ശക്തികപൂര്‍ മുതല്‍ ശശീന്ദ്രന്‍ വരെ - സ്റ്റിങ്ങുകളുടെ തുടര്‍ക്കഥ


സിനിമയിലഭിനയിക്കാന്‍ അതിമോഹം കയറിയ സൂന്ദരി ഒരു ചലചിത്ര പ്രവര്‍ത്തകനെ ഹോട്ടല്‍മുറിയിലേക്കു ക്ഷണിച്ചുവരുത്തിയാല്‍ എന്തു സംഭവിക്കുമെന്ന് പ്രവചിക്കാന്‍ മനഃശാസ്ത്രജ്ഞാനമൊന്നും വേണ്ട. പക്ഷേ, അതില്‍ സ്റ്റിങ്ങ് ഓപ്പറേഷന്‍ നടത്തി തെളിയിക്കേണ്ട വാര്‍ത്താമൂല്യമുണ്ടെന്നാണ് ഒരു ചാനല്‍ മേധാവിക്കു തോന്നിയത്. മേധാവി സുന്ദരിയായ ഒരു റിപ്പോര്‍ട്ടറെ ഇതിനായി കച്ചകെട്ടിയിറക്കി. ശക്തികപൂര്‍ എന്ന ഹിന്ദി സിനിമാവില്ലനെയാണ് ഇതിന് ഇരയാക്കിയത്. നേരിട്ടു ചെന്നു പ്രാഥമികകാര്യങ്ങള്‍ സംസാരിച്ച ശേഷം റിപ്പോര്‍ട്ടര്‍ അയാളെ ഹോട്ടല്‍ മുറിയിലേക്കു ക്ഷണിച്ചു. അവിടെ കുടിക്കാന്‍ ആവശ്യമുള്ള ദ്രാവകങ്ങള്‍ മാത്രമല്ല കണ്ടതും കേട്ടതും ചിത്രീകരിക്കാന്‍ രഹസ്യസംവിധാനങ്ങളും ഒരുക്കിയിരുന്നു.

മദ്യം വേണ്ടത്ര തലയിലെത്തിയപ്പോള്‍ വില്ലന്‍ നടന്‍ തന്റെ ആഗ്രഹം നടിയോടു മടി കൂടാതെ പ്രകടിപ്പിച്ചു. അപ്പോള്‍തന്നെ നടി പുറത്തുള്ളവര്‍ക്ക് സിഗ്നല്‍ കൊടുക്കുകയും ചാനല്‍ സംഘം മുറിയില്‍ ഇരച്ചുകയറുകയും ചെയ്തു. ശക്തികപൂര്‍ പല ചലചിത്ര  പ്രമുഖന്മാരെക്കുറിച്ച് മോശമായി സംസാരിച്ചതും നടിയുമായി ലൈംഗികബന്ധത്തിനു താല്പര്യം പ്രകടിപ്പിച്ചതുമെല്ലാം വൈകാതെ സംപ്രേഷണം ചെയ്യപ്പെട്ടു. യുവതി അങ്ങോട്ടു പറഞ്ഞതൊന്നും ജനത്തെ കേള്‍പ്പിച്ചില്ല.

ചിലര്‍ നടിയാകാന്‍ സഹായിക്കുന്നതിനു പ്രതിഫലമായി ലൈംഗികബന്ധത്തിനു വഴങ്ങണം എന്ന് ആവശ്യപ്പെടാറുണ്ട് എന്നത് പഴയ കഥയാണ്. ഇതു തെളിയിക്കാന്‍ സ്റ്റിങ്ങ് ഓപറേഷനും രഹസ്യക്യാമറയും ആവശ്യമുണ്ടായിരുന്നോ എന്നാണ് ചാനല്‍ പ്രോഗ്രാം കണ്ടവരൊക്കെ ചോദിച്ചത്. 2005 മാര്‍ച്ചില്‍ ഇന്ത്യാ ടി.വി.യിലാണ് ഇതു സംപ്രേഷണം ചെയ്യപ്പെട്ടത്. തുടര്‍ന്നു കുറെക്കാലം ഈ സംഭവം ചാനല്‍-മാധ്യമ രംഗങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ചാനല്‍ എഡിറ്റര്‍മാര്‍ക്ക് ഒരുപാട് ന്യായങ്ങള്‍ നിരത്താനുണ്ടായിരുന്നു. ചലചിത്ര മേഖലയിലെ അത്യന്തം ഹാനികരമായ ഒരു പ്രവണത തുറന്നുകാട്ടി പൊതുതാല്പര്യം സംരക്ഷിക്കുകയായിരുന്നു തങ്ങളെന്നതായിരുന്നു അവരുടെ പ്രധാന ന്യായീകരണം. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും എന്ത് താല്പര്യത്താലായാലും ലൈംഗികമായി ബന്ധപ്പെടുന്നത് സ്വന്തം കാര്യമാണ്. അതില്‍ ബലപ്രയോഗം ഉണ്ടെങ്കിലേ അതു പൊതുതാല്പര്യമുള്ള വിഷയമാകുന്നുള്ളൂ. അതെന്തുമാകട്ടെ, ആ ചാനലിന്റെ പ്രേക്ഷകരുടെ എണ്ണം കുറെ നാളകളില്‍ മൂന്നിരട്ടി വരെ വര്‍ദ്ധിച്ചു എന്നതുതന്നെ വലിയ ന്യായീകരണം!

