കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എന്തുപ്രസക്തി?


സി.പി.എം. ജനറല്‍ സെക്രട്ടറി മാറിയാല്‍ പാര്‍ട്ടി മാറുമോ? പ്രകാശ് കാരാട്ടിനെ പിന്തുടര്‍ന്ന് സീതാറാം യെച്ചൂരി നേതൃനിരയിലെത്തിയ സാഹചര്യത്തില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രസക്തിയെക്കുറിച്ച് ഒരു അന്വേഷണപരമ്പര
രാജ്യത്തെ ഇടത്‌വലത് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയങ്ങളെയും പരിപാടികളെയും കുറിച്ച് ഇക്കാലത്ത് കേരളത്തിലെ മാധ്യമങ്ങള്‍ മാത്രമേ ചര്‍ച്ചചെയ്യാറുള്ളൂ. സി.പി.എം. ജനറല്‍ സെക്രട്ടറി ആരെന്നതും അവരെ അലട്ടുന്ന വിഷയമല്ല; ആരായാലെന്ത്. ശാക്തികമായി ഈ പാര്‍ട്ടികള്‍ ഇന്ന് തീര്‍ത്തും അപ്രസക്തരാണ്. 545 സീറ്റുള്ള ലോക്‌സഭയില്‍ ഒമ്പതു സീറ്റ് നേടിയ സി.പി.എമ്മും ഒന്നുമാത്രമുള്ള സി.പി.ഐ.യും എന്തെങ്കിലും ചര്‍ച്ചയര്‍ഹിക്കുന്ന ദേശീയപാര്‍ട്ടികളല്ലാതായിട്ടുണ്ട്.

1990നിപ്പുറം ആഗോളതലത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും അവ നയിച്ച ഭരണകൂടങ്ങള്‍ക്കുമുണ്ടായ മാരകമായ തിരിച്ചടിക്കുശേഷം വിരലിലെണ്ണാവുന്ന രാജ്യങ്ങളിലേ പാര്‍ട്ടി പേരിലെങ്കിലും അവശേഷിച്ചുള്ളൂ. പേരും കൊടിയും നിലനിര്‍ത്താന്‍ പറ്റാതെ പലേടത്തും പുതിയ പേരും കൊടിയും മാത്രമല്ല പരിപാടിയും നയവും ദീര്‍ഘകാലലക്ഷ്യവും പുനര്‍നിര്‍മിക്കേണ്ടിവന്നു. ആ കൊടുങ്കാറ്റില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വലിയ പരിക്കില്ലാതെ നിലനിന്നുവെന്നത് അദ്ഭുതമായിരുന്നു. എന്നുമാത്രമല്ല, ഒരു വ്യാഴവട്ടത്തിനകം ദേശീയഭരണത്തില്‍ നിര്‍ണായകപങ്കുവഹിക്കുന്ന ശക്തിയായിമാറി. 2004ല്‍ 43സീറ്റില്‍ ജയിച്ച സി.പി.എം. ഭരണാനുകൂലപക്ഷത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായി. പത്തുസീറ്റുമായി സി.പി.ഐ.യും പിന്നെ ആര്‍.എസ്.പി. തുടങ്ങിയ മറ്റ് ഇടതുപക്ഷപാര്‍ട്ടികളും ചേര്‍ന്ന്, 142 സീറ്റ് മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ ഭരണത്തെ ഗുണപരമായി വളരെ സ്വാധീനിച്ചു. ആഗോളതലത്തിലെ തിരിച്ചടികള്‍പിന്നിട്ട് ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പൂര്‍വാധികം ശക്തമാവുകയാണെന്ന പ്രതീക്ഷയും അന്നു സൃഷ്ടിക്കപ്പെട്ടു.

