പുലിവാല്‍ സമരങ്ങള്‍


മുഖ്യമന്ത്രി രാജിവെക്കുംവരെ സമരം എന്നാണ് തീരുമാനം. വേണ്ടത്ര ആലോചിച്ചാവും അങ്ങനെ തീരുമാനിച്ചത് എന്നുവേണം കരുതാന്‍. മുതലക്കുഞ്ഞിനെ നീന്താന്‍ പഠിപ്പിക്കേണ്ട എന്നുപറഞ്ഞതുപോലെ സമരം ചെയ്യാന്‍ ഇടതുപക്ഷത്തെ ആരും പഠിപ്പിക്കേണ്ട. സമരത്തിന്റെ ഫലമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സ്വയം ബോധ്യമാകും, താന്‍ സോളാര്‍തട്ടിപ്പില്‍ പങ്കാളിയായിരുന്നു എന്ന്. തുടര്‍ന്ന് അദ്ദേഹം രാജിസമര്‍പ്പിച്ച് കാശിക്കോ വേളാങ്കണ്ണിക്കോ പോകും. ഇതാവും ഇടതുമുന്നണി സങ്കല്പിച്ച നടപടിക്രമം.

മരണംവരെ ഉപവാസംപോലുള്ള കടുംകൈ ആണ് രാജിവരെ സമരവും. മരണംവരെ എന്നുപറഞ്ഞ് പലരും ഉണ്ണാവ്രതം തുടങ്ങാറുണ്ടെങ്കിലും മരിക്കുക പതിവില്ല. നാലുദിവസം കഴിയുമ്പോള്‍ വല്ല പിടിവള്ളിയും കിട്ടും, നാരാങ്ങാവെള്ളം കുടിക്കാന്‍. അല്ലെങ്കില്‍ പോലീസ് പിടിച്ച് ആസ്​പത്രിയിലാക്കിയാല്‍ ഗ്ലൂക്കോസ് കിട്ടും. രാജിവരെ സമരത്തിന് ഈ സൗകര്യങ്ങളൊന്നുമില്ല. പുലിവാല്‍ പിടിച്ചതുപോലെയാണ്. ഉമ്മന്‍ചാണ്ടിക്ക് മാനസാന്തരമുണ്ടായി അദ്ദേഹം രാജിവെച്ചുകൊള്ളും, സമരം തുടങ്ങിക്കോളൂ എന്ന് ആരാണാവോ ഇടതുമുന്നണിയെ ഉപദേശിച്ചത്? സരിതാനായരെ സഹായിച്ചയാളാണല്ലോ മുഖ്യമന്ത്രി. അയ്യോ പാവം വിചാരിച്ച് സഹായിച്ചതല്ല. തട്ടിപ്പില്‍ പങ്കാളിയാണ് ഉമ്മന്‍ചാണ്ടി എന്നുതന്നെയാണ് ഇടതുനിലപാട്. അങ്ങനെയുള്ള ഒരു മഹാപാപി ചില്ലറ സമരമൊക്കെക്കണ്ട് മാനസാന്തരംവന്ന് രാജിവെച്ച് ഇറങ്ങിപ്പോകുമോ? സമരം നടത്തി ഒരു പഞ്ചായത്ത് പ്രസിഡന്റിനെക്കൊണ്ടുപോലും രാജിവെപ്പിക്കുക പ്രയാസമാണ്. പിന്നെയല്ലേ മുഖ്യമന്ത്രിയെ രാജിവെപ്പിക്കുന്നത്.