സെക്‌സ് പ്രധാന ചേരുവ ആയുള്ള സ്റ്റിങ്ങുകള്‍ പിന്നീടും ഉണ്ടായിട്ടുണ്ട്. സ്റ്റിങ്ങ് മാധ്യമപ്രവര്‍ത്തനത്തിനു പരമപ്രാധാന്യം നല്‍കിയ ടെഹല്‍ക്ക, ഒരു കഥ വിജയകരമായി പര്യവസാനിപ്പിക്കുന്നതിന് ഒരു പടി കൂടി മുന്നോട്ടു പോയി ലൈംഗികതൊഴിലാളികളെ ഉപയോഗപ്പെടുത്തുക വരെ ചെയ്തു. ഇന്ത്യന്‍ സേനയുമായി ഒരു ഡീല്‍ ഉണ്ടാക്കുന്നതിന് സൈനിക ഓഫീസര്‍ക്കുള്ള പ്രതിഫലത്തില്‍ ഒന്നു മാത്രമായിരുന്നു ആ ലൈംഗികതൊഴിലാളിയുടെ 'സേവനം'.

പുറത്തു ചര്‍ച്ചകള്‍ എമ്പാടും നടക്കാറുണ്ടെങ്കിലും ഈ വക കാര്യങ്ങളില്‍ അവസാനവാക്ക് ആരും പറയാറില്ലല്ലോ. സ്റ്റിങ്ങ് ഓപറേഷന്‍ ഇപ്പോഴൊരു അംഗീകൃത മാധ്യമപ്രവര്‍ത്തന രീതിയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്തിനും ഏതിനും സ്റ്റിങ്ങ് ആകാം, രഹസക്യാമറയാകാം. ഏതറ്റം വരെ പോകാം എന്നതിനെക്കുറിച്ച് ആര്‍ക്കും വേവലാതിയൊന്നുമില്ല. കാരണം, ഇവിടെ ഈ വിഷയത്തില്‍ നിയമങ്ങളൊന്നുമില്ല. സ്റ്റിങ്ങിന്റെ ഫലമായ ചാനല്‍ റിപ്പോര്‍ട്ട് വിവാദവും ചര്‍ച്ചയും ആകുന്നുണ്ടെങ്കില്‍ നേട്ടം ചാനലിനാണ്. ജനശ്രദ്ധയാകര്‍ഷിക്കുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ കുറച്ച് അധാര്‍മികമാണെങ്കില്‍തന്നെ എന്താണ് കുഴപ്പം?, കൂടുതല്‍ പരസ്യം അതുവഴി കിട്ടില്ലേ, ചാനല്‍ റെയ്റ്റിങ്ങ് കുതിച്ചുയരില്ലേ?  രണ്ടുണ്ടുകാര്യം-അഴിമതി തുറന്നു കാട്ടി എന്ന് അഭിമാനിക്കുകയും ചെയ്യാം, പണം വാരുകയും ചെയ്യാം. അതുമതി.

ഒരുക്കുന്നത് കെണി 

ശക്തി കപൂറിന് ശേഷം പന്ത്രണ്ടു വര്‍ഷം കഴിഞ്ഞാണ് എ.കെ.ശശീന്ദ്രന്‍ വരുന്നത്. സമാനതകള്‍ ഉണ്ട്. രണ്ടിലും കെണി പെണ്ണാണ് ഒരുക്കുന്നത്. ലൈംഗികബന്ധത്തിനു സമ്മതം എന്നു വാക്കിലും നോക്കിലും എഴുതിക്കാട്ടിയാണ് രണ്ടു കേസ്സിലും ഇരയെ വീഴ്ത്തിയത്. ഈ കെണിയില്‍ ആരും വീഴും എന്നു തെളിയിക്കാനല്ല, ആരു വീഴില്ല എന്നു തെളിയിക്കാനാണ് യഥാര്‍ത്ഥത്തില്‍ സ്റ്റിങ്ങ് വേണ്ടിയിരുന്നതു എന്നു തോന്നിപ്പോകുന്നു. ലൈംഗികസ്റ്റിങ്ങുകള്‍ നടത്താന്‍ നേതൃത്വംനല്‍കുന്നവര്‍, ഒരിക്കലും ഒരു കെണിയിലും വീഴാത്ത മഹാത്മാഗാന്ധിമാരാണോ? ലൈംഗികത്വര ഏതെങ്കിലും സാഹചര്യത്തില്‍ നിയന്ത്രിക്കാനാവാതെ തന്നില്‍ ഉണര്‍ന്നേക്കുമോ എന്നു പരീക്ഷിക്കാന്‍ മഹാത്മാഗാന്ധി പെണ്‍കുട്ടികള്‍ക്കൊപ്പം അന്തിയുറങ്ങിയതായി വായിച്ചതോര്‍ക്കുന്നു. ഗാന്ധിജിക്ക് അതാവാം. നമ്മളാരെങ്കിലും ആയിരുന്നെങ്കില്‍ അന്നു ജയിലിലാകുമായിരുന്നു. ഇങ്ങോട്ടുവന്നു കെണിയില്‍ വീഴ്ത്തുകയൊന്നും വേണ്ട അങ്ങോട്ടു ചെന്നു ബലംപ്രയോഗിച്ചും വലയില്‍ വീഴ്ത്തുന്നവരില്‍ മാധ്യമപ്രവര്‍ത്തകരും പെടും. സ്റ്റിങ്ങ് പത്രപ്രവര്‍ത്തനത്തിലൂടെ ഖ്യാതി നേടിയ  തെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ നീണ്ട കാലം ജയിലില്‍ കിടന്നത്

