Friday, 18 September 2020

എന്‍.രാജേഷ് -സ്‌നേഹവും നന്മയും വിഫലമായ ജീവിതം

 എന്‍.രാജേഷ് -സ്‌നേഹവും നന്മയും വിഫലമായ ജീവിതം


തീര്‍ത്തും അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമായിരുന്നു രാജേഷിന്റെ അവസാനം. സദാ വിളിക്കുകയും തമാശ പറയുകയും ചെയ്തിരുന്ന രാജേഷ് കുറെയായി വിളിക്കുന്നില്ലല്ലോ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അങ്ങോട്ടു വിളിക്കുമ്പോഴും പഴയ ചിരിയും സന്തോഷവുമില്ല. നേരില്‍ കാണുമ്പോഴും എന്തോ ഒരു അകലം. ഒടുവില്‍ ഒന്നോ രണ്ടോ ആഴ്ചകള്‍ക്കു മുന്‍പാണ് അതിന്റെ കാരണം അറിയുന്നത്. അവന്‍ മനസ്സിലും തലയിലും ആളുന്ന തീയുമായി ജീവിക്കുകയായിരിക്കുന്നു-അല്ല, മെല്ലെ മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എല്ലാവരും വിവരം അറിയുമ്പോഴേക്ക് കാര്യങ്ങല്‍ കൈവിട്ടുപോയിരുന്നു. പിന്നെ, ഞാന്‍ കാണുന്നത് പ്രസ് ക്ലബ് കവാടത്തിനടുത്ത് വെള്ളത്തുണിയില്‍ പൊതിഞ്ഞു കിടത്തിയ മൃതദേഹമായാണ്.... 


മരിക്കാന്‍ എന്തിനായിരുന്നു ഈ വാശി എന്നറിയില്ല. സമ്പാദ്യവും കുടുംബസ്വത്തുമെല്ലാം തന്റെ ജീവന്‍ രക്ഷിക്കാന്‍ ഉപയോഗിച്ചാല്‍ പിന്നെ മകനു തുടര്‍ന്നു പഠിക്കാന്‍ പണമുണ്ടാകില്ലല്ലോ എന്നു ചിന്തിച്ചിരിക്കാം. രാജേഷിന് അങ്ങനെയേ ചിന്തിക്കാന്‍ പറ്റൂ. അത്രയും നിസ്വാര്‍ത്ഥനായിരുന്നു അവന്‍. ചില്ലറ മനക്കരുത്തൊന്നും പോരല്ലോ സ്വന്തം ജീവന്‍ വെടിയാനുളള തീരുമാനം കഠിനമനസ്സോടെ ഒരു മാറ്റവുമില്ലാതെ ഒരു കൊല്ലം കൊണ്ടുനടക്കാന്‍. 


സേവനത്വരയുടെയും നന്മയുടെയും പ്രൊഫഷനല്‍ മികവിന്റെയും ഏറെ അനുഭവങ്ങള്‍ മരണം നടന്നതിന്റെ തുടര്‍നാളുകളില്‍ സുഹൃത്തുക്കള്‍ ഓര്‍മ്മിച്ചു. പതിനേഴു വര്‍ഷം മുന്‍പ് ഭാര്യ മരണമടഞ്ഞ ശേഷം രാജേഷിന് ഒഴിവു സമയത്തെല്ലാം ചിന്ത പ്രസ് ക്ലബ്ബിനെക്കുറിച്ചും പത്രപ്രവര്‍ത്തക യൂണിയനെക്കുറിച്ചും ആയിരുന്നു. മാധ്യമം ജേണലിസ്റ്റ് യൂണിയനെക്കുറിച്ചായിരുന്നു. പ്രൊഫഷനല്‍ കാര്യങ്ങളെക്കുറിച്ചായിരുന്നു. എല്ലാം സ്വന്തം കാര്യം പോലെ രാജേഷ് കൊണ്ടുനടന്നു. ജേണലിസ്റ്റുകള്‍ക്കു വേണ്ടി മാത്രമല്ല, നോണ്‍ ജേണലിസ്റ്റുകള്‍ക്കു വേണ്ടിയും മാനേജ്‌മെന്റുമായി നിര്‍ഭയം കാര്യം പറഞ്ഞ് ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ രാജേഷ് വേണമായിരുന്നു. അതു മാധ്യമം പത്രത്തിന്റെ കാര്യത്തില്‍ മാത്രമല്ല, കോഴിക്കോട്ടെ പല ചെറുപത്രങ്ങളുടെ കാര്യത്തിലും ഇതു സത്യമായിരുന്നു. മാനേജ്‌മെന്റുമായുള്ള നിരന്തരപോരാട്ടം രാജേഷിന് പല പ്രൊഫഷനല്‍ സാധ്യതകളും നഷ്ടപ്പെടുത്തിയതായി സഹപ്രവര്‍ത്തകര്‍ ഓര്‍ത്തു. അദ്ദേഹം ഒരിക്കലും പരിഭവമായിപ്പോലും ഇക്കാര്യം പറഞ്ഞിട്ടില്ല. പത്രപ്രവര്‍ത്തകയൂണിയന്‍ ഭാരവാഹിയായും മാധ്യമം പത്രത്തിലെ ന്യൂസ് എഡിറ്റര്‍ വരെയും  പ്രവര്‍ത്തിക്കുന്നതിനിടയില്‍ അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്കു വേണ്ടി ചെയ്ത സഹായങ്ങളും നടത്തിയ ഇടപെടലുകളും  എല്ലാവര്‍ക്കും അറിയുന്നതായിരുന്നു. സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ ഏറ്റവും വിശ്വാസത്തോടെ സമീപിച്ചിരുന്ന ഒരാളും രാജേഷ് ആയിരുന്നു.  


'രാജേഷേട്ടന്റ സംസാരത്തിലും ചലനങ്ങളിലുമൊക്കെ ഞാന്‍ ഇക്കാക്കയെ കാണുമായിരുന്നു. അതു കൊണ്ട് ഞങ്ങള്‍ തമ്മില്‍ അങ്ങനെയൊരു അദൃശ്യമായ ഹൃദയബന്ധം (രാജേഷേട്ടന് ഇക്കാര്യം അറിയില്ലായിരുന്നു) ഉണ്ടായിരുന്നു. അദ്ദേഹത്തില്‍ നിന്ന് ഒരു കരുതല്‍, സ്‌നേഹം, വാല്‍സല്യം ഒക്കെ എനിക്ക് ഫീല്‍ ചെയ്യും. മറ്റു പലരും എഴുതിക്കണ്ടു അവര്‍ക്കും രാജേഷേട്ടന്‍ അങ്ങനെ തന്നെയാണെന്ന്.' മാധ്യമം ഡസ്‌കിലെ സഹപ്രവര്‍ത്തക വി.പി റജീന ഫെയ്‌സ്ബുക്കില്‍ എഴുതി. 


ഒരുപാട് സഹപ്രവര്‍ത്തകര്‍, സ്ഥാപനത്തിനു പുറത്തുള്ളവര്‍, സ്‌കൂള്‍ കാല സുഹൃത്തുക്കള്‍, മകന്റെ സ്‌കൂളിലെ പി.ടി.എ പ്രവര്‍ത്തകര്‍, ഐ.വൈ.എ സഹപ്രവര്‍ത്തകര്‍...ഇങ്ങനെ നിരവധി പേര്‍ മരണത്തിന്റെ തുടര്‍നാളുകളില്‍ രാജേഷിനെക്കുറിച്ച് നല്ലതു പറയാന്‍ പ്രസ് ക്ലബ്ബില്‍ വന്നു. ഭാര്യ മരിച്ച ശേഷം രാജേഷിന് മനസ്സമാധാനം നല്‍കിയത്് പ്രസ് ക്ലബ്ബ് പ്രവര്‍ത്തനമായിരുന്നു എന്നു തോന്നുന്നു. അതൊരു ഒളിച്ചോട്ടമായിരിക്കാം. ഭാരവാഹിയൊന്നും അല്ലെങ്കിലും രാജേഷ് പ്രസ് ക്ലബ്ബിലെത്തും, പല പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകും.  

ഐ.സി.ജെ രാജേഷിന് സ്വന്തംപോലെ ആയിരുന്നു. കാര്യങ്ങള്‍ നേരെ നടക്കുന്നില്ല എന്നു തോന്നിയാല്‍ രാജേഷ് ആരുമായും പിണങ്ങാനും മടിക്കാറില്ല. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണസമിതിയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്ന ആള്‍ രാജേഷ് ആയിരിക്കും. രണ്ടിലേറത്തവണ സിക്രട്ടറി തന്നെ ആയിരുന്നു. ട്രഷററായിരുന്നപ്പോഴും അദ്ദേഹം ഈ ചുമതല നിര്‍വഹിച്ചു. സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഇടയ്ക്ക്് ഞാന്‍ പ്രസിഡന്റും രാജേഷ് സിക്രട്ടറിയുമായിരുന്നപ്പോഴാണ് അവിടെ വിഷ്വല്‍ മീഡിയ കോഴ്‌സ് ആരംഭിച്ചത്. എനിക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. എങ്കിലും തുടക്കമിട്ടത് രാജേഷിന്റെ അഭിപ്രായത്തിന് വഴങ്ങിയാണ്. ഞങ്ങള്‍ക്കു ശേഷം അത്ു തുടര്‍ന്നില്ല. 


