'മലക്കപ്പിശാചു'കള്‍


ഡോ. മന്‍മോഹന്‍ജിയെ ജീവനോടെ വറച്ചട്ടിയിലിട്ട് പൊരിച്ച ആളുകള്‍ക്ക് അതേ കാര്യം മോദി ചെയ്തപ്പോള്‍ മിണ്ടാട്ടമില്ല. മന്‍മോഹന്റെ താടിയല്ല താടി. മോദിയുടെ താടിയെയേ പേടിയുള്ളൂ.


മലക്കംമറിയലില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ലോകറെക്കോഡ് നേടിയതായി റിപ്പോര്‍ട്ട് ഉണ്ട്. ആറുമാസം കൊണ്ട് 25 മലക്കങ്ങളാണത്രെ മറിഞ്ഞത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സ്ഥിതിവിവരക്കണക്ക് വകുപ്പാണ് ഇക്കാര്യം കണ്ടെത്തിയത്. അവര്‍ക്ക് ഇപ്പോള്‍ വേറെ പണിയൊന്നുമില്ലല്ലോ. ഇക്കാര്യത്തിലുള്ള തങ്ങളുടെ അഭിനന്ദനം അറിയിക്കുന്നതിന് കഴിഞ്ഞ ദിവസം അവരുടെ വക്താവ് മാധ്യമസമ്മേളനംതന്നെ വിളിച്ചുകൂട്ടുകയുണ്ടായി. മോദിസര്‍ക്കാറിന് പ്രശംസാപത്രവും ഉപഹാരവും നല്‍കി. ഓരോ മലക്കത്തിന്റെയും ആസ്വാദനം ഉള്‍ക്കൊള്ളുന്ന 30 പേജുള്ള ലഘുലേഖ തദവസരത്തില്‍ പ്രസിദ്ധപ്പെടുത്തുകയുമുണ്ടായി. ആറുമാസത്തില്‍ 25 മലക്കം എന്നുപറഞ്ഞാല്‍ ആഴ്ചയില്‍ ഒന്ന് വരും. ഒട്ടും മോശമല്ല. അറുപത് വര്‍ഷത്തോളം ഭരിച്ചിട്ടും കോണ്‍ഗ്രസ്സുകാര്‍ക്ക് മോദിജിയുടെ ആറുമാസത്തിന് അടുത്തൊന്നും എത്താന്‍ കഴിഞ്ഞിരുന്നില്ല പോലും.;

ഭരണത്തില്‍ വരാന്‍ വേണ്ടി ഒന്ന് പറയുക, വന്നുകഴിഞ്ഞാല്‍ തിരിച്ചുപറയുക എന്നതിനാണ് ദേശീയ രാഷ്ട്രീയത്തില്‍ മലക്കം എന്ന് പറയുക. ഈ വിദ്യ കലയായി വളര്‍ത്തിയവരെ സര്‍ക്കസ്സിലാണ് ധാരാളമായി കാണുക. നമ്മുടെ നാട്ടുകാരനായ ഒരു മലക്കംമറിച്ചിലുകാരന്റെ പ്രകടനം കണ്ട് ജര്‍മന്‍ ഏകാധിപതി ഹിറ്റ്‌ലര്‍ ഞെട്ടിയതായും മലക്കപ്പിശാച് എന്ന് വിശേഷിപ്പിച്ചതായും കേട്ടിട്ടുണ്ട്. രാഷ്ട്രീയം ആണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച സര്‍ക്കസ്. രാഷ്ട്രീയത്തിലെ മലക്കപ്പിശാചുകളെ കണ്ടിരുന്നുവെങ്കില്‍ ഹിറ്റ്‌ലര്‍ കാല്‍തൊട്ട് വണങ്ങുമായിരുന്നു. ഒറിജിനല്‍ സര്‍ക്കസ്സിലെന്നപോലെ കേരളീയരാണ് രാഷ്ട്രീയസര്‍ക്കസ്സിലും മുന്നില്‍. അത് വിഷയം വേറെ. ഇവിടെ ദേശീയപ്രശ്‌നം മാത്രം കൈകാര്യം ചെയ്യാം.

