യാത്രകള്‍ അന്തമില്ലാത്ത യാത്രകള്‍

രാഷ്ട്രീയവാരഫലംഎല്ലാ രാഷ്ട്രീയ യാത്രകളും ജനപക്ഷത്ത് നിന്നുകൊണ്ടേ നടത്താറുള്ളൂ. അതുപ്രത്യേകം പറയേണ്ടതില്ല. ജനവിരുദ്ധ പക്ഷത്ത് എങ്ങനെ നില്‍ക്കാനാണ്. തീര്‍ച്ചയായും കെ.പി.സി.സി.പ്രസിഡന്റ് വി.എം. സുധീരന്റെ യാത്രയും ജനപക്ഷത്ത് നിന്നുകൊണ്ടുള്ളതാണ്; യാത്രയുടെ പേരുതന്നെ അതായതുകൊണ്ട് അക്കാര്യത്തില്‍ സംശയമുണ്ടാവില്ല. കേരളത്തില്‍ കാസര്‍ഗോഡ് ടു ട്രിവാന്‍ഡ്രം ആദ്യത്തെ യാത്രയല്ല ഇത്. അവസാനത്തേതുമല്ല. അത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. യാത്ര തിരുവനന്തപുരം എത്തുമ്പോഴേക്ക് ആകാശം ഇടിഞ്ഞുവീഴുമെന്നൊക്കെ പണ്ട് പലരും ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും ഒന്നും സംഭവിക്കാറില്ല.

എന്നാണ് ആദ്യം ഇത് നടത്തിയത് എന്ന് കണ്ടെത്താന്‍ ഗവേഷണം വേണ്ടിവരും. സ്വാതന്ത്ര്യസമരകാലത്ത് പട്ടിണിജാഥകളും ഉപ്പ് കുറുക്ക് ജാഥകളും സംസ്ഥാനത്ത് തലങ്ങും വിലങ്ങും നടന്നിട്ടുണ്ട്. കാല്‍നട ജാഥകള്‍ സ്വാതന്ത്ര്യം കിട്ടിയ ശേഷവും നടന്നിട്ടുണ്ട്. എ.കെ.ജി. മുതല്‍ എ.കെ.ആന്റണി വരെ നിരവധി നേതാക്കള്‍ കാസര്‍ഗോഡ് മുതല്‍ തലസ്ഥാനം വരെ കാല്‍നട ജാഥ തന്നെ നടത്തിയിട്ടുണ്ട്. കാല്‍നട ഇപ്പോള്‍ പതിവില്ല. റോഡ് പൊട്ടിപ്പൊളിഞ്ഞതുകൊണ്ടാവണം ! ഗാന്ധിയന്‍-വിപ്ലവപാര്‍ട്ടി ഭേദമില്ലാതെ ഇപ്പോള്‍ എ.സി. കാറുകളിലേ ഇത് നടക്കാറുള്ളൂ. കാലത്തിനനുസരിച്ച് നമ്മളും മാറണമല്ലോ. പഴയകാലത്തെ യാത്രകള്‍ വലിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നടത്തിയ ജനജാഗരണ പടയോട്ടങ്ങളായിരുന്നു. ജനങ്ങളുടെ ആവേശത്തില്‍ ഭരണകൂടങ്ങള്‍ ഇളകിയാടിയിട്ടുണ്ട്.