ഇന്‍സ്റ്റിറ്റ്യൂട്ടിലെ രാവിലത്തെ ന്യൂസ് അനാലിസിസ് പരിപാടി രാജേഷിന് ഒരു ഹരം തന്നെ ആയിരുന്നു. കുട്ടികളുടെ പത്രവിശകനലം കേട്ട് രണ്ട് അഭിപ്രായം പറഞ്ഞ് തൃപ്തിപ്പെടുന്ന ആളായിരുന്നില്ല രാജേഷ്. പത്രങ്ങള്‍ മുഴുവന്‍ വായിച്ച് സജ്ജനായാണ് രാജേഷ് ക്ലാസ്സില്‍ വന്നിരുന്നതുതന്നെ. ചര്‍ച്ചയില്‍ ഇടപെടും. ശ്രദ്ധേയമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടും. വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍പരമായി വലിയ പയോജനം ചെയ്യുന്ന ഒരു സംഗതിയാണ് അത്. മാധ്യമം ന്യൂസ് റൂമിലും വാര്‍ത്താവലോകനം രാജേഷിന്റെ ചുമതലയായിരുന്നു. സഹപ്രവര്‍ത്തകരും എഡിറ്റോറിയല്‍ തലപ്പത്തുള്ളവരും അദ്ദേഹത്തിന്റെ വിലയിരുത്തലിനെ വില കല്പിച്ചിരുന്നു.


 മീഡിയ അക്കാദമി കാര്യങ്ങളെക്കുറിച്ച് മന്ത്രി കെ.സി. ജോസഫുമായി ഒരു ചര്‍ച്ച. രാജേഷ് ഇടത്തെ അറ്റത്ത്. അക്കാദമി സിക്രട്ടറി സന്തോഷും വൈസ് ചെയര്‍മാന്‍ കെ.സി.രാജഗോപാലും ഒപ്പംകോഴിക്കോട് പ്രസ് ക്ലബ്ബിന്റെ പ്രസിഡന്റ് ഞാനും സിക്രട്ടറി രാജേഷുമായിരുന്ന 2002-2005 കാലത്താണ് ഞങ്ങള്‍ വളരെ അടുത്തത്. സംഘര്‍ഷഭരിതമായിരുന്നു രണ്ടു വര്‍ഷവും. കോഴിക്കോട് ഇന്‍ഡ്യവിഷന്‍ ആക്രമണം, എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെ ആക്രമണം, പ്രസ് ക്ലബ്ബിനു നേരെ ആക്രമണം, പ്രസ് ക്ലബ്ബും എല്‍.ഐ.സിയും തമ്മില്‍ ഭൂമി തര്‍ക്കം, മാറാട് കലാപ ഒത്തുതീര്‍പ്പു വിവാദം തുടങ്ങിയയെല്ലാം അരങ്ങേറി കാലം. പുറത്തു പല വിമര്‍ശനങ്ങളും ഉയര്‍ന്നെങ്കിലും നിലപാടുകളിലോ നടപടികളിലോ ഞങ്ങള്‍ത്തമ്മില്‍ ഒരു അഭിപ്രായവ്യത്യാസവുമുണ്ടാകാഞ്ഞത് രാജേഷിന്റെ പക്വമായ സമീപനം കാരണമായിരുന്നു. സംഘടനയുടെയും പത്രപ്രവര്‍ത്തകരുടെയും താല്പര്യങ്ങള്‍ക്കാണ് അദ്ദേഹം എപ്പോഴും പ്രാധാന്യം നല്‍കിയിരുന്നത്. രാഷ്ട്രീയപക്ഷപാതങ്ങള്‍ ഒട്ടുമില്ലായിരുന്നു. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിക്കാന്‍ പിറ്റേ ദിവസം കോഴിക്കോട് ഡി.ഐ.ജി ഓഫീസിലേക്ക് പത്രപ്രവര്‍ത്തക മാര്‍ച്ച് നടത്തിയത്് ഓര്‍ക്കുന്നു. മാര്‍ച്ചില്‍ അക്രമമുണ്ടായേക്കുമെന്ന ആശങ്ക, ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ രാവിലെ പ്രസ് ക്ലബ്ബില്‍ വന്ന് ഞങ്ങളെ അറിയിച്ചു. മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ട്രേഡ് യൂണിയന്‍കാരും പുറപ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ടാണ് അവരില്‍ സംശയമുണ്ടാക്കിയത്.  പത്രപ്രവര്‍ത്തകരാരും അത്തരക്കാരല്ലെന്നും ഇതൊരു പാര്‍ട്ടി പരിപാടിയല്ലെന്നും ഞാനും രാജേഷും അവര്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തു. പക്ഷേ, മാര്‍ച്ച് ഡി.ഐ.ജി ഓഫീസിനു മുന്നിലെത്തിയപ്പോഴാണ് ആശങ്കയില്‍ കാര്യമായത്. ട്രേഡ് യൂണിയന്‍കാര്‍ കുഴപ്പത്തിനൊന്നും ഒരുമ്പെട്ടില്ല. എന്നാല്‍, നമ്മുടെ സഹപ്രവര്‍ത്തകരില്‍ ഒരു വലിയ സംഘം പൊലീസ് പ്രതിരോധം തകര്‍ത്ത് ഓഫീസിലേക്ക് ഇടിച്ചുകയറാന്‍ കഠിനശ്രമം നടത്തി. പ്രകടനത്തിന്റെ മുന്‍നിരയില്‍ വലിയ ബാനറുമായി നിലയുറപ്പിച്ചിരുന്ന, രാജേഷ് ഉള്‍പ്പെടെയുള്ള മുന്‍നിര പ്രവര്‍ത്തകരുടെ കഠിനശ്രമം കൊണ്ടു മാത്രമാണ് അതു തടയാന്‍ കഴിഞ്ഞത്. കുറച്ചുനേരത്തെ ശ്രമത്തിനു ശേഷം ശാന്തമായി പ്രതിഷേധയോഗം അവിടെത്തന്നെ നടത്തുകയും ചെയ്തു. നല്ലൊരു ലാത്തിച്ചാര്‍ജ്ജിനുള്ള അവസരം നഷ്ടപ്പെടുത്തിയതിന് ചില പത്രപ്രവര്‍ത്തക സഖാക്കള്‍ ഞങ്ങളെ പിന്നീട് കുറ്റപ്പെടുത്തിയതായും കേട്ടു! 


2011-14 കാലത്ത് രാജേഷ് കെ.യു.ഡബ്്‌ള്യൂ.ജെ പ്രതിനിധിയായി കേരള മീഡിയ അക്കാദമി എക്‌സി. കൗണ്‍സില്‍ അംഗമായിരുന്നു. ജേണലിസം ക്ലാസ്സും ചില അവാര്‍ഡ് പ്രഖ്യാപനങ്ങളും മാത്രം നടത്തുന്ന,  ജീവനക്കാരുടെ ശമ്പളം വര്‍ഷത്തില്‍ പലവട്ടം മുടങ്ങിയിരുന്ന ഒരു നിര്‍ദ്ധന സ്ഥാപനമായിരുന്നു അന്നത്തെ അക്കാദമി. കഠിനശ്രമങ്ങളിലൂടെയാണ് അത് മാറ്റിയെടുത്തത്. ഈ ശ്രമങ്ങളുടെയെല്ലാം പിന്നില്‍ എപ്പോഴും രാജേഷിന്റെ ക്രിയേറ്റീവ് ആയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമുണ്ടായിരുന്നു. പല ചുമതലകളും അദ്ദേഹം സ്വയംഏറ്റെടുത്തു ചെയ്തു. സംസ്ഥാനത്തെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ അനുഭവങ്ങള്‍ ഇന്റര്‍വ്യൂകളായി വരുംതലമുറകള്‍ക്കു വേണ്ടി രേഖപ്പെടുത്തണം എന്ന ആശയം രാജേഷിന്റേതായിരുന്നു എന്നാണ് ഓര്‍മ്മ. എന്തായാലും, ഇതിനായി ഏറ്റവുമേറെ പത്രപ്രവര്‍ത്തകരെ ഇന്റര്‍വ്യൂ ചെയ്തത് രാജേഷ് ആയിരുന്നു. 


ഞങ്ങളുടെ ഭാരവാഹിത്വ കാലത്താണ് മീഡിയ എന്ന ദ്വിഭാഷാ മാധ്യമ പ്രസിദ്ധീകരണത്തിനു തുടക്കമിടുന്നത്. തിരുവനന്തപുരം കേസരി മന്ദിരത്തില്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് അക്കാദമിയുടെ ആദ്യകാല ചെയര്‍മാന്‍ കൂടി ആയിരുന്ന പി.ഗോവിന്ദപിള്ളയായിരുന്നു. പെരുമ്പടവം ശ്രീധരനാണ് ഏറ്റുവാങ്ങിയത.് രാജ്യത്തെ ഏറ്റവും മികച്ച മാധ്യമപ്രസിദ്ധീകരണമായി മാറിക്കഴിഞ്ഞ മീഡിയയുടെ പ്രസിദ്ധീകരണത്തില്‍ രാജേഷ് സജീവമായി പങ്ക് വഹിച്ചിട്ടുണ്ട്. 


