ഗഡ്കരിചരിതം


നിതിന്‍ ഗഡ്കരി എന്ന മഹാരാഷ്ട്രക്കാരനെ ബി.ജെ.പി.യുടെ അഖിലേന്ത്യാ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചത് 2009 ഡിസംബറിലാണ്. അതിന് ഒരു മാസംമുമ്പ് ബി.ജെ.പി. പ്രസിഡന്റാകാന്‍ സാധ്യതയുള്ള ദേശീയനേതാക്കളുടെ പേരെഴുതാന്‍ പത്രവായനക്കാര്‍ക്ക് ഒരു പരീക്ഷ നടത്തിയിരുന്നെങ്കില്‍ മഹാരാഷ്ട്രക്കാര്‍പോലും അതില്‍ നിതിന്‍ ഗഡ്കരിയുടെ പേര് എഴുതുമായിരുന്നില്ല. മലയാളപത്രങ്ങളില്‍ ആദ്യമായി ആ പേര് വന്നത് ബി.ജെ.പി. പ്രസിഡന്റായപ്പോഴാണത്രെ. ബി.ജെ.പി.യുടെ ഒരു സംസ്ഥാന പ്രസിഡന്റായിരുന്നു അദ്ദേഹം. പക്ഷേ, പാര്‍ട്ടിയില്‍ സംസ്ഥാന പ്രസിഡന്റുമാര്‍ ഇരുപത്തിയെട്ടുണ്ട്. മഹാരാഷ്ട്രയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു അദ്ദേഹം. അത്തരം മന്ത്രിമാര്‍ പാര്‍ട്ടിയില്‍ നൂറുകണക്കിനുണ്ട്. അദ്ദേഹം വലിയ മുതലാളിയായിരുന്നു. പക്ഷേ, പാര്‍ട്ടിയില്‍ മുതലാളിമാര്‍ ആയിരക്കണക്കിനുണ്ട്.പിന്നെ എന്തുകൊണ്ട് ഗഡ്കരി? അദ്ദേഹം പ്രസിഡന്റായിരുന്നത് മഹാരാഷ്ട്രത്തിലാണ്. മഹാരാഷ്ട്രത്തിലെ ഏതോ കുഗ്രാമത്തിലല്ല, മഹാ നാഗ്പുരിലാണ്. നാഗ്പുരിലെ ഏതോ ഗള്ളിയിലല്ല. ആര്‍.എസ്.എസ്സിന്റെ മഹാ ആസ്ഥാനത്തിന്റെ തൊട്ടയല്‍പക്കത്താണ് പാര്‍പ്പ്. കവാത്ത് സമയത്ത് വിസിലടിച്ചാല്‍ വീട്ടില്‍കേള്‍ക്കും. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന് യേശുക്രിസ്തുവാണ് പറഞ്ഞതെങ്കിലും ആര്‍.എസ്.എസ്. അത് മഹദ്വചനമായി സ്വീകരിച്ചിട്ടുണ്ട്. യോഗ്യന്‍ അയല്‍പക്കത്തുള്ളപ്പോള്‍ എന്തിന് ദൂരെ പോകണം.

