ആഘോഷമായ വരവ്‌


വി.എം. സുധീരന്‍ പഴഞ്ചനാണ് ചില കാര്യങ്ങളില്‍. പാര്‍ട്ടി നിയമന രീതികളോട് അദ്ദേഹത്തിന് പണ്ടേ പ്രിയമില്ല. മെമ്പര്‍ഷിപ്പ്, തിരഞ്ഞെടുപ്പ് തുടങ്ങിയ പഴയരീതിയില്‍ വേണം എല്ലാ സ്ഥാനങ്ങളിലും നിയമിക്കാനെന്ന നിലപാടുകാരനാണ് അദ്ദേഹം. പോട്ടെ, കോണ്‍ഗ്രസ്സില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ബുദ്ധിമുട്ടുണ്ട്. സ്വതവേ ദുര്‍ബല, പിന്നെ ഗര്‍ഭിണിയും എന്ന അവസ്ഥയിലാണ് കേരളമുണ്ടായ കാലംമുതല്‍ പാര്‍ട്ടി. എന്നിട്ടും ഏതാനും പ്രസവങ്ങള്‍ ജീവഹാനിയില്ലാതെ നടന്നിട്ടുണ്ട്. ഈ പ്രായത്തില്‍ ഇനിയും അത് വയ്യ. ക്രമസമാധാനപ്രശ്‌നവുമുണ്ടാകും.

രണ്ടാമത്തെ മാര്‍ഗമാണ് സമവായം. ജനാധിപത്യപരവുമല്ല, വിരുദ്ധവുമല്ലാത്ത മാര്‍ഗം. ഗ്രൂപ്പ് നേതാക്കള്‍ ചര്‍ച്ചചെയ്ത് ഏറ്റവും അപകടം കുറഞ്ഞ, ആര്‍ക്കും ഉപദ്രവം ചെയ്യാത്ത, അങ്ങോട്ട് കടിച്ചാലും തിരിഞ്ഞുകടിക്കാത്ത ആരെയെങ്കിലും പ്രസിഡന്റാക്കുക എന്നതാണ് സമവായത്തിന്റെ അര്‍ഥം. ചെന്നിത്തല ആഭ്യന്തരമന്ത്രിയായതുമുതല്‍ തെന്നല ബാലകൃഷ്ണപ്പിള്ള ഭയന്നിരിപ്പായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സമവായംപറഞ്ഞ് മൂന്നാംവട്ടം പ്രസിഡന്റ്സ്ഥാനം അദ്ദേഹത്തിന്റെ ചുമലില്‍ വെച്ചുകെട്ടില്ലെന്ന് എന്താണ് ഉറപ്പ്? അത് സംഭവിച്ചില്ല. സംഭവിച്ചത് കോണ്‍ഗ്രസ് രാഷ്ട്രീയത്തെക്കുറിച്ച് ധാരണയുള്ള ആരും പ്രതീക്ഷിച്ചതല്ല. തിരഞ്ഞെടുപ്പല്ല, സമവായമല്ല, നറുക്കെടുപ്പല്ല, കവടി നിരത്തലല്ല. എന്തോ അത്യാധുനിക അതീന്ദ്രിയ സംവിധാനത്തിലൂടെയാണ് രാഹുല്‍ജിയുടെ 4 ജി സംഘം കെ.പി.സി.സി. പ്രസിഡന്റിനെ കണ്ടെത്തിയത്.

പ്രഖ്യാപനം വന്നപ്പോള്‍ ഗ്രൂപ്പ് ഭേദമെന്യേ, കക്ഷിഭേദമെന്യേ സകലരും ഞെട്ടി. ഞെട്ടലില്‍ ഒന്നും രണ്ടും റാങ്കുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുമായിരുന്നു. റിക്ടര്‍ സെ്കയില്‍, ശരീരഭാഷ തുടങ്ങിയ നവീന സംവിധാനങ്ങളൊന്നും ഇല്ലാതെതന്നെ മാധ്യമക്കാരും പൊതുജനവും ഇത് മനസ്സിലാക്കി. ഹൈക്കമാന്‍ഡിനെപ്പോലെ ആര്‍ക്കെങ്കിലും മനസ്സിലാവാതുണ്ടെങ്കില്‍ അവരുകൂടി അറിഞ്ഞോട്ടെ എന്നുവിചാരിച്ചാണ് പ്രസിഡന്റിന്റെ സ്ഥാനാരോഹണച്ചടങ്ങില്‍, അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു എന്ന് ഉറപ്പുവരുത്തിയശേഷംമാത്രം മുഖ്യമന്ത്രി പ്രത്യക്ഷപ്പെട്ടത്. സുധീരനോടല്ല എതിര്‍പ്പ് എന്നാണ് മുഖ്യമന്ത്രി പറയാതെ പറഞ്ഞത്. സുധീരനും ഉമ്മന്‍ചാണ്ടിയും ഭയങ്കര സ്നേഹത്തിലാണെന്ന് ആര്‍ക്കാണ് അറിയാത്തത്. മുഖ്യമന്ത്രിയായതില്‍ പിന്നീട് അദ്ദേഹം ഒരിക്കലെങ്കിലും സുധീരനെ വിളിച്ച് ഒരു ഭരണകാര്യവും സംസാരിച്ചില്ലെന്നത് സുധീരന്റെ ആരോഗ്യസ്ഥിതിമാത്രം പരിഗണിച്ചല്ലേ? അതിന്റെ പതിന്മടങ്ങായിരുന്നു സുധീരന് അങ്ങോട്ടുള്ള സ്നേഹം. ഭരണത്തിന്റെ ഓരോ വീഴ്ചയും വിളിച്ചുപറയാറുണ്ടായിരുന്നത് ഉമ്മന്‍ചാണ്ടിയോടുള്ള സ്നേഹംകൊണ്ടായിരുന്നെന്ന് ആര്‍ക്കാണ് അറിയാത്തത്?

