എന്തിന് വിഭാഗീയത ഇല്ലാതാക്കണം ?   

പാര്‍ട്ടിക്കും മാധ്യമങ്ങള്‍ക്കും ഒരുപോലെ ഒരു പാട് ' സര്‍െ്രെപസു' കള്‍ സമ്മാനിച്ചുകൊണ്ടാണ് സി.പി.ഐ.എം സംസ്ഥാന സമ്മേളനം വിപ്ലവഭൂമിയായ ആലപ്പുഴയില്‍ സമാപിച്ചത്. പതിനാറ് വര്‍ഷമായി പാര്‍ട്ടിയെ നയിച്ച സെക്രട്ടറി പിണറായി വിജയന്‍ സംതൃപ്തിയോടെയാവുമോ പിണറായിയിലേക്ക് മടങ്ങിയിരിക്കുക? ഒരിക്കലുമില്ല. ഒരു പക്ഷേ, അദ്ദേഹം അതീവ തൃപ്തിയോടെയും ഒരുപാട് പ്രതീക്ഷകളോടെയുമാവും ആലപ്പുഴയിലെ സമ്മേളനത്തിന്‍ വന്നിറങ്ങിയിട്ടുണ്ടാവുക. വരവിനും പോക്കിനുമിടയില്‍ സമ്മേളനത്തിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങള്‍ പിണറായി വിജയനെതന്നെ ഞെട്ടിച്ചിരിക്കണം. ഈ പാര്‍ട്ടിയെ നിങ്ങള്‍ക്ക് മനസ്സിലായിട്ടില്ല എന്ന് പാര്‍ട്ടി വിരുദ്ധരോടും മാധ്യമക്കാരോടും അദ്ദേഹം പറയാറുള്ളത് അദ്ദേഹത്തിന് നേരെ പലപ്പോഴും തിരിച്ചടിക്കാറുള്ളത് ഓര്‍മവരുന്നു. ഇത്തവണ സംഭവിച്ചതും അതുതന്നെ. വിജയനുപോലും ആ പാര്‍ട്ടിയില്‍ സംഭവിക്കുന്നത് പൂര്‍ണമായി മനസ്സിലാവുന്നുണ്ടാവില്ല.

    വിജയന്‍ സ്ഥാനമേറ്റതുമുതല്‍ നിലനില്‍ക്കുന്നതാണ് പാര്‍ട്ടിയിലെ ഇന്നുള്ള തരം വിഭാഗീയത. മുന്‍വിഭാഗീയതകളില്‍ നിന്ന് പല വ്യത്യാസങ്ങള്‍ ഉള്ള ഈ വിഭാഗീയത വി.എസ്. അച്യുതാനന്ദന്റെ പ്രത്യേകതയുള്ള പ്രവര്‍ത്തന ശൈലിയുടെ സംഭാവനയാണ്. പഴയ വിഭാഗീയതകള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചക്കെത്താറില്ല. സംസ്ഥാനസമ്മേളനങ്ങളും പാര്‍ട്ടികോണ്‍ഗ്രസ്സുകളും പ്ലീനങ്ങളും റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രസ് ബ്രീഫിങ്ങുകളില്‍ നേതാക്കള്‍ പറയുന്നത് എഴുതി അയക്കുന്ന പണിയേ ഉണ്ടാകാറുള്ളൂ. ഒട്ടും താല്പര്യത്തോടെയല്ല അവര്‍ വരാറുള്ളതും. അകത്ത് നടക്കുന്ന ഒന്നും മാധ്യമപ്രവര്‍ത്തകര്‍ അറിയാറില്ല. 1992 ല്‍ കോഴിക്കോട്ട് നടന്ന സംസ്ഥാനസമ്മേളനത്തില്‍ നാലാം വട്ടം സെക്രട്ടറിയാകാനുള്ള വി.എസ്.അച്യുതാനന്ദന്റെ നീക്കത്തിന് മറുപക്ഷം തടയിട്ടു. അപ്രതീക്ഷിതമായി, എതിരെ ഇ.കെ.നായനാര്‍ മത്സരിച്ചു. അദ്ദേഹം വോട്ടെടുപ്പില്‍ ജയിച്ചു. കേന്ദ്രനേതൃത്വം മാറിനിന്ന് കളികണ്ടു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാധ്യമറിപ്പോര്‍ട്ടര്‍മാരെ ബ്രീഫ് ചെയ്യാന്‍ ചെന്ന എം.എം.ലോറന്‍സ് ഒട്ടും മടിക്കാതെ പറഞ്ഞു തിരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നു എന്ന്. ആരും നിഷേധിച്ചില്ല. അനേക വര്‍ഷം കഴിഞ്ഞാണ് അന്ന് നടന്നത് മത്സരമായിരുന്നു എന്ന രഹസ്യം പുറത്തായത്.  അതാണ് സി.പി.ഐ.എം.