ബി.ജെ.പി.യില്‍ ഒരു പ്രശ്‌നമുണ്ട്. ഒരു തവണമാത്രമേ ഒരാള്‍ക്ക് പാര്‍ട്ടിയുടെ പ്രസിഡന്റായിരിക്കാന്‍ പറ്റൂ. പണ്ടില്ലാത്ത പ്രശ്‌നമാണ്. ആരുടെ തലയിലാണ് ഈ ബുദ്ധി ഉദിച്ചത് എന്നറിയില്ല. കോണ്‍ഗ്രസ്സിലെ ബുദ്ധിമാന്മാരൊന്നും അത്തരം മണ്ടന്‍ വ്യവസ്ഥകള്‍ പാര്‍ട്ടിഭരണഘടനയില്‍ ചേര്‍ക്കില്ല. അവിടെ ആജീവനാന്ത പ്രസിഡന്റാണ്. അഖിലേന്ത്യാസമ്മേളനം നടത്തിക്കൊള്ളണമെന്ന് നിര്‍ബന്ധവുമില്ല. അതുകൊണ്ട് ഈ രണ്ടുകാര്യങ്ങള്‍ ചിന്തിച്ച് തലപുണ്ണാക്കാതെ രാഷ്ട്രത്തെ 'സേവി'ക്കാം. ബി.ജെ.പി. മൂന്നുകൊല്ലം കൂടുമ്പോള്‍ പ്രസിഡന്റിനെ അന്വേഷിച്ച് നടക്കണം. ആര്‍.എസ്.എസ്. ഉള്ളത് വലിയ സമാധാനമാണ്. പാര്‍ട്ടിയുടെ നയം തീരുമാനിക്കുക, പ്രസിഡന്റിനെ കണ്ടെത്തുക, പള്ളി പൊളിക്കുക തുടങ്ങിയ ബുദ്ധിമുട്ടുള്ള പണിയൊക്കെ അവര്‍ ചെയ്തുകൊള്ളും. രാജ്‌നാഥ് സിങ് പ്രസിഡന്റ്സ്ഥാനം ഒഴിഞ്ഞപ്പോള്‍ നാഗ്പുരില്‍നിന്ന് സന്ദേശമെത്തി. പിന്നെ ആലോചനയൊന്നും വേണ്ടിവന്നില്ല.

മഹാരാഷ്ട്രയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് ഗംഭീരന്‍ റോഡുകള്‍ ഉണ്ടാക്കിയെന്ന ക്രെഡിറ്റ് ഗഡ്കരിക്കുണ്ട്. ഡല്‍ഹിയിലേക്കുമാറി പ്രസിഡന്റായപ്പോഴും അദ്ദേഹം നാഗ്പുരിലെ സംഘ ആസ്ഥാനത്തേക്കുള്ള റോഡ് കുണ്ടും കുഴിയുമാകാതെ നിലനിര്‍ത്തി എന്നത് ചില്ലറക്കാര്യമല്ല. അദ്വാനിക്കുപോലും കഴിയാതിരുന്ന കാര്യമാണ്. അതുകൊണ്ടാണ് പാര്‍ട്ടി ഭരണഘടനയിലെ 21-ാം വകുപ്പ് ഭേദഗതിചെയ്ത് ഗഡ്കരിയെ രണ്ടാംവട്ടം പാര്‍ട്ടി പ്രസിഡന്റാക്കാന്‍ തീരുമാനിച്ചത്. ഭരണഘടന മാറ്റി സ്ഥാനത്ത് നിലനിര്‍ത്തേണ്ടതരം സൂപ്പര്‍സ്റ്റാറാണ് ഗഡ്കരി എന്ന് നമ്മളാരും അറിഞ്ഞിരുന്നില്ല എന്നുമാത്രം.

അടുത്ത മൂന്നുവര്‍ഷം ഏത് ദേശീയപ്പാര്‍ട്ടിക്കും ബേജാറുമൂക്കുന്ന കാലമാണ്. 2014-ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണ്. വെപ്രാളപ്പെടേണ്ട സമയമായി. ബി.ജെ.പി.യും സഖ്യകക്ഷികളും ഭരണംപിടിക്കുമെന്ന് വേറെ ആര് വിശ്വസിക്കുന്നില്ലെങ്കിലും അവര്‍ ഉറച്ചുവിശ്വസിക്കുന്നുണ്ട്. കോണ്‍ഗ്രസ് ആകെ അലങ്കോലമായി കിടക്കുകയല്ലേ. രാജ്യഭരണം പോക്കറ്റില്‍ത്തന്നെയെന്ന് കഴിഞ്ഞ രണ്ടുതവണയും ബി.ജെ.പി. ഉറപ്പിച്ചതായിരുന്നു. എന്തോ അവസാനഘട്ടത്തില്‍ കപ്പിനും ലിപ്പിനുമിടയില്‍ ചായ തെറിച്ചുപോയി. ഇത്തവണ റിലേ ഓട്ടത്തിന്റെ അവസാനഘട്ടം ഓടേണ്ട ചുമതല ഗഡ്കരിയെത്തന്നെ ഏല്പിച്ചത് അദ്ദേഹം മികച്ച ഓട്ടക്കാരനാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടായിരിക്കണം. എന്തുഫലം? ലാസ്റ്റ്ഘട്ടത്തിനുള്ള ബാറ്റന്‍ കൈയില്‍ വരുംമുമ്പ് അതാ ഓട്ടം പിഴച്ചിരിക്കുന്നു. ഭരണഘടന ഭേദഗതിചെയ്ത് തിരഞ്ഞെടുത്തയാള്‍ പ്രസിഡന്റ്സ്ഥാനം ഒഴിയണം എന്നാവശ്യപ്പെട്ട് പാര്‍ട്ടിക്കാര്‍തന്നെ മുറവിളികൂട്ടുന്നു. ആകപ്പാടെ ലക്ഷണദോഷമാണ്.

അഴിമതിയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസ്സിന് ഒരേയൊരു ബദല്‍ സംശുദ്ധ ആര്‍ഷഭാരത പാര്‍ട്ടിയാണെന്നല്ലേ കേട്ടിരുന്നത്. അഴിമതിരഹിത ആദര്‍ശപ്പാര്‍ട്ടിയെ നയിക്കാന്‍ മുന്നില്‍നിര്‍ത്തിയ 24 കാരറ്റ് സ്വര്‍ണത്തിലും മായമുണ്ടെന്ന് ആരോപണംവന്നാല്‍ എന്തുചെയ്യും? കോണ്‍ഗ്രസ് അഴിമതിയെ തള്ളിമാറ്റി കുറച്ചായി പത്രങ്ങളില്‍ ബി.ജെ.പി.അഴിമതിയെക്കുറിച്ച് കഥകള്‍ വരുന്നു. കോണ്‍ഗ്രസ്സിന്റെ അഴിമതിക്കണക്ക് ലക്ഷം കോടിയൊക്കെ കടക്കുമ്പോള്‍ തങ്ങളുടേത് അത്രയൊന്നും വരില്ല എന്നാശ്വസിക്കുകയാണ് ബി.ജെ.പി.ക്കാര്‍.
രാം ജേഠ്മലാനിയെപോലുള്ള വന്‍പുള്ളികളായ പാര്‍ട്ടിക്കാര്‍തന്നെയാണ് പാര്‍ട്ടിപ്രസിഡന്റിനെതിരെ യുദ്ധംനയിക്കുന്നത്. പാര്‍ട്ടിയുടെ പ്രതിച്ഛായ മങ്ങുന്നു. അത് തടയാന്‍ സംഘപരിവാര്‍ ബുദ്ധിജീവിയും പ്രശസ്ത കണക്കപ്പിള്ളയുമായ ഗുരുസ്വാമിയെ രംഗത്തിറക്കിനോക്കി. ജേഠ്മലാനിക്ക് നിയമവും വകുപ്പുമേ അറിയൂ. കണക്കറിയില്ല. ഗുരുസ്വാമിക്ക് കണക്കറിയാം. രണ്ടുപേര്‍ക്കും രാഷ്ട്രീയം വലിയ നിശ്ചയമില്ല. പ്രതിച്ഛായ ഇല്ലാത്ത പ്രസിഡന്റിനെയും കൊണ്ടുനടന്നാല്‍ വോട്ട് പോയേക്കുമെന്ന് അറിയാന്‍ വിവരംവേണ്ട. ഗഡ്കരിയുടെ പുസ്തകത്തിലെ കണക്കെല്ലാം കറക്ടാണ് എന്നാണ് ഗുരുസ്വാമി പറയുന്നത്. അഴിമതി തെളിയിക്കാതെ എന്തിന് ഗഡ്കരി ഒഴിയണം എന്ന ചോദ്യമാണ് ബി.ജെ.പി.ക്കാര്‍ ചോദിക്കുന്നത്. ഇതുതന്നെയാണ് കോണ്‍ഗ്രസ്സുകാരും ബോഫോഴ്‌സ് കാലംമുതല്‍ ചോദിച്ചുപോന്നത്. പാവം ബാലുവും വദ്രയും സല്‍മാന്‍ ഖുര്‍ഷിദും-അവര്‍ക്ക് നല്ല കണക്കപ്പിള്ളമാര്‍ ഇല്ലാതെപോയി.

