ആദര്‍ശധീരനും പെരുന്നയിലെ പാപ്പയും


എന്‍.എസ്.എസ്. സ്ഥാപകന്‍ മന്നത്ത് പത്മനാഭന്‍ (പിള്ള) അന്തരിച്ചപ്പോള്‍ സംസ്‌കാരം എന്‍.എസ്.എസ്. ആസ്ഥാനവളപ്പില്‍ വേണം എന്ന് തീരുമാനിച്ചത് ആരായാലും തീരുമാനത്തിന് ഇത്രയും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്ന് ഓര്‍ത്തുകാണില്ല. മന്നത്തിന് സമ്പാദ്യമായി ഉണ്ടായിരുന്നത് ഒരു സ്വര്‍ണമാലയും ഊന്നുവടിയും ചെരിപ്പും മാത്രമായിരുന്നെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ടാവാം ആസ്ഥാനത്തുതന്നെ സംസ്‌കരിച്ചത്. മന്നത്തിന്റെ ഒസ്യത്തില്‍ സംസ്‌കാരത്തെക്കുറിച്ച് സൂചനയില്ല. മൃതദേഹത്തില്‍ കോടിയിടരുതെന്നും വായ്ക്കരി ഇടരുതെന്നും നിലത്തിറക്കിക്കിടത്തരുതെന്നും മറ്റുമുള്ള നിര്‍ദോഷകാര്യങ്ങളേ അദ്ദേഹം എഴുതിവെച്ചിരുന്നുള്ളൂ.

എന്തായാലും അന്നത്തെ തീരുമാനംകൊണ്ട് വരുംകാല ജനറല്‍ സെക്രട്ടറിമാരെല്ലാം സമാധിസൂക്ഷിപ്പുകാരായി. ആരുവന്ന് പുഷ്പമര്‍പ്പിക്കണം, വരുന്നവരില്‍ ആരെ ഷാള്‍ അണിയിക്കണം, ആരെ കണ്ടാല്‍ കണ്ടില്ലെന്ന് നടിക്കണം, ആരുടെ പ്രവേശനം തടയണം എന്നിത്യാദി കാര്യങ്ങളെല്ലാം തീരുമാനിക്കാന്‍ ജനറല്‍ സെക്രട്ടറിക്ക് അവസരം കിട്ടി. കാക്കത്തൊള്ളായിരം സ്‌കൂളുകളും കോളേജുകളും എസ്‌റ്റേറ്റുകളും നോക്കിനടത്തുന്നതിനിടയില്‍ വേണമല്ലോ ഈ പണികൂടി ചെയ്യാന്‍. വാങ്ങുന്ന അധികൃതവും അല്ലാത്തതുമായ കാശിന്റെ കണക്കുവെക്കല്‍തന്നെ ചില്ലറ പണിയല്ല. റോമിലെ മാര്‍പാപ്പ കഴിഞ്ഞാല്‍ ഏറ്റവും തിരക്കുള്ള ആളാവും പെരുന്നയിലെ പാപ്പ.