ഉമ്മന്‍ചാണ്ടിയുടെ പരിഭവം സുധീരനെ പ്രസിഡന്റാക്കിയ രീതിയോടാണ് എന്നാണ് കേള്‍ക്കുന്നത്. ഹൈക്കമാന്‍ഡിന്റെ പൊല്ലാപ്പ് കൊടുംപൊല്ലാപ്പ് തന്നെയാണ്. മുഖ്യമന്ത്രിയും നടപ്പ് പി.സി.സി. പ്രസിഡന്റും കണ്ടെത്തുന്ന ആളെ നിയമിച്ചാല്‍ മതിയെങ്കില്‍ പിന്നെ ഹൈക്കമാന്‍ഡിന്റെ ആവശ്യമില്ല. പ്രധാനമന്ത്രി അയയ്ക്കുന്ന കടലാസില്‍ ഒപ്പിടുന്ന രാഷ്ട്രപതിയെപ്പോലെ ഹൈക്കമാന്‍ഡും ചുമ്മാ ഇരുന്നാല്‍ മതി. സുധീരനെ നിയോഗിക്കാന്‍ തീരുമാനിച്ച വിവരം ബ്രേക്കിങ് ന്യൂസ് കണ്ടാണ് അറിഞ്ഞത് എന്ന പരിഭവത്തിലും ന്യായമുണ്ട്. പ്രഖ്യാപിക്കുന്നതിനുമുമ്പ് അറിയിച്ചിരുന്നെങ്കില്‍, തങ്ങളെ അറിയിച്ചില്ലെന്ന പരിഭവം ഉണ്ടാകുമായിരുന്നില്ല. പകരം, തങ്ങളുടെ എതിര്‍പ്പ് വകവെക്കാതെ പ്രഖ്യാപിച്ചു എന്ന ശ്ശി കൂടിയ പരിഭവം ഉണ്ടാകുമായിരുന്നു. അറിയിക്കാതിരിക്കലാണ് ഭേദമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചുകാണണം. ഹൈക്കമാന്‍ഡിനും ഉണ്ടാകുമല്ലോ അല്പം ബുദ്ധി.

എന്തായാലും ഹൈക്കമാന്‍ഡ് തീരുമാനത്തിനൊരു സൗന്ദര്യമുണ്ട്. കോണ്‍ഗ്രസ്സില്‍ ഇന്നതേ സംഭവിക്കൂ എന്ന് ഒരു നിരീക്ഷകപണ്ഡിതനും ജ്യോത്സ്യപ്രമുഖനും ഇനി പ്രവചിക്കില്ല. സ്വന്തമായി ഒരു ഗ്രൂപ്പില്ലാതെ, പറയത്തക്ക പാര്‍ട്ടി പ്രവര്‍ത്തനമൊന്നും സമീപകാലത്ത് നടത്താതെ, ആദര്‍ശത്തിനുമാത്രം ലവലേശം മുടക്കം വരുത്താതെ, മാധ്യമങ്ങളിലും ബുദ്ധിജീവിവൃത്തങ്ങളിലും കോണ്‍ഗ്രസ്സേതര സമരക്കാരുടെ വേദികളിലും തിളങ്ങിനിന്ന സുധീരന്‍പോലും തനിക്ക് ഈ ഗതി വരുമെന്ന് കരുതിയതല്ല. എന്നിട്ടും നോക്കണേ... ആര്‍ക്കുമില്ല സുധീരന്‍ പ്രസിഡന്റായതില്‍ എതിര്‍പ്പ്. ഗ്രൂപ്പുകള്‍ എതിര്‍ത്തില്ല, മാധ്യമങ്ങള്‍ കൊണ്ടാടി, എതിരാളികളും സ്വാഗതം ചെയ്തു. ആകപ്പാടെ ഒരു ചീത്തപ്പേരേ ഉണ്ടായുള്ളൂ-താന്‍ പറഞ്ഞിട്ടാണ് സുധീരനെ പ്രസിഡന്റാക്കിയതെന്ന് വെള്ളാപ്പള്ളി നടേശന്‍ അവകാശപ്പെട്ടു. ഒരു ശത്രുവിനെ അടിക്കാന്‍ ഇതിലും നല്ല വടി വേറെ കിട്ടില്ല.

