണ്. ഇതു വിജയേട്ടന്‍ തന്നെയോ എന്നു പിണറായി പ്രദേശത്തുകാര്‍പോലും ചോദിച്ചുപോകുന്ന നല്ല നടപ്പുശീലം. എന്തതിശയമേ.....

ഇപ്പോഴദ്ദേഹത്തിനു ശത്രുക്കളില്ല. മിത്രങ്ങളേ ഉള്ളൂ. എതിരാളികളില്ല,സഹായം നല്‍കേണ്ടവരേ ഉള്ളൂ. വിമര്‍ശനമില്ല,പരിഹാസമില്ല..പരിഗണനയേ ഉള്ളൂ.

കൊറോണ ഇല്ലാത്ത സമയത്ത് വേറെ എന്തെങ്കിലും കാര്യത്തിന് പ്രധാനമന്ത്രി ജനങ്ങളോട് രാത്രി തട്ടിന്‍പുറത്ത് കയറിനിന്ന് കിണ്ണം കിണ്ണത്തിന്മേല്‍ അടിച്ച് ശബ്ദമുണ്ടാക്കാനോ ഇലക്്ട്രിക് ലൈറ്റ് അണച്ച്  മണ്ണെണ്ണ വിളക്ക് തെളിയിക്കാനോ ആഹ്വാനം ചെയ്തിരുന്നുവെങ്കില്‍ എന്താകുമായിരുന്നു പിണറായിയുടെ പ്രതികരണം എന്നു സങ്കല്‍പ്പിക്കാന്‍ പ്രയാസമൊന്നുമില്ല. മോദി പ്രധാനമന്ത്രിയുടെ പണിയെടുക്കണം, തപ്പു കൊട്ടിക്കാനും വിളക്ക് കൊളുത്തിക്കാനുമൊക്കെ ഇവിടെ വേറെ ആളണ്ടെന്നെങ്കിലും മിനിമം പറയുമായിരുന്നു.  ഇപ്പോള്‍ അതൊന്നും ഉണ്ടായില്ല. വിളക്കു കൊളുത്തുന്നത് നല്ലതല്ലേ എന്നായിരുന്നു പ്രതികരണം. മുഖ്യമന്ത്രിയുടെ താമസസ്ഥലത്ത് വിളക്ക് അണക്കുകയും വിളക്ക് കത്തിക്കുകയും ചെയ്തു. ഇന്നത്തെ അവസ്ഥയ്ക്ക് നട്ടുച്ചക്ക് വിളക്കു കൊളുത്തണമെന്ന് മോദിജി പറഞ്ഞാലും പിണറായിജി മാത്രമല്ല നമ്മളും എതിരു പറയുമായിരുന്നില്ലല്ലോ.

പിണറായി വിജയന്‍ മുഖ്യമന്ത്രിയാണ്, അദ്ദേഹം പറഞ്ഞോട്ടെ, പക്ഷേ പാര്‍ട്ടി പറയാനുള്ളത് പാര്‍ട്ടി പറയേണ്ടേ എന്നു ചില സഖാക്കള്‍ ഗൗരവമായിത്തന്നെ ചോദിക്കുന്നുണ്ട്. പൊളിറ്റ് ബ്യൂറോ എന്തോ പറഞ്ഞെന്നു വരുത്തി. ഇവിടെ പാര്‍ട്ടി കാര്യമായൊന്നും പ്രതികരിച്ചതേ ഇല്ല. പത്തു വര്‍ഷം മുമ്പായിരുന്നുവെങ്കില്‍ ഇതാകുമായിരുന്നോ അവസ്ഥ. അതും പോകട്ടെ, പിണറായിയായിരുന്നു  പാര്‍ട്ടി സെക്രട്ടറി എങ്കില്‍ ഇങ്ങനെ പറയാന്‍ പാര്‍ട്ടി മുഖ്യമന്ത്രിയെ അനുവദിക്കുമായിരുന്നോ എന്നും ചോദ്യമുണ്ട്. ഉത്തരം തിരഞ്ഞ് അകലെയൊന്നും പോകേണ്ട. ഇവിടെ അങ്ങനെ പാര്‍ട്ടി സിക്രട്ടറിയും മുഖ്യമന്ത്രിയുമൊന്നും വെവ്വേറെ ഇല്ല. മുഖ്യമന്ത്രിയേ ഉള്ളൂ.....അതുതന്നെ സിക്രട്ടറിയും. 

