നിയമസഭാ നാട്യങ്ങള്‍
സ്പീക്കര്‍ സ്ഥാനത്തേക്ക് വെറുതെ മത്സരിച്ച് യു.ഡി.എഫുകാര്‍ നിയമസഭയുടെ സമയം പാഴാക്കുന്നതെന്തിന് എന്ന് ആദ്യം സംശയം തോന്നിയിരുന്നു. 91 സീറ്റുണ്ട് ഇടതുപക്ഷത്തിന്. എതിരാളികള്‍ ചെന്ന് ബുത്ത് പിടിച്ചാല്‍പ്പോലും അവരുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാനാവില്ല. സ്പീക്കറാവാന്‍ പോകുന്ന ആളെക്കുറിച്ചൊട്ടും അഭിപ്രായവ്യത്യാസവുമില്ല. പിന്നെയെന്തിന് ഈ എതിര്‍പ്പുനാട്യം?  തോന്നല്‍ അബദ്ധമാണ് എന്ന് വോട്ടെണ്ണിക്കഴിഞ്ഞപ്പോഴേ മനസ്സിലായൂള്ളൂ. 

യൂ.ഡി.എഫിന്റെ വോട്ടില്‍ ഒന്നുചോര്‍ന്നു. ഈ മഴയത്ത് എവിടെയാണ്് ചോരാത്തത്? യു.ഡി.എഫിന്റെ ജനപ്രതിനിധികളില്‍, കിട്ടിയ ആദ്യ ചാന്‍സിനുതന്നെ കാലുവാരുന്ന മഹാന്മാരുണ്ടെന്ന് മനസ്സിലായി. ഹേ... അതൊന്നുമല്ല, ആര്‍ക്കോ അബദ്ധം പറ്റിയതാണ് തിരുത്താന്‍ ശ്രമിക്കുന്നുണ്ട് നേതാക്കള്‍. തിരുത്താം. കാലുവാരിയതല്ല. അബദ്ധംപറ്റിയതാണ്. വോട്ട് ചെയ്യാനുള്ള വിവരംപോലും ഇല്ലാത്ത ജനപ്രതിനിധിയുണ്ട് കൂട്ടത്തിലെന്ന് ധരിച്ചാല്‍മതി. വെറുതെ വോട്ടെടുപ്പ് ഉണ്ടാക്കിയതുകൊണ്ട് അങ്ങനെയൊരു ഗുണമുണ്ടായല്ലോ. 
 
വേറെയും ഗുണങ്ങളുണ്ട്. ഏകകണ്ഠമായി സ്പീക്കറെ തിരഞ്ഞെടുത്തിരുന്നുവെങ്കില്‍ സഭയില്‍ അംഗങ്ങള്‍ത്തമ്മില്‍ വലിയ സൗഹൃദമാണ്, സാഹോദര്യമാണ്, തേങ്ങാക്കുലയാണ് എന്നൊക്കെ ജനം ധരിച്ചുകളയുമായിരുന്നു. ഇല്ല അങ്ങനെ യാതൊരു സൗഹൃദവുമില്ല. സഭയിലെന്നല്ല, റോഡില്‍കണ്ടാല്‍ത്തന്നെ തരംകിട്ടിയാല്‍ കൈവെക്കും. ബഹുമാനപ്പെട്ട സ്പീക്കര്‍ എന്ന് അംഗങ്ങളും ബഹുമാനപ്പെട്ട മെമ്പര്‍ എന്ന് സകലരും പരസ്പരം പ്രസംഗത്തില്‍ ബഹുമാനിക്കുമെങ്കിലും ഒരു ബഹുമാനവും സത്യത്തിലില്ല. കഴിഞ്ഞ സഭയില്‍ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ പുറപ്പെട്ടപ്പോള്‍ അതുകണ്ടതാണല്ലോ. അന്ന് സ്പീക്കര്‍ ശക്തന്‍ വക വേദോപദേശവും സമാധാനാഹ്വാനവും ആത്മനിയന്ത്രണോപദേശവും തുരുതുരെ ഉണ്ടായിരുന്നു. 

ശ്രീരാമനും ശ്രീകൃഷ്ണനും പേരില്‍തന്നെയുള്ള ആള്‍ അന്ന് സമാധാനമുണ്ടാക്കാനൊന്നും പോകുന്നതുകണ്ടില്ല. ഇനി അങ്ങിനെ ആവില്ല പെരുമാറ്റം.  ശ്രീരാമനും കൃഷ്ണനും ഒന്നിച്ചുണരും. സമാധാനം, സഹവര്‍ത്തിത്വം, സഹിഷ്ണുത തുടങ്ങിയ സദ്ഗുണങ്ങളെല്ലാം ഒന്നിച്ചു കളിയാടുന്ന സഭ ഉണ്ടാകാനാണ് ഒ.രാജഗോപാല്‍ ശ്രീരാമകൃഷ്ണന് വോട്ടുചെയ്തത്. ബി.ജെ.പി.യിലെ ഹിന്ദുത്വവാദികളൊന്നും കാണാത്തത് രാജഗോപാല്‍ കണ്ടു. രാജഗോപാല്‍ തനിച്ചല്ല, നാലഞ്ച് താമര കൂടി വിരിഞ്ഞിരുന്നെങ്കില്‍ എന്താവുമായിരുന്നു അവസ്ഥ? അവര്‍ കേമമായി കൂടിയാലോചിച്ച് വോട്ടെടുപ്പില്‍ പങ്കെടുക്കേണ്ട എന്ന തീരുമാനമെടുത്ത് പി.സി.ജോര്‍ജിനൊപ്പം കാന്റീനിലേക്ക് പോവുമായിരുന്നു. ഈശ്വരാധീനം എന്ന് പറഞ്ഞാല്‍ മതിയല്ലോ. 