കാല്‍നട ജാഥകളില്‍ വെച്ചേറ്റവും കേമം മുന്‍കാല യുവതുര്‍ക്കി ചന്ദ്രശേഖര്‍ കന്യാകുമാരി മുതല്‍ ന്യൂഡല്‍ഹി വരെ കാല്‍നടയായി നടത്തിയതാണ്. അത് നമ്മുടെ ഓര്‍മയില്‍ ഉണ്ട്. അദ്ദേഹത്തിന് പിന്നീട് പ്രധാനമന്ത്രിസ്ഥാനത്തിരിക്കാന്‍ അവസരം ലഭിച്ചു. പഴയ ജനതാപാര്‍ട്ടി നേതാവ് കന്യാകുമാരിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് ആറുമാസത്തോളം നീണ്ട പദയാത്രയാണ് നടത്തിയത്. 1983 ജനവരി ആറിന് തുടങ്ങി കേരളം വഴി 4260 കിലോ മീറ്റര്‍ പിന്നിട്ട് അദ്ദേഹം ജൂണ്‍ 25നാണ് ഡല്‍ഹിയിലെത്തിയത്. ഇന്ന് ഒരു പക്ഷേ വിശ്വസിക്കാന്‍ പ്രയാസം തോന്നും. അമ്പത്താറാമത്തെ വയസ്സിലാണ് ആ മനുഷ്യന്‍ ഇത്രയും ദൂരം കാല്‍നടയായി, അതെ കാല്‍നടയായി സഞ്ചരിച്ചത്. ( ആ യാത്രക്ക്  ഞായറാഴ്ച അവധി ഉണ്ടായിരുന്നില്ല !) എന്തിനാണ് ഇത്രയും കഷ്ടപ്പെട്ടത് എന്നറിഞ്ഞുകൂടാ. യാത്രയുടെ ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നത് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയുക, അവരില്‍ സാമൂഹ്യമാറ്റത്തെ  കുറിച്ച് പ്രതീക്ഷ വളര്‍ത്തുക എന്നൊക്കെയായിരുന്നു. അതുവല്ലതും നടന്നുവോ എന്നറിയുകയില്ല. ആറേഴ് വര്‍ഷം കഴിഞ്ഞ് അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായത് ഈ ദീര്‍ഘയാത്രയുടെ ഗുണം കൊണ്ടല്ല. പാര്‍ട്ടി പിളര്‍ത്തി, കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ ്അധികാരത്തില്‍ കേറിപ്പറ്റുകയായിരുന്നു. അത് അധികം നീണ്ടുനിന്നതുമില്ല. കൂട്ടത്തില്‍ പറഞ്ഞെന്നുമാത്രം ഇത് നമ്മുടെ വിഷയത്തില്‍ വരുന്ന കാര്യമല്ല.

വി.എം.സുധീരന്റേതുള്‍പ്പെടെ ഇത്തരം സകല യാത്രകള്‍ക്കും പൊതുവായ ഒരു രീതിയും ഏതാണ്ട് സമാനമായ അജന്‍ഡയമുണ്ട്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മാത്രം, തിരിച്ച് കാസര്‍ഗോഡേക്ക് ആരെങ്കിലും ജാഥ നടത്തിയതായി ഓര്‍മയിലില്ല. തലസ്ഥാനമാണല്ലോ എല്ലാവരും ലക്ഷ്യം വെക്കുന്നത്. അതുകൊണ്ട് റൂട്ട് ശരിയല്ല എന്ന് കുറ്റപ്പെടുത്താന്‍ പറ്റില്ല. യാത്രകള്‍ മുഴുവന്‍ ഒരു നേതാവ് ആദ്യവസാനം നയിക്കുന്നതായാണ് കാണുന്നത്. ഇടയ്ക്ക് വച്ച് ബാറ്റന്‍ മറ്റൊരാള്‍ക്ക് കൈമാറിയാല്‍ സംഗതി പൊളിഞ്ഞുപോകുമോ എന്തോ. വിപ്ലവപാര്‍ട്ടിയാകട്ടെ, വര്‍ഗീയ ഹിന്ദുത്വ പാര്‍ട്ടിയാകട്ടെ ഒരാളേ ആദ്യാവസാനം സംഗതി നയിക്കാറുള്ളൂ. സംസ്ഥാനം മുഴുവന്‍ നേതാവിന്റെ ഫോട്ടോ- ഫഌക്‌സിലായാലും കടലാസിലായാലും- ഏതാണ്ട് ഒരേ സ്‌റ്റൈലിലാവും. മുഴുനീള സൈസില്‍ വലതുകൈ ഉയര്‍ത്തി അഭിവാദ്യം ചെയ്യണം. സുധീരന്റേത് സുന്ദര മുഖം ആയതുകൊണ്ടാവണം അതുതന്നെയാണ് സംസ്ഥാനം മുഴുവന്‍ പോസ്റ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.  കൈവീശല്‍ അധികമില്ല. ഫഌക്‌സ് പാടില്ല എന്നൊക്കെ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നും നടപ്പാകാന്‍ ഇടയില്ല. കോണ്‍ഗ്രസ്സല്ലേ കക്ഷി. ബാറുകാരുടെ അടുത്തുനിന്ന് പണം വാങ്ങരുതെന്ന് പറഞ്ഞാല്‍ അവര്‍ ബാറുകാരുടെ അടുത്തുനിന്നേ പണം വാങ്ങൂ. എന്നിട്ടത് അവര്‍തന്നെ പത്രക്കാരോട് പറയുകയും ചെയ്യും.

