സി.വി.കുഞ്ഞുരാമനും 'ഇരുമ്പുലക്ക'കളും

പത്രജീവിതം 
എന്‍.പി.രാജേന്ദ്രന്‍


അഭിപ്രായം ഇരുമ്പലക്കയല്ല എന്ന് ആരെങ്കിലും എപ്പോഴെങ്കിലും പറയുന്നത് കേട്ടിട്ടില്ലാത്തവരും സ്വയം അങ്ങനെ പറഞ്ഞിട്ടില്ലാത്തവര്‍തന്നെയും ചുരുക്കമാണ്. നമ്മുടെ ശൈലിയുടെ ഭാഗമായി മാറിയ ഈ പ്രയോഗത്തിന്റെ ഉപജ്ഞാതാവ് ആരെന്ന് പലരും ഓര്‍ക്കാറില്ല. അത് സി.വി.കുഞ്ഞുരാമന്റെ പ്രയോഗമാണ്.

ആരായിരുന്നു സി.വി.കുഞ്ഞുരാമന്‍?  ഒറ്റ വാക്കില്‍ പറയാനാവില്ല. സി.വി.കുഞ്ഞുരാമന്‍ നവോത്ഥാനനായകനും സാമൂഹ്യപരിഷ്‌കര്‍ത്താവും പത്രാധിപരും കവിയും പ്രബന്ധകാരനും ചരിത്രകാരനും അഭിഭാഷകനും ചെറുകഥാകൃത്തും നിരൂപകനും പ്രഭാഷകനും ആയിരുന്നു. ഓര്‍ക്കാന്‍ എളുപ്പമുള്ള ഒന്നുകൂടി-അദ്ദേഹം കേരളകൗമുദി പത്രത്തിന്റെ സ്ഥാപകനാണ്. 1871ല്‍ ജനിച്ചു, 19491 ല്‍ അന്തരിച്ചു. ഇരുമ്പുലക്കപ്രയോഗമല്ല സി.വി.യെ അനശ്വരനാക്കുന്നത്. സ്വസമുദായത്തെ ഉദ്ധരിച്ച് മറ്റു സമുദായങ്ങള്‍ക്കൊപ്പം ഉയര്‍ത്തുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ച പോരാളിയായ പത്രാധിപര്‍ എന്ന നിലയിലാണ് അദ്ദേഹത്തെ കേരളം എന്നും ഓര്‍ക്കുക.

ഇരുമ്പലക്കയിലേക്കു മടങ്ങാം. എപ്പോഴാണ്, എന്തിനാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞിട്ടുണ്ടാവുക? ഉറപ്പില്ല. അദ്ദേഹവുമായി സഹവസിച്ചിട്ടുള്ളവര്‍ പറയുന്നത് അദ്ദേഹത്തിന് പലപ്പോഴും ഈ തത്ത്വം പുറത്തെടുക്കേണ്ടിവന്നിരുന്നു എന്നാണ്. കാരണം, അദ്ദേഹം എല്ലാകാലത്തും ഒരേ അഭിപ്രായത്തില്‍ ഉറച്ചുനിന്ന ആളായിരുന്നില്ല. ഒരിക്കല്‍ പറഞ്ഞുപോയി എന്നതുകൊണ്ട് അതേ അഭിപ്രായം എക്കാലത്തും പറഞ്ഞുകൊണ്ടേ ഇരിക്കാറില്ല. കാലവും സാഹചര്യവും മാറുന്നതിന് അനുസരിച്ച് അഭിപ്രായം മാറുന്നതില്‍ ഒരു തെറ്റുമില്ലെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. അഭിപ്രായങ്ങള്‍ പലതും മാറ്റിയെങ്കിലും, അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന അഭിപ്രായം മാത്രം അദ്ദേഹം മാറ്റിയില്ലെന്ന് കളിയാക്കുന്നവരും ഇല്ലാതില്ല.