സ്റ്റിങ്ങുമായി ബന്ധപ്പെട്ട മാധ്യമധാര്‍മികതകള്‍ക്ക് തരുണ്‍ തേജ്പാല്‍ വില കല്പിച്ചിരുന്നില്ല. അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കാവുന്ന ഏറ്റവും ശക്തിയേറിയ ആയുധമാണ് സ്റ്റിങ്ങ് എന്ന് അദ്ദേഹം ന്യായീകരിച്ചു. 'അസാധാരണമായ സാഹചര്യങ്ങളില്‍ അസാധാരണമായ പത്രപ്രവര്‍ത്തനരീതികള്‍ ആവശ്യമായി വരും' എന്ന അദ്ദേഹത്തിന്റെ സിദ്ധാന്തം പുതുതലമുറയില്‍പെട്ട പത്രപ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചത് സ്വാഭാവികം മാത്രം. തന്റെ മുമ്പിലുള്ള അസാധാരണമായ സാഹചര്യം എന്ത് എന്നദ്ദേഹം വിശദീകരിക്കുകയുണ്ടായില്ല. ചാനല്‍ റെയ്റ്റിങ്ങ് കുറയുന്നതും വലിയ മുതല്‍മുടക്കോടെ പുതിയ ചാനല്‍ തുടങ്ങുന്നതും അസാധാരണസാഹചര്യമായി കണക്കാക്കാമോ എന്തോ. പക്ഷേ, നിരവധി നല്ല സ്റ്റിങ്ങ് റിപ്പോര്‍ട്ടുകള്‍ സദുദ്ദേശപൂര്‍വം തന്നെ ടെഹല്‍ക്ക പ്രസിദ്ധപ്പെടുത്തിയിരുന്നു എന്നത് നിഷേധിക്കാനാവില്ല. ലോക്‌സഭയില്‍ ചോദ്യം ചോദിക്കാന്‍ പ്രതിഫലം വാങ്ങുന്ന എം.പി.മാരെ സ്റ്റിങ്ങ് ഓപറേഷനിലൂടെ തുറന്നുകാട്ടിയത് ഇത്തരത്തിലൊന്നായിരുന്നു.

മംഗളം ടി.വി.യിലേക്കും എ.കെ.ശശീന്ദ്രനിലേക്കും മടങ്ങാം. ഒരു ചാനലിന്റെ സമുന്നതരായ പത്രപ്രവര്‍ത്തകന്മാര്‍ ഒരു സ്റ്റിങ്ങ് ഓപറേഷന്റെ പേരില്‍ ആദ്യമായാണ് ജയിലിലടക്കപ്പെടുന്നത്. ഇന്ത്യന്‍ ദൃശ്യമാധ്യമചരിത്രത്തില്‍ മാത്രമല്ല ലോകമാധ്യമചരിത്രത്തില്‍തന്നെ ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ എന്നറിയില്ല. കേരളത്തിലെ ചാനല്‍ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാണ് ജയിലിലായ ചാനല്‍ തലവന്‍ ആര്‍.അജിത് കുമാര്‍. തന്റെ നേതൃത്വത്തില്‍ ആരംഭിച്ച ചാനലിലെ ഏറ്റവും ജനപ്രിയ ചാനല്‍ ആക്കുക, വാണിജ്യപരമായിവിജയമാക്കുക എന്നീ രണ്ടു സദുദ്ദേശങ്ങളേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഈ രണ്ടു കാര്യങ്ങള്‍ നേടാന്‍ ഏതറ്റം വരെ പോകാം എന്നദ്ദേഹത്തിനു നിശ്ചയമുണ്ടായിരുന്നില്ല. ഏതറ്റവും പോകാം, എന്തു ചെയ്തും വിജയം നേടാം, വിജയം നേടിയാല്‍ എല്ലാം ശരിയാകും എന്ന വ്യാമോഹമാണ് ഈ മാധ്യമപ്രവര്‍ത്തകരെ മലയാള ദൃശ്യമാധ്യമചരിത്രത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന ഒരു ദുരന്തത്തിലേക്കു തള്ളിവീഴ്ത്തിയത്.

ആര്‍.അജിത് കുമാറും കൂട്ടരും ശിക്ഷിക്കപ്പെടുമെന്നോ അവര്‍ക്കൊരു രക്ഷയും കിട്ടുകയില്ലെന്നോ അല്ല ഈ പറഞ്ഞതിന് അര്‍ത്ഥം. കോടതിയിലെത്തിയാല്‍, സുപ്രീം കോടതി വരെയുള്ള അപ്പീലുകളിലൂടെ രക്ഷപ്പെടാന്‍ കഴിയില്ലെന്ന് ഉറപ്പുള്ള ഒരു കേസ്സും ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടില്ല.ശിക്ഷിക്കപ്പെടാം, പെടാതിരിക്കാം. കോടതി എന്തുപറഞ്ഞാലും ശരി, ചാനല്‍ പ്രവര്‍ത്തകര്‍ ഈ കേസ്സില്‍ തോറ്റുകഴിഞ്ഞു. കാരണം, തങ്ങള്‍ക്ക് ഗുരുതരമായ വീഴ്ച പറ്റി എന്നവര്‍ പ്രേക്ഷകരോട് തുറന്നു പറഞ്ഞു. എഴുപതിലേറെ വയസ്സുള്ള ഒരു പൊതുപ്രവര്‍ത്തകനെ നിരന്തരം പിന്തുടരുകയും അളവറ്റ ലൈംഗിക പ്രലോഭനങ്ങളിലൂടെ കെണിയില്‍ പെടുത്തുകയും ചെയ്ത ശേഷം 'പരാതി പറയാന്‍ ചെന്ന വീട്ടമ്മയോട് ലൈംഗികോദ്ദേശത്തോടെ' പറഞ്ഞതെന്ന മട്ടില്‍ പച്ച ' അശ്ലീല ഡയലോഗുകള്‍ നമ്മുടെ കുടുംബസദസ്സുകളിലേക്കു- ഭക്ഷണമേശയിലേക്കു മലം വലിച്ചെറിയും പോലെ- വലിച്ചെറിയുകയും ചെയ്ത കുറ്റത്തിനു മാപ്പില്ല. ഏതു നിയമകോടതി വെറുതെ വിട്ടാലും മാനുഷികതയുടെ കോടതിയില്‍ മാപ്പില്ലതന്നെ.

