കെ.ജയചന്ദ്രന്റെ കാലവും കാലശേഷവും


വയനാട്ടില്‍ ഒരു പത്രപ്രവര്‍ത്തന ശില്പശാലയില്‍ സംസാരിക്കവേ സ്വാഭാവികമായും കെ.ജയചന്ദ്രനെ ഓര്‍മവന്നു. ജയചന്ദ്രന്റെ കാലത്തെ ഇടപെടലുകള്‍ കൊണ്ടോ അതിനു ശേഷമുള്ള വികസനനയങ്ങള്‍ കൊണ്ടോ വയനാട്ടിലെ ആദിവാസികളുടെ അവസ്ഥ മെച്ചപ്പെട്ടുവോ?  ആദിവാസിപ്രശ്‌നങ്ങളില്‍ ഇന്നു മാധ്യമങ്ങള്‍ എത്രത്തോളം ഇടപെടുന്നുണ്ട്? ചോദ്യത്തിന് ചില പത്രപ്രവര്‍ത്തകരില്‍ നിന്നും അപ്രതീക്ഷിതമായ പ്രതികരണമാണ് ഉണ്ടായത്. ജയചന്ദ്രന്‍ ചെയ്ത കാര്യങ്ങള്‍ ഇങ്ങനെ എപ്പോഴും എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ അര്‍ത്ഥം ഇപ്പോഴത്തെ പത്രപ്രവര്‍ത്തകര്‍ ഒന്നും ചെയ്യുന്നില്ല എന്ന കുറ്റപ്പെടുത്തലല്ലേ?

ജയചന്ദ്രന്റെ പത്രപ്രവര്‍ത്തനത്തെ ഓര്‍ക്കുന്നത് അതിനു ശേഷമുള്ളവരില്‍ എടുത്തുപറയത്തക്ക ആരും ഇല്ലാത്തതുകൊണ്ടല്ല. അതിനു മുമ്പും അതിനു ശേഷവും ആദിവാസികളെക്കുറിച്ചും അനീതികള്‍ക്കെതിരെയും പത്രപ്രവര്‍ത്തകര്‍ എഴുതിയിട്ടുണ്ട്. ഇപ്പോഴും എഴുതുന്നുമുണ്ട്. പക്ഷേ, തീര്‍ച്ചയായും ജയചന്ദ്രന് ഉണ്ടാക്കാന്‍ കഴിഞ്ഞ പ്രതികരണം മറ്റാര്‍ക്കും ഉണ്ടാക്കാനായിട്ടില്ല എന്നതൊരു സത്യമാണ്. അതു പത്രപ്രവര്‍ത്തകന്റെ കുറ്റമല്ല. ആദ്യമായി ഒരാള്‍ ആദിവാസി ജീവിതത്തിന്റെ ദുരിതങ്ങള്‍ എഴുതി എന്നതു മാത്രമാണോ ജയചന്ദ്രന് പ്രത്യേക ശ്രദ്ധ കിട്ടാന്‍ കാരണം? അതും സത്യമല്ല. ആദ്യമായോ അവസാനമായോ അല്ല ജയചന്ദ്രന്‍ വരുന്നത്. ജയചന്ദ്രനു മുമ്പും പലരെഴുതിയിട്ടുണ്ട്. വയനാട്ടിലെ ആദിവാസി ജീവിതത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍തന്നെ എഴുതപ്പെട്ടിട്ടുണ്ട്. ജയചന്ദ്രനു ശേഷവും വയനാട്ടിലെയും അട്ടപ്പാടിയിലെയും ആദിവാസി പ്രശ്‌നങ്ങളെക്കുറിച്ച് വാര്‍ത്താപരമ്പരകള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്്്്്്.

ജയചന്ദ്രന്‍ ശ്രദ്ധിക്കപ്പെട്ടതും ഓര്‍മിക്കപ്പെടുന്നതും ഒരേയൊരു കാരണം കൊണ്ടാണ് എന്നു തോന്നുന്നു. ആദിവാസികള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ, നഗരത്തിന്റെ, വികസനത്തിന്റെ, സമ്പത്തിന്റെ, അതിരുകളിലും എതിരുകളിലും കിടന്ന മനുഷ്യരോടു ജയചന്ദ്രന്‍ കാണിച്ച സ്‌നേഹവും അടുപ്പവും തന്നെയാണത്. അത്തരക്കാരോടുള്ള പ്രതിജ്ഞാബദ്ധതയില്‍ ജയചന്ദ്രന്‍ ആദ്യാവസാനം വെള്ളം ചേര്‍ത്തില്ല. നമുക്കെല്ലാം മറ്റു പല വാര്‍ത്താതാല്പര്യങ്ങള്‍ക്കിടയില്‍ വല്ലപ്പോഴും വരുന്നതാണ് മനുഷ്യത്വവും കരുണയുമെല്ലാം. ജയചന്ദ്രന് അതായിരുന്നു മാധ്യമപ്രവര്‍ത്തനം.

മാധ്യമപ്രവര്‍ത്തനത്തിനു കുറെ പരിമിതികളുണ്ട്. വായനാസുഖമുള്ള വാര്‍ത്തകള്‍ പോലും പലവട്ടം ആവര്‍ത്തിക്കാനാവില്ല. ഒന്നുതന്നെ എഴുതി വിരസത സൃഷ്ടിക്കുന്നു എന്നാവും പരാതി. ആദിവാസി ചൂഷണത്തെക്കുറിച്ചും കഷ്ടപ്പാടിനെക്കുറിച്ചും മാത്രമല്ല പട്ടിണി മരണത്തെക്കുറിച്ചുപോലും എപ്പോഴും എഴുതിക്കൊണ്ടിരിക്കാനാവില്ല. ജയചന്ദ്രന്‍ വയനാട്ടില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ അതുപോലെ എഴുതിക്കൊണ്ടേ ഇരിക്കുമായിരുന്നോ എന്ന ചോദ്യമുണ്ട്. എഴുതിക്കൊണ്ടേ ഇരിക്കേണ്ടി വരുന്നു എങ്കില്‍ അതിനര്‍ത്ഥം എഴുത്തുകൊണ്ടൊന്നും ഒരു പ്രയോജനവുമുണ്ടാകുന്നില്ല എന്നുകൂടിയാണ്. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് മാധ്യമത്തിന്റെ ഉത്തരവാദിത്തം. സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റു സ്ഥാപനങ്ങള്‍ വേണം  പ്രശ്‌നപരിഹാരത്തിനുള്ള നടപടികള്‍ കണ്ടെത്താനും നടപ്പാക്കാനും. ഈ സംവിധാനങ്ങള്‍ അമ്പേ പരാജയപ്പെടുന്നു എന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ എന്നതിലേറെ പൊതുസമൂഹത്തിന്റെതന്നെ പരാജയമായേ കാണാനൊക്കു.