അതു പോകട്ടെ. പിണറായിയുടെ നന്മയില്‍ ഗോപാലന്‍ പ്രവര്‍ത്തികള്‍ തുടര്‍ന്നും ആഹ്ലാദപൂര്‍വം അവലോകനം ചെയ്യാം. ശശി തരൂര്‍ ആഗോളപ്രശസ്ത എഴുത്തുകാരനും ബുദ്ധിജീവിയും തന്ത്രജ്ഞനുമൊക്കെ ആയിരുന്നെങ്കിലും പിണറായിക്കെന്നല്ല സി.പി.എമ്മിനു തന്നെ കണ്ണിന് കണ്ണ് കണ്ടുകൂടാത്ത ആളായിരുന്നു. ഐക്യരാഷ്ട്രസഭയുടെ സിക്രട്ടറി ജനറലാകാന്‍ രാജ്യം നിയോഗിച്ച ആളായിരുന്നു എന്ന് ഇന്ന് ആര്‍ ഓര്‍ക്കുന്നു. കേരളത്തിന്റെ തലസ്ഥാനമണ്ഡലത്തില്‍നിന്നു മൂന്നാം വട്ടം ഇടതുപക്ഷത്തെ മൂന്നാം സ്ഥാനത്താക്കി ലോക്‌സഭയിലേക്കു പോയ വെറുമൊരു കോണ്‍ഗ്രസ്സുകാരന്‍ മാത്രമാണിന്ന് തരൂര്‍. ആ തരൂര്‍ കേരളത്തിലെ കൊറോണ പ്രതിരോധത്തിന് ശ്രദ്ധേയമായ സഹായങ്ങള്‍ ചെയ്തപ്പോള്‍ പിണറായി പ്രശംസയില്‍ ഒട്ടും പിശുക്കു കാട്ടിയില്ല.

അതും പോകട്ടെ, ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റിനെ ഒരു വിവാദക്കുരുക്കില്‍ പെടുത്താന്‍ കിട്ടുന്ന ചാന്‍സ് മഹാത്മാഗാന്ധിയായാലും പാഴാക്കുമായിരുന്നില്ല. കോഴിക്കോട്ടു നിന്നു ഡി.ജി.പിയുടെ അനുമതി വാങ്ങി തിരുവനന്തപുരത്തേക്ക് വെച്ചടിച്ച കെ.സൂരേന്ദ്രനെ ചാനലുകള്‍ വളഞ്ഞിട്ട് പിടിച്ചപ്പോഴും പിണറായി പ്രതികരിച്ചില്ല. എല്ലാവരും നിന്നേടത്ത് നില്‍ക്കണം എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനമാണല്ലോ സുരേന്ദ്രന്‍ ലംഘിച്ചത്. ഡി.ജി.പി അനുമതി കൊടുത്തത് മുഖ്യമന്ത്രിയുടെ അറിവോടെയായിരിക്കും എന്നാര്‍ക്കാണ് ഊഹിക്കാന്‍ പറ്റാത്തത്. എന്തിന് സുരേന്ദ്രന്‍ തിരുവനന്തപുരത്തേക്ക് പറന്നു എന്നൊരുപക്ഷേ പിണറായിക്കും അറിയുമായിരിക്കാം. അത്യടിയന്തരം തന്നെയാവും. ഇനി ആവശ്യം വരുമ്പോള്‍ പിണറായി അതു പുറത്തെടുക്കുമായിരിക്കും. എന്തോ...നാളത്തെ കാര്യം ആര്‍ക്കറിയാം.