അതിനിടെ, ഒ.രാജഗോപാല്‍ സി.പി.എമ്മിന് വോട്ടു ചെയ്തതറിഞ്ഞ് ലോകം ഞെട്ടിത്തെറിച്ചു. ഉത്തര ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലെ കല്ലറയില്‍ കാള്‍ മാര്‍ക്‌സ് ഞെളിപിരികൊണ്ടതായും റിപ്പോര്‍ട്ടുണ്ട്. സംഘപരിവാറിന്റെ ഈ മാര്‍ക്‌സിസ പ്രണയം ഇന്നലെ തുടങ്ങിയതല്ല. കോണ്‍ഗ്രസ്സുമായി അവിഹിതബന്ധമുണ്ടാക്കി സി.പി.എം.സുഖിച്ചിരുന്ന യു.പി.എ. കാലമോര്‍ക്കുന്നുണ്ടാവുമല്ലോ. അന്നത്തെ ലോക്‌സഭാസ്പീക്കര്‍ ആരായിരുന്നു?  സോമനാഥ് ചാറ്റര്‍ജിക്ക് പിന്തുണ നല്‍കി ബി.ജെ.പി.. അവര്‍ക്കും നിര്‍ത്താമായിരുന്നു ഒരു സജീന്ദ്രനെ. അതുകൊണ്ടു പാര്‍ലമെന്റിനോ യു.പി.എ.ക്കോ ബി.ജെ.പി.ക്ക് പോലുമോ ദോഷമൊന്നുണ്ടായില്ല. ശ്ശി ദോഷം സി.പി.എമ്മിനുണ്ടായി. അതുവേറെ കാര്യം. 

വേണ്ട എന്നു പറഞ്ഞാലും ബലാല്‍വോട്ട് ചെയ്ത് ചെന്നിത്തലയെ കുളത്തിലിറക്കാമായിരുന്നു രാജഗോപാലിന്. എന്താകുമായുന്നു സി.പി.എമ്മിന്റെ പരിഹാസം! എന്തായാലും രാജഗോപാല്‍ അങ്ങിനെ ചെയ്യില്ല. സ്‌നേഹമുള്ള ആളാണ്. നേമത്ത് ജയിച്ചതുതന്നെ യു.ഡി.എഫുകാരുടെ വോട്ടുകൊണ്ടാണ്. അല്ല. അറിഞ്ഞുകൊണ്ട് കോണ്‍ഗ്രസ്സുകാര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ കാലുവാരി എന്നല്ല പറഞ്ഞത്. എം.എല്‍.എ.മാരില്‍ ഒരാള്‍ക്ക വോട്ടുതെറ്റിയെങ്കില്‍ സാദാ കോണ്‍ഗ്രസ് വോട്ടര്‍മാരുടെ സ്ഥിതിയെന്താണ്? പതിനായിരത്തിനെങ്കിലും അബദ്ധം പറ്റിക്കാണും. പറ്റിയത് പറ്റി എന്ന് പറഞ്ഞാല്‍മതിയല്ലോ. 
                                                                                         ****
ഡി.ജി.പി. സെന്‍കുമാറിനെ എന്തിന് മാറ്റി? ചോദ്യംകേട്ടാല്‍ത്തോന്നും എന്തെങ്കിലും കാരണമുണ്ടെങ്കിലേ വകുപ്പ് മേധാവികളെ മാറ്റൂ എന്ന്. മാറ്റണം എന്ന് തോന്നി എന്നതാണ് കാരണം. മാറ്റണമെന്ന് ഭരണാധികാരിക്ക് തോന്നുന്നെങ്കില്‍ അത് ഭരണാധികാരിയുടെ കുറ്റമല്ല, ആളുടെ കുറ്റമാണ് എന്ന് ഇക്കാലമായിട്ടും മനസ്സിലായിട്ടില്ലേ? 