ജാഥയെകുറിച്ച് പഴയ  കാല കെ.പി.സി.സി. പ്രസിഡന്റ് കെ.മുരളീധരന് വലിയ  മതിപ്പില്ല. വെജിറ്റേറിയന്‍ ജാഥ ആണെന്നാണ് അദ്ദേഹം പരിഹസിച്ചത്. ഇപ്പോള്‍ പക്ഷിപ്പനിയും കൊളസ്റ്ററോള്‍ പ്രശ്‌നങ്ങളുമെല്ലാം ഉള്ളതുകൊണ്ട് വെജിറ്റേറിയനാണ് നല്ലത്. ജൈവകൃഷി, മാലിന്യനിര്‍മാര്‍ജനം എന്നിവയും ഫാഷനായിട്ടുണ്ട്. ഒരു നേതാവ് നടത്തുന്ന യാത്ര ആ ആള്‍ക്ക് വേണ്ടിയുള്ള ഏര്‍പ്പാടാണെന്ന ധാരണ പൊതുവെ ഉള്ളതാണ്. നടത്തുന്ന ആള്‍ക്ക്  മുഖ്യമന്ത്രിയാകാനുള്ള ഏര്‍പ്പാട്. ആ നിലയ്ക്കാണെങ്കില്‍ പിണറായി വിജയന്‍ രണ്ടോ മൂന്നോ വട്ടം മുഖ്യമന്ത്രിയാകേണ്ട സമയം കഴിഞ്ഞു. നടത്തുന്നവന്‍ വലിയ ആളായിക്കളയുമോ എന്ന ഭീതി കോണ്‍ഗ്രസ്സില്‍ പരക്കെ പടരും. അതുകൊണ്ട് പരമാവധി ചീത്തപ്പേര് കക്ഷിക്കുണ്ടാക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും മറ്റുള്ളവര്‍ ശ്രമിക്കുന്നുണ്ട്. ബാര്‍പിരിവും അതിന്റെ ചാനല്‍ സ്റ്റിങ്ങും വെറുതെ പൊട്ടിമുളക്കുന്നതല്ലെന്ന്  ഏത് മന്ദബുദ്ധിക്കാണ് അറിയാത്തത് ! സാമാന്യം നല്ല ചീത്തപ്പേരുണ്ടാക്കിയാണ് ജാഥ മുന്നേറുന്നത്.

