നുഴഞ്ഞു കേറുന്ന സെന്‍സര്‍ ഭൂതം: നിരോധനം ഒരു ടെസ്റ്റ് ഡോസ്


 


ദൃശ്യമാധ്യമങ്ങള്‍ എന്തു സംപ്രേഷണം ചെയ്യുന്നു, എങ്ങനെ സംപ്രേഷണം ചെയ്യുന്നു എന്നൊരു വലിയേട്ടന്‍ സദാ നോക്കിക്കൊണ്ടിരിക്കുകയും ഏട്ടന് ഇഷ്ടമില്ലാത്തതുകാണുമ്പോള്‍ ചാനലുകളെ ശിക്ഷിക്കുകയും ചെയ്യുന്നത് ഒരു നിയമാനുസൃത നടപടിതന്നെയാണ്. എന്‍.ഡി.ടി.വി നിരോധനം ഏകപക്ഷീയമാണ് എന്നു മുറവിളി ഉയരുന്നുണ്ടെങ്കിലും ഒരു നിയമത്തിന്റെ അടിസ്ഥാനത്തില്‍തന്നെയാണ് നടപടി എന്നതാണു സത്യം. ഇന്നു മുറവിളി കൂട്ടുന്നവരില്‍ പലരും കുറെക്കാലമായി നുഴഞ്ഞുവരുന്ന സെന്‍സര്‍ ഭൂതത്തെ ഒന്നുകില്‍ കണ്ടില്ല, അല്ലെങ്കില്‍ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു.

2015 ല്‍ പുതിയ സര്‍ക്കാര്‍ പ്രോഗ്രാം കോഡ് മാറ്റിയെഴുതിയതിനു ശേഷം ആദ്യമായാണ് ഒരു വാര്‍ത്താചാനല്‍ നിരോധിക്കാന്‍ ഉത്തരവിടുന്നത് എന്നതു ശരിയാണ്. പക്ഷേ, മുന്‍ ഗവണ്മെന്റിന്റെ കാലത്തും ഇത്തരം നടപടികള്‍ ഉണ്ടായിട്ടുണ്ട്.  എന്‍.ഡി.ടി.വി.യില്‍ 2014 ഏപ്രില്‍ 21 ന് സംപ്രേഷണം ചെയ്ത ഗുഡ് ടൈംസ് എന്ന പ്രോഗ്രാമില്‍ അശ്ലീലം ആരോപിച്ച്, ഒരു വര്‍ഷം കഴിഞ്ഞ് ഏപ്രില്‍ ഒമ്പതിന് പരിപാടികള്‍ ബ്ലാക്് ഔട്ട് ഉത്തരവിറങ്ങിയതാണ്. യു.പി.എ ഗവണ്മെന്റിന്റെ കാലത്ത് എട്ടുതവണ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് എന്‍.ഡി.ടി.വിക്കും സഹോദര ചാനലുകള്‍ക്കുമെതിരെ നടപടിയെടുത്തിട്ടുണ്ട്.  2013ല്‍ 14 ചാനലുകള്‍ക്ക് പ്രോഗ്രാം നിരോധന ഉത്തരവുകള്‍ നല്‍കിയിരുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.(ഫസ്റ്റ്‌പോസ്റ്റ്‌ഡോട്‌കോം നവ.7, 2016) ഇവയൊന്നും വാര്‍ത്തകളെച്ചൊല്ലിയായിരുന്നില്ല എന്ന വ്യത്യാസമേ ഉള്ളൂ.