    അതല്ല ഇന്നത്തെ സി.പി.ഐ.എം. ഇന്ന് മൂന്ന് തവണയേ സെക്രട്ടറിയാകാന്‍ അനുവദിക്കൂ. പിണറായി വിജയന് അത് മറികടന്ന് വീണ്ടും സെക്രട്ടറിയാകണം എന്ന ചിന്തയേ ഉണ്ടായിരുന്നില്ല. ഈ സമ്മേളനത്തോടെ വിഭാഗീയത അവസാനിപ്പിക്കാനുള്ള ശ്രമം ആരംഭിക്കുമെന്ന് മലപ്പുറത്ത് പ്രഖ്യാപിച്ചതാണ്. കോട്ടയത്ത്, അത് ഉടനെ വിജയത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചു. ആലപ്പുഴയില്‍ തന്റെ പരിശ്രമങ്ങളുടെ വിജയം ആഘോഷിച്ചുകൊണ്ട് മടങ്ങാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്നാല്‍ വി.എസ് അച്യുതാന്ദന്‍ അപ്രതീക്ഷിതമായ രീതിയില്‍ തിരിച്ചടിച്ചു. അച്യുതാനന്ദന്‍ തന്റെ ശ്രമത്തില്‍ വിജയിച്ചില്ല എന്ന് വേണമെങ്കില്‍ പറയാം. പക്ഷേ, പിണറായി വിജയനും തന്റെ പരിശ്രമത്തില്‍ വിജയിച്ചില്ല എന്നതാണ് സത്യം. രണ്ടുപേരും ദു;ഖിതരായാണ് തുല്യദു:ഖ്യതര്‍ എന്നുതന്നെ പറയാം മടങ്ങിയത്.

