കമ്യൂണിസ്റ്റ് അനൈക്യ ശീതസമരംപോയ വാരവും പത്രങ്ങളുടെയും ചാനലുകളുടെയും ഏറെ സ്ഥലവും സമയവും  സിപിഎംസിപിഐ ശീതസമരം അപഹരിച്ചു. ഉണ്ണുന്നവന് മടുക്കുന്നില്ലെങ്കില്‍ വിളമ്പുന്നവനെങ്കിലും മടുക്കണം എന്ന് പറഞ്ഞതുപോലെ കലഹിക്കുന്നവര്‍ക്ക് മടുപ്പില്ലെങ്കിലും കലഹം വായിക്കുന്നവര്‍ക്ക് മടുക്കുന്നതായി പത്രങ്ങള്‍ക്ക് തോന്നിക്കാണാം. കലഹം റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന സ്ഥലവും സമയവും കുറഞ്ഞുവരുന്നു എന്നത് ശ്രദ്ധേയം. ആര്‍ക്കുണ്ട് താല്പര്യം ഈ വൃഥാ വ്യായാമത്തില്‍? സാധാരണ ജനത്തിന് താല്പര്യമുള്ള നൂറുവിഷയങ്ങള്‍ വേറെയുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പോലും ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ നടക്കുന്ന വാക്‌പോരാട്ടത്തില്‍ എന്തെങ്കിലും കഴമ്പ് കണ്ടെത്താന്‍ കഴിയുന്നില്ല. ഇവര്‍ക്ക് വേറെ പണിയൊന്നുമില്ലേ എന്ന ചോദ്യമാണ് ഇതിനെകുറിച്ച് ചോദിച്ചാല്‍ ആരുടേയും നാവിന്‍തുമ്പത്ത് നിന്ന് ഉതിര്‍ന്നുവീഴുന്ന മറുപടി.

ഈ പോര് നിലനിര്‍ത്തുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നത് സിപിഐ സംസ്ഥാന നേതൃത്വംതന്നെയാണ്. ഈ പോരില്‍ അണികള്‍ക്ക് വലിയ താത്പര്യമുണ്ട് എന്ന് നേതൃത്വം വിശ്വസിക്കുന്നുണ്ടാവാം. അമ്പത് വര്‍ഷം മുമ്പ് നടന്ന, കൊടുംചതി എന്നവര്‍ വിശ്വസിക്കുന്ന പിളര്‍പ്പിന്റെ ഓര്‍മകള്‍, വൈരങ്ങള്‍, പ്രതികാരങ്ങള്‍ എല്ലാം ഉയര്‍ന്നുവരുന്നത് സ്വാഭാവികം മാത്രം. അമ്പത് വര്‍ഷം അവര്‍ പിന്നിട്ടത്, പിറകില്‍ നിന്നുകുത്തിയ വഞ്ചകരായി എതിര്‍പക്ഷത്തെ കണ്ടുകൊണ്ടാണ്. പുറത്തുപ്രകടിപ്പിക്കുന്നതിലേറെ രോഷവും വൈരവും അവര്‍ തമ്മിലുണ്ട്. ഇഎംഎസ്സിനെയും പികെവിയും പോലുള്ള മാന്യന്മാര്‍ക്ക് ഉണ്ടായിരുന്ന സ്വയം നിയന്ത്രണം പന്ന്യനില്‍ നിന്നും പിണറായിയില്‍നിന്നും ആരും പ്രതീക്ഷിക്കുന്നില്ല. ഐക്യമോഹം പുറത്തുകാട്ടി നല്ല വാക്കുകള്‍ പറയുമ്പോഴും അനൈക്യം പെരുപ്പിക്കുന്ന പൊടിക്കൈകളും ചതിപ്പണികളും ഇരുപക്ഷവും ഒപ്പിച്ചുവെക്കാറുണ്ട്.