ഈ കാലമെല്ലാം കഴിഞ്ഞിട്ടും ആദിവാസികള്‍ പൊതുസമൂഹത്തിന്റെ ഭാഗമേ ആയിട്ടില്ല എന്നതുകൂടി കാണേണ്ടതുണ്ട്്. മുകളില്‍ സൂചിപ്പിച്ച മാധ്യമ വര്‍ക്ക്‌ഷോപ്പിനു വേണ്ടി വയനാട്ടില്‍ പോയപ്പോള്‍ മലയാള പത്രങ്ങളുടെ ചരമപ്പേജുകള്‍ ഓടിച്ചൊന്നു നോക്കി. എത്ര ആദിവാസികളുടെ മരണം ആ ദിവസം വാര്‍ത്തയായി വന്നിട്ടുണ്ടെന്നറിയുക മാത്രമായിരുന്നു ഉദ്ദേശ്യം. ഇല്ല, ഞാന്‍ നോക്കിയ ദിവസം മാത്രമല്ല, തൊട്ടുപിറകിലെ ദിവസങ്ങളിലും ഒരു ആദിവാസിയുടെയും മരണം ചരമക്കോളത്തിലില്ല. നാട്ടില്‍ ആരുമരിച്ചാലും വാര്‍ത്തയാവുന്നു. ആദിവാസിയുടെ ചരമം പട്ടിണി കൊണ്ടോ റോഡപകടത്തിലോ മണ്ണിടിഞ്ഞോ അല്ലെങ്കില്‍ വാര്‍ത്തയാവില്ല. വാര്‍ത്തയാക്കേണ്ട എന്നു മാധ്യമങ്ങള്‍ തീരുമാനിക്കുന്നതല്ല. വാര്‍ത്തയുമായി ആരും ബു്യൂറോകളില്‍ എത്തുകപോലുമില്ല.

വയനാട് ജനസംഖ്യയുടെ പതിനെട്ടു ശതമാനംവരും ആദിവാസികള്‍ എന്നാണ് കണക്ക്. ഇതില്‍ അറുപത്തഞ്ചു ശതമാനം സാക്ഷരരാണെന്നും കണക്കുണ്ട്. എന്നിട്ടും ആദിവാസിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാര്‍ത്തയാകാത്തത് എന്തുകൊണ്ട് എന്നതും ആലോചിക്കേണ്ട വിഷയമാണ്. ആദിവാസികള്‍ മുന്നോട്ടു പോയിട്ടില്ല, അവരെ മുന്നോട്ടുകൊണ്ടുവരാന്‍ ശ്രമിച്ചു എന്നു പറയുന്ന മാധ്യമങ്ങളും മുന്നോട്ടുപോയിട്ടില്ല. പാര്‍ശ്വവല്‍കൃതര്‍ക്കും ഭാവിയുണ്ടെന്നും അവര്‍ ഇന്നല്ലെങ്കില്‍ നാളെ തങ്ങളുടെ വായനക്കാരാവുമെന്നുമുള്ള കച്ചവടചിന്തയെങ്കിലും മാധ്യമങ്ങള്‍ക്കില്ലാതെ പോവരുതല്ലോ.

മാധ്യമപ്രവര്‍ത്തകര്‍ വല്ലപ്പോഴും മാത്രം കൗതുക ഫീച്ചറുകളും പഞ്ചവത്സര പദ്ധതി വികസനവും എഴുതാന്‍ മാത്രം ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ചുപോന്ന കാലത്താണ് കെ.പാനൂര്‍ എന്നൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വയനാട്ടിലെ ആദിവാസികളെക്കുറിച്ചു പഠിച്ച് കേരളത്തിലെ ആഫിക്ക എന്ന പുസ്തകം എഴുതിയത്. ആദിവാസികളുടെ വിചിത്രാചാരങ്ങളും മറ്റു കൗതുകങ്ങളും മാത്രമല്ല അവരുടെ ദയനീയ ജീവിതവും പാനൂര്‍ വിഷയമാക്കി. കൊടിയ അന്ധവിശ്വാസവും ചൂഷണവും പീഡനവും, അപ്പോഴും തുടര്‍ന്നു പോന്ന അടിമപ്പണിയും വിവരിക്കുന്ന ആ പുസ്തകം ആദ്യം ഉണ്ടാക്കിയ പ്രതികരണത്തെക്കുറിച്ച് ഇന്നു കേള്‍ക്കുമ്പോള്‍ അമ്പരപ്പു തോന്നാം. സ്വാതന്ത്ര്യം കിട്ടി പതിനാറുകൊല്ലം കഴിഞ്ഞിട്ടും ഇപ്പോഴും അടിമപ്പണി തുടരുന്നു എന്നെഴുതിയത് രാജ്യദ്രോഹമാണെന്നും രാജ്യദ്രോഹക്കുറ്റത്തിനു കെ.പാനൂരിന്റെ പേരില്‍ നടപടിയെടുക്കുമെന്നും പുസ്തകം കണ്ടുകെട്ടുമെന്നും നിയമസഭയില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച കാര്യം പുസ്തകത്തിന്റെ രണ്ടാം പതിപ്പില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. 1963ലാണ് സംഭവം. ഇന്ന് അങ്ങനെ സംഭവിക്കില്ല. ഇക്കാര്യത്തിലെങ്കിലും നമ്മള്‍ പുരോഗമിച്ചിട്ടുണ്ടെന്നു ആശ്വസിക്കാം! പാനൂരിനെതിരെ നടപടിയുണ്ടായില്ല എന്നു മാത്രമല്ല, അദ്ദേഹത്തെ പിന്നീട് വയനാട്ടിലെ ടൈബല്‍ പ്രോജക്റ്റ് ഓഫീസറായി നിയമിക്കുകയും ചെയ്തു.

അദ്ദേഹം രേഖപ്പെടുത്തിയ ഒരു കാര്യം, വെറുതെ കൗതുകംകൊണ്ട് ഇവിടെ ചേര്‍ക്കുന്നു. 'ഹൃദയാലുക്കള്‍ കുറച്ചു ശ്രദ്ധിച്ചാല്‍ വളരെവേഗം അഭിവൃദ്ധിപ്പെടുത്താവുന്ന ഒരു ജനതയാണ് അടിയര്‍' എന്നദ്ദേഹം എഴുതിയിട്ടുണ്ട്്. തന്റെ പ്രതീക്ഷയെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ അടിയരുടെ നാട്ടുമൂപ്പനോടു അഭിപ്രായം ചോദിച്ചു. മറുപടി പറയാന്‍ മൂപ്പന്‍ ദൈവങ്ങളെ വിളിച്ചൊന്നാടി. ദൈവം ഉറഞ്ഞുതുള്ളി. അടിയരെ അഭിവൃദ്ധിപ്പെടുത്താനുള്ള ശ്രമം വിജയിക്കുമോ എന്ന ചോദ്യം കേട്ട് ദൈവം അല്പനേരം മൗനം പൂണ്ടു. അതിനുശേഷം, ഒരു ദൈവിക പരീക്ഷണത്തിലേര്‍പ്പെട്ടു. ഒറ്റവെട്ടു കൊണ്ട് ഒരു തേങ്ങ ഉടച്ചു. ' തേങ്ങാമുറികള്‍ കമിഴ്ന്നു വീണതുകണ്ടില്ലേ, വിജയിക്കും' എന്നായിരുന്നു ദൈവത്തിന്റെ ഘനഗംഭീര പ്രഖ്യാപനം.