ജ്യോത്സ്യരുടെ ഉപദേശം തേടാഞ്ഞതുകൊണ്ടോ എന്തോ, നല്ല സമയത്തല്ല സുധീരന്റെ ജാഥ തുടങ്ങിയതെന്ന സംശയമുണ്ട്. തുടങ്ങിയപ്പോഴേ പൊട്ടിവീണത് കെ.എം.മാണിയുടെ ബാര്‍ കോഴ ആരോപണമാണ്. മുമ്പത്തെ പോലെ പുണ്യവാളന്‍ വേഷമിട്ട്, അന്വേഷിക്കണം,  വിജിലന്‍സിനെ ഏല്‍പ്പിക്കണം , സി.ബി.ഐ. അന്വേഷിക്കണം എന്നും മറ്റും പ്രസ്താവിക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് ബാര്‍ കോഴ ആരോപണം സുധീരനെ തളര്‍ത്തിയില്ല. വിദേശ ഗൂഡാലോചന ഉണ്ടെന്നും മറ്റും ആരോപിച്ച് പിടിച്ച് നിന്നു. അതങ്ങനെയങ്ങ് കെട്ടടങ്ങിയതുമില്ല. എന്തായാലും ബാര്‍ കോഴ ആക്ഷേപം മാണിയുടെ ഒരു രാഷ്ട്രീയജീവിതത്തിലെ വിനാശകാരിയായി പ്രതിസന്ധിയായി മാറി. അദ്ദേഹത്തെ പ്രീണിപ്പിച്ച് ഒപ്പംചേര്‍ക്കാന്‍ ഇടതുമുന്നണി നടത്തിക്കൊണ്ടിരുന്ന ശ്രമങ്ങള്‍ക്ക് ഇതോടെ അന്ത്യമായി. സംഘപരിവാര്‍ പോലും തെല്ലൊരു സോഫ്റ്റ് കോര്‍ണറോടെ തലോടിയിരുന്ന സകലരുടെയും പ്രിയപ്പെട്ട മാണിസാര്‍ പെട്ടെന്നാണ് ആര്‍ക്കും വേണ്ടാത്ത എടുക്കാത്ത മുക്കാലായത്.  ഇതിന്റെ പിന്നിലെ ബുദ്ധി ആരുടേതാണ് ? ഇതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസ്സാണ്. അതുകൊണ്ടുതന്നെ തെളിവൊന്നുമില്ലെങ്കിലും വിരല്‍ ചൂണ്ടപ്പെടുന്നത് മുഖ്യമന്ത്രിക്ക് നേരെയാണ്. സംഗതി സത്യമെങ്കില്‍ പത്ത് കെ. കരുണാകരന്മാരുടെ കൗടില്യം ഉമ്മന്‍ ചാണ്ടി ആര്‍ജിച്ചുകഴിഞ്ഞു എന്നേ പറയാനുള്ളൂ. നോക്കണേ,  മാണിക്കെതിരായ ആരോപണം ഇപ്പോള്‍ അലട്ടിക്കൊണ്ടിരിക്കുന്നത് യു.ഡി.എഫിനെ അല്ല, എല്‍.ഡി.എഫിനെയാണ്. എവര്‍ സ്‌മൈലിങ്ങ് മാണിയുടെ മാത്രമല്ല,  നോണ്‍ സ്‌മൈലിങ്ങ് പിണറായി വിജയന്റെയും മുഖം ഇരുണ്ടിരിക്കുന്നു.

ബാര്‍കോഴയുടെ പുക കെട്ടുതുടങ്ങിയിട്ടുണ്ട്. പക്ഷിപ്പനിയുടെ പുകയാണ് എങ്ങും. ലക്ഷം താറാവിനെ കൊല്ലുമ്പോള്‍ പുക കുറെ  ഏറെ ഉയരുമല്ലോ.

