തമ്മില്‍ഭേദം ഏത് തൊമ്മന്‍?
നമുക്ക് ഗുണമൊന്നുമില്ലെങ്കില്‍ പിന്നെ എന്തിനെടേ പാര്‍ട്ടിക്ക് അധികാരം എന്നുചോദിക്കുന്നവര്‍ക്കാണ് മിക്ക പാര്‍ട്ടികളിലും ഭൂരിപക്ഷം. നമുക്ക് എന്നത്, എനിക്കും എന്റെ കുടുംബത്തിനും എന്നുവേണം വായിക്കാന്‍.ഇ.പി. ജയരാജന്റെ രാജി ഒരു സര്‍വകാലറെക്കോഡാണ്. ജീവിതത്തിലാദ്യമായി മന്ത്രിപ്പണി കിട്ടിയിട്ട് ഇത്രയും ചുരുങ്ങിയ നാള്‍കൊണ്ട് ഇങ്ങനെയൊരു പണിയൊപ്പിച്ച് ഇറങ്ങിപ്പോകേണ്ടിവന്ന വേറെ ആളില്ല. സ്ഥാനമേറ്റ് രണ്ടുദിവസവും ഇരുപതു ദിവസവുമൊക്കെമാത്രം മന്ത്രിസ്ഥാനത്തിരുന്നവരുണ്ട്. പക്ഷേ, അവരുടെയെല്ലാം രാജി രാഷ്ട്രീയകാരണങ്ങളാലായിരുന്നു. മന്ത്രിയായി അഞ്ചുമാസം തികയും മുമ്പേ ഈ ബഹുമതി നേടിയയാള്‍ ചെറിയ പുള്ളിയുമല്ല. മന്ത്രിസഭയിലെ രണ്ടാമനാണ്. ആദര്‍ശാത്മകരാഷ്ട്രീയം ഇപ്പോഴും അവശേഷിക്കുന്ന ഒരു പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിക്കാരനാണ്. ജനം ആശയക്കുഴപ്പത്തിന്റെ പടുകുഴിയില്‍ വീണിരിക്കയാണ്. എഴുന്നേറ്റുവരാന്‍ കുറച്ചു സമയമെടുക്കും.

എന്തൊരു കലികാലം! യു.ഡി.എഫ്. മന്ത്രിസഭയായിരുന്നു ഭേദം എന്നുപറയാന്‍ ചിലര്‍ക്ക് ഇപ്പോള്‍ നാവുപൊങ്ങുന്നു. തീര്‍ച്ചയായും യു.ഡി.എഫ്. ഉണ്ടാക്കിയ ഇനം ചീത്തപ്പേരുകള്‍ ഉണ്ടാക്കാന്‍ എല്‍.ഡി.എഫുകാര്‍ പത്തുജന്മം ശ്രമിച്ചാലും കഴിയില്ല. പക്ഷേ, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ചുകൊല്ലം ഭരിച്ചിട്ട് എത്ര മന്ത്രിബന്ധുക്കള്‍ ജോലിയില്‍ കയറിപ്പറ്റി എന്നു ചോദിച്ചാല്‍ ആകെ ഒരു ഡസന്‍ പേരുകള്‍ പോലുമില്ല. പറഞ്ഞതുപലതും പതിരുമായിരുന്നു. അത്തരം നിയമനം വേണ്ടെന്നുവെച്ചതാവില്ല. യു.ഡി.എഫില്‍ ഏതുമന്ത്രി ആരെ നിയമിക്കുന്നു എന്ന് കണ്ടുപിടിക്കാന്‍ ഭൂതക്കണ്ണാടിവെച്ച് നോക്കിയിരിപ്പാവും എതിര്‍ഗ്രൂപ്പുകാരുടെ വന്‍പട. ആദര്‍ശംകൊണ്ടാണ് ഈ ജാഗ്രത എന്നൊന്നും ധരിച്ചുകളയരുതേ... ഇതാണ് യു.ഡി.എഫ്. വിജിലന്‍സ്. മന്ത്രിയുടെ മേശപ്പുറത്ത് അസംഖ്യം ലിസ്റ്റ് പലപല നേതാക്കള്‍ എത്തിച്ചിട്ടുണ്ടാകും. ആരെ നിയമിച്ചാലും അടി മന്ത്രിക്ക് ഉറപ്പാകും. എല്‍.ഡി.എഫില്‍ സംഗതി സമാധാനപരമാണ്. തന്നോട് ആരുചോദിക്കാനാണെന്ന് ഇ.പി. കരുതിക്കാണും. അതുകൊണ്ടാണ്, യു.ഡി.എഫിന്റെ അവസാനമാസങ്ങളില്‍നടന്നതരം കടുംവെട്ട് ഇ.പി. ആദ്യനാളുകളില്‍ത്തന്നെ വെട്ടിയത്.
