എന്‍.രാജേഷ് -സ്‌നേഹവും നന്മയും വിഫലമായ ജീവിതം

എന്‍.രാജേഷ് -സ്‌നേഹവും നന്മയും വിഫലമായ ജീവിതം

തീര്‍ത്തും അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമായിരുന്നു രാജേഷിന്റെ അവസാനം. സദാ വിളിക്കുകയും തമാശ പറയുകയും ചെയ്തിരുന്ന രാജേഷ് കുറെയായി വിളിക്കുന്നില്ലല്ലോ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അങ്ങോട്ടു വിളിക്കുമ്പോഴും പഴയ ചിരിയും സന്തോഷവുമില്ല. നേരില്‍ കാണുമ്പോഴും എന്തോ ഒരു അകലം. ഒടുവില്‍ ഒന്നോ രണ്ടോ ആഴ്ചകള്‍ക്കു മുന്‍പാണ് അതിന്റെ കാരണം അറിയുന്നത്. അവന്‍ മനസ്സിലും തലയിലും ആളുന്ന തീയുമായി ജീവിക്കുകയായിരിക്കുന്നു-അല്ല, മെല്ലെ മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എല്ലാവരും വിവരം അറിയുമ്പോഴേക്ക് കാര്യങ്ങല്‍ കൈവിട്ടുപോയിരുന്നു. പിന്നെ, ഞാന്‍ കാണുന്നത് പ്രസ് ക്ലബ് കവാടത്തിനടുത്ത് വെള്ളത്തുണിയില്‍ പൊതിഞ്ഞു കിടത്തിയ മൃതദേഹമായാണ്.... 

മരിക്കാന്‍ എന്തിനായിരുന്നു ഈ വാശി എന്നറിയില്ല. സമ്പാദ്യവും കുടുംബസ്വത്തുമെല്ലാം തന്റെ ജീവന്‍ രക്ഷിക്കാന്‍ ഉപയോഗിച്ചാല്‍ പിന്നെ മകനു തുടര്‍ന്നു പഠിക്കാന്‍ പണമുണ്ടാകില്ലല്ലോ എന്നു ചിന്തിച്ചിരിക്കാം. രാജേഷിന് അങ്ങനെയേ ചിന്തിക്കാന്‍ പറ്റൂ. അത്രയും നിസ്വാര്‍ത്ഥനായിരുന്നു അവന്‍. ചില്ലറ മനക്കരുത്തൊന്നും പോരല്ലോ സ്വന്തം ജീവന്‍ വെടിയാനുളള തീരുമാനം കഠിനമനസ്സോടെ ഒരു മാറ്റവുമില്ലാതെ ഒരു കൊല്ലം കൊണ്ടുനടക്കാന്‍. 

