ചില മദ്യാശങ്കകള്‍

കേരളത്തില്‍ മദ്യനിരോധനം ഘട്ടംഘട്ടമായി പൂര്‍ത്തിയാകാന്‍ ലോകാവസാനം വരെ സമയമെടുക്കുമെന്നായിരുന്നു 'മദ്യവര്‍ഗ'ത്തിന്റെ അടുത്ത നാള്‍വരെയുള്ള ആശ്വാസം. എന്നാലിതാ മദ്യനിരോധനത്തിന്റെ ഒന്നാംഘട്ടം ഇടിത്തീയായി വന്നുവീണിരിക്കുന്നു. ഹോ...എന്തൊരു സ്?പീഡ്. ഇങ്ങനെയാണ് പോക്കെങ്കില്‍ പത്തുകൊല്ലംകൊണ്ട് കേരളത്തില്‍ ഒരിറ്റ് മദ്യം കിട്ടില്ല. അപകടത്തിന്റെ ചില സൂചനകള്‍ നാലുമാസം മുമ്പുതന്നെ കാണാമായിരുന്നു. കേരളത്തിലേക്ക് ഹൈക്കമാന്‍ഡ് അയച്ച ആദര്‍ശസുധീരന്‍ തരംകിട്ടുമ്പോഴൊക്കെ എം.പി. മന്മഥന്റെ പുനര്‍ജന്മമായി അഭിനയിക്കുന്നത് മുഖ്യമന്ത്രിക്കെന്നല്ല കോണ്‍ഗ്രസ്സുകാര്‍ക്ക് മൊത്തം അത്ര രസിക്കുന്നുണ്ടായിരുന്നില്ല. ആയിടയ്ക്കാണ് നിലവാരം പോരാത്തതിന് കുറെ ബാറുകള്‍ അടച്ചിട്ടത്. ഇതൊക്കെ ഇവിടെ സാധാരണ നടക്കുന്ന ഇടപാടുകളാണെന്ന് മഹാത്മാസുധീരന് മനസ്സിലായില്ല. അല്ലെങ്കില്‍ മനസ്സിലായി എന്നും പറയാം. നിലവാരം പോരെന്ന് പറഞ്ഞ് ബാറുകള്‍ അടപ്പിക്കുക. നിലവാരം എത്തി എന്ന് ബോധ്യപ്പെടുത്താന്‍ ബാറുടമകള്‍ ഉദാരമനസ്‌കരായി പോക്കറ്റ് തുറക്കുക, ചെലവിന്റെ നിലവാരം തൃപ്തികരമായാല്‍ ബാര്‍ തുറക്കാന്‍ അനുമതി നല്‍കുക. അത്രയേ ഉള്ളൂ. വേറെ ദ്രോഹമൊന്നും ബാബുച്ചേട്ടനും ഉദ്ദേശിച്ചിരുന്നില്ല. ആദര്‍ശധീരന്‍ ഇതിന്മേലാണ് കേറിപ്പിടിച്ചത്. മദ്യനിരോധനത്തിന് വേണ്ടിയല്ല ആ ബാറുകള്‍ അടച്ചത്, നിലവാരം കൂട്ടിക്കാന്‍ വേണ്ടിയാണ് എന്ന് പറഞ്ഞതൊന്നും ആദര്‍ശവാദികളുടെ ചെവിയില്‍പോയില്ല.