ആണവക്കരാറിനെച്ചൊല്ലി യു.പി.എ.ക്കുള്ള പിന്തുണ പിന്‍വലിച്ചതിന്റെ ശരിതെറ്റുകളിലേക്ക് ഇവിടെ കടക്കുന്നില്ല. ജനങ്ങളെ ആ തീരുമാനത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല എന്ന സത്യം അവശേഷിക്കുന്നു. ഇപ്പോള്‍ പിന്തിരിഞ്ഞുനോക്കുമ്പോള്‍ നേതൃത്വത്തിനുതന്നെ അക്കാര്യത്തില്‍ അന്നത്തെ നിശ്ചയദാര്‍ഢ്യം കാണുന്നില്ല. ഇടതുപക്ഷം ചെയ്തത് ശരിയോ തെറ്റോ ആവട്ടെ, ജനപിന്തുണയുടെ കാര്യത്തില്‍ അതു തിരിച്ചടിയായി എന്നത് യാഥാര്‍ഥ്യമാണ്. 43സീറ്റില്‍നിന്ന് സി.പി.എം. 16ലേക്കും പത്തില്‍നിന്ന് സി.പി.ഐ. നാലിലേക്കും തളര്‍ന്നു. 2014 ആയപ്പോഴേക്കിത് കൂടുതല്‍ ദയനീയമായി. 2004ലെ സി.പി.എം. അംഗസംഖ്യയാണ് 2014ല്‍ കോണ്‍ഗ്രസിന് ലോക്‌സഭയിലെന്നത് കോണ്‍ഗ്രസിനെ ലജ്ജിപ്പിക്കണം. പക്ഷേ, അതില്‍ സി.പി.എമ്മിന് അഭിമാനിക്കേണ്ടതായൊന്നുമില്ല. സി.പി.എമ്മിനും സി.പി.ഐ.ക്കുംചേര്‍ന്ന് ഇപ്പോള്‍ പത്തുസീറ്റേയുള്ളൂ. പത്തുവര്‍ഷംകൊണ്ടുണ്ടായ തളര്‍ച്ച.

പാര്‍ട്ടി ജനിച്ചതിന്റെ അമ്പതാം വാര്‍ഷികമാഘോഷിക്കുമ്പോള്‍ സി.പി.എമ്മിനു വേണമെങ്കില്‍ ഒരുകാര്യത്തിലാശ്വസിക്കാം. അന്ന് ഇറങ്ങിപ്പോന്ന മാതൃസംഘടനയായ സി.പി.ഐ.യെക്കാള്‍ പാര്‍ട്ടി ശക്തിപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയുടെ പിളര്‍പ്പിനുശേഷം നടന്ന ആദ്യത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 4.95ശതമാനം വോട്ടും 23സീറ്റും സി.പി.ഐ. കൈവശപ്പെടുത്തിയിരുന്നു. 4.44ശതമാനം വോട്ടോടെ 19സീറ്റുകളേ സി.പി.എമ്മിനു നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ. അഞ്ചുവര്‍ഷം പിന്നിടുംമുമ്പുതന്നെ സി.പി.ഐ. പിറകോട്ടുപോയി. 1971ല്‍ സി.പി.എം. 5.12ശതമാനം വോട്ടുനേടി, 4.73ശതമാനം മാത്രം വോട്ടുനേടിയ സി.പി.ഐ.യെ പിന്നിലാക്കി. അടിയന്തരാവസ്ഥയില്‍ കോണ്‍ഗ്രസിനൊപ്പം നിന്നതുകൊണ്ടായിരുന്നു ആ തിരിച്ചടിയെന്നു ന്യായീകരിക്കാന്‍ പറ്റില്ല. കാരണം, കോണ്‍ഗ്രസുമായുള്ള ബന്ധംവിടര്‍ത്തി ഇടതുപക്ഷത്ത് നിലയുറപ്പിച്ചശേഷം 1980ല്‍ നടന്ന തിരഞ്ഞെടുപ്പിലും സി.പി.ഐ.യുടെ സ്ഥിതി മോശമാവുകയാണുചെയ്തത്. വോട്ടര്‍പിന്‍ബലം 2.59 ആയി കുറഞ്ഞു. സീറ്റ് പത്തുമാത്രം. സി.പി.എം. വോട്ടര്‍പിന്‍ബലം അപ്പോഴേക്ക് 6.24 ശതമാനത്തിലേക്കുയര്‍ന്നിരുന്നു. സീറ്റ് 37 ആയി. പശ്ചിമബംഗാളിലെ തിരിച്ചുവരവാണ് സി.പി.എമ്മിനെ ഈനേട്ടമുണ്ടാക്കാന്‍ സഹായിച്ചതെന്നുപറയാമെങ്കിലും സി.പി.ഐ.യുടെ ശോഷണത്തിന് ന്യായീകരണമൊന്നുമുണ്ടായിരുന്നില്ല. സി.പി.ഐ. ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നതുകൊണ്ട് ഇടതുപക്ഷവും ശക്തിപ്പെട്ടില്ല, സി.പി.ഐ.യും ശക്തിപ്പെട്ടില്ല. ബിഹാറിലും ആന്ധ്രയിലും പഞ്ചാബിലും തമിഴ്‌നാട്ടിലും സി.പി.ഐ.ക്ക് ശക്തിയുണ്ടായിരുന്നു. ഒരുഘട്ടത്തില്‍ ബിഹാറില്‍ പാര്‍ട്ടിക്ക് 40 എം.എല്‍.എ.മാരുണ്ടായിരുന്നു. സി.പി.എമ്മിനോടൊപ്പം കൂടിയതാണ് തളരാന്‍ കാരണമെന്ന ചിന്ത ശക്തമാണു പാര്‍ട്ടിയില്‍.