കൈപ്പിഴ, നോട്ടപ്പിഴ, അബദ്ധം, തെറ്റ് തുടങ്ങിയ ലഘുന്യായീകരണങ്ങളുടെ പരിധിയില്‍ വരുന്നതല്ല ജയരാജക്രിയകള്‍. ദീര്‍ഘകാല പരിശീലനത്തിലൂടെയാണ് മേലുകീഴ് നോക്കാതെ ഇത്തരം അഴിമതികളിലേക്ക് എടുത്തുചാടാനുള്ള ധൈര്യം നേടുന്നത്. പാര്‍ട്ടിതന്നെയാണ് ഇതിന്റെ വലിയ പ്ലേഗ്രൗണ്ട്. തിരുവായ്ക്ക് എതിര്‍വാ ഇല്ലാതെ ആഗ്രഹിക്കുന്നതെന്തും നടപ്പാക്കാനുള്ള ആജ്ഞാശക്തിയാര്‍ജിക്കാന്‍ ഇതിലും നല്ല കളരി വേറെ കാണില്ല. പാര്‍ട്ടിയിലെ സഖാക്കള്‍ക്കും കുടുംബത്തിലെ സഖികള്‍ക്കും ജോലി നേടിക്കൊടുക്കുന്നതിന്റെ പാഠങ്ങള്‍ പഠിക്കുക സഹകരണസംഘങ്ങളില്‍ നിന്നാണ്. അവ മുക്കിനുമുക്കിന് ആലുപോലെ വളര്‍ന്നുനില്‍ക്കുന്ന പ്രദേശത്തുനിന്നാണ് നമ്മുടെ വരവ്. പക്ഷേ, പാര്‍ട്ടിക്കാരെ അവഗണിച്ച് കുടുംബക്കാരെ നിയമിക്കുക അവിടെപ്പോലും സാധ്യമായിരുന്നില്ല. സംഘം പ്രസിഡന്റിന്റെയോ പാര്‍ട്ടി സെക്രട്ടറിമാരുടെയോ ബന്ധുസില്‍ബന്തിയാദികള്‍ക്ക് ഒരു ചെറിയശതമാനം വെച്ചുനീട്ടിയേക്കുമെന്നുമാത്രം.

നമുക്ക് ഗുണമൊന്നുമില്ലെങ്കില്‍ പിന്നെ എന്തിനെടേ പാര്‍ട്ടിക്ക് അധികാരം എന്നുചോദിക്കുന്നവര്‍ക്കാണ് മിക്ക പാര്‍ട്ടികളിലും ഭൂരിപക്ഷം. നമുക്ക് എന്നത്, എനിക്കും എന്റെ കുടുംബത്തിനും എന്നുവേണം വായിക്കാന്‍. കേന്ദ്രകമ്മിറ്റിയംഗം അങ്ങനെ ചിന്തിച്ചുതുടങ്ങുമ്പോള്‍ അണികളുടെ ചിന്തയെക്കുറിച്ച് വേവലാതിപ്പെടുന്നതില്‍ കാര്യമില്ല. കേന്ദ്രകമ്മിറ്റിയംഗത്തേക്കാള്‍ ബോധം ഏരിയാക്കമ്മിറ്റി പ്രകടിപ്പിക്കുന്നു എന്നതാണ് അല്പം സമാധാനം തരുന്നത്.
