കരച്ചിലും പിഴിച്ചിലും...
പാര്‍ട്ടിക്ക് മാത്രമേ രഹസ്യവും സ്വകാര്യതയുമെല്ലാം പാടുള്ളൂ. വ്യക്തിയുടെ
കാര്യങ്ങളെല്ലാം പൊതുസ്വത്താണ്
നാട്ടിന്‍പുറത്തൊരു ചൊല്ലുണ്ട് കണക്കപ്പിള്ളയുടെ വീട്ടില്‍ പൊരിക്കലും കരിക്കലും കണക്ക് നോക്കിയപ്പോള്‍ കരച്ചിലും പിഴിച്ചിലും. ഏതാണ്ട് ഈ നിലയിലാണ് സംസ്ഥാനസര്‍ക്കാറിലെ കണക്കപ്പിള്ളമാര്‍ ധനവകുപ്പ് കൈകാര്യം ചെയ്തത്. കരിക്കലും പൊരിക്കലും അവരുടെ വക. ഒടുവിലത്തെ കരച്ചിലും പിഴിച്ചിലും നികുതിദായകര്‍ക്കാണെന്ന വ്യത്യാസമേയുള്ളൂ.
പുതിയനികുതി ചുമത്തുന്ന കാര്യത്തില്‍ റെക്കോഡ് സ്ഥാപിക്കുക എന്ന മിനിമം പരിപാടിയുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പഴയ സര്‍ക്കാറിലെ മുഖ്യകണക്കപ്പിള്ള ഡോ. തോമസ് ഐസക്കിന്റെ കണക്കുപ്രകാരം ഈ യു.ഡി.എഫ്. സര്‍ക്കാര്‍ അധികമായി ചുമത്തിയത് 6,773 കോടി രൂപയുടെ നികുതികളാണ്. കഴിഞ്ഞവര്‍ഷത്തെ ബജറ്റില്‍ 1,401 കോടിയായിരുന്നു നമ്മുടെ തലയില്‍ കയറ്റിത്തന്ന പുതുനികുതി. ഈ വര്‍ഷബജറ്റില്‍ വന്നത് 1,399 കോടിയുമാണത്രെ. കണക്കിന്റെ ശരിയും തെറ്റുംനോക്കാനൊന്നും നമുക്കാവില്ല. ഇതാ പിടിച്ചോ എന്ന് പറഞ്ഞ് ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഈ കണക്കിലൊന്നും പെടില്ല. അത് 3,000 കോടിയുടെ അധികഭാരമുണ്ട് എന്നാണ് തൂക്കിനോക്കിയവര്‍ പറയുന്നത്. ഇതിന് നിയമസഭയും ബജറ്റുമൊന്നും വേണ്ട. മൂന്നുമാസം മുമ്പ് പ്രഖ്യാപിച്ചതിന്റെ മൂന്നിരട്ടി നികുതി പ്രഖ്യാപിക്കുന്നത് സാധാരണ വല്ല യുദ്ധവും ഉണ്ടായാലാണ്. പാകിസ്താനുമായി യുദ്ധമുണ്ടായപ്പോഴൊക്കെ കേന്ദ്രന്‍ അങ്ങനെ പണ്ടുചെയ്തിട്ടുണ്ട്. ഇപ്പോഴും യുദ്ധം വല്ലതും നടക്കുന്നുണ്ടോ ആവോ. കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടോ എന്ന് ചോദിച്ചാല്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും വീറോടെ നിഷേധിക്കും. പ്രതിസന്ധിയൊന്നുമില്ല, ഉള്ളത് ചില്ലറ പ്രയാസങ്ങള്‍ മാത്രം. ചില്ലറ പ്രയാസം തരണം ചെയ്യാന്‍ 3,000 കോടിയുടെ ഭാരമാണ് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രഖ്യാപിച്ചത്. ഈ തോതില്‍, പ്രതിസന്ധിതന്നെ വന്നാല്‍ എന്താകും അവസ്ഥ?
മന്ത്രിസഭായോഗം കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ തീരുമാനങ്ങളെ മന്ത്രിമാരും എതിര്‍ക്കുക എന്നതാണ് യു.ഡി.എഫിലെ രീതി. ചെയ്തത് ശരി എന്ന അഭിപ്രായം ചെയ്തവര്‍ക്കും കാണില്ല. നികുതി കൂട്ടിയത് മോശമായിപ്പോയി എന്നാണ് അവരുടെ ഏകകണ്ഠമായ അഭിപ്രായം. കെ.പി.സി.സി. പ്രസിഡന്റിനെ ഏല്‍പ്പിച്ചാല്‍ നികുതിരഹിത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാന്‍തന്നെ മടിക്കില്ല. പക്ഷേ, നികുതി നികുതിയുടെ വഴിക്ക് പെരുകി വന്നുകൊള്ളും. ഇപ്പോള്‍ പ്രഖ്യാപിച്ചതുകൊണ്ട് തീര്‍ന്നു എന്നാരും മോഹിക്കേണ്ട. പിടിച്ചതിനേക്കാള്‍ വലിയ പാമ്പ് മാളത്തിലുണ്ട്. വഴിയെ വരും.
പൊറുതിമുട്ടുന്ന പൊതുജനത്തോട് അനുഭാവം പ്രകടിപ്പിക്കാന്‍ മന്ത്രിമാര്‍ ശമ്പളത്തില്‍ 20 ശതമാനം കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴുമാസത്തേക്ക്. പ്രതീകാത്മകസമരം എന്ന് പറയുന്നതുപോലെ, ഇത് പ്രതീകാത്മക കുറയ്ക്കലാണ്. വിദേശയാത്രയും കുറയ്ക്കുമത്രെ. പ്രഖ്യാപനത്തിലാണ് കാര്യം. വിദേശയാത്ര കുറയ്ക്കുമെന്നും അധികതസ്തിക ഇല്ലാതാക്കുമെന്നും മറ്റും ഈ ജനവരിയില്‍ പ്രഖ്യാപിച്ചതാണ്. അപ്പോള്‍ നടപ്പാക്കാതിരുന്നതുകൊണ്ട് ഇപ്പോള്‍ വീണ്ടും പ്രഖ്യാപിക്കാനായി. 1991 മുതല്‍ കൃത്യം നൂറുതവണ ഈ തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്.

