എന്‍.വി:അപൂര്‍വ പത്രാധിപര്‍
വലിയ ഭാഷാപണ്ഡിതനും വൈയാകരണനും ഗവേഷകനും കവിയും പ്രകൃതിസംരക്ഷണപ്രവര്‍ത്തകനും ചിന്തകനും നിരൂപകനും രാഷ്ട്രീയനിരീക്ഷകനുമെല്ലാമായാണ് എന്‍.വി.കൃഷ്ണവാരിയരെ കേരളം ഓര്‍ക്കുന്നുണ്ടാവുക. എന്നാല്‍, ഇതിനോളമോ ഇതിനേക്കാള്‍ വലുതായോ എന്‍.വി. ഒരു പത്രപ്രവര്‍ത്തകനായിരുന്നു, പത്രാധിപരായിരുന്നു.  പക്ഷേ, ഈ ജന്മശതാബ്ദിവേളയില്‍പ്പോലും, കേരളത്തില്‍ പ്രൊഫഷനല്‍ പത്രപ്രവര്‍ത്തനത്തിനു തുടക്കം കുറിച്ച ലിറ്റററി എഡിറ്ററായി അദ്ദേഹത്തെ വേണ്ടത്ര അടയാളപ്പെടുത്തിയതായി തോന്നുന്നില്ല.
എന്‍.വി. തൊഴില്‍ജീവിതം ആരംഭിക്കുന്നത് പത്രപ്രവര്‍ത്തകനായാണ്, ജീവിതം അവസാനിക്കുമ്പോഴും അതായിരുന്നു. ഇതിനിടയിലുള്ള ദീര്‍ഘകാലം, ഹ്രസ്വ ഇടവേള മാറ്റിനിര്‍ത്തിയാല്‍ അദ്ദേഹം പത്രാധിപത്യത്തിന്റെ പല തലങ്ങളില്‍ മേഖലകളില്‍ അതുല്യമാതൃകകള്‍ക്ക് രൂപം നല്‍കുകയായിരുന്നു. രാവിലെ പത്തിനുതുടങ്ങി അഞ്ചിന് അവസാനിക്കുന്ന ഒരു പണിയായിരുന്നില്ല അദ്ദേഹത്തിന് പത്രപ്രവര്‍ത്തനം. എന്‍.വി.യിലെ ഗവേഷകനും അധ്യാപകനും സാഹിത്യകാരനും ശാസ്ത്രാന്വേഷിയും എല്ലാം എന്‍.വി.യിലെ പത്രപ്രവര്‍ത്തകനില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ലേഖനങ്ങളിലും പംക്തിരചനകളിലുമെല്ലാം ഈ ബഹുമുഖവ്യക്തിത്വം പ്രകടവുമായിരുന്നു. സ്വന്തം ഉത്തരവാദിത്വത്തെക്കുറിച്ച് ബോധ്യമുള്ള ഒരു പത്രപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസത്തിന്റെ ഉയര്‍ന്ന രൂപമാണ് പത്രപ്രവര്‍ത്തനം എന്ന് എന്‍.വി. എഴുതി. ജനങ്ങളെ ഉത്ബുദ്ധരാക്കി കര്‍മരംഗത്തേക്ക് നയിക്കുന്നതിലാണു പത്രപ്രവര്‍ത്തനത്തിന്റെ ചാരിതാര്‍ത്ഥ്യം. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ ഏതൊരു സര്‍വകലാശാലയും നിര്‍വഹിക്കുന്നതിലേറെ സേവനം നല്ല നിലയില്‍ നടത്തുന്ന ഒരു പത്രം നിര്‍വഹിക്കുന്നുണ്ട് എന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു.

ശാന്തനും മൃദുഭാഷിയും സമാധാനകാംക്ഷിയുമായ എന്‍.വി. ആണ് നമുക്കറിയുന്ന എന്‍.വി. ക്വിറ്റ്വിന്ത്യാ സമരം ഗാന്ധിയന്‍ മാര്‍ഗത്തിലുള്ള അഹിംസാസമരമായിരുന്നു എന്നാരും പറയില്ല. പത്രങ്ങളില്‍ കര്‍ശന സെന്‍സര്‍ഷിപ്പ് നടപ്പാക്കിയതിനെത്തുടര്‍ന്ന് ഒളിവില്‍ ഒരു പത്രമിറക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ചെറുപ്പക്കാരില്‍ എന്‍.വി.യും ഉണ്ടായിരുന്നു. സ്വതന്ത്രഭാരതം  പത്രമിറക്കാന്‍ തലശ്ശേരിയിലും അവിടെനിന്നു ഇരിട്ടിയിലും പോയി സാഹസികമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട നാളുകളെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്.(1) വാര്‍ത്തകള്‍ കമ്പോസ് ചെയ്യാന്‍ പറ്റിയ ആളെ കിട്ടാഞ്ഞതുകൊണ്ട് എറണാകുളത്തുപോയി അതു പഠിക്കാന്‍പോലും സന്നദ്ധനായി എന്‍.വി.(2) സ്വതന്ത്രഭാരതം പരീക്ഷണം അധികനാള്‍ നീണ്ടുനിന്നില്ല. ജയ്ഹിന്ദ് എന്നൊരു വാരികയുടെ എഡിറ്റര്‍ പദവിയാണ് അദ്ദേഹം ഏറ്റെടുത്ത മറ്റൊരു ദൗത്യം. ആര്‍.എം.മനക്കലാത്തും മത്തായി മാഞ്ഞൂരാനും ശ്രീകണ്ഠന്‍ നായരും ചേര്‍ന്ന് ആരംഭിച്ചതായിരുന്നു സോഷ്യലിസ്റ്റ് ആശയക്കാരുടെ ആ പത്രം. കേരളഭാഷാപോഷിണി, മദ്രാസില്‍നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന കേരളോപഹാരം,  കൊച്ചിന്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ മാസിക, ജനയുഗം വാരിക, കേരളജനത എന്നിവയായിരുന്നു മാതൃഭൂമിയിലെത്തുന്നതിനു മുമ്പ് അദ്ദേഹം പത്രാധിപത്യം വഹിച്ച പ്രസിദ്ധീകരണങ്ങള്‍. മദ്രാസില്‍ ജയകേരളം മാസികയുടെ പത്രാധിപരാകാന്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും അതു സംഭവിച്ചില്ല. എന്നാല്‍ അദ്ദേഹം ജയകേരളത്തില്‍ ഒരു മലയാളിയുടെ ഡയറി എന്നൊരു പംക്തി എഴുതിപ്പോന്നു. അദ്ദേഹം എഴുതിയ ആദ്യത്തെ കോളം അതാവണം.