ഇങ്ങനെ ഇനിയും പലതു തപ്പിയെടുക്കാം. പക്ഷേ, രണ്ടു കുത്തുവാക്ക് പ്രധാനമന്ത്രി ശരിക്കും അര്‍ഹിക്കുന്ന ഒരു കേസ് ഇടയ്ക്ക് ഉണ്ടായപ്പോഴും പിണറായി അതിവിദഗ്ദ്ധമായി ഒഴിഞ്ഞുമാറിയത്  ഇവിടെ ആര്‍ക്കും അത്ര പിടിച്ചിട്ടില്ല കേട്ടോ. രണ്ടു വര്‍ഷം മുന്‍പ് കടുത്ത പ്രളയത്തില്‍ വശംകെട്ട കേരളത്തിനു വിദേശത്തുനിന്നു ലഭിക്കുമായിരുന്നു വിദേശസഹായം ക്രൂരമായി നിഷേധിക്കപ്പെട്ടിരുന്നു. യു.എ. ഇ തരാമെന്നു പറഞ്ഞ് 700 കോടി രൂപയാണ് നമുക്ക് നഷ്ടപ്പെട്ടത്. ഇവിടെ പണത്തിന് ഒരു പഞ്ഞവുമില്ല, വിദേശികളുടെ മുന്നില്‍ ചെന്നു പിച്ചച്ചട്ടി നീട്ടി രാജ്യത്തിന് അപമാനമുണ്ടാക്കുകയാണ് കേരളം എന്ന ഭാവത്തിലാണ് കേന്ദ്രം അതു നിഷേധിച്ചത്. ഇപ്പോഴിതാ കൊറോണ വന്നപ്പോള്‍ നയം മാറിയിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍തന്നെ വിദേശസഹായം തേടാന്‍ ഒരുങ്ങുന്നു. പിണറായിക്ക് അതിലും മോദിയോട് അപ്രിയമില്ല. ഒരു കുത്തുവാക്കു പോലും അദ്ദേഹത്തിന്റെ കൈയില്‍ സ്റ്റോക്കില്ലാതായിപ്പോയി.

ഇതിനെല്ലാം അപ്പുറമാണ് മുഖ്യമന്ത്രിയുടെ വിനയം. മറ്റേതൊരു സംസ്ഥാനത്തേക്കാള്‍ മികച്ച രീതിയില്‍ കേരളം കൊറാളയെ കൂട്ടായ കൈകാര്യം ചെയ്യുന്നുണ്ട്്. അതിനെക്കുറിച്ച് മുഖ്യമന്ത്രി വലിയ അവകാശവാദങ്ങള്‍ ഒന്നും ഉയര്‍ത്തുന്നില്ല. പ്രധാനമന്ത്രിയില്‍ നിന്ന് ഒരു പരിഗണനയും-വാക്കായോ കാശായോ- കിട്ടുന്നില്ല എന്നതില്‍ ഒട്ടു പരിഭവിക്കുന്നുമില്ല. 
കൊറോണക്കാലം ഇനി അധികം നീളാതിരിക്കട്ടെ. നീണ്ടാല്‍ സഖാവ് പിണറായി വിജയന്‍ നിഷ്‌കാമ കര്‍മയോഗി പുരസ്‌കാരം വാങ്ങി, സന്ന്യാസിവേഷത്തില്‍ വീട്ടിലിരിക്കുന്നത് കാണേണ്ടി വന്നേക്കുമോ എന്നൊരു ആശങ്ക. വേറെ പ്രശ്‌നമൊന്നുമില്ല.   