എന്നാലേ, എന്‍.എസ്.എസ്സിന്റെ ദീര്‍ഘവീക്ഷണം അമാനുഷിക ദീര്‍ഘവീക്ഷണം തന്നെയാണ്് എന്നിപ്പോള്‍ മനസ്സിലാവുന്നു. കേരളം കണ്ട ഏറ്റവും മഹാനായ വ്യക്തി ആരെന്ന് ചോദിച്ചാല്‍ മന്നത്ത് പത്മനാഭന്‍ എന്ന ഉത്തരം കിട്ടാനിടയില്ല. എന്നാല്‍, കേരളത്തിലെ ഏറ്റവും ട്രാഫിക് ക്യൂ ഉള്ള സമാധി ഏതെന്ന് ചോദിച്ചാല്‍ പെരുന്നയിലെ മന്നം സമാധി എന്ന ഉത്തരം കിട്ടും. മന്നം സമാധിയിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ മാര്‍ച്ച് വര്‍ഷംതോറും ശക്തിപ്രാപിക്കുകയാണ്. തിരഞ്ഞെടുപ്പ് മുമ്പിലുണ്ടെങ്കില്‍ പറയുകയും വേണ്ട. ശ്രീനാരായണഗുരുവും അയ്യങ്കാളിയും ചട്ടമ്പിസ്വാമികളും തുടങ്ങി എണ്ണിയാല്‍ തീരാത്തത്ര മഹാന്മാരുടെ സമാധികള്‍ കേരളത്തിലുണ്ട്. കൊടിവെച്ച കാറുകള്‍ അധികമൊന്നും അങ്ങോട്ടേക്ക് പറക്കുന്നത് കാണാറില്ല. തീരേ പോകാറില്ലെന്നല്ല. അവരുടെ കൈവശമുള്ള വോട്ടിന് ആനുപാതികമായാണ് സമാധികളിലെ സന്ദര്‍ശകത്തിരക്ക്. എത്ര തങ്കപ്പെട്ട നേതാക്കള്‍ തെക്കും വടക്കുമെല്ലാം ഉണ്ട്. എത്ര ചരമവാര്‍ഷികത്തില്‍ കെ. കേളപ്പന്റെ ശവകുടീരത്തില്‍ പൂവെക്കാന്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ പോകാറുണ്ട് ? കെ.പി. കേശവമേനോന്റെ, കെ.എ. ദാമോദരമേനോന്റെ, കെ. മാധവന്‍ നായരുടെ, പി. കൃഷ്ണപ്പിള്ളയുടെ ....? ഇനി നായര്‍ അല്ലാത്ത നേതാക്കളുടെ ലിസ്റ്റ് വേണമോ? ഇതാ... ആര്‍. ശങ്കര്‍, മുഹമ്മദ് അബ്ദുള്‍ റഹിമാന്‍, ഇക്കണ്ടവാരിയര്‍, മൊയ്തുമൗലവി, സി. കേശവന്‍... പോട്ടെ, മുഴുവന്‍ ലിസ്റ്റ് പുറത്തെടുക്കാന്‍ പത്രത്തില്‍ സ്ഥലം പോര.

സി.കെ. ഗോവിന്ദന്‍ നായരുടെയോ പനമ്പിള്ളിയുടെയോ ശവകുടീരങ്ങള്‍ എവിടെ എന്ന് ചോദിച്ചാല്‍ 400 കെ.പി.സി.സി. ഭാരവാഹികളില്‍ നാലുപേര്‍ മറുപടി പറയുമോ എന്നറിയില്ല. അറിയേണ്ട കാര്യമില്ല. എന്നും രാവിലെ, ഇന്ന് പുഷ്പമിടാന്‍ പോകേണ്ടത് ഏത് ശ്മശാനത്തില്‍ എന്നറിയാന്‍ ഡയറി നോക്കേണ്ടവരല്ല പൊതുപ്രവര്‍ത്തകര്‍. ഇപ്പോള്‍ ഡയറി നോക്കുന്നുണ്ട്് വോട്ടുള്ളത് ഏത് ശവകുടീരത്തിലാണ് എന്ന്. മുമ്പേ പറഞ്ഞ കൂട്ടര്‍ക്കൊന്നും വോട്ടില്ല കൂട്ടരേ... വോട്ടിലാണ് നോട്ടം എന്നല്ല തലക്കെട്ട് വേണ്ടത്, വോട്ടിലേ നോട്ടമുള്ളൂ, അതിലേ നേട്ടമുള്ളൂ എന്നാണ് വേണ്ടത്. വോട്ടിലും നോട്ടിലും നോക്കാത്തവന്റെ ഗതി അധോഗതി.

കോണ്‍ഗ്രസ്സുകാര്‍ക്ക് നിരങ്ങാനുള്ളതല്ല മന്നം സമാധി എന്ന് നായര്‍പാപ്പ പ്രഖ്യാപിച്ചല്ലോ. ഇനി നിരങ്ങാനില്ല എന്ന് കെ.പി.സി.സി. വൈകാതെ പ്രഖ്യാപിക്കുമായിരിക്കും. അനന്തരവന്മാരുടെ തൊഴിവാങ്ങിയും കാരണവന്മാരെ ആദരിക്കണമെന്ന് ഒരു വേദാന്തത്തിലും പറയുന്നില്ല. കെ.പി.സി.സി. ഓഫീസില്‍ ഫോട്ടോവെച്ച് പുഷ്പം വിതറി ആദരിക്കാം. പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു അനുഭവിച്ചതിന്റെ ആവര്‍ത്തനമാണ് വി.എം. സുധീരന്‍ അനുഭവിച്ചത്.