ധാര്‍മികതയോ, അതെന്ത്?

എന്തു മാധ്യമധാര്‍മികത, ആരാണത് തീരുമാനിക്കുന്നത്, ആരാണ് അതെല്ലാം പാലിക്കുന്നത് എന്നു തുടങ്ങിയ അസംഖ്യം ചോദ്യങ്ങള്‍ ഉയര്‍ന്നുവരാം. മാധ്യമധാര്‍മികതയെക്കുറിച്ചുള്ള ഒരു ചര്‍ച്ചയും ഇക്കാലംവരെ കൃത്യമായ ഒരു തീരുമാനത്തിലോ എല്ലാവരും അംഗീകരിക്കുന്ന ഒരു മറുപടിയിലോ ചെന്നവസാനിച്ചിട്ടില്ല എന്നതാണു സത്യം. ധാര്‍മികത നോക്കാന്‍ നിന്നാല്‍പിന്നെ വാര്‍ത്ത എഴുതാനും പറ്റില്ല, ചാനലില്‍ കാണിക്കാനും പറ്റില്ല എന്നു പറയാറുള്ള മാന്യന്മാരായ മാധ്യമപ്രവര്‍ത്തകരെ ധാരാളം കണ്ടിട്ടുണ്ട്.

ഏതുതരം സ്റ്റിങ്ങ് പരിപാടി കണ്ടാലും കൈയടിക്കുന്നവരാണ് സാധാരണ പ്രേക്ഷകരും. മന്ത്രി ശശീന്ദ്രന്റെ വാര്‍ത്ത കേള്‍ക്കുകയും  പിറ്റേന്നു അദ്ദേഹം മന്ത്രിസ്ഥാനം രാജി വെക്കുകയും ചെയ്തപ്പോള്‍ പൊതുസമൂഹത്തില്‍നിന്ന് ഒരു തരത്തിലുള്ള അപശബ്ദവും ഉണ്ടായില്ല. ഏതാനും ദിവസങ്ങള്‍ക്കു ശേഷം, നിരവധി മുതിര്‍ന്ന മാധ്യമ-സാംസ്‌കാരിക പ്രവര്‍ത്തകരാണ് ഈ വിവാദത്തിലെ നൈതികതയുടെയും വ്യക്തി സ്വകാര്യതയുടെയും പ്രശ്‌നങ്ങള്‍ ഉന്നയിച്ചത്. തുടര്‍ന്ന് ചാനല്‍തന്നെ വിഷയത്തില്‍ തെറ്റു പറ്റി എന്ന ക്ഷമാപണത്തിനു തയ്യാറായി. അവിടംകൊണ്ട് അത് അവസാനിച്ചിരുന്നെങ്കില്‍ എന്നവര്‍ ആഗ്രഹിച്ചിരുന്നിരിക്കാം. എന്തായാലും അത് അവിടെ തീര്‍ന്നില്ല. ഇനി എവിടെ തീരുമെന്ന് ആര്‍ക്കുമറിയുകയുമില്ല.

മുമ്പും മലയാളത്തില്‍പ്പോലും പത്ര-ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ ഇത്തരം വൈതരണികളില്‍ പല തവണ ചെന്നുപെട്ടിട്ടുണ്ട്. എന്തിനും പറയാവുന്ന കുറെ ന്യായങ്ങള്‍ നമ്മുടെ നാവിന്‍തുമ്പില്‍ എപ്പോഴും ഉണ്ടാകാറുമുണ്ട്. നാലു വര്‍ഷം മുമ്പാണ് ഇന്ത്യാവിഷന്‍ ചാനല്‍ ഹൈക്കോടതിയിലെ ഒരു റിട്ടയേഡ് ജസ്റ്റിസിനുമേല്‍ രഹസ്യക്യാമറ പ്രയോഗിച്ചത്. സൂര്യനെല്ലി കേസ്സിലെ വിധിയെക്കുറിച്ച് സംശയം ചോദിച്ച ലേഖികയോട,് വിധിയെക്കുറിച്ച് ജഡ്ജി പിന്നീട് വിശദീകരണം നല്‍കുന്നത് ശരിയല്ലെന്നു പറഞ്ഞൊഴിഞ്ഞതാണ് ജസ്റ്റിസ് ബസന്ത്. റിപ്പോര്‍ട്ടര്‍ പിടിവിടാതെ കൂടിയപ്പോള്‍, തനിക്കു മനസ്സിലാക്കാന്‍ മാത്രമായി പറയാം, റിപ്പോര്‍ട്ട് ചെയ്യരുത് എന്നു വ്യവസ്ഥയില്‍ പറഞ്ഞ കാര്യങ്ങള്‍ രഹസ്യമായി ശബ്ദലേഖനം ചെയ്തതും സംപ്രേഷണം ചെയ്തതും അനിതരസാധാരണമായ വിശ്വാസവഞ്ചനയും മാധ്യമനൈതികതയുടെ ലംഘനവും ആയിരുന്നു. ചെയ്യില്ല എന്നു ഉറപ്പു നല്‍കിയ കാര്യം ചെയ്യുന്നത് രണ്ടു സാധാരണ വ്യക്തികള്‍ക്കിടയില്‍പ്പോലും അധാര്‍മികവും മര്യാദകേടുമാണ്. കോടതിയില്‍ വായിച്ചതും പത്രങ്ങളില്‍വന്നതുമായ കാര്യങ്ങള്‍ക്ക് അപ്പുറമൊന്നും ജസ്റ്റിസ് പറഞ്ഞിരുന്നില്ല. ഇതൊരു സ്റ്റിങ്ങ് ഓപറേഷന്‍ പോലും ആയിരുന്നില്ല എന്നതു വേറെ സത്യം.