മദ്യത്തില്‍നിന്നുള്ള വരുമാനം വേണ്ടെന്ന് വെക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി നാല് മാസം മുമ്പേ പറഞ്ഞത് പതിവ് ബഡായി ആണെന്നേ എല്ലാവരും കരുതിയുള്ളൂ. കെ.പി.സി.സി. പ്രസിഡന്റും അതിലപ്പുറം വിചാരിച്ചുകാണില്ല. ശമ്പളം കൊടുക്കാനും നിത്യച്ചെലവിനും മാസം ആയിരം കോടി വീതം കടംവാങ്ങിക്കൊണ്ടിരിക്കുന്ന സര്‍ക്കാറാണ് നമ്മുടേത്. അതിനിടെ മദ്യത്തിന്റെ വരുമാനം കൂടി വേണ്ടെന്ന് വെച്ചാല്‍ കുത്തുപാളയെടുക്കുമെന്ന് ആര്‍ക്കാണ് അറിയാത്തത്. മാണിസാറിന്റെ മുഖത്തുനോക്കി അത് പറയാന്‍ ആര്‍ക്കെങ്കിലും ധൈര്യംവരുമോ? അത്രയ്ക്കങ്ങട് പോകാനുള്ള പാങ്ങില്ല സര്‍ക്കാറിന് എന്നറിയുന്നത് കൊണ്ട് ഗ്രൂപ്പ് പോരും ഈഗോ പോരും ആരും ഒട്ടും കുറച്ചില്ല

ഒറ്റയാന്‍ പ്രസിഡന്റ് മാത്രമാണ് ഈ ലൈനില്‍ പോയിരുന്നതെങ്കില്‍ മുഖ്യമന്ത്രിയങ്ങ് സഹിക്കുമായിരുന്നു. ഗ്രഹണകാലത്ത് ഞാഞ്ഞൂലുകളും ഫണമുയര്‍ത്തുമെന്ന് പറഞ്ഞതുപോലെ സകലരും മദ്യവിരുദ്ധന്മാരായി രംഗത്തിറങ്ങിയപ്പോഴാണ് മുഖ്യമന്ത്രി ഞെട്ടിയത്. യു.ഡി.എഫില്‍ മദ്യപക്ഷത്ത് മുഖ്യമന്ത്രിയും മന്ത്രി ബാബുവും മാത്രം. ദിവസവും വൈകിട്ട് രണ്ട് വീശുന്നവര്‍ പോലും മദ്യനിരോധന പക്ഷത്ത് അണിനിരക്കുന്നത് കണ്ടപ്പോള്‍ മുഖ്യമന്ത്രി ഒന്ന് തീരുമാനിച്ചു. ഇനി പ്രായോഗികമായത് മദ്യവിരുദ്ധരാവുകയാണ്. സര്‍ക്കാര്‍ പാപ്പരാവുന്നതും പാര്‍ട്ടിഫണ്ട് പിരിവുമൊന്നും മുഖ്യമന്ത്രിയെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലല്ലോ. ''മദ്യനിരോധനം സിന്ദാബാദ്, മഹാത്മാ ഗാന്ധി കീ ജെയ്.''

ഇനി പ്രശ്‌നമൊന്നുമില്ല. പത്ത് ഘട്ടങ്ങളായി 2024 ആവുമ്പോഴേക്ക് 95 ശതമാനം സമ്പൂര്‍ണ മദ്യനിരോധനം കേരളത്തില്‍ നടപ്പാവുമെന്ന സമാധാനത്തോടെ മദ്യവിരുദ്ധരായ സകലര്‍ക്കും തത്കാലം ഉറങ്ങാം. ഉറക്കം കുറച്ച് കുറയുക വി.എം. സുധീരന് മാത്രമാവും. ഇത്രയും വലിയ കടുംകൈ മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിച്ചതല്ല എന്നതുതന്നെ പ്രശ്‌നം. ****

പ്രായോഗികതയുടെ ഒരു കുഴപ്പം അത് ഇന്നൊരു വേഷവും നാളെ വേറൊരു വേഷവും കെട്ടി വരും എന്നുള്ളതാണ്. അര നൂറ്റാണ്ട് മുമ്പ് പ്രായോഗികത നോക്കിയാണ് കേരളത്തിലെ സപ്തകക്ഷി മുന്നണി സര്‍ക്കാര്‍ മദ്യനിരോധനം എടുത്തുകളഞ്ഞത്. അധികാരത്തില്‍ വരുംമുമ്പ് മദ്യനിരോധനം എടുത്തുകളയുമെന്നൊന്നും വാഗ്ദാനം ചെയ്തിരുന്നില്ല. മുന്നണി ഘടകകക്ഷികള്‍ 1966 സപ്തംബറില്‍ പുറപ്പെടുവിച്ച പൊതു സമീപനരേഖയില്‍ മദ്യനിരോധനത്തെക്കുറിച്ച് പറഞ്ഞത് കേട്ടോളൂ.
'ഇന്നത്തെ മദ്യവര്‍ജനനയം ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യത്തെ പരിഗണിച്ച്, വിഷലിപ്തമായ വ്യാജമദ്യങ്ങളുപയോഗിച്ച് ആരോഗ്യഹാനി വരുത്തുന്നതിന്റെ അപകടത്തെ ഒഴിവാക്കുന്നതിന് മദ്യപാനത്തിന്റെ ദൂഷ്യങ്ങള്‍ പരമാവധി നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന് പ്രശ്‌നം പുനഃപരിശോധിക്കുന്നതാണ്.'