മന്നം എന്‍.എസ്.എസ്സില്‍ ഒതുങ്ങിക്കൂടിയ ആളായിരുന്നില്ല. കോണ്‍ഗ്രസ്സിലും ദീര്‍ഘകാലം നിരങ്ങിയിട്ടുണ്ട്. വൈക്കം സത്യാഗ്രഹത്തിലും ഗുരുവായൂര്‍ സത്യാഗ്രഹത്തിലും പങ്കെടുത്തിട്ടുണ്ട്. ജാതിവാല് മുറിച്ചിട്ടുണ്ട്. മിശ്രഭോജനത്തിന് മുതിര്‍ന്നിട്ടുണ്ട്. സര്‍ സി.പി.ക്കെതിരെയുള്ള സമരത്തിലും വിമോചനസമരത്തിലും മുന്നില്‍നിന്നിട്ടുണ്ട്്. പില്‍ക്കാലത്ത് നേരേത്തിരിഞ്ഞ് ജി. സുകുമാരന്‍ നായര്‍/വെള്ളാപ്പള്ളി സ്‌റ്റൈലില്‍ അന്യജാതിക്കാരെയും പ്രതിയോഗികളെയും കൈകാര്യം ചെയ്തിട്ടുമുണ്ട്. ഹിന്ദുക്കളുടെ ആലംബവും ആശ്രയവും ആര്‍.എസ്.എസ്. ആണ് എന്ന് അവരുടെ യോഗത്തില്‍പ്പോയി പ്രസംഗിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റുകാര്‍ക്കൊഴിച്ച് മറ്റാര്‍ക്കുവേണമെങ്കിലും മന്നത്ത് ഞങ്ങളുടെയും ആളായിരുന്നു എന്ന് ധൈര്യമായും അവകാശപ്പെടാം എന്നര്‍ഥം.
കോണ്‍ഗ്രസ്സില്‍പ്പോലും കാണാത്ത തരം വിഷജീവികള്‍ പാര്‍ക്കുന്ന ഇടമാണ് ജാതിസംഘടനകള്‍. പകല്‍വെളിച്ചത്തില്‍ വോട്ടുചോദിക്കാന്‍ പോലും പോകാന്‍ കൊള്ളില്ല ചിലയിടങ്ങള്‍. പോയാല്‍, നീ പണ്ട് രാത്രി വാതിലിന് മുട്ടിക്കയറിവന്നവനല്ലേ എന്ന് അങ്ങാടിയില്‍നിന്ന് വിളിച്ചുചോദിച്ചുകളയും. ഫിബ്രവരി 25ന് സ്ഥലത്തുണ്ടായിട്ടും പെരുന്നയില്‍ പോയില്ലെങ്കില്‍ നായര്‍പോപ്പിന് കലികയറേണ്ട എന്ന് വിചാരിച്ചാവും സുധീരന്‍ അങ്ങോട്ട് ചെന്നത്. വേഷ്ടിയുമായി പോപ്പ് ഇങ്ങോട്ട് വരുമെന്നാണ് വിചാരിച്ചത്. വന്നില്ല. അങ്ങോട്ട് ചെന്നാല്‍ ആദര്‍ശത്തിന് ചേതം വന്നാലോ എന്നുശങ്കിച്ചു. ചെന്നില്ല. ചെറുതായൊന്നു പൊള്ളി. പേടിക്കാനില്ല. കുറച്ചുകാലത്തേക്ക് ഒന്നും പൊള്ളില്ല. എല്ലാ കാലത്തും പക്ഷേ, അതാവില്ല സ്ഥിതി എന്നുമാത്രം.

****

ഏതാനും ആഴ്ച മുമ്പുവരെ, ലോകത്തില്‍ ഏറ്റവും കുടുതല്‍ ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ മുഖമുള്ള വ്യക്തി എന്ന ബഹുമതിക്കും ലിംക ബുക്കില്‍ സ്ഥാനത്തിനും അവകാശമുള്ള നേതാവ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു. സി.പി.എം. സെക്രട്ടറി പിണറായി വിജയന്‍ ഇടയ്ക്ക് മുഖ്യമന്ത്രിയെ തോല്പിച്ച് മുന്നില്‍ക്കയറി. കേരള രക്ഷാ മാര്‍ച്ചില്‍ ഏറ്റവും രക്ഷ കിട്ടിയത് ഫ്‌ളക്‌സ് പ്രിന്റര്‍മാര്‍ക്കാണെന്ന് കേള്‍ക്കുന്നു. കണക്കൊന്നും കിട്ടിയില്ല. മാര്‍ച്ച് സമാപിച്ച സ്ഥിതിക്ക് ഭയപ്പെടാനില്ല, ഇനി മുഖ്യമന്ത്രി തന്നെ മുന്നില്‍.