കോണ്‍ഗ്രസ്സിന്റെ അത്യുല്‍സാഹത്തിന് മതിയായ കാരണമുണ്ട്. ഡോ. മന്‍മോഹന്‍സിങ്ങിന്റെ ഭരണത്തെ ജനം പിച്ചിച്ചീന്തിയെറിയാന്‍ കാരണമായ നൂറ്റൊന്നു സംഗതികളില്‍ നാലിലൊന്ന് വെറും ആറുമാസത്തിനകം ബി.ജെ.പി.സര്‍ക്കാര്‍ സ്വന്തമാക്കിക്കഴിഞ്ഞു. കോണ്‍ഗ്രസ് ഭരണകാലത്ത് ചെയ്തപ്പോള്‍ ഇതിനേക്കാള്‍ മോശമായ മറ്റൊരു സംഗതി ഭൂലോകത്തില്ലെന്ന് പറഞ്ഞുനടന്നവരാണ് ബി.ജെ.പി.ക്കാര്‍. അതില്‍ ആധാറും ഗ്യാസ് സബ്‌സിഡി ബാങ്കിലൂടെ ആക്കിയതും പെടും. മന്‍മോഹന്‍ സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങള്‍ പേരും ലേബലും മാറ്റി മോദി സര്‍ക്കാര്‍ അടിച്ചുമാറ്റുന്നു എന്നാണ് പരാതി. പത്തുകൊല്ലം ഭരിച്ചിട്ടും ഇത്തരം സംഗതികള്‍ ബൗദ്ധിക സ്വത്തവകാശത്തില്‍ പെടുത്താന്‍ മന്‍മോഹന്‍ജിക്ക് തോന്നിയില്ല. ഇനി പറഞ്ഞിട്ട് കാര്യമില്ല.
മലക്കംമറിഞ്ഞു എന്നല്ല കോണ്‍ഗ്രസ്സിന്റെ പരാതി. 25 വിഷയത്തില്‍ യു ടേണ്‍ എടുത്തു എന്നാണ് പറഞ്ഞത്. (മലയാളത്തിലെ യു അല്ല. ഇംഗ്ലീഷിലെ ഡ). വണ്ടിയോടിച്ചുപോകുമ്പോള്‍ വളവിന്റെ ഡിഗ്രി നോക്കിയിട്ടല്ലല്ലോ ടേണ്‍ എടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. എങ്ങോട്ടാണ് പോകുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഇത്. പണ്ട് തെറ്റെന്ന് ബി.ജെ.പി.ക്കാര്‍ പറഞ്ഞ നയങ്ങള്‍ ഇപ്പോള്‍ മോദി സ്വന്തമാക്കുന്നുവെങ്കില്‍ ഗുണ്ട് പൊട്ടിച്ച് ആഹ്‌ളാദം പ്രകടിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടിയിരുന്നത് എന്ന അഭിപ്രായക്കാരുമുണ്ട്.

ഇരുപത്തഞ്ച് മലക്കങ്ങളും ഇവിടെ വിസ്തരിക്കാന്‍ പറ്റില്ല, ചിലതുമാത്രം പറയാം. ഭരണം ഏറ്റ് നൂറുദിവസത്തിനകം സ്വിസ് ബാങ്കിലെ കോണ്‍ഗ്രസ്സുകാരുടെ കള്ളനിക്ഷേപം മുഴുവന്‍ പിടിച്ചെടുത്ത് പാവങ്ങള്‍ക്ക് വീതിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പുകാലത്തെ വാഗ്ദാനം. സ്വിറ്റ്‌സര്‍ലന്‍ഡ് കൊച്ചുരാജ്യമാണ്. സി.ബി.ഐ.യിലെ രണ്ട് കോണ്‍സ്റ്റബിള്‍മാരെ അയച്ചാല്‍ സംഗതി നടക്കുമെന്ന് ആരെങ്കിലും മോദിജിയെ തെറ്റിദ്ധരിപ്പിച്ചിരുന്നുവോ എന്നറിയില്ല. അധികാരത്തിലേറി സംഗതികള്‍ അന്വേഷിച്ചപ്പോഴാണ് പ്രതിപക്ഷത്തിരുന്ന് ബഹളംവെക്കുന്നതുപോലൊന്നുമല്ല കേസ് എന്ന് മനസ്സിലായത്. മീശ പിരിച്ചുകാട്ടിയാലൊന്നും സംഗതി നടക്കില്ല. കടുകട്ടിയായ എവിഡന്‍സ് വേണമത്രെ. അതിന് ഇനി എവിടെ പോകാനാണ് ?

