വി.പി.ആര്‍ - മാധ്യമരംഗത്തെ ഒരതികായന്‍

സംസ്ഥാന സര്‍ക്കാറിന്റെ ഏറ്റവും വലിയ മാധ്യമബഹുമതിയായ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം വി.പി.ആറിന് മുഖ്യമന്ത്രി സമ്മാനിക്കുന്ന ചടങ്ങില്‍ ആശംസ നേരാന്‍ വേദിയിലെത്തിയപ്പോള്‍ ഓര്‍മ വന്നത് 32 വര്‍ഷം മുമ്പ് മാതൃഭൂമിയില്‍ ജേണലിസം ട്രെയിനി സെലക്ഷനുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്തതാണ്. എന്റെ ചെറിയ ആശംസാപ്രസംഗം ആരംഭിച്ചതും അതോര്‍മിച്ചുതന്നെ. 32 വര്‍ഷം ! വി.പി.ആര്‍ ഇന്നും അന്നത്തെ പോലെ തന്നെയുണ്ട്. ഞങ്ങളൊക്കെയാണ് വൃദ്ധന്മാരായത് ! മാതൃഭൂമിയുടെ കൊച്ചി ഓഫീസിലായിരുന്നു ഇന്റര്‍വ്യൂ. ഉച്ച കഴിഞ്ഞാണ് എന്നെ ഇന്റര്‍വ്യൂവിന് വിളിച്ചത്. അതുവരെ വരാന്തയില്‍ നിലയുറപ്പിച്ച് ആളുകളോട് സംസാരിച്ചുകൊണ്ടിരുന്നു. ഇന്റര്‍വ്യൂകളില്‍ അനുഭവിക്കാറുള്ള പതിവ് ടെന്‍ഷന്‍ ലവലേശമില്ല. രണ്ട് കാരണങ്ങള്‍ കൊണ്ട്- ഒന്ന്, ഇന്റര്‍വ്യൂവിന് വന്നവരെ ഏതാണ്ടെല്ലാവരെയും പരിചയപ്പെട്ടപ്പോള്‍ ഒരു കാര്യം ബോധ്യപ്പെട്ടു. എന്നെക്കാള്‍ യോഗ്യന്മാരാണ് അവരെല്ലാം. കേരളത്തിലാകെ അറിയപ്പെട്ടിരുന്ന എഴുത്തുകാര്‍ തന്നെ അര ഡസന്‍ എത്തിയിരുന്നു. ചിലര്‍ ഒരു ചുമട് പ്രസിദ്ധീകരണങ്ങളുമായാണ് വന്നിരുന്നത്. എല്ലാം അവരുടെ ലേഖനങ്ങളും മറ്റ് കൃതികളും പ്രസിദ്ധീകരിച്ച മാഗസീന