അക്കാദമിയുടെ പരിശീലനപരിപാടികളിലും അദ്ദേഹം താല്പര്യമെടുത്തിരുന്നു. പ്രാദേശിക ലേഖകന്മാര്‍ക്ക് വേണ്ടി സംസ്ഥാനത്തുടനീളം നടത്തിയ ജേണലിസം വര്‍ക്ക്‌ഷോപ്പുകള്‍, വിവരാവകാശ നിയമ ക്ലാസ്സുകള്‍, ഫോട്ടോഗ്രാഫി, ഡിജിറ്റല്‍ ജേണലിസം, ധനകാര്യ പത്രപ്രവര്‍ത്തനം ഡല്‍ഹിയിലും ചെന്നൈയിലും നടത്തിയ സെമിനാറുകള്‍ തുടങ്ങിയ തുടങ്ങിയ എല്ലാ പരിപാടികളിലും രാജേഷും കൂട്ടായി ഒപ്പമുണ്ടായിരുന്നു. . ആ കാലഘട്ടത്തില്‍ത്തന്നെയാണ് കേരള പ്രസ് അക്കാദമി കേരള മീഡിയ അക്കാദമി ആയി മാറുന്നത്; ഉദ്ഘാടനം നടക്കുമ്പോള്‍ ഞാന്‍ ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞിരുന്നെങ്കിലും. 


2014-ജുലൈയില്‍ ഞാന്‍ അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു. മൂന്നു വര്‍ഷത്തെ കാലാവധി കഴിഞ്ഞാല്‍ അതു നീട്ടാനാണ് തീരുമാനമെന്നും പ്രവര്‍ത്തനം നിര്‍ത്തരുതെന്നും മന്ത്രി കെ.സി ജോസഫ് എന്നെ വിളിച്ചുപറഞ്ഞിരുന്നു. എന്റേതായ കാരണങ്ങളാല്‍ എനിക്ക് അതു സ്വീകാര്യമായിരുന്നില്ല. രാജേഷ് എന്നോട് തുടരാന്‍ പറഞ്ഞുകൊണ്ടേ ഇരുന്നു. ഞങ്ങള്‍ ഒന്നിച്ച് അക്കാദമിയില്‍ ഉണ്ടായ അവസാന ദിവസം, അക്കാദമി മീറ്റിങ്ങ് കഴിഞ്ഞ് രാത്രി വൈകുവോളം കാക്കനാട്ട്് ഇക്കാര്യം സംസാരിച്ചുകൊണ്ടേയിരുന്നു. വൈസ് ചെയര്‍മാന്‍ കെ.സി. രാജഗോപാലും ഒപ്പമുണ്ടായിരുന്നു. അതായിരുന്നു ഞങ്ങളുടെ അവസാനത്തെ ദീര്‍ഘസംവാദം.


കോഴിക്കോട്ട് ഞാന്‍ ഏറ്റവും കൂടൂതല്‍ തവണ കയറിയറങ്ങിയ വീട് രാജേഷിന്റെ വീടാണ്. ആ വഴിയാണ് ഞാന്‍ നഗരത്തില്‍ വന്നുപോകുന്നത്. വീട്ടിലെ എല്ലാ പ്രധാനസംഭവങ്ങള്‍ക്കും ഞാന്‍ പോയിരുന്നു. ജോലിയില്‍നിന്നു വിരമിച്ച ശേഷം ആ യാത്രയും രാജേഷുമായുള്ള സംസാരവും കുറെ കുറഞ്ഞിരുന്നു. അവസാനവര്‍ഷം അതു വളരെ നേര്‍ത്തതായി. ഇത്രയേറെ നന്മയോടെ ജീവിച്ചിട്ടും ഇത്രയും പ്രാധാന്യം പ്രാര്‍ത്ഥനകള്‍ക്കും നല്‍കിയിട്ടും ഇത്രയും വേദനയോടെ മരണം വരിക്കേണ്ടി വന്ന രാജേഷ് ഉണങ്ങാത്ത മുറിവായി നമ്മെ നിരന്തരം വേദനിപ്പിക്കും.


Wednesday, 9 September 2020

അതെ, ഫെയ്സ്ബുക്ക് രാഷ്ട്രങ്ങള്‍ക്കും മീതെ തന്നെ

ഡെഡ്എന്‍ഡ്  
എന്‍.പി രാജേന്ദ്രന്‍

ഫെയ്സ്ബുക്കിനെക്കുറിച്ചുള്ള ഏത് ഇംഗ്ലീഷ് ലേഖനത്തിലും കാണാനിടയുള്ള ഒരു പ്രയോഗമുണ്ട്.'ഫെയ്സ്ബുക്ക് ഒരു രാജ്യമായിരുന്നുവെങ്കില്‍ അത് ലോകത്തിലെ ഏറ്റവും വലിയ രാജ്യമാവുമായിരുന്നു' ! ഈയിടെ മറ്റൊരു വിശേഷണം കൂടി വായിച്ചു. ഫെയ്സ്ബുക്ക് ഒരു മതമായിരുന്നെങ്കില്‍ അത് ക്രിസ്തുമതത്തേക്കാള്‍ വലിയ മതമാകുമായിരുന്നു....

മാനവരാശിയില്‍ മൂന്നിലൊന്ന് -220 കോടി-മാസത്തിലൊരിക്കലെങ്കിലും ഫെയ്സ്ബുക്ക് സന്ദര്‍ശിക്കുന്നു എന്നതില്‍നിന്നാണ് ഈ അതിശയോക്തികളെല്ലാം ജന്മമെടുത്തത്.  

പെട്രോളോ മറ്റേതെങ്കിലും ഉപഭോഗവസ്തുവോ വില്‍ക്കുന്ന ഒരു വ്യാപാരസ്ഥാപനമാണ് ഈ വിധം ഫെയ്സ്ബുക്കിനോളമോ അതിലേറെയോ വളരുന്നത് എങ്കില്‍ നമ്മള്‍ അതിനെക്കുറിച്ച് ഇതുപോലെയൊന്നും വേവലാതിപ്പെടുകയില്ല. ഫെയ്സ്ബുക്ക് മനുഷ്യരചനകളാണ് പ്രധാനമായും കൈകാര്യം ചെയ്യുന്നത്, നമ്മളവിടെ എഴുതുകയും വായിക്കുകയുമാണ് ചെയ്യുന്നത്, ആശയങ്ങളാണ് കൊടുക്കുന്നതും വാങ്ങുന്നതും, വാര്‍ത്തകളും അഭിപ്രായങ്ങളുമാണ് ആളുകളില്‍ എത്തിക്കുന്നത്, വ്യക്തികള്‍ എന്ന നിലയിലും സംഘങ്ങളായും ഇതില്‍കൂടി ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു,ആത്യന്തികമായി ഇതെല്ലാം രാഷ്ട്രീയമാണ്. ഏറ്റവും വലിയ രാഷ്ട്രമോ ചില അര്‍ത്ഥങ്ങളില്‍ മതംതന്നെയോ ചെലുത്തുന്നതിലേറെ സ്വാധീനം ഈ സാമൂഹ്യമാധ്യമം സമൂഹത്തില്‍ ചെലുത്തുന്നു.

അങ്ങനെ പറയുന്നതിലും ഒരു പ്രശ്നമുണ്ട്. സമൂഹമാധ്യമം എന്ന് ഈ സമ്പ്രദായത്തെ പേരുവിളിക്കുന്നു. ഫെയ്സ്ബുക്ക് ഒരു മാധ്യമമാണോ? മാധ്യമപ്രവര്‍ത്തനത്തിന്റെ നിര്‍വചനങ്ങളില്‍ പെടുന്ന ഒരു പ്രവര്‍ത്തനവുമല്ല ഫെയ്സ്ബുക്ക് നടത്തുന്നത്. അവര്‍ സ്വന്തമായി ഒരു ലേഖനം പോലും എഴുതുന്നില്ല, എഴുതിക്കുന്നില്ല, പ്രസിദ്ധീകരിക്കുന്നില്ല. സക്കര്‍ബര്‍ഗ് ഒന്നിന്റെയും ചീഫ് എഡിറ്ററല്ല. ആ സ്ഥാപനത്തില്‍ എഡിറ്റിങ്ങേ ഇല്ല. ഫെയ്സ്ബുക്ക് ഒരു ചുമരു മാത്രമാണ്, ആര്‍ക്കും എന്തും അതിലെഴുതാവുന്ന ചുമര്‍. ഒരു ചുമര്‍ എന്നു പറയുന്നതും തെറ്റ്. ഫെയ്സ്ബുക്ക്  കോടിക്കോടി ചുമരുകളാണ്. ചുമര്‍ എന്ന വാക്കുതന്നെയാണ് അവര്‍ ഉപയോഗിക്കുന്നത.് ഇരുനൂറു കോടി ആളുകള്‍ ഫെയ്സ്ബുക്കില്‍ ഉണ്ടെങ്കില്‍ ഇരുനൂറു കോടി ചുമരുകള്‍ ആണ് ഉള്ളത് എന്നര്‍ത്ഥം. നാട്ടില്‍ ഒരു ചുമരിലെഴുതിയാല്‍ അത് അവിടെ കിടക്കുകയേ ഉളളൂ. ഫെയ്സ്ബുക്കില്‍ എഴുതുന്നത് അമ്പതോ നൂറോ ആയിരമോ ലക്ഷമോ കോടിയോ ചുമരുകളിലേക്ക് ഷെയര്‍ ചെയ്യാം. ഷെയര്‍ എന്നതാണ് സാങ്കേതികപദം. അതേ, നമ്മളാണ് എഴുതുന്നത്, നമ്മളോട് എന്തെങ്കിലും എഴുതാന്‍ അവര്‍ ആവശ്യപ്പെടുന്നില്ല. അവര്‍ ഒന്നിനുമൊപ്പം നില്‍ക്കുന്നില്ല. മുഖപ്രസംഗം എഴുതുന്നില്ല. അതു കൊണ്ടു തന്നെ ഫെയ്സ്ബുക്ക് ഒരു മാധ്യമമല്ല. അതേസമയം, എണ്ണമറ്റ മാധ്യമങ്ങളില്‍ ആയിരക്കണക്കിന് എഴുത്തുകാരും ലേഖകരും എഴുതുന്നതെല്ലാം എടുത്തുവിറ്റ് ഫെയ്സ്ബുക്ക് ലോഡ്കണക്കിനു ഡോളര്‍ സമ്പാദിക്കുകയും ചെയ്യുന്നു!  എല്ലാം നിയമവിധേയമായ പ്രവര്‍ത്തനം തന്നെ.