വേറെ ഒരബദ്ധവും പറ്റി. വിദേശബാങ്കുകളിലുള്ള അനധികൃത നിക്ഷേപം മുഴുവന്‍ പിടിച്ചെടുത്ത് ഇന്ത്യക്കാര്‍ക്കിടയില്‍ തുല്യമായി വീതിച്ചുനല്‍കുമെന്ന് മോദിജി തിരഞ്ഞെടുപ്പ് കാലത്ത് പ്രസംഗിച്ചിരുന്നുവത്രെ. ആവോ. ആവേശത്തില്‍ വല്ലതും പറഞ്ഞുകാണും. മൊത്തം സംഖ്യ ഊഹമാണ്. സോഷ്യല്‍ മീഡിയയിലെ സാമ്പത്തിക വിദഗ്ധന്മാരുടെ കണക്കനുസരിച്ചാണെങ്കില്‍ വിദേശബാങ്കിലെ സംഖ്യ കിട്ടിയാല്‍ പിന്നെ ഇന്ത്യക്കാര്‍ നൂറുകൊല്ലത്തേക്ക് പണിയെടുക്കേണ്ട. തിന്നാനുംകുടിക്കാനും ഉടുക്കാനുമുള്ളതെല്ലാം വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് സൗജന്യമായി വിതരണം ചെയ്യാം. ചുമ്മാ പോയി ക്യൂ നിന്നാല്‍ മതി (ബിവറേജസിലെ സാധനം ഇതില്‍ പെടില്ല). ബി.ജെ.പി. ആസ്ഥാന വിദഗ്ധര്‍ കണക്ക് കൂട്ടിയപ്പോള്‍ ഓരോ ഇന്ത്യക്കാരനും 15 ലക്ഷം കിട്ടും എന്നേ കണ്ടിരുന്നുള്ളൂ. മോദിജി അധികാരത്തില്‍ വന്നയുടനെ എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ ഉത്തരവിടുകയും യുദ്ധകാലാടിസ്ഥാനത്തില്‍ അത് പൂര്‍ത്തിയാക്കുകയും ചെയ്തപ്പോള്‍ പാവങ്ങള്‍ വിചാരിച്ചത് ഈ 15 ലക്ഷം അക്കൗണ്ടിലേക്ക് ഉടന്‍ വരും എന്നാണ്. പാവങ്ങള്‍ ഇടയ്ക്കിടെ ബാങ്കുകളില്‍ ചെന്ന് 'മോദിയുടെ പൈശ ബന്നോ' എന്ന് ചോദിക്കാറുമുണ്ട്. ഇനിയും എത്ര കാലം ചോദിക്കുമോ എന്തോ..

അമേരിക്കയുമായുള്ള ആണവക്കരാര്‍, അസം ഭൂമി ബംഗ്‌ളാദേശിന് നല്‍കുന്ന കാര്യം, നേതാജിയുടെ മരണം അന്വേഷിക്കല്‍, ആധാര്‍, ബാങ്ക് സബ്‌സിഡി എന്നിങ്ങനെ പോകുന്നു കോണ്‍ഗ്രസ്സില്‍ നിന്ന് അടിച്ചുമാറ്റിയ വിഷയങ്ങള്‍. കുറെയെല്ലാം സത്യംതന്നെ. ഡോ. മന്‍മോഹന്‍ജിയെ ജീവനോടെ വറച്ചട്ടിയിലിട്ട് പൊരിച്ച ആളുകള്‍ക്ക് അതേ കാര്യം മോദി ചെയ്തപ്പോള്‍ മിണ്ടാട്ടമില്ല. മന്‍മോഹന്റെ താടിയല്ല താടി. മോദിയുടെ താടിയെയേ പേടിയുള്ളൂ.

മോദിയുടെ മലക്കങ്ങള്‍ പരസ്യപ്പെടുത്താന്‍ മാധ്യമസമ്മേളനം വിളിച്ചുചേര്‍ക്കാന്‍ നിയോഗിക്കപ്പെട്ടത് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കനെ ആയിരുന്നു. ഹൈക്കമാന്‍ഡിന്റെ ഔചിത്യബോധത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സ്ഥാനം വഹിക്കുന്നവര്‍ക്കെതിരെ കേസുണ്ടായാല്‍ സ്ഥാനം ഒഴിയണമെന്ന കോടതി വിധി മറികടക്കാന്‍ മന്‍മോഹന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതിനെ ന്യായീകരിക്കാന്‍ കോണ്‍ഗ്രസ് വക്താവ് മാധ്യമസമ്മേളനം വിളിച്ചു ചേര്‍ക്കുകയും ആ യോഗത്തില്‍ പാഞ്ഞുകയറി രാഹുല്‍ഗാന്ധി ഓര്‍ഡിനന്‍സ് വലിച്ചുകീറുകയും ചെയ്തത് ഇന്ത്യക്കാര്‍ മറക്കുകയില്ല. ഓര്‍ഡിനന്‍സിനെ വക്താവ് അജയ് മാക്കന്‍ ന്യായീകരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു യുവരാജാ പ്രകടനം. തലേന്ന് ഓര്‍ഡിനന്‍സിനെ ന്യായീകരിച്ച അപമാനിത താരം അജയ് മാക്കന് പിറ്റേന്ന് ബോധോദയമുണ്ടായി. ഓര്‍ഡിനന്‍സ് വലിച്ചുകീറേണ്ടതുതന്നെയായിരുന്നു എന്നാണ് അദ്ദേഹം പത്രക്കാരോട് പറഞ്ഞത്! മക്കാന്‍ തന്നെ അസല്‍ മലക്കപ്പിശാച് !