1951 ആഗസ്ത് 13നാണ് എന്‍.വി. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതലയേല്‍ക്കുത്. കേരളവര്‍മ കോളേജിലെ അധ്യാപകജോലി ഉപേക്ഷിച്ചാണ് അദ്ദേഹം മാതൃഭൂമിയില്‍ ചേര്‍ന്നത്. ആഴ്ചപ്പതിപ്പിന്റെ പത്രാധിപത്വം വി.എം. നായര്‍ക്കായിരുന്നു. ആയാസകരമായിരുന്നു മാതൃഭൂമിയിലെ പത്രാധിപത്യത്തിന്റെ ആദ്യകാലം. ആഴ്ചപ്പതിപ്പ് ഇറക്കാനുള്ള ചുമതല എന്‍.വി.ക്കാണ്. എന്നാല്‍ ആഴ്ചപ്പതിപ്പില്‍ എന്‍.വി.യുടെ പേരുകാണില്ല. വേറെയും ഒരുപാട് പ്രശ്‌നങ്ങള്‍. വിട്ടുപോയാലോ എന്ന് പലവട്ടം ആലോചിച്ചു. ആയിടെയാണ് കെ.പി.കേശവമേനോന്‍ പത്രാധിപരായി തിരിച്ചെത്തുന്നത്. അതൊരു അവസരമായി. രണ്ടാളും ചേര്‍ന്നാണ് ഐക്യകേരളം എന്ന ആശയത്തിന് മലബാറില്‍ ഉശിരേകുന്നത്. ഐക്യകേരളപ്രസ്ഥാനത്തിന്റെ മുന്നില്‍ നിന്ന പലരുടെയും പേരുകള്‍, കേരളത്തിന് അറുപതു വയസ്സുതികയുന്ന ഈ നാളുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടേക്കാം. അതില്‍ എന്‍.വി. വിസ്മരിക്കപ്പെടാനാണ് സാധ്യത.. കാരണം അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ട് പ്രസംഗങ്ങള്‍ നടത്തുകയോ ജാഥ നയിക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ പേരില്‍ ലേഖനങ്ങള്‍ പോലും കാണില്ല. ഇന്ന് നാം കാണുന്ന കേരളം ഉണ്ടാകണം എന്നു വാദിച്ച് അക്കാലത്ത് മാതൃഭൂമി പത്രത്തില്‍ എണ്ണമറ്റ മുഖപ്രസംഗങ്ങള്‍ എഴുതി ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയവരില്‍ പ്രധാനി എന്‍.വി. ആയിരുന്നു. ഈ കാണുന്ന കേരളം ഉണ്ടാകണമെന്ന്  ആഗ്രഹിക്കാതിരുന്ന നിരവധി പ്രധാനികള്‍ അന്ന് മാതൃഭൂമിയില്‍ പോലും ഉണ്ടായിരുന്നു.  കെ.കേളപ്പന്‍ ആവശ്യപ്പെട്ടിരുന്നത് ഗോകര്‍ണം മുതല്‍ കന്യാകുമാരി വരെയുള്ള തീരസംസ്ഥാനമാണ്. മാധവമേനോന്‍ ആഗ്രഹിച്ചിരുന്നത് തിരുവിതാംകൂറും കൊച്ചിയും ഒഴിവാക്കിയുള്ള കേരളവും.(3) മലയാളികളുടെ ഒരു സംസ്ഥാനം എന്ന വാദത്തിന് ആശയപരമായ യുക്തിയും അടിത്തറയും ഉണ്ടാക്കുന്നതിനുള്ള വാദങ്ങള്‍ ആയിരുന്നു എന്‍.വി. എഴുതിയ മുഖപ്രസംഗങ്ങള്‍. 1954ല്‍ സംസ്ഥാനരൂപവല്‍ക്കരണം പ്രഖ്യാപിക്കപ്പെട്ടതോടെ തര്‍ക്കങ്ങള്‍ക്ക് തിരശ്ശീല വീണു.  

ഉറച്ച നിലപാടുകള്‍

യൗവ്വനത്തില്‍ എന്‍.വി.ക്ക് ഇടതുപക്ഷാശയങ്ങളോടായിരുന്നു ആഭിമുഖ്യം. വിശാലമായ അര്‍ത്ഥത്തില്‍ അദ്ദേഹം എക്കാലത്തും ഇടതുപക്ഷാശയങ്ങള്‍ക്കൊപ്പമായിരുന്നു എന്നതും സത്യമാണ്. പക്ഷേ, കക്ഷിരാഷ്ട്രീയ കടുംപിടിത്തങ്ങള്‍ ഒട്ടും ഉണ്ടായിരുന്നില്ല. അടിസ്ഥാനപരമായ പത്രാധിപത്യതത്ത്വങ്ങളിലാവട്ടെ അദ്ദേഹം വിട്ടുവീഴ്ചയ്ക്ക് ഒരുക്കവുമായിരുന്നില്ല. മാതൃഭൂമിക്ക് എഴുപതുകളുടെ അവസാനം വരെ കോണ്‍ഗ്രസ്സിനോട് പ്രഖ്യാപിതമായ ആഭിമുഖ്യം ഉണ്ടായിരുന്നു. എന്‍.വി. ആകട്ടെ, പലപ്പോഴും മാതൃഭൂമിയിലെ എഡിറ്റോറിയല്‍ നയവുമായി പൊരുത്തപ്പെടാത്ത നിലപാടുകള്‍ സ്വീകരിച്ചിരുന്നു. 1957 ല്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റപ്പോള്‍ അതിനെ സ്വാഗതം ചെയ്ത്, മാതൃഭൂമിയുടെ ഹിന്ദി പ്രസിദ്ധീകരണമായ യുഗപ്രഭാതില്‍ മുഖപ്രസംഗം എഴുതിയത് കോണ്‍ഗ്രസ്സുകാരുടെ മാത്രമല്ല, മാതൃഭൂമി പ്രവര്‍ത്തകരുടെയും നെറ്റി ചുളിയിച്ചു. മുഖ്യമന്ത്രിയായ ഇ.എം.എസ്സിനെ മാതൃഭൂമി ഓഫീസിലേക്ക് ക്ഷണിച്ചത് ഒരു ഔദ്യോഗിക-ഔപചാരിക നടപടിയായിരുുവെങ്കിലും എന്‍.വി. ഇക്കാര്യത്തില്‍ കാട്ടിയ 'അമിതതാല്പര്യം' പലര്‍ക്കും രുചിച്ചില്ല. മുഖ്യമന്ത്രി മാതൃഭൂമി സന്ദര്‍ശിച്ച അതേ ദിവസം കോഴിക്കോട്ട് അദ്ദേഹത്തിന് കേന്ദ്രകലാസമിതി നല്‍കിയ സ്വീകരണത്തിന്റെ മുഖ്യസംഘാടകന്‍ എന്‍.വി. ആയിരുന്നു. ഇതിനെക്കുറിച്ചും അടക്കിയ വിമര്‍ശനങ്ങളുണ്ടായി. പക്ഷേ എന്‍.വി അതൊന്നും ഗൗനിച്ചില്ല. ജോസഫ് മുണ്ടശ്ശേരി കൊണ്ടുവന്ന വിദ്യാഭ്യാസബില്ലിനെ അനുകൂലിച്ച് മാതൃഭൂമിയില്‍ വന്ന മുഖപ്രസംഗം എന്‍.വി.യുടെ സൃഷ്ടിയായിരുന്നു.  കമ്യൂണിസ്റ്റ് വിജയത്തെ അനുമോദിക്കുന്ന ഒരു ലേഖനം ആഴ്ചപ്പതിപ്പില്‍ വന്നു. മാനേജിങ്ങ് ഡയറക്ടര്‍ കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് ക്ഷുഭിതനായി, കമ്യൂണിസ്റ്റ് ആശയപ്രചാരണം ആരോപിച്ച് എന്‍.വി.ക്ക് കത്തുകൊടുത്തു. എന്‍.വി.രാജിക്കൊരുങ്ങിയെങ്കിലും കെ.പി.കേശവമേനോന്‍  പറഞ്ഞൊതുക്കുകയായിരുന്നു. ഇത്തരം എണ്ണമറ്റ സംഭവങ്ങള്‍ അദ്ദേഹത്തിന്റെ പത്രാധിപത്യകാലത്ത് ഉണ്ടായിട്ടുണ്ട്. പത്രപ്രവര്‍ത്തനം സംബന്ധിച്ച തന്റെ സുചിന്തിത നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം പില്‍ക്കാലത്തും സന്നദ്ധനായിട്ടില്ല. വിമോചനസമരത്തില്‍ മാതൃഭൂമി സ്വീകരിച്ച നിലപാട് എന്തുതന്നെ ആയിരുന്നാലും കേന്ദ്രം കമ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിട്ട ശേഷം കോഴിക്കോട് സന്ദര്‍ശിച്ച ഇ.എം.എസ്സിന് നല്‍കിയ സ്വീകരണത്തിന്റെ അധ്യക്ഷന്‍ എന്‍.വി.ആയിരുന്നു, റെയില്‍വെ സ്റ്റേഷനില്‍ ചെന്ന് മാലയിട്ടു സ്വീകരിച്ചതും എന്‍.വി. ആയിരുന്നു.