സര്‍ക്കാറില്‍ മുപ്പതിനായിരം പേര്‍ വെറുതെ ശമ്പളം വാങ്ങുന്നുണ്ടെന്നാണ് സര്‍ക്കാറിന്റെതന്നെ കണക്ക്. 70,000 എന്ന് വേറെ കണക്കും കണ്ടു. ഇനിയും സൂക്ഷിച്ചുനോക്കിയാല്‍ അത് ഒന്നോ രണ്ടോ ലക്ഷമായേക്കും. അവരെ പണിയെടുപ്പിച്ചാല്‍ പിന്നെ കുറെകാലത്തേക്ക് വേറെ നിയമനം വേണ്ടാത്ത അവസ്ഥയുണ്ടാകും. അതുകൊണ്ട് അക്കാര്യം മിണ്ടാതിരിക്കുകയാണ് ബുദ്ധി. തൊഴിലില്ലായ്മ പരിഹരിക്കാനാണ് മന്ത്രിമാര്‍ക്കെല്ലാംകൂടി നൂറുകണക്കിന് പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിച്ചത്. അവര്‍ക്ക് പെന്‍ഷനുമുണ്ട്. എന്തുപ്രതിസന്ധി വന്നാലും അതിലൊന്നും തൊടില്ല, സെക്രട്ടേറിയറ്റ് ദൈവങ്ങളുടെ ആനുകൂല്യങ്ങളിലും തൊടില്ല.
പ്രതിസന്ധി മൂര്‍ദ്ധന്യത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രി ധനമന്ത്രിക്ക് ഗുഡ്‌സ് സര്‍വീസ് എന്‍ട്രി കൊടുത്തിട്ടുണ്ട്. ധനമന്ത്രി പിശുക്കനല്ല എന്നാണ് പ്രശസ്തിപത്രത്തില്‍ പറയുന്നത്. പ്രതിസന്ധിയുടെ കാരണക്കാരന്‍ ധനമന്ത്രിതന്നെ എന്നാണ് ഈ പ്രശംസാവാചകത്തില്‍ നിന്ന് ജനങ്ങള്‍ വായിച്ചെടുക്കുന്നത്. എന്തായാലും മുഖ്യമന്ത്രിയുടെ പിശുക്കില്ലായ്മയെ തോല്പിക്കാന്‍ ധനമന്ത്രിക്ക് ഈ ജന്മത്ത് ആവില്ല.
ഇടിവെട്ടിയവനെ പാമ്പ് കടിച്ചെന്ന് പറഞ്ഞതുപോലെയാണ്, പാപ്പരായ സര്‍ക്കാറിന് മദ്യനയം. മുങ്ങിച്ചാകുന്നവന് വൈക്കോല്‍ത്തുരുമ്പുപോലെയാണ് സര്‍ക്കാറിന് മദ്യനികുതി. മദ്യം നിരോധിക്കുന്ന സര്‍ക്കാറിന് നിലനില്‍ക്കാന്‍ മദ്യനികുതിതന്നെ ആശ്രയം. മദ്യപാനിയായ സഹോദരന്റെ പഴയൊരു കഥയുണ്ട്. അച്ഛന്റെ സ്വത്ത് ഓഹരിവെച്ച് രണ്ട് മക്കള്‍ക്ക് കൊടുത്തപ്പോള്‍ യോഗ്യനായ ഇളയവന്‍ കച്ചവടം ചെയ്ത് ലാഭമുണ്ടാക്കി ബാങ്കിലിട്ടു. മൂത്തവന്‍ മുഴുവന്‍ കുടിച്ചുതീര്‍ത്തു. വമ്പിച്ച പണപ്പെരുപ്പം നാടിനെ തകര്‍ത്തപ്പോള്‍ ഇളയവന്‍ പാപ്പരായി. മുറിയില്‍ സൂക്ഷിച്ചിരുന്ന കാലി മദ്യക്കുപ്പികള്‍ക്ക് നല്ല വില കിട്ടിയതുകൊണ്ട് മൂത്തവന് പഞ്ഞമില്ല. അനിയനെ പോറ്റിയത് കുടിയനായിരുന്നു. കുടിയന്റെമേലേ ഇരട്ടിനികുതി ചുമത്തി ജീവിക്കുന്ന സര്‍ക്കാറിന്റെ നിലവാരവും ഒട്ടും ഭേദമല്ല.