കടുത്ത ജാതിവിവേചനം അനുഭവിച്ചുവരുന്ന ഈഴവര്‍ എന്തുചെയ്യണം എന്ന ചോദ്യത്തിന് അദ്ദേഹം ആദ്യം പറഞ്ഞ മറുപടി, ഈഴവര്‍ ബുദ്ധമതത്തില്‍ ചേരണം എന്നായിരുന്നു. ബുദ്ധമതത്തിന്റെ ഗുണങ്ങള്‍ വിസ്തരിച്ചെഴുതിയ ഒരു ലേഖനത്തില്‍ 1926ല്‍ ആണ് അദ്ദേഹം ഇങ്ങനെയൊരു പരിഹാരം നിര്‍ദ്ദേശിച്ചത്. ഏഴു വര്‍ഷം കഴിഞ്ഞ് അദ്ദേഹം ഈഴവര്‍ ക്രിസ്തുമതത്തിലാണ് ചേരേണ്ടത് എന്നു അഭിപ്രായം മാറ്റി. സി.വി.ക്ക് അഭിപ്രായസ്ഥിരതയില്ല എന്നു പരിഹസിച്ചവര്‍ക്കാണ് അദ്ദേഹം അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന് മറുപടി നല്‍കിയത്. വാദം ജയിക്കാന്‍ പറഞ്ഞ ഒരു ഞൊട്ടുന്യായം ആയിരുന്നില്ല അത്. ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു വലിയ തന്ത്രം അതിലുണ്ടായിരുന്നു. മരാമണ്‍ കണ്‍വന്‍ഷനില്‍ മുപ്പതിനായിരത്തോളം പേരെ അഭിസംബോധന ചെയ്യവെ ആണ് അദ്ദേഹം തന്റെ സമുദായം ഒന്നടങ്കം മതംമാറിയാലും ഇല്ലെങ്കിലും താന്‍  വൈകാതെ ക്രിസ്തുമതത്തിലേക്ക് മാറാന്‍ പോകുകയാണ് എന്ന പ്രഖ്യാപനം നടത്തിയത്. ഇതുവലിയ കോളിളക്കം ഉണ്ടാക്കിയെന്നു പറയേണ്ടതില്ലല്ലോ.

ക്ഷേത്രപ്രവേശന വിളംബരം

അയിത്തവും ജാതിയും പൂര്‍ണമായി മാറ്റാന്‍ സമയമെടുക്കുമെങ്കിലും അടിയന്തരമായി ക്ഷേത്രപ്രവേശനമെങ്കിലും അനുവദിക്കാന്‍ സവര്‍ണജാതിക്കാരെ പ്രേരിപ്പിക്കാന്‍ പര്യാപ്തമായിരുന്നു സി.വി.യുടെ ക്രിസ്തുമതാശ്ലേഷ പ്രഖ്യാപനം എന്നു ചരിത്രകാരന്മാര്‍ കരുതുന്നു (സി.വി.കുഞ്ഞുരാമന്‍- ജീവിതം കാലം നവോത്ഥാനം എന്ന കൃതിയില്‍  സി.നാരായണപ്പിള്ളയും പ്രൊഫ. ശ്രീധരമേനോനും മറ്റും ഈ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്). സി.വി.യുടെ മതംമാറ്റപ്രഖ്യാപനം അറിഞ്ഞ് തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പി. അസ്വസ്ഥനായെന്നും, മുഴുവന്‍ ഈഴവരും ക്രിസ്ത്യാനികളായാല്‍ ഉണ്ടാകുന്ന അപകടം  ബോധ്യപ്പെടുത്തിയാണ് രാജാവിനെക്കൊണ്ട് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിപ്പിച്ചത് എന്നും കരുതുന്നവരുണ്ട്.

അഭിപ്രായസ്ഥൈര്യമില്ലാതെ തോന്നുമ്പോള്‍ തോന്നുന്നത് പറയുന്ന ആളാണ് സി.വി. എന്നു ചിലരെങ്കിലും ധരിച്ചേക്കാം. ചില സാമുദായിക ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള തന്ത്രമായി അഭിപ്രായം പറയുകയും മാറ്റുകയും ചെയ്ത സന്ദര്‍ഭങ്ങള്‍ ഉണ്ടാകാം. പക്ഷേ, മുന്‍വിധി ഇല്ലാതെ ശരിയും സത്യവും നിരന്തരം തിരഞ്ഞുകൊണ്ടിരുന്ന ഒരാള്‍ക്ക് ഉണ്ടാവാനിടയുള്ള ആശയപരിവര്‍ത്തനങ്ങളായിരുന്നു പലവിഷയങ്ങളിലുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായമാറ്റം എന്നു കരുതുന്നതാവും കൂടുതല്‍ ശരി. ദൈവവിശ്വാസം ഉള്‍പ്പെടെയുള്ള പരമ്പരാഗതമായ പല അഭിപ്രായങ്ങളെയും അദ്ദേഹം ഗൗരവമായി എടുത്തില്ല, അതുകൊണ്ടുതന്നെ പലതിനെയും തരംകിട്ടുമ്പോള്‍ പരിഹസിക്കുകയും ചെയ്തു.