ഈ തരത്തിലുള്ള ആശയപരമായ ഏറ്റുമുട്ടലുകളൊന്നും വ്യക്തിപര പിടിവാശികള്‍ മൂലമുണ്ടായതല്ല. മനുഷ്യരാശിയുടെ ഭാവിയെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും രാഷ്ട്രീയ ധാര്‍മികതയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും തന്റെ നീതിബോധത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം നിലപാടുകള്‍ സ്വീകരിച്ചിരുന്നത്. വരുംകാല മാധ്യമപ്രവര്‍ത്തകര്‍ക്ക് പാഠങ്ങളായി അത്തരം അനുഭവങ്ങള്‍. അത്തരത്തില്‍ എന്നും ഓര്‍മിക്കപ്പെടുതാണ് സൈലന്റ് വാലി പദ്ധതിക്കെതിരായി നടന്ന പ്രക്ഷോഭം. എന്‍.വി. അധ്യക്ഷനായുള്ള ഒരു കര്‍മസമിതിയാണ് ബോധവല്‍ക്കരണത്തിനും പ്രക്ഷോഭത്തിനും നേതൃത്വം നല്‍കിയത്. മാതൃഭൂമി പത്രം പദ്ധതിക്കനുകൂലമായ മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിനു ശേഷമാണ് അത് വകവെക്കാതെ എന്‍.വി. പദ്ധതിയെ രൂക്ഷമായി എതിര്‍ക്കുന്ന മുഖക്കുറിപ്പും ഡോ.എം.കെ.പ്രസാദിന്റേതുള്‍പ്പെടെ നിരവധി ലേഖനങ്ങളും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തിയത്. സ്വാഭാവികമായും ഇത് വലിയ വിവാദമായി. മാതൃഭൂമി അധികൃതര്‍ ക്ഷോഭിച്ചു. പത്രത്തിനും ആഴ്ചപ്പതിപ്പിനും വിരുദ്ധനിലപാടുകള്‍ പാടില്ല എന്ന് അധികൃതര്‍ വാശിപിടിച്ചപ്പോള്‍ എന്‍.വി. തികഞ്ഞ ശാന്തതയോടെ 'പത്രത്തിന്റെ നിലപാട് മാറ്റിക്കോളൂ'(4) എന്നുപറഞ്ഞത് സുഗതകുമാരി ഓര്‍ക്കുന്നു. എന്‍.വി. അധ്യക്ഷനായ പ്രകൃതിസംരക്ഷണസമിതിയുടെ സിക്രട്ടറി സുഗതകുമാരിയായിരുന്നു. സ്ഥാപനത്തിനുവേണ്ടി ത്യാഗപൂര്‍വം പ്രവര്‍ത്തിക്കുമ്പോഴും ചില ജീവന്മരണപ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ചയില്ല എന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയത്. സൈലന്റ്‌വാലി പ്രക്ഷോഭം രാജ്യത്തിനാകെ മാതൃകയും വിലപ്പെട്ട പാഠവുമായി.

