മാണിസാറിന്റെ ഒരു ഭാഗ്യം!

കൊമ്പനാനയെ ഉറുമ്പ് കടിച്ചുകുടഞ്ഞെന്നോ!സംസ്ഥാനസര്‍ക്കാര്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടിരിക്കയാണ് എന്നൊരു കുപ്രചാരണം നാട്ടില്‍ നടക്കുന്നുണ്ട്. സത്യമാകാന്‍ തരമില്ല. സത്യമാണെങ്കില്‍പ്പോലും അതങ്ങനെയങ്ങ് സമ്മതിച്ചുകൊടുക്കാന്‍ തരമില്ല. കാരണം, ഈ സംസ്ഥാനത്തിന്റെ സാമ്പത്തികം കൈകാര്യം ചെയ്യുന്നത് ബഹു. ധനമന്ത്രി കെ.എം. മാണിയാണ്. ലോകോത്തര സാമ്പത്തികവിദഗ്ധനാണ്. ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തില്‍ അധ്വാനവര്‍ഗസിദ്ധാന്തം അവതരിപ്പിച്ച് കൈയടി വാങ്ങിയ താത്ത്വികാചാര്യനാണ് (കൈയടിക്കാന്‍ മലയാളികളേ യോഗത്തില്‍ ഉണ്ടായിരുന്നുള്ളൂ എന്നത് വേറെകാര്യം). ഈ ഗ്രേഡിലുള്ള മറ്റൊരു സാമ്പത്തിക വിദഗ്ധനെ ഐ.എം.എഫിലോ ലോകബാങ്കിലോപോലും കണ്ടെത്താന്‍ പ്രയാസമാണെന്നാണ് പാലാക്കാരും ഇതരദേശങ്ങളിലെ ഒരു വിഭാഗം യു.ഡി.എഫുകാരും വിശ്വസിക്കുന്നത്. ആഗോള മുതലാളിത്തത്തെത്തന്നെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ പ്രാപ്തിയുള്ള ഒരാളാണ്. എന്നിട്ടിവിടെ സാമ്പത്തികപ്രതിസന്ധിയോ? കൊമ്പനാനയെ ഉറുമ്പ് കടിച്ചുകുടഞ്ഞെന്നോ!
സാമ്പത്തികശാസ്ത്രം ജനത്തിന് മനസ്സിലാവില്ല എന്നൊരു കുഴപ്പമുണ്ട്. ലോകത്തിലെ പ്രധാനമന്ത്രിമാരുടെ കൂട്ടത്തില്‍ സാമ്പത്തികശാസ്ത്രജ്ഞനായ ഒരാളേ കഴിഞ്ഞ പത്തുവര്‍ഷവും ഉണ്ടായിട്ടുള്ളൂ എന്നാണ് അറിവ്. അത് നമ്മുടെ ബഹു. ഡോ. മന്‍മോഹന്‍സിങ് അവര്‍കളായിരുന്നു. അതിന്റെ ഗുണം വല്ലതും രാജ്യത്തിന് കിട്ടിയോ എന്നുചോദിച്ചാല്‍ മറുപടി മുക്കിയും മൂളിയുമേ കിട്ടൂ. ദോഷം വല്ലതും കിട്ടിയോ എന്ന് ചോദിച്ചാല്‍ ജനം കൈകള്‍ രണ്ടും പൊക്കി കിട്ടിയേ, കിട്ടിയേ എന്ന് വിളിച്ചുപറയും. ഒരു സാമ്പത്തികകാര്യ ലേഖകന്‍ ഈയിടെ എഴുതി, പ്രധാനമന്ത്രി ധനശാസ്ത്രജ്ഞനാണോ എന്ന് നോക്കിയിട്ട് കാര്യമില്ല, പ്രധാനമന്ത്രി ഭാഗ്യവാനാണോ എന്നുവേണം നോക്കാനെന്ന്. നെപ്പോളിയന്‍ ക്യാപ്റ്റന്മാരെ നിയോഗിക്കുമ്പോള്‍ അങ്ങനെയാണത്രെ ചോദിക്കുക. യവന് ഭാഗ്യമുണ്ടോ എന്ന്. ക്യാപ്റ്റന്‍ എത്ര കേമനായാലും ഭാഗ്യമില്ലെങ്കില്‍ യുദ്ധം തോല്‍ക്കും. പ്രധാനമന്ത്രി സാമ്പത്തിക ശാസ്ത്രജ്ഞനായാലും ആഗോളവിപണിയില്‍ എണ്ണവില കൂടിയാല്‍ ഇന്ത്യയിലും കൂടും. ധനമന്ത്രി വക്കീല്‍പ്പണിക്കാരന്‍ മാത്രമായാലും പുറത്തെ വിപണിയില്‍ വില കുറഞ്ഞാല്‍ ഇവിടെയും വില കുറയും. മോദിജി വന്നയുടനെ ആഗോളവിപണിയില്‍ ക്രൂഡ് വില കുറഞ്ഞത് മോദിജിയെ പേടിച്ച് അറബികള്‍ കുറച്ചതാെണന്ന് വിശ്വസിക്കാന്‍ പൂര്‍ണസ്വതന്ത്ര്യം സംഘപരിവാറുകാര്‍ക്കുണ്ട്. റോഡരികില്‍ ഫഌ്‌സ്‌ബോര്‍ഡും വെക്കാം.