 അടുത്ത അനുയായിയായ അദ്ദേഹത്തോട് ഒരിക്കല്‍ ശ്രീനാരായണഗുരുവിന്റെതന്നെ ചോദിച്ചു- 'കുഞ്ഞുരാമന്‍ നാസ്തികനോ ആസ്തികനോ?  ആസ്തികനാണ് എന്നാണ് തന്റെ ഇതുവരെയുള്ള വിശ്വാസം എന്നായിരുന്നു മറുപടി. ഗുരു വീണ്ടും ചോദിച്ചു-നാസ്തികവാദം ചെയ്തുവരുന്നു എന്നു കേട്ടിട്ടുണ്ടല്ലോ. സി.വി. മടികൂടാതെ മറുപടി നല്‍കി നല്‍കി.-'നാസ്തികരെ ഖണ്ഡിക്കാന്‍ ശ്രമിച്ചിട്ടുള്ള ആസ്തികരോടും ആസ്തികരെ ഖണ്ഡിക്കാന്‍ ശ്രമിച്ചിട്ടുള്ള നാസ്തികരോടും ഞാന്‍ വാദിച്ചിട്ടുണ്ട്'.  ശ്രീനാരായണഗുരുവിന് ആ നിലപാടിനോട് യോജിപ്പുണ്ടായിരുന്നില്ല. വെറുതെ വാദിക്കുന്നതെന്തിന് എന്നദ്ദേഹം ചോദിക്കുകയും ചെയ്തങ്കിലും സി.വി.തന്റെ നിഷേധശൈലി ഉപേക്ഷിച്ചില്ല. സംസ്ഥാനത്ത് യുക്തിവാദിപ്രസ്ഥാനം സ്ഥാപിച്ചവരില്‍ ഒരാളായിരുന്നു അദ്ദേഹം. പക്ഷേ, നാസ്തികത അദ്ദേഹത്തിന്റെ സാമുദായികപരിഷ്‌കാരശ്രമങ്ങളെയോ ഗുരുഭക്തിയേയോ തകിടംമറിച്ചില്ല.

മതവിശ്വാസത്തെ ചോദ്യം
 ചെയ്തു

മതവിശ്വാസങ്ങളുടെ അടിത്തറയെത്തന്നെ ചോദ്യംചെയ്യുന്ന വാദങ്ങള്‍ അദ്ദേഹം പലപ്പോഴും ഉന്നയിച്ചിട്ടുണ്ട്്. മതവിശ്വാസികള്‍ക്ക്്് അത് അരോചകമായിത്തോന്നാം.'ഹിന്ദുക്കളുടെ അനാചാരങ്ങള്‍ സഹിക്കാതെയാണ് ദൈവം ബുദ്ധനെ ഭൂമിയിലേക്കയച്ചത്. അതുകൊണ്ട് അല്പകാലം വലിയ പൊറുതി ഉണ്ടായി. പിന്നെയും ഭക്തന്മാര്‍ നാനാവിധമായി. ദൈവം പിന്നെ ശങ്കരാചാര്യരെ അവതരിപ്പിച്ചു. ശങ്കരന്‍ യുക്തിവാദം ചെയ്തു ബുദ്ധവാദികളെ തോല്പിച്ചു. അതോടെ ഭക്തി വേറൊരു വഴിക്കായി. കപടസന്ന്യാസിമാരെക്കൊണ്ട് നിവൃത്തിയില്ലാതെ വന്നപ്പോഴാണ് കൃഷ്ണനായും ബുദ്ധനായും ശങ്കരാചാര്യരായും പ്രവാചകരെ അയച്ചത്. പിന്നെ പാലസ്തീനില്‍ ക്രിസ്തുവിനെ അവതരിപ്പിച്ചു. മര്യാദക്കാരാവാന്‍ ആളുകളോട് പറഞ്ഞതിനാണ് ക്രിസ്തുവിനെ കുരിശില്‍ തറച്ചത്. തുടര്‍ന്നാണ് അറബ് രാജ്യത്ത് ദൈവത്തിന്റെ അവതാരം ഉണ്ടായത്. മനുഷ്യനെ ഗുണപ്പെടുത്താന്‍ ഭഗവാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. എത്ര അവതരിച്ചാലും മനുഷ്യന്‍ നന്നാവില്ല എന്നു ദൈവത്തിനുറപ്പായി. അതുകൊണ്ട്  പിന്നീട് പ്രവാചകരെയൊന്നും അയച്ചുമില്ല- ഭഗവാന്‍ ഉറക്കത്തിലാണ്.! -പത്രചരിത്രഗവേഷകനായ ജി.പ്രിയദര്‍ശനന്‍ സി.വി.യുടെ ഇത്തരം വാദങ്ങളടങ്ങിയ മുഖപ്രസംഗങ്ങള്‍ ' കേരള പത്രപ്രവര്‍ത്തനം സുവര്‍ണധ്യായങ്ങള്‍ ' എന്ന കൃതിയില്‍ ഉദ്ധരിക്കുന്നുണ്ട്്. ദൈവം ഓരോ ഇടത്ത് ഓരോ വേദം ഇറക്കി മനുഷ്യനെ തമ്മില്‍തല്ലിക്കുകയാണെന്നും സി.വി. ഒരിടത്ത് എഴുതിയിട്ടുണ്ട്്.