സിപിഐക്കാരുടെ വൈരം തീരാത്തത് ആര്‍ക്കും മനസ്സിലാകും. അമ്പത് വര്‍ഷം മുമ്പ് പാര്‍ട്ടി സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയി പാര്‍ട്ടിയെ പിളര്‍ത്തുകയായിരുന്നു സിപിഎംകാര്‍. അറുപത്തിനാലിലെ പിളര്‍പ്പ് കഴിഞ്ഞ് വെറും മൂന്ന് വര്‍ഷത്തിനിടയില്‍ കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയുണ്ടാക്കാന്‍ വേണ്ടി പഴയ വിരോധം മാറ്റിവെക്കാന്‍ തയ്യാറായതാണ് സിപിഐ നേതൃത്വം. മറക്കാനും പൊറുക്കാനുമുള്ള വലിയ മനസ്സ് അവര്‍ പ്രകടിപ്പിച്ചു. കേരളത്തിലും പ.ബംഗാളിലും സിപിഎം നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ പങ്കാളിയാവാനും അവര്‍ തയ്യാറായി.  പക്ഷേ, വേഗം അവര്‍ പിണങ്ങിപ്പിരിഞ്ഞു. സിപിഐ കോണ്‍ഗ്രസ്സിനൊപ്പം പോയി. അടിയന്തരാവസ്ഥയുടെ അസ്വസ്ഥമായ അനുഭവങ്ങള്‍ക്ക് ശേഷം തിരിച്ചുവന്നുവെങ്കിലും ആ വരവ് കുറ്റബോധത്തോടെയായിരുന്നു. വീടുവിട്ടോടിപ്പോയ വികൃതിച്ചെറുക്കന്‍ ഒടുവില്‍ നിവൃത്തികേടുകൊണ്ട് തിരിച്ചുവരുന്നത് മനസ്സിലാക്കാം. മുതിര്‍ന്നവരുടെ കുത്തുവാക്കുകള്‍ അവന്‍ സഹിക്കണമല്ലോ. പക്ഷേ, വീട് വിട്ടോടിപ്പോയ മരുമക്കളാണ് തിരിച്ചുവന്ന് വീട്ടില്‍കയറാതെ കാരണവര്‍ക്ക് നേരെ കുത്തുവാക്കുകളും പരിഹാസവും ഉതിര്‍ക്കുന്നത്. അനന്തരവന്മാരുടെ കൈയില്‍ ഇപ്പോള്‍ ബംഗാളിലും കേരളത്തിലും ത്രിപുരയിലും ഇഷ്ടംപോലെ സ്വത്തും സമ്പാദ്യവുമുണ്ട്. കാരണവര്‍ക്ക് കഴിഞ്ഞ കൂടാനുള്ള വക തന്നെയില്ല. പഴയ പ്രതാപം പറഞ്ഞിരിക്കാം. വഴിപിഴച്ച മരുമക്കള്‍ പ്രതാപികളായി നടക്കുന്നു. നമുക്ക് ഇനി ഒന്നിക്കാം എന്നൊരുപാട്  തവണ പറഞ്ഞുനോക്കി. പുച്ഛിച്ചുതള്ളി
പണ്ട് ഇഎംഎസ്, പിന്നെ ഇപ്പോള്‍ കാരാട്ടും പിണറായിയും.

മാണിയെ പ്രലോഭിപ്പിച്ച് മുന്നണി മാറ്റിക്കാന്‍ ശ്രമിച്ചതില്‍ സിപിഐക്കും പങ്കുണ്ട്. സിക്രട്ടറിയേറ്റ് വളയല്‍ ഉള്‍പ്പെടെയുള്ള സമരം പിന്‍വലിച്ചതില്‍ സിപിഐക്കും പങ്കുണ്ട്. പ്രതിപക്ഷത്തിന്റെ വിശ്വാസ്യതാതകര്‍ച്ചയില്‍ സിപിഐക്കും പങ്കുണ്ട്. എല്ലാറ്റിനും സിപിഎം നേതൃത്വത്തെ കുറ്റപ്പെടുത്തിയും വിമര്‍ശിച്ചും നല്ലപിള്ള ചമയുവാനുള്ള സിപിഐ ശ്രമം യഥാര്‍ത്ഥത്തില്‍ ഭരണമുന്നണിക്കാണ് ആശ്വാസമേകുന്നത്. സരിത മുതല്‍ മാണി വരെയുള്ള ഭരണപക്ഷ വീഴ്ചകളിലെല്ലാം ചര്‍ച്ച അതിവേഗം പ്രതിപക്ഷവീഴ്ച്ചകളിലേക്ക് മാറ്റാനും ജനശ്രദ്ധ തിരിക്കാനും യുഡിഎഫ് ഓപറേറ്റര്‍മാര്‍ക്ക് എളുപ്പം കഴിഞ്ഞു. കുറ്റകൃത്യങ്ങള്‍ എപ്പോഴും ഭരണപക്ഷത്ത് നടക്കുമ്പോഴും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് പ്രതിപക്ഷം.  അച്യുതമേനോനെയും ഇഎംഎസ്സിനെയും അടിയന്താരവസ്ഥയെയും കുറിച്ച് തിരിച്ചും മറിച്ചും ചര്‍ച്ച ചെയ്തും പരസ്പരം കുത്തിനോവിച്ചും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സമയം പാഴാക്കുന്നു. ജനങ്ങളുടെ കണ്ണില്‍ പരിഹാസ്യരാവുന്നു. അതിനിടെ രണ്ട് പാര്‍ട്ടികളിലും പേമെന്റ് സീറ്റും കൃഷ്ണപ്പിള്ള സ്മാരകം തകര്‍ത്തതും പോലുള്ള പുണ്ണുകള്‍ പൊട്ടിയൊലിച്ച് ദുര്‍ഗന്ധം പരക്കുകയും  ചെയ്യുന്നു.