ഒന്നും സ്വന്തമായി പ്രസിദ്ധപ്പെടുത്തുന്നില്ലെങ്കിലും, സ്ഥാപിച്ച് പതിനാലു വര്‍ഷമാവുമ്പോഴേക്ക് ഫെയ്സ്ബുക്കിന് അമേരിക്കയിലെ മുഴുവന്‍ പത്രങ്ങള്‍ക്ക് ആകെ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ പരസ്യവരുമാനം കിട്ടും എന്നായി. ഇതുകേട്ട ഞെട്ടാനല്ലാതെ പത്രങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും! ഫെയ്സ്ബുക്കിന് വലിയ പരസ്യവരുമാനം കിട്ടുന്നു എന്നതിലല്ല, ഈ വരുമാനത്തില്‍ നല്ലൊരു പങ്ക് പത്രങ്ങളില്‍ നിന്നുള്ള ഉള്ളടക്കം ഉപയോഗിച്ചുണ്ടാക്കുന്നതാണ് എന്നതാണ് മാധ്യമങ്ങളുടെ വലിയ പരിഭവം. ഫെയ്സ്ബുക്ക് ഇതിനു പത്രങ്ങള്‍ക്ക് അര ഡോളര്‍ പോലും പ്രതിഫലം നല്‍കുന്നില്ല. ഫെയ്സ്ബുക്കിന് ലോകത്തൊരിടത്തും ഒരു ലേഖകന്‍ പോലുമില്ല, പക്ഷേ, ഫെയ്സ്ബുക്ക് നിറയെ വാര്‍ത്തയാണ്, അഭിപ്രായമാണ്, ലേഖനമാണ്, ചര്‍ച്ചയാണ്-പണമാണ്.  

അവസാനം പറഞ്ഞതാണ്് പ്രധാനം-പണം. പല മാധ്യമങ്ങള്‍ക്കും അതല്ലേ പ്രധാനം എന്നു വേണമെങ്കില്‍ ചോദിക്കാം. അതും സത്യമാണ്. പക്ഷേ, മാധ്യമങ്ങള്‍ക്ക് ജനങ്ങളോട് വേറെയും പല പല ബാധ്യതകളും ഉത്തരവാദിത്തങ്ങളും ഉണ്ട്്. അതു നിറവേറ്റുന്നതിനും നിറവേറ്റാതിരിക്കുന്നതിനും ഇടയിലാണ് അവര്‍ പണമുണ്ടാക്കുന്നത്. അത് മറ്റൊരു വിഷയം-അവിടെ നില്‍ക്കട്ടെ. ഇന്ത്യയില്‍ അതിവിഷം നിറഞ്ഞ വിദ്വേഷപ്രസംഗങ്ങള്‍/ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നത് തടയാന്‍ ഫെയ്സ്ബുക്ക് കൂട്ടാക്കുന്നില്ല എന്നു നമ്മള്‍ വിലപിക്കുന്നതും രോഷം കൊള്ളുന്നതും എന്തിന്റെ അടിസ്ഥാനത്തിലാണ്? ഓഗസ്ത് മാസാദ്യം ഇത് വലിയ വിവാദവുമായി. ഒരു ബി.ജെ.പി എം.പിയുടെ വിദ്വേഷപ്രസംഗം ഫെയ്സ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പ്രഖ്യാപിത നയം അനുസരിച്ചുതന്നെ പ്രസിദ്ധീകരണയോഗ്യമല്ലാത്ത ഉള്ളടക്കമാണ്. പക്ഷേ, അതു എടുത്തുകളയാന്‍ ഫെയ്സ്ബുക്കിന്റെ ഇന്ത്യന്‍ പ്രതിനിധി കൂട്ടാക്കിയില്ല. അങ്ങനെ ചെയ്യുന്നത് ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍ക്ക് ഇഷ്ടപ്പെടില്ലെന്നും അത് ഫെയ്സ്ബുക്കിന്റെ വ്യാപാരതാല്പര്യങ്ങളെ ബാധിക്കുമെന്നുമാണ് സ്ഥാപനത്തിന്റെ ഇന്ത്യന്‍ പ്രതിനിധി പറഞ്ഞത്. ഇന്ത്യ സര്‍ക്കാറോ കോടതിയോ വല്ല നടപടിയും എടുത്തോ എന്നു ഫെയ്സ്ബുക്ക് തിരിച്ചുചോദിച്ചാല്‍ നമ്മുടെ ഉത്തരം മുട്ടും. പിന്നെ എന്തിന് ഫെയ്സ്ബുക്കിനെ ശിക്ഷിക്കാന്‍ നടക്കുന്നു. പെറ്റ തള്ളക്ക് ഇല്ലാത്ത നോവ് പോറ്റിയ അയല്‍ക്കാരിക്ക് ഉണ്ടാകുമോ?

ഇതെല്ലാം ഒരു യാഥാര്‍ത്ഥ്യത്തെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്നു. ഫെയ്സ്ബുക്ക് ഒരു വാണിജ്യസ്ഥാപനം മാത്രമാണ്. മാധ്യമങ്ങളില്‍നിന്നു ചിലതെല്ലാം പ്രതീക്ഷിക്കാന്‍ നമുക്ക് അവകാശമുണ്ട്. അതെല്ലാമൊന്നും കിട്ടില്ല, കിട്ടാത്തതിനെക്കുറിച്ച് രോഷം കൊള്ളാനും നമുക്ക് അവകാശമുണ്ട്. ടൈംസ് ഓഫ് ഇന്ത്യ ഒഴികെ മറ്റൊരു പ്രസിദ്ധീകരണവും-റുപര്‍ട്ട് മര്‍ഡോക് പോലും- വാര്‍ത്തയല്ല, പരസ്യമാണ് തങ്ങളുടെ വില്‍പ്പനവസ്തു  എന്നു പറഞ്ഞിട്ടില്ല. മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിന് ലവലേശം മനസ്സാക്ഷിക്കുത്ത് ആവശ്യമില്ല. അദ്ദേഹം വാര്‍ത്ത ഉണ്ടാക്കുകയോ വില്‍ക്കുകയോ ചെയ്യുന്നില്ല. അദ്ദേഹം പണമുണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്.

ലോകത്ത് ഇരുനൂറോളം രാഷ്ട്രങ്ങള്‍ ഉള്ളതില്‍ പത്തെണ്ണമേ വാര്‍ഷിക മൊത്തവരുമാനത്തിന്റ കാര്യത്തില്‍ ഫെയ്സ്ബുക്കിന്റെ മുകളില്‍ വരുന്നുള്ളൂ എന്നാണ് ചില വിദേശ കണക്കപ്പിള്ളമാര്‍ എഴുതിയിട്ടുള്ളത്. പരിശോധിക്കാന്‍ ശ്രമിച്ചിട്ടില്ല. ഗൂഗ്ള്‍, ആപ്പ്ള്‍, ഫെയ്സ്ബുക്ക്, ആമസോണ്‍, മൈക്രോസോഫ്റ്റ്് (GAFAM) എന്നിവയെല്ലാം വന്‍ശക്തികളാണ്. ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ സ്്ഥിരം അംഗത്വമുള്ള അഞ്ചു രാജ്യ(അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ഫ്രാന്‍സ്, ചൈന)ങ്ങളുടെ അതേ ബലമുള്ള ടെക്നോളജി വന്‍ശക്തികള്‍. നമ്മുടെ റിലയന്‍സിന്റെ നാലിരട്ടി വരും ഫെയ്സ്ബുക്കിന്റെ ധനശക്തി. അമേരിക്കയില്‍ അപാര സ്വാധീനമുണ്ട് എന്നു കരുതുന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ ആസ്തികണക്ക് ഫെയ്സ്ബുക്കിന്റെ നൂറിലൊന്നാണ്. ലോകം ഭരിക്കുന്ന മാധ്യമ മഹാശക്തിയായി ഞെളിയാറുള്ള റുപര്‍ട് മര്‍ഡോക്ക് മാര്‍ക്ക് സക്കര്‍ബര്‍ഗിനു മുന്നില്‍ മുട്ടോളം മാത്രം ഉയരമുള്ള ശിശുവാണ്.