ശാസ്ത്രം, സാഹിത്യം, വിജ്ഞാനം


ജനങ്ങളില്‍ ശാസ്ത്രബോധവും വിജ്ഞാനവും ഉണ്ടാക്കാന്‍ പത്രപ്രവര്‍ത്തനത്തെ ഇത്രയേറെ ഉപയോഗപ്പെടുത്തിയ മറ്റൊരു പത്രാധിപര്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല. മാതൃഭൂമിയിലാകട്ടെ കുങ്കുമത്തിലാകട്ടെ, അദ്ദേഹം എഴുതുകയും മറ്റുള്ളവരെക്കൊണ്ട് എഴുതിക്കുകയും ചെയ്ത ലേഖനങ്ങളേറെയും ശാസ്ത്രവിഷയങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. സൈലന്റവാലി കാലഘട്ടത്തോടെ അതു തന്റെയൊരു ജീവിതദൗത്യമായിത്തന്നെ അദ്ദേഹം സ്വീകരിച്ചു. 1957 മുതലേ എന്‍.വി. ഈ രംഗത്തുണ്ടെന്നതാണ് വാസ്തവം. അക്കാലത്താണ്, പില്‍ക്കാലത്ത് കേരള ശാസ്ത്രസാഹിത്യ പരിഷത് ആയി മാറിയ, ശാസ്ത്രസാഹിത്യസമിതിയുടെ രൂപവല്‍ക്കരണം നടക്കുന്നത്.  ഇടക്കാലത്ത് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിെനയും അദ്ദേഹം തന്റെ ശാസ്ത്രവിജ്ഞാന പ്രചാരണത്തിനുള്ള മാധ്യമമായി കണ്ടു. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനത്തിന്റെ അടിത്തറ പണിയുന്നതില്‍ വ്യാപൃതനായിരിക്കുമ്പോള്‍തെന്ന അദ്ദേഹം വിജ്ഞാനകൈരളി മാസികയ്ക്കും തുടക്കം കുറിച്ചു. ആ അര്‍ത്ഥത്തില്‍, 1951 ല്‍ ആരംഭിച്ച മാധ്യമപ്രവര്‍ത്തനം എന്‍.വി. മരണംവരെ തുടര്‍ന്നു  എന്നുപറയാം. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും അറിവുള്ളവര്‍ ധാരാളം ഉണ്ടാകാം. എന്നാല്‍, ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ അതെഴുതുന്നതിനാണ് അദ്ദേഹം ഊന്നല്‍ നല്‍കിയത്. 'സയന്‍സ് പോലെ ആവേശകരമായി മനുഷ്യചരിത്രത്തില്‍ മറ്റെന്തുണ്ട്? മനുഷ്യന്റെ ഏറ്റവും മഹനീയമായ സിദ്ധി സയന്‍സില്‍ അധിഷ്ഠിതമായ വീക്ഷണമല്ലേ?'എന്ന് വിജ്ഞാനകൈരളിയുടെ ആദ്യലക്കത്തിന്റെ മുഖക്കുറിപ്പില്‍ അദ്ദേഹം എഴുതി. ഒരു സര്‍വകലാശാലയ്ക്ക് ചെയ്യാന്‍ കഴിയുതിലേറെ എന്‍.വി. തനിച്ചുചെയ്തത് ഈ ബോധം കൊണ്ടാണ്.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അദ്ദേഹം തുടക്കംകുറിച്ച പംക്തികളും പരമ്പരകളും നിരവധിയാണ്. കൂടുതല്‍ എഴുതിപ്പിച്ചത് ശാസ്ത്ര-വിജ്ഞാന വിഷയങ്ങളെക്കുറിച്ചായിരുന്നു. ദ വേള്‍ഡ് വി ലിവ് ഇന്‍ എന്ന ലിങ്കന്‍ ബാര്‍നെറ്റിന്റെ കൃതിയുടെ വിവര്‍ത്തനം മുതല്‍ കേരളത്തിലെ വിഷപ്പാമ്പുകളെക്കുറിച്ചും സസ്യങ്ങളെക്കുറിച്ചും പക്ഷികളെക്കുറിച്ചും കാട്ടുപൂക്കളെക്കുറിച്ചും സൂര്യനെക്കുറിച്ചും എണ്ണമറ്റ പരമ്പരകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തി. അവ വായിച്ചുവളര്‍ന്നത് അനേകം തലമുറകളാണ്. 'തന്റെ പരന്ന വായനയും ആഴത്തിലുള്ള ചിന്തയും വഴി തനതായൊരു ശാസ്ത്രീയവിശകലനരീതി എന്‍.വി. വികസിപ്പിച്ചെടുത്തിരുന്നു. ചരിത്രബോധത്തെയും ശാസ്ത്രബോധത്തെയും സാമൂഹികബോധത്തെയും സമന്വയിപ്പിക്കുതായിരുന്നു ഈ സവിശേഷവിശകലന രീതി. വിശാലാടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തില്‍ അധിഷ്ഠിതമായിരുന്നു ഇത്' എന്ന് വിഗ്രഹഭഞ്ജകനായ പത്രാധിപരെക്കുറിച്ചുള്ള പഠനകൃതിയില്‍ പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണന്‍ വിലയിരുത്തുന്നു.(5) 


വിജ്ഞാനം പകരാനുള്ള ശ്രമം ശാസ്ത്രവിഷയങ്ങളില്‍മാത്രം ഒതുക്കിയില്ല അദ്ദേഹം. 1964 ല്‍ ഷേക്‌സ്പിയറിന്റെ 400 ാം ജ•ദിനത്തില്‍ പ്രസിദ്ധപ്പെടുത്തിയ പ്രത്യേകപതിപ്പ് അത്തരത്തില്‍ ഒന്നാണ്. പുതുതലമുറയ്ക്ക് അറിവുപകരുന്നതിനു ഇത്തരം നിരവധി പ്രത്യേക പതിപ്പുകള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. വര്‍ഷംതോറും ഇറക്കിയ റിപ്പബ്ലിക് പതിപ്പുകള്‍ ദേശീയ സാഹിത്യമേഖലയെക്കുറിച്ച് മലയാളികള്‍ക്ക് അറിവുപകരാന്‍ കുറച്ചൊന്നുമല്ല സഹായിച്ചിരിക്കുക. മാതൃഭാഷയ്ക്കു വേണ്ടിയുള്ള എന്‍.വി.യുടെ പരിശ്രമങ്ങളില്‍ സങ്കുചിതത്വം ഒട്ടും ഉണ്ടായിരുന്നില്ല. രാഷ്ട്രഭാഷയ്ക്കു വേണ്ടിയും അദ്ദേഹം ധാരാളം പ്രവര്‍ത്തിച്ചു. മലയാളത്തിലെ പ്രമുഖപത്രാധിപര്‍ ആയിരിക്കെത്തെന്ന അദ്ദേഹം ഹിന്ദി പ്രസിദ്ധീകരണത്തിന്റെയും പത്രാധിപരായി പ്രവര്‍ത്തിച്ചു. 1956 നവംബര്‍ ഒന്നിനാണ് പ്രസിദ്ധീകരണം ആരംഭിച്ചത്. രാഷ്ട്രത്തിലെ വിവിധ ജനവിഭാഗങ്ങളെ കൂട്ടിയിണക്കുതിനുള്ള സംരംഭത്തിന്റെ ഭാഗമായാണ് യുഗപ്രഭാത് തുടങ്ങിയത്. കേരളത്തെപ്പറ്റി ദേശീയതലത്തില്‍ വേണ്ടത്ര അറിവുണ്ടാക്കുക എന്ന ദൗത്യം കൂടി ഈ പ്രസിദ്ധീകരണത്തിനുണ്ടായിരുന്നു.