    വിഭാഗീയതക്ക് അന്ത്യം കുറിച്ചതിന്റെ ആഹ്ലാദത്തില്‍ വിജയശ്രീലാളിതനായി മടങ്ങുക എന്ന പിണറായി വിജയന്റെ മോഹം തകര്‍ക്കുക വി.എസ്സിന്റെ ഒരു ലക്ഷ്യം തന്നെയായിരുന്നു. മലപ്പുറം സമ്മേളനത്തിന് ശേഷമുള്ള പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ലാതാക്കുക എന്നുപറഞ്ഞാല്‍ അര്‍ത്ഥം വി.എസ് പക്ഷത്തെ ഇല്ലാതാക്കുക എന്നുതന്നെയായിരുന്നു. സംഘടനാചിട്ടകള്‍ പാലിക്കുന്നതില്‍ വിജയന്‍ യാഥാസ്ഥിതിക പാര്‍ട്ടി രീതികള്‍തന്നെയാണ് കൈകൊണ്ടിരിക്കുക. പക്ഷേ, നമ്മുടെ കേന്ദ്രസംസ്ഥാനസര്‍ക്കാറുകള്‍ മാവോയിസത്തെയും നക്‌സലിസത്തെയും മറ്റും നേരിടുന്ന തരം പിന്തിരിപ്പത്തം വിജയന്‍ വിഭാഗീയതയെ നേരിടുന്നതിലും ഉണ്ടായിരുന്നു. എന്തുകൊണ്ട് മാവോയിസം എന്ന് സര്‍ക്കാറുകള്‍ അന്വേഷിക്കാറില്ല. എന്തുകൊണ്ട് വിഭാഗീയത എന്ന് വിജയനും അന്വേഷിച്ചിട്ടില്ല. വി.എസ്സിനെയും വി.എസ് അനുയായികളെയും ഉന്മൂലനം ചെയ്താല്‍ വിഭാഗീയത ഇല്ലാതാവും. വി.എസ്സിനെ ഉന്മൂലനം ചെയ്യുക പ്രയാസമാണ്. കുറച്ചുകൂടി ക്ഷമാപൂര്‍വം കാത്തിരിക്കുകയാണ് നല്ലത്. വി.എസ്. പക്ഷത്തെ ക്രമാനുഗതമായി വിട്ടുവീഴ്ചയില്ലാതെ ഉന്മൂലനം ചെയ്താല്‍ വി.എസ് ദുര്‍ബലനാവും. മൗനിയാവും. അതോടെ വിഭാഗീയത അന്ത്യം കുറിച്ചതിന്റെ ബ്യൂഗ്ള്‍ മുഴക്കാം. വിജയന്റെ ഈ പ്രതീക്ഷയെ ആണ് വി.എസ് തകര്‍ത്തത്. തകര്‍ക്കാന്‍ അദ്ദേഹം, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തില്‍ ആരും ഇതിനുമുമ്പ് സ്വീകരിച്ചിട്ടില്ലാത്ത മാര്‍ഗമാണ് സ്വീകരിച്ചത്. അങ്ങനെ ചെയ്തത് മറ്റാരെങ്കിലും ആയിരുന്നുവെങ്കില്‍ 24 മണിക്കൂറിനകം ആ ആള്‍ പാര്‍ട്ടിക്ക് വെളിയിലാകുമായിരുന്നു. വി.എസ് പുറത്തായില്ല. ലക്ഷ്യംനേടാന്‍ അദ്ദേഹം ഒരു തരത്തിലുള്ള ചാവേര്‍ പണിതന്നെയാണ് ചെയ്തത്. ചാവേറിന് നിമിഷങ്ങള്‍ക്കകം സ്വര്‍ഗത്തില്‍ പോകാം. വി.എസ്സിന്റെ രാഷ്ട്രീയമരണം സ്ലോ മോഷനിലാവും.

    വി.എസ്സിന്റെ രീതികള്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെന്നല്ല, ഒരു ബൂര്‍ഷ്വാജനാധിപത്യപാര്‍ട്ടിക്കുതന്നെ സ്വീകാര്യമാവില്ല എന്ന് പറയുമ്പോള്‍തന്നെ, അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍, ഭിന്നാഭിപ്രായങ്ങള്‍ പരിഗണനയും ചര്‍ച്ചയും അര്‍ഹിക്കുന്നത് തന്നെയായിരുന്നു എന്ന സത്യം അവശേഷിക്കുന്നു. കേന്ദ്രനേതൃത്വത്തിന് ആ ബോധ്യമുണ്ടായിരുന്നു. പക്ഷേ, അത് സംസ്ഥാനഘടകത്തെ കൊണ്ട് അംഗീകരിപ്പിക്കാന്‍ അവര്‍ക്ക് കഴിയാതെപോയി. അവസാന നാടകങ്ങളില്‍ പ്രകാശ് കാരാട്ട് ചെകുത്താനും കടലിനും ഇടയില്‍ പരുങ്ങി നില്‍ക്കുന്നതാണ് കണ്ടത്.