ഇതേ കണക്കുകള്‍ യൂട്യൂബില്‍ ഒരു വീഡിയോ പംക്തിയില്‍ അവതരിപ്പിച്ച ദ് പ്രിന്റ് എഡിറ്റര്‍ ചീഫ് എഡിറ്റര്‍ ശേഖര്‍ ഗുപ്ത ഒരു സത്യം പറഞ്ഞു. GAFAM  ഗ്രൂപ്പിനെ ഇങ്ങനെ അധിക്ഷേപിക്കാനൊക്കെ പറ്റും. പക്ഷേ, അവരില്ലാതെ ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇക്കാലത്ത് ഒന്നും ചെയ്യാനാവില്ല. ' എന്റെ ഈ വീഡിയോ യുട്യൂബിലാണ് നിങ്ങള്‍ കാണുന്നത്. ആപ്പ്ള്‍ ക്യാമറയിലാണ് ഇത് ചിത്രീകരിച്ചത്. ഞാന്‍ ഈ ലേഖനത്തിനായി ഗവേഷണം നടത്തിയത് ഗൂഗ്ള്‍ ഉപയോഗിച്ചാണ്്. മൈക്രോസോഫ്റ്റിന്റെ സഹായത്തോടെയാണ് നിങ്ങളിത് ലാപ്ടോപ്പില്‍ കാണുന്നത്.'  സത്യമല്ലേ?  ഏതു പത്രപ്രവര്‍ത്തകനാണ് ഇതു ബാധകമല്ലാത്തത്! ഈ കമ്പനികള്‍ക്കെല്ലാം ഇതറിയാം. അതുകൊണ്ടു തന്നെ അവര്‍ തങ്ങള്‍ വന്‍ശക്തികളാണ് എന്നു കരുതുന്നു. അതാണ് അവരെ നയിക്കുന്ന തത്ത്വശാസ്ത്രം. സക്കര്‍ബര്‍ഗ്ഗിന്റെ പ്രസംഗമെഴുത്തുകാരനായ കെയ്റ്റ് ലോസ്സെ VOX.COM ല്‍ എഴുതിയ ലേഖനത്തില്‍  പറഞ്ഞു- കമ്പനീസ് എബവ് കണ്‍ട്രീസ് എന്നതാണ് തന്റെ ലക്ഷ്യമെന്ന് സക്കര്‍ബര്‍ഗ് വര്‍ഷങ്ങള്‍ക്കു മുമ്പ് തുറന്നു പറഞ്ഞിട്ടുണ്ട്! രാഷ്ട്രങ്ങളേക്കാള്‍ വലിയ കമ്പനികള്‍! വിപണി വലുപ്പത്തിന്റെ കാര്യത്തില്‍ ലോകത്തിലെ രണ്ടാമത്തെ വന്‍ശക്തിയാണല്ലോ ഇന്ത്യ. ഫെയ്സ്ബുക്കിന് ഇന്ത്യ ഒന്നാമത്തെ വന്‍ശക്തിയാണ്. കാരണം അവര്‍ക്ക് ചൈനയില്‍ വിപണിയില്ല. അതുകൊണ്ട് മാത്രമാണ് അവര്‍ക്ക് ഇന്ത്യാ ഗവണ്മെന്റിനോട് തെല്ല് ബഹുമാനമുള്ളത്. വിപണിയെ മാത്രമാണ് ഫെയ്സ്ബുക്കിനു ഭയം.

രാഷ്ട്രങ്ങളെപ്പോലെ രാഷ്ട്രീയാധികാരം കൈയ്യാളാന്‍ വന്‍മൂലധനശക്തികള്‍ക്കും സാധിക്കേണ്ടതാണ് എന്നു കരുതുന്നവര്‍ വേറെയും കണ്ടേക്കും. ഗവണ്മെന്റുകളുടെ പരിധിയില്‍ വരുന്ന കറന്‍സി അച്ചടിയും കൈകാര്യകര്‍ത്തൃത്വവും ഏറ്റെടുക്കുന്നതിനെക്കുറിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ് ആലോചിക്കായ്കയല്ല. ലിബ്ര എന്ന പേരില്‍ കറന്‍സി ഇറക്കുന്നതിനെക്കുറിച്ച് അദ്ദേഹം 2019 ജൂണില്‍ ചില സൂചനകള്‍ നല്‍കുക പോലുമുണ്ടായി. അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ ഇക്കാര്യം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യപ്പെട്ടു. മറ്റ് അപ്രതീക്ഷിത പ്രതിസന്ധികളില്‍ ഫെയ്സ്ബുക്ക് ചെന്നു പെട്ടതുകൊണ്ടാവാം, അതു മുന്നോട്ടുപോയില്ലെന്നു മാത്രം. പരമ്പരാഗത കമ്പനികളോടെന്നതിനേക്കാള്‍ ഫെയ്സ്ബുക്കിന് ഗവണ്മെന്റുകളോടാണ് കൂടുതല്‍ സാദൃശ്യം എന്നും സക്കര്‍ബര്‍ക്ക് ചിലപ്പോഴെല്ലാം പറഞ്ഞിട്ടുണ്ട്. ഫെയ്സ്ബുക്കില്‍ അംഗങ്ങളായ 200 കോടിയിലേറെപ്പേര്‍ക്ക് ബാധകമായ ഇന്റര്‍നെറ്റ് നിയമങ്ങളെല്ലാം ഉണ്ടാക്കുന്നത് ഫെയ്സ്ബുക്കാണ്. വേറെ ആര്‍ക്കും അതിലൊരു പങ്കുമില്ല. എന്തു ചെയ്താലും അതിലൊരു ഗവണ്മെന്റിനും ഇടപെടാനാവില്ല.

ഇതിന്റെ മറ്റൊരു വശം എന്തുകൊണ്ടോ ആരും ചര്‍ച്ച ചെയ്യുന്നുപോലുമില്ല. ഫെയ്സ്ബുക്ക് പേജുകളില്‍ പലരും എഴുതിക്കൂട്ടുന്നത് നമ്മുടെ എന്നല്ല, ഒരു രാജ്യത്തിലെയും നിയമങ്ങള്‍ക്കു നിരക്കുന്നതല്ല. മാനഹാനിയും രാജ്യദ്രോഹവും അശ്ലീലവും സ്ത്രീവിരുദ്ധതയും അക്രമപ്രേരണയും കോടതിയലക്ഷ്യവും തുടങ്ങിയ നിരവധി നിരവധി നിയമങ്ങളുടെ ലംഘനങ്ങള്‍ അവയില്‍ ഉണ്ടാകുന്നുണ്ട്. ചിലപ്പോഴെല്ലാം പരാതികള്‍ പൊലീസ് സ്റ്റേഷനിലും കോടതികളിലും എത്താറുണ്ട്. ഈ കേസ്സുകളിലൊന്നും ഫെയ്സ്ബുക്ക് പ്രതികളാകുന്നില്ല. എന്തുകൊണ്ട്്?\ അപകീര്‍ത്തികരമായ ഒരു പ്രസംഗം റിപ്പോര്‍ട്ട് ചെയ്താല്‍ റിപ്പോര്‍ട്ടറും എഡിറ്ററും മാത്രമല്ല പത്രം വില്‍ക്കുന്ന ഏജന്റിനെ വരെ പ്രതിക്കൂട്ടില്‍ കയറ്റാറുണ്ട്. ഉള്ളടക്കത്തിനു തങ്ങള്‍ ഉത്തരവാദികളല്ല എന്നു ഒരു സോ കോള്‍ഡ് സാമൂഹ്യമാധ്യമവും പറഞ്ഞിട്ടില്ല. പിന്നെ, എന്തുകൊണ്ട് നിയമലംഘനങ്ങള്‍ക്ക് ഫെയ്്സ്ബുക്കിനെ കോടതിയില്‍ വിചാരണ ചെയ്യുന്നില്ല, അവരെ ഇതില്‍നിന്നെല്ലാം ഒഴിച്ചുനിര്‍ത്തുന്നു? ഫെയ്സ്ബുക്ക് തന്നെയും ഒരു ഗവണ്മെന്റ് ആയതുകൊണ്ടോ?