രണ്ടുപേരും ജനത്തിന്റെ കാശുകൊണ്ടാണ് സ്വന്തം മുഖതേജസ്സ് ജനമനസ്സിലെത്തിക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ, പിണറായി വിജയന്റെ ഫ്‌ളക്‌സ് ബോര്‍ഡ് വെക്കുന്നത് പാര്‍ട്ടിയാണ്. മലിനീകരണം നടത്തുന്നത് പാര്‍ട്ടി ചെലവിലാണ്. മുഖ്യമന്ത്രിയുടെ കാര്യം അതല്ല. മലിനീകരണത്തേക്കാള്‍ ഗുരുതരമാണ് നികുതിപ്പണത്തിന്റെ ചോര്‍ച്ച. തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതുവരെ ഭരണത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ പ്രചാരണം നടത്താം എന്നതാണ് നിലവിലുള്ള മാതൃകാ പെരുമാറ്റം. 15,000 രൂപയുടെ പുസ്തകം കുട്ടികള്‍ക്ക് നല്‍കിയത് ജനങ്ങളില്‍ എത്തിക്കാന്‍ ഒരു കേന്ദ്രമന്ത്രി 25,000 രൂപയുടെ ഫ്‌ളക്‌സ് ബോര്‍ഡ് നാട്ടിയെന്ന് കേട്ടത് കളവാകാന്‍ വഴിയില്ല.

പിണറായി വിജയന്റെ കളര്‍ ഫോട്ടോ കണ്ട് അസൂയ കേറിയിട്ടായാലും സാരമില്ല, ഇടതിന്റെ മറ്റേ അറ്റത്ത് നില്‍ക്കുന്ന കമ്യുണിസ്റ്റ് പാര്‍ട്ടി തങ്ങള്‍ ഇനി ഫ്‌ളക്‌സ് ഉപയോഗിക്കില്ല എന്ന് പ്രഖ്യാപിച്ചതിനെ 'അന്നാഹാരം കഴിക്കുന്ന മനുഷ്യരൊക്കെ' സ്വാഗതം ചെയ്യേണ്ടതാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അച്ചടിച്ചുകൂട്ടാന്‍ പോകുന്ന ഫ്‌ളക്‌സ് ബോര്‍ഡിന്റെ എണ്ണം എത്ര ലക്ഷം, എത്ര കോടി വരും? ഫ്‌ളക്‌സിന്റെ പ്രളയമാണ് വരാന്‍ പോകുന്നത്. തന്റെ ഫോട്ടോ ഫ്‌ളക്‌സ് ബോര്‍ഡില്‍ വെക്കരുതെന്ന് പന്ന്യന്‍ പറയുന്നതുപോലെയല്ല വി.എം. സുധീരന്‍ പറയുന്നത്. പന്ന്യന് തന്റെ ഫോട്ടോ ജനങ്ങള്‍ അധികം കണ്ടാല്‍ ഉള്ള വോട്ടും നഷ്ടപ്പെടുമോ എന്ന ഭയം ഉണ്ടായേക്കാം. സുധീരന് ആ ഭയം വേണ്ടല്ലോ. മുന്നണിയും രാഷ്ട്രീയവും അതിന്റെ വഴിക്ക് നടക്കട്ടെ. രണ്ടും മറന്ന്, സുധീരന്‍പന്ന്യന്‍ മനസ്സുള്ള നേതാക്കള്‍ വി.എസ്സാവട്ടെ മുന്നില്‍ ഒരു ഫ്‌ളക്‌സ് വിരുദ്ധ മുന്നണിയുണ്ടാക്കിയാല്‍ ജനത്തിന് പെരുത്ത് സന്തോഷമായിരിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

മാധ്യമങ്ങള്‍ വളര്‍ത്തുന്ന യുദ്ധഭ്രാന്ത്

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്