സേവനത്വരയുടെയും നന്മയുടെയും പ്രൊഫഷനല്‍ മികവിന്റെയും ഏറെ അനുഭവങ്ങള്‍ മരണം നടന്നതിന്റെ തുടര്‍നാളുകളില്‍ സുഹൃത്തുക്കള്‍ ഓര്‍മ്മിച്ചു. പതിനേഴു വര്‍ഷം മുന്‍പ് ഭാര്യ മരണമടഞ്ഞ ശേഷം രാജേഷിന് ഒഴിവു സമയത്തെല്ലാം ചിന്ത പ്രസ് ക്ലബ്ബിനെക്കുറിച്ചും പത്രപ്രവര്‍ത്തക യൂണിയനെക്കുറിച്ചും ആയിരുന്നു. മാധ്യമം ജേണലിസ്റ്റ് യൂണിയനെക്കുറിച്ചായിരുന്നു. പ്രൊഫഷനല്‍ കാര്യങ്ങളെക്കുറിച്ചായിരുന്നു. എല്ലാം സ്വന്തം കാര്യം പോലെ രാജേഷ് കൊണ്ടുനടന്നു. ജേണലിസ്റ്റുകള്‍ക്കു വേണ്ടി മാത്രമല്ല, നോണ്‍ ജേണലിസ്റ്റുകള്‍ക്കു വേണ്ടിയും മാനേജ്‌മെന്റുമായി നിര്‍ഭയം കാര്യം പറഞ്ഞ് ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ രാജേഷ് വേണമായിരുന്നു. അതു മാധ്യമം പത്രത്തിന്റെ കാര്യത്തില്‍ മാത്രമല്ല, കോഴിക്കോട്ടെ പല ചെറുപത്രങ്ങളുടെ കാര്യത്തിലും ഇതു സത്യമായിരുന്നു. മാനേജ്‌മെന്റുമായുള്ള നിരന്തരപോരാട്ടം രാജേഷിന് പല പ്രൊഫഷനല്‍ സാധ്യതകളും നഷ്ടപ്പെടുത്തിയതായി സഹപ്രവര്‍ത്തകര്‍ ഓര്‍ത്തു. അദ്ദേഹം ഒരിക്കലും പരിഭവമായിപ്പോലും ഇക്കാര്യം പറഞ്ഞിട്ടില്ല. പത്രപ്രവര്‍ത്തകയൂണിയന്‍ ഭാരവാഹിയായും മാധ്യമം പത്രത്തിലെ ന്യൂസ് എഡിറ്റര്‍ വരെയും  പ്രവര്‍ത്തിക്കുന്നതിനിടയില്‍ അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്കു വേണ്ടി ചെയ്ത സഹായങ്ങളും നടത്തിയ ഇടപെടലുകളും  എല്ലാവര്‍ക്കും അറിയുന്നതായിരുന്നു. സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ ഏറ്റവും വിശ്വാസത്തോടെ സമീപിച്ചിരുന്ന ഒരാളും രാജേഷ് ആയിരുന്നു.  

'രാജേഷേട്ടന്റ സംസാരത്തിലും ചലനങ്ങളിലുമൊക്കെ ഞാന്‍ ഇക്കാക്കയെ കാണുമായിരുന്നു. അതു കൊണ്ട് ഞങ്ങള്‍ തമ്മില്‍ അങ്ങനെയൊരു അദൃശ്യമായ ഹൃദയബന്ധം (രാജേഷേട്ടന് ഇക്കാര്യം അറിയില്ലായിരുന്നു) ഉണ്ടായിരുന്നു. അദ്ദേഹത്തില്‍ നിന്ന് ഒരു കരുതല്‍, സ്‌നേഹം, വാല്‍സല്യം ഒക്കെ എനിക്ക് ഫീല്‍ ചെയ്യും. മറ്റു പലരും എഴുതിക്കണ്ടു അവര്‍ക്കും രാജേഷേട്ടന്‍ അങ്ങനെ തന്നെയാണെന്ന്.' മാധ്യമം ഡസ്‌കിലെ സഹപ്രവര്‍ത്തക വി.പി റജീന ഫെയ്‌സ്ബുക്കില്‍ എഴുതി. 

ഒരുപാട് സഹപ്രവര്‍ത്തകര്‍, സ്ഥാപനത്തിനു പുറത്തുള്ളവര്‍, സ്‌കൂള്‍ കാല സുഹൃത്തുക്കള്‍, മകന്റെ സ്‌കൂളിലെ പി.ടി.എ പ്രവര്‍ത്തകര്‍, ഐ.വൈ.എ സഹപ്രവര്‍ത്തകര്‍...ഇങ്ങനെ നിരവധി പേര്‍ മരണത്തിന്റെ തുടര്‍നാളുകളില്‍ രാജേഷിനെക്കുറിച്ച് നല്ലതു പറയാന്‍ പ്രസ് ക്ലബ്ബില്‍ വന്നു. ഭാര്യ മരിച്ച ശേഷം രാജേഷിന് മനസ്സമാധാനം നല്‍കിയത്് പ്രസ് ക്ലബ്ബ് പ്രവര്‍ത്തനമായിരുന്നു എന്നു തോന്നുന്നു. അതൊരു ഒളിച്ചോട്ടമായിരിക്കാം. ഭാരവാഹിയൊന്നും അല്ലെങ്കിലും രാജേഷ് പ്രസ് ക്ലബ്ബിലെത്തും, പല പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകും.  