ആഘോഷമൊക്കെ അവസാനിക്കും. കൈയടിച്ചവരും സ്തുതിച്ചവരുമൊന്നും ഇനിയുള്ള പണിയില്‍ സഹായിക്കില്ല. പ്രസിഡന്റിന്റെ ആദര്‍ശംകൊണ്ടൊന്നും വോട്ട് വീഴണമെന്നില്ല. ജയിച്ചാലും തോറ്റാലും മുഖ്യമന്ത്രിക്ക് കൈയൊഴിയാം; പ്രസിഡന്റിന് അതുപറ്റില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാലോ, കോണ്‍ഗ്രസ്സുകാരുടെ വി.എസ്. അച്യുതാനന്ദനായിരിക്കാന്‍ പ്രസിഡന്റ്സ്ഥാനം പറ്റില്ല. സി.പി.എമ്മുകാര്‍ വി.എസ്സിനോട് കാട്ടുന്ന പരിഗണന അപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ വി.എം.എസ്സിനോട് കാട്ടിയെന്നും വരില്ല. പുഷ്പവൃഷ്ടിയില്‍നിന്ന് കല്ലേറിലേക്ക് അധികം ദൂരമില്ല രാഷ്ട്രീയത്തില്‍.

* * *

അസമയത്ത് കുറ്റബോധം വന്ന് കുമ്പസാരം നടത്തുന്ന നേതാക്കള്‍ പാര്‍ട്ടിക്ക് ചെയ്യുന്ന ദ്രോഹം ചെറുതല്ല. പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവിന് തന്റെ ഭരണകാലത്തെ, ഒരു പാര്‍ട്ടിസ്‌പോണ്‍സേഡ് കൂട്ടക്കൊല ഓര്‍മവന്നത് പെട്ടെന്നാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പശ്ചിമ മിഡ്‌നാപുരിലെ നെതായി ഗ്രാമത്തില്‍ ഒമ്പത് ഗ്രാമീണരെ പാര്‍ട്ടിക്കാര്‍ വെടിവെച്ചുകൊന്നത്. പാര്‍ട്ടിക്കാരാണ് ഇത് ചെയ്തതെന്ന് പാര്‍ട്ടി സമ്മതിക്കാത്ത കാലത്തോളം പശ്ചാത്തപിക്കാനും കുമ്പസരിക്കാനും ബുദ്ധദേവിനെ ആര് അധികാരപ്പെടുത്തി? അതും ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിലെത്തിനില്‍ക്കുമ്പോള്‍!

ആവശ്യമില്ലാത്ത പഴംപുരാണങ്ങള്‍ അധികം പുറത്തെടുക്കേണ്ടെന്ന് പാര്‍ട്ടി ബുദ്ധദേവിനോട് കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തെപ്പോലെയല്ല ബംഗാള്‍. ഇവിടെ കൂട്ടക്കൊല പതിവില്ല. രണ്ട് മൂന്ന് എണ്ണത്തിനെയേ ഒറ്റയടിക്ക് കൊല്ലാറുള്ളൂ. അതല്ല പ. ബംഗാളിലെ സ്ഥിതി. പഴയകഥകള്‍ ഓര്‍മവരാന്‍ തുടങ്ങിയാല്‍ ബുദ്ധിമുട്ടാകും. ജ്യോതിബസുകാലത്തെ കൊലകളിലേക്ക് കടന്നാല്‍ വലിയ പ്രശ്‌നമാകും. 1982-ല്‍ 16 ആനന്ദമാര്‍ഗി സന്ന്യാസിമാരെ നടുറോഡിലാണ് വളഞ്ഞിട്ട് തല്ലിക്കൊന്നത്. നേതൃത്വം നല്‍കിയത് പാര്‍ട്ടി എം.എല്‍.എ. ആണെന്ന് പറയുന്നുണ്ടെങ്കിലും കൊലയാളികള്‍ പാര്‍ട്ടിക്കാര്‍ മാത്രമായിരുന്നില്ല. 2000 ജൂലായില്‍ നന്നൂരില്‍ പത്ത് ചെറുപ്പക്കാരെ പാര്‍ട്ടിക്കാര്‍ വെട്ടിക്കൊന്ന രീതി കേട്ടാല്‍ ഞെട്ടും. കെട്ടിടത്തില്‍ തടഞ്ഞുവെച്ച് ഓരോരുത്തനെ പുറത്തിറക്കി ശേഷിക്കുന്നവര്‍ കാണെയാണ് വെട്ടിക്കൊന്നത്. 44 പാര്‍ട്ടിക്കാര്‍ക്കാണ് ഇതില്‍ ജീവപര്യന്തം ശിക്ഷ കിട്ടിയത്. ഇങ്ങനത്തെ കഥകള്‍ പറയുന്നതില്‍നിന്ന് ബുദ്ധദേവിനെ തടഞ്ഞില്ലെങ്കില്‍ പാര്‍ട്ടി ബംഗാളില്‍ തലപൊക്കാതാകും.