ചുംബനസമരത്തിന്റെ പരിണാമം

ചുംബനസമരം സജീവ ചര്‍ച്ചവിഷയമായി തുടര്‍ന്നു. ഗൗരവമേറിയ ചോദ്യങ്ങള്‍ ഉയര്‍ത്തിയാണ്  പുതുതലമുറക്കാര്‍ പുത്തനൊരു സമരരീതിക്ക് തുടക്കം കുറിച്ചത്. നിങ്ങള്‍ പറയുന്നതെല്ലാം ശരിതന്നെ, പക്ഷേ റോഡിലിറങ്ങി പരസ്യമായി ചുംബിച്ചാണോ മതഫാസിസത്തെ നേരിടേണ്ടത് എന്ന ചോദ്യം ചോദിച്ച് സംശയാലുക്കളായി മാറിനിന്നു പൊതുജനത്തില്‍ നല്ലൊരു പങ്ക്. സമരം പുതിയ കേന്ദ്രങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടു. മുന്നറിയിപ്പില്ലാതെ അവിടെയും ഇവിടെയും നടക്കുന്നു. ആരംഭത്തിലെ വിഷയം മാറിയിരിക്കുന്നു. അന്നുന്നയിച്ച ചോദ്യങ്ങള്‍ ജനം മറന്നിരിക്കുന്നു. വന്നുവന്ന്. തരംകിട്ടിയാല്‍ എവിടെയെങ്കിലും വട്ടംകൂടി കെട്ടിപ്പിടിച്ച് ചുംബിക്കുകയാണോ ഇവരുടെ പരിപാടി എന്ന സംശയം ഉയരുകയായി. സദാചാരഗുണ്ടകളല്ല തെറ്റുകാര്‍, ചുംബനക്കാരാണ് എന്ന് സാധാരണക്കാര്‍ പറയുന്നേടത്തോളം എത്തിനില്‍ക്കുന്നു.


കോഴിക്കോട്ടെ ചുംബനസമരത്തിനിടയില്‍ നടന്ന സംഗതികള്‍ സെക്കുലര്‍ പുരോഗമന പ്രസ്ഥാനങ്ങളെ ഞെട്ടിപ്പിക്കേണ്ടതായിരുന്നു. കൊച്ചിയില്‍നിന്ന് വ്യത്യസ്ഥമായി മുഖ്യധാരാ മതമൗലികവാദികള്‍ രംഗത്തുവരാതെ മാറിനിന്നപ്പോള്‍ പുതിയ പ്രാകൃതക്കൂട്ടമാണ് രംഗം കൈയടക്കിയത്. അക്രമാസക്തമായി അവര്‍ സമരത്തെ എതിരിട്ടു. മനസ്സുകൊണ്ടും ശരീരം കൊണ്ടും അവര്‍ക്കൊപ്പമായിരുന്നു കേരളാപോലീസ്. റോഡും റെയിലും തടഞ്ഞ് ജനങ്ങളെ കഷ്ടപ്പെടുത്തുന്ന സമരക്കാര്‍ക്ക് സംരക്ഷണം നല്‍കാറുള്ള പോലീസ്  ഇവിടെ സമരവിരുദ്ധ അക്രമാസക്ത സംഘത്തെയാണ് ഫലത്തില്‍ സംരക്ഷിച്ചത്.