കാസറഗോഡിന്റെ വിധി
പൗരന്മാര്‍ പകല്‍ എന്തുചെയ്യുന്നു എന്നറിയാന്‍ പൊലീസ് ഉടനീളം ഡ്രോണുകള്‍ പറപ്പിച്ച് പരിശോധന നടത്താറുണ്ട് എന്ന് ഏതെങ്കിലും ഏകാധിപത്യ രാജ്യത്തെക്കുറിച്ച് ആരെങ്കിലും എഴുതിയിരുന്നെങ്കില്‍ നമ്മളാരും അതൊട്ടും വിശ്വസിക്കുമായിരുന്നില്ല. ഇന്ന് വീട്ടിനു പുറത്തിറങ്ങിയവര്‍ ഡ്രോണിന്റെ മുഴക്കം കേട്ട് മുണ്ടൂരി മുഖംമറച്ച് പാഞ്ഞ് രക്ഷപ്പെടുകയാണ് ഈ കേരളത്തില്‍. വരുംതലമുറയും തെളിവു കാട്ടിക്കൊടുക്കാതെ ഇതു വിശ്വസിച്ചേക്കില്ല. അതാണ് കൊറോണക്കാലം. പൗരാവകാശമെന്നത് പേരിനു പോലുമില്ല. അങ്ങാടിയില്‍ പോയവരെ പിടിച്ചുനിര്‍ത്തി ഏത്തമിടീക്കാന്‍ പൊലീസ് ഏമാനു ധൈര്യമുണ്ടായി ഈ കേരളത്തില്‍.

എന്നിട്ടാണ് നമ്മള്‍ അയല്‍സംസ്ഥാനത്തെക്കുറിച്ച് പരാതിയുമായി ജുഡീഷ്യറിയെ സമീപിച്ചത്.  കര്‍ണാടക എന്ന അയല്‍ സംസ്ഥാനത്തിലേക്ക് കടക്കാന്‍ കാസറഗോഡുകാര്‍ക്ക് അനുമതിയില്ല. കര്‍ണാടയുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നു കോടതി വിധിച്ചിട്ടും കര്‍ണാടകം അത് മൈന്‍ഡ് ചെയ്തിട്ടില്ല. മനുഷ്യര്‍ റോഡിലിറങ്ങാതെ വീട്ടിലിക്കണമെന്നു വ്യവസ്ഥയുള്ള കേരളത്തിന് എങ്ങനെ കര്‍ണാടകയെ ചോദ്യം ചെയ്യാനാവും?  കൊറോണയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനു തന്നെയാണ് രണ്ടു സംസ്ഥാനങ്ങളും ഭരണഘടനാവിരുദ്ധ നടപടികള്‍  സ്വീകരിക്കുന്നത്. പറഞ്ഞിട്ട് കാര്യമില്ല. കാസറഗോഡ് എന്ന പേരുതന്നെ കന്നടഭാഷയില്‍ നിന്ന് ഉല്‍ഭവിച്ചതാണെന്നും സംസ്ഥാനരൂപവല്‍ക്കരണം വരെ കാസറഗോഡ് കന്നടയുടെ ഭാഗമായിരുന്നെന്നും കാസറഗോഡിനെ കര്‍ണാടക സംസ്ഥാനത്തിന്റെ ഭാഗമാക്കണമെന്ന ആവശ്യത്തെച്ചൊല്ലി ഏറെ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു എന്നുമൊക്കെ ഇന്ന് ആരോര്‍ക്കുന്നു.

എട്ടു വര്‍ഷം മുമ്പ് തുടങ്ങിയ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് നിര്‍മാണം പൂര്‍ത്തിയാകാത്തതല്ലേ കാസര്‍ഗോഡുകാരെ കുഴക്കുന്നതെന്നും അധികമാരുമോര്‍ക്കുന്നില്ല. കാസര്‍ഗോഡ് കേരളത്തിലെ ഏറ്റവും അവഗണിക്കപ്പെട്ട പ്രദേശമാണ്. കര്‍ണാടകത്തിന്റെ ഭാഗമാകാത്തതില്‍ അവര്‍ ഇപ്പോഴും സങ്കടപ്പെടുന്നുണ്ടാവും. അതിനുത്തരം പറയേണ്ടത് കേരളമാണ്, കര്‍ണാടകമല്ല.
(published in Suprabhaatham daily dt 7Apr20)

No comments:

Post a comment