ദൈവാഗ്രഹവും ഫലവത്തായില്ലെന്നു മാത്രം!

ജയചന്ദ്രന്റെ വയനാട് ജീവിതം അവസാനിക്കുന്ന 1984-85 കാലത്ത് ഞാന്‍ പാലക്കാട്ട് മാതൃഭൂമിയുടെ ലേഖകനായിരുന്നു. പാലക്കാടുണ്ടായിരുന്ന രണ്ടു വര്‍ഷത്തിനിടയില്‍ പലവട്ടം അട്ടപ്പാടിയില്‍ പോയി ആദിവാസി പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വയനാട്ടിലായാലും അട്ടപ്പാടിയിലായാലും ആദിവാസിക്ഷേമത്തിന്റെയും ദുരിതത്തിന്റെയും അവസ്ഥ വിശ്വസനീയമായ സ്ഥിതിവിവരക്കണക്കുകളിലൂടെ അവതരിപ്പിക്കുക പ്രയാസമായിരുന്നു. നേരില്‍ കണ്ട സത്യങ്ങളാണ് പത്രപ്രവര്‍ത്തകര്‍ എഴുതിയിരുന്നത്. മൂന്നു പതിറ്റാണ്ടു കൊണ്ടു സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടോ? ഇതിന്റെ ഉത്തരവും ശാസ്ത്രീയ പഠനത്തിലൂടെയേ കണ്ടെത്താവാവൂ. ശിശുമരണ നിരക്ക് ഉയരുന്നതിനെക്കുറിച്ച് അന്നു ചര്‍ച്ച കേട്ടിട്ടില്ല. 2015 ആദ്യം കേരളത്തിലുയര്‍ന്നുവന്ന ഒരു ചര്‍ച്ച അട്ടപ്പാടിയില്‍ നിരന്തരം ഉണ്ടാകുന്ന ശിശുമരണത്തെക്കുറിച്ചായിരുന്നു.

സ്ഥിതിഗതികള്‍ ഒട്ടും മെച്ചപ്പെട്ടിട്ടില്ലെന്നു തന്നെയാണ് പത്രപ്രവര്‍ത്തകരുടെ അന്വേഷണങ്ങള്‍ വെളിവാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ സ്ഥിതി സോമാലിയയിലേതിനേക്കാള്‍ മോശമാണ് എന്നു ആക്ഷേപിച്ചപ്പോള്‍ രോഷാകുലമായ പ്രതികരണങ്ങള്‍ ഉണ്ടായി. പക്ഷേ, കേരളത്തിലെ സോമാലിയ ആയിരിക്കുന്നു അട്ടപ്പാടി എന്ന് പ്രധാനമന്ത്രി പറയുന്നതിനു മുമ്പുതന്നെ പത്രപ്രവര്‍ത്തകരുള്‍പ്പെടെ പലരും പറഞ്ഞിട്ടുണ്ട്. കേരളത്തേക്കാള്‍ മോശം ശിശുമരണനിരക്കുള്ള ഗുജറാത്ത് ദീര്‍ഘകാലം ഭരിച്ച ആള്‍ അതു പറയുന്നതേ പ്രശ്‌നമായിരുന്നുള്ളൂ. പക്ഷേ, അട്ടപ്പാടിയിലെ മോശമായി വരുന്ന അവസ്ഥയെക്കുറിച്ച് പല അന്വേഷണറിപ്പോര്‍ട്ടുകളും അപ്പോള്‍തന്നെ ലഭ്യമായിരുന്നു.

കിലയുടെ ഒരു പഠനറിപ്പോര്‍ട്ട് പ്രകാരം 48 ശതമാനം ആദിവാസികുടുംബങ്ങളും ദരിദ്രരാണ്. കോട്ടത്തറയില്‍ ഒരു ആരോഗ്യക്യാമ്പില്‍ പങ്കെടുത്ത ആദിവാസികളില്‍ 78 ശതമാനം കുഞ്ഞുങ്ങള്‍ ഭാരക്കുറവുള്ളവരും 77 ശതമാനം വളര്‍ച്ച മുരടിച്ചവരും ആയിരുന്നു. 85 ശതമാനം സ്്ത്രീകളും രക്തക്കുറവു മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. അട്ടപ്പാടി ശിശുമരണനിരക്ക് മൂന്നു വര്‍ഷത്തിനിടെ 120 ആയി ഉയര്‍ന്നു എന്നാണ് അനൗദ്യോഗികമായി കണക്കാക്കിയിരിക്കുന്നത്. കേരളത്തിന്റെ പൊതുശിശുമരണനിരക്ക് പന്ത്രണ്ടും ദേശീയ ശരാശരി നാല്പതുമാണ്. 41 ആണ് ഗുജറാത്തിലേത്. ഇരുപത്തഞ്ചും മുപ്പതും മാത്രം കിലോഗ്രാം തൂക്കമുള്ള അമ്മമാര്‍ അര കിലോ മാത്രം തൂക്കമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കുന്നതായി ശിശുമരണത്തെക്കുറിച്ചുള്ള അന്വേഷണപരമ്പരയില്‍  രാഷ്ട്രദീപിക ലേഖകന്‍ റെജി ജോസഫ് ചൂണ്ടിക്കാട്ടി. ഇതൊരു ജനതയുടെ വംശനാശത്തിന്റെ സൂചനയാണ്. പക്ഷേ, ഒറ്റപ്പെട്ട പ്രതികരണങ്ങളേ നമ്മുടെ മാധ്യമങ്ങളില്‍ നിന്നുണ്ടായുള്ളൂ. അധികം പത്രങ്ങളോ ടെലിവിഷന്‍ ചാനലുകളോ ഇതന്വേഷിക്കാന്‍ പ്രത്യേകമായ ശ്രമമൊന്നും നടത്തിയില്ല. പ്രധാനമന്ത്രിയുടെ പരാമര്‍ശം വിവാദമായിട്ടുപോലും അതിലെന്തെങ്കിലും ശരിയുണ്ടോ എന്ന് അന്വേഷിക്കാന്‍ ദേശീയപത്രങ്ങളും മുതിര്‍ന്നില്ല.