ഹനുമാന്റെയും കുരങ്ങന്റെയും പേരിലുള്ളതായിരുന്നു സമരക്കാരെ തല്ലിയോടിക്കാന്‍ വന്ന സംഘങ്ങള്‍. ഹനുമാനും മറ്റ് കുരങ്ങന്മാരും ഏതിനം സദാചാരത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് വ്യക്തമല്ല. ഹനുമാന്റെ ജന്മം സംഭവിച്ചത് സംബന്ധിച്ച പുരാണകഥകള്‍ കേട്ടവരാരും തങ്ങളുടെ സദാചാരപോലീസ് സംഘത്തിന് ഹനുമാന്റെ പേരിടുമായിരുന്നില്ല. വളരെ ഉദാരമായ ലൈംഗിക സ്വാതന്ത്ര്യങ്ങള്‍ അനുഭവിച്ച പൗരന്മാരെക്കുറിച്ചാണ് പുരാണകഥകള്‍ പറയുന്നത്. ഹനുമാന്റെ ജന്മത്തെകുറിച്ചുള്ള കഥകള്‍ ഒന്നും ഇന്നത്തെ അര്‍ത്ഥത്തിലുള്ള സദാചാരത്തിന്റെ പരിധിയില്‍ വരുന്നില്ല. അത് വേറെ കാര്യം. എന്ത് പേരിടുന്നു എന്നതല്ല. പുതിയ ഒരിനം ഫാസിസം നമ്മുടെ തെരുവുകളില്‍ അതിന്റെ വികൃതാവയവങ്ങള്‍ കാട്ടി ആക്രോശിച്ചുതുടങ്ങിയിരിക്കുന്നു എന്ന് സെക്കുലര്‍ സമൂഹം തിരിച്ചറിയാന്‍ സമയമായി.

നിങ്ങളുടെ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. പക്ഷേ, അതുപറയാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തിനായി മരിക്കാനും ഞാന്‍ ഒരുക്കമാണ് എന്ന് പറഞ്ഞത് വോള്‍ട്ടയര്‍ ആണല്ലോ. ചുംബനസമരത്തോട് യോജിപ്പില്ലാത്തവരും ആ സമരം നടത്താനുള്ള യുവജനതയുടെ അവകാശം സംരക്ഷിക്കാന്‍ അവര്‍ക്കൊപ്പം നില്‍ക്കണമായിരുന്നു. നിര്‍ഭാഗ്യവശാല്‍, തുടക്കത്തില്‍ പ്രതീക്ഷയുണര്‍ത്തിയ ഇടതുപക്ഷം പോലും ഒന്നുറങ്ങി ഉണര്‍ന്നപ്പോള്‍ പഴയ  കിഴട്ട് കാരണവന്മാരെപ്പോലെ ചെറുപ്പക്കാരോട് മുരളുകയും അമറുകയും ചെയ്യുന്നുണ്ടായിരുന്നു.

ഗണേശന്റെ വെടി

ഭരണപക്ഷം അതിന്റെ വികൃതമുഖം ഒരിക്കല്‍കൂടി പ്രദര്‍ശനത്തിന് വച്ചു. നിയമസഭയില്‍ ഒരു മുന്നറിയിപ്പും നല്‍കാതെ ഒരു മുന്‍മന്ത്രി പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചു. പൊതുമരാമത്ത് വകുപ്പ് സിക്രട്ടറിയുടെ അഴിമതിയെയും സ്വത്ത് സമ്പാദനത്തെയും കുറിച്ചുള്ള കഥകള്‍ നാട്ടില്‍ പാട്ടാകുന്നതിനിടെയാണ് വകുപ്പ് ്ര്രമന്തിയുടെ ഓഫീസിനെ കുറിച്ച് ഞെട്ടിക്കുന്നതെന്ന് പത്രങ്ങള്‍ വിശേഷിപ്പിച്ച ആരോപണങ്ങള്‍ ഉയര്‍ന്നത്. എഞ്ചിനീയര്‍മാരുടെ സ്ഥലംമാറ്റത്തിന് കോഴ വാങ്ങുന്നു, വേറെയെന്തിനെല്ലാമോ കോഴ വാങ്ങുന്നു, കാട്ടുപോത്തുനടക്കുമ്പോള്‍ കുഴയുന്ന മണ്ണിലെത്തുന്ന കൊക്ക് മാത്രമാണ് ടിഒ സൂരജ് തുടങ്ങിയ പരാമര്‍ശങ്ങള്‍ ആരെ ഞെട്ടിക്കാനാണ് ? ആരോപണങ്ങള്‍ ഉന്നയിച്ച മുന്‍മന്ത്രിയുടെ രാഷ്ട്രീയവ്യക്തിപര സദാചാരങ്ങളുടെ അവസ്ഥയെന്താണ് ?