ബൂര്‍ഷ്വാസമൂഹത്തില്‍ പിടിച്ചുനില്‍ക്കാന്‍ വലിയ പ്രയാസമാണ് എന്ന് പണ്ടേ പറയാറുണ്ടല്ലോ. തുടക്കത്തില്‍ ഫ്യൂഡല്‍ സംസ്‌കാരത്തോടുമാത്രമേ പാര്‍ട്ടിക്കകത്ത് പൊരുതേണ്ടിവന്നിട്ടുള്ളൂ. പിന്നെ മുതലാളിത്തസംസ്‌കാരവും കൂടെക്കൂടി. ഇപ്പോള്‍ മുതലാളിത്തവും ലിബറലും നവലിബറലും ആഗോളക്കുത്തകയും കോര്‍പ്പറേറ്റ് സംസ്‌കാരവും എല്ലാംകൂടി അകത്തുനിന്നും പുറത്തുനിന്നും മുന്നില്‍നിന്നും പിന്നില്‍നിന്നുമെല്ലാം ആഞ്ഞുവെട്ടുകയാണ്. ജീവന്‍ നിലനില്‍ക്കുന്നതുതന്നെ മഹാഭാഗ്യം. ഇ.പി. ജയരാജന്റെ നിര്‍ഭാഗ്യം മുമ്പേതന്നെ ഈ വര്‍ഗത്തെ കൈകാര്യംചെയ്യാന്‍ നിയുക്തനായി എന്നതാണ്. വൈരുദ്ധ്യാധിഷ്ഠിതമായി കൈകാര്യം ചെയ്യണമെന്നായിരുന്നു ആജ്ഞ. അവര്‍ പാര്‍ട്ടിയുടെ ശത്രുക്കളാണ്, പക്ഷേ, അവരുടെ കാശ് നമുക്കുവേണം. ഇങ്ങനെ കുറേപോകുമ്പോള്‍ ശരിയേത്, തെറ്റേത് എന്ന് തിരിച്ചറിയാതാവുക സ്വാഭാവികംമാത്രം.

വേറെയൊരു നിവൃത്തിയുമില്ലാത്തതുകൊണ്ടാണ് ജയരാജന്‍ രാജിവെച്ചത് എന്നു സ്ഥാപിക്കാന്‍ പ്രതിപക്ഷം കിണഞ്ഞുശ്രമിക്കുന്നുണ്ട്. തീര്‍ച്ചയായും വേറെ നിവൃത്തിയില്ലാഞ്ഞിട്ടുതന്നെയാണ്. പക്ഷേ, നിവൃത്തി ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ്. തീവണ്ടി മറിഞ്ഞതിന് പണ്ട് റെയില്‍വേമന്ത്രി രാജിവെച്ചിട്ടുണ്ട്. ആ മന്ത്രിക്കും വേറെ നിവൃത്തിയില്ലായിരുന്നു. പത്തുതീവണ്ടി ഒന്നിച്ചുമറിഞ്ഞാലും ഇന്നാര്‍ക്കും ഒരു നിവൃത്തികേടും ഉണ്ടാവില്ല. എന്ത് ആരോപണം ഉയര്‍ന്നാലും രാജിവെക്കാതിരിക്കാന്‍ നൂറുനിവൃത്തികള്‍ നിലവിലുണ്ട്.  വിവാദമായ നടപടി റദ്ദാക്കല്‍, തെറ്റുതിരുത്തല്‍, അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ നിയോഗിച്ച് റിപ്പോര്‍ട്ടുവരുംവരെ കാത്തുനില്‍ക്കല്‍, ത്വരിതപരിശോധന തീര്‍ന്ന് റിപ്പോര്‍ട്ടിന് കാത്തുനില്‍ക്കല്‍... അതുകഴിയുമ്പോഴേക്ക് സകലരും മറക്കും. ഇനി ഈ പരിപ്പൊന്നും വെന്തില്ലെങ്കില്‍, മനഃസാക്ഷിയോട് ചോദിക്കാം. ആഗ്രഹിക്കുന്ന സമാധാനം മനഃസാക്ഷി തരും. ഇനി മനഃസാക്ഷി എന്നൊന്നില്ലേ, ഒന്നും പേടിക്കേണ്ട.
                                       
                                                                          *****
ഇ.പി. ജയരാജന്റെ രാജിയെക്കുറിച്ച് മുഖ്യമന്ത്രിയും പാര്‍ട്ടിസെക്രട്ടറിയുമൊക്കെ എന്തുപറഞ്ഞാലും ശരി, അെതാന്നും ജയരാജനെ ലവലേശം ഏശിയിട്ടില്ല. ജയരാജന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, ഒന്നും തിരുത്താനുമില്ല. രാജിയുടെ കാരണം വേറെ.
വാക്കുകള്‍ ഇതല്ലെങ്കിലും പത്രക്കുറിപ്പിലെ ആശയം ഇങ്ങനെവ്യവസായ മേഖലയെ അടക്കിവാണ് നശിപ്പിക്കുകയായിരുന്നു കുറേ ശക്തികളും മാഫിയകളും. അവറ്റകളുടെ കൊങ്ങയ്ക്കുപിടിച്ച് മന്ത്രി ജയരാജന്‍ അവരെക്കൊണ്ട് 'ക്ഷ' എന്ന് മൂക്കുകൊണ്ടെഴുതിക്കുകയായിരുന്നു. അപ്പോഴാണ് വിവാദം ഉയര്‍ന്നുവന്നത്. അതുയര്‍ത്തിക്കാട്ടി രാഷ്ട്രീയശത്രുക്കള്‍ പാര്‍ട്ടിയെയും മുന്നണിയെയും കടന്നാക്രമിക്കുകയായിരുന്നു. അവരെ നിരായുധരാക്കാന്‍ വേണ്ടിയാണ് രാജി. ഇതുകൊണ്ട് വേറൊരു ഗുണവുമുണ്ട്. മന്ത്രിയുടെ തത്ത്വാധിഷ്ഠിത നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താനായി!