തീര്‍ച്ചയായും, വാര്‍ത്തകളുടെ പേരില്‍ ആണ് നടപടി എന്നു വരുമ്പോള്‍ അത് അഭിപ്രായസ്വാതന്ത്ര്യത്തിനും ഫോര്‍ത്ത് എസ്റ്റേറ്റ് സങ്കല്പത്തിനും നേരെയുള്ള കൈയേറ്റമാണ്. 2005 മുതല്‍ കേന്ദ്ര വാര്‍ത്താ പ്രക്ഷേപണവകുപ്പ്  മാധ്യമങ്ങളുടെ സൂപ്പര്‍ എഡിറ്റര്‍ ആകാന്‍ ശ്രമിച്ചുകൊണ്ടിരുന്നു എന്നതാണ് സത്യം. 1995 ലെ കേബ്ള്‍ ടെലിവിഷന് നെറ്റ് വര്‍ക്ക്( റഗുലേഷന്‍) ആക്റ്റ് ആണ് ഇതിനുപയോഗിക്കുന്ന ആയുധം. എന്താണ് നല്ലത്, ഏതാണ് ശരി എന്നെല്ലാം തീരുമാനിക്കുന്നത് വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ തീര്‍ത്തും ആത്മനിഷ്ഠമായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ്. പ്രോഗ്രാമുകളുടെ സമയം മാറ്റാന്‍ പോലും ഉദ്യോസ്ഥന്മാര്‍ ഉത്തരവിട്ട സന്ദര്‍ഭങ്ങളുണ്ട്. ശ്ലീലാശ്ലീലതകളുടെ പേരിലാണ് മുമ്പ് ഇതെല്ലാം ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ ദേശീയ സുരക്ഷയുടെ വടിയെടുത്താണ് ഉദ്യോഗസ്ഥര്‍ മാധ്യമഭരണം നിര്‍വഹിക്കുന്നത്.

കേബ്ള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക്‌സ് റഗുലേഷന്‍ ആക്റ്റിലെ പല വ്യവസ്ഥകളും വളരെ അവ്യക്തങ്ങളാണ്. ആര്‍ക്കെതിരെയും എന്തു നടപടിയും എടുക്കാവുന്ന വിധം വിശാലവും വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്കു പഴുതുള്ളതുമാണ് ഇവ.
ഇതിലെ സുപ്രധാനമായ ഇരുപതാം വകുപ്പ് നോക്കൂ.

20. പൊതുതാല്പര്യം സംരക്ഷിക്കുന്നതിന് കേബ്ള്‍ ടെലിവിഷന്‍ നിരോധിക്കാനുള്ള അധികാരം.
1) പൊതുതാല്പര്യം സംരക്ഷിക്കുന്നതിന് ആവശ്യമാണെന്നു കേന്ദ്രസര്‍ക്കാറിനു തോന്നുകയാണെങ്കില്‍ ഒദ്യോഗിക വിജ്ഞാപനത്തിലൂടെ ഏതെങ്കിലും പ്രദേശത്തെ ഏതെങ്കിലും  കേബ്ള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിരോധിക്കാന്‍ അധികാരമുണ്ടായിരിക്കും.
2) താഴെച്ചേര്‍ത്ത ഏതെങ്കിലും സംരക്ഷിക്കുന്നതിന്-
(1) ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും
(2)ഇന്ത്യയുടെ സുരക്ഷിത്വം
(3) വിദേശരാജ്യങ്ങളുമായുള്ള സൗഹൃദം
(4) ക്രമസമാധാനം, മാന്യത, സദാചാരം

പരിപാടികള്‍ നിയന്ത്രി്ക്കാനോ നിരോധിക്കാനോ സര്‍ക്കാറിന് അധികാരമുണ്ടായിരിക്കും.

ഇതിനെല്ലാം പുറമെയാണ് പ്രോഗ്രാം കോഡ്. അതിലെ വിശദമായ  വ്യവസ്ഥകളുടെ ലംഘനത്തിനെതിരെയും നടപടിയെടുക്കാന്‍ അധികാരം നല്‍കുന്നുണ്ട്.