കൂത്തുപറമ്പില്‍ പുതിയ തുടക്കം


സി.പി.എം. പഴയ നേതാവും പില്‍ക്കാല കൊടും ശത്രുവുമായ എം.വി.രാഘവന് മരണാനന്തര മാപ്പ് പ്രഖ്യാപിച്ചുവോ എന്നതാണ് പോയ വാരം  ഉയര്‍ന്ന വലിയ ചോദ്യം. കഷ്ടകാലത്തിന്, രാഘവന്‍ മരണമടഞ്ഞത് കുത്തുപറമ്പ് വെടിവെപ്പിന്റെ ഇരുപതാം വാര്‍ഷികത്തിന് തൊട്ട് മുമ്പായിപ്പോയി. ഇരുപത് വര്‍ഷമായി കൂത്തുപറമ്പില്‍ ഈ സമ്മേളനം നടക്കുന്നതിന്റെ നാലയലത്ത് എം.വി.ആറോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ ആരെങ്കിലുമോ എത്തിനോക്കാറുപോലുമില്ല. കൈയില്‍ കിട്ടിയാല്‍ കഥ കഴിക്കും. അഞ്ചുസഖാക്കളെയാണ് വെടിവെച്ചുകൊന്നത്. മന്ത്രി എം.വി.രാഘവന് ഒരു ബാങ്ക് ഉദ്ഘാടനം ചെയ്യാനുള്ള വഴിയൊരുക്കാന്‍ വേണ്ടി. വിമോചനസമരകാലത്ത് സമരക്കാരെ തുരത്താന്‍ നടത്തിയ വെടിവെപ്പുകള്‍ക്ക് ശേഷം ഇത്രയും ജീവനാശം ഒരൊറ്റ സംഭവത്തില്‍ വേറെ ഉണ്ടായിട്ടില്ല. അഞ്ച് രക്തസാക്ഷികളുടെ ചോരയെകുറിച്ച് വീരഗാഥകള്‍ പാടി യുവാക്കള്‍ ആവേശഭരിതരായി ചെങ്കൊടി ഉയര്‍ത്തി മുന്നേറുമ്പോഴാണ് അപ്രതീക്ഷിതമായി എം.വി.ആര്‍ മെല്ലെ ലൈന്‍ മാറ്റിത്തുടങ്ങിയത്. യു.ഡി.എഫുകാരുടെ കൊള്ളരുതായ്മ ആണെന്ന് പറഞ്ഞാല്‍മതിയല്ലോ. എം.വി.ആറിനെ അവരൊട്ടും വകവെച്ചില്ല.  നിയമസഭയില്‍ സീറ്റ് ഇല്ലാത്ത ആരേയും വകവെക്കേണ്ട എന്നതാണ് അവരുടെ കുബുദ്ധിപൂര്‍വകമായ ലൈന്‍. അത് ഗൗരിയമ്മയായാലും ശരി എം.വി.ആറായാലും ശരി. സി.പി.എമ്മിനോട് പിണങ്ങിയാല്‍ യു.ഡി.എഫ്, യു.ഡി.എഫിനോട് പിണങ്ങിയാല്‍ എല്‍.ഡി.എഫ് എന്നതാണ് കേരളത്തിലെ പൊതുവായ ലൈന്‍. എം.വി.ആര്‍ മുതല്‍ എന്‍.കെ.പ്രേമചന്ദ്രന്‍ വരെ ഒരു വിപ്ലവകാരിയും ലോഹ്യാ സോഷ്യലിസ്റ്റുകളും അക്കാര്യത്തില്‍ ലവലേശം മടികാട്ടിയിട്ടില്ല.  ഇങ്ങോട്ട് ചാടിയവന് ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അങ്ങോട്ടും ചാടാം.