ഇതൊക്കെയാണെങ്കിലും സക്കര്‍ബര്‍ഗ് ഈയിടെയായി ലേശം പ്രയാസത്തിലാണ്. ഈ ഇന്റര്‍നെറ്റ് ഭീമന്മാരെല്ലാം വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയാണല്ലോ കാശുണ്ടാക്കുന്നത്. നമ്മള്‍ വായിക്കുന്നതും കേള്‍ക്കുന്നതും എഴുതുന്നതും തെരയുന്നതും എന്ത് എന്നു നോക്കി ഓരോരുത്തരെയും തിരിച്ചറിഞ്ഞാണ് ഓരോരുത്തര്‍ക്കും വേണ്ടയിനം പരസ്യങ്ങള്‍ ഗൂഗ്ള്‍ തന്റെ മെയ്ല്‍ സന്ദേശങ്ങളുടെ അരികുകളില്‍ ഇടുന്നത്. ഞാന്‍ അശ്ലീലം തെരയുന്ന ആളായതുകൊണ്ടാണ് എന്റെ മെയില്‍ സന്ദേശങ്ങളുടെ സൈഡില്‍ സെ്ക്സ് വീഡിയോവിന്റെ പരസ്യം ഇടുന്നത് എന്നു ഞാനുണ്ടോ അറിയുന്നു!  ഈ സ്ഥിതിവിവര ചോര്‍ത്തല്‍ പല തലത്തിലേക്കു വളര്‍ന്നപ്പോഴുണ്ടായ പ്രശ്നങ്ങള്‍ നിരവധിയാണ്. വ്യക്തികളെ സംബന്ധിച്ച വിവരങ്ങള്‍ കമ്പനികള്‍ വിപണനത്തിനായി വാങ്ങുന്നതില്‍നിന്നുള്ള വരുമാനം ചെറുതല്ല. ഇതിനൊപ്പം, പല രാജ്യങ്ങളിലെയും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ വരെ ഇവര്‍ ഇടപെടുന്നു എന്നത് ലോകത്ത് ഇന്നു പാട്ടായിക്കഴിഞ്ഞു. യു.എസ് പ്രസിഡന്റ്  സ്ഥാനത്തേക്കു ട്രംപിനെ ജയിപ്പിക്കാന്‍ റഷ്യയില്‍നിന്നുണ്ടായ ഇടപെടല്‍ സോഷ്യല്‍ മീഡിയ വഴിയായിരുന്നു എന്ന ആരോപണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടല്ലോ. സമ്മതിദായകരെ തിരിച്ചറിഞ്ഞ് ഓരോരുത്തരുടെയും ചിന്താഗതികളെ സ്വാധീനിക്കാന്‍ പാകത്തിലുള്ള പ്രത്യേക ഉള്ളടക്കം ഫെയ്സ്ബുക്കിലൂടെ നല്‍കാമെന്നു പരീക്ഷിച്ച് വിജയിച്ചതിന്റെ അനുഭവങ്ങള്‍ ഇപ്പോള്‍ ഈ രംഗത്തു ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

സാമൂഹ്യമാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ വ്യാജ വാര്‍ത്താമാധ്യമങ്ങളാണ്. ലോകത്തെ വ്യാജവാര്‍ത്തകളില്‍ 99 ശതമാനത്തിന്റെയും ജന്മവും പ്രചാരവും ഏതെങ്കിലും സാമൂഹ്യമാധ്യമത്തിലാണ് എന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ഇന്ത്യയിലെ ആള്‍ക്കൂട്ടക്കൊലകള്‍ തുടങ്ങി റോഹിങ്്ഗ്യന്‍ കൂട്ടക്കൊലകള്‍ വരെ സംഭവിച്ചത് സാമൂഹ്യമാധ്യമം കാരണമാണ് എന്ന് തിരിച്ചറിഞ്ഞ് നയങ്ങള്‍ അല്പമെല്ലാം മാറ്റാന്‍ ഫെയ്സ്ബുക്ക് തന്നെ തയ്യാറായിട്ടുണ്ട്. ഓരോ പൗരനും അതു സ്വന്തം മാധ്യമമായി ഉപയോഗപ്പെടുത്താനാവുമെങ്കിലും ഒരുപാട് പ്രയോജനങ്ങള്‍ അതിലൂടെ കിട്ടുന്നുണ്ടെങ്കിലും ജനകോടികള്‍ക്ക് അത് അഭിപ്രായപ്രകടനത്തിന് അവസരം ഒരുക്കുന്നുണ്ടെങ്കിലും ആത്യന്തികമായി ഈ സംവിധാനം സമൂഹവിരുദ്ധവും ജനാധിപത്യവ്യവസ്ഥയെ നശിപ്പിക്കുന്നതും ആണ് എന്നു  ലോകം തിരിച്ചറിഞ്ഞു വരികയാണ്.      

(പാഠഭേദം 2020 സപ്തംബര്‍ ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയത്]നമ്മുടെ 'കറുത്തവരും' നമ്മുടെ മാധ്യമങ്ങളും

 


ഡെഡ്എന്‍ഡ്

എന്‍.പി രാജേന്ദ്രന്‍

അമേരിക്കയിലെ തെരുവില്‍ ഒരു കറുത്തവനെ വെള്ള പൊലീസുകാരന്‍ കഴുത്തു ചവിട്ടിഞെരിച്ചു കൊന്നത് അവിടെ വന്‍പ്രക്ഷോഭമായി ആളിക്കത്തി. കറുത്തവര്‍ തങ്ങള്‍ക്കെതിരായി നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ചൂഷണത്തിനും മര്‍ദ്ദനത്തിനും വിവേചനത്തിനുമെതിരെ രോഷത്തോടെ ആഞ്ഞടിച്ചു. അതോടൊപ്പം, അമേരിക്കന്‍ മാധ്യമരംഗത്ത് മറ്റൊരു വിഷയം കൂടി ചര്‍ച്ച ചെയ്യപ്പെട്ടു. യു.എസ് മാധ്യമങ്ങളിലെങ്കിലും കറുത്തവര്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടോ? തുല്യതാബോധത്തോടെ അവിടെ പത്രപ്രവര്‍ത്തനം നടത്താന്‍ അവര്‍ക്ക് കഴിയുന്നുണ്ടോ? കറുത്തവരുടെ വികാരങ്ങള്‍ മാധ്യമങ്ങളില്‍ പ്രതിഫലിക്കുന്നുണ്ടോ?

ഇപ്പോഴുണ്ടായ ക്രൂര കൊലപാതകം മാത്രമല്ല ചര്‍ച്ചയ്ക്ക് കാരണമായത്. അവിടെ കുറെ കാലമായി ഇതൊരു പഠനവിഷയവും ചര്‍ച്ചാവിഷയവുമാണ്. ഇന്ത്യയിലെ 'കറുത്ത'വരുടെ ന്യൂസ്റൂം പ്രാതിനിധ്യത്തെക്കുറിച്ച് ഇവിടെയധികം ചര്‍ച്ച നടക്കാറില്ല. അപൂര്‍വമായി ചില പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ടെന്നു മാത്രം. അമേരിക്കയില്‍ അങ്ങനെയല്ല. എല്ലാ പ്രധാന മാധ്യമങ്ങളിലും ഈ വിഷയം ഒളിച്ചുവെക്കുകയല്ല, കാലാകാലം വിലയിരുത്തുകയാണ് ചെയ്യുന്നത്. വെള്ളക്കാരല്ലാത്തവര്‍ വേണ്ടത്ര ഉണ്ടോ എന്നത്  ഒരു നയപ്രശ്നം തന്നെയാണ് അവര്‍ക്ക്. അതൊരു മാര്‍ക്കറ്റിങ് പ്രശ്നം കൂടിയാണ്. മുന്‍പ് 'എ.എസ്.എന്‍.ഇ (അമേരിക്കന്‍ സൊസൈറ്റി ഓഫ് ന്യൂസ്് എഡിറ്റേഴ്സ്) ന്യൂസ്റൂം ഡൈവേഴ്സിറ്റി സര്‍വെ' എന്ന പേരില്‍ ആയിരുന്നു ന്യൂസ് റൂമുകളിലെ വെള്ളക്കാരല്ലാത്തവരുടെ പ്രാതിനിധ്യത്തെക്കുറിച്ച് പഠനം നടത്താറുള്ളത്. 2019-ല്‍ നടന്ന സര്‍വെയില്‍ 21.9 ശതമാനം ന്യൂസ് റൂം തസ്തികകളില്‍ കറുത്തവര്‍  ഉണ്ടെന്നാണ് കണ്ടെത്തിയത്.  ഇതു കറുത്തവരെക്കുറിച്ച് മാത്രമുള്ള സര്‍വെ അല്ല. വനിതാപ്രാതിനിധ്യവും പരിശോധിക്കും. അച്ചടി, ദൃശ്യ, നവമാധ്യമങ്ങളുടെ ന്യൂസ് റൂമുകളില്‍ 41.6 ശതമാനം വനിതകളുണ്ട്.  

