തോല്‍വിയെക്കുറിച്ച് മിണ്ടരുത്

തോറ്റ് കാറ്റുപോയിക്കിടക്കുമ്പോള്‍ ആരോടെന്നില്ലാതെ അരിശംവരുന്നത് മനുഷ്യസഹജമാണ്. അങ്ങാടിയില്‍ തോറ്റവന്‍ വീട്ടില്‍പ്പോയി അമ്മയെ തല്ലും. പിന്നെയല്ലേ വഴിയെ പോകുന്നവനോട് സഹിഷ്ണുതയും മര്യാദയും കാട്ടുന്നത്. തിരഞ്ഞെടുപ്പില്‍ തോല്ക്കുക എന്നത് അങ്ങാടിയില്‍ തോല്‍ക്കല്‍ തന്നെയാണ്. വീട്ടില്‍പ്പോയാണ് പലരും ശൗര്യം പുറത്തെടുക്കുക. ഒടുവില്‍ വീട്ടിലും നില്ക്കാന്‍ വയ്യ, റോട്ടിലും നില്ക്കാന്‍ വയ്യ എന്ന നിലയിലെത്തിച്ചേരും. അനുഭവിക്കട്ടെ. കൂടെയുള്ളവര്‍ പാര വെച്ചതുകൊണ്ട്, അല്ലെങ്കില്‍ എതിരാളി അഴിമതി കാട്ടിയതുകൊണ്ട്, അല്ലെങ്കില്‍ വര്‍ഗീയത കൊണ്ട്, ചിലര്‍ വോട്ട് മറിച്ചതുകൊണ്ട് ... ആണ് താന്‍ തോറ്റുപോയത്. അല്ലെങ്കില്‍ താനെങ്ങനെ തോല്ക്കാന്‍. അജയ്യനല്ലേ താന്‍. താന്‍ തോറ്റത് തന്റെ കുഴപ്പം കൊണ്ടാണ് എന്ന് സമ്മതിച്ച ഒരു സ്ഥാനാര്‍ത്ഥി എവിടെയെങ്കിലും ജീവിച്ചിരുന്നതായി അറിവില്ല. പഴത്തൊലിയില്‍ ചവിട്ടിയാലും ആരും വീഴാം. അപരന് നൂറുവോട്ടുപിടിച്ചാലും തോല്ക്കാം. അത് വേറെ കാര്യം. നമുക്ക് കുറ്റമൊന്നുമില്ല എന്ന് തെളിയിക്കാന്‍ പറ്റണമെങ്കില്‍ വേറെ ആര്‍ക്കെങ്കിലും വലിയ കുറ്റമുണ്ട് എന്ന് തെളിയിക്കണം. അതിനുള്ള തീവ്രശ്രമം എല്ലാ പാര്‍