കഷ്ടകാലത്ത് എല്ലാം കൂട്ടത്തോടെ വരുമല്ലോ. നാട്ടുകാരെ ഉദ്ബുദ്ധരാക്കാന്‍ ഒരു മഹാതത്ത്വം പറയാമെന്ന് വിചാരിച്ചുപോയി ഗഡ്കരി. വേറെ കുറ്റമൊന്നും ചെയ്തിട്ടില്ല. ബുദ്ധിയുള്ളതുകൊണ്ടുമാത്രം കാര്യമില്ല, മനസ്സ് നന്നാവണം എന്നുപറയാന്‍ ചെറിയ ഒരു ഉപമ പ്രയോഗിച്ചതാണ് അബദ്ധമായത്. സ്വാമി വിവേകാനന്ദനുള്ള അത്രബുദ്ധി ചിലപ്പോള്‍ ദാവൂദ് ഇബ്രാഹിമിനും കാണുമായിരിക്കും. പക്ഷേ, ദാവൂദിന്റെ ലൈന്‍ ശരിയായിരുന്നില്ല എന്നേ പറഞ്ഞുള്ളൂ. വിവേകാനന്ദനും ദാവൂദും തമ്മില്‍ വ്യത്യാസമില്ലെന്നാണ് പറഞ്ഞതിന്റെ അര്‍ഥം എന്നായി കുറേ ബി.ജെ.പി.ക്കാരും. ബുദ്ധിയുള്ളതുകൊണ്ടുമാത്രം കാര്യമില്ല എന്ന തത്ത്വം ബി.ജെ.പി.ക്കാര്‍ക്കും ബാധകമാണല്ലോ. ബുദ്ധിയുമില്ല, നല്ല മനസ്സുമില്ല എന്നായാല്‍ എന്തുചെയ്യും.

ചുരുക്കിപ്പറഞ്ഞാല്‍ 2014-നെ ലക്ഷ്യംവെച്ചുള്ള അവസാന ഘട്ട ഓട്ടത്തില്‍ മുടന്തുകയാണ് ബി.ജെ.പി. ഒരു സമാധാനമേ ഉള്ളൂ. ബി.ജെ.പി.ക്ക് ഒരു കാലേ മുടന്തിയിട്ടുള്ളൂ. മറ്റേ പ്രധാന ഓട്ടക്കാരന് രണ്ടുകാലിലും മുടന്തുണ്ട്. വേറെചില ഓട്ടക്കാര്‍ക്ക് കാലുതന്നെ ഇല്ല.

** ** **

തിരുവഞ്ചൂര്‍ രാധാകൃഷ്ണനേക്കാള്‍ വലിയ ആഭ്യന്തരമന്ത്രിമാരെയും താന്‍ കണ്ടിട്ടുണ്ടെന്നാണ് കണ്ണൂര്‍ എം.പി. കെ.സുധാകരന്‍ പറയുന്നത്. സുധാകരന്‍തന്നെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനേക്കാള്‍ വലിയ തോക്കാണ് എന്നാര്‍ക്കാണ് അറിയാത്തത്.

സുധാകരന്‍ വിനയംകൊണ്ട് സംഭവം മുഴുവനുമങ്ങ് തെളിച്ചുപറഞ്ഞില്ല എന്നേ ഉള്ളൂ. പത്ത് തിരുവഞ്ചൂരിന്റെ ബലമുള്ള കെ. കരുണാകരന്‍ അടിയന്തരാവസ്ഥയില്‍ ആഭ്യന്തരം ഭരിക്കുമ്പോഴാണല്ലോ സുധാകരന്‍ അടിയന്തരാവസ്ഥയെത്തന്നെ എതിര്‍ത്ത് ജയിലില്‍ പോയത്. അന്നത്തെ കൂട്ടുകിടപ്പുകാര്‍ മാര്‍ക്‌സിസ്റ്റുകാരായിരുന്നു. എന്തുചെയ്യാം, പഴയ ധീരസാഹസികതകളൊന്നും ഇപ്പോള്‍ പുറത്തുപറയാന്‍ നിവൃത്തിയില്ല. പറഞ്ഞാല്‍ കോണ്‍ഗ്രസ്സുകാര്‍ക്കും ഇഷ്ടപ്പെടില്ല, മാര്‍ക്‌സിസ്റ്റുകാര്‍ക്കും ഇഷ്ടപ്പെടില്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

മാധ്യമങ്ങള്‍ വളര്‍ത്തുന്ന യുദ്ധഭ്രാന്ത്

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്