ആളെണ്ണം മാത്രമല്ല നോക്കാറുള്ളത്. വ്യത്യസ്ത ജനവിഭാഗങ്ങളുടെ വികാരം വ്രണപ്പെടുന്ന വാര്‍ത്തകളും പരാമര്‍ശങ്ങളും ഉണ്ടാകരുത് എന്നത് ഒരു പൊതുനയം തന്നെയാണ്. ഇതു മതവികാരത്തിന്റെ മാത്രം പ്രശ്നമല്ല. വെള്ളക്കാര്‍ക്ക് വലിയ ഭൂരിപക്ഷമുള്ള നാട്ടില്‍- 75 ശതമാനം വെള്ളക്കാരാണ്- വെള്ളക്കാരല്ലാത്തവരുടെ കൂടി പിന്തുണ എല്ലാ കാര്യത്തിലും ആവശ്യമാണ് എന്നവര്‍ക്കു ബോധ്യമുണ്ട്. പക്ഷേ, ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം കുറെയെല്ലാം വംശീയവൈരം കൂടി ഉദ്പാദിപ്പിച്ചിട്ടുണ്ട് എന്ന് ആരും സമ്മതിക്കും. ഈയിടെ വാര്‍ത്താമാധ്യമത്തില്‍ കറുത്തവരെ നോവിക്കുന്ന പരാമര്‍ശങ്ങളും പ്രയോഗങ്ങളുമുണ്ടായി. ഇത് വര്‍ണ്ണവെറി മനോഭാവത്തിന്റെ സ്വാധീനത്തെക്കുറിച്ച് ഒരു ചിത്രം നല്‍കുന്നു. ഒരു വാര്‍ത്തയുടെ തലക്കെട്ടു പോലും വിവേചനം ധ്വനിപ്പിക്കുന്നതായിക്കൂടാ. അറിഞ്ഞോ അറിയാതെയോ ഇതിനു വിപരീതമായി സംഭവിക്കുന്നുണ്ട്്. ഒരു തലവാചകം ഈയിടെ വിവാദമായത് ശ്രദ്ധേയമാണ്. കറുത്തവര്‍ക്കിടയിലെ അസ്വാസ്ഥ്യങ്ങള്‍ കാരണം പല  പ്രവര്‍ത്തനങ്ങളും മുടങ്ങിയല്ലോ. പലേടത്തും കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങളും മുടങ്ങി. ഇതിനെക്കുറിച്ചുള്ള വാര്‍ത്തയ്ക്ക്  ഫിലഡെല്‍ഫിയ ഇന്‍ക്വയറര്‍ പത്രം കൊടുത്ത തലക്കെട്ട് ഇങ്ങനെ-'പ്രധാനമാണ്,  കെട്ടിടം പണിയും'. പ്രത്യക്ഷത്തില്‍ ഈ തലക്കെട്ടിനു കുഴപ്പമൊന്നുമില്ല. രാജ്യം മുഴുവന്‍ ഇരമ്പുന്ന പ്രക്ഷോഭത്തിന്റെ മുദ്രാവാചകം 'പ്രധാനമാണ്, കറുത്തവന്റെ ജീവനും' എന്നതാണ്. ഇതിന്റെ ഒരു പരിഹാസരൂപമല്ലേ പ്രധാനമാണ് കെട്ടിടം പണിയും എന്നത്?  വായനക്കാര്‍, പ്രത്യേകിച്ച് കറുത്തവര്‍, അങ്ങനെ ചിന്തിച്ചാല്‍ കുറ്റം പറയാനാവില്ലതന്നെ. വിവാദമായി. സ്ഥാപനത്തിലെ എക്സിക്യട്ടീവ് എഡിറ്റര്‍ ഉള്‍പ്പെടെ അമ്പതോളം സ്റ്റാഫ് അംഗങ്ങള്‍ ജോലിയില്‍നിന്നു മാറി നിന്നാണ് പ്രതിഷേധം പ്രകടിപ്പിച്ചത്.    

റിപ്പോര്‍ട്ടിങ്ങിലെ വിവേചനം

കറുത്തവരുടെ പ്രക്ഷോഭം കറുത്ത വര്‍ഗക്കാരായ റിപ്പോര്‍ട്ടര്‍മാര്‍ കവര്‍ ചെയ്യുന്നതില്‍ തെറ്റുണ്ടോ? അതു പാടില്ലെന്ന് ഒരു തൊഴില്‍ ധാര്‍മികനിയമവും വ്യവസ്ഥ ചെയ്തിട്ടില്ല. പക്ഷേ, പലേടത്തും ഈ വിവേചനം നിലനില്‍ക്കുന്നു. പെന്‍സില്‍വനിയയിലെ പിറ്റ്സ്ബര്‍ഗ് പോസ്റ്റ് ഗസറ്റ് പത്രത്തില്‍ കറുത്ത വര്‍ഗ്ഗക്കാരനായ റിപ്പോര്‍ട്ടറെ കറുത്തവരുടെ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്നു വിലക്കി. ഇതിനെത്തുടര്‍ന്ന് അദ്ദേഹവും ഒരു സഹപ്രവര്‍ത്തകനും രാജിവെച്ചിറങ്ങിപ്പോയി. മറ്റു പല പ്രമുഖ പത്രങ്ങളിലും കറുത്ത പത്രപ്രവര്‍ത്തകരെ ജോലിയില്‍ നിന്നു മാറ്റിനിര്‍ത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇത് ഇപ്പോഴത്തെ പ്രക്ഷോഭങ്ങളുടെ റിപ്പോര്‍ട്ടിങ്ങില്‍ മാത്രമുള്ള വിവേചനമല്ല. ന്യൂസ്റൂമിലെ വര്‍ണ്ണവിവേചനത്തിന് കാലപ്പഴക്കമുണ്ട്.  ന്യൂയോര്‍ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, ലോസ് ആഞ്ജലസ് ടൈസ്് തുടങ്ങിയ പ്രമുഖ പത്രങ്ങളിലും കറുത്ത പത്രപ്രവര്‍ത്തകര്‍ നേരിടുന്ന അവഗണനയെക്കുറിച്ചും വിവേചനത്തെക്കുറിച്ചും പരാതി ഉയര്‍ന്നു വരാറുണ്ട്.

വെളുത്ത പുരുഷന്മാരല്ലാത്ത റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഗൗരവമുള്ള പൊതുവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം നിഷേധിക്കുന്ന പ്രവണത പല വലിയ പത്രങ്ങളില്‍പോലുമുണ്ട്. കറുത്തവരുടെ സംഘടനകളുടെയോ സമരങ്ങളുടെയോ വാര്‍ത്തകള്‍ മാത്രം എഴുതാനാണ് ചിലേടങ്ങളില്‍ അവരെ നിയോഗിക്കുന്നത്. ഇതെല്ലാം വര്‍ണ്ണവിവേചനവും വംശീയ അവഹേളനവും തന്നെ. ഇതില്‍ മനംനൊന്ത് ജോലി ഉപേക്ഷിച്ചവര്‍ മാത്രമല്ല, ആത്മഹത്യ ചെയ്തവരും ഉണ്ടെന്ന് പല റിപ്പോര്‍ട്ടുകളിലും കാണുന്നുണ്ട്്്. പത്രഉടമ മനുഷ്യസ്നേഹിയും നല്ല സാമൂഹ്യബോധമുള്ള ആളും ആയാല്‍പ്പോലും ന്യൂസ് റൂമുകളിലെ വിവേചനമോ നിയമനങ്ങളിലെ അസമത്വമോ അവസാനിക്കണമെന്നില്ല. ഇത്തരമൊരു സംഭവം അടുത്തിടെ ലോസ് ആഞ്ജലസ് ടൈംസില്‍ ഉണ്ടായി. ഇവിടെ സ്റ്റാഫ് അംഗങ്ങളിലെ വംശീയ പ്രാതിനിധ്യക്കുറവിനു പുറമെ ന്യൂസ്‌കവറേജിലും വേതന വ്യവസ്ഥകളിലും വിവേചനം ഉണ്ടായി. ഇതില്‍ പ്രതിഷേധിച്ച് എക്സി. എഡിറ്ററുടെ നേതൃത്വത്തില്‍ കറുത്ത വിഭാഗക്കാരായ ജേണലിസ്റ്റുകള്‍ പത്രം ഉടമയ്ക്കു തുറന്ന കത്തെഴുതി. താങ്കളില്‍ നിന്ന് ഇതു പ്രതീക്ഷിച്ചതല്ല എന്ന മട്ടിലുള്ള ഒരു പ്രതിഷേധക്കത്തിന് പ്രത്യേകം കാരണമുണ്ട്. പ്രശസ്ത ഭിഷഗ്വരനും വൈദ്യശാസ്ത്ര ഗവേഷകനും ഹൃദയമാറ്റ ശസ്ത്രക്രിയ വിദഗ്ദ്ധനുമായ പാട്രിക് സൂണ്‍-ഷിയോങ് എന്ന അതിസമ്പന്നന്‍ ആണ് ലോസ് ആഞ്ജലസ് ടൈംസ് പത്രത്തിന്റെ പുതിയ ഉടമ.  സമ്പാദ്യത്തിന്റെ പകുതി മനുഷ്യസ്നേഹപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെച്ചിട്ടുള്ള ആഫ്രിക്കന്‍ വംശജനാണ് ഇദ്ദേഹം!

.പ്രയോഗത്തില്‍ എത്രയെല്ലാം വീഴ്ച്ചകള്‍ ഉണ്ടായാലും വാര്‍ത്താമുറിയിലെ വൈവിദ്ധ്യം എന്ന ആശയം അവര്‍ തത്ത്വത്തിലെങ്കിലും അംഗീകരിച്ചിട്ടുണ്ട്. വാസ്തവത്തില്‍ തത്ത്വത്തില്‍ മാത്രമല്ല പ്രയോഗത്തിലും അതു പൂര്‍ണ്ണതയിലെത്തിക്കാന്‍ ശ്രമിക്കാറുണ്ട്. ന്യൂസ് ഡൈവേഴ്സിറ്റി അവര്‍ നേടാന്‍ ലക്ഷ്യം വെക്കുന്ന അവസ്ഥയാണ്. വര്‍ണ്ണപരം മാത്രമല്ല ഈ വൈവിദ്ധ്യം. ലിംഗവ്യത്യാസം സാമൂഹിക-സാമ്പത്തിക അന്തരം, മതം...ഇവയെല്ലാം വൈവിദ്ധ്യത്തില്‍ പെടുന്നു. ഇവിടം കൊണ്ടും നില്‍ക്കുന്നില്ല. 2020-ല്‍ ന്യൂസ് ലീഡേഴ്സ് അസോസിയേഷന്‍ ന്യൂയോര്‍ക്കില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വൈവിദ്ധ്യപഠനം കുറെക്കൂടി വിപുലമാണ്. ആണും പെണ്ണും മാത്രമല്ല, ട്രാന്‍ജെന്‍ഡര്‍മാര്‍, സ്വവര്‍ഗപ്രേമികള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെട്ട എത്രപേര്‍ ന്യൂസ് റൂമുകളില്‍ ഉണ്ട് എന്നും പരിശോധിക്കപ്പെടും.