ദേശീയമാധ്യമങ്ങളെക്കുറിച്ച് പി.സായ്‌നാഥ് പറയാറുള്ളത് മെല്ലെ കേരള മാധ്യമങ്ങള്‍ക്കും ബാധകമായി വരുന്നു എന്നതാണ് കെ.ജയചന്ദ്രന്റെ ശേഷകാലത്ത് സംഭവിച്ച ഒരു മാറ്റം. കര്‍ഷക ആത്മഹത്യയും കൊടുംവരള്‍ച്ചയും റിപ്പോര്‍ട്ട് ചെയ്യാന്‍ ലേഖകരെ അയക്കാന്‍ കൂട്ടാക്കാത്ത മാധ്യമങ്ങള്‍ സൗന്ദര്യമത്സരം റിപ്പോര്‍ട്ട് ചെയ്യാന്‍ വലിയ സംഘങ്ങളെത്തന്നെ അയക്കും. ആദിവാസികളെക്കുറിച്ച് എഴുതാന്‍ അന്നത്തെ പത്രാധിപന്മാര്‍ ജയചന്ദ്രനെ പ്രോത്സാഹിപ്പിച്ചിരുന്നു.  മതി ആദിവാസിക്കഥ, എത്രയാണിത് എഴുതിക്കൂട്ടുന്നത്... എന്നൊരു ന്യൂസ് എഡിറ്ററും പറഞ്ഞില്ല. വിംസി എന്ന വി.എം.ബാലചന്ദ്രന്‍ ആയിരുന്നില്ല ജയചന്ദ്രന്റെ ന്യുസ് എഡിറ്റര്‍ എങ്കില്‍ ഒരു പക്ഷേ അങ്ങനെ സംഭവിച്ചേനെ. എഡിറ്റോറിയല്‍ നയങ്ങളുടെ രൂപവല്‍ക്കരണം കമ്പനിയുടെ മുകള്‍ത്തട്ടുകളില്‍ കേന്ദ്രീകരിക്കുന്ന അവസ്ഥയും അന്നുണ്ടായിരുന്നില്ലല്ലോ. ഇന്ന് ഒരു ലേഖകനും നിരന്തരമായി ഒരു വിഷയത്തെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കാനാവില്ല. ആവശ്യത്തിന് ലേഖകന്മാര്‍ ഒരു പത്രത്തിനുമില്ല. ഇനി വല്ലതും എഴുതിയാല്‍ത്തന്നെ അവ പ്രാദേശികപേജുകളില്‍ ഒതുക്കപ്പെടുക തന്നെ ചെയ്യും.

പത്രപ്രവര്‍ത്തനം നല്ലൊരു ജീവിതമാര്‍ഗമാണ് എന്ന ധാരണയോടെ കടന്നുവന്ന ആളായിരുന്നില്ല ജയചന്ദ്രന്‍. തീര്‍ച്ചയായും ഉപജീവനമാര്‍ഗം അദ്ദേഹത്തിനും അത്യാവശ്യംതന്നെയായിരുന്നു.  പഠനത്തിനിടയിലും പഠനശേഷവും ജയചന്ദ്രന്‍ ചെറിയ ജോലികളില്‍  വരുമാനമാര്‍ഗം കണ്ടെത്തിയിരുന്നു. കലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ജേണലിസം കോഴ്‌സ് കഴിഞ്ഞ ശേഷവും പ്രയാസപ്പെട്ടു മത്സരപരീക്ഷയെഴുതി എവിടെയെങ്കിലും ജോലിസ്ഥിരതയും വേജ്‌ബോര്‍ഡ് നിരക്കില്‍ ശമ്പളവുമുള്ള ജോലി നേടാന്‍ ജയചന്ദ്രന്‍ ശ്രമിച്ചതേയില്ല. ഇങ്ങനെ പാര്‍ട്ട് ടൈം ശമ്പളവും ഫുള്‍ടൈം അധ്വാനവുമുള്ള ജോലി സ്വയംസ്വീകരിച്ച് അതിനു മുകളില്‍ പോകാന്‍ താല്പര്യംപോലും പ്രകടിപ്പിക്കാതിരുന്ന അധികം പേരെ ജയചന്ദ്രനു ശേഷമുള്ള തലമുറയില്‍ കാണുകയില്ല. സക്കറിയ എഴുതിയതുപോലെ യാതൊരു ന്യായീകരണവുമില്ലാത്തതാണല്ലോ അദ്ദേഹം അദ്ദേഹത്തോടു ചെയ്തുപോന്ന കാര്യങ്ങള്‍. മനുഷ്യത്വവും നീതിയും എന്തിന്റെയും ഉരക്കല്ലാക്കിയുള്ളതായി ആ ജീവിതം.


ജയചന്ദ്രനെപ്പോലെ മനുഷ്യത്വം മുഖ്യപ്രേരകശക്തിയാക്കി പത്രപ്രവര്‍ത്തനം നടത്തുന്ന ആളുകള്‍ ഇക്കാലത്തില്ല എന്നു പലരും പറയാറുണ്ട്. ഇതൊരു തലമുറയുടെ കുറ്റമാണെന്നൊന്നും കരുതിക്കൂടാ. മൂല്യബോധമുള്ളവരെ പുതിയ തലമുറയിലും ധാരാളമായി കാണാം. പക്ഷേ, ഇന്നത്തെ മാധ്യമമേഖലയ്ക്ക് അധികം ജയചന്ദ്രന്‍മാരെ പൊറുപ്പിക്കാന്‍ പറ്റുകയില്ല എന്ന പ്രശ്‌നവുമുണ്ട്. ജയചന്ദ്രനു പോലും അച്ചടി മാധ്യമത്തിലെ സേവനത്തിന്റെ അവസാനഘട്ടങ്ങളില്‍ കഠിനമായ സംഘര്‍ഷങ്ങള്‍ അനുഭവിക്കേണ്ടി വന്നിരുന്നു. മാനേജ്‌മെന്റിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ചില അരുതായ്മകള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയും അതിനു വഴങ്ങാതിരിക്കുകയും ചെയ്തതാണ് അദ്ദേഹം മാതൃഭൂമിയില്‍ നിന്നു പുറത്തേക്ക് പോകാനിടയാക്കിയതെന്ന് എല്ലാവര്‍ക്കും അറിയാം.

മാനേജ്‌മെന്റിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച ഒരു പത്രപ്രവര്‍ത്തകനെ താറടിച്ചു കാണിക്കുന്ന ഒരു നോട്ടീസ്, അന്ന് ഏറെ വിശ്വാസ്യതയുള്ള ജയചന്ദ്രന്റെ പ്രേരില്‍ പുറത്തിറക്കാന്‍ മാനേജ്‌മെന്റ് പക്ഷത്തു ശ്രമംനടന്നു. ജയചന്ദ്രന്‍ കമ്പനിയുമായി നല്ല ബന്ധം പുലര്‍ത്തിയ കാലമായിരുന്നു അത്. കല്പറ്റയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ മാതൃഭൂമി മാനേജ്‌മെന്റ്- പ്രത്യേകിച്ച് മാനേജിങ്ങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍- നടത്തിയ ഇടപെടല്‍ നിര്‍ണായകമായിരുന്നു. തുടര്‍ന്നു കോഴിക്കോട്ട് കൊണ്ടുവന്നതും സ്ഥിരംനിയമനം നല്‍കിയതുമൊന്നും എളുപ്പം മറക്കാവുന്ന കാര്യമായിരുന്നില്ലല്ലോ.