പറഞ്ഞുവരുന്നത് മാണിസാറിന്റെ നിര്‍ഭാഗ്യംകൊണ്ടാണ് കേരളത്തില്‍ ട്രഷറി പൂട്ടിയത് എന്നല്ല. ഭാഗ്യമില്ലായിരുന്നെങ്കില്‍ സാറിന് ഇത്രയുംകാലം എം.എല്‍.എ. ആയിരിക്കാന്‍ പറ്റുമായിരുന്നോ ? അതും ഒരേ മണ്ഡലത്തില്‍നിന്ന് ? ഇത്രയും ബജറ്റുകള്‍ അവതരിപ്പിക്കാന്‍ പറ്റുമായിരുന്നോ? എന്നിട്ട് വീണ്ടും ധനകാര്യമന്ത്രിതന്നെയായി തിരഞ്ഞെടുക്കപ്പെടുമായിരുന്നോ? കമ്യൂണിസ്റ്റ് താത്ത്വികന്‍ ഡോ. തോമസ് ഐസക് സ്വന്തം പുസ്തകം പ്രകാശിപ്പിക്കാന്‍ 'മുതലാളിത്തഫ്യൂഡല്‍ സംയുക്ത മൂരാച്ചി'യെ വിളിക്കുമായിരുന്നോ? ഭാഗ്യമുണ്ട്, മുഖ്യമന്ത്രിയാകാനൊഴിച്ച് ബാക്കി സകലതിനുമുണ്ട്. എന്നിട്ടും ട്രഷറി ഏതാണ്ട് പൂട്ടി, ഓവര്‍ഡ്രാഫ്റ്റായി. ഭാഗ്യംകൊണ്ടാവണം അത് ഇത്രയുംകൊണ്ട് അവസാനിച്ചത്. ട്രഷറിപൂട്ടി സീല്‍ വെച്ചില്ലല്ലോ. അത്ര കേമമായിരുന്നു മൂന്നുവര്‍ഷമായി നടന്നുവരുന്ന ധനകാര്യഭരണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമുഖ്യന്‍ മാണിയും ദീനദയാല്‍ജിമാരാണ്. ആരോടും നോ എന്ന് പറയില്ല. നികുതി കൂട്ടുന്ന പ്രശ്‌നമില്ല, ചെലവ് കുറയ്ക്കുന്ന പ്രശ്‌നവുമില്ല. നികുതിവരുമാനം കുത്തനെ ഇടിഞ്ഞു, സര്‍ക്കാര്‍ച്ചെലവ് കുത്തനെകേറി, സര്‍ക്കാര്‍ കടക്കെണിയില്‍ വീണു. ഇത്രയും വേറെ വല്ല ധനമന്ത്രിക്കുമാണ് സംഭവിച്ചിരുന്നതെങ്കില്‍ വാളെടുക്കുമായിരുന്നു കേരളീയര്‍. മാണിസാറായതുകൊണ്ട് ആരും വാളെടുത്തില്ല. എന്നുമാത്രമല്ല, ഇപ്പോള്‍ മാണിസാര്‍ മുഖ്യമന്ത്രിയാകണം എന്നും പറയുകയാണ്. കേരളാ കോണ്‍ഗ്രസ്സുകാര്‍ പറഞ്ഞാല്‍ മനസ്സിലാക്കാം. ഇടതുപക്ഷക്കാര്‍ പറയുന്നു, ചില ബി.ജെ.പി.ക്കാരും പറയുന്നത്രെ. ശിവ ശിവ..!