നാടുനീളെ കലാപവും മരണങ്ങളും ലാത്തിച്ചാര്‍ജും അക്രമവും തീവെപ്പും ആയിരങ്ങളുടെ അറസ്റ്റും ഉണ്ടായിട്ടും ഒന്നാമത്തെ ഇടതുമന്ത്രിസഭ രാജിവെച്ച് പോവുകയുണ്ടായില്ല. അന്നത്തെ സമരക്കാര്‍ക്ക് കേന്ദ്രത്തെക്കൊണ്ടും അമേരിക്കയെക്കൊണ്ടും മറ്റും ഇടപെടീക്കാനുള്ള സ്വാധീനമുണ്ടായിരുന്നു. ഇന്ന് പാര്‍ട്ടികളുടെ കേന്ദ്രനേതൃത്വങ്ങള്‍പോലും ഇങ്ങോട്ട് തിരിഞ്ഞുനോക്കുന്നില്ല. അക്രമാസക്തസമരം നടത്തി നാടുവിറപ്പിക്കാന്‍ ഇടതുപക്ഷത്തിന് കഴിവില്ല എന്നാരും കരുതേണ്ട. അതിനൊക്കെയുള്ള ശേഷി ഇപ്പോഴുമുണ്ട്. പക്ഷേ, ജനം പണ്ടത്തെപ്പോലെയല്ല; സുഖിയന്മാരാണ്. മുഖ്യമന്ത്രിയെ രാജിവെപ്പിക്കുക എന്ന മഹത്തായ ലക്ഷ്യം നേടാന്‍ ചില്ലറ ത്യാഗത്തിനുപോലും അവര്‍ തയ്യാറല്ല. പെണ്ണുങ്ങള്‍വരെ എന്തിനും ഒരുമ്പെടുന്ന കാലമാണ്. ചാനല്‍ ക്യാമറകള്‍ക്കുമുന്നില്‍ അപമാനിച്ചുകളയും. പോരാത്തതിന് തിരഞ്ഞെടുപ്പാണ് വരുന്നത്. എന്തെങ്കിലും പിടിവള്ളി കിട്ടാനാണ് ഭരണമുന്നണി കാത്തുനില്‍ക്കുന്നത്. ആ ലൈനിലും പ്രതീക്ഷവേണ്ട. സമരക്കാരുടെ കഷ്ടപ്പാടുകണ്ട് മനസ്സലിഞ്ഞ് രാജിവെക്കുമോ ഉമ്മന്‍ചാണ്ടി. സെക്രട്ടേറിയറ്റ് ഉപരോധം, ജില്ലാ ആസ്ഥാനത്തെ 24 മണിക്കൂര്‍ കുത്തിയിരിപ്പ്, കരിങ്കൊടികാട്ടി തല്ലുവാങ്ങല്‍, ജനസമ്പര്‍ക്ക ഉപരോധം തുടങ്ങിയവ കണ്ടാല്‍ ആര്‍ക്കും സഹതാപം തോന്നുമെന്നത് ശരിതന്നെ. പക്ഷേ, ഉമ്മന്‍ചാണ്ടിയില്‍നിന്ന് അതും പ്രതീക്ഷിക്കേണ്ട. ചോരപ്പുഴയൊഴുക്കിയും അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന നിഷ്ഠുരന്‍, കുടിലബുദ്ധി, വക്രബുദ്ധി തുടങ്ങിയ ബഹുമതി ബിരുദങ്ങളാണ് പ്രതിപക്ഷനേതാവും പാര്‍ട്ടിസെക്രട്ടറിയും മുഖ്യന് നല്‍കിയിട്ടുള്ളത്. പ്രതീക്ഷ വേണ്ട.

