പ്രതികൂലകാലം, വെല്ലുവിളികളേറെകമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എന്തുപ്രസക്തി? ഭാഗം മൂന്ന്

മതമൗലികവാദത്തിന്റെയും മതരാഷ്ട്രീയത്തിന്റെയും സംഘടിതശക്തികള്‍ കേരളത്തെ പഴയ ഭ്രാന്താലയത്തിന്റെ പുതിയ പതിപ്പായി രൂപാന്തരപ്പെടുത്തുകയാണ്. നൂറ്റാണ്ടുകള്‍ക്ക് പിറകിലേക്ക്് സമൂഹത്തെ പിടിച്ചുവലിക്കുന്ന മതഭ്രാന്തന്മാരെ ചെറുക്കാനെങ്കിലും ഇടതുപക്ഷം മുന്നില്‍ നിന്നേ തീരൂ.

കേരളത്തിലെ ഏറ്റവും ജനപിന്തുണയുള്ള പാര്‍ട്ടി സി.പി.എം. ആണെന്ന് 2011ലെ നിയമസഭാതിരഞ്ഞെടുപ്പ് വോട്ടുകണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. വോട്ട് കൂടുതല്‍ കിട്ടാന്‍ കുബുദ്ധികള്‍ ഏറെ പ്രയോഗിച്ചതിന്റെ ഫലമായാണ് 2014ല്‍ വോട്ടുശതമാനം നന്നേ കുറഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിവോട്ടും പാര്‍ട്ടി മത്സരിപ്പിച്ച സ്വതന്ത്രരുടെ വോട്ടും കൂട്ടിയാലും 2011ന് അടുത്തെത്തില്ല. യു.ഡി.എഫ്. ഭരണത്തിനെതിരെ ഉണ്ടാകേണ്ട പ്രതിഷേധവോട്ടും ബാലറ്റ് പേപ്പറില്‍ കണ്ടില്ല. ആര്‍.എസ്.പി., ജനത കക്ഷികളുടെ ചുവടുമാറ്റം മാത്രമാണോ ഇതിന് കാരണം?

രണ്ട് മുന്നണികള്‍ക്കിടയിലുള്ള വോട്ടര്‍മാരുടെ ചാഞ്ചാട്ടം ഇനിയും പഴയപടി തുടരണമെന്നില്ല. ദേശീയരാഷ്ട്രീയത്തിലുണ്ടായ മാറ്റത്തിന്റെകൂടി പശ്ചാത്തലത്തില്‍ പറയാനാവും കേരളത്തിലെ ഇടതുപാര്‍ട്ടികള്‍ നേരിടാന്‍ പോകുന്ന വലിയ ഭീഷണി ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ചയായിരിക്കുമെന്ന്. ശരിയാണ്, ഇടതുപക്ഷത്തെ മാത്രമാവില്ല ഇത് ബാധിക്കുക. പക്ഷേ, മുസ്‌ലിം, ക്രിസ്ത്യന്‍ വോട്ടുകളാണ് യു.ഡി.എഫിന്റെ നട്ടെല്ല്. സി.പി.എമ്മിന്റെ ശക്തികേന്ദ്രം ഹിന്ദുവോട്ടും. ബി.ജെ.പി. കേരളത്തിലെ പിന്നാക്ക ഹിന്ദുവിഭാഗത്തെ ലക്ഷ്യമിടുന്നു. പുലിവരുന്നേ എന്ന് പണ്ടേ കേള്‍ക്കുന്നതുകൊണ്ട് പേടിക്കേണ്ട എന്നുവിചാരിച്ചിരുന്നാല്‍ ശരിക്കും പുലി വന്നുകൂടെന്നില്ല. 34 വര്‍ഷംകൊണ്ട് അരക്കല്ല, ഉരുക്കുതന്നെയിട്ട് ഉറപ്പിച്ച പശ്ചിമബംഗാളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. സി.പി.എം. ഓഫീസിന്റെ ബോര്‍ഡ് ഉള്‍പ്പെടെ എടുത്തുമാറ്റി അണികള്‍ ബി.ജെ.പി.യിലേക്കുപോയ ഒട്ടനവധി അനുഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത് കേരളത്തില്‍ ആവര്‍ത്തിക്കുമെന്ന് പറയുകയല്ല. ഹിന്ദുവോട്ട് നഷ്ടപ്പെടാതെ ന്യൂനപക്ഷവോട്ടും ന്യൂനപക്ഷവോട്ട് നഷ്ടപ്പെടാതെ ഹിന്ദുവോട്ടും ഉറപ്പിച്ചുനിര്‍ത്തുക എന്നത് വലിയൊരു ഞാണിന്മേല്‍ക്കളിയാണ്. അത് അപകടകരമായ കളിയുമാണ്. വര്‍ഗീയവത്കരണം രണ്ടുപക്ഷത്തും വലിയ അടിയൊഴുക്കായി മാറുന്നുണ്ട്. തരംകിട്ടിയാല്‍ വര്‍ഗീയവിഷംചീറ്റുന്നു സകലരും. ആഗോളതലത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അങ്ങേയറ്റം പ്രാകൃതമായ ഇസ്‌ലാമിക ഭീകരവാദം നമ്മുടെ നാട്ടിലാരുടെയും മനസ്സിനെ സ്വാധീനിക്കില്ല എന്ന് ധരിച്ചുകൂടാ. ഇത് ഇടതുപക്ഷത്തിന്റെമാത്രം പ്രശ്‌നമല്ല. പക്ഷേ, മതവോട്ടുകളുടെ ധ്രുവീകരണം സി.പി.എമ്മിനെയാവില്ല സഹായിക്കുക എന്ന് കഴിഞ്ഞ ലോക്‌സഭാ വോട്ടെടുപ്പുതന്നെ തെളിയിച്ചതാണ്.