ഇത്തരം വ്യവസ്ഥകളൊന്നും ആവശ്യമില്ലെന്നോ ആര്‍ക്കും എന്തും സംപ്രേക്ഷണം ചെയ്യാനും സ്വാതന്ത്ര്യമുണ്ടാകണം എന്നോ ആര്‍ക്കും വാദമില്ല. തത്ത്വത്തില്‍ ഇത്തരം അധികാരങ്ങള്‍ സര്‍ക്കാറിനു ഉണ്ടാകേണ്ടതുണ്ട് എന്നു സമ്മതിക്കാം. പക്ഷേ, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ കുറ്റം കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്യുക, അതിനെക്കുറിച്ചുള്ള പരാതി മന്ത്രിസഭാസമിതി പരിശോധിതക്കുക എന്നു വരുമ്പോള്‍ ആ സംവിധാനം അമിതാധികാരമകുകയും വിഷയം മാധ്യമപ്രവര്‍ത്തനമാകുമ്പോള്‍ അത് മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും ഭീഷണിയാകുകയും ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല.

എന്‍.ഡി.ടി.വി. നിരോധനത്തിനു പിന്നില്‍ മോദിസര്‍ക്കാറിന്റെ രാഷ്ട്രീയ പ്രതികാരബുദ്ധി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നു ധരിക്കുന്നത് തെറ്റാവില്ല. പത്താന്‍കോട്ട് സംഭവത്തിന്റെ റിപ്പോര്‍ട്ടിങ്ങില്‍ രാജ്യവിരുദ്ധതാല്പര്യങ്ങള്‍ ഏതെങ്കിലും മാധ്യമത്തെ സ്വാധീനിച്ചു എന്നു ആര്‍ക്കം ആക്ഷേപമില്ല. മാധ്യമറിപ്പോര്‍ട്ടിങ്ങ് കൊണ്ടു എന്തെങ്കിലും ദ്രോഹമോ ദോഷമോ ഉണ്ടായി എന്നും പരാതിയില്ല. റിപ്പോര്‍ട്ടിങ്ങിലെ മത്സരബുദ്ധി ചിലപ്പോള്‍ വിവേചനശേഷി നശിപ്പിക്കാറുണ്ടെന്നത് പൊതു പരാതിയാണ്. അത് ഭീകരാക്രമണസമയത്തു മാത്രമല്ലതാനും. പക്ഷേ, പത്താന്‍കോട്ടില്‍ ആര്‍ക്കും അങ്ങനെ എക്‌സ്‌ക്ലൂസീവുകളൊന്നും ഇല്ല. ഏതാണ്ട് എല്ലാ ചാനലുകളും തുല്യരീതിയിലാണ് ആക്രമണവും തുടര്‍സംഭവങ്ങളും സംപ്രേഷണം ചെയ്തത്. പൂര്‍ണമായും പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള ക്യാമ്പിലും പരിസരപ്രദേശങ്ങളിലും ചാനല്‍ക്യാമറകള്‍ക്ക് സ്വാഭാവികമായ നിയന്ത്രണങ്ങളും പരിമിതികളുമുണ്ട്. ആയുധപ്പുരകളും മറ്റ് അത്തരം കേന്ദ്രങ്ങളും എവിടെയായാലും ചാനലുകള്‍ക്ക് അപ്രാപ്യമാണ്. അതെല്ലാം തുറന്നുതരണമെന്ന് ആരും ആവശ്യപ്പെടാറുമില്ല. പട്ടാളക്യാമ്പിന്റെ അകത്തെ മുറികളില്‍പ്പോലും ഒരു തടസ്സവുമില്ലാതെ ഭീകരര്‍ക്കു കയറാനും പട്ടാളക്കാരെ അടച്ചുപൂട്ടി തീയിട്ടുകൊല്ലാനും അവസരമൊരുക്കിയത് നാടിനെ നാണം കെടുത്തുന്ന കൊള്ളരുതായ്മയായിരുന്നു. അതെല്ലാം മറച്ചുവെച്ചാണ് ഒരു മാധ്യമത്തെ ഒറ്റ തിരിഞ്ഞ് ആക്രമിച്ച് രോഷംതീര്‍ക്കാനുള്ള ഈ ശ്രമം.