    ഇനി വിഭാഗീയതയുടെ സ്ഥിതി എന്തായിരിക്കും, അതിന് അന്ത്യമായോ ? വി.എസ് പിണറായി ഏറ്റുമുട്ടലോടെ ആരംഭിച്ചതായിരുന്നു ഈ വിഭാഗീയത എങ്കില്‍ ആ ഏറ്റുമുട്ടലിന്റെ അവസാനത്തോടെ വിഭാഗീയതയും അവസാനി ക്കേണ്ടതാണ്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള വിഭാഗീയതകള്‍ ഈ പാര്‍ട്ടിയെ മൂന്നുദശകമെങ്കിലുമായി നിരന്തരം അലട്ടിയിട്ടുണ്ട്. വി.എസ് തന്നെ പിണറായി യുഗത്തിന് മുമ്പ് വിഭാഗീയതയുടെ കൊടിയുയര്‍ത്തി വെട്ടിനിരത്തലുകളും കുത്തിമലര്‍ത്തലുകളും നടത്തിയിട്ടുണ്ട്. പഴയ വി.എസ്സില്‍ നിന്ന് വ്യത്യസ്തനായ ഒരു വി.എസ് ആണ് ഒന്നര പതിറ്റാണ്ടായി പാര്‍ട്ടിയില്‍ ഉള്‍പാര്‍ട്ടി സമരം നടത്തുന്നത്. അത് വെറും സ്ഥാനമോഹവും അഹംഭാവവും കൊണ്ടുള്ള ഗ്രൂപ്പിസം ആയിരുന്നില്ല. പാര്‍ട്ടിയിലെ ആശയപരമായ തകര്‍ച്ചയും ആദര്‍ശപരമായ ജീര്‍ണതയും നേരിടുന്നതിനുള്ള ഒരു കമ്യൂണിസ്റ്റ് ഫണ്ടമെന്റലിസ്റ്റിന്റെ ആത്മാര്‍ത്ഥമായ ശ്രമം അതില്‍ അന്തര്‍ലീനമായിരുന്നു. തൊണ്ണൂറുകള്‍ക്ക് ശേഷം ശക്തി പ്രാപിച്ച സ്വാര്‍ത്ഥലാഭപ്രേരിതമായ മൂല്യരഹിത പൊതുപ്രവര്‍ത്തനത്തോടുള്ള അമര്‍ഷം അതിന് വമ്പിച്ചതോതില്‍ ഊര്‍ജവും പിന്തുണയും പ്രദാനം ചെയ്തിരുന്നു.

    ഇന്ന് വിഭാഗീയത അവസാനിച്ചു എന്ന് പറയുമ്പോള്‍ പിണറായി വിജയന്‍ അര്‍ത്ഥമാക്കുന്നത് വി.എസ് പക്ഷത്തിന്റെ കഥ കഴിച്ചു എന്നുമാത്രമാണ്. വി.എസ് നടത്തിയ ആഭ്യന്തര ഗറില്ലാ പോരാട്ടത്തിന് ആധാരമായ വസ്തുനിഷ്ഠവും ആശയപരവും മൂല്യപരവുമായ  കാരണങ്ങള്‍ ഇല്ലാതാക്കി എന്ന അവകാശവാദമേ വിജയനില്ല. വിജയന്‍ അത് ലക്ഷ്യം വെച്ചിരുന്നുമില്ല. പാര്‍ട്ടിക്കകത്തെ ജീര്‍ണരീതികള്‍ക്കെതിരായ ആഭ്യന്തരയുദ്ധം ഇല്ലാതാക്കുകയല്ല പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗം എന്ന് കരുതുന്ന ധാരാളമാളുകള്‍ കാണും. വിഭാഗീയതയുടെ അന്ത്യം, അത്തരം എല്ലാ ശ്രമങ്ങളുടെയും അന്ത്യം ആകുമെങ്കില്‍ അതുകൊണ്ട് പാര്‍ട്ടിക്ക് ഗുണമല്ല വലിയ ദോഷമാണ് ഉണ്ടാവുക.