പരമ്പരാഗത വ്യവസായത്തൊഴിലാളികളുടെയും കാര്‍ഷികത്തൊഴിലാളികളുടെയും മേഖലകള്‍ ദുര്‍ബലമാകുന്നു. പകരം പുതുതലമുറ സാങ്കേതികകമ്യൂണിക്കേഷന്‍ വ്യവസായങ്ങള്‍ ഉയര്‍ന്നുവരുന്നു. പഴയ ട്രേഡ് യൂണിയന്‍ രീതികള്‍, തന്ത്രങ്ങള്‍, ആശയങ്ങള്‍ എന്നിവകൊണ്ട് സംഘാടനം പ്രയാസകരമായിട്ടുണ്ട്. വാട്‌സ് ആപ്പിലോ ഫേസ്ബുക്കിലോ പോസ്റ്റ് ഇട്ടാല്‍ തീരുന്ന പ്രശ്‌നമല്ല ഇത്. ടെലിവിഷന്‍ മുഖ്യമാധ്യമമാകുമ്പോള്‍ പാര്‍ട്ടിയും ഒരു ചാനല്‍ തുടങ്ങിയാല്‍മതി എന്ന് തീരുമാനിക്കുംപോലെ ലളിതമല്ല പ്രശ്‌നം. അങ്ങനെ മാധ്യമം തുടങ്ങിയാല്‍ മാധ്യമംതന്നെയാണ് പ്രശ്‌നം എന്ന നിലവരുമെന്നുമാത്രം.

ദൃശ്യമാധ്യമങ്ങളും നവമാധ്യമങ്ങളുമെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച അദ്ഭുതകരമായ സുതാര്യതയുമായി പാര്‍ട്ടിയുടെ ചിട്ടവട്ടങ്ങള്‍ പെരുത്തപ്പെടുന്നില്ല. പത്തുവര്‍ഷമായി വിഭാഗീയത തുടച്ചുനീക്കാന്‍ ഭഗീരഥപ്രയത്‌നം നടത്തിയ പാര്‍ട്ടിക്ക് ഒടുവില്‍ അതിന്റെ പര്യവസാനം ആലപ്പുഴയില്‍ അതിപരിതാപകരമായ രീതിയിലാണ് കാണേണ്ടിവന്നത്. പൊതുയോഗത്തിലെ പ്രസംഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കുതന്നെ സീനിയര്‍മോസ്റ്റ് നേതാവിന്റെ പിണങ്ങിപ്പോക്കിനെക്കുറിച്ച് പറയേണ്ടിവന്നു. തൊണ്ണൂറിനുശേഷം പാര്‍ട്ടി കൊണ്ടുവന്ന ജനാധിപത്യപരിഷ്‌കാരങ്ങള്‍ ഇനിയും മുമ്പോട്ട് കൊണ്ടുപോവുകയല്ലാതെ നിവൃത്തിയില്ല. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കാറ്റും വെളിച്ചവും പാര്‍ട്ടിയില്‍ കടന്നുവരികതന്നെ ചെയ്യും. അത് ഹൃദയപൂര്‍വം സ്വീകരിക്കുമ്പോഴല്ല, തടയാന്‍ ശ്രമിക്കുമ്പോഴാണ് പാര്‍ട്ടിക്ക് ശ്വാസംമുട്ടുക. പഴയ ഇരുമ്പുമറകള്‍ പൊളിച്ചുനീക്കി കൂടുതല്‍ സുതാര്യതയോടെ പ്രവര്‍ത്തിക്കുമ്പോഴാണ് പാര്‍ട്ടിയില്‍ ജീര്‍ണതകള്‍ കുറയുക. അതാണല്ലോ ജനാധിപത്യത്തിന്റെ അടിസ്ഥാന ന്യായീകരണവും.