പ്രസ് കൗണ്‍സില്‍ വ്യവസ്ഥകള്‍

സംഭാഷണം ശബ്ദലേഖനം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള മാധ്യമരീതികള്‍ സംബന്ധിച്ച് വ്യക്തമായ മാധ്യമ പെരുമാറ്റച്ചട്ടങ്ങള്‍ അല്ലെങ്കില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലോകമെമ്പാടും നിലവിലുണ്ട്. വിശ്വാസ്യതയുള്ള മാധ്യമസ്ഥാപനങ്ങള്‍ വ്യക്തവും കൃത്യവുമായ ധാര്‍മിക ചട്ടങ്ങള്‍ അവരുടെ സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തുന്നുണ്ട്. പത്രമേഖലയ്ക്കു വേണ്ടിയാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കു രൂപം നല്‍കിയതെങ്കിലും സ്റ്റിങ്ങ് ഓപറേഷനുകളില്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ ദശ്യമാധ്യമങ്ങള്‍ക്കും മാതൃകയായി സ്വീകരിക്കാവുന്നതാണ്.

നാലു വ്യവസ്ഥകളാണ് പ്രസ് കൗണ്‍സില്‍ ഗൈഡ്‌ലൈന്‍സിലുള്ളത്.
1. സ്റ്റിങ്ങ് പ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥാപനം, അതു നടത്തിയവരില്‍നിന്ന്, തങ്ങള്‍തന്നെ സത്യസന്ധമായാണ് ഇതു നടത്തിയത് എന്ന് എഴുതി വാങ്ങേണ്ടതാണ്.
2. സ്റ്റിങ്ങ് ഓപറേഷന്റെ ഓരോ ഘട്ടത്തിലും ആരെല്ലാം എന്തെല്ലാം ചെയ്തു എന്ന് പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.
3. സ്റ്റിങ്ങ് ഓപറേഷന്‍ നടത്താനും അതു പ്രസിദ്ധപ്പെടുത്താനുമുള്ള തീരുമാനം എഡിറ്റര്‍തന്നെ കൈക്കൊള്ളണം. അന്വേഷിക്കുന്ന വിഷയം പൊതുതാല്പര്യമുള്ളതാണ് എന്നും റിപ്പോര്‍ട്ട് നിയമപരമായി ശരിയാണ് എന്നും എഡിറ്റര്‍ ഉറപ്പുവരുത്തണം.
4. വായനക്കാരനെ മനസ്സില്‍ കണ്ടുവേണം വാര്‍ത്ത പ്രസിദ്ധപ്പെടുത്താന്‍. അവര്‍ക്കു ഞെട്ടലോ ആഘാതമോ ഉണ്ടാക്കുന്നതാവരുത് റിപ്പോര്‍ട്ട് എന്ന ശ്രദ്ധയും പരിഗണനയും ഉണ്ടാവണം.

 മാധ്യമധാര്‍മികതയുടെ കാര്യത്തില്‍ ലോകത്തിനാകെ മാതൃകയാക്കാവുന്ന രീതികളാണ് ബി.ബി.സി.പിന്തുടരുന്നത്. ഒരു പക്ഷേ, ബി.ബി.സി.യെപ്പോലെ ഇത്രയും കര്‍ശനമായ വ്യവസ്ഥകളും മുന്‍കരുതലുകളും മറ്റൊരു മാധ്യമസ്ഥാപനവും സ്വീകരിക്കുന്നുണ്ടാവില്ല. രഹസ്യക്യാമറയുടെ ഉപയോഗംതന്നെ സ്വകാര്യതയുടെ ലംഘനമാണ് എന്നതുകൊണ്ട് പൂര്‍ണമായ പൊതുതാല്പര്യം ഉറപ്പിക്കാവുന്ന ഘട്ടങ്ങളില്‍ മാത്രമേ രഹസ്യക്യാമറ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് ബി.ബി.സി. 2015 മെയ് 28 ന് പ്രാബല്യത്തില്‍ കൊണ്ടുവന്ന എഡിറ്റോറിയല്‍ ഗൈഡന്‍സ് രേഖ വ്യക്തമാക്കുന്നത്. റെക്കോഡ് ചെയ്തു എന്നതുകൊണ്ടുമാത്രം അതു സംപ്രേഷണം ചെയ്യണം എന്നു തീരുമാനിച്ചൂകൂടാ. രണ്ടു ഘട്ടത്തിലും ഇതിനുള്ള ന്യായീകരണം സ്ഥാപനത്തിന്റെ ഉയര്‍ന്ന തലത്തില്‍ ഉറപ്പാക്കേണ്ടതുണ്ട്.  റെക്കോര്‍ഡിങ്ങ് ഓരോ ഘട്ടത്തിലും രേഖപ്പെടുത്തി സൂക്ഷിക്കണം. എഡിറ്റോറിയല്‍ പോളിസിയുമായി ബന്ധപ്പെട്ട വിഭാഗത്തിന്റെ തലവന്റെ സമ്മതമില്ലാതെ ഇതൊന്നും ചെയ്യാന്‍ പാടില്ലാത്തതുമാണ്. എഡിറ്റോറിയല്‍ ഗൈഡന്‍സ് സംബന്ധിച്ച ദീര്‍ഘരേഖയില്‍ ഓരോ ഘട്ടത്തിലും സ്വീകരിക്കേണ്ട നടപടികളും പാലിക്കേണ്ട മുന്‍കരുതലുകളും ഓര്‍ത്തിരിക്കേണ്ട തത്ത്വങ്ങളും വിശദീകരിച്ചിട്ടുണ്ട്.