അത്രയേ ഉള്ളൂ. നയം പുനഃ പരിശോധിച്ചു. മദ്യനിരോധനം നീക്കി. മുസ്ലിംലീഗും മദ്യനിരോധനം പിന്‍വലിക്കാന്‍ പച്ചക്കൊടി കാട്ടി. കുറ്റപ്പെടുത്താന്‍ പറ്റില്ല. 'മദ്യപാനത്തിന്റെ ദൂഷ്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടി'യായല്ലേ മദ്യനിരോധനം പിന്‍വലിച്ചത് ? അതാണ് അതാണ് അന്ന് പ്രായോഗികം. കുറ്റബോധം തീരാതെ മനസ്സില്‍ കിടപ്പുള്ളതുകൊണ്ടാവും ബാര്‍ അടയ്ക്കുന്ന പ്രശ്‌നത്തില്‍ മുസ്ലിംലീഗ് പത്രം മുഖ്യമന്ത്രിയെത്തന്നെ കടത്തിവെട്ടിയത്. ഇപ്പോള്‍ പ്രയോഗികം മദ്യനിരോധനത്തിന്റെ പക്ഷം പറയലാണ്. ഇടതിനായാലും വലതിനായാലും പഴയ പ്രമേയത്തില്‍ നിസ്സാരമാറ്റങ്ങള്‍ വരുത്തിയാല്‍മതി. വിഷലിപ്തമായ വ്യാജമദ്യങ്ങള്‍ ഉപയോഗിച്ചുള്ള ആരോഗ്യഹാനിയായിരുന്നു അന്നത്തെ പ്രശ്‌നം. ഇന്നത്തെ പ്രശ്‌നം 'വിഷലിപ്തമായ അസല്‍ മദ്യങ്ങള്‍ ഉപയോഗിച്ചുള്ള ആരോഗ്യഹാനി' യാണ്. അന്നത്തെ പരിഹാരം മദ്യനിരോധനം നീക്കല്‍, ഇന്നത്തേത് നിരോധനം ഏര്‍പ്പെടുത്തല്‍. കാലചക്രം തിരിഞ്ഞുവരാതിരിക്കട്ടെ.
                                                                    ****
മന്ത്രി ബാബുവിന് ഇനി പണിയൊന്നുമില്ലല്ലോ എന്നാരോ ചാനലില്‍ ചോദിക്കുന്നതുകേട്ടു. ഇനിയാണ് ബാബുമന്ത്രിക്ക് പണി കിട്ടാന്‍ പോകുന്നത്. ബാറുകള്‍ പൂട്ടുന്നതോടെ ഒഴുകാന്‍ പോകുന്ന വ്യാജമദ്യം പിടിക്കാന്‍ കെ.പി.സി.സി.യില്‍ നിന്നും മുസ്ലിം ലീഗില്‍നിന്നുമൊന്നും ആരും വരില്ല. അത് എക്‌സൈസ് മന്ത്രിയുടെയും പോലീസ് മന്ത്രിയുടെയും ചുമതലയാണ്. ഇന്ത്യയില്‍ ഈ ചുമതല വിജയകരമായി നിര്‍വഹിച്ച എക്‌സൈസ് പോലീസ് മന്ത്രിമാരാരെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും.
ആന്ധ്രാ സംസ്ഥാനം 1958 മുതല്‍ 1969 വരെ മദ്യനിരോധനം നടപ്പാക്കി. പരാജയപ്പെട്ടു. വീണ്ടും 1994ല്‍ നടപ്പാക്കി, '97ല്‍ പിന്‍വാങ്ങി. ഹരിയാണ 1996ല്‍ പരീക്ഷണം നടത്തി രണ്ടുവര്‍ഷം കൊണ്ടവസാനിപ്പിച്ചു. തമിഴ്‌നാട് 1952 മുതല്‍ രണ്ട് പതിറ്റാണ്ട് പിടിച്ചുനിന്നു. പിന്നെ ഉപേക്ഷിച്ചു.
മഹാത്മാഗാന്ധിയുടെ ജന്മസ്ഥാനമായ ഗുജറാത്തില്‍ മദ്യനിരോധനം ഇപ്പോഴും തുടരുന്നത് മഹാത്മാവിനെ വിഷമിപ്പിക്കേണ്ട എന്നോര്‍ത്ത് മാത്രമാവും. 1960ല്‍ സംസ്ഥാനം രൂപവത്കരിച്ച കാലത്തുതന്നെ ഏര്‍പ്പെടുത്തിയതാണ് മദ്യനിരോധനം. ഇപ്പോഴെന്താണ് സ്ഥിതി? രണ്ട് വര്‍ഷത്തിനിടയില്‍ മൂന്ന് ദേശീയ ഇംഗ്ലീഷ് പത്രങ്ങളില്‍ ഗുജറാത്തിലെ മദ്യനിരോധനത്തെ കുറിച്ച് ഫീച്ചറുകള്‍ പ്രസിദ്ധപ്പെടുത്തി. ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടിലെ ഒരു വാചകം മതി സ്ഥിതിയറിയാന്‍.