ബൂര്‍ഷ്വാ ജനാധിപത്യ ഭരണഘടനയ്ക്കുകീഴില്‍ നീണ്ടകാലം ഒരു സംസ്ഥാനം ഭരിേക്കണ്ടിവന്നാല്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്തെല്ലാം സാമ്പത്തിക പരിഷ്‌കാരങ്ങളാണ് നടപ്പാക്കാന്‍ കഴിയുക? 1957ല്‍ വ്യവസായം തുടങ്ങാന്‍ ബിര്‍ളയെ ക്ഷണിച്ചുകൊണ്ടുവന്ന ഇ.എം.എസ്സിന് ഇക്കാര്യത്തില്‍ സംശയമൊന്നുമുണ്ടായിരുന്നില്ല. കച്ചവടം, വ്യവസായം, ലാഭം, മുതലാളി തുടങ്ങിയവ മ്ലേച്ഛപദങ്ങളായി തുടരുന്ന ഇടതുപക്ഷ മനസ്സാണ് ഇപ്പോഴും കേരളത്തിലുള്ളതെങ്കിലും പശ്ചിമബംഗാളിനെ അപേക്ഷിച്ച് കേരളവും ഇവിടത്തെ ഇടതുപാര്‍ട്ടികളും ഏറെ മാറിയിട്ടുണ്ട്. ഇനിയെന്ത് എന്ന ചോദ്യമുണ്ട്്. 34 വര്‍ഷത്തെ പശ്ചിമബംഗാള്‍ ഭരണം തെളിയിച്ചത് ഇടതുപക്ഷത്തിന്പ്രത്യേകിച്ച് സി.പി.എമ്മിന് ഈ ബൂര്‍ഷ്വാസമൂഹത്തില്‍ തങ്ങളുടേതായ ഒരു ബദല്‍മാര്‍ഗം കാട്ടിക്കൊടുക്കാനില്ല എന്നാണ്. കമ്യൂണിസത്തിന്റെ അധികാരഘടന നിലനിര്‍ത്തുമ്പോള്‍ത്തന്നെ മുതലാളിത്തത്തിന്റെ സാധ്യമായ എല്ലാ സൗകര്യങ്ങളും സ്വീകരിക്കുകയെന്ന ചൈനാതന്ത്രം ഇവിടെ സാധ്യമാണോ? ചൈനയുടെ സമ്പദ്‌വ്യവസ്ഥ അടിസ്ഥാനപരമായി ഇന്ത്യയുടെ മിശ്രവ്യവസ്ഥയില്‍നിന്ന് വ്യത്യസ്തമല്ല എന്ന് ഡോ. കെ.എന്‍. രാജ് 1997ല്‍ എഴുതിയിട്ടുണ്ട്. ചൈനയെ സാമ്രാജ്യത്വശക്തികള്‍ ഭയപ്പെടുന്നത് ചൈനയ്ക്ക് വലിയ പട്ടാളമുള്ളതുകൊണ്ടല്ല, ചൈനയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ വിപണി ഉള്ളതുകൊണ്ടാണ്. ഇന്ത്യയിലെ പാതി ജനങ്ങള്‍ക്കെങ്കിലും നല്ല വാങ്ങല്‍ശേഷി ഉണ്ടായാല്‍ ഇന്ത്യന്‍ വിപണിയെയും സാമ്രാജ്യത്വം ഭയപ്പെടുകതന്നെ ചെയ്യും. ചൈനാപാതയല്ല, ഇന്ത്യന്‍ പാതയാണ് സ്വീകരിക്കേണ്ടത് എന്ന് പറയുമ്പോള്‍ അതെന്ത് എന്നുകൂടി കൃത്യതയോടെ നിര്‍വചിക്കേണ്ടതുണ്ട്.


