അക്ഷരപ്പിശകില്‍ ജനിച്ച ഒരു രക്തസാക്ഷി

പത്രജീവിതം
എന്‍പി രാജേന്ദ്രന്‍

എന്‍.എന്‍.സത്യവ്രതന്‍ രക്തസാക്ഷികള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത കേരളത്തില്‍ ഒരു രക്തസാക്ഷി ഉണ്ടായത് പത്രത്തിലെ അക്ഷരപ്പിശകു കാരണമാണ് എന്നു പൊതുജനം അറിയുന്നത് സംഭവം നടന്ന് നാലു പതിറ്റാണ്ടിനു ശേഷം മാത്രം.

ഇ.എം.എസ്സിന്റെ രണ്ടാം മന്ത്രിസഭ കേരളം ഭരിക്കുമ്പോള്‍ 1968ലാണ് സംഭവം. ഇന്നു സംസ്ഥാനരാഷ്ട്രീയത്തിലും ദേശീയനേതൃത്വത്തിലും നിറഞ്ഞു നില്‍ക്കുന്ന പലരും അന്നു കേരളത്തില്‍ ഛോട്ടാ വിദ്യാര്‍ത്ഥിനേതാക്കളാണ്. രക്തസാക്ഷി സംഭവത്തിലെ മുഖ്യപങ്കാളി അഞ്ചുവര്‍ഷം കേരളം ഭരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആണ്. അന്ന് അദ്ദേഹം കെ.എസ്.യു. പ്രസിഡന്റ്. പല പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കെ.എസ്.യു. സര്‍ക്കാറിനെതിരെ സമരങ്ങള്‍ നടത്തിക്കൊണ്ടിരുന്ന കാലം. എറണാകുളം തേവര സേക്രഡ് ഹാര്‍ട് കോളേജില്‍ സമരം പൊട്ടിപ്പുറപ്പെട്ടു. പഠിപ്പു മുടക്കിയ സമരക്കാര്‍ പട്ടണമധ്യത്തിലെ കവലയില്‍ പല വിക്രിയകളില്‍ ഏര്‍പ്പെട്ടു. തനിച്ചുനിന്ന് ട്രാഫിക് നിയന്ത്രിച്ചിരുന്ന പോലീസുകാരന്റെ തൊപ്പി തട്ടിയെടുത്ത പിള്ളേരതു റോഡില്‍ തട്ടിക്കളിച്ചു. തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍നിന്ന് ഓടിയടുത്ത പോലീസുകാര്‍ നല്ല അടി പാസ്സാക്കി. കുറെ വിദ്യാര്‍ത്ഥികള്‍ അടുത്തൊരു കടയുടെ പിന്നില്‍കൂട്ടിയിട്ട വിറുകുകൊള്ളികളെടുത്തു പോലീസുകാരെ നേരിട്ടു. അടിയോടടി. പലരുടെയും തല പൊട്ടി ചോരയൊഴുകി.

ചിലതുനടക്കും എന്നൊരു വിദ്യാര്‍ത്ഥിനേതാവ് ഫോണില്‍ പറഞ്ഞതനുസരിച്ചാണ് മാതൃഭൂമി ലേഖകന്‍ എന്‍.എന്‍.സത്യവ്രതന്‍ സ്ഥലത്തെത്തിയത്. യാത്ര പാഴായില്ല. അസ്സല്‍ റിപ്പോര്‍ട്ട്് പിറ്റേന്ന് ഒന്നാം പേജില്‍തന്നെ വന്നു. പൊലീസുകാരന്റെ തൊപ്പി തട്ടിക്കളിച്ചതും അടിയേറ്റ നാലുവിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റതും പേരു സഹിതം വിസ്തരിച്ചു കൊടുത്തിരുന്നു. പരിക്കേറ്റവരില്‍ ഒരാള്‍ മുള്‍ജി എന്നൊരു ഗുജറാത്തി വിദ്യാര്‍ത്ഥിയായിരുന്നു. അടികിട്ടി കാനയിലാണ് വീണത്. വിദ്യാര്‍്ത്ഥിവേട്ട പിറ്റേന്നു വലിയൊരു സമരത്തിനുള്ള വെടിമരുന്നാവുമെന്ന പ്രതീക്ഷയിലാണ് അന്ന് നേതാക്കള്‍ വീടുകളിലേക്കു മടങ്ങിയത്.

