രഹസ്യനിയമത്തിനെതിരേ ഒരു ഒറ്റയാള്‍ പോരാട്ടം


ഓള്‍ ഇന്ത്യാ റേഡിയോ രാജ്യത്തെ ഏറ്റവും തന്ത്രപ്രധാന സ്ഥാപനങ്ങളിലൊന്നായിരുന്നു. ഇത് ആകാശവാണിയുടെ മാത്രം ഗമയല്ല. രാഷ്ട്ര തലസ്ഥാനങ്ങളിലെ ഔദ്യോഗിക റേഡിയോ സ്റ്റേഷനുകളെല്ലാം തന്ത്രപ്രധാന സ്ഥാപനങ്ങളായിരുന്നു. പട്ടാളവിപ്ലവം നടക്കുമ്പോള്‍ ഭരണം പിടിച്ചുകഴിഞ്ഞാല്‍ പിന്നെ വിപ്ലവകാരികള്‍ നീങ്ങുക തലസ്ഥാനത്തെ റേഡിയോ നിലയത്തിലേക്കാണ്. ഭരണം പിടിച്ച കാര്യം പ്രക്ഷേപണം ചെയ്തുകഴിഞ്ഞാല്‍ രാജ്യം അവരുടേതായി. അക്കാരണം കൊണ്ടുതന്നെ രഹസ്യാത്മകത പുലര്‍ന്ന സ്ഥാപനമാണ് ആകാശവാണിയും.
ലോകം മാറിയിട്ടും ആകാശവാണി മാറിയിരുന്നില്ല. എണ്‍പതുകള്‍ ആകുമ്പോഴേക്ക് ശൂന്യാകാശത്തിലെ ഉപഗ്രഹങ്ങള്‍ക്ക് ആകാശവാണിക്കു മുന്നിലെ കാര്‍ നമ്പര്‍പ്ലേറ്റിന്റെ ഫോട്ടോ എടുക്കാന്‍ കഴിയുമായിരുന്നു. എന്തു കാര്യം! കോഴിക്കോട്ടെ ആകാശവാണി നിലയത്തിനകത്തെ കൊള്ളരുതായ്മകളെക്കുറിച്ച് വാര്‍ത്താപരമ്പരയെഴുതിയ പത്രലേഖകനെ ടവറിന്റെ ഫോട്ടോ എടുത്തു, അകത്തു കയറി രഹസ്യരേഖകള്‍ എടുത്തു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് കേസില്‍ കുടുക്കി. സാധാരണ ഐ.പി.സിയും സി.ആര്‍.പി.സിയും ഒന്നും അല്ല. ഔദ്യോഗിക രഹസ്യനിയമം. ബ്രിട്ടീഷുകാര്‍ 1923ല്‍ ഉണ്ടാക്കിയത്. ചാരന്മാര്‍ സൈനികരഹസ്യവും മറ്റും ചോര്‍ത്തിയാല്‍ ഉപയോഗിക്കുന്ന നിയമം. രാജ്യദ്രോഹികളെ അകത്താക്കാനുള്ള വകുപ്പ്.

സംഭവം നടന്നത് കശ്മിരിലോ മണിപ്പൂരിലോ അല്ല. കേരളത്തില്‍, കോഴിക്കോട്ട്. 1993ല്‍ ജനയുഗം പത്രത്തില്‍ ലേഖകന്‍ കെ.പി വിജയകുമാര്‍ കോഴിക്കോട് ആകാശവാണി നിലയത്തെക്കുറിച്ച് 'ആകാശവാണിയില്‍ നിന്നുള്ള വാര്‍ത്തകള്‍' എന്ന പേരില്‍ അന്വേഷണാത്മക വാര്‍ത്താപരമ്പര എഴുതിയത് നവംബര്‍ എട്ടു മുതല്‍ 31 ദിവസമാണ്. പൊതുസ്ഥാപനത്തെക്കുറിച്ച് എഴുതിയ ഇതിനെക്കാള്‍ നീണ്ട പരമ്പര ഒന്നേ കേരളത്തിലുള്ളൂ അതും എഴുതിയത് കെ.പി വിജയകുമാര്‍ തന്നെ! അതു കോഴിക്കോട് മെഡിക്കല്‍ കോളജിനെക്കുറിച്ചാണ് 44 ദിവസം!
ആധികാരികവും സമഗ്രവും ആയിരുന്നു വാര്‍ത്താപരമ്പര. പ്രസിദ്ധീകരിച്ചതോ? വെറും 3000 കോപ്പി മാത്രം അന്ന് അച്ചടിച്ചിരുന്ന ജനയുഗം പത്രത്തില്‍!.