രണ്ടുപാര്‍ട്ടികള്‍ക്കും കിട്ടിയ വോട്ട് ചേര്‍ന്നാലും പിളര്‍പ്പിന്റെകാലത്തെക്കാള്‍ ശതമാനക്കണക്കില്‍ കുറവാണെന്ന യാഥാര്‍ഥ്യത്തിനുനേരെ എങ്ങനെ കണ്ണടയ്ക്കും. 1967ല്‍ സി.പി.ഐ.ക്കും സി.പി.എമ്മിനുംകൂടി 9.39ശതമാനം വോട്ട് രാജ്യത്തെമ്പാടുമായി കിട്ടിയിരുന്നു. പിന്നീടതു കുറഞ്ഞിട്ടേയുള്ളൂ. അരനൂറ്റാണ്ടിനിടയില്‍ നേടിയ ഏറ്റവും കൂടിയ വോട്ടായിരുന്നു 1967ലേത്. 1977ല്‍ അത് 7.11 ആയി കുറഞ്ഞു. 1980ല്‍ അല്പമുയര്‍ന്ന് 8.73 ആയി. 2014ല്‍ എല്ലാ ഇടതുപാര്‍ട്ടികള്‍ക്കുംകൂടി 4.5ശതമാനം വോട്ടേ കിട്ടിയുള്ളൂ. സി.പി.എമ്മിന് 3.3ശതമാനമേയുള്ളൂ. ഒരുസീറ്റുമാത്രംകിട്ടിയ സി.പി.ഐ.യുടേത്
0.80ശതമാനമായിരുന്നു. '67ലെ 9.39ല്‍നിന്നാണ് ഈ തകര്‍ച്ചയെന്നോര്‍ക്കണം.

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കൊടുങ്കാറ്റുപോലെ ബി.ജെ.പി. ആഞ്ഞടിക്കുമ്പോള്‍ ഇടതുപക്ഷമുള്‍പ്പെടെയുള്ള മതേതരപാര്‍ട്ടികള്‍ക്ക് അതിന്റെ ഗൗരവം പിടികിട്ടിയതേയില്ല. സമകാലികയാഥാര്‍ഥ്യങ്ങളില്‍നിന്ന് അവരെല്ലാം എത്ര അകലെയായിരുന്നുവെന്ന് ഇത് എടുത്തുകാട്ടുന്നു. പ്രസക്തമായി പിന്നീടു തോന്നിയിട്ടില്ലാത്ത ആണവക്കരാറില്‍ത്തൂങ്ങി കോണ്‍ഗ്രസ്ഇടതുപക്ഷമതേതര പാര്‍ട്ടികള്‍ വഴിപിരിഞ്ഞില്ലായിരുന്നുവെങ്കില്‍ ഇത്ര കനത്ത തോല്‍വി അവര്‍ക്കുണ്ടാകുമായിരുന്നില്ല. ബി.ജെ.പി.വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനുള്ള അടവുതന്ത്രങ്ങള്‍ പ്രയോഗിക്കാന്‍പോലും ഇടതുമതേതരപാര്‍ട്ടികള്‍ക്കായില്ല. തോറ്റു തുന്നംപാടിയപ്പോഴെങ്കിലും ഐക്യംവേണമെന്ന് ജനതാപരിവാറുകാര്‍ക്കു തോന്നി. കമ്യൂണിസ്റ്റ് പരിവാറുകാര്‍ക്ക് അതും ഇതുവരെ തോന്നിയിട്ടില്ല.