മുഖപ്രസംഗങ്ങള്‍, പംക്തികള്‍

മൂന്നുപതിറ്റാണ്ടിലേറെ മൂന്നുനാല് പ്രസിദ്ധീകരണങ്ങളില്‍ പത്രാധിപത്യം വഹിച്ച എന്‍.വി. എത്ര മുഖപ്രസംഗങ്ങള്‍ എഴുതിക്കാണും എന്നൂഹിക്കാനേ പറ്റൂ. അവയൊന്നും സമാഹരിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ മുഖപ്രസംഗങ്ങള്‍ മിക്കതും പ്രൗഢഗംഭീരമായ പഠനങ്ങള്‍ ആയിരുന്നു. മറ്റാരെങ്കിലുമാണെങ്കില്‍ അനേകദിവസം നീളുന്ന ഗവേഷണത്തിലൂടെ മാത്രം കണ്ടെത്തുന്ന വിവരങ്ങള്‍ ഓര്‍മയില്‍നിന്നെടുത്ത് ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്കകം മുഖപ്രസംഗം രചിക്കാന്‍ എന്‍.വി.യെപ്പോലെ കഴിയുന്ന മറ്റൊരാളെ കേരളം കണ്ടിരിക്കില്ല. പണ്ഡിറ്റ് നെഹ്‌റുവിന്റെ മരണം ആകട്ടെ, ടി.എസ് എലിയറ്റിന്റെ മരണമാകട്ടെ, കാശ്മീര്‍ വെടിനിര്‍ത്തലാവട്ടെ, സര്‍ സി.പി.യെ അനുസ്മരിക്കുന്ന കുറിപ്പാകട്ടെ. ഓരോന്നും അപൂര്‍വസൃഷ്ടികള്‍തെന്നയായിരുന്നു. വിഷയത്തിലുള്ള അഗാധമായ അറിവും ഉള്‍ക്കാഴ്ചയും ആ രചനകളില്‍ തുളുമ്പിനിന്നു.
എന്‍.വി. മുഖപ്രസംഗമെഴുത്തിന് വലിയ പ്രാധാന്യം കല്പിച്ചിരുന്നു. മനുഷ്യശരീരത്തിനു ജീവന്‍ നല്‍കുന്ന അവയവം കണ്ണാണെങ്കില്‍ പത്രത്തിനു ചൈതന്യം നല്‍കുന്ന ഘടകം മുഖപ്രസംഗം ആണെന്ന് എന്‍.വി. എഴുതിയിട്ടുണ്ട്. മുഖപ്രസംഗമെഴുത്തിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വിശദീകരിക്കുതിന് ഒരു ലേഖനം അദ്ദേഹം എഴുതിയിരുന്നു.(6)മുഖപ്രസംഗങ്ങള്‍ അജ്ഞാതരുടെ സൃഷ്ടികളായി വിസ്മൃതമാകും. എന്‍.വി. എന്ന ലോകനിരീക്ഷകന്‍, ഒരു പക്ഷേ, മുഖപ്രസംഗങ്ങളേക്കാളേറെ സമകാലികപ്രശ്‌നങ്ങളെക്കുറിച്ച്  ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. 1983 നും 1990 നും ഇടയില്‍ എന്‍.വി.യുടെ ഏഴു ലേഖനസമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തി. വെല്ലുവിളികള്‍ പ്രതികരണങ്ങള്‍ (1983), പ്രശ്‌നങ്ങള്‍ പഠനങ്ങള്‍(1985),സമസ്യകള്‍ സമാധാനങ്ങള്‍ (1985),അന്വേഷണങ്ങള്‍ കണ്ടെത്തലുകള്‍ (1986)മനനങ്ങള്‍ നിഗമനങ്ങള്‍ (1987), വിചിന്തനങ്ങള്‍ വിശദീകരണങ്ങള്‍ (1988)വീക്ഷണങ്ങള്‍ വിമര്‍ശനങ്ങള്‍ (1989) ഓളങ്ങള്‍ ആഴങ്ങള്‍ (1990) എന്നീ സമാഹാരങ്ങളിലും തൊട്ടുമുമ്പെഴുതിയ സമാഹാരങ്ങളിലുമായി ഏതാണ്ട്  ആയിരത്തിലേറെ ലേഖനങ്ങള്‍ ഉണ്ട്. ഇതിലേറെയും സമകാലികപ്രശ്‌നങ്ങളുടെയും സംഭവങ്ങളുടെയും വാര്‍ത്തകളുടെയും വിശകലനങ്ങളാണ്. ഒരു സമാഹാരം- വീക്ഷണങ്ങള്‍ വിമര്‍ശനങ്ങള്‍- 128 ലേഖനങ്ങളാണ് ഇതിലുള്ളത്. പെരസ്‌ത്രോയികയും മദ്രാസ് എ.ഐ.സി.സി.യും ബോഫോഴ്‌സ് കോഴക്കേസും കൂടംകുളം പദ്ധതിയും മാവൂര്‍ എന്ന മഹാമാരിയും ലോട്ടറിയും ഗര്‍ഭച്ഛിദ്രവുമൊക്കെയാണ് വിഷയങ്ങള്‍.
പത്രപ്രവര്‍ത്തകന്റെയും ചിന്തകന്റെയും കണ്ണിലൂടെ ലോകത്തെ കാണുമ്പോള്‍ ലോകം എങ്ങനെയാണ് അതിന്റെ ഭാവി രൂപപ്പെടുത്തുന്നത് എന്ന് അപൂര്‍വമായ ഉള്‍ക്കാഴ്ചയോടെ പ്രവചിക്കാനും എന്‍.വി.ക്ക് കഴിഞ്ഞിട്ടുണ്ട്.  മനനങ്ങള്‍ നിഗമനങ്ങള്‍ എന്ന സമാഹാരത്തിലെ സോവിയറ്റ് റഷ്യയില്‍ മുതലാളിത്തം എന്ന ലേഖനം ഇത്തരത്തിലുള്ളതാണ്. ആഭ്യന്തരവൈരുദ്ധ്യങ്ങള്‍ മൂര്‍ച്ഛിച്ച് മുതലാളിത്തം തകരും എന്നു പറഞ്ഞേടത്ത്, ആഭ്യന്തരവൈരുദ്ധ്യങ്ങള്‍ കമ്യൂണിസത്തെ പ്രതിസന്ധിയിലാക്കിത്തുടങ്ങിയെന്നു ലേഖനം ചൂണ്ടിക്കാട്ടി.(7) ലോകം ഒരു ആഗോള സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങുകയാണെ് അദ്ദേഹം പ്രവചിക്കുന്നത് സോവിയറ്റ് യൂണിയന്‍ തകരുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിനും ആഗോളവല്‍ക്കരണം എന്നൊരു വാക്കുപോലും ഉണ്ടാകുന്നതിനും മുമ്പാണ്.