എങ്കിലും, ഒരു സഹപ്രവര്‍ത്തകനെ അവമതിപ്പെടുത്താന്‍ തന്റെ പേരുപയോഗിക്കുന്നതിന് സമ്മതം മൂളാന്‍ ജയചന്ദ്രന്‍ വിസമ്മതിച്ചു. ഒരു പാതിരാത്രിയില്‍, ഞാന്‍ തനിച്ചു താമസിച്ചിരുന്നു ഈസ്റ്റ് ഹില്ലിലെ വാടകവീട്ടില്‍ ജയചന്ദ്രന്‍ വന്നത് മറക്കാന്‍ കഴിയില്ല. 'എനിക്കത് ചെയ്യാന്‍ പറ്റില്ല, പറ്റില്ല' എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരം തുടങ്ങിയത്. 'ഇതില്‍ അധികം ആലോചിക്കാനൊന്നുമില്ല. മനസ്സാക്ഷിക്കു നിരക്കാത്ത ഒരു കാര്യവും ചെയ്യേണ്ട. അതിന്റെ പ്രത്യാഘാതങ്ങള്‍ സഹിക്കുകതന്നെ' എന്നു പറഞ്ഞതിനൊപ്പം കുറച്ച് തന്ത്രപരമായി എന്തെങ്കിലും ഒഴികഴിവ് കണ്ടെത്തി പിന്‍വാങ്ങുന്നതാവും നല്ലത് എന്നും പറഞ്ഞതോര്‍ക്കുന്നു. പക്ഷേ, പിറ്റേന്നു രാവിലെ ഓഫീസിലെത്തിയപ്പോള്‍, തലേന്നു നോട്ടീസില്‍ ഒപ്പിടുവാന്‍ തന്റെ മേലുണ്ടായി സമ്മര്‍ദ്ദങ്ങളെക്കുറിച്ച് ഉച്ചത്തില്‍ വിളിച്ചുപറയുകയാണ് ജയചന്ദ്രന്‍ ചെയ്തത്. തന്ത്രം പയറ്റുന്നതില്‍ ആശാനാണ് താന്‍ എന്നെപ്പോഴും അവകാശപ്പെടാറുണ്ടെങ്കിലും ഇത്തരമൊരു ധാര്‍മികപ്രശ്‌നത്തില്‍ തടിയൂരാന്‍ തന്ത്രം പയറ്റുക ജയചന്ദ്രനു അസാധ്യമായിരുന്നു എന്നതാണ് വാസ്തവം.

ആ തീരുമാനവും അതിന്റെ അനന്തരഫലങ്ങളും നീണ്ട കാലം ജയചന്ദ്രന്‍ എന്ന വ്യക്തിയെ മാത്രമല്ല, പത്രപ്രവര്‍ത്തകനെയും വേട്ടയാടി. തുടരെത്തുടരെ തൊഴില്‍പരമായ പീഡനങ്ങള്‍ ഉണ്ടായി. ജയചന്ദ്രനെ സംരക്ഷിക്കാന്‍ ഗോഡ്ഫാദര്‍മാര്‍ ഇല്ലെന്നു വന്നപ്പോള്‍ ആക്രമിക്കാന്‍ പലര്‍ക്കും ധൈര്യംകിട്ടി. മരണശേഷം ജയചന്ദ്രനെ ആദര്‍ശനിഷ്ഠയുടെ പ്രതീകം എന്നൊക്കെ പുകഴ്ത്തിയെഴുതിയെങ്കിലും അന്നത്തെ എഡിറ്റര്‍ എം.ഡി.നാലപ്പാടും ഇതില്‍ ഒട്ടും ചെറുതല്ലാത്ത പങ്കു വഹിച്ചു. ആക്രമണങ്ങളില്‍ നിന്നുള്ള താല്‍ക്കാലികമായ ഒരു പിന്മാറ്റം എന്ന നിലയിലാണ് ജയചന്ദ്രന്‍ കോഴിക്കോട്ടെ ന്യൂസ് ഡസ്‌കിലേക്കു മാറാന്‍ സന്നദ്ധനായത്. പക്ഷേ, അതുകൊണ്ടും പ്രശ്‌നം തീര്‍ന്നില്ല. പ്രഗത്ഭമതിയെന്ന് സര്‍വരും പുകഴ്ത്തുന്ന ആ ലേഖകനെ പിന്നീട് കൊച്ചിയിലേക്കും അതുകഴിഞ്ഞ്, ഒരു കൊച്ചുപട്ടണം മാത്രമായിരുന്ന വടകരയിലേക്കും സ്ഥലംമാറ്റി. വാര്‍ത്താവരള്‍ച്ചയുള്ള സ്ഥലമെന്നു പലരും കരുതിയ വയനാട്ടില്‍ തലങ്ങും വിലങ്ങും വാര്‍ത്തകള്‍ കണ്ടെത്തിയ ലേഖകന് വടകര  മരുഭൂമിയായില്ല. അവിടെ നിന്നും ധാരാളം മനുഷ്യപ്പറ്റുള്ള വാര്‍ത്തകള്‍ കണ്ടെത്തി. വടകരയില്‍ ഇനിയും നില്‍ക്കുന്നതും മാതൃഭൂമിയില്‍ തുടരുന്നതു  തന്നിലെ പത്രപ്രവര്‍ത്തകനെയും കൊല്ലുമെന്നു തോന്നിയപ്പോഴാണ് ജയചന്ദ്രന്‍ പുറത്തുകടന്നത്.

പത്രപ്രവര്‍ത്തകരുടെ യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൊന്നും തുടക്കത്തില്‍ വലിയ താല്പര്യമെടുത്തിരുന്നില്ല അദ്ദേഹം. കല്പറ്റയിലെ പോലീസ് നടപടിയും പിന്നീട് മാതൃഭൂമിയിലെ നടപടികളും ജയചന്ദ്രനെ യൂണിയനോട് അടുപ്പിച്ചു. ഒരു കാര്യത്തില്‍ അനീതിയുണ്ടെന്നു ബോധ്യപ്പെട്ടാല്‍ അതു ചെറുക്കുന്നതിന് റിസ്‌ക് എടുക്കാനും സന്നദ്ധനായിരുന്നു ജയചന്ദ്രന്‍. 1988 ആഗസ്തില്‍ മാതൃഭൂമിയിലെ നിരവധി പത്രപ്രവര്‍ത്തകരെ പഞ്ചാബിലേക്കും കല്‍ക്കത്തയിലേക്കും ഹൈദരബാദിലേക്കും മറ്റും പ്രതികാരനടപടിയായി സ്ഥലം മാറ്റിയപ്പോള്‍ അതില്‍ പ്രതിഷേധിക്കാന്‍ മാതൃഭൂമിക്കു മുന്നില്‍ ഒരു ദിവസം ധര്‍ണ നടത്താന്‍ കെ.യു.ഡബഌൂ.ജെ ജില്ലാക്കമ്മിറ്റി തീരുമാനിക്കുകയുണ്ടായി. മാനേജ്‌മെന്റ് ഇതിനെതിരെ മാതൃഭൂമിയിലെ മാനേജ്‌മെന്റ് അനുകൂലികളെ അണിനിരത്തി. ആരും ധര്‍ണയില്‍ പങ്കെടുക്കരുതെന്ന് ആജ്ഞകള്‍ ഇറങ്ങി. യൂണിയനില്‍ ഭിന്നിപ്പുണ്ടാക്കി. യൂണിയന്റെ സംസ്ഥാനനേതൃത്വംതന്നെ സമരത്തെ തള്ളിപ്പറഞ്ഞപ്പോള്‍ മാതൃഭൂമി പത്രപ്രവര്‍ത്തകരില്‍ ധര്‍ണയില്‍ പങ്കെടുക്കാന്‍ ഉള്ളുറപ്പു കാട്ടിയത് ഏഴു പേര്‍ മാത്രം-അതിലൊരാള്‍ കെ.ജയചന്ദ്രനായിരുന്നു. ബഹുഭൂരിപക്ഷം ജീവനക്കാരും പത്രപ്രവര്‍ത്തകരും പ്രകടനമായി ചെന്നത് പ്രസ് ക്ലബ്ബിലേക്കാണ്, അതും ഓഫീസ് സമയത്ത്, കമ്പനി അനുമതിയോടെ!. അടുത്ത വര്‍ഷം ജയചന്ദ്രന്‍ യൂണിയന്റെ കോഴിക്കോട് ജില്ലാ സിക്രട്ടറിയായി. ഒരു വട്ടം യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിച്ചു.