വിദ്യാര്‍ത്ഥികള്‍ പൊലീസുകാരുടെ തൊപ്പി തട്ടിക്കളിച്ചത് മാതൃഭൂമി വാര്‍ത്തയാക്കിയത് നേതാക്കള്‍ക്ക് അത്ര പിടിച്ചില്ല എന്നു പിറ്റേന്നത്തെ ഫോണ്‍ വിളികള്‍ വ്യക്തമാക്കി. പക്ഷേ, പത്തുമണിയായപ്പോള്‍ പെട്ടന്നു സ്വഭാവം മാറി. എന്തോ വീണുകിട്ടിയ സന്തോഷത്തിലായിരുന്നു നേതാക്കള്‍. അറിഞ്ഞില്ലേ.. അടിയേറ്റു കാനയില്‍ വീണ വിദ്യാര്‍ഥി മരിച്ചു.....ഫോര്‍ട് കൊച്ചിക്കാരന്‍ മുരളി... മരിച്ചു...വിവരം കേട്ട റിപ്പോര്‍ട്ടര്‍ സത്യവ്രതന്‍ ഞെട്ടി. മുരളി എന്നൊരു വിദ്യാര്‍ത്ഥി അടിയേറ്റു വീണതായി താനറിഞ്ഞിട്ടില്ല, എഴുതിയിട്ടുമില്ല. സംശയംതീര്‍ക്കാന്‍ പത്രറിപ്പോര്‍ട്ട് വായിച്ചപ്പോള്‍ സംഗതി സത്യം-പരിക്കേറ്റു വീണ ഒരാളുടെ പേര് പത്രത്തില്‍ വന്നതു മുരളി എന്നുതന്നെ. അതെങ്ങനെ സംഭവിച്ചു. ഓഫീസില്‍ ചെന്നു വാര്‍ത്തയെഴുതിയ കടലാസ്സും മറ്റും പരിശോധിച്ചു. മുള്‍ജി എന്നു കണ്ട് സംശയം തോന്നിയ പ്രൂഫ് റീഡര്‍ റിപ്പോര്‍ട്ടറോട് ചോദിക്കുക പോലും ചെയ്യാതെ അത് മുരളി എന്നാക്കിയതാണ്! ഇനിയൊന്നും പറയാനില്ല.

എന്തുചെയ്യണം എന്നാലോചിക്കുമ്പോഴേക്കും പ്രതിഷേധം ആളിപ്പടര്‍ന്നുകഴിഞ്ഞിരുന്നു. മരിച്ച മുരളിയുടെ അച്ഛനെത്തന്നെ മുരളി ലാത്തിയടിയേറ്റാണ് മരിച്ചത് എന്നു വിശ്വസിപ്പിക്കുന്നതില്‍ നേതാക്കള്‍ വിജയിച്ചു. അടി കിട്ടിയതൊന്നും അവന്‍ പറഞ്ഞില്ലല്ലോ എന്നതായിരുന്നു അച്ഛന്റെ സങ്കടം. മുരളി ഒരു പാവം പയ്യനായിരുന്നു. സംഘടനയും സമരവുമൊന്നും അവന്റെ വിഷയമേ ആയിരുന്നില്ല. അവന്‍ സമരം കണ്ടു നേരെ വീട്ടില്‍ പോയതായിരുന്നു. വൈകീട്ടു അസുഖം വന്നു. ഹൃദ്രോഗമായിരുന്നു. മരിച്ചു. രാത്രിതന്നെ സംസ്‌കാരവും കഴിഞ്ഞതാണ്. പക്ഷേ, നേതാക്കള്‍ വിട്ടില്ല. അവര്‍ പ്രതിഷേധം കത്തിച്ചുവിട്ടു. വൈകീട്ട് അനുശോചനയോഗത്തില്‍ അച്ഛനെത്തന്നെ പ്രസംഗിപ്പിച്ച് സംഗതി ജോറാക്കി.

സംഗതികളുടെ ഉള്ളുകള്ളിയെല്ലാം ക്രമേണ വ്യക്തമായെങ്കിലും ആരും ഒന്നും മിണ്ടിയില്ല. ഞാനിതും പത്രത്തിലെഴുതും എന്നു സത്യവ്രതന്‍ ഉമ്മന്‍ചാണ്ടിയുടെ സാന്നിദ്ധ്യത്തില്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിനു വിഷമമായി. വേണ്ട സത്യാ....ഇപ്പോള്‍ എന്തായാലും വേണ്ട എന്നായി ഉമ്മന്‍ചാണ്ടി. പത്രലേഖകന്‍ എന്നതിലപ്പുറം സൗഹൃദം അന്ന് ഉമ്മന്‍ചാണ്ടിയുമായി ഉണ്ടായിരുന്നതുകൊണ്ട് സത്യവ്രതന്‍ വഴങ്ങി. എ ഴുതിയില്ല. സംസ്ഥാനസമരമായി അതുമാറി. വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. പൊലീസ് അതിക്രമത്തില്‍നിന്നൊഴിഞ്ഞു മാറുകയാണ് സര്‍ക്കാര്‍ എന്നേ ജനങ്ങള്‍ക്കും തോന്നിയുള്ളൂ. കുറച്ചുനാളുകള്‍ക്കു ശേഷം ചില പൗരപ്രധാനികളുടെ മധ്യസ്ഥതയില്‍ സമരം ഒത്തുതീരുകയാണ് ഉണ്ടായത്.