എന്‍.വി.യെപ്പോലൊരാള്‍ക്ക് അവതാരിക എഴുതുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയുകയില്ല. 1980-89 കാലത്ത് എന്‍.വി. 79 കൃതികള്‍ക്ക് അവതാരിക എഴുതി. ജീവിതത്തില്‍ ആകെ എഴുതിയതായി രേഖപ്പെടുത്തിയ 220 അവതാരികകളില്‍ മൂന്നിലൊന്ന് അവസാനദശകത്തിലാണ് എഴുതിയത്. കൃതികള്‍ ഗൗരവപൂര്‍വം വായിച്ചുതന്നെയാണ് അദ്ദേഹമിത് നിര്‍വഹിക്കാറുള്ളത്. അവതാരികകള്‍ വെറുതെ ഉപചാരത്തിന് എഴുതി ബാധ്യത തീര്‍ക്കുന്ന വെറും കുറിപ്പുകളായിരുന്നില്ല. അവയും മികച്ച സാഹിത്യനിരൂപണലേഖനങ്ങളുടെ തലത്തിലേക്ക് ഉയര്‍ന്നുനിന്നിരുന്നു. എന്‍.വി.യുടെ അവതാരികകളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട് പ്രൊഫ. കെ..പി.ശങ്കരന്‍. 1948 ജനവരിയില്‍  അന്ന് മൂര്‍ക്കനാട് കെ.മേനോന്‍ ആയിരുന്ന എം.കെ.മേനോന്‍ എന്ന വിലാസിനിക്ക് വേണ്ടിയാണ് എന്‍.വി. ആദ്യത്തെ അവതാരിക എഴുതിയത്.  അവസാനവര്‍ഷമായ 1989 ല്‍ ആണ് ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിനും എം.പി.ശങ്കുണ്ണിനായരുടെ അഭിനവ പ്രതിഭയ്ക്കും അവതാരിക എഴുതുന്നത്. ഇടയ്ക്ക് മലയാളത്തിലെ ശ്രദ്ധേയരായ എല്ലാ എഴുത്തുകാരും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ എന്‍.വി.യുടെ അവതാരികക്കായി കാത്തുനിന്നിട്ടുണ്ട്. പ്രൊഫ. കെ.ഗോപാലകൃഷ്ണന്‍ എഴുതിയ ജീവചരിത്രത്തില്‍ എന്‍.വി. എഴുതിയ അവതാരികകളുടെ നീണ്ട പട്ടിക കൊടുത്തിട്ടുണ്ട്.
മലയാളത്തിലെ പംക്തികാരന്മാരുടെ കൂട്ടത്തിലും നേതൃസ്ഥാനം എന്‍.വി.ക്കുണ്ട്. എന്നാല്‍, എന്‍.വി.യുടെ പംക്തിരചനകള്‍ ഏതെല്ലാമായിരുന്നു എന്ന് കൃത്യമായി എടുത്തുപറയുക എളുപ്പമല്ല. അദ്ദേഹത്തിന്റെ പംക്തിലേഖനങ്ങള്‍ പ്രത്യേകമായി സമാഹരിക്കപ്പെട്ടിട്ടില്ല. 1980 നു ശേഷം പുറത്തുവന്ന ഏഴു ലേഖനസമാഹാരങ്ങളില്‍ ഏറെയും കുങ്കുമത്തിലും മാതൃഭൂമിയിലും  എഴുതിയ പംക്തിലേഖനങ്ങള്‍ ആയിരുന്നു. മാതൃഭൂമിയില്‍ ഉണ്ടായിരു മൂന്നുഘട്ടത്തിലും കുങ്കുമത്തില്‍ പ്രവര്‍ത്തിച്ചപ്പോഴും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിജ്ഞാനകൈരളി ഇറക്കിയ കാലത്തും അദ്ദേഹം ഈ പ്രസിദ്ധീകരണങ്ങളില്‍ ആഴ്ചതോറും പംക്തി എഴുതിയിട്ടുണ്ട്. മറ്റു പ്രസിദ്ധീകരണങ്ങളിലും ചുരുങ്ങിയ കാലത്ത് പംക്തികള്‍ എഴുതിപ്പോന്നു. ഏറ്റവും ഒടുവില്‍ മാതൃഭൂമി ചീഫ് എഡിറ്ററായിരുപ്പോഴാണ് പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ പ്രതിവാരചിന്തകള്‍ എന്ന പംക്തി എഴുതിയിരുന്നത്. അതും തീര്‍ത്തും സമകാലികസംഭവങ്ങളുടെയും പ്രശ്‌നങ്ങളുടെയും പ്രവണതകളുടെയും വിശകലനങ്ങള്‍ ആയിരുന്നു. 

പത്രഭാഷ, പത്രധര്‍മം
പത്രാധിപരായ എന്‍.വി. ഇഷ്ടക്കാരുടെ സംരക്ഷകനാകാന്‍ ശ്രമിച്ചില്ല. രചന മോശമെങ്കില്‍, അത് ഉറ്റ സുഹൃത്തിന്റേതായാലും മുഖത്തുനോക്കി പറയാന്‍ അദ്ദേഹം മടിച്ചില്ല. പ്രസിദ്ധീകരിക്കാന്‍ തിരഞ്ഞെടുത്തവ കുറ്റമറ്റതാക്കാന്‍ അദ്ദേഹത്തിനു പേനയെടുക്കാതിരിക്കാന്‍ കഴിയില്ല. എന്‍.വി.കൈവെക്കാതെ തന്റെ ഒരു കവിതയും അച്ചടിക്കപ്പെട്ടിട്ടില്ലെന്ന് ഇടശ്ശേരി പറഞ്ഞതായി പലരും എഴുതിയിട്ടുണ്ട്. കുറ്റമറ്റതാക്കാന്‍ താന്‍ വിചാരിച്ചാലും കഴിയില്ല എന്നു ബോധ്യപ്പെട്ടാല്‍ ആരുടെ കൃതിയും അദ്ദേഹം തിരിച്ചയക്കും. കമ്പനി ഉടമസ്ഥ•ാര്‍ ശുപാര്‍ശ ചെയ്തയച്ചു എന്ന കാരണം കൊണ്ടുമാത്രം ഒരു കൃതിയും അദ്ദേഹം പ്രസിദ്ധീകരണത്തിന് സ്വീകരിക്കാറുമില്ല. ഇതിന്റെ പേരില്‍ പല പ്രധാനികളുടെയും കണ്ണിലെ കരടായിട്ടുമുണ്ട്. പത്രാധിപസ്വാതന്ത്ര്യം എന്ന തത്ത്വം അറിയാത്ത കമ്പനി മേധാവികളെ അത് പഠിപ്പിക്കാന്‍ അദ്ദേഹം മടിക്കാറുമില്ല.