2001ല്‍ നടന്നതാണ് ഏറ്റവും കേമമായ ട്രഷറി ബന്ദ് എന്നാണ് രേഖകളില്‍ കാണുന്നത്. ധനകാര്യമന്ത്രിയാകാന്‍ നിര്‍ഭാഗ്യമുണ്ടായ ഒരു പാവപ്പെട്ട പാലക്കാട്ടുകാരനായിരുന്നല്ലോ ടി. ശിവദാസമേനോന്‍. ഇടതുമുന്നണി ഭരണം അതിന്റെ അവസാനത്തിലേക്ക് കടക്കുന്ന ഘട്ടവുമായിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ട്രഷറി പൂട്ടിച്ചത്. തിരഞ്ഞെടുപ്പില്‍ ജനം ഇടതുമുന്നണിയുടെ സ്‌കൂള്‍പൂട്ടിച്ചു. അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരും ഇന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഒരു കാര്യത്തില്‍ ഒരു കാര്യത്തില്‍മാത്രം സമാനമനസ്‌കരായിരുന്നു സാമ്പത്തിക പ്രതിസന്ധി എന്ന പ്രയോഗം രണ്ടാള്‍ക്കും കേട്ടുകൂടാ. ഒരു പ്രതിസന്ധിയുമില്ല, അല്പം സാമ്പത്തിക പ്രശ്‌നംമാത്രം എന്ന് നായനാര്‍. പ്രശ്‌നം ഉണ്ടെന്നുപോലും ഉമ്മന്‍ചാണ്ടി സമ്മതിക്കില്ല. അല്പം പ്രയാസംമാത്രം. പ്രയാസം ഇല്ലാത്ത എന്തുണ്ട് ഈ ഭൂമിയില്‍. ജീവിച്ചുപോകാന്‍തന്നെ പ്രയാസമാണ്. പിന്നെയല്ലേ സംസ്ഥാനത്തിന്റെ സാമ്പത്തികം.
മാണിസാറിന്റെ ഭാഗ്യം മന്ത്രിസഭയ്ക്ക് വയസ്സ് മൂക്കുന്നതിന് അനുസരിച്ച് ഇരട്ടിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. വെള്ളമടിച്ച് ബോധംകെട്ട് കിടന്നപ്പോഴത്തെ ദുഃസ്വപ്നത്തില്‍പ്പോലും കേരളത്തിലെ ബാറുകള്‍ ഒന്നൊഴിയാതെ അടയ്ക്കപ്പെടുമെന്ന് കണ്ടതേയല്ല. ആ ബാറാണ് ഇപ്പോള്‍ അടച്ചു, അടച്ചില്ല എന്നമട്ടില്‍ നില്‍ക്കുന്നത്. ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചു എന്ന് കേട്ടിട്ടേയുള്ളൂ. ഇവിടെ വെറും പാമ്പല്ല, മൂര്‍ഖനാണ് കടിച്ചത്. കടം വാങ്ങി വാങ്ങി തുലഞ്ഞ സര്‍ക്കാറിന് നാലിലൊന്ന് വരുമാനംതരുന്ന ബാറുകള്‍ അടയ്‌ക്കേണ്ട സ്ഥിതിയുണ്ടായത് മറ്റെന്തുകൊണ്ടാണ്? ഭാഗ്യംകൊണ്ടുതന്നെ. കൃത്യമായ സംഭാവന ഒരു രൂപ കുറയാതെ ദിവസവും സര്‍ക്കാറിന് നല്‍കി അതിനെ നിലനിര്‍ത്തുന്ന രാജ്യസ്‌നേഹികളായ കള്ളുകുടിയന്‍മാരുടെ ശാപമാണെന്ന് കരുതിയാല്‍ മതി. പ്രതിസന്ധി മൂര്‍ച്ഛിച്ച് ട്രഷറി പൂട്ടുന്നത് ഒഴിവാക്കാന്‍ മാണിസാറിന് എടുക്കേണ്ടിവന്നത് മദ്യംവിറ്റ് ബിവറേജസ് കോര്‍പ്പറേഷനില്‍ സൂക്ഷിച്ച തുകയും. എന്തൊരു മഹാഭാഗ്യം !