സദ്‌വാര്‍ത്തയ്ക്ക് ശേഷമുള്ള ഏഷ്യാനെറ്റ് കാലം ജയചന്ദ്രന്റെ ജീവിതത്തിന്റെ രണ്ടാം ഘട്ടമായി. ക്യാമറക്കണ്ണുകളിലൂടെയുള്ള നോട്ടത്തിലും ആരും കാണാത്തതുകാണാന്‍ ജയചന്ദ്രനു കഴിഞ്ഞു. തലസ്ഥാനത്തെത്തിയപ്പോഴും നോട്ടം എയ്ഡ്‌സ് രോഗം വലച്ച കുടുംബത്തിന്റെയും പതിറ്റാണ്ടുകളായി മൃതദേഹം പേറി ജീവിച്ച നിര്‍ഭാഗ്യവാന്റെയും ജീവിതാനുഭവങ്ങളിലേക്കായി. അധികാരകേന്ദ്രങ്ങളുടെ സുഖശീതളിമകള്‍ക്ക് ഒട്ടും വില കല്പിക്കാതെയുള്ള തിരിച്ചുപോക്കുകളായിരുന്നു അവ.

ഏഷ്യാനെറ്റിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ തുടര്‍ന്നുകൊണ്ട് അദ്ദേഹത്തിന് തന്റെ സവിശേഷമായ ശൈലി അധികകാലം നില നിര്‍ത്താന്‍ കഴിയുമായിരുന്നോ എന്ന ചോദ്യമുണ്ട്. ദൃശ്യത്തിലാവട്ടെ, അച്ചടിയിലാവട്ടെ, ഓണ്‍ലൈനിലാവട്ടെ, പുതിയ ആഗോളീകൃത കാലത്തെ ചീഞ്ഞുകൊണ്ടിരിക്കുന്ന പ്രൊഫഷനലിസത്തിന്റെ നിര്‍ബന്ധങ്ങള്‍ ജയചന്ദ്രനെയും പിടി കൂടുമായിരുന്നില്ലേ? ബ്രെയ്ക്കിങ്ങ് ന്യൂസ് അധിഷ്ഠിതമാണ് വിപണി ആവശ്യപ്പെടുന്ന ഉള്ളടക്കം. ഇരുപത്തിനാലു മണിക്കൂറും ഈ കൊച്ചുകേരളത്തില്‍ നിന്നു സ്‌ഫോടനാത്മക വാര്‍ത്തകള്‍ ആവശ്യപ്പെടുന്നു അത്. 365 ദിവസവും മണിക്കൂറുകള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രം ഗൗരവമുള്ള വാര്‍ത്ത ആവശ്യപ്പെടുന്നു. ഒന്നും ഇല്ലെങ്കിലും ഉണ്ടെന്നു ഡസ്‌കുകള്‍ക്ക് നടിക്കേണ്ടി വരുന്നു. ഇതെല്ലാം എല്ലാവരും അംഗീകരിച്ച മട്ടുണ്ട്. പൊതുസമൂഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്തുവേണം പൊതുമാധ്യമങ്ങളുടെ ശൈലിയും പരിപാടി യുമെല്ലാം തീരുമാനിക്കേണ്ടതെന്നു പറയുമ്പോള്‍ത്തന്നെ, അസഹ്യമായ  തട്ടിക്കൂട്ടുകള്‍ എന്തുകൊണ്ടു പെരുകുന്നു എന്ന ചോദ്യത്തിന് ഉത്തരമില്ല. വാങ്ങല്‍ ശേഷിയുള്ള ഉപയോക്താക്കളെയും ബൗദ്ധികതയുടെ പിരമിഡിന്റെ താഴെയറ്റത്തു പരന്നുകിടക്കുന്നവരെയും ഒരേ സമയം പ്രീണിപ്പിക്കുക എളുപ്പമല്ല.

അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള എഴുപതുകളുടെ അവസാനകാലത്ത് പത്രപ്രവര്‍ത്തനത്തിലേക്കു കുതിച്ചെത്തിയവരോട്,  സാമൂഹ്യബോധവും പ്രതിജ്ഞാബദ്ധതയും എത്ര വര്‍ഷം ജോലിയില്‍ നിലനിര്‍ത്താനായി എന്നു ചോദിച്ചാല്‍ ഇരുപതോ ഇരുപത്തഞ്ചോ വര്‍ഷം സാധിച്ചു എന്ന ഉത്തരമാവും ലഭിക്കുക. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മറുപടിയിലെ വര്‍ഷക്കണക്കു കുറഞ്ഞു വരുന്നതായി കാണാം. ഇന്നു വരുന്നവര്‍ക്ക് എത്രകാലം അതു സാധിക്കും?  അത്തരം അത്യാഗ്രഹങ്ങളൊന്നും പാടില്ല. മേലധികാരികള്‍ പറയുന്നതു ചെയ്യുക, കുറച്ചു ജോലിയും കൂടുതല്‍ ശമ്പളവും പരമാവധി സൗകര്യങ്ങളുമുള്ള ജോലിയിലേക്കു അവസരം കിട്ടിയാല്‍ ഉടന്‍ മാറുക....ഇതാവും പുതിയ കാലത്തിന്റെ ശൈലി. അവരെ കുറ്റപ്പെടുത്തുകയല്ല. ജയചന്ദ്രന്റേതുപോലുള്ള മാതൃകകള്‍ പിന്‍പറ്റുക അസാധ്യംതന്നെയാണ്. അതിന്റെ മൂല്യബോധവും നന്മകളുമെങ്കിലും ഉള്‍ക്കൊള്ളാനായാല്‍ത്തന്നെ വലിയ മെച്ചമായിരിക്കും.