പത്രാധിപധര്‍മത്തെച്ചൊല്ലി ചിലപ്പോഴെങ്കിലും സഹപ്രവര്‍ത്തകരോടും പിണങ്ങേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. ഒരു സംഭവം ജീവചരിത്രകാരനായ പ്രൊഫ.കെ.ഗോപാലകൃഷ്ണന്‍ വിവരിക്കുന്നുണ്ട്. എന്‍.വി.യോളമോ അതിലേറെയോ ഉയരമുള്ള നിരൂപകനായിരുന്നല്ലോ കുട്ടികൃഷ്ണമാരാര്‍. എന്‍.വി. എഡിറ്റ് പ്രസിദ്ധീകരണത്തിനയച്ച ജി.ശങ്കരക്കുറുപ്പിന്റെ ഒരു കവിതയിലെ രണ്ടുവരി പ്രീഫ് റീഡറായ കുട്ടികൃഷ്ണമാരാര്‍ വെട്ടിക്കളഞ്ഞു. എന്‍.വി.ക്ക് അത് ഇഷ്ടപ്പെട്ടില്ല. അദ്ദേഹമത് വീണ്ടും എഴുതിച്ചേര്‍ത്തു. അവസാനപ്രൂഫ് കുട്ടികൃഷ്ണമാരാരുടെ മുന്നിലെത്തിയപ്പോള്‍ അദ്ദേഹം ശുണ്ഠിയെടുത്തു, എന്‍.വി.യുടെ അടുത്തുചെന്ന് രണ്ടുവരി വെേട്ടണ്ടതുതന്നെ എന്നു വാദിച്ചു. എന്‍.വി.വഴങ്ങിയില്ല. താന്‍ വെട്ടിയ രണ്ടുവരി പില്‍ക്കാലത്ത് ജി. പുസ്തകമാക്കുമ്പോള്‍ വെട്ടിമാറ്റിയിരുന്നു എന്ന് മാരാര്‍ പിെന്നയോര്‍ക്കുന്നു. പത്രാധിപരായ തന്നെ പ്രൂഫ് റീഡര്‍ മറികടക്കുതിനെക്കുറിച്ചാവുമോ എന്‍.വി. വ്യാകുലപ്പെട്ടിരിക്കുക എന്ന് സംശയിക്കണം. ഇവിടെ തൊഴില്‍പരമായ ഔചിത്യത്തിന്റെ കൂടി പ്രശ്‌നമുണ്ടല്ലോ.
 
മലയാള പത്രഭാഷ കുറ്റമറ്റതാക്കുന്നതില്‍ അദ്ദേഹം ചെയ്ത സംഭാവനകളും ചെറുതല്ല. തെറ്റില്ലാത്തതും മനുഷ്യന് മനസ്സിലാകുന്നതുമായ മലയാളത്തില്‍ വേണം സാധാരണക്കാര്‍ക്കുവേണ്ടിയുള്ള ഏത് രചനയും എന്ന തത്ത്വത്തില്‍ ഉറച്ചുനിന്നു. വ്യക്തികളുടെ പേരുകള്‍, സ്ഥലപ്പേരുകള്‍ എന്നിവ ശരിയായ രീതിയില്‍ എഴുതണമെന്ന് അദ്ദേഹം വാശിപിടിക്കാറുതെന്നയുണ്ട്. അതിന്റെ കാരണം അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞിട്ടുണ്ട്. 'ഭാഷയെ സംസ്‌കരിക്കുന്ന കാര്യത്തില്‍ മാത്രമല്ല, ദുര്‍ബലവും വികൃതവും ആക്കുന്നതിലും പത്രങ്ങള്‍ക്കുള്ള കഴിവ് അപാരമാണ്.' പത്രഭാഷയിലെ തെറ്റുകള്‍ വളരെ വേഗത്തില്‍ ജനങ്ങളുടെ നിത്യവ്യവഹാരത്തിലെ 'ശരികളായി' തീരുന്നു(8)എന്നദ്ദേഹം ആവര്‍ത്തിച്ചുപറയാറുണ്ട്.

പത്രഭാഷയ്ക്ക് മാത്രമല്ല എല്ലാ ഭാഷയ്ക്കും ഉണ്ടാകേണ്ട പ്രാഥമികമായ ഗുണം  ആര്‍ജവമാണെും അദ്ദേഹം എഴുതി. ആര്‍ജവം എന്നത് സങ്കീര്‍ണ സംഗതിയൊന്നുമല്ല. ഉദ്ദിഷ്ടമായ അര്‍ത്ഥം നേരേചൊവ്വേ പറയുന്നതിനുള്ള കഴിവാണ് ആര്‍ജവം. എഴുത്തുകാരന്‍ മിതഭാഷിയായിരിക്കണം, എത്ര പദങ്ങള്‍ ആവശ്യമുണ്ടോ അത്രയും പദങ്ങളേ ഉപയോഗിക്കാവൂ. പത്രഭാഷയിലെ എണ്ണിയാല്‍ തീരാത്ത വൈകല്യങ്ങള്‍ ഇല്ലാതാക്കുതിലും ലിപിവിന്ന്യാസത്തില്‍ കുറേയെല്ലാം ഐകരൂപമുണ്ടാക്കുന്നതിലും വ്യക്തി-സ്ഥല നാമങ്ങള്‍ ഒരേ രൂപത്തിലാക്കുന്നതിനും സര്‍വോപരി കുലീനവും ശുദ്ധവുമായി പത്രമലയാളം ഉണ്ടാക്കുന്നതിനും അദ്ദേഹം ഏറെ പരിശ്രമിക്കുകയുണ്ടായി. ഒരു പത്രത്തിന്റെ ശൈലിക്ക് വ്യക്തിത്വവും ആകര്‍ഷകത്വവും ആധികാരികതയും ഉണ്ടാകണമെങ്കില്‍, പാശ്ചാത്യപത്രങ്ങളിലും വാര്‍ത്താഏജന്‍സികളിലും ഉള്ളതുപോലുള്ള സ്റ്റൈല്‍ബുക്ക് ഉണ്ടാകണം എന്ന ആശയം ആദ്യമായി ഉന്നയിച്ചത് എന്‍.വി. ആയിരുന്നു. ഇത് വേഗം പ്രാവര്‍ത്തികമായി. എല്ലാ മലയാള പത്രങ്ങള്‍ക്കും ബാധകമായ ഒരു പൊതു സ്റ്റൈല്‍ബുക്ക് ഉണ്ടാകണമെന്ന ആശയവും അദ്ദേഹം,  കേരള പ്രസ് അക്കാദമി പത്രഭാഷ സംബന്ധിച്ച് 1981 ജൂലൈയില്‍ നടത്തിയ സെമിനാറില്‍ പ്രകടിപ്പിക്കുകയുണ്ടായി.