അഭിപ്രായങ്ങളിലും കാഴ്ചപ്പാടുകളിലും ഒരുപാട് വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളും ഉണ്ടായിരുന്നുവെങ്കിലും ഇരുപതാം വയസ്സുമുതല്‍ ആറുപതിറ്റാണ്ടുകാലം സമുദായത്തെയും സാഹിത്യത്തെയും ഉയര്‍ത്താനാണ് അദ്ദേഹം നിരന്തരം യത്‌നിച്ചുപോന്നത്. ഏഴാം ക്ലാസ്സില്‍ പഠനം നിര്‍ത്തേണ്ടിവന്ന അദ്ദേഹം ജീവിതകാലം മുഴുവന്‍ പഠിക്കുകയും പഠിപ്പിക്കുകയും ആയിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ അദ്ദേഹം പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യത്തെക്കുറിച്ച് പല കഥകളും ഉണ്ട്. അതിലൊന്നു ഇപ്രകാരം.- പയ്യനായിരുന്നപ്പോള്‍ കുഞ്ഞുരാമന്‍ സ്‌കൂളില്‍പോകാതെ ചുറ്റിത്തിരിയുമായിരുന്നു. സംഭവം കണ്ടുപിടിച്ച കാരണവര്‍ പയ്യനെ കമുകില്‍ കെട്ടിയിട്ട് അടി തുടങ്ങി. എത്ര അടികിട്ടിയിട്ടും പയ്യന്‍ കരയുന്നില്ല. അതോടെ അടിയുടെ ശക്തികൂടി. അടി തുടരുന്നതിനിടയില്‍ പയ്യന്‍ വിളിച്ചുപറഞ്ഞു- കുഞ്ഞമ്മാച്ചു, അടിയൊന്നു നിര്‍ത്ത്.... കോണകം ഉരിഞ്ഞുപോയി...അതൊന്നുടുക്കട്ടെ- കാരണവര്‍ അതുകേട്ട് വടി ദൂരെയെറിഞ്ഞ്് കെട്ടഴിച്ചുവിട്ടു. മനസ്സിന്റെ കരുത്തുമാത്രമായിരുന്നില്ല ഇതെന്നാണ് അദ്ദേഹത്തെ അറിയുന്നവര്‍ പറഞ്ഞിരുന്നത്. എല്ലാറ്റിനോടും ഒരു നിസ്സംഗത പുലര്‍ത്തിയ അദ്ദേഹം, നര്‍മത്തോടും പരിഹാസത്തോടം ഏത് വിപരീതവാസ്ഥയെയും നേരിട്ടു. സാമുദായികമായ അടിച്ചമര്‍ത്തലിനെതിരെ പക്ഷേ,  ജീവിതാവസാനം വരെ വിട്ടുവീഴ്ചയില്ലാതെ പൊരുതി.

കേരളകൗമുദി

1911 ല്‍ മയ്യനാട്ട് നിന്ന് കേരളകൗമുദി ആരംഭിച്ചു. അതൊരു ജീവിതാഭിലാഷമായിരുന്നു. പത്രാധിപരും പ്രിന്ററും പബഌഷറും പ്രൂഫ് റീഡറുമെല്ലാം അദ്ദേഹമായിരുന്നു. തുടക്കത്തില്‍ അത് ആഴ്ചപ്പതിപ്പായിരുന്നു. മയ്യനാട് അദ്ദേഹത്തിന്റെ ജന്മനാടാണ്. പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ മകന്‍ കെ.സുകുമാരന്‍ അതു തിരുവനന്തപുരത്തെ പേട്ടയില്‍ ദിനപത്രമാക്കി തുടങ്ങി. മലയാളരാജ്യം ആഴചപ്പതിപ്പിന്റെയും സ്ഥാപകപത്രാധിപര്‍ അദ്ദേഹമായിരുന്നു. നവജീവന്‍, കഥാമാലിക, യുക്തിവാദി, നവശക്തി, വിവേകോദയം എന്നീ പ്രസിദ്ധീകരണങ്ങളുടെയും പത്രാധിപരായിരുന്നിട്ടുണ്ട്.

ഞാന്‍ എന്ന തലക്കെട്ടില്‍ ആത്മകഥ എഴുതി. കവിതയും നാടകവും പഠനങ്ങളും ജീവചരിത്രങ്ങളും വിവര്‍ത്തനങ്ങളും ക്ലാസിക്കുകളുടെ പുനര്‍നിര്‍മിതികളുമൊക്കെയായി നാല്പതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.

###

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

മാധ്യമങ്ങള്‍ വളര്‍ത്തുന്ന യുദ്ധഭ്രാന്ത്

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്