'ഗുജറാത്തില്‍ ബാറുകളും പബ്ബുകളും ഇല്ല. പക്ഷേ, ജന്മദിന, വിവാഹപാര്‍ട്ടികളിലും ഉത്സവങ്ങളിലും മദ്യത്തെയാണ് ആദ്യം ക്ഷണിക്കുന്നത്. സാമ്പത്തികപുരോഗതി ഉണ്ടായതിനൊപ്പം ഇപ്പോള്‍ ജനങ്ങള്‍ക്ക് കുടിക്കാന്‍ എന്തെങ്കിലും കാരണം കിട്ടിയാല്‍ മതിയെന്നായിട്ടുണ്ട്.' ധീരവീര പരാക്രമിയായ നരേന്ദ്രമോദിജിയുടെ പരാജയമാണെന്നൊന്നും പറയുകയല്ലേ അല്ല. ആരും വാളെടുക്കേണ്ട. മദ്യം കിട്ടാന്‍ ഗുജറാത്തില്‍ ആരോഗ്യകാരണം പറഞ്ഞാല്‍ മതി. മദ്യമില്ലെങ്കില്‍ സ്ഥിതി വഷളാവും എന്ന് സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാസത്തില്‍ അഞ്ചുകുപ്പി മദ്യം വാങ്ങാം. 40 വയസ്സ് കഴിയണം എന്നുണ്ട്. വര്‍ഷത്തില്‍ 4,000 രൂപ ഫീസ് വേറെ കൊടുക്കണം.
മദ്യനിരോധനം നീക്കാന്‍ സമരം നടത്തുന്നുപോലുമുണ്ട് ചില സംഘടനകള്‍ അവിടെ എന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാറിന് മദ്യനികുതി വകയില്‍ വര്‍ഷം പതിനായിരം കോടിയെങ്കിലും നഷ്ടമുണ്ട്. നിരോധനം നടപ്പാക്കാനുള്ള ചെലവുവേറെ. നാട്ടിലാണെങ്കില്‍ മദ്യം ഒഴുകുകയും ചെയ്യുന്നു.
എന്തെല്ലാം ചെയ്യാനിരിക്കുന്നു. ബാബുമന്ത്രിക്ക് ഇനിയാണ് തിരക്ക് കൂടാന്‍ പോകുന്നത്.
                                                                              ****
മദ്യനിരോധനം നടപ്പാകുന്നതോടെ വിനോദസഞ്ചാരം തകരും ഹോട്ടല്‍ വ്യവസായം തകരും എന്നൊന്നും വേവലാതിപ്പെടേണ്ട. അറുപത് വര്‍ഷത്തിലേറെയായി മദ്യനിരോധനമുള്ള ഗുജറാത്ത് വിനോദസഞ്ചാരരംഗത്ത്, മദ്യനിരോധനമില്ലാത്ത കേരളത്തേക്കാള്‍ കിലോമീറ്ററുകള്‍ മുന്നിലാണ്. അവിടെ ഒരു വര്‍ഷം എത്തുന്നത് രണ്ടരക്കോടി ടൂറിസ്റ്റുകളാണ്. കേരളത്തില്‍ വരുന്നത് 15 ലക്ഷം പേര്‍ മാത്രം.
ബാറുകള്‍ ഇല്ലെങ്കില്‍ പാര്‍ട്ടികള്‍ക്ക് പണം എവിടെ നിന്നുകിട്ടും പാപ്പാരാവില്ലേ എന്ന് ബേജാറാവുന്നവരുണ്ട്. ഒട്ടും പേടിക്കേണ്ട. ഗുജറാത്ത് തന്നെ അതിനും മാതൃക. അവിടെ മദ്യവില്‍പ്പനക്കാരാണ് കോടീശ്വരന്മാര്‍. പല പാര്‍ട്ടികളെയും നിലനിര്‍ത്തുന്നത് അവരാണ്.
മദ്യനിരോധനം എന്ന് കേട്ട് മദ്യവിരുദ്ധര്‍ ആവേശം കൊള്ളേണ്ട, മദ്യലോബി വേവലാതിപ്പെടുകയും വേണ്ട എന്നേ പറഞ്ഞുള്ളൂ. ആരും ക്ഷോഭിക്കേണ്ട. എന്തെല്ലാം കാണാനിരിക്കുന്നു...ഘട്ടം ഘട്ടമായി കാണാം.
nprindran@gmail.com

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്