 ദലിത് പ്രാതിനിധ്യം

ഇന്ത്യയിലെ ന്യൂസ് ഡസ്‌കുകളില്‍ എത്ര ശതമാനം ദലിത് പത്രപ്രവര്‍ത്തകരുണ്ട് എന്ന ചോദ്യത്തിന് ആരും ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ല. 1992-ല്‍ കന്നഡക്കാരനായ ഗവേഷകന്‍ റോബിന്‍ ജഫ്റി ഇവിടെ വന്ന് ഈ ചോദ്യം ചോദിക്കുന്നതുവരെ അധികമാരും അങ്ങനെ ചിന്തിച്ചതുമില്ല. അദ്ദേഹം ചോദ്യം ഉന്നയിച്ചതേ ഉള്ളൂ, കൃത്യമായ ഉത്തരം അന്നു ലഭ്യമായിരുന്നില്ല. ഇന്ത്യയിലെത്ര ദലിത് അധ്യാപകരുണ്ടെന്നോ എത്ര ദലിത് അഭിഭാഷകരുണ്ടെന്നോ ദലിത് കഥാകൃത്തുക്കളുണ്ടെന്നോ ചോദിക്കുന്നതുപോലെ മറ്റൊരു ചോദ്യം മാത്രമായി ഇതിനെ കണ്ടുകൂടാ. തീര്‍ച്ചയായും ഈ സ്ഥിതിവിവരക്കണക്കുകളെല്ലാം ദലിത് അവസ്ഥയെക്കുറിച്ചൊരു ശരിയായ ചിത്രം നല്‍കും എന്നത് സത്യമാണ്. പക്ഷേ, രാജ്യത്തിന്റെ ഭരണസംവിധാനങ്ങളിലെല്ലാം ദലിതുകളെ സംവരണം നല്‍കി നിയമിക്കുന്നത് അവരുടെ തൊഴിലില്ലായ്മ പരിഹരിക്കാനോ സാമ്പത്തികനില മെച്ചപ്പെടുത്താനോ വേണ്ടി മാത്രമല്ലല്ലോ. രാജ്യത്തിന്റെ ഭരണസംവിധാനത്തില്‍, അധികാരത്തില്‍ അവര്‍ക്ക് പങ്കാളിത്തം നല്‍കുന്നതിനാണ്. ഇതേ അനിവാര്യത ഫോര്‍ത്ത് എസ്റ്റേറ്റ് എന്നു വിളിക്കുന്ന മാധ്യമങ്ങളുടെ കാര്യത്തിലും ഉണ്ട്. ഡല്‍ഹിയിലെ അക്രഡിറ്റഡ് പത്രപ്രവര്‍ത്തകരില്‍ ഒരാള്‍ പോലും ദലിതനല്ല എന്ന് അന്വേഷണ നിഗമനമായി ബി.എന്‍ ഉണ്ണ്യാല്‍ എന്ന മാധ്യമഗവേഷകന്‍ വെളിപ്പെടുത്തിയത് 1996-ലാണ്.

അമേരിക്കയിലെ കറുത്തവരുടെ മാധ്യമ പ്രാതിനിധ്യപ്രശ്നവും നമ്മുടെ മാധ്യമങ്ങളിലെ ദലിത് പ്രാതിനിധ്യപ്രശ്നവും തമ്മിലുള്ള പ്രധാനവ്യത്യാസം അവര്‍ ആ പ്രശ്നം തിരിച്ചറിയുകയും അതു പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ നാം ഇങ്ങനെയൊരു പ്രശ്നം ഉണ്ടെന്ന് അംഗീകരിക്കുക പോലും ചെയ്യുന്നില്ല എന്നതാണ്. പത്ര ഉടമസ്ഥ സംഘടനകളോ പത്രാധിപ സംഘടനകളോ പ്രസ് കൗണ്‍സില്‍ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളോ ഒന്നും ഇക്കാര്യത്തെക്കുറിച്ച് ഒരു വാക്കുപോലും ഉച്ചരിച്ചിട്ടില്ല എന്ന് ഓര്‍ക്കേണ്ടതുണ്ട്. ദലിത് പ്രാതിനിധ്യത്തിനു  മാത്രമുള്ള പ്രശ്നമല്ല ഇത്. വനിതകളെ ന്യൂസ് റൂമുകളില്‍ പ്രവേശിപ്പിക്കാന്‍ പോലും മടിച്ചിരുന്ന കാലം വളരെയൊന്നും അകലെയല്ല. ഇന്നും അച്ചടി മാധ്യമങ്ങളുടെ സ്ഥിതി വ്യത്യസ്തമല്ല. ദൃശ്യമാധ്യമങ്ങള്‍ ഈ പ്രശ്നം പരിഹരിച്ചത് അതു ദൃശ്യസൗന്ദര്യത്തിന്റെ കൂടി പ്രശ്നമായിരുന്നത് കൊണ്ടാകാം. ന്യൂനപക്ഷ പ്രാതിനിധ്യം-പ്രത്യേകിച്ച് മുസ്ലിം പ്രാതിനിധ്യം-ഇപ്പോഴും ഒരു പ്രശ്നമായി നിലനില്‍ക്കുന്നു. എന്തുകൊണ്ട് മുസ്ലിങ്ങള്‍ വേണ്ടത്ര ഇല്ല, ക്രിസ്ത്യാനികള്‍ ഉണ്ട് എന്ന ചോദ്യം പ്രസക്തമാണ്. വിദ്യാഭ്യാസവും മറ്റു ചില സാംസ്‌കാരിക പ്രശ്നങ്ങളും സൃഷ്ടിച്ച പിന്നോക്കാവസ്ഥ ഒരു കാരണമായിരിക്കാം.

നാഗരാജു കോപ്പുല എന്നൊരു പത്രപ്രവര്‍ത്തകന്റെ പേര് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവാം. ഇംഗ്ളീഷ് പത്രത്തില്‍ ജോലി ചെയ്തിരുന്ന ദലിത് യുവാവായിരുന്നു അദ്ദേഹം. അപൂര്‍വം ദലിത് ജേണലിസ്റ്റുകളില്‍ ഒരാള്‍. വളരെ കഷ്ടപ്പെട്ട് പഠിക്കുകയും വേറെ സര്‍ക്കാര്‍ ജോലികള്‍ കിട്ടുമായിരുന്നിട്ടും അതെല്ലാം വേണ്ടെന്നുവെച്ച് പത്രപ്രവര്‍ത്തകനാവുകയും ചെയ്ത യുവാവ്. പത്രങ്ങള്‍ അദ്ദേഹത്തിന് ഒരു സ്ഥിരം നിയമനം നല്‍കാന്‍ കൂട്ടാക്കിയില്ല. നല്ല ജേണലിസ്റ്റായിരുന്നു അദ്ദേഹമെന്ന കാര്യത്തില്‍ പത്രാധിപന്മാര്‍ക്ക് ഭിന്നാഭിപ്രായം ഉണ്ടായിരുന്നില്ല. നല്ല പ്രായത്തില്‍തന്നെ അര്‍ബുദ രോഗം അദ്ദേഹത്തെ കടന്നാക്രമിച്ചു. അദ്ദേഹത്തിന് ജോലിയില്ലാതായി. പണിയും പണവും ഇല്ലാതെ, ചികിത്സിക്കാന്‍ കഴിയാതെ അദ്ദേഹം ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായത്. തുടര്‍ന്ന് രാജ്യത്തുടനീളം പത്രസ്ഥാപനങ്ങളിലെ ദലിത് അസാന്നിദ്ധ്യത്തെക്കുറിച്ച് ഒരുപാട് ചര്‍ച്ചകളുണ്ടായി. ജനസംഖ്യയുടെ എട്ടു ശതമാനം മാത്രം വരുന്ന ഉയര്‍ന്ന ജാതിക്കാരാണ് ഉയര്‍ന്ന മാധ്യമ തസ്തികകളുടെ 71 ശതമാനവും കൈവശം വെച്ചിരിക്കുന്നതെന്ന കണക്കും അന്ന് പലരും പറയുന്നുണ്ടായിരുന്നു.  2015 ഏപ്രിലിലാണ് നാഗരാജു കോപ്പുല മരിച്ചത്. അഞ്ചുവര്‍ഷം കൊണ്ട് ആ പേരു തന്നെ നാം മറന്നിരിക്കുന്നു.

(പാഠഭേദം 2020 ആഗസ്ത് ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയത്.}