ഐ.സി.ജെ രാജേഷിന് സ്വന്തംപോലെ ആയിരുന്നു. കാര്യങ്ങള്‍ നേരെ നടക്കുന്നില്ല എന്നു തോന്നിയാല്‍ രാജേഷ് ആരുമായും പിണങ്ങാനും മടിക്കാറില്ല. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണസമിതിയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്ന ആള്‍ രാജേഷ് ആയിരിക്കും. രണ്ടിലേറത്തവണ സിക്രട്ടറി തന്നെ ആയിരുന്നു. ട്രഷററായിരുന്നപ്പോഴും അദ്ദേഹം ഈ ചുമതല നിര്‍വഹിച്ചു. സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഇടയ്ക്ക്് ഞാന്‍ പ്രസിഡന്റും രാജേഷ് സിക്രട്ടറിയുമായിരുന്നപ്പോഴാണ് അവിടെ വിഷ്വല്‍ മീഡിയ കോഴ്‌സ് ആരംഭിച്ചത്. എനിക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. എങ്കിലും തുടക്കമിട്ടത് രാജേഷിന്റെ അഭിപ്രായത്തിന് വഴങ്ങിയാണ്. ഞങ്ങള്‍ക്കു ശേഷം അത്ു തുടര്‍ന്നില്ല. 

ഇന്‍സ്റ്റിറ്റ്യൂട്ടിലെ രാവിലത്തെ ന്യൂസ് അനാലിസിസ് പരിപാടി രാജേഷിന് ഒരു ഹരം തന്നെ ആയിരുന്നു. കുട്ടികളുടെ പത്രവിശകനലം കേട്ട് രണ്ട് അഭിപ്രായം പറഞ്ഞ് തൃപ്തിപ്പെടുന്ന ആളായിരുന്നില്ല രാജേഷ്. പത്രങ്ങള്‍ മുഴുവന്‍ വായിച്ച് സജ്ജനായാണ് രാജേഷ് ക്ലാസ്സില്‍ വന്നിരുന്നതുതന്നെ. ചര്‍ച്ചയില്‍ ഇടപെടും. ശ്രദ്ധേയമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടും. വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍പരമായി വലിയ പയോജനം ചെയ്യുന്ന ഒരു സംഗതിയാണ് അത്. മാധ്യമം ന്യൂസ് റൂമിലും വാര്‍ത്താവലോകനം രാജേഷിന്റെ ചുമതലയായിരുന്നു. സഹപ്രവര്‍ത്തകരും എഡിറ്റോറിയല്‍ തലപ്പത്തുള്ളവരും അദ്ദേഹത്തിന്റെ വിലയിരുത്തലിനെ വില കല്പിച്ചിരുന്നു.