ഇനി ഇതിനെക്കുറിച്ചൊന്നും അധികം കേട്ടുകൊള്ളണമെന്നില്ല. എല്ലാ ദിവസവും ഇങ്ങനെ എന്തെല്ലാം കേള്‍ക്കുന്നു. പഴയ കാലത്ത്  ' അഴിമതി തുറന്നുകാട്ടല്‍'   നിത്യവൃത്തിയാക്കിയ ചില ചെറുകിട പത്രങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്. ഇന്നയാളുടെ ഇന്ന അഴിമതിയെ കുറിച്ച് വിവരം കിട്ടിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അടുത്ത ലക്കത്തില്‍ എന്ന് അറിയിപ്പുണ്ടാകും. അടുത്ത ലക്കത്തില്‍ സംഭവത്തെകുറിച്ച് ഒരു വിവരവും കാണില്ല. അഴിമതിക്കാരന്‍ പത്രാധിപരെ കണ്ട് പ്രശ്‌നം പരിഹരിക്കും. പിന്നെ വേറെ അഴിമതിക്കാരനെ നോക്കാമല്ലോ.

ഗണേശ്  കുമാറിന്റെ ധാര്‍മികരോഷപ്രകടനം കണ്ടാല്‍ തോന്നുക മന്ത്രിസഭയിലെ പത്തിരുപത് അംഗങ്ങളില്‍ ഒരു മന്ത്രിയുടെ ഓഫീസ് ജീവനക്കാരില്‍ മാത്രം എന്തോ വന്‍ അഴിമതി അദ്ദേഹം കണ്ടെത്തി എന്നാണ്. ബാക്കി മന്ത്രിമാരും അവരുടെ സ്റ്റാഫും എല്ലാം സത്യസന്ധന്മാര്‍. അഴിമതിയുടെ പൊടി പോലും അവിടെയൊന്നും കാണാനില്ല. ഇനി പൊതുമരാമത്ത് അഴിമതിയെ കുറിച്ച് കേള്‍ക്കില്ല. ഗണേശും പൊതുമരാമത്ത് മന്ത്രിയും തമ്മില്‍ കണ്ട് പ്രശ്‌നം സലാമത്താക്കും. ഗണേശന്‍ മന്ത്രിസ്ഥാനവും ഇല്ല വകുപ്പുമില്ലാതെ  എത്ര മാസമായി നടക്കുന്നു. എന്നും ഇങ്ങനെ നടന്നാല്‍ മതിയോ ?

എന്തൊരു ഔദാര്യം !

കാല്‍കാശിന് ഗതിയില്ലാത്ത സ്ഥാപനമാണ് കെഎസ്ആര്‍ടിസി. മുന്‍ ജീവനക്കാര്‍ പെന്‍ഷന്‍ മുടങ്ങി നിരാശരായി ആത്മഹത്യ ചെയ്യുന്നു. ശമ്പളം കൊടുക്കാന്‍ ഓരോ മാസവും ധനമന്ത്രിയുടെ മുമ്പില്‍ പോയി ഇരക്കുന്നു. എങ്ങനെ മുന്നോട്ട് പോകണമെന്നതിന് ഒരു രൂപവുമില്ല. എങ്കിലെന്ത്, നമ്മള്‍ പഴയ ആഡ്യത്വം ഉപേക്ഷിക്കരുതല്ലോ. ഔദാര്യം നമ്മുടെ കൂടെപ്പിറപ്പാണ്. പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാം. വിദ്യാര്‍ത്ഥികളൊന്നും അങ്ങനെ ഒരു ആനുകൂല്യം ആവശ്യപ്പെട്ടിരുന്നില്ലെന്നോ. സാരമില്ല. എല്ലാം അറിഞ്ഞു ചെയ്യണം.
പ്രശ്‌നമൊന്നുമുണ്ടാവില്ല. കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും എല്ലാ ദിവസവും രണ്ട് നേരം സര്‍ക്കാര്‍ ബസ്സില്‍ കയറി സ്‌കൂളില്‍ പോയിവരുന്നതായി കണക്കാക്കി അതിന്റെ നഷ്ടപരിഹാരം തരാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുക. കുട്ടികളെ റോഡില്‍കണ്ടാല്‍ കയറ്റണമെന്ന് നിര്‍ബന്ധമില്ല. പണം സര്‍ക്കാര്‍ തന്നാല്‍  മതി. ഒറ്റയടിക്ക് സ്ഥാപനത്തിന്റെ ദാരിദ്ര്യം തീര്‍ക്കാം. എന്നന്നേക്കും.

southlive.in
15Dec 2014

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്