പതിനെട്ടു വര്‍ഷം കൊണ്ട് ജയചന്ദ്രന്റെ ഒരുപാട് പുത്തന്‍ വിഗ്രഹങ്ങള്‍ വാര്‍ത്തെടുക്കപ്പെടുന്നതിന് സാക്ഷിയാണ് നാമെല്ലാം. ആദ്യം അതെല്ലാം ലേശം കൗതുകത്തോടെയും ഒരുപാട് സന്തോഷത്തോടെയുമാണ് കണ്ടത്. നമ്മളിലൊരുവനായിരുന്ന ആള്‍ മരണശേഷവും ജീവിക്കുന്നതും പുതിയ തലമുറയുടെ മനസ്സുകളിലും വിഗ്രഹമാകുന്നതും തീര്‍ച്ചയായും സന്തോഷപ്രദമാണ്. പക്ഷേ, ചരിത്രത്തോടും യാഥാര്‍ത്ഥ്യത്തോടും സത്യസന്ധത പുലര്‍ത്താത്ത പുതിയ ചിത്രീകരണങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ പോയ്ക്കൂടാ. തന്നെക്കുറിച്ചുതന്നെ കള്ളക്കഥകളുണ്ടാക്കി പുതിയ സുഹൃത്തുക്കളെ വിശ്വസിപ്പിച്ച് പിറകില്‍ നിന്നു ചിരിക്കുക ജയചന്ദ്രന്റെ പല വിനോദങ്ങളിലൊന്നു മാത്രമായിരുന്നു. തമാശയ്്ക്കപ്പുറം ജയചന്ദ്രന് പൊങ്ങച്ചങ്ങളോ ജാടകളോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, വരുംതലമുറകളിലേക്ക് എത്തിക്കുന്ന ജയചന്ദ്രന്റെ ചിത്രങ്ങള്‍ ഫോട്ടോഷോപ്പില്‍ പൊലിമ കൂട്ടിയ ചിത്രങ്ങളായിക്കൂടാ.

കള്ളക്കഥകള്‍ ആരെങ്കിലും കെട്ടിച്ചമച്ചു എന്ന് ആരോപിക്കുന്നില്ല. എന്നാല്‍ സദുദ്ദേശത്തോടെ എഴുതപ്പെട്ടവയിലും ധാരാളം അസത്യങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്.  ജയചന്ദ്രനെ ജയചന്ദ്രനാക്കിയ ഗുരു ആയിരുന്നു വിംസി എന്ന വി.എം.ബാലചന്ദ്രന്‍. ജയചന്ദ്രന്റെ മാത്രമല്ല, ഞാനടക്കമുള്ള ആ തലമുറയില്‍ കോഴിക്കോട് മാതൃഭൂമി സ്്കൂളില്‍നിന്നുള്ളവരുടെയെല്ലാം ഗുരു അദ്ദേഹംതന്നെ. തീവ്രമായ ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടായിരുന്ന വിംസിക്ക് ജയചന്ദ്രനോടും ജയചന്ദ്രന്റെ എഴുത്തിനോടും കടുത്ത പ്രതിപത്തിയാണ് ഉണ്ടായിരുന്നത്.  പക്ഷേ, അടിയന്തരാവസ്ഥക്കാലത്ത് കോഴിക്കോട്ടെ എന്‍ജിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥി പി.രാജന്റെ കക്കയം പോലീസ് ക്യാമ്പിലെ കൊലപാതകം വള്ളിപുള്ളി സത്യമായി ജയചന്ദ്രന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും അടിയന്തരാവസ്ഥയായതിനാല്‍ അന്നത്തെ മാനേജിങ്ങ് എഡിറ്റര്‍ വി.എം. നായര്‍ അതു പ്രസിദ്ധീകരിച്ചില്ല എന്നു മാത്രമല്ല കത്തിച്ചു കളയാന്‍ ഏര്‍പ്പാടു ചെയ്തു എന്നും എഴുതിയിരിക്കുന്നു അദ്ദേഹം. മാതൃഭൂമിയിലെ രേഖയനുസരിച്ച് ജയചന്ദ്രന്‍ മാതൃഭൂമിയില്‍ ചേരുന്നത് 1980 സപ്തംബര്‍ 19നാണ്. വയനാട് ജില്ല വരുന്നതു മുന്നില്‍ക്കണ്ടായിരുന്നു ആ നിയമനം. കലിക്കറ്റ്് യൂണിവേഴ്‌സിറ്റിയില്‍ ജേണലിസം പഠിക്കുന്നതുപോലും 1977-79 കാലത്താണ്. അതുകഴിഞ്ഞാണ് കെ.സി.നാരായണന്‍ ചുമതല വഹിച്ച കാലത്ത് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ലേഖനങ്ങള്‍ എഴുതിത്തുടങ്ങുന്നത്. ഈ വസ്തുതകള്‍ അക്കാലത്തെ സഹപ്രവര്‍ത്തകര്‍ക്കെല്ലാം അറിയുന്നതുമാണ്.

വിംസി കള്ളകഥ കെട്ടിച്ചമക്കും എന്നാരും വിശ്വസിക്കുകയില്ല. ഭ്രമാത്മക ചിന്തകള്‍ ചിലപ്പോള്‍ ഓര്‍മകളില്‍ വൈറസ് ബാധകളായി പ്രവര്‍ത്തിച്ചിരിക്കാം. ചിലപ്പോള്‍ വേറെ ആരെയോ കുറിച്ചുള്ള ഓര്‍മകളില്‍ പിശകുപറ്റിയതാവാം. എല്ലാം മനുഷ്യസഹജംതന്നെ. വേണമെങ്കില്‍ അതു കണ്ടില്ലെന്നു നടിക്കാം. ജയചന്ദ്രന് അതുകൊണ്ടു ദോഷമൊന്നും ഇല്ലല്ലോ എന്നാശ്വസിക്കുകയും ചെയ്യാം. ഞാന്‍ ആത്മാവില്‍ വിശ്വസിക്കുന്നില്ല. പക്ഷേ, ഒരു അബദ്ധം ജയചന്ദ്രന്റെ പേരില്‍ കൊട്ടിഘോഷിക്കപ്പെടുന്നത് ജയചന്ദ്രന്‍ ഇഷ്ടപ്പെടുകയേ ഇല്ല എെന്നനിക്കുറപ്പാണ്.