പോലീസ് അന്വേഷണങ്ങളില്‍ നിന്നാണല്ലോ സ്റ്റിങ്ങ് ഓപറേഷന്‍ എന്ന രീതി ഉടലെടുത്തതുതന്നെ. പക്ഷേ, ഇന്ത്യയില്‍ പോലീസ് ക്രമസമാധാനപാലനത്തിലും കുറ്റാന്വേഷണത്തിലും അത്യപൂര്‍വമായേ ഈ രീതി സ്വീകരിക്കുന്നുള്ളൂ. ഒരു കുറ്റകൃത്യം സംബന്ധിച്ച് ദൃഢമായ ബോധ്യമുള്ള ഘട്ടത്തില്‍ മാത്രമേ ഒരാളെ സ്റ്റിങ്ങ് ഉപയോഗിച്ച് വലയിലാക്കാവൂ എന്നു കോടതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. പുരുഷന്മാരെ വലയിലാക്കാന്‍ പാകത്തില്‍ വനിതാ പോലീസുകാരെ രാത്രി ബസ് സ്റ്റാന്‍ഡുകളിലും മറ്റും നിയോഗിക്കുന്ന രീതി നിയമപരമായി ന്യായീകരിക്കാവുന്നതല്ല എന്നു സുപ്രീം കോടതിതന്നെ വ്യക്തമാക്കിയതാണ്. കുറ്റം ചെയ്യാന്‍ ഉദ്ദേശ്യമില്ലാതെ നില്‍ക്കുന്ന ആളെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എങ്ങനെയാണ് നിയമപരമാവുക എന്നാണ് കോടതി ചോദിച്ചത്. 

സ്റ്റിങ്ങിലെ നിയമലംഘനങ്ങള്‍
മാധ്യമപ്രവര്‍ത്തകരുടെ സ്റ്റിങ്ങ് പ്രവര്‍ത്തനം അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും സമൂഹനന്മയുടെയും പേരില്‍ ഡല്‍ഹി ഹൈക്കോടതി ശരിവെക്കുകയുണ്ടായെങ്കിലും 2010 ഏപ്രില്‍ 24ന് പുറപ്പെടുവിച്ച വിധിയില്‍ സുപ്രീം കോടതി അതു തിരുത്തുകയാണ് ചെയ്തത്. ഓരോ സ്റ്റിങ്ങ് ഓപറേഷനിലും നിരവധി നിയമലംഘനങ്ങള്‍ ഉണ്ടാകും. രഹസ്യറെക്കോര്‍ഡിങ്ങ് ആവട്ടെ, പണം കൈമാറലാകട്ടെ, ആള്‍മാറാട്ടമാകട്ടെ ഒന്നും നിയമപരമല്ല. എല്ലാം ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ തന്നെ. നിലവിലുള്ള നിയമങ്ങളും പൗരന്റെ സ്വകാര്യതയും ലംഘിച്ചുകൊണ്ടുള്ള വാര്‍ത്താന്വേഷണങ്ങളെ ഇന്ത്യന്‍ നീതിപീഠം അംഗീകരിക്കുന്നില്ല. രഹസ്യാന്വേഷണ വകുപ്പിനു പോലും മജിസ്‌ട്രേട്ടിന്റെ അനുമതിയില്ലാതെ ഒരു പ്രതിയെ കെണിയില്‍ പെടുത്താന്‍ പറ്റില്ല. അമേരിക്കയില്‍ പത്രപ്രവര്‍ത്തകര്‍ക്ക് നിയമലംഘനമുള്ള സ്റ്റിങ്ങ് പരിപാടി നടത്താന്‍ ഫെഡറല്‍ പോലീസിന്റെ അനുമതി വേണം. സ്വീഡനില്‍ സ്റ്റിങ്ങ് കുറ്റകൃത്യം തന്നെയാണ്. രഹസ്യാന്വേഷണം പോലീസിന്റെ അംഗീകൃത പ്രവര്‍ത്തനരീതിയാണ്. അതിന് അവര്‍ക്ക് നിയമപരമായ പിന്‍ബലമുണ്ട്. താനാരാണ് എന്നു വെളിപ്പെടുത്താതെയോ തെറ്റിദ്ധരിപ്പിച്ചോ വിവരശേഖരണം നടത്താന്‍ ഒരു ധാര്‍മികസംഹിതയും പത്രപ്രവര്‍ത്തകനെ അനുവദിക്കുന്നില്ല എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്.