ശമ്പളം പോലും നേരാംവണ്ണം കിട്ടാതിരുന്ന കാലത്ത് രാവും പകലും കേരളത്തിനകത്തും പുറത്തും നടന്നു ശേഖരിച്ച രേഖകളും വിവരങ്ങളും നിരത്തിയ പരമ്പരയെ പ്രതിരോധിക്കാന്‍ അധികൃതര്‍ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. (പരമ്പര വന്ന് ഒരു മാസം കഴിഞ്ഞപ്പോള്‍ ജനയുഗം പൂട്ടിപ്പോയി എന്നതു വേറെ കഥ. പരമ്പര കാരണമല്ല പൂട്ടിയത് എന്നുമാത്രം ഓര്‍ത്താല്‍ മതി).

പരമ്പര ഉയര്‍ത്തിയ കോലാഹലത്തില്‍ അങ്ങനെ ലയിച്ചിരിക്കുമ്പോഴാണ് ഒരുനാള്‍ കോഴിക്കോട് പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.കെ രാജ്‌മോഹന്‍ വിജയകുമാറിനെ വിളിച്ച് ജനയുഗത്തില്‍ വന്ന പരമ്പര എടുത്തുകൊടുക്കാന്‍ അഭ്യര്‍ഥിച്ചത്. ഒരു പൊലിസുകാരന്‍ വന്ന് അതു വാങ്ങിക്കൊണ്ടുപോയി. രാത്രി വൈകി അതാ രാജ്‌മോഹന്‍ വീണ്ടും വിളിക്കുന്നു. റിപ്പോര്‍ട്ട് വായിച്ചു, ഗംഭീരം.. പക്ഷേ, നാളെ കേസെടുക്കും. ഔദ്യോഗിക രഹസ്യനിയമപ്രകാരമാണ് കേസ്. മുന്‍കൂര്‍ ജാമ്യമെടുത്തില്ലെങ്കില്‍ അറസ്റ്റിലാവും. പിടിയിലായാല്‍ ജാമ്യം കിട്ടില്ല.

പിറ്റേന്നു നേരം പുലര്‍ന്നപ്പോള്‍തന്നെ വിജയകുമാര്‍ പ്രമുഖനും പരിചയക്കാരനുമായ ഒരു അഭിഭാഷകനെ പോയിക്കണ്ടു. സംഗതി വിസ്തരിച്ചു കേട്ടശേഷം വക്കീല്‍ ചിരിച്ചു. സമാധാനമായി വീട്ടില്‍പോ. ഇതിനു മുന്‍കൂര്‍ ജാമ്യമൊന്നും വേണ്ട. ഹരജിയുമായി ചെന്നാല്‍ കോടതി ചിരിക്കും… വിജയകുമാറിനു സംശയം തീര്‍ന്നില്ല. വൈകുന്നേരത്തിനു മുന്‍പ് ആധികാരികതയുള്ള മറ്റൊരു അഭിഭാഷകനെ കണ്ടു. അദ്ദേഹവും പറഞ്ഞുപത്രറിപ്പോര്‍ട്ട് എഴുതിയതിനു രഹസ്യനിയമപ്രകാരം അറസ്റ്റോ? നടപ്പില്ല. മുന്‍കൂര്‍ ജാമ്യമൊന്നും വേണ്ട.