നക്‌സലിസത്തോടും മാവോയിസത്തോടുമൊക്കെ ആഭിമുഖ്യമുള്ള ഒരു തീവ്ര ഇടതുപക്ഷക്കാരനായിരുന്നു ജയചന്ദ്രന്‍ എന്ന മിഥ്യയും പ്രചാരത്തിലുണ്ട്. ഒരു തത്ത്വശാസ്ത്രത്തിന്റെയും മതിലുകള്‍ക്കുള്ളില്‍ ഒരിക്കലും അഭയം തേടിയിട്ടില്ല ജയചന്ദ്രന്‍. ഏതെങ്കിലും ഒരു വിശ്വാസപ്രമാണം, വിപ്ലവത്തിലൂടെയോ തിരഞ്ഞെടുപ്പിലൂടെയോ അധികാരത്തില്‍ വന്നാല്‍ തീരുന്നതാണ് മനുഷ്യര്‍ക്കിടയിലെ അസമത്വവും ചൂഷണവും അനീതിയുമെന്ന് ജയചന്ദ്രന്‍ കരുതിയിരുന്നില്ല. നിസ്വാര്‍ത്ഥമായ മനുഷ്യസ്‌നേഹത്തിന്റെ തത്ത്വശാസ്ത്രം മുറുകെപ്പിടിക്കുന്നതാണ് ശരി എന്ന ഉത്തമബോധ്യം ഉണ്ടായിരുന്നതുകൊണ്ടു അതിന്റെ അളവുകോലുകള്‍ ഉപയോഗിച്ചേ ജയചന്ദ്രന്‍ രാഷ്ട്രീയക്കാരെയും അവരുടെ പാര്‍ട്ടികളെയും പാര്‍ട്ടികളുടെ നയങ്ങളെയും അളന്നിരുന്നുള്ളൂ. എല്ലാ കക്ഷികളോടും, ഒരു പത്രപ്രവര്‍ത്തകന്‍ പുലര്‍ത്തേണ്ട അകല്‍ച്ചയും അടുപ്പവും ജയചന്ദ്രന്‍ പുലര്‍ത്തിയിരുന്നു. കായണ്ണക്കാര്‍ ജയചന്ദ്രനെ കോണ്‍ഗ്രസ്സുകാരനായും വേറെ ചിലര്‍ വേറെ ചിലതായുമെല്ലാം അവകാശപ്പെടുന്നതു കേട്ടിട്ടുണ്ട്. ശരികളുടെ പേരില്‍ ആരോടും അടുത്തുനില്‍ക്കാനും തെറ്റുകളുടെ പേരില്‍ ആരോടും തര്‍ക്കിക്കാനും കക്ഷിനോക്കാതെ സൗഹൃദങ്ങള്‍ പുലര്‍ത്താനും ഇടയ്‌ക്കെല്ലാം വെറുതെ പലതും അഭിനയിക്കാനും ജയചന്ദ്രന്‍ മടിക്കാറില്ല എന്നേ അതിനര്‍ത്ഥമുള്ളൂ.

ആക്റ്റിവസമാണ് ജേണലിസം എന്ന നാട്യത്തിന്റെ ബലത്തില്‍ പലരും പലതും ചെയ്യുന്നുണ്ട്്. മത-രാഷ്ട്രീയ തീവ്രവാദങ്ങളുടെയും മറ്റും പ്രചാരകര്‍ ജേണലിസത്തെ തങ്ങളുടെ ലക്ഷ്യപ്രാപ്തിക്ക് ഉപയോഗിക്കാവുന്ന ഒരു ആയുധമായി കാണുന്നുണ്ടാവാം. അവര്‍ക്കതിനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, പ്രൊഫഷനല്‍ പത്രപ്രവര്‍ത്തനത്തിന്റെ എല്ലാ സൗകര്യവും പ്രതിഫലവും പറ്റിക്കൊണ്ട് മറ്റൊന്നായി അഭിനയിക്കുന്നതില്‍ ധാര്‍മികത ഒട്ടുമില്ല. ആക്റ്റിവിസത്തിന്റെ മുല്യങ്ങള്‍ വേറെ, സ്വതന്ത്രപത്രപ്രവര്‍ത്തനത്തിന്റെ മൂല്യങ്ങള്‍ വേറെ. നുറു പരിമിതികള്‍ ഉണ്ടെങ്കിലും സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ താഴ്ത്തിക്കെട്ടേണ്ടതില്ല. സ്വതന്ത്രമായി എഴുതുക എന്നതുതന്നെയാണ് പത്രപ്രവര്‍ത്തകന്റെ ആക്റ്റിവിസം. ആ അര്‍ത്ഥത്തില്‍ അദ്ദേഹം സ്വതന്ത്രപത്രപ്രവര്‍ത്തകനായിരുന്നു, ആക്റ്റിവിസ്റ്റുമായിരുന്നു.

പ്രതിഫലം പറ്റിയോ സൗജന്യമായോ ആരുടെയും കേസ് വാദിക്കുക എന്നത് അഭിഭാഷകവൃത്തിയുടെ ധാര്‍മികതയില്‍ പെട്ടതാണ്. വാദിക്കുന്ന ഒരു കേസ്സും സത്യമോ ശരിയോ ആണെന്നതിന് അവര്‍ ഉറപ്പൊന്നും ആവശ്യപ്പെടുകയില്ല. ഏതുകേസ്സും വാദിക്കാനാവുന്ന വക്കീല്‍പ്പണിയല്ല പത്രപ്രവര്‍ത്തനം. ശരി വാദിക്കുന്നതിന് ജനങ്ങള്‍ പ്രതിഫലം നല്‍കുന്ന പണിയാണത്. ശരി പറയലാണ് തന്റെ ജീവിതദൗത്യം എന്ന ഉത്തമബോധമാണ് ജയചന്ദ്രനെ നയിച്ചിരുന്നതെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും.

ഒരു പച്ച മനുഷ്യന്റെ ഒരുപാട് നന്മകളും ബോധ്യങ്ങളും നിസ്വാര്‍ത്ഥതകളും മാത്രമല്ല, ദൗര്‍ബല്യങ്ങളുമാണ് ജയചന്ദ്രനെ ജയചന്ദ്രനാക്കിയത്. നിത്യജീവിതത്തിന്റെ അവ്യവസ്ഥതകളും അരാജകത്വവുമെല്ലാമാണ് ജയചന്ദ്രനെ നമ്മളില്‍നിന്നു അകാലത്ത് കവര്‍ന്നെടുത്തത്. ഒരു തരത്തില്‍ പറഞ്ഞാല്‍ സ്വയം ഒടുക്കിയ ഒരു ചാവേര്‍ പ്രവര്‍ത്തനമായിരുന്നു അത്്. തന്റെ അസത്യമായ ഒരു ചിത്രം വരുംതലമുറകളിലേക്ക് എത്തണമെന്ന് ജയചന്ദ്രനൊരിക്കലും ആഗ്രഹിക്കുകയില്ല, അതാര്‍ക്കും പ്രയോജനം ചെയ്യുകയുമില്ല. അതുകൊണ്ടുതന്നെ ഈ പുസ്തകത്തില്‍ പറഞ്ഞതെല്ലാം സത്യമായതാവട്ടെ എന്ന് ആശിച്ചുപോകുന്നു.

എന്‍.പി.രാജേന്ദ്രന്‍

(കെ.ജയചന്ദ്രന്റെ 18ാം ചരമദിനത്തില്‍ കോഴിക്കോട്ട് പ്രകാശനം ചെയ്ത കെ.ജയചന്ദ്രന്‍ എന്ന അനുസ്മരണലേഖന സമാഹാരത്തിന്റെ അവതാരിക)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

മാധ്യമങ്ങള്‍ വളര്‍ത്തുന്ന യുദ്ധഭ്രാന്ത്

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്