മോദിസര്‍ക്കാറിനെ അടിക്കാനുള്ള നല്ല വടിയായി ഈ നടപടി ഇപ്പോള്‍  മാറിയിട്ടുണ്ടെങ്കിലും അതൊരു തരത്തില്‍ നന്നായി എന്നും  കരുതാവുന്നതാണ്. മുന്‍ഗവണ്മെന്റും മാധ്യമസ്വാതന്ത്ര്യത്തിന്റെ അതിരും പരിധിയും തീരുമാനിക്കാന്‍ ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിരുന്നതെന്നും പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തില്‍ത്തന്നെ അഭിപ്രായസ്വാതന്ത്ര്യ നിഷേധത്തിന്റെ വിത്തുകള്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. ടെലിവിഷന്‍, അച്ചടിമാധ്യമത്തില്‍നിന്നു വ്യത്യസ്തമായി, ഭരണയന്ത്രത്തിനു കീഴ്‌പെട്ടാണ് പ്രവര്‍ത്തിച്ചുപോരുന്നതെന്ന യാഥാര്‍ത്ഥ്യവും പുതിയ വിവാദം വെളിപ്പെടുത്തുന്നുണ്ട്. സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞ കാര്യങ്ങള്‍ അനുസരിച്ചില്ല എന്ന് ആരോപിച്ച കേന്ദ്ര ഐ.ആന്റ് ബി. മന്ത്രാലയത്തിന് ഏതെങ്കിലും പത്രം ഇത്രനാള്‍ അടച്ചിടണമെന്ന് ശിക്ഷ വിധിക്കാന്‍ പറ്റുമായിരുന്നോ? പറ്റില്ല. പക്ഷേ ചാനലുകള്‍ അടച്ചിടാം. തീര്‍ച്ചയായും ഇതിന് ആധാരമായ നിയമം നമ്മുടെ ജനപ്രതിനിധികള്‍ ഉണ്ടാക്കിയതുതന്നെയാണ്.

അച്ചടിയേക്കാള്‍ ശക്തിയുള്ള മാധ്യമമാണ് ദൃശ്യമാധ്യമം. എന്നിട്ടും എന്തുകൊണ്ടാണ് ഒരു നിയന്ത്രണസംവിധാനം ഈ മാധ്യമത്തിലില്ലാത്തത്? എന്തെല്ലാം കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും അച്ചടി മാധ്യമത്തിന് തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ പ്രസ് കൗണ്‍സിലുണ്ട്. എന്തുകൊണ്ട് പ്രസ് കൗണ്‍സില്‍ മാറ്റി മീഡിയ കൗണ്‍സില്‍ ആക്കുകയും അതിനു കൂറെക്കൂടി ജുഡീഷ്യല്‍ അധികാരങ്ങള്‍ നല്‍കുകയും ചെയ്യാന്‍ ഇതുവരെ സാധ്യമായില്ല?

നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം രൂപം കൊണ്ടതാണ് ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി. അതു ചാനലുകള്‍തന്നെ ഉണ്ടാക്കിയ,  ഉള്ളടക്കസംബന്ധമായ പരാതികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സ്വതന്ത്ര സംവിധാനമാണ്.  പക്ഷേ, ഇന്ത്യയിയുള്ള നാനൂറോളം ചാനലുകളില്‍ ഇരുപതു ശതമാനം മാത്രമേ ഈ സംവിധാനത്തിന്റെ ഭാഗമായിട്ടുള്ളൂ. പരാതികളില്‍ തീരുമാനമെടുക്കുകയും ശിക്ഷകള്‍ നല്‍കുകയുമൊക്കെ ചെയ്യുന്നുണ്ട്. മര്യാദയില്ലാത്ത ഉള്ളടക്കങ്ങള്‍ക്ക് പിഴശിക്ഷ നല്‍കിയിട്ടുമുണ്ട്. പക്ഷേ, ഇതൊന്നും ചാനല്‍ ധാര്‍മികതയ്ക്ക് മുതല്‍ക്കൂട്ടായ യാതൊരു ലക്ഷണവുമില്ല.

മാധ്യമനിയന്ത്രണത്തിന് കാര്യക്ഷമമായ സംവിധാനം ഉണ്ടായേ തീരൂ. ഇത് ഉദ്യോഗസ്ഥന്മാരുടെയോ രാഷ്ട്രീയ മേധാവികളുടെയോ ഇഷ്ടാനുഷ്ടങ്ങള്‍ക്ക് അനുസരിച്ച് മാധ്യമങ്ങളെ ശിക്ഷിക്കാനും രക്ഷിക്കാനുമുള്ള സംവിധാനമായിക്കൂടാ. വ്യക്തമായ നിയമങ്ങളുടെയും മാധ്യമധാര്‍മികതയുടെയും ഭരണഘടനാദത്തമായ അഭിപ്രായ-ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളുടെയും അടിസ്ഥാനത്തിലുള്ള ഒരു അര്‍ദ്ധ ജുഡീഷ്യല്‍ സംവിധാനത്തിനു മാത്രമേ മാധ്യമസംബന്ധമായ പരാതികള്‍ പരിശോധിക്കാനും ആവശ്യമെങ്കില്‍ ശിക്ഷ നല്‍കാനുമുള്ള അധികാരമുണ്ടായിക്കൂടൂ.

സ്വതന്ത്ര സെക്കുലര്‍ നിലപാടുകളുള്ള ഒരു മാധ്യമം എന്ന നിലയില്‍ എന്‍.ഡി.ടി.വി.യെ കേന്ദ്രംഭരിക്കുന്ന ബി.ജെ.പി. ലക്ഷ്യം വെക്കുകയാണെന്ന ധാരണ പരന്നതും മാധ്യമലോകത്തുനിന്നുള്ള പ്രതികൂല പ്രതികരണവമുമാകാം മാധ്യമനിരോധനം നിര്‍ത്തിവെക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചിരിക്കുക. നടപടി നിര്‍ത്തിവെച്ചാലും ബി.ജെ.പി. നേതൃത്വത്തിന്റെ രണ്ടു ഉദ്ദേശ്യങ്ങള്‍ ഒരു പരിധിവരെ സാധിച്ചെന്നു വേണം കരുതാന്‍. ഒന്ന്, രാജ്യരക്ഷയുടെയും രാജ്യസ്‌നേഹത്തിന്റെയും കുത്തക തങ്ങള്‍ക്കാണെന്നു ഒരിക്കല്‍കൂടി തങ്ങളുടെ ഭക്തജനവിഭാഗങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. രാജ്യരക്ഷയേക്കാള്‍ വലുതല്ല മാധ്യമസ്വാതന്ത്ര്യം എന്ന വാദം ഒരുപക്ഷേ മാധ്യമങ്ങളില്‍ വിലപോകില്ലായിരിക്കാം. പക്ഷേ, സോഷ്യല്‍മീഡിയയും മറ്റും ഉപയോഗിച്ച് മാധ്യമങ്ങളെയും മാധ്യമസ്വാതന്ത്ര്യത്തിന്റെ പക്ഷം നില്‍ക്കുന്ന പ്രതിപക്ഷത്തേയും പ്രതblished ിക്കൂട്ടിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. രണ്ടാമത്, മാധ്യമങ്ങളെയും ശിക്ഷിക്കാന്‍ മടിക്കില്ലെന്ന സന്ദേശം നല്‍കുന്നത് ദൃശ്യമാധ്യമ നടത്തിപ്പുകാരെ കുറച്ചെല്ലാം 'മര്യാദ'ക്കാരാക്കാനും വരുതിയില്‍ നിര്‍ത്താനും പ്രയോജനപ്പെടുമെന്നു തീര്‍ച്ച. ചെറിയ ഡോസുകള്‍ കൊടുക്കുമ്പോഴുള്ള പ്രതികരണങ്ങളില്‍ നിന്നാണല്ലോ മരുന്നിന്റെ ചില ഗുണദോഷങ്ങല്‍ പഠിക്കാന്‍ കഴിയുക.

Published in Madhyamam weekly Nov 2016

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

മാധ്യമങ്ങള്‍ വളര്‍ത്തുന്ന യുദ്ധഭ്രാന്ത്

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്