എന്തായാലും ബി.ജെ.പി.യും കോണ്‍ഗ്രസ്സും ഇക്കാര്യത്തിലൊരു തീരുമാനത്തിലെത്തേണ്ടതുണ്ട്. പിണറായി വിജയന്റെ തീരുമാനങ്ങള്‍ വ്യാഖ്യാനിക്കും മുമ്പ് ജ്യോത്സ്യ•ാരെ ആരെയെങ്കിലും കണ്ട് സംഭവത്തിന്റെ ക്ലൂ മനസ്സിലാക്കണം. ഇല്ലെങ്കില്‍, സെന്‍കുമാറിന്റെ മാറ്റത്തെ കണ്ടതുപോലിരിക്കും. മുഖ്യമന്ത്രി ഡല്‍ഹിയില്‍ നരേന്ദ്രമോദിയെ കണ്ടപ്പോള്‍ കിട്ടിയ രഹസ്യനിര്‍ദ്ദേശമനുസരിച്ചാണ് ബെഹ്‌റയെ ഡി.ജി.പി. ആക്കിയതെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ടെത്തിയത്. നിരപരാധികളെ കൊന്ന കേസ്സില്‍ മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും പൊലീസ് മന്ത്രി അമിത് ഷാജിയെയും രക്ഷിച്ചതിനുള്ള പ്രതിഫലമത്രെ ഈ പോസ്റ്റ്. കേന്ദ്രത്തില്‍ കിടിലന്‍ തസ്തിക കൊടുക്കുന്നതിന് പകരം പിണറായിയുടെ ചെവിയില്‍ മന്ത്രിച്ചാണ് ബെഹ്‌റയെ ഡി.ജി.പി. ആക്കിയത്. അത് കണ്ടുപിടിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇപ്പോള്‍ വെറും എം.പി. ആയിരിക്കാം. പണ്ട് ആഭ്യന്തരവകുപ്പില്‍ തലയിടാന്‍ അധികാരമുള്ള മന്ത്രിയായിരുന്നു. അല്ലെങ്കില്‍ ഇത്തരമൊരു രഹസ്യം അറിയാന്‍ ഒരു വഴിയും കാണുന്നില്ല.  

നേരെ വിപരീതമാണ് ബി.ജെ.പി.നേതാവ് പി.കെ.കൃഷ്ണദാസ് പറയുന്നത്. മതതീവ്രവാദികളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണത്രെ പിണറായി വിജയന്‍ ടി.പി.സെന്‍കുമാറിനെ മാറ്റിയത്. 

രണ്ടും ചേര്‍ത്ത്, മതതീവ്രവാദികളെ തൃപ്തിപ്പെടുത്താനാണ് പ്രധാനമന്ത്രി ഡി.ജി.പി.യെ മാറ്റിച്ചതെന്ന് ആരെങ്കില്‍ വ്യാഖ്യാനിച്ചേക്കുമോ? കലികാലമാണ്...എന്താണ് പറഞ്ഞുകൂടാത്തത്?
                                                                                                                                                                                                                                       ****
അവസാനകാലത്ത് യു.ഡി.എഫ് മന്ത്രിസഭ ധൃതിപ്പെട്ട് പലതും ചെയ്യുകയുണ്ടായി. നേരം പുലര്‍ന്നതും ആളുകള്‍ വഴിയെ പോയിത്തുടങ്ങിയതും ധൃതി കാരണം കണ്ടില്ല. ഏതെല്ലാമോ ഫയലുകളില്‍ ഒപ്പുവെച്ചു. ചിലതെല്ലാം ജനം കേട്ടുഞെട്ടി. അതുകൊണ്ടാണ്, ഇങ്ങനെ ഒപ്പിട്ട ഫയലുകളെക്കുറിച്ച് ഒരു ഗവേഷണത്തിന് ഇടതുമന്ത്രിസഭ ഉത്തരവിട്ടത്. 

ക്വിക്ക് വെറിഫിക്കേഷനില്‍ കണ്ടത്, പിടിച്ചതിനേക്കാള്‍ വലുത് മാളത്തിലുണ്ടെന്നാണ്. തൊള്ളായിരം ഫയലുകളില്‍ ഇങ്ങനെ തീരുമാനമെടുത്തിട്ടുണ്ടത്രെ. തൊള്ളായിരം...നൈന്‍ ഹണ്‍ഡ്രഡ്! വിവാദ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ എ.കെ.ബാലന്‍ കണ്‍വീനറായ ഉപസമിതിക്ക് അതോടെ തലകറക്കം അനുഭവപ്പെട്ടിരിക്കണം. അവര്‍, വിശദവിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കുന്ന പണി ചീഫ് സിക്രട്ടറി വിജയാനന്ദിന്റെ ചുമലിലാക്കി തടിയൂരി. 

ഇതിനൊരു കമ്മീഷന്‍ ആവശ്യമാണ്. വല്ല മുന്‍ മുഖ്യമന്ത്രിയുമാണെങ്കില്‍ അസ്സലായി. അഞ്ചുവര്‍ഷകാലാവധിയും കൊടുക്കാം. അടിയന്തരാവസ്ഥയിലെ അതിക്രമം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഷാ കമ്മീഷന്‍ പോലെയോ ദക്ഷിണാഫ്രിക്കയില്‍  നെല്‍സണ്‍ മണ്ഡേല നിയോഗിച്ച ട്രൂത്ത് കമ്മീഷന്‍ പോലെയോ ആയിക്കൊള്ളട്ടെ.... ഉമ്മന്‍ചാണ്ടി അതിക്രമ കമ്മീഷന്‍ എന്നാവാം പേര്... മന്ത്രിപദവി നിര്‍ബന്ധം. എന്താ?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്