                                                                     

                                                                                   ****

തലശ്ശേരിയില്‍ ആര്‍.എസ്.എസ്. പ്രമുഖിനെ കൊലപ്പെടുത്തിയവര്‍ക്കെതിരെ പോലീസ് കേസെടുക്കുന്നത് യു.എ.പി.എ. വകുപ്പുകള്‍ പ്രകാരമാണത്രെ. ചില്ലറക്കാരായ ക്വട്ടേഷന്‍, നോണ്‍ക്വട്ടേഷന്‍ കൊലയാളികള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല ഈ വകുപ്പൊന്നും. അത് തീവ്രവിഷമുള്ള ഭീകരസംഘടനകള്‍ക്കും രാജ്യദ്രോഹികള്‍ക്കും വന്‍കിട വിഘടനവാദി സംഘങ്ങള്‍ക്കുമെല്ലാം എതിരായി പ്രയോഗിക്കാന്‍ തേച്ചുമിനുക്കിവെച്ച കടുപ്പമേറിയ ആയുധങ്ങളാണ്.
1967ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമമാണ് യു.എ.പി.എ. എന്ന ദ അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്. ഈ നിയമമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടതോ ദേശീയോദ്ഗ്രഥനസമിതിയും. രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭീകരന്മാരെ നേരിടാന്‍ ഉണ്ടാക്കുന്ന നിയമം എന്ന് അതിന്റെ ആമുഖത്തില്‍ത്തന്നെ പറയുന്നുമുണ്ട്. അതുകൊണ്ടൊന്നും കാര്യമില്ല. നിയമമുണ്ടാക്കിയര്‍ വേറെ, അത് ഉപയോഗിക്കുന്നവര്‍ വേറെ. കാരണവന്മാര്‍ പുലിയെ കൊല്ലാന്‍ വാങ്ങിവെച്ച തോക്കെടുത്ത് മരുമക്കള്‍ക്ക് എലിയെ വെടിവെക്കാവുന്നതേയുള്ളൂ. അതിന് നിയമതടസ്സമില്ല. മരുമക്കളുടെ നിലവാരം ജനത്തിന് മനസ്സിലാവുമെന്നൊരു കുഴപ്പമുണ്ട്. മനസ്സിലാവട്ടെ, നമുക്കെന്ത് ചേതം?

                                                                 ****

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിക്ക് പറന്നത്, പറ്റിയാല്‍ കശ്മീരിലേക്ക് പറന്ന് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ രക്ഷിക്കണമെന്ന ആവേശത്തോടെയാണ്. കേന്ദ്രത്തിലെ ദുഷ്ടന്മാര്‍ അത് സമ്മതിച്ചില്ല. ചെന്നിത്തല അവിടെച്ചെന്ന് ആളാകുന്നത് സഹിക്കാഞ്ഞിട്ടാവാം അവര്‍ അദ്ദേഹത്തെ മുടക്കിയത്. കുറ്റപ്പെടുത്തിക്കൂടാ.  മറ്റൊരു സംസ്ഥാനത്ത്ഇതേ സംഭവമുണ്ടായപ്പോള്‍ അങ്ങോട്ട് പറന്നയാളാണ് നമ്മുടെ എക്‌സ് ഗുജറാത്ത് മുഖ്യമന്ത്രി. പേര് പറയില്ല. എത്രയോ ഗുജറാത്തുകാരെ അദ്ദേഹം രക്ഷിച്ചെന്നോ രക്ഷിക്കാന്‍ ശ്രമിച്ചെന്നോ അവകാശപ്പെട്ടെന്നോ അവകാശപ്പെട്ടില്ലെന്നോ ഒക്കെ അന്ന് കേട്ടിരുന്നു. ഇനിയിപ്പോള്‍ നമ്മള്‍ കേന്ദ്രം ഭരിക്കുമ്പോള്‍ ഇത്തരം അനിഷ്ടസംഭവങ്ങള്‍ അനുവദിച്ചുകൂടല്ലോ. സകല സംസ്ഥാനങ്ങളില്‍നിന്നും മന്ത്രിമാരും മുഖ്യമന്ത്രിമാരും കശ്മീരിലേക്ക് പറന്നിരുന്നുവെങ്കില്‍ വെള്ളപ്പൊക്കത്തേക്കാള്‍ വലിയ കെടുതി അതാവുമായിരുന്നു എന്ന പ്രശ്‌നവുമുണ്ട്. രമേശ്ജി ക്ഷമിക്കണം.

nprindran@gmail.com

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

മാധ്യമങ്ങള്‍ വളര്‍ത്തുന്ന യുദ്ധഭ്രാന്ത്

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്