    പാര്‍ട്ടിയില്‍ കാറ്റും വെളിച്ചവും കടന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശ്വാസം മുട്ടുകയാണ് ചെയ്യുക എന്ന് പറയാറുണ്ട് വിജയന്‍ മാസ്റ്റര്‍. ഏതുനിമിഷവും ആയുധമേന്തിയ പോരാട്ടത്തിനോ അന്തിമസമരത്തിനോ തയ്യാറെടുക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കാറ്റുംവെളിച്ചവും കടന്നാല്‍ ശ്വാസം മുട്ടുമായിരിക്കും. രൂപം കൊണ്ട നാള്‍ മുതല്‍ അരനൂറ്റാണ്ടും ഇനിയുള്ള നൂറ്റാണ്ടുകളിലും ബൂര്‍ഷ്വാ പാര്‍ലമെന്ററി ജനാധിപത്യ പാത അല്ലാതെ മറ്റൊന്നും മുന്നിലില്ലാത്ത പാര്‍ട്ടി, അകത്ത് കുറച്ച് കാറ്റും വെളിച്ചവും കടന്നാലെങ്കിലും നില നില്‍ക്കുമോ എന്നാണ് ഇനി നേക്കേണ്ടത്. അന്ന് വി.എസ്സും വിജയന്‍മാസ്റ്ററും ഒരു പക്ഷമായിരുന്നു. ഇന്ന് പാര്‍ട്ടിയില്‍ കാറ്റും വെളിച്ചവും കുറച്ചെങ്കില്‍ കടത്തിയിരിക്കുന്നത് വി.എസ്സിന്റെ പ്രവര്‍ത്തനം കൊണ്ടാണ്.  സംസ്ഥാനസമ്മേളനത്തിന്റെ സമാപനത്തില്‍ പങ്കുകൊണ്ട ലക്ഷക്കണക്കിന് പ്രവര്‍ത്തകരോട് പാര്‍ട്ടിയെ അലട്ടിയ വലിയ ആഭ്യന്തരപ്രശ്‌നത്തെ കുറിച്ച്  പഴയ അര്‍ത്ഥത്തിലുള്ള കടുത്ത അച്ചടക്ക ലംഘനത്തെ കുറിച്ച് തുറന്നുസംസാരിച്ചു പാര്‍ട്ടി അഖിലേന്ത്യ സിക്രട്ടറി.

    വിഭാഗീയത അവസാനിപ്പിക്കുകയല്ല, അര്‍ത്ഥപൂര്‍ണമായ വിഭാഗീയത പ്രോത്സാഹിപ്പിച്ച് സൃഷ്ടിച്ചെടുക്കുകയാണ് യഥാര്‍ത്ഥത്തില്‍ സി.പി.എം ചെയ്യേണ്ടത്. പാര്‍ട്ടിക്കകത്ത് തിന്മകള്‍ ഒന്നുമില്ലെന്നും എല്ലാം പുറത്തേ ഉള്ളൂ എന്നുമുള്ള കള്ളത്തരം വലിച്ചെറിയട്ടെ. അകത്തെ തിന്മകള്‍ക്ക് എതിരെ പുത്തന്‍ പോരാട്ടമുഖങ്ങള്‍ ഉയര്‍ന്നുവരട്ടെ. യുദ്ധം കഴിഞ്ഞ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പഴയ യൂണിഫോമിട്ട് റോഡില്‍ തനിയ കമാത്ത് നടത്തുന്ന മുന്‍ സൈനികനെപ്പോലെ ആവരുത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. പാര്‍ട്ടിക്കകത്തും വരട്ടെ കാറ്റും വെളിച്ചവും.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്