എന്തായാലും, കുറച്ചായി പിണക്കത്തിലായിരുന്നു എം.വി.ആര്‍. .യു.ഡി.എഫുകാര്‍ വകവെക്കാറുമില്ല. അവശനായ എം.വി.ആര്‍ വേണ്ട, അതിബുദ്ധിജീവിയായ സി.പി.ജോണ്‍ മതി എന്ന തീരുമാനത്തിലാണ് അവര്‍ നിന്നത്. ഓര്‍ക്കാപ്പുറത്ത്  പിണറായി വിജയന്‍ എം.വി.ആറിനെ വീട്ടില്‍ സന്ദര്‍ശിച്ചത് സി.എം.പി.ക്കാരെ കണ്ണീരണിയിച്ചെങ്കില്‍ കുറ്റപ്പെടുത്താന്‍ പറ്റില്ല. സി.പി.ജോണ്‍ സ്‌റ്റോക്‌ഹോം സിന്‍ഡ്രോം എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചതുകൊണ്ട് ഒപ്പമുണ്ടായിരുന്ന ഒരാള്‍ കൂടി അപ്പുറം പോയത് ലാഭം. കൊല്ലാന്‍ നടന്ന ആള്‍ വന്ന് സ്‌നേഹം പ്രകടിപ്പിച്ചാല്‍ ആരാണ് വീണുപോകാത്തത് ? ഒരു തെറ്റൊക്കെ ആര്‍ക്കാണ് പറ്റാത്തത്- അവര്‍ സി.പി.എമ്മിനോടുള്ള വൈരത്തിന്റെ ഡോസ് കുറച്ചുകൊണ്ടിരുന്നതാണ്. ഊരുവിലക്ക് പ്രഖ്യാപിച്ച വര്‍ഗശത്രുവിന്റെ ശവമടക്കിന് പോകുന്നതുപോലും വലിയ കുറ്റമായിരുന്നു പണ്ടൊക്കെ. എല്ലാമെല്ലാമായിരുന്ന പി.വി.കുഞ്ഞിക്കണ്ണനെ പതിറ്റാണ്ടുകളോളം തിരിഞ്ഞുനോക്കിയിട്ടില്ലാത്ത കക്ഷികളാണ്. എം.എന്‍.വിജയന്‍ മരിച്ചുവീണപ്പോള്‍ ആ വഴിക്ക് പോയിട്ടില്ല ഈ നേതാക്കളൊന്നും. നല്ല മാഷായിരുന്നു അദ്ദേഹമെന്നാണ് ശിഷ്യന്‍ പിണറായി വിജയന്‍ അനുസ്മരിച്ചത്. പക്ഷേ, കാലം മാറി. ഗാന്ധിസം, സസ്യഭക്ഷണം, മാലിന്യനിര്‍മാര്‍ജനം, സാന്ത്വന ചികിത്സ, വയോജന പരിരക്ഷ തുടങ്ങിയ ഫീല്‍ഡുകളിലും പാര്‍ട്ടി ഇപ്പോള്‍ ശ്രദ്ധിക്കുന്നുണ്ട്. തങ്കപ്പെട്ട സ്വഭാവമാണ് ഇപ്പോള്‍. ഇടയ്ക്ക് ഒരു നേരംപോക്കിന് ഓരോരുത്തരെ കൊല്ലുമെന്നേ ഉള്ളൂ. നമ്മളെ കൊല്ലാതിരുന്നാല്‍ മതിയല്ലോ.

അങ്ങനെയിരിക്കെ പെട്ടെന്ന് സഖാവ് രാഘവന്‍ അന്തരിച്ചത്. സി.പി.എം നിമിഷം വെടിയാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ എന്ന ലൈനിലായി സി.എം.പി, സി.പി.എം പാര്‍ട്ടികള്‍. മരണ ശേഷം ആദ്യം  നടന്ന കൂത്തുപറമ്പ് രക്തസാക്ഷിദിനത്തില്‍ സ്വാഭാവികമായും രാഘവനെ ഓര്‍ക്കാതിരിക്കാന്‍ പാര്‍ട്ടി പ്രത്യേകം ശ്രദ്ധിച്ചു. പഴയ രോഷമില്ല.അധിക്ഷേപമില്ല. നാലുനാള്‍ മുമ്പുമാത്രം മരിച്ച ആളെ അധിക്ഷേപിക്കുക ശരിയല്ല.  പക്ഷേ അതിനപ്പുറം ഇത് പുതിയ തുടക്കം തന്നെയാണ്. എല്ലാം മറക്കും, പൊറുക്കും. സി.എം.പി.യുടെ ഒരക്ഷരമെടുത്ത് മാറ്റിയിട്ടാല്‍ സി.പി.എം. ആയി. എപ്പോള്‍ വേണമെങ്കിലും ലയിച്ചുചേരാം. ഇനി വൈകില്ല.

സി.പി.എമ്മില്‍ ഇക്കാര്യത്തില്‍ ഒരു എതിര്‍ശബ്ദവുമില്ല എന്ന് പറഞ്ഞുകൂടാ. പിണറായി വിജയന്റെ നേരനുയായി, ഡി.വൈ.എഫ്.ഐ സിക്രട്ടറി എം.സ്വരാജ് പാര്‍ട്ടിപത്രത്തിലെഴുതിയ ലേഖനത്തില്‍ “ഒരു സാഭാവിക മരണമൊന്നും ആരെയും വിശുദ്ധനായി പ്രഖ്യാപിക്കാന്‍ പര്യാപ്തഅഷ്ട” എന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സാരമില്ല. ഒറ്റയടിക്ക് വേണ്ട. ക്രമേണ മതി, ഘട്ടം ഘട്ടമായി ഏത് കാട്ടാളനെയാണ് ദേവനാക്കാന്‍ പറ്റാത്തത്. ഒരു ഘട്ടത്തില്‍ കെ.കരുണാകരനെ വരെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന്റെ വക്കത്ത് എത്തിയതാണ്. ശ്രമിച്ചാല്‍ സാധിക്കാത്തതായി ഒന്നുമില്ല.