ദേശീയരാഷ്ട്രീയത്തില്‍ പാര്‍ട്ടി സ്വീകരിച്ചുപോരുന്ന നിലപാടില്‍ മാറ്റം വരുത്തേണ്ടതില്ല എന്നാണ് വിശാഖപട്ടണം കോണ്‍ഗ്രസ്സിന്റെ നിഗമനം എന്നാണ് മനസ്സിലാകുന്നത്. ഇത്തരം കാര്യങ്ങളില്‍ പാര്‍ട്ടികോണ്‍ഗ്രസ് പെട്ടെന്നൊരു മാറ്റം പ്രഖ്യാപിക്കാറുമില്ല. നീണ്ട കാലത്തിനിടയില്‍ നയമാറ്റങ്ങള്‍ ഉരുത്തിരിഞ്ഞുവരികയാണ് പതിവ്. ഒരു തത്ത്വവും രാഷ്ട്രീയവും ഇല്ലാത്ത ചില സംസ്ഥാനപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ പിറകെനടന്ന നേതൃത്വം ഇവരേക്കാള്‍ ഭേദം കോണ്‍ഗ്രസ് തന്നെയാണ് എന്ന യാഥാര്‍ഥ്യം നാളെയെങ്കിലും അംഗീകരിക്കേണ്ടിവരും. ഇന്നും ഒരു ദേശീയ മതേതരപാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ബംഗാളിലും കേരളത്തിലും കോണ്‍ഗ്രസ് ബദ്ധശത്രുവാണെന്നത് ദേശീയതലത്തില്‍ അര്‍ഥപൂര്‍ണമായ നിലപാടിന് തടസ്സമാവാന്‍ പാടില്ലാത്തതാണ്. ബംഗാളില്‍ ശത്രുക്കളല്ലാതായിട്ടുണ്ട് സി.പി.എമ്മും കോണ്‍ഗ്രസ്സും. മുന്തിയ ശത്രുക്കള്‍ വേറെ വന്നുകഴിഞ്ഞു. കേരളത്തില്‍ അങ്ങനെ സംഭവിക്കുന്നതുവരെ കാത്തുനില്‍ക്കേണ്ടതുണ്ടോ? വര്‍ഗീയതയ്‌ക്കെതിരെ പോരാടാന്‍ വര്‍ഗീയവിരുദ്ധരുടെ കൂട്ടായ്മയല്ലാതെ എന്ത് അദ്ഭുതമാണ് നിര്‍ദേശിക്കാന്‍ കഴിയുക?