* * *

നെതായി കൂട്ടക്കൊലയെക്കുറിച്ച് സി.ബി.ഐ. അന്വേഷണം നടത്തണമെന്ന ആവശ്യത്തെ അന്ന് ബുദ്ധദേവ് സര്‍ക്കാറും പാര്‍ട്ടിയും ആകാവുന്നത്ര ചെറുത്തതാണ്. പാര്‍ട്ടിയുടെ സെല്ലും സി.ഐ.ഡി.യും അന്വേഷിക്കുമ്പോള്‍ എന്തിന് സി.ബി.ഐ. എന്നായിരുന്നു ചോദ്യം. കോടതിയാണ് ഒടുവില്‍ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടത്. അതേ പാര്‍ട്ടിയുടെ കേരള നേതാവ് ഇതാ പാര്‍ട്ടിക്കാര്‍ ആസൂത്രിതമായി നടത്തിയ ഒരു സിംഗിള്‍ കൊല സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നു.

തിരഞ്ഞെടുപ്പ് മുന്നിലും പാര്‍ട്ടി സെക്രട്ടറിയുടെ കേരള രക്ഷാമാര്‍ച്ച് അതിന്റെ മുന്നിലും വന്നുനില്‍ക്കുമ്പോഴാണ് വി.എസ്സിന്റെ ഇരുട്ടടി. പാര്‍ട്ടി അദ്ദേഹത്തിന് നാക്കുവിലക്ക് ഏര്‍പ്പെടുത്തിയതായി അതിവിപ്ലവ സോഷ്യലിസ്റ്റ് നേതാവ് ചന്ദ്രചൂഡന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ബംഗാള്‍ പാര്‍ട്ടി ഇതൊരു മാതൃകയായി സ്വീകരിച്ച് ബുദ്ധദേവിനും നാക്കുവിലക്ക് ഏര്‍പ്പെടുത്താവുന്നതാണ്.
നാക്കുവിലക്ക് തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങള്‍ ആരംഭിക്കുന്നതുവരെമാത്രമേ ആവശ്യമുള്ളൂ. പ്രചാരണയോഗത്തില്‍ ആര്‍ക്കായാലും നാക്കുപിഴയൊന്നും സംഭവിക്കില്ല. ചില്ലറ പിഴ ഉണ്ടായാലും പൊറുക്കാവുന്നതേയുള്ളൂ. വോട്ടുപിടിക്കാന്‍ ബുദ്ധദേവും വി.എസ്സും വേണം, നിര്‍ബന്ധം.
ഇതിനിടെ, ടി.പി.വധക്കേസിലെ സി.ബി.ഐ. അന്വേഷണമെന്താവുമെന്നോ? ഒന്നും പേടിക്കേണ്ട. അന്താരാഷ്ട്ര ഗൂഢാലോചനയും ഭീകരബന്ധവും തീവ്രവാദ ഇടപെടലും മുതല്‍ ബിന്‍ലാദന്റെ കൈവരെ ആരോപിക്കപ്പെട്ട മാറാട് കൂട്ടക്കൊല അന്വേഷിക്കാന്‍ 11 കൊല്ലം കഴിഞ്ഞിട്ടും വന്നിട്ടില്ല സി.ബി.ഐ. അതിന്റെ വിദ്യ എന്താണെന്ന് ഉപദേശിക്കാന്‍ കഴിയുന്ന വിദഗ്ധനേതാക്കള്‍ യു.ഡി.എഫ്. മന്ത്രിസഭയിലുണ്ട്. ഉപദേശം സൗജന്യമായി ലഭിക്കും. സമീപിക്കേണ്ട താമസമേയുള്ളൂ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്