എന്തിന് തൊഴില്‍വകുപ്പ് ? 


കേരളത്തിലെ തൊഴില്‍വകുപ്പ് സമ്പൂര്‍ണപരാജയമാണ് എന്ന് ആരോപിച്ചിരിക്കുന്നു. ആര് എന്നോ ? പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനോ സി.ഐ.ടി.യു സംസ്ഥാനപ്രസിഡന്റ് ആനത്തലവട്ടം ആനന്ദനോ അല്ല. സംസ്ഥാന തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ തന്നെയാണ്, സ്വന്തം വകുപ്പിന് ഒരു മന്ത്രിയും നല്‍കാന്‍ ഇടയില്ലാത്ത സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. തൊഴിലാളികള്‍ക്ക് ഒരു സുരക്ഷയുമില്ല, മനുഷ്യന്മാര്‍ക്ക് പണിയെടുക്കാന്‍ പറ്റുന്ന പരിതസ്ഥിതിയില്ല, കമ്പനിയിധികൃതര്‍ ബോധിപ്പിക്കുന്ന അവകാശവാദങ്ങളെല്ലാം തെറ്റാണ്, ഓവര്‍ടൈം പണിയെടുപ്പിക്കുന്നു പക്ഷേ ആനുകൂല്യം നല്‍കുന്നില്ല  എന്നിങ്ങനെ പോകുന്നു മന്ത്രി കഞ്ചിക്കോട്ടെ ഒരു ഇരുമ്പുരുക്ക് ഫാകറ്ററി സന്ദര്‍ശിച്ച ശേഷം ഉന്നയിച്ച പരാതികള്‍. ഏതാണ് ഫാക്റ്ററി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. വേണ്ട പൊല്ലാപ്പ് എന്ന് കരുതിയിട്ടാവും. കഞ്ചിക്കോട്ട് ഡസന്‍ കണക്കിന് സ്റ്റീല്‍ ഫാക്റ്ററികള്‍ ഉണ്ടെന്നാണ് കഞ്ചിക്കോട് ഇന്റസ്റ്റ്രീസ് ഫോറത്തിന്റെ ഡയറക്റ്ററിയില്‍ കാണുന്നത്. അതുകൊണ്ട് പേര് പറയുന്നതില്‍ കാര്യമില്ല. ഒരുപക്ഷേ, എല്ലായിടത്തും ഇതുതന്നെയാവും സ്ഥിതി.