 ഇക്കാലത്തുപോലും മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടില്ലാത്ത ചില വിഷയങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എന്‍.വി. ഉന്നയിച്ചിരുന്നു എന്നത് അത്ഭുതപ്പെടുത്തും. വ്യക്തികളുടെ പ്രൈവസി-സ്വകാര്യത-മാധ്യമങ്ങള്‍ കവരുന്നു എന്ന പരാതി ഇപ്പോള്‍ ഉയരുന്നുണ്ട്. 1984 ല്‍ എഴുതിയ ഒരു ലേഖനത്തില്‍ അദ്ദേഹം പ്രൈവസി ലംഘനത്തിനെതിരെ മുന്നറിയിപ്പ് നല്‍കുന്നു. 'പത്രപ്രവര്‍ത്തനം ജനദ്രോഹമായി മാറാതിരിക്കണമെങ്കില്‍ സൈ്വരത്തിനുള്ള ജനങ്ങളുടെ മൗലികാവകാശത്തെപ്പറ്റി കൂടുതല്‍ സൂക്ഷ്മമായ ധാരണ ജനങ്ങള്‍ക്കിടയില്‍ സാമാന്യമായും പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ വിശേഷിച്ചും ഉണ്ടാകേണ്ടിയിരിക്കുന്നു'(9) എന്നദ്ദേഹം എഴുതി. 'ജനാധിപത്യസമൂഹത്തില്‍ സ്വയംഭരിക്കുതിനുള്ള അനുപേക്ഷണീയമായ അറിവ് പൗരന്മാര്‍ക്ക് കൈവരുത്തുകയാണ്, വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുതിലൂടെ പത്രം നിര്‍വഹിക്കുന്ന സേവനം. ഈ അറിവ് പൗരന്മാര്‍ക്ക് കൈവരണമെങ്കില്‍  ഓരോ ദിവസത്തെയും സംഭവങ്ങളെ അവയ്ക്ക് സാമൂഹ്യമായ അര്‍ത്ഥഗര്‍ഭത നല്‍കുന്ന പശ്ചാത്തലത്തില്‍ പൂര്‍ണതയോടെയും സത്യസന്ധതയോടെയും പത്രം വായനക്കാര്‍ക്ക് കൊടുക്കേണ്ടിയിരിക്കുന്നു'(10). എന്‍.വി.യുടെ ഈ വാക്കുകള്‍ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നു. ഈ കാഴ്ചപ്പാടോടെയാണ് എന്‍.വി. ജീവിതാന്ത്യം വരെ പത്രപ്രവര്‍ത്തനം നിര്‍വഹിച്ചത്.

1951 ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന എന്‍.വി. 1968ല്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നിരുന്നു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പടുത്തുയര്‍ത്തിയത് എന്‍.വി. ആണെന്നു പറയാം. അക്കാലത്ത് മലയാളഭാഷയുടെ നവീകരണത്തിന് ചെയ്ത സേവനം ഒരു നീണ്ട അധ്യായമാണ്. എട്ടുവര്‍ഷം തികയുംമുമ്പ് അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായി തിരിച്ചെത്തി. 1976 ഫിബ്രുവരി തൊട്ട് 1981 മാര്‍ച്ച് വരെ ആ ചുമതല വഹിച്ചു. മാര്‍ച്ചില്‍ കുങ്കുമം ഗ്രൂപ്പിന്റെ പത്രാധിപത്യം ഏറ്റെടുത്തു. മാതൃഭൂമി ഗ്രൂപ്പിലെ മുഴുവന്‍ പ്രസിദ്ധീകരണങ്ങളുടെയും ചീഫ് എഡിറ്ററാകാന്‍ 1988 ജനവരി 16 നായിരുന്നു അദ്ദേഹത്തിന്റെ മാതൃഭൂമിയിലേക്കുള്ള  മൂന്നാം വരവ്. ആ സ്ഥാനത്തിരിക്കെ 1989 ഒക്‌ടോബര്‍ 12 നാണ് മരണം സംഭവിക്കുന്നത്.        ----------------------------------------------------------------
(1) എന്‍.വി.കൃഷ്ണവാരിയരുടെ മനനങ്ങള്‍ നിഗമനങ്ങള്‍ എന്ന കൃതിയില്‍ ഇരിട്ടിക്കാട്ടില്‍ ഒരു രാത്രി എന്ന അധ്യായം പേജ് 258

(2)എന്‍.വി.കൃഷ്ണവാരിയര്‍- പ്രൊഫ. കെ.ഗോപാലകൃഷ്ണന്‍ പേജ് 65.(എന്‍.വി.യുടെ ജീവിതസംഭവങ്ങളുമായി ബന്ധപ്പെട്ട  വസ്തുതകളെല്ലാം ഈ ജീവചരിത്രകൃതിയില്‍ നിന്നുള്ളതാണ്.)

 (3) എന്‍.വി.കൃഷ്ണവാരിയരുടെ വിചിന്തനങ്ങള്‍ വിശദീകരണങ്ങള്‍ എന്ന പുസ്തകത്തിലെ സാഹിത്യപത്രപ്രവര്‍ത്തനം എന്ന ലേഖനം -പേജ് 227

(4)കാവുതീണ്ടല്ലേ... സുഗതകുമാരി പേജ് 66
 (5)എന്‍.വി.യുടെ വിജ്ഞാനസാഹിത്യം ഒരു പാര്‍ശ്വവീക്ഷണം- പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണന്‍- പേജ് 43

(6)എന്‍.വി.യും മലയാളസാഹിത്യവും- ലേഖനസമാഹാരം- എന്‍.വി.യുടെ ഹിന്ദിപത്രപ്രവര്‍ത്തനം-പേജ് 208

(7)എന്‍.വി.കൃഷ്ണവാരിയരുടെ മനനങ്ങള്‍ നിഗമനങ്ങള്‍ എന്ന ഗ്രന്ഥത്തിലെ സോവിയറ്റ് റഷ്യയില്‍ മുതലാളിത്തം എന്ന ലേഖനം പേജ് 39, 44

(8)പത്രഭാഷ എന്ന ഗ്രന്ഥത്തിലെ എന്‍.വി.കൃഷ്ണവാരിയരുടെ ലേഖനം - കേരള പ്രസ് അക്കാദമി, കൊച്ചി. പേജ് 24
(9)എന്‍.വി.കൃഷ്ണവാരിയരുടെ സമസ്യകള്‍ സമാധാനങ്ങള്‍ എന്ന ഗ്രന്ഥത്തിലെ സൈ്വരഭഞ്ജനം: പത്രപ്രവര്‍ത്തകര്‍ ഒഴിവാക്കേണ്ട ഒരു കുറ്റം എ ലേഖനം പേജ് 177
 (10) എന്‍.വി.കൃഷ്ണവാരിയരുടെ വീക്ഷണങ്ങള്‍ വിമര്‍ശനങ്ങള്‍ എന്ന ഗ്രന്ഥത്തിലെ മുഖപ്രസംഗങ്ങള്‍ എന്ന ലേഖനം പേജ് 293


(മാധ്യമം ആഴ്ചപ്പതിപ്പ് 2016 ഏപ്രില്‍ 11 ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയത്)

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്