ഇനി എന്തുപ്രസക്തിയാണ് രണ്ടു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ളത്? രണ്ടായിനില്‍ക്കുമ്പോഴുള്ളതില്‍ അല്പമേറെ പ്രസക്തി ഒറ്റപ്പാര്‍ട്ടിയായാലെങ്കിലുമുണ്ടാവില്ലേയെന്ന് ഇടതുപക്ഷാഭിമുഖ്യമുള്ള നിരീക്ഷകര്‍ ചോദിക്കാറുണ്ട്. സി.പി.ഐ.യെ ശാക്തികമായി പിന്തള്ളിക്കഴിഞ്ഞുവെന്നതിന്റെ ധാര്‍ഷ്ട്യംകൊണ്ടാണോയെന്നറിയില്ല, സി.പി.എം. ഇരുകമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണമെന്ന ആശയത്തോട് ഒരിക്കലും അനുഭാവം പ്രകടിപ്പിച്ചിട്ടില്ല. വര്‍ഗശത്രുപ്പാര്‍ട്ടികളെ നേരിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിലുമേറെസമയം മിക്കപ്പോഴും ഇവര്‍ പരസ്പരം തോല്‍പ്പിക്കാനുള്ള തന്ത്രങ്ങളാവിഷ്‌കരിക്കാനാണു ചെലവഴിക്കാറുള്ളത്. പുതുച്ചേരിയില്‍ പാര്‍ട്ടികോണ്‍ഗ്രസിനുശേഷം സി.പി.ഐ. സെക്രട്ടറി പി.സുധാകര്‍ റെഡ്ഡി വ്യക്തമാക്കിയത് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം അനിവാര്യമാണെന്നാണ്. ഇനി സി.പി.എമ്മാണ് അവരുടെ നിലപാട് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ സി.പി.എം. കോണ്‍ഗ്രസ് തുടങ്ങുന്നതിനുമുമ്പുതന്നെ സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മറുപടിയുംപറഞ്ഞു; ലയനം നല്ല ആശയംതന്നെ, പക്ഷേ, നിലവിലുള്ള സാഹചര്യത്തില്‍ അതു പ്രായോഗികമല്ല. പാര്‍ട്ടികോണ്‍ഗ്രസില്‍ വിഷയം ചര്‍ച്ചചെയ്തതായി ഒരു സൂചനയുമില്ല.

എന്തിന്റെപേരിലാണ് പാര്‍ട്ടി പിളര്‍ന്നതെന്നത് ചരിത്രംപഠിക്കുന്നവര്‍ മനസ്സിലാക്കും. പക്ഷേ, എന്തിന്റെപേരിലാണ് ഇവര്‍ ഇന്നും രണ്ടുപാര്‍ട്ടിയായി നില്‍ക്കുന്നതെന്ന് ഇവര്‍ക്കുതന്നെ അറിയില്ല. രണ്ടുപാര്‍ട്ടിയും ചേര്‍ന്നാല്‍ എന്തെങ്കിലും അദ്ഭുതങ്ങള്‍ സംഭവിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷേ, കാര്യമായ വൈരുധ്യങ്ങള്‍ തത്ത്വങ്ങളിലോ പ്രവര്‍ത്തനങ്ങളിലോ ഇല്ലാത്ത രണ്ടു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്തിന് എന്നചോദ്യത്തിനു മറുപടിയില്ല. പഴയകാല സി.പി.ഐ. നേതാവ് മോഹിത് സെന്‍ ആവര്‍ത്തിക്കാറുള്ള ഒരു തമാശ ഈയിടെ മെയിന്‍സ്ട്രീം വാരികയിലെ ലേഖനത്തില്‍ ഗവേഷകനായ ഡോ. അജയ്കുമാര്‍ കോടോത്ത് ഉ ദ്ധരിച്ചുകണ്ടു: ''ഒരു രാജ്യത്ത് രണ്ടു കമ്യൂണിസ്റ്റ് പാര്‍ട്ടി ആവാം. പക്ഷേ, എന്തിന് രണ്ടു സി.പി.എം.?''
അതെ, തങ്ങള്‍ സി.പി.എമ്മില്‍നിന്നു വ്യത്യസ്തരാണെന്നുകാട്ടാനെങ്കിലും സി.പി.ഐ. പലകാര്യങ്ങളിലും കൂടുതല്‍ ഇടതുസ്വഭാവമുള്ള നയങ്ങള്‍ സ്വീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. സി.പി.എമ്മുമായി എപ്പോഴും ഏറ്റുമുട്ടുകയാണെന്നു തോന്നിക്കാനും ശ്രമിക്കുന്നുണ്ട്. ഇതുകൊണ്ടൊന്നും സി.പി.ഐ. ശക്തിപ്പെടാന്‍പോകുന്നില്ല. എവിടെയെങ്കിലും കുറച്ചു പ്രവര്‍ത്തകര്‍ സി.പി.എം.വിട്ട് സി.പി.ഐ.യിലോ തിരിച്ചോ ചേര്‍ന്നതുകൊണ്ട്് ഇടതുപ്രസ്ഥാനത്തിന് എന്തു നേട്ടമാണുണ്ടാവുക?
(തുടരും)

മാതൃഭൂമി ദിനപത്രത്തില്‍ 2015 ഏപ്രില്‍ 21, 22,23 തിയ്യതികളില്‍ പ്രസിദ്ധീകരിച്ച ലേഖന പരമ്പരയുടെ ആദ്യഭാഗം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

മാധ്യമങ്ങള്‍ വളര്‍ത്തുന്ന യുദ്ധഭ്രാന്ത്

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്