മീഡിയ അക്കാദമി കാര്യങ്ങളെക്കുറിച്ച് മന്ത്രി കെ.സി. ജോസഫുമായി ഒരു ചര്‍ച്ച. രാജേഷ് ഇടത്തെ അറ്റത്ത്. അക്കാദമി സിക്രട്ടറി സന്തോഷും വൈസ് ചെയര്‍മാന്‍ കെ.സി.രാജഗോപാലും ഒപ്പംകോഴിക്കോട് പ്രസ് ക്ലബ്ബിന്റെ പ്രസിഡന്റ് ഞാനും സിക്രട്ടറി രാജേഷുമായിരുന്ന 2002-2005 കാലത്താണ് ഞങ്ങള്‍ വളരെ അടുത്തത്. സംഘര്‍ഷഭരിതമായിരുന്നു രണ്ടു വര്‍ഷവും. കോഴിക്കോട് ഇന്‍ഡ്യവിഷന്‍ ആക്രമണം, എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെ ആക്രമണം, പ്രസ് ക്ലബ്ബിനു നേരെ ആക്രമണം, പ്രസ് ക്ലബ്ബും എല്‍.ഐ.സിയും തമ്മില്‍ ഭൂമി തര്‍ക്കം, മാറാട് കലാപ ഒത്തുതീര്‍പ്പു വിവാദം തുടങ്ങിയയെല്ലാം അരങ്ങേറി കാലം. പുറത്തു പല വിമര്‍ശനങ്ങളും ഉയര്‍ന്നെങ്കിലും നിലപാടുകളിലോ നടപടികളിലോ ഞങ്ങള്‍ത്തമ്മില്‍ ഒരു അഭിപ്രായവ്യത്യാസവുമുണ്ടാകാഞ്ഞത് രാജേഷിന്റെ പക്വമായ സമീപനം കാരണമായിരുന്നു. സംഘടനയുടെയും പത്രപ്രവര്‍ത്തകരുടെയും താല്പര്യങ്ങള്‍ക്കാണ് അദ്ദേഹം എപ്പോഴും പ്രാധാന്യം നല്‍കിയിരുന്നത്. രാഷ്ട്രീയപക്ഷപാതങ്ങള്‍ ഒട്ടുമില്ലായിരുന്നു. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിക്കാന്‍ പിറ്റേ ദിവസം കോഴിക്കോട് ഡി.ഐ.ജി ഓഫീസിലേക്ക് പത്രപ്രവര്‍ത്തക മാര്‍ച്ച് നടത്തിയത്് ഓര്‍ക്കുന്നു. മാര്‍ച്ചില്‍ അക്രമമുണ്ടായേക്കുമെന്ന ആശങ്ക, ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ രാവിലെ പ്രസ് ക്ലബ്ബില്‍ വന്ന് ഞങ്ങളെ അറിയിച്ചു. മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ട്രേഡ് യൂണിയന്‍കാരും പുറപ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ടാണ് അവരില്‍ സംശയമുണ്ടാക്കിയത്.  പത്രപ്രവര്‍ത്തകരാരും അത്തരക്കാരല്ലെന്നും ഇതൊരു പാര്‍ട്ടി പരിപാടിയല്ലെന്നും ഞാനും രാജേഷും അവര്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തു. പക്ഷേ, മാര്‍ച്ച് ഡി.ഐ.ജി ഓഫീസിനു മുന്നിലെത്തിയപ്പോഴാണ് ആശങ്കയില്‍ കാര്യമായത്. ട്രേഡ് യൂണിയന്‍കാര്‍ കുഴപ്പത്തിനൊന്നും ഒരുമ്പെട്ടില്ല. എന്നാല്‍, നമ്മുടെ സഹപ്രവര്‍ത്തകരില്‍ ഒരു വലിയ സംഘം പൊലീസ് പ്രതിരോധം തകര്‍ത്ത് ഓഫീസിലേക്ക് ഇടിച്ചുകയറാന്‍ കഠിനശ്രമം നടത്തി. പ്രകടനത്തിന്റെ മുന്‍നിരയില്‍ വലിയ ബാനറുമായി നിലയുറപ്പിച്ചിരുന്ന, രാജേഷ് ഉള്‍പ്പെടെയുള്ള മുന്‍നിര പ്രവര്‍ത്തകരുടെ കഠിനശ്രമം കൊണ്ടു മാത്രമാണ് അതു തടയാന്‍ കഴിഞ്ഞത്. കുറച്ചുനേരത്തെ ശ്രമത്തിനു ശേഷം ശാന്തമായി പ്രതിഷേധയോഗം അവിടെത്തന്നെ നടത്തുകയും ചെയ്തു. നല്ലൊരു ലാത്തിച്ചാര്‍ജ്ജിനുള്ള അവസരം നഷ്ടപ്പെടുത്തിയതിന് ചില പത്രപ്രവര്‍ത്തക സഖാക്കള്‍ ഞങ്ങളെ പിന്നീട് കുറ്റപ്പെടുത്തിയതായും കേട്ടു! 