അണികള്‍ക്കുതന്നെയും സമരത്തില്‍ വലിയ താത്പര്യം കാണാത്തതിനെ കുറ്റപ്പെടുത്താന്‍ പറ്റില്ല. മുഖ്യമന്ത്രിയുടെ വീടുവളഞ്ഞ സ്ത്രീകള്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിപത്രം റിപ്പോര്‍ട്ട്‌ചെയ്തിട്ടുണ്ട്. സോളാര്‍തട്ടിപ്പിനെക്കുറിച്ച് അവരൊന്നും പറഞ്ഞില്ല. പക്ഷേ, വിലക്കയറ്റത്തെക്കുറിച്ച് പറയാനുണ്ട്, പാചകവാതകത്തിന് അനുദിനം വിലകൂട്ടുന്നതിനെക്കുറിച്ച് പറയാനുണ്ട്, ഒരു പെന്‍ഷനും കൃത്യസമയത്ത് നല്‍കാത്തതിനെക്കുറിച്ച് പറയാനുണ്ട്, സ്‌കൂള്‍ കുട്ടികള്‍ക്ക് യൂണിഫോം നല്‍കാത്തതിനെക്കുറിച്ച് പറയാനുണ്ട്, കൊച്ചുകുഞ്ഞുങ്ങള്‍ക്കുപോലും നാട്ടില്‍ സുരക്ഷയില്ലാത്തതിനെക്കുറിച്ച് പറയാനുണ്ട്. സമരം നടക്കുന്നത് ഉമ്മന്‍ചാണ്ടിയെ രാജിവെപ്പിക്കാന്‍മാത്രം. ഉമ്മന്‍ചാണ്ടി രാജിവെച്ചാല്‍ പകരം വരിക കെജ്‌രിവാളൊന്നുമല്ലല്ലോ. മറ്റൊരു ഉമ്മന്‍ചാണ്ടിവരും. അഴിമതി അതിന്റെ വഴിക്ക് നടക്കും.

വഴിക്കുവെച്ച് തടിയൂരാനുള്ള വകുപ്പ് കാണാതെ ഒരു സമരവും തുടങ്ങരുതെന്ന ബാലപാഠം അത്യാവേശത്തിനിടയില്‍ മറന്നുപോകുന്നു. സെക്രട്ടേറിയറ്റ് ഉപരോധം 24 മണിക്കൂര്‍കൊണ്ട് നിര്‍ത്തിപ്പോകാമെങ്കില്‍ ഏത് സമരപ്പുലിവാലിലെ പിടിയാണ് വിട്ടുകൂടാത്തത്. ഈ പുലിയെ ഒട്ടും പേടിക്കേണ്ട. അത് തിരിഞ്ഞുകടിക്കില്ല. കടിച്ചാലും നോവില്ല. പല്ലില്ലാത്ത പുലിയാണ്. ധൈര്യമായി പിടിവിടാം.

* * *

കാലം മാറുമ്പോള്‍ പല രൂപങ്ങളും മാറും. ഉയരങ്ങള്‍ താഴ്ചകളാകും. താഴ്ചകള്‍ ഉയരങ്ങളാകും. ഏറ്റവും ഉയരമുള്ള ഇന്ത്യക്കാരന്‍ ഇക്കാലംവരെ മഹാത്മാഗാന്ധിയായിരുന്നു. ഇപ്പോള്‍ ആരാണ്? സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍. എങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്ന് ചോദിക്കരുത്. ഓരോതരം പരിണാമങ്ങളാണ്.

സര്‍ദാര്‍ പട്ടേലിനെ ലോകത്തിലെ ഏറ്റവും ഉയരമുള്ള മനുഷ്യനാക്കാനുള്ള പണി ഗുജറാത്തില്‍ നടന്നുകൊണ്ടിരിക്കയാണ്. അമേരിക്കയുടെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ ഇരട്ടി ഉയരമുള്ള പ്രതിമ വരുന്നതോടെ അത് സംഭവിക്കും. അതോടെ മറ്റൊരു ഗുജറാത്തുകാരനായ മഹാത്മാഗാന്ധി ചെറുതാകും. വലിയ വരയെ മായ്ക്കാതെ ചെറുതാക്കാനുള്ള വിദ്യ അതിനടുത്ത് അതിലും വലിയ വര വരയ്ക്കുകയാണ്. സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്ക് 182 മീറ്ററാണ് ഉയരം. ഈ ജാതി ഒരു പ്രതിമ ലോകത്ത് ആരും ഉണ്ടാക്കിയിട്ടില്ല. സ്റ്റാലിന്റെയും ലെനിന്റെയും മാവോയുടെയുമൊക്കെ മൃതദേഹം ഐസിലിട്ട് ചീയാതെ സൂക്ഷിക്കാറുണ്ടെന്നല്ലാതെ അവരുടെയും ഇത്തരം പ്രതിമകളില്ല. മാവോ സേ തൂങ്ങിന്റെ സ്വര്‍ണപ്രതിമ ഉണ്ടാക്കിയെന്ന് കേട്ടു. ചെലവ് രൂഫാക്കണക്കില്‍ വെറും നൂറുകോടിയേ വരൂ. ഉയരം 80 സെന്റിമീറ്റര്‍മാത്രം. നമ്മുടെ സര്‍ദാറിന്റെ കാല്‍മുട്ടോളം വരില്ല സാധനം.