ആ സമരത്തോടെ ഉമ്മന്‍ചാണ്ടി വിദ്യാര്‍ത്ഥി നേതൃത്വത്തില്‍നിന്ന് രാഷ്ട്രീയത്തിലേക്കു കുതിച്ചുയര്‍ന്നു. എ.കെ.ആന്റണി അന്നു യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റാണ്. ആന്റണിയും വയലാര്‍ രവിയും ഉമ്മന്‍ചാണ്ടിയുമെല്ലാം അടങ്ങുന്ന അന്നത്തെ വിദ്യാര്‍ത്ഥി-യുവ നേതാക്കള്‍ക്ക് നേതൃത്വത്തിലേക്കു പടര്‍ന്നു കയറാന്‍ മുരളിസംഭവം വലുതായി സഹായിച്ചു എന്നുറപ്പ്.

അന്ന് എഴുതിയില്ലെങ്കിലും മൂന്നു പതിറ്റാണ്ടിനു ശേഷം സത്യവ്രതന്‍ എല്ലാം തുറന്നെഴുതി. വര്‍ത്ത വന്ന വഴി എന്ന ഓര്‍മക്കുറിപ്പുകളില്‍. തന്റെ നാല്പതു വര്‍ഷത്തെ പത്രപ്രവര്‍ത്തനത്തിലെ രസകരമായ പല അനുഭവങ്ങളും എഴുതിയിട്ടുണ്ട്. രസകരമായ ഒരു സംഭവത്തെക്കുറിച്ചുകൂടി പറയാം.

ഒരു പത്രത്തില്‍മാത്രം വന്ന സ്‌കൂപ്പ് എന്നാല്‍, എവിടെയോ രഹസ്യമായി നടന്നത് ഒരാള്‍ എങ്ങനെയോ വാര്‍ത്തയാക്കി എന്നല്ലേ തോന്നുക? അങ്ങനെ ആയിക്കൊള്ളണമെന്നില്ല. പട്ടാപ്പകല്‍ നടുറോഡില്‍ സകലമനുഷ്യരും കണ്ട ഒരു കാര്യം ഒരു പത്രത്തില്‍ മാത്രം സചിത്ര വാര്‍ത്തയായി. പട്ടാപ്പകല്‍ നാലു ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ എറണാകുളം ബ്രോഡ്‌വേയില്‍ക്കുടി ഒരു നൂല്‍മറ പോലും ഇല്ലാതെ ഓടിയതായിരുന്നു സംഭവം. നഗ്നയോട്ടം നടക്കാന്‍ പോകുന്ന വിവരം എങ്ങനെയോ സത്യവൃതനു കിട്ടി. അദ്ദേഹം ഫോട്ടോഗ്രാഫറുമായിച്ചെന്നു ചരിത്രസംഭവം പകര്‍ത്തി. ഭാഗ്യവശാല്‍ പിന്നില്‍നിന്നുള്ള സീനേ പകര്‍ത്തിയുള്ളൂ! വിദ്യാര്‍ത്ഥികള്‍ വളരെ ക്ഷമാശീലരും മാന്യന്മാരുമായിരുന്നു. ആദ്യ ഓട്ടത്തിന്റെ ഫോട്ടോ ശരിക്കു കിട്ടിയില്ല എന്നു പറഞ്ഞപ്പോള്‍ വീണ്ടും ഒരു വട്ടംകൂടി ഓടിക്കാണിച്ചുകൊടുത്തു!

1974 ലാണ് സംഭവം. പ്രസ് ക്ലബ്ബിനടുത്താണ ബ്രോഡ് വേ എങ്കിലും മറ്റു പത്രക്കാര്‍ ഒന്നും അറിഞ്ഞില്ല. പക്ഷേ, പിന്നീട് അതു ദേശീയ വാര്‍ത്തയായി. ചില വിദേശപത്രങ്ങളിലും വാര്‍ത്തയായി. അന്നത്തെ പ്രസിദ്ധമായ ഇല്ലസ്‌ട്രേറ്റഡ് വീക്ലി സംഭവത്തിന്റെ ചിത്രം ദ നേക്കഡ് എയ്പ്‌സ് ഓഫ് കേരള എന്ന ക്യാപ്ഷനോടെയാണ് പ്രസിദ്ധപ്പെടുത്തിയതെന്നും സത്യവ്രതന്‍ ഓര്‍ക്കുന്നു.

മാതൃഭൂമിയില്‍ ലേഖകനും ചീഫ് റിപ്പോര്‍ട്ടറും ന്യൂസ് എഡിറ്ററുമായി പ്രവര്‍ത്തിച്ച ശേഷം കേരള കൗമുദിയില്‍ റസിഡന്റ് എഡിറ്ററായും പതിനഞ്ചുവര്‍ഷം കേരള പ്രസ് അക്കാദമിയുടെ ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട് സത്യവ്രതന്‍. എറണാകുളം പ്രസ് ക്ലബ്ബിന്റെ സ്ഥാപകപ്രസിഡന്റാണ്. കെ.യു.ഡബ്ല്യൂ.ജെ.യുടെ സമുന്നത നേതാവായിരുന്നു. വാര്‍ത്തയുടെ ശില്പശാലയും അനുഭവങ്ങളേ നന്ദിയും ആണ് മറ്റു കൃതികള്‍. 2010 ജനവരി 25ന് അന്തരിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

മാധ്യമങ്ങള്‍ വളര്‍ത്തുന്ന യുദ്ധഭ്രാന്ത്

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്