പുലരാന്‍ ഇനിയും ഒരുപാട് സമയം ഉണ്ടായിരുന്നല്ലോ. എന്തിനാണ് ഇത്ര നേരത്തേ വിളിച്ചുണര്‍ത്തിയത് എന്നറിയാതെ അന്തംവിട്ടിരിക്കുകയാണ് ജയരാജന്‍ സഖാവ്.
                                                                    ****
വി.എസ്. അച്യുതാനന്ദന്റെ ഭരണപരിഷ്‌കാര കമ്മിഷന്‍ പണി തുടങ്ങിയത് മന്ത്രി രാജിവെച്ച അതേദിവസംതന്നെയായതില്‍ ആരും വേറെ അര്‍ഥമൊന്നും വായിക്കേണ്ട. തികച്ചും യാദൃച്ഛികം. മന്ത്രിസഭയുടെ കാലാവധി തീരുംവരെ ചെയ്യാന്‍ എന്തുപണിയാണ് കമ്മിഷന് ഉണ്ടാവുക എന്ന വേവലാതിയും വേണ്ട. ആദ്യയോഗത്തില്‍ത്തന്നെ കാലികപ്രാധാന്യമുള്ള വിഷയമാണ് ചര്‍ച്ചചെയ്തത്‌വിജിലന്‍സ് പോലീസ്. അത് കാര്യക്ഷമമാക്കാന്‍ നടപടികള്‍ നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് ആദ്യംവരും. പറയുന്നതിനിടെ, മന്ത്രിക്കെതിരായ പരാതി ത്വരിതപരിശോധനയ്ക്ക് വിടുന്ന കാര്യം തീരുമാനിക്കുന്നതിനുമുമ്പ് വിജിലന്‍സ് ഡയറക്ടര്‍ സ്വകാര്യ കാറില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കണമോ എന്ന കാര്യത്തില്‍ കമ്മിഷന്‍ വ്യക്തത വരുത്തുന്നത് ഭാവി വിജി. ഡയറക്ടര്‍മാര്‍ക്ക് പ്രയോജനപ്പെടും.

അങ്ങനെ വിഷയങ്ങള്‍ പത്രവാര്‍ത്തകള്‍പോലെ നിരന്തരം ഉയര്‍ന്നുവരും. സ്വമേധയാ കേസെടുക്കാം. ഭരണവുമായി ബന്ധപ്പെട്ട എന്തുവിഷയവും പരിഗണനയ്‌ക്കെടുക്കാം. മന്ത്രിസഭ മാറിവരുമ്പോള്‍ കുറേ മാസത്തേക്കുള്ള പ്രധാനപണി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റലാണ്. എതിര്‍യൂണിയനുകളില്‍പ്പെട്ട എല്ലാവരെയും നാടുകടത്തുകയാണ് മുഖ്യപരിപാടി. പേഴ്‌സണല്‍ സ്റ്റാഫാകാനും എണ്ണമറ്റ കമ്മിഷനുകള്‍, കോര്‍പ്പറേഷനുകള്‍, കൗണ്‍സിലുകള്‍, അക്കാദമികള്‍ തുടങ്ങിയവകളുടെ തലവന്മാരാകാനുമുള്ള പരക്കംപാച്ചില്‍ ഭരണത്തിന് വലിയ ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കാറുണ്ട്. ഈ സ്ഥാപനങ്ങളേറെയും വെള്ളാനകളാണ്. ഒരു വെള്ളാനയെ പോറ്റാനുള്ള ചെലവേ ഭരണപരിഷ്‌കാരകമ്മിഷനുള്ളൂ. അഞ്ചുവര്‍ഷത്തിനകം ഒരു ഡസന്‍ വെള്ളാനകളെ വിറ്റ് ഖജാനയ്ക്ക് മുതല്‍ക്കൂട്ടിയാല്‍ ജനത്തിന്റെ കാശ് മുതലാക്കാം. ഭരണപരിഷ്‌കാരം നീണാല്‍ വാഴട്ടെ....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്