സ്റ്റിങ്ങ് റിപ്പോര്‍ട്ടിങ്ങ് വര്‍ജിക്കപ്പെടേണ്ട ഒരു ദുഷ്‌കര്‍മമാണ് എന്നാരും പറയുന്നില്ല. പെരുകുന്ന അഴിമതികള്‍ക്കും ചൂഷണങ്ങള്‍ക്കും എതിരെ മാധ്യമങ്ങള്‍ക്കു ചെയ്യാവുന്ന വലിയ സേവനം തന്നെയാണ് സ്റ്റിങ്ങുകള്‍. പക്ഷേ, അതൊരു ഇരുതല മൂര്‍ച്ചയുള്ള കത്തിയാണ്. അനുദിനം പെരുകുന്ന ചാനലുകള്‍ തമ്മില്‍ നടക്കുന്ന മത്സരത്തില്‍ ധര്‍മാധര്‍മങ്ങള്‍ നോക്കാനൊന്നും ആര്‍ക്കും സമയമില്ലെന്ന നിലയാണ് ഉണ്ടാകുന്നത്. വീഡിയോ ക്യാമറയായും റെക്കോര്‍ഡറായും എല്ലാം ഉപയോഗിക്കാവുന്ന പുതിയ തരം കൊച്ചു ഫോണുകളും പേന പോലെ തോന്നിപ്പിക്കുന്ന ഉപകരണങ്ങളും ഉപയോഗിച്ച് ആര്‍ക്കും എന്തും റെക്കോഡ് ചെയ്യാം. പല ചാനല്‍ സ്ഥാപനങ്ങള്‍ക്കും വേണ്ടി മാധ്യമപ്രവര്‍ത്തകരല്ലാത്ത കൂട്ടരും സ്റ്റിങ്ങിനു ക്വട്ടേഷന്‍ എടുക്കുന്നതായിപ്പോലും അഭ്യൂഹങ്ങള്‍ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ കേട്ടുതുടങ്ങിയിട്ടുണ്ട്. അഴിമതിക്കും  അനീതിക്കും നിയമലംഘനങ്ങള്‍ക്കും എതിരെ ഉപയോഗിക്കാന്‍ കണ്ടെത്തിയ ഒരു സംവിധാനംതന്നെ വലിയ അഴിമതിയും അനീതിയും നിയമലംഘനവും ആയി മാറുന്നതും നാം കാണുന്നു. നിയമങ്ങളും ധാര്‍മികതകളും പാലിച്ചുള്ള ശ്രമകരമായ അന്വേഷണത്തിലൂടെയുള്ള വിവരശേഖരണമാണ് പത്രപ്രവര്‍ത്തനത്തിന്റെ വിശ്വാസ്യത ഉയര്‍ത്തുക. അല്ലാതെയുള്ള സ്റ്റിങ്ങ് അതിക്രമങ്ങള്‍ ആത്മഹത്യപരമാവും എന്നതിനു കൂടുതല്‍ തെളിവുകള്‍ ഇനി ആവശ്യമില്ലെന്നു തോന്നുന്നു.

ടെലിവിഷന്‍ ചാനലുകള്‍ക്കും പ്രസ് കൗണ്‍സില്‍ പോലെ മാര്‍ഗനിര്‍ദ്ദേശകസ്ഥാപനം ഉണ്ടാകണം എന്നു ആവശ്യപ്പെടുമ്പോള്‍തന്നെ ഓരോ ദൃശ്യമാധ്യമസ്ഥാപനവും അവരുടേതായ പെരുമാറ്റച്ചട്ടം ആവശ്യമായത്ര വിശദമായി തയ്യാറാക്കി പ്രസിദ്ധപ്പെടുത്തേണ്ടതുണ്ട്. ലോകത്തിലെ പ്രശസ്തമായ പാശ്ചാത്യ മാധ്യമങ്ങളുടെയെല്ലാം വെബ്‌സൈറ്റുകളില്‍ അവര്‍ വാര്‍ത്താശേഖരണത്തിലും പ്രസിദ്ധീകരണത്തിലും പാലിക്കുന്ന നൈതിക തത്ത്വങ്ങള്‍ പരസ്യപ്പെടുത്താറുണ്ട്. നമ്മുടെ ദേശീയ മാധ്യമങ്ങളിലാവട്ടെ ദി ഹിന്ദു, ദ മിന്റ് തുടങ്ങിയ വിരലിലെണ്ണാവുന്ന പത്രങ്ങളേ ഇങ്ങനെ ചെയ്യുന്നുള്ളൂ. ഏതെങ്കിലും ദൃശ്യമാധ്യമസ്ഥാപനം ഇതു ചെയ്യുന്നതായി അറിവില്ല.  മലയാളത്തില്‍ ഒരു മാധ്യമസ്ഥാപനവും അങ്ങനെ ചെയ്യുന്നില്ല.