                                                                                    ****

സിവില്‍ കോടതിയുടെ അധികാരമുള്ള സ്ഥാപനമാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ എന്ന് ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. പേടിക്കണം. ഇനി കോടതിയലക്ഷ്യത്തിന് ശിക്ഷിക്കാന്‍ പവ്വറുണ്ടോ എന്നും അറിഞ്ഞുകൂടാ. സൂക്ഷിക്കണമല്ലോ. സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ നടപ്പാക്കുന്ന പദ്ധതികള്‍ ന്യൂനപക്ഷസമുദായാംഗങ്ങള്‍ക്ക് കിട്ടുന്നുണ്ട് എന്ന് ഉറപ്പ് വരുത്താനാണ് സ്ഥാപനം എന്നാണ് കേട്ടിരുന്നത്. ആര്‍ക്കും വിരോധമില്ല.
പക്ഷേ, ഇപ്പോള്‍ തോന്നുന്നത് മുസ്ലിങ്ങളുടെ സകല കാര്യങ്ങളും തീരുമാനിക്കാനുള്ള ഖിലാഫത്ത് അധികാരം കൂടി കമ്മീഷന് സര്‍ക്കാര്‍ രഹസ്യമായി നല്‍കിയിട്ടുണ്ട് എന്നാണ്. പര്‍ദ ഇടണമെന്ന് ഇസ്ലാം നിര്‍ബന്ധിക്കുന്നില്ല എന്ന് പറഞ്ഞ എം.ഇ.എസ്. സ്‌റ്റേറ്റ് പ്രസിഡന്റ് ഡോ. ഫസല്‍ഗഫൂറിനോട് വിശദീകരണം ചോദിച്ചിരിക്കുന്നവത്രെ കമ്മീഷന്‍. ഇനി പിടിച്ചുജയിലിലിടുമോ എന്തോ..
ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്നതിന് എതിരെ ഒരു സര്‍ക്കാര്‍ സ്ഥാപനംതന്നെ രംഗത്ത് വന്നാല്‍ പൊതുജനം എന്തുചെയ്യും? ന്യൂനപക്ഷകമ്മീഷന്‍ ചെയര്‍മാന് മനുഷ്യാവകാശകമ്മീഷന്‍ നോട്ടീസയയ്‌ക്കേണ്ടി വരുമെന്നാണ് തോന്നുന്നത്.

                                                                                              ****

ജ്യോത്സ്യം ശാസ്ത്രത്തേക്കാള്‍ മുകളിലാണെന്ന് കരുതുന്ന ഭരണകക്ഷി എം.പി., രാമന്റെ സന്തതികളല്ലാത്തവര്‍ ജാരസന്താനങ്ങളാണെന്ന് കരുതുന്ന കേന്ദ്രമന്ത്രി, പുരാണകോട്ടയുടെ അടിയില്‍ സ്വര്‍ണനിക്ഷേപമുണ്ടെന്ന് സ്വപ്നം കണ്ടതിന്റെ പേരില്‍ ഖനനം നടത്താന്‍ ഉത്തരവിട്ട മറ്റൊരു കേന്ദ്രമന്ത്രി, ഭാവിയില്‍ രാഷ്ട്രപതിയാവുമെന്ന ജോത്സ്യന്റെ പ്രവചനത്തില്‍ സ്വയം മയങ്ങിപ്പോയ കേന്ദ്രവിദ്യാഭ്യാസമന്ത്രി, പുരാണ കാലത്തേ ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജറിയുള്ളതിന് തെളിവാണ് ആനയുടെ തലയുള്ള ഗണേശനെന്ന് വിശ്വസിക്കുന്ന മറ്റൊരു കേന്ദ്രമന്ത്രി, കര്‍ണന്‍ മാതാവിന്റെ വയറ്റില്‍ പിറന്നതല്ല എന്ന വിശ്വാസത്തിന്റെ അര്‍ഥം അക്കാലത്ത് ജനിതകശാസ്ത്രം അത്രയും വികസിച്ചിരുന്നു എന്നാണെന്ന് കരുതുന്ന പ്രധാനമന്ത്രി....
അന്ധവിശ്വാസത്തിനെതിരെ നിയമം കൊണ്ടുവരാന്‍ ചില സംസ്ഥാനങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടത്രെ. ഒരു പ്രയോജനവുമുണ്ടാവില്ല. അന്ധവിശ്വാസം എന്ന സങ്കല്‍പ്പം ഭരണഘടനാവിരുദ്ധമാണെന്ന പ്രഖ്യാപനം വരാന്‍ ഇനി വലിയ കാലതാമസമുണ്ടാകില്ല.

nprindran@gmail.com

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്