                                                                        ****

സി.പി.എം. പാര്‍ട്ടിയില്‍ സര്‍വേ ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങാന്‍ തീരുമാനിച്ചത് യു.ഡി.എഫുകാര്‍ക്കും സി.പി.ഐ. ഉള്‍പ്പെടെയുള്ള മറ്റ് പിന്തിരിപ്പന്മാര്‍ക്കും ഒട്ടും ദഹിച്ചിട്ടില്ല. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം. സ്വകാര്യത തന്നെ ഒരു ബൂര്‍ഷ്വാസങ്കല്‍പ്പമാണ്. പാര്‍ട്ടിക്ക് മാത്രമേ രഹസ്യവും സ്വകാര്യതയുമെല്ലാം പാടുള്ളൂ. വ്യക്തിയുടെ കാര്യങ്ങളെല്ലാം പൊതുസ്വത്താണ്.
വ്യക്തികളുടെ മതം, ജാതി, സ്വത്ത്, തൊഴില്‍, വരുമാനം, രോഗം, രാഷ്ട്രീയം, പത്രവായന തുടങ്ങി മുപ്പത് കോളങ്ങളില്‍ വിവരം ശേഖരിക്കുകയാണ് പാര്‍ട്ടിയുടെ ഉദ്ദേശ്യം. രഹസ്യസര്‍വേ അല്ല, പരസ്യംതന്നെ. ഇതിനായി ഒരു പാര്‍ട്ടിവിവരാവകാശനിയമം നടപ്പാക്കുന്നതാണ്. പൗരനല്ല, പാര്‍ട്ടിക്കായിരിക്കും വിവരത്തിനുള്ള അവകാശം. വമ്പിച്ച സാധ്യതകളുള്ള ഒരു ഏര്‍പ്പാടാണ് ഇത് എന്ന് പലര്‍ക്കും മനസ്സിലായിട്ടില്ല. എണ്‍പതുലക്ഷം വീടുകളില്‍ താമസിക്കുന്ന മൂന്നുകോടിയോളം ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കുക, അവ കമ്പ്യൂട്ടറുകളില്‍ സൂക്ഷിക്കുക അതുമായി ബന്ധപ്പെട്ട വിശകലനറിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുക, കാലികമായി അപ്‌ഡേറ്റ് ചെയ്യുക തുടങ്ങിയ പണികള്‍ ചെയ്യാന്‍ കുറച്ചാളൊന്നും പോരാ. വമ്പിച്ച തൊഴില്‍സാധ്യതയുള്ള മേഖലയാണിത്. ഡാറ്റാ കളക്ഷന്‍, ഡാറ്റ എന്‍ട്രി തുടങ്ങിയ പ്രവൃത്തികള്‍ക്ക് ആളെവെക്കണമല്ലോ. പാര്‍ട്ടിക്ക് വലിയ തൊഴില്‍സ്ഥാപനമായി മാറാം.
വിവരശേഖരണം ക്രമേണ വിപുലപ്പെടുത്താം. വ്യക്തിയുടെ പോക്കുവരവുകള്‍, നടപടികള്‍, ബന്ധങ്ങള്‍ തുടങ്ങിയവയെല്ലാം ശേഖരിക്കാം. ഒരാള്‍ക്ക് ഒരു ഫയല്‍, എല്ലാവര്‍ക്കും ഫയല്‍ എന്നത് നല്ല ഐഡിയ ആണ്. പാര്‍ട്ടിക്ക് നേരിട്ട് ചെയ്യാന്‍ പ്രയാസമുള്ളതുകൊണ്ട് പ്രത്യേകമൊരു സ്ഥാപനത്തിന് രൂപം നല്‍കിയാല്‍ സൗകര്യമാവും, ശാസ്ത്രീയവുമാവും. ശത്രുക്കള്‍ അതിനെ സി.പി.എമ്മിന്റെ കെ.ജി.ബി. എന്നും മറ്റും മുദ്രയടിച്ചുകളയും എന്നൊരു പ്രശ്‌നമേ ഉള്ളൂ. സാരമില്ല, അതപ്പോള്‍നോക്കാം.

                                                                              ****

ആര്‍.എസ്.പി. നേതാവ് എന്‍.കെ. പ്രേമചന്ദ്രന് പിണറായി വിജയന്‍ അനുവദിച്ചുനല്‍കിയ ബഹുമതിമുദ്ര, പാര്‍ട്ടിയുടെ അനുമതിയോ തീരുമാനമോ ഇല്ലാതെ എം.വി. ജയരാജന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എടുത്തുകൊടുത്തത് ശരിയായ നടപടിയല്ല. എല്ലാവര്‍ക്കും എടുത്തുകൊടുക്കാവുന്ന സാധനവുമല്ല. പാര്‍ട്ടി സെക്രട്ടറിയല്ലാതെ മറ്റൊരാള്‍ സമയവും സന്ദര്‍ഭവും നോക്കാതെ നാട്ടിന്‍പുറത്തെവിടെയെങ്കിലും പോയി വായില്‍ തോന്നിയത് വിളിച്ചുപറയുകയല്ല വേണ്ടത്. ആലോചിച്ച് ഉറപ്പിച്ച് പാര്‍ട്ടിസെക്രട്ടറിതന്നെ പ്രഖ്യാപിക്കും. എന്തുകാര്യത്തിനും ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയുമൊക്കെ വേണം. പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്പടി അസ്ഥാനത്ത് ആവര്‍ത്തിച്ചാല്‍ അടുത്ത പാര്‍ട്ടി സെക്രട്ടറിയായിക്കളയാമെന്നാണ് മോഹമെങ്കില്‍ വെള്ളം അടുപ്പത്ത് വെച്ചാല്‍ മതി. താഴോട്ട് ഇറക്കേണ്ട.

nprindran@gmail.com

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്