നിയന്ത്രണം കര്‍ശനം
ഇതുപറയുമ്പോള്‍ത്തന്നെ അച്ചടി മാധ്യമങ്ങള്‍ക്കുള്ളതിനേക്കാള്‍ കര്‍ശനമായ സര്‍ക്കാര്‍ നിയന്ത്രണം ദൃശ്യമാധ്യമങ്ങള്‍ക്കുണ്ട് എന്നു മറക്കരുത്. വിശ്വാസ്യതയുള്ള ചാനലുകളിലൊന്നായ എന്‍.ഡി.ടി.വി.യുടെ സംപ്രേഷണം ഒരു ദിവസത്തേക്ക് നിര്‍ത്തിവെക്കേണ്ടി വന്നത് അടുത്ത കാലത്താണ്. അതൊരു ശിക്ഷയായിരുന്നു. പത്താന്‍കോട്ട് ഭീകരാക്രമണം സംബന്ധിച്ച റിപ്പോര്‍ട്ടിങ്ങില്‍ നിയമലംഘനം ഉണ്ടായി എന്നാരോപിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെ ചെയ്തത്. 1995 മുതല്‍ നിലനില്‍ക്കുന്ന കേബ്ള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക്‌സ് റഗുലേഷന്‍ ആക്റ്റില്‍ 2011 ല്‍ പുതിയ സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്ത് പ്രോഗ്രാം കോഡ് കൂടിയായപ്പോള്‍ ഇന്ത്യയിലെ ടെലിവിഷന്‍ രംഗം സര്‍ക്കാര്‍ നിയന്ത്രിതമായിക്കഴിഞ്ഞു. ദേശീയ സുരക്ഷയോ സദാചാരലംഘനമോ ഉയര്‍ത്തിപ്പിടിച്ച് ഏതു ചാനലിനെതിരെയും സര്‍ക്കാറിന് നടപടിയെടുക്കാം.ആക്റ്റിലെ പല വ്യവസ്ഥകളും അവ്യക്തങ്ങളാണ്. ചാനലുകളെ തോന്നുമ്പോഴെല്ലാം ശിക്ഷിക്കാവുന്ന വിധത്തില്‍ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്കു പഴുതുള്ളതാണ് അവ.
ഇതിലെ സുപ്രധാനമായ ഇരുപതാം വകുപ്പ് നോക്കൂ.

20. പൊതുതാല്പര്യം സംരക്ഷിക്കുന്നതിന് കേബ്ള്‍ ടെലിവിഷന്‍ നിരോധിക്കാനുള്ള അധികാരം.
1) പൊതുതാല്പര്യം സംരക്ഷിക്കുന്നതിന് ആവശ്യമാണെന്നു കേന്ദ്രസര്‍ക്കാറിനു തോന്നുകയാണെങ്കില്‍ ഔദ്യോഗിക വിജ്ഞാപനത്തിലൂടെ ഏതെങ്കിലും പ്രദേശത്തെ ഏതെങ്കിലും  കേബ്ള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിരോധിക്കാന്‍ അധികാരമുണ്ടായിരിക്കും.
2) താഴെച്ചേര്‍ത്ത ഏതെങ്കിലും സംരക്ഷിക്കുന്നതിന് പരിപാടികള്‍ നിയന്ത്രിക്കാനോ നിരോധിക്കാനോ സര്‍ക്കാറിന് അധികാരമുണ്ടായിരിക്കും.
(1) ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും
(2) ഇന്ത്യയുടെ സുരക്ഷിത്വം
(3) വിദേശരാജ്യങ്ങളുമായുള്ള സൗഹൃദം
(4) ക്രമസമാധാനം, മാന്യത, സദാചാരം

ക്രമസമാധാനം, മാന്യത, സദാചാരം എന്നിവ പറഞ്ഞ് നിരോധിക്കാവുന്ന പ്രോഗ്രാമുകള്‍ ഏതു ചാനലിലും എത്ര വേണമെങ്കിലും കാട്ടിക്കൊടുക്കാന്‍ പറ്റും. മംഗളം ചാനലിലെ വിവാദമായ പ്രോഗാം ഈ പരിധിയില്‍ വരില്ലേ? പ്രസ് കൗണ്‍സില്‍ പോലെ അര്‍ദ്ധ ജുഡീഷ്യല്‍ സ്വഭാവമുള്ള ഒരു സംവിധാനത്തിനു മാത്രമേ ഇത്തരം അധികാരങ്ങള്‍ നല്‍കാന്‍ പാടൂള്ളൂ എന്ന് ഇവിടെ സൂചിപ്പിക്കുക മാത്രം ചെയ്യട്ടെ. അതൊരു ഗൗരവമുള്ള വിഷയമാണ്.
കേബ്ള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക്‌സ് റഗുലേഷന്‍ ആകറ്റോ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഗൈഡ്‌ലൈന്‍സോ വായിച്ചു പ്രവര്‍ത്തിക്കുന്ന പത്ര-ദൃശ്യപ്രവര്‍ത്തകര്‍ അധികമില്ല. പക്ഷേ, ഇതിനര്‍ത്ഥം ഇവിടെ ആര്‍ക്കും നൈതികബോധം ഇല്ല എന്നല്ല. വ്യക്തിഗതം മാത്രമാകുന്നു ആ ബോധം. മംഗളം ചാനലിനെ കുറ്റപ്പെടുത്തുമ്പോള്‍തന്നെ, താന്‍ ഇതെത്രമാത്രം പുലര്‍ത്തുന്നു എന്ന് ഓരോരുത്തരും സ്വയം ചോദിക്കുന്നത് നല്ലതാണ്. 
(Published in PRASADHAKAN Monthly May 2017)


Tags: Prasadhakan, sting operation, Mangalam, A.K.Sasheendran
   

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

മാധ്യമങ്ങള്‍ വളര്‍ത്തുന്ന യുദ്ധഭ്രാന്ത്

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്