കാര്യമതല്ല. എന്തിനാണ് നമുക്ക് ഒരു തൊഴില്‍വകുപ്പ് ?  തൊഴില്‍വകുപ്പ് കൊണ്ട് തൊഴിലാളിക്കോ തൊഴില്‍ സ്ഥാപനങ്ങള്‍ക്കോ വല്ല പ്രയോജനവുമുണ്ടോ ? തൊഴിലാളി സംഘടനകളെക്കൊണ്ടുപോലും പ്രയോജനമില്ലാത്ത അവസ്ഥയാണ് കേരളത്തിലല്ല പുറത്തും രൂപം കൊണ്ടുവരുന്നത്. ഏത് നിയമവും ഏത് തൊഴിലുടമയ്ക്കും ലംഘിക്കാം. പരാതിപ്പെടാന്‍ തൊഴിലാളിക്ക് കഴിയില്ല. തൊഴില്‍ സുരക്ഷിതത്ത്വം എന്നൊരു സംഗതി തൊഴില്‍രംഗത്ത് അപ്രത്യക്ഷമാവുന്നു. പരാതിപ്പെടുന്ന തൊഴിലാളി പിറ്റേന്ന് തെരുവുതെണ്ടേണ്ടി വരും. രാവിലെ തൊട്ട് രാത്രിയാകും വരെ പണിയെടുക്കുന്ന സ്ത്രീ തൊഴിലാളിക്ക് ഒരു മിനിട്ട് സ്റ്റൂളിലിരിക്കാന്‍ പാടില്ല, മൂത്രമൊഴിക്കാന്‍ പാടില്ല എന്നെല്ലാമുള്ള കിരാതത്ത്വങ്ങള്‍ ഈ കേരളത്തില്‍ നിലനില്‍ക്കുന്നു. തൊഴില്‍വകുപ്പ് പോകട്ടെ, തൊഴിലാളിസംഘടനകള്‍ക്കുപോലും മിണ്ടാട്ടമില്ല. ചാര്‍ലി ചാപ്ലിന്റെ മോഡേണ്‍ ടൈംസ് സിനിമയിലെ തൊഴിലാളി 1936 ലേതല്ല 2014 ലേതുകൂടിയാണ്.  പ്രാകൃതമുതലാളിത്തത്തേക്കാള്‍ പ്രാകൃതമാണ് ആഗോളീകരണ കാലത്തെ മുതലാളിത്തം......

ശുഭവാര്‍ത്ത : മലയാളം മനസ്സില്‍ നിറച്ച് അസം ബാലിക എന്നൊരു വാര്‍ത്ത ചിത്രസഹിതം നവംബര്‍ 28 ന്റെ മാതൃഭൂമിയിലുണ്ട്. അന്യസംസ്ഥാനതൊഴിലാളി അവിടെ ജീവിച്ചുപോകാന്‍ ഗതിയില്ലാതെ കേരളത്തിലേക്ക് വരുന്നു. ആദ്യം തനിച്ച്, പിന്നെ ഭാര്യ, പിന്നെ കുഞ്ഞു. പഠിക്കാന്‍ സ്‌കൂളില്‍ ചേരുന്ന കുട്ടി മനോഹരമായി മലയാളം പറയുകയും എഴുതുകയുമെല്ലാം ചെയ്യുന്നു. സമ്മാനങ്ങള്‍ വാങ്ങുന്നു.

ഒരു പാട് അര്‍ത്ഥങ്ങളും പ്രതീക്ഷകളും ചിത്രങ്ങളും വെല്ലുവിളികള്‍ മനസ്സിലുയര്‍ത്തുന്നു പി.ഇക്ബാല്‍ പേര് വെച്ചെഴുതിയ ഈ വാര്‍ത്ത. കുട്ടികളെ കിട്ടാതെ പൂട്ടിത്തുടങ്ങിയ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍, കുറഞ്ഞുവന്നേക്കും എന്ന് ഭയപ്പെടുന്ന ജനസംഖ്യ,  അന്യസംസ്ഥാനത്ത് നിന്നുള്ള ആയിരങ്ങള്‍ എത്തുമ്പോഴത്തെ സാമുഹിക-സാമ്പത്തിക-ആരോഗ്യരംഗങ്ങളിലെ മാറ്റങ്ങള്‍, പ്രതീക്ഷകള്‍.... സാമൂഹ്യ ശാസ്ത്രജ്ഞര്‍ക്കും ജനസംഖ്യാവിദഗ്ദ്ധര്‍ക്കും സാമ്പത്തിക ആസൂത്രകര്‍ക്കും നയരൂപവല്‍ക്കരണ രംഗത്തുള്ളവര്‍ക്കും ആലോചിക്കാന്‍ ഒരു പാട് കാര്യങ്ങള്‍ ഈ വാര്‍ത്ത തൊടുത്തുവിടുന്നുണ്ട്.

വചനം :  മനുഷ്യന്‍ പ്രകൃത്യാ തന്നെ ഒരു രാഷ്ട്രീയ മൃഗമാണ്.- അരിസ്‌റ്റോട്ടില്‍അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്