2011-14 കാലത്ത് രാജേഷ് കെ.യു.ഡബ്്‌ള്യൂ.ജെ പ്രതിനിധിയായി കേരള മീഡിയ അക്കാദമി എക്‌സി. കൗണ്‍സില്‍ അംഗമായിരുന്നു. ജേണലിസം ക്ലാസ്സും ചില അവാര്‍ഡ് പ്രഖ്യാപനങ്ങളും മാത്രം നടത്തുന്ന,  ജീവനക്കാരുടെ ശമ്പളം വര്‍ഷത്തില്‍ പലവട്ടം മുടങ്ങിയിരുന്ന ഒരു നിര്‍ദ്ധന സ്ഥാപനമായിരുന്നു അന്നത്തെ അക്കാദമി. കഠിനശ്രമങ്ങളിലൂടെയാണ് അത് മാറ്റിയെടുത്തത്. ഈ ശ്രമങ്ങളുടെയെല്ലാം പിന്നില്‍ എപ്പോഴും രാജേഷിന്റെ ക്രിയേറ്റീവ് ആയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമുണ്ടായിരുന്നു. പല ചുമതലകളും അദ്ദേഹം സ്വയംഏറ്റെടുത്തു ചെയ്തു. സംസ്ഥാനത്തെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ അനുഭവങ്ങള്‍ ഇന്റര്‍വ്യൂകളായി വരുംതലമുറകള്‍ക്കു വേണ്ടി രേഖപ്പെടുത്തണം എന്ന ആശയം രാജേഷിന്റേതായിരുന്നു എന്നാണ് ഓര്‍മ്മ. എന്തായാലും, ഇതിനായി ഏറ്റവുമേറെ പത്രപ്രവര്‍ത്തകരെ ഇന്റര്‍വ്യൂ ചെയ്തത് രാജേഷ് ആയിരുന്നു. 

ഞങ്ങളുടെ ഭാരവാഹിത്വ കാലത്താണ് മീഡിയ എന്ന ദ്വിഭാഷാ മാധ്യമ പ്രസിദ്ധീകരണത്തിനു തുടക്കമിടുന്നത്. തിരുവനന്തപുരം കേസരി മന്ദിരത്തില്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് അക്കാദമിയുടെ ആദ്യകാല ചെയര്‍മാന്‍ കൂടി ആയിരുന്ന പി.ഗോവിന്ദപിള്ളയായിരുന്നു. പെരുമ്പടവം ശ്രീധരനാണ് ഏറ്റുവാങ്ങിയത.് രാജ്യത്തെ ഏറ്റവും മികച്ച മാധ്യമപ്രസിദ്ധീകരണമായി മാറിക്കഴിഞ്ഞ മീഡിയയുടെ പ്രസിദ്ധീകരണത്തില്‍ രാജേഷ് സജീവമായി പങ്ക് വഹിച്ചിട്ടുണ്ട്. 

അക്കാദമിയുടെ പരിശീലനപരിപാടികളിലും അദ്ദേഹം താല്പര്യമെടുത്തിരുന്നു. പ്രാദേശിക ലേഖകന്മാര്‍ക്ക് വേണ്ടി സംസ്ഥാനത്തുടനീളം നടത്തിയ ജേണലിസം വര്‍ക്ക്‌ഷോപ്പുകള്‍, വിവരാവകാശ നിയമ ക്ലാസ്സുകള്‍, ഫോട്ടോഗ്രാഫി, ഡിജിറ്റല്‍ ജേണലിസം, ധനകാര്യ പത്രപ്രവര്‍ത്തനം ഡല്‍ഹിയിലും ചെന്നൈയിലും നടത്തിയ സെമിനാറുകള്‍ തുടങ്ങിയ തുടങ്ങിയ എല്ലാ പരിപാടികളിലും രാജേഷും കൂട്ടായി ഒപ്പമുണ്ടായിരുന്നു. . ആ കാലഘട്ടത്തില്‍ത്തന്നെയാണ് കേരള പ്രസ് അക്കാദമി കേരള മീഡിയ അക്കാദമി ആയി മാറുന്നത്; ഉദ്ഘാടനം നടക്കുമ്പോള്‍ ഞാന്‍ ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞിരുന്നെങ്കിലും. 