പിറ്റേന്നു സി.ഐയെ വിളിച്ചു വിവരം പറഞ്ഞപ്പോള്‍ അദ്ദേഹമാണ് ഞെട്ടിയത്. ജയിലില്‍ കിടക്കേണ്ടല്ലോ എന്നു വിചാരിച്ചു പറഞ്ഞുപോയതാണ്. അതാണ് യോഗമെങ്കില്‍ നടക്കട്ടെ എന്നു പറഞ്ഞ് അദ്ദേഹം ഫോണ്‍ വച്ചു. വിജയകുമാറിനു പരിഭ്രമമായി. ഉടനെ ഒരു വക്കീലിനെക്കണ്ട് ഹരജി ഫയലാക്കി. ജഡ്ജിക്കും ഇതത്ര ഗൗരവമുള്ള സംഗതിയായി തോന്നിയില്ല. അദ്ദേഹവും ചിരിച്ചു. പക്ഷേ, ജാമ്യംനല്‍കി.
ക്രമേണ കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞു. കേരളാ പൊലിസ് സ്വമേധയാ എടുത്ത കേസല്ല. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് നടപടിയെടുക്കാന്‍ പ്രത്യേക ദൂതന്‍വഴി ആവശ്യപ്പെട്ടത്. മുന്‍കൂര്‍ ജാമ്യം കിട്ടിയില്ലായിരുന്നുവെങ്കില്‍ ജയിലിലാകുമായിരുന്നു. ഏതാണ്ട് ചാരപ്പണിക്കു തുല്യമാണ് ആരോപിത കുറ്റം. ആകാശവാണി ടവറിന്റെ ഫോട്ടോ വന്ന ദിവസത്തെ പത്രം ആണ് കോടതിയില്‍ എഫ്.ഐ.ആറിനൊപ്പം ഹാജരാക്കിയത്. അറസ്റ്റിലായാല്‍ ജാമ്യം കിട്ടാന്‍ വര്‍ഷങ്ങളെടുത്തേക്കാം….

എന്തുകൊണ്ടോ പത്രലോകം ഇതു ഗൗരവമായെടുത്തില്ല. സംസ്ഥാനത്ത് ഒരു പത്രപ്രവര്‍ത്തകനെതിരേ ഉണ്ടായ ഈ വകുപ്പില്‍പ്പെട്ട ആദ്യ കേസാണെന്നതുപോലും മാധ്യമങ്ങളെ അലട്ടിയില്ല. എന്‍.പി ചെക്കൂട്ടി എഴുതിയ റിപ്പോര്‍ട്ട് മാത്രം, കുറേ കഴിഞ്ഞാണെങ്കിലും ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഒന്നാം പേജില്‍ വന്നു.

പിന്നീട് ഇതു കെ.പി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ഒറ്റയാള്‍ പോരാട്ടമായി. പ്രമുഖരായ പൊതുപ്രവര്‍ത്തകരും പല പാര്‍ട്ടികളില്‍പെട്ട എം.എല്‍.എമാരുമെല്ലാം കേസ് പിന്‍വലിക്കാന്‍ സംയുക്ത പ്രസ്താവനകള്‍  ഇറക്കി. പ്രതിനിധിസംഘം മുഖ്യമന്ത്രിയെക്കണ്ട് കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമായതിനാല്‍ പൊലിസും മുഖ്യമന്ത്രിയും കൈമലര്‍ത്തി.

ഇതിനിടെ കോഴിക്കോട് ടൗണ്‍ പൊലിസ്, ട്രാന്‍സ്മിഷന്‍ ടവറിന്റെ ഫോട്ടോ എടുക്കാന്‍ വിജയകുമാറിനെ സഹായിച്ചതിന് എന്‍ജിനീയര്‍ പി.എം എഡ്വിനെയും ഫോട്ടോ എടുത്തതിന് സി.പി.ഐ പ്രവര്‍ത്തകന്‍ ഇ.സി സതീശനെയും കേസില്‍ പ്രതി ചേര്‍ത്തു. എഡ്വിന്‍ ജോലിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു.

കേരളത്തില്‍ ഒരു രക്ഷയുമില്ലെന്നു ബോധ്യപ്പെട്ട വിജയകുമാര്‍ റിസര്‍വേഷന്‍ പോലും ഇല്ലാതെ ഓര്‍ഡിനറി ടിക്കറ്റുമായി ഡല്‍ഹിക്കു പാഞ്ഞു. ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകര്‍ അകമഴിഞ്ഞു സഹായിച്ചു. ടി.വി.ആര്‍ ഷേണായി, ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ ഗോവിന്ദന്‍കുട്ടി, ദേശാഭിമാനി പ്രവര്‍ത്തകരായ ജോണ്‍ ബ്രിട്ടാസ്, പി.പി അബൂബക്കര്‍ തുടങ്ങിയവരുടെ ശ്രമഫലമായി തലസ്ഥാനത്തെ പ്രമുഖ പത്രപ്രവര്‍ത്തകരുടെ പ്രസ്താവന പത്രങ്ങളില്‍ വന്നു. പതിമൂന്നു എം.പിമാര്‍ ഒപ്പിട്ട പ്രസ്താവന കേന്ദ്രമന്ത്രിക്കു നല്‍കാന്‍ കഴിഞ്ഞത് എന്‍.ഇ ബാലറാമും എം.എ ബേബിയും പരിശ്രമിച്ചതുകൊണ്ടാണ്.

സി.പി.ഐ സെക്രട്ടറി ഇന്ദ്രജിത് ഗുപ്ത മന്ത്രിക്ക് നേരിട്ടു കത്തുകൊടുത്തു. കേസ് പിന്‍വലിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ഒന്നും സംഭവിച്ചില്ല. അപ്പോള്‍ സംഭവിച്ചില്ല എന്നു മാത്രമല്ല, മന്ത്രിയോടു കേസ് പിന്‍വലിക്കണമെന്നു നേരിട്ടാവശ്യപ്പെട്ട ഇന്ദ്രജിത് ഗുപ്ത പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രിയായപ്പോള്‍ പോലും കേസ് പിന്‍വലിക്കാനായില്ല. അത്രയുണ്ട് ബ്യൂറോക്രസിയുടെ ബലം. പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് ആകാശവാണിയുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്രം അന്വേഷണസംഘത്തെ നിയോഗിക്കുകയും സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 1.20 കോടി രൂപ ധനസഹായം അനുവദിക്കുകയും ചെയ്തതാണ് എടുത്തുപറയാവുന്ന ഒരു അനുകൂല പ്രതികരണം. 14 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തു.

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എന്‍ജിനീയര്‍ എഡ്വിന്റെ കേസ്, ഔദ്യോഗിക രഹസ്യനിയമത്തിനെതിരായ ഒരു പോരാട്ടമായി മാറി. ജസ്റ്റിസ് ആയിരുന്ന സുബ്രഹ്മണ്യന്‍ പോറ്റി അതിനെതിരേ സുപ്രിംകോടതിയില്‍ ഘോരഘോരം വാദിച്ചു. ഈ നിയമം കാലഹരണപ്പെട്ടതാണെന്നും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനായി പുതിയ നിയമം കൊണ്ടുവരണമെന്നും ജനയുഗം പത്രപ്രവര്‍ത്തകര്‍ വലിയ സാമൂഹികസേവനമാണ് നിര്‍വഹിച്ചതെന്നും കോടതി വിധിച്ചു. 2005ല്‍ വിവരാവകാശ നിയമം നടപ്പാക്കുന്നതിന് വലിയ തുണയായി ഈ വിധി.

കെ.പി വിജയകുമാര്‍ ഒന്നാം പ്രതിയായുള്ള പ്രധാനകേസ് പിന്നീട് കോഴിക്കോട് ജില്ലാ കോടതിയില്‍ വിചാരണയ്ക്കു വന്നപ്പോള്‍ എഡ്വിന്‍ കേസിലെ സുപ്രിംകോടതി വിധി ഹാജരാക്കപ്പെട്ടു. തുടര്‍ന്നു വിചാരണ പോലുമില്ലാതെ കോടതി തള്ളി.

കേസെല്ലാം അവസാനിച്ച് വിജയശ്രീലാളിതനായെങ്കിലും വിജയകുമാറിനു കേസുതന്നെ വലിയ ശിക്ഷയായിരുന്നു. കേസും ഫീസും യാത്രാചെലവുമായി വലിയ സംഖ്യ കടത്തിലായി വിജയകുമാര്‍. ഒടുവില്‍, സര്‍ക്കാരിനെതിരേ നഷ്ടപരിഹാരത്തിനു കേസ് കൊടുക്കാം എന്ന ആശയം തരക്കേടില്ല എന്നു തോന്നി വക്കീലിനെ സമീപിച്ചപ്പോള്‍ അതു നടക്കില്ലെന്നു ബോധ്യമായി. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ പതിനായിരം രൂപ കോടതിയില്‍ കെട്ടിവയ്ക്കണം. മൂന്നു മാസത്തെ പരിധിക്കകത്തു അതുണ്ടാക്കാന്‍ കഴിഞ്ഞില്ല. കേസിന്റെ ഫയല്‍പോലും ഇപ്പോഴും വക്കീലിന്റെ അലമാറയിലാണ്. അല്ലെങ്കിലും, ഇനിയിപ്പോള്‍ അതു കിട്ടിയിട്ടെന്തു കാര്യം ? നിസ്സംഗനായി വിജയകുമാര്‍ ചോദിക്കുന്നു.

സുപ്രഭാതം ഞായര്‍പതിപ്പില്‍ 2016 ഡിസംബര്‍ 11 ന് പ്രസിദ്ധപ്പെടുത്തിയത്


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്