എല്ലാ പാര്‍ട്ടികളും അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്‌നമുണ്ട്. പാര്‍ട്ടിക്ക് നല്ല പ്രവര്‍ത്തകരെ കിട്ടാഞ്ഞാല്‍ എന്തുചെയ്യും? ബംഗാളില്‍നിന്ന് കൊണ്ടുവരാന്‍പറ്റില്ല. പണ്ട് നാട്ടിലെ പുതുതലമുറയ്ക്ക് മാതൃകയാവുന്ന, മാന്യതയും സംസ്‌കാരവും ഉള്ളവരായിരുന്നു ഗ്രാമങ്ങളില്‍പ്പോലുമുള്ള പ്രധാനപ്രവര്‍ത്തകര്‍. ഈ നില മാറുന്നു. എന്തുംചെയ്യാന്‍ മടിയില്ലാത്ത, പണത്തിനുവേണ്ടിമാത്രം രാഷ്ട്രീയപ്രവര്‍ത്തകന്റെ വേഷംകെട്ടുന്നവര്‍ പല പാര്‍ട്ടികളുടെയും പ്രാദേശികതലത്തിലെ നേതൃത്വം ഹൈജാക്ക് ചെയ്തിട്ടുണ്ട്. ഗുണ്ടായിസവും റിയല്‍ എസ്‌റ്റേറ്റ് വ്യാപാരവുമാണ് പലേടത്തും പൊതുപ്രവര്‍ത്തകരുടെ മുഖ്യ വരുമാനമാര്‍ഗം. സ്ഥാനമാനങ്ങള്‍ക്കുള്ള ആര്‍ത്തിയാണ് പല പ്രവര്‍ത്തകരെയും നയിക്കുന്നത്. പാര്‍ട്ടിയുടെ പല സംഘടനാ റിപ്പോര്‍ട്ടുകളിലും ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാഡറുകളുടെ നിലവാരത്തകര്‍ച്ച സി.പി.എമ്മിന്റെയും ഭാവിയെ ബാധിക്കും. ലക്ഷ്യബോധവും ആശയവ്യക്തതയും അര്‍പ്പണമനോഭാവവുമുള്ള പുതുതലമുറയെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സമൂഹത്തിന്റെ തിന്മകളെ നേരിടാന്‍ കഴിയില്ലെന്ന് മാത്രമല്ല, പാര്‍ട്ടിതന്നെ വലിയ തിന്മയായി മാറുകയും ചെയ്യും. 'കാണാന്‍ നല്ല മൊഞ്ചുള്ള ആള്‍' ജനറല്‍ സെക്രട്ടറിയായതുകൊണ്ടുമാത്രം പുതുതലമുറ ആകര്‍ഷിക്കപ്പെടില്ലല്ലോ. ലോക കമ്യൂണിസത്തിന്റെ തകര്‍ച്ചയുടെ ഫലമായുണ്ടായ ആത്മവിശ്വാസത്തകര്‍ച്ച ഇതോടൊപ്പം കണേണ്ടതുണ്ട്.
കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിന്റെ നവോത്ഥാനത്തിന്റെകൂടി സൃഷ്ടിയാണെന്ന് പറയാറുണ്ട്. നവോത്ഥാനത്തിന്റെ മൂല്യങ്ങള്‍ ഇന്ന് അടിമുടി ചോദ്യംചെയ്യപ്പെടുകയാണ്. മതമൗലികവാദത്തിന്റെയും മത രാഷ്ട്രീയത്തിന്റെയും സംഘടിതശക്തികള്‍ കേരളത്തെ പഴയ ഭ്രാന്താലയത്തിന്റെ പുതിയ പതിപ്പായി രൂപാന്തരപ്പെടുത്തുകയാണ്. നൂറ്റാണ്ടുകള്‍ക്ക് പിറകിലേക്ക്് സമൂഹത്തെ പിടിച്ചുവലിക്കുന്ന മതഭ്രാന്തന്മാരെ ചെറുക്കാനെങ്കിലും ഇടതുപക്ഷം മുന്നില്‍നിന്നേ തീരൂ.

ജനാധിപത്യമൂല്യങ്ങള്‍കൂടി മുറുകെപ്പിടിക്കുന്ന പ്രവര്‍ത്തനത്തിലൂടെയേ ജനസ്വാധീനം വര്‍ധിപ്പിക്കാന്‍ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിക്ക് കഴിയുകയുള്ളൂ. രാഷ്ട്രീയവിപണിയില്‍ ആവശ്യക്കാരില്ലാത്ത ഒരു എടുക്കാച്ചരക്കല്ല ധാര്‍മികമൂല്യങ്ങള്‍ എന്ന് ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുടെ ഉയര്‍ച്ച തെളിയിച്ചിട്ടുണ്ട്. പഴയ പാര്‍ട്ടികള്‍ക്കും മൂല്യവത്തായ പ്രവര്‍ത്തനങ്ങളിലൂടെ ജനപിന്തുണ നേടാം. ഇനിയൊരു അരനൂറ്റാണ്ട് അല്ല, ഒരു പതിറ്റാണ്ടെങ്കിലും കേരളത്തില്‍ നിലനില്‍ക്കാന്‍ സി.പി.എം. അങ്ങനെ ചിലതെല്ലാം ചെയ്‌തേതീരൂ.
(അവസാനിച്ചു)


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

മാധ്യമങ്ങള്‍ വളര്‍ത്തുന്ന യുദ്ധഭ്രാന്ത്

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്