ഒറ്റയ്‌ക്കൊരു പ്രതിമ വഴിയോരത്ത് വെയിലും മഴയും കാക്കക്കാഷ്ഠവും ഏറ്റുവാങ്ങി നില്‍ക്കുന്ന ദയനീയത എന്തായാലും സര്‍ദാറിന് ഉണ്ടാകില്ല. പ്രതിമക്കൂറ്റനോട് ചേര്‍ന്ന് സ്മാരകമന്ദിരം, സന്ദര്‍ശകമന്ദിരം, പൂന്തോട്ടം, ഭക്ഷണാലയം, കണ്‍വെന്‍ഷന്‍ സെന്റര്‍, എമ്യൂസ്‌മെന്റ് പാര്‍ക്ക്, ഗവേഷണാലയം എന്നിവയെല്ലാമുണ്ട്. എല്ലാറ്റിനും ചേര്‍ന്നുള്ള ചെലവ് 2500 കോടി രൂപ വരും. 2500 കോടി രൂപ!

ഈ ഏര്‍പ്പാടിന്റെയെല്ലാം പിന്നിലുള്ളത് മഹാത്മാ നരേന്ദ്രമോദിയാണ്. സര്‍ദാര്‍ പ്രതിമ ഉയരുമ്പോള്‍ അതിനൊത്ത് മോദിയുടെ തലയും ആകാശംമുട്ടെ ഉയരും. ആര്‍.എസ്.എസ്സിനെ ഗാന്ധിവധത്തിന്റെ പേരില്‍ നിരോധിച്ചയാളാണ് ഈ സര്‍ദാര്‍ പട്ടേല്‍. അതേ പട്ടേലിനെ മോദി ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഒരക്ഷരം മിണ്ടാനൊക്കില്ല കോണ്‍ഗ്രസ്സിനും. നാടുനീളെ പ്രതിമകള്‍ ഉയരട്ടെ. ഉയരട്ടങ്ങനെ ഉയരട്ടെ...

* * *

ഒരുകൂട്ടര്‍ക്ക് നരേന്ദ്രമോദിയുടെ ഫോട്ടോയുള്ള ബനിയനിട്ട് ചാടിക്കളിക്കാന്‍ മടിയില്ല. ചാടിക്കളിച്ചോട്ടെ. പക്ഷേ, വേറൊരു കൂട്ടര്‍ക്ക് വിരോധം മോദിയോടും ബി.ജെ.പി.യോടും മാത്രമല്ല; ഗുജറാത്ത് സംസ്ഥാനത്തോടുതന്നെയാണ്. ഗുജറാത്തില്‍നിന്നുള്ള മന്ത്രിതലസംഘത്തെ നമ്മുടെ മന്ത്രിമാര്‍ കണ്ടുകൂടാ. ഗുജറാത്തിലെ സൂറത്തിലാണ് ഏറ്റവും മികച്ച മാലിന്യസംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്തിയത്. പക്ഷേ, അത് കണ്ടുപഠിക്കാന്‍ ഇവിടെനിന്നാരും പോയിക്കൂടാ. പോകുന്നത് മതേതരത്വത്തിന്റെ ലംഘനമാണ്. ഈ നിലയില്‍പ്പോയാല്‍ ഗുജറാത്തിനെ ഇന്ത്യയില്‍നിന്ന് അറുത്തുമാറ്റണമെന്ന് വാദിക്കാനും ആളുണ്ടായേക്കാം. അതും നടക്കട്ടെ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

മാധ്യമങ്ങള്‍ വളര്‍ത്തുന്ന യുദ്ധഭ്രാന്ത്

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്