2014-ജുലൈയില്‍ ഞാന്‍ അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു. മൂന്നു വര്‍ഷത്തെ കാലാവധി കഴിഞ്ഞാല്‍ അതു നീട്ടാനാണ് തീരുമാനമെന്നും പ്രവര്‍ത്തനം നിര്‍ത്തരുതെന്നും മന്ത്രി കെ.സി ജോസഫ് എന്നെ വിളിച്ചുപറഞ്ഞിരുന്നു. എന്റേതായ കാരണങ്ങളാല്‍ എനിക്ക് അതു സ്വീകാര്യമായിരുന്നില്ല. രാജേഷ് എന്നോട് തുടരാന്‍ പറഞ്ഞുകൊണ്ടേ ഇരുന്നു. ഞങ്ങള്‍ ഒന്നിച്ച് അക്കാദമിയില്‍ ഉണ്ടായ അവസാന ദിവസം, അക്കാദമി മീറ്റിങ്ങ് കഴിഞ്ഞ് രാത്രി വൈകുവോളം കാക്കനാട്ട്് ഇക്കാര്യം സംസാരിച്ചുകൊണ്ടേയിരുന്നു. വൈസ് ചെയര്‍മാന്‍ കെ.സി. രാജഗോപാലും ഒപ്പമുണ്ടായിരുന്നു. അതായിരുന്നു ഞങ്ങളുടെ അവസാനത്തെ ദീര്‍ഘസംവാദം.

കോഴിക്കോട്ട് ഞാന്‍ ഏറ്റവും കൂടൂതല്‍ തവണ കയറിയറങ്ങിയ വീട് രാജേഷിന്റെ വീടാണ്. ആ വഴിയാണ് ഞാന്‍ നഗരത്തില്‍ വന്നുപോകുന്നത്. വീട്ടിലെ എല്ലാ പ്രധാനസംഭവങ്ങള്‍ക്കും ഞാന്‍ പോയിരുന്നു. ജോലിയില്‍നിന്നു വിരമിച്ച ശേഷം ആ യാത്രയും രാജേഷുമായുള്ള സംസാരവും കുറെ കുറഞ്ഞിരുന്നു. അവസാനവര്‍ഷം അതു വളരെ നേര്‍ത്തതായി. ഇത്രയേറെ നന്മയോടെ ജീവിച്ചിട്ടും ഇത്രയും പ്രാധാന്യം പ്രാര്‍ത്ഥനകള്‍ക്കും നല്‍കിയിട്ടും ഇത്രയും വേദനയോടെ മരണം വരിക്കേണ്ടി വന്ന രാജേഷ് ഉണങ്ങാത്ത മുറിവായി നമ്മെ നിരന്തരം വേദനിപ്പിക്കും.


അഭിപ്രായങ്ങള്‍

  1. പ്രിയ സഹപ്രവർത്തകന് ആദരാഞ്ജലികൾ

    മറുപടിഇല്ലാതാക്കൂ
  2. മരണം ഒരു സത്യമാണെങ്കിലും നമുക്ക് അടുപ്പമുള്ളവർക്ക് അത് സംഭവിക്കുന്നത് സങ്കടകരമാന്ന് .ഓർക്കാപ്പുറത്ത് അറിയുമ്പോൾ ഞെട്ടലും ഉണ്ടാവും രാജേഷിൻ്റെ വിയോഗം സമ്മാനിച്ചത് ഇത് രണ്ടുമാണ്. NPR ൻ്റെ കുറിപ്പ് ഹൃദയ സ്പർശിയായി

    മറുപടിഇല്ലാതാക്കൂ
  3. മരണം ഒരു സത്യമാണെങ്കിലും നമുക്ക് അടുപ്പമുള്ളവർക്ക് അത് സംഭവിക്കുന്നത് സങ്കടകരമാന്ന് .ഓർക്കാപ്പുറത്ത് അറിയുമ്പോൾ ഞെട്ടലും ഉണ്ടാവും രാജേഷിൻ്റെ വിയോഗം സമ്മാനിച്ചത് ഇത് രണ്ടുമാണ്. NPR ൻ്റെ കുറിപ്പ് ഹൃദയ സ്പർശിയായി .sudheendrakumar

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി