സി.കേശവന്‍ തുറക്കുന്ന വാതായനങ്ങള്‍

ആരായിരുന്നു സി.കേശവന്‍?  വേണമെങ്കില്‍ രണ്ടുവരിയില്‍ ചുരുക്കിപ്പറയാം. അല്ലെങ്കില്‍ ബൃഹദ്ഗ്രന്ഥമെഴുതാം. അദ്ദേഹം സ്വാതന്ത്ര്യസമരസേനാനിയും 1952-53 കാലത്ത് തിരുകൊച്ചി മുഖ്യമന്ത്രിയുമായിരുന്നു. തീര്‍ന്നു.
ഇങ്ങനെയൊരാളുടെ ആത്മകഥയില്‍ എന്താണ് പ്രതീക്ഷിക്കാനാവുക? സ്വാതന്ത്ര്യസമരകാലത്തെ കുറെ വീരകഥകള്‍ കാണും, പിന്നെ മുഖ്യമന്ത്രിയാകാന്‍ പെട്ട പാട് വിവരിച്ചുകാണും- മറ്റെന്തു കാണാന്‍!
അല്ലേയല്ല...സി.കേശവന്‍ ജീവിതസമരം എന്ന പേരിലൊരു ആത്മകഥയെഴുതിയിട്ടുണ്ട്. മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ കാലത്താണ്-1953-ല്‍-

ഭ്രാന്താലയമായിരുന്ന കേരളം
പക്ഷേ, അദ്ദേഹത്തിന്റെ ആ ആത്മകഥ നമുക്കും നമുക്കു ശേഷവുമുള്ള തലമുറകള്‍ക്കും മുന്നില്‍ അവര്‍ കണ്ടിട്ടേ കേട്ടിട്ടോ പോലുമില്ലാത്ത കേരളീയ സമൂഹത്തിന്റെ ചിത്രമാണ് വരച്ചുകാണിക്കുന്നത്. ഇങ്ങനെയും ഒരു കേരളം ഉണ്ടായിരുന്നോ എന്നു നാം അന്തംവിട്ടിരുന്നു പോകും. വെറുതെയെല്ല, ജാതിഭ്രാന്ത് മൂത്ത ഉത്തരേന്ത്യയില്‍ ജീവിക്കുന്ന ആളായിരുന്നിട്ടുപോലും കേരളത്തില്‍ വന്ന സ്വാമി വിവേകാനന്ദന് കേരളം ഒരു ഭ്രാന്താലയം ആണ് എന്നു തോന്നിയത്.
പത്തൊമ്പതാം നൂറ്റാണ്ടിെന്റ അവസാനകാലത്തുപോലും അഞ്ചു രൂപ ശമ്പളമുള്ള ഒരു സര്‍ക്കാര്‍ഉദ്യോഗം പോലും ഒരു ഈഴവനു ലഭിച്ചിരുന്നില്ല. അതവിടെ നില്‍ക്കട്ടെ...നന്മകളാല്‍ സമൃദ്ധമെന്ന് കവി പാടിപ്പുകഴ്ത്തിയ നാട്ടിന്‍പുറങ്ങളുടെ സ്ഥിതി നോക്കിയാലോ....തിന്മകളുടെ പെരുങ്കളിയാട്ടമായിരുന്നു എങ്ങും. സി.കേശവന്‍ വിവരിക്കുന്നത് തിരുവിതാംകൂറിലെ ഗ്രാമജീവിതമാണ്. ശ്രീപത്മനാഭന്റെ പ്രജകളുടെ കാര്യമാണ്. പൊന്നു തമ്പുരാന്റെ കണ്‍വെട്ടത്തെ പ്രജകളുടെ നരകജീവിതമാണ്.

അയിത്തവും തീണ്ടലും തൊടീലുമുണ്ടായിരുന്നു എന്നു നമുക്കറിയാം. അതിലൊതുങ്ങിയിരുന്നില്ല ജാതിഭ്രാന്ത്. കേശവന്റെ അമ്മാവന്‍ സി.വി.കുഞ്ഞുരാമന്‍ ഹെഡ്മാസ്റ്ററായിരുന്ന സ്‌കൂളില്‍ സ്ഥലംമാറി വന്ന ഒരു അധ്യാപകന് ഈഴവക്കുട്ടികളെ കൈകൊണ്ടു തൊടാന്‍ പോയിട്ട് അടിക്കാന്‍ പോലും വയ്യ. അയിത്തമാകുന്നതാണ് പ്രശ്‌നം. അടിക്കുന്നതു ചൂരല്‍ കൊണ്ടായാലും വൈദ്യുതി പ്രവഹിക്കും പോലെ ചൂരലിലൂടെ അയിത്തം പ്രവഹിക്കുമെന്നു വിശ്വസിച്ച ഒരു യോഗ്യനായിരുന്നു ആ മാസ്റ്റര്‍. അദ്ദേഹം ഈഴവക്കുട്ടികളെ കൈകൊണ്ടോ ചൂരല്‍ കൊണ്ടോ അടിക്കില്ല. ചൂരല്‍ പ്രത്യേകരീതിയില്‍ അവന്റെ ദേഹത്തേക്ക്് ശക്തിയായി എറിയുകയേ ചെയ്യൂ. അടി എറിഞ്ഞു കൊടുക്കുന്ന ഈ ഗുരുവിനെക്കുറിച്ച് സി.കേശവന്‍ എഴുതി അവസാനിപ്പിക്കുന്നത് ഇങ്ങനെ-' ഈ കാട്ടുമാക്കാന്‍ എവിടെപ്പോയി മറഞ്ഞോ എന്തോ'.

 ഈ മേല്‍ജാതിക്കാര്‍ കീഴാളരുടെ ജീവിതക്രമങ്ങളിലും ആചാരങ്ങളിലും വേഷഭൂഷാദികളിലുമെല്ലാം അതിക്രമിച്ചു കടക്കുന്നത് സര്‍വസാധാരണമായിരുന്നു. ചില വേഷങ്ങള്‍, ചില പേരുകള്‍, ചില ആചാരങ്ങള്‍ സവര്‍ണര്‍ക്കേ പാടുള്ളൂ. ഒരു ഉദാഹരണം- ഈഴവ പെണ്‍കുട്ടികള്‍ പേരിനോട് അമ്മ എന്നു ചേര്‍ക്കാന്‍ പാടില്ല. അമ്മ എന്നു പേരിട്ടു ചെല്ലുന്ന കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ പോലും വിസമ്മതിച്ചു ചില ഹെഡ്മിസ്ട്രസ്സുമാര്‍! അതു വലിയ വഴക്കും പ്രക്ഷോഭവുമായി. ഈ അമ്മ പ്രശ്‌നം ദീര്‍ഘകാലം പുകഞ്ഞും കത്തിയും തുടര്‍ന്നു.
അമ്മപ്രശ്‌നം പോലെ ഉദയം നിലനിന്ന മറ്റൊരു പ്രശ്‌നമാണ് പണിക്കര്‍ പ്രശ്‌നം. പണിക്കര്‍ മേല്‍ജാതിപ്പേരാണ്. ഒരു വിഭാഗം കീഴ്ജാതിക്കാര്‍ ആ പേരുള്ള ഉപജാതിയായിരുന്നു. പേരൊക്കെ കൊള്ളാം, പക്ഷേ ആ ജാതിപ്പേരോടെ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ പാടില്ല. ഒടുവില്‍ പണിക്കന്‍ എന്നാണെങ്കില്‍ സമ്മതിക്കാം എന്നു കോംപ്രമൈസ് ആക്കി.

മേല്‍മുണ്ട് ലഹള
മേല്‍മുണ്ട് പ്രശ്‌നവും ഒരു ജാതിപ്രശ്‌നമായിരുന്നു. അതു വലിയ ലഹളയായി പല പേരുകളുണ്ട് ഈ വഴക്കിന്. ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, ചാന്നാര്‍ ലഹള എന്നിങ്ങനെ-.തിരുവിതാംകൂറില്‍ തുടങ്ങി കൊല്ലം വരെ പടര്‍ന്നു ഇത്. മതംമാറി ക്രിസ്ത്യാനികളായ ഈഴവ യുവതികള്‍ മേല്‍മുണ്ടും മാറുമറപ്പുമായി നടക്കാന്‍ തുടങ്ങിയത് നായന്മാര്‍ക്ക് പിടിച്ചില്ല. അടിയും ലഹളയുമുണ്ടായി. അവര്‍ണ സ്ത്രീകള്‍ മാറുമറച്ചാല്‍ പൊതുതെരുവില്‍ അവരുടെ തുണി ഉരിയാന്‍ ചില സവര്‍ണക്കൂട്ടര്‍ മടിച്ചില്ല. സാമൂഹ്യമായ കീഴ്‌വഴക്കങ്ങള്‍ പാലിക്കണമെന്ന നിലപാടാണ് ഏതു കാര്യത്തിലുമെന്ന പോലെ ഇക്കാര്യത്തിലും ഭരണാധികാരികള്‍ സ്വീകരിച്ചത്. മാധവനാര്‍ ദിവാന്‍ ഉത്തരവ് തന്നെ ഇറക്കി-മുല മറച്ചു നടക്കാന്‍ അവകാശമുള്ള പെണ്ണുങ്ങളെ മറ്റു പെണ്ണുങ്ങള്‍ അനുകരിക്കുന്നത് കുറ്റകരമാണ്, ശിക്ഷിക്കുമെന്ന്! ഒടുവില്‍ ബ്രിട്ടീഷ് ഭരണകൂടം വേണ്ടിവന്നു ഇടപെട്ട് പ്രശ്‌നം തീര്‍ക്കാന്‍. ഏതു വേഷം ആര്‍ക്കും ധരിക്കാം എന്ന ഉത്തരവ് ഇറങ്ങിയ ശേഷമേ കുഴപ്പം മെല്ലെ കെട്ടടങ്ങിയുള്ളൂ. മുട്ടിനു താഴെ എത്തുന്ന മുണ്ട് ഇടാന്‍ ഈഴവത്തികള്‍ക്ക് അധികാരമില്ലെന്നതും ഇതുപോലെ കാലമെടുത്തുമാത്രം പരിഹൃതമായ ഒരു വിലക്കായിരുന്നു.

ഇതിനു സമാന്തരമായി മേല്‍ജാതി സ്ത്രീകളെയും അലട്ടിയിരുന്ന മറ്റൊരു പ്രശ്‌നവും മുലമറക്കലുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. റൗക്ക ഇടുന്നത് ശരിയോ എന്നതായിരുന്നു ചോദ്യം. കൊച്ചിയിലെ ക്ഷേത്രങ്ങളില്‍ റവുക്കയിട്ട് കയറരുത് എന്ന വിലക്ക് പത്തൊമ്പതാം നൂറ്റാണ്ട് അവസാനിക്കുമ്പോഴും ഉണ്ടായിരുന്നു. 1890 കാലത്താണ് തന്റെ നാട്ടില്‍ റവുക്ക വരുന്നത് എന്ന് സി.കേശവന്‍ എഴുതുന്നുണ്ട്. അതൊരു കേരളീയ വേഷമല്ല. നായര്‍ സ്ത്രീകളെ മാത്രമല്ല ഈഴവസ്ത്രീകളെയും ഈ പ്രശ്‌നം അലട്ടിയിരുന്നു. റവുക്കയിടാന്‍ പല ഭര്‍ത്താക്കമ്മാരും ഭാര്യമാരെ അനുവദിച്ചിരുന്നില്ല. സി.കേശവന്റെ അമ്മാവനായ പ്രമുഖ പത്രാധിപരും എഴുത്തുകാരനുമായ സി.വി.കുഞ്ഞുരാമന്റെ ഭാര്യയെ റവുക്കയിടാന്‍ സി.വി.യുടെ സഹോദരി അനുവദിക്കുമായിരുന്നില്ല. സി.വി.ക്കു പക്ഷേ റവുക്കയോട് എതിര്‍പ്പുണ്ടായിരിന്നില്ല താനും. സി.വി.യുടെ ഭാര്യ അങ്ങനെ പകല്‍ റവുക്ക ഇല്ലാതെയും രാത്രി ഭര്‍ത്താവ് വന്നാല്‍ റവുക്ക ധരിച്ചുമാണ് നടക്കാറുള്ളതത്രെ.

അടിമവ്യാപാരം
സ്‌കൂള്‍ പ്രവേശനം, ഹോസ്റ്റല്‍ പ്രവേശനം, സര്‍ക്കാര്‍ ഉദ്യോഗം തുടങ്ങി ഓരോരോ വൈതരണികള്‍ കഷ്ടപ്പെട്ടും പോരടിച്ചുമാണ് പിന്നോക്കക്കാര്‍ മറികടന്നത്. അതു പലതും ചരിത്രഗ്രന്ഥങ്ങളിലും സര്‍ക്കാര്‍ രേഖകളിലും കാണാം. പക്ഷേ, സാമ്പത്തികമായ ചൂഷണങ്ങള്‍ പലതും വിസ്മൃതിയിലാണ്ടുപോയ ദുരിതാനുഭവങ്ങളാണ്. അക്ഷരാര്‍ത്ഥത്തിലുള്ള അടിമവ്യാപാരം തിരുവിതാംകൂറില്‍ നിലനിന്നിരുന്നു. പെണ്ണുങ്ങളെയും കുട്ടികളെയും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന സമ്പ്രദായം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യകാലം വരെ ഉണ്ടായിരുന്നു. ഈഴവര്‍തന്നെയാണ് ഈഴവരെ വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്നത്. വാങ്ങിയ അടിമകള്‍ക്കു മക്കളുണ്ടായാല്‍ അവരുടെ അവകാശം അടിമയെ വാങ്ങിയ ആള്‍ക്ക് ഉണ്ടാവില്ല എന്നു ഉറപ്പാക്കാന് പ്രത്യേകം ഉത്തരവ് സര്‍ക്കാറിന് ഉറക്കേണ്ടിവന്നു. അടിമവ്യാപാരം 1812-ല്‍ നിയമം മൂലം നിര്‍ത്തലാക്കപ്പെട്ടുവെങ്കിലും പിന്നെയും കുറെക്കാലം നിലനിന്നുപോന്നു. 1.30,000 അടിമകളെ മോചിപ്പിച്ചതിന്റെ വിവരങ്ങള്‍ സര്‍ക്കാര്‍ രേഖകളില്‍ കണ്ടതായി സി.കേശവന്‍ എഴുതുന്നു. അടിമപ്പണത്തിന്റെ പങ്ക് രാജാവിലേക്ക് അടച്ചുകൊണ്ടിരിക്കുകയും ചെയ്തുപോന്നു.

അത്ഭുതകരമായ ഒരു സംഗതി ജനങ്ങളുടെ മേല്‍ മാര്‍ത്താണ്ഡവര്‍മ്മ ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ അടിച്ചേല്‍പ്പിച്ചിരുന്ന പല നികുതികളും സവര്‍ണര്‍ക്കോ സമ്പന്നര്‍ക്കോ ബാധകമായിരുന്നില്ല എന്നതാണ്. 1751-ല്‍ നടപ്പാക്കിയ തലയറ  എന്ന നികുതി അത്തരത്തിലൊന്നായിരുന്നു. പതിനാറു മുതല്‍ അറുപതു വരെ വയസ്സുള്ള ഏഴജാതിക്കാരുടെ എണ്ണം നോക്കിയാണ് കുടുംബങ്ങളില്‍നിന്ന് ഇതു പിരിച്ചുപോന്നത്. 1815-ല്‍ ഇതു നിര്‍ത്തി. തീര്‍ന്നില്ല. സര്‍ക്കാര്‍ വക പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്ക് സൗജന്യ ശ്രമദാനം നല്‍കാന്‍ പാവങ്ങള്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. 1810 വരെ ഇതു നിലനിന്നു. ആഭരണം ധരിക്കാനുള്ള സ്വാതന്ത്ര്യം 1813 മുതലേ ലഭിക്കുന്നുള്ളൂ. പ്രത്യേക വിളമ്പരത്തിലൂടെ റാണി പാര്‍വതീഭായി മഹാരാജാവാണ്് ഇതു സാധ്യമാക്കിയത്. വീടുകള്‍ ഓട് മേയുന്നതിനുള്ള അവകാശം അവശജാതിക്കാര്‍ക്ക് സ്വാഭാവികമായി ലഭിക്കുമായിരുന്നില്ല 1812 വരെ. പണ്ടാരവക ചുമടെടുക്കുന്നത് ഈഴവന്റെ പണിയായിരുന്നു. അതിന് പ്രതിഫലം ലഭിച്ചിരുന്നില്ല. പണിയെടുക്കുന്നവന് കൂലി കൊടുക്കേണ്ടത് 'രാജധര്‍മം' ആണ് എന്ന് രാജാവിനു ബോധ്യമാകുന്നത് 1809-ല്‍ മാത്രമാണ്. ഇത്തരം 'രാജധര്‍മ' അധര്‍മങ്ങള്‍ എണ്ണിയാല്‍ത്തീരാത്തത്ര ഉണ്ടായിരുന്നു.

അവശജനങ്ങളെ ചൂഷണം ചെയ്തിരുന്നത് സവര്‍ണരോ ഭരണക്കാരോ മാത്രമായിരുന്നില്ല. ഈഴവര്‍ക്കിടയില്‍നിന്നു തന്നെ ഉയര്‍ന്നുവന്ന ചാന്നാര്‍ വിഭാഗം ചെയ്ത ദ്രോഹം ചെറുതൊന്നുമല്ല. സമുദായശ്രേണിയുടെ മുകള്‍ത്തട്ടില്‍നിന്നിരുന്നവരാണ് ചാന്നാന്‍മാര്‍. അവരുടെ വരുതിയിലേ ഓരോ സമുദായത്തിന്റെയും ജാതിപരവും വ്യക്തിപരവും കുടുംബപരവുമായി  കാര്യങ്ങള്‍ നടത്താന്‍ പാടൂള്ളൂ. ആറു ചാന്നാന്മാരാണ് പ്രദേശത്തെ വിഭജിച്ച് ഈ ഭരണാധികാരം നിര്‍വഹിച്ചിരുന്നത് എന്നു സി.കേശവന്‍ എഴുതുന്നു. ഒരു കുടുംബത്തിലെ കല്യാണച്ചടങ്ങിന് എല്ലാ അനുമതിയും വാങ്ങിയിട്ടും ആ അധികാരികള്‍ക്ക് എന്തോ അപ്രിയം തോന്നിയതിന് കല്യാണപ്പന്തല്‍ അപ്പടി  ചാന്നാന്മാര്‍ വന്നു അടിച്ചുപൊളിച്ച കഥ വിവരിക്കുന്നുണ്ട്. സഹിക്കവയ്യാതെ ആ കുടുംബം ഒന്നടങ്കം ക്രിസ്തുമതത്തില്‍ അഭയം പ്രാപിച്ചു. ഈഴവര്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നാല്‍ അവര്‍ക്ക് എല്ലാ സംരക്ഷണവും ലഭിച്ചുപോന്നു. സ്‌കൂള്‍ പ്രവേശനം മുതല്‍ സര്‍ക്കാര്‍ ഉദ്യോഗംവരെ അനുവദനീയമാകും.

ഡോ.പല്‍പ്പു നയിച്ച പോരാട്ടം

ആത്മീയവും സാംസ്‌കാരികവും മറ്റുമായ കാര്യങ്ങളില്‍ ഈഴവരെ ഉയര്‍ത്തിയതിന്റെ ധാര്‍മികനേതൃത്വം ശ്രീനാരായണ ഗുരുവിന് ആയിരുന്നെങ്കിലും വിവേചനങ്ങള്‍ക്കും അവഗണനകള്‍ക്കും എതിരെ മുന്നില്‍നിന്നു പോരാടിയത് ഡോ.പല്‍പ്പുവിന്റെ നേതൃത്വത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഒരു ഘട്ടത്തില്‍ ഗുരുവിനേക്കാള്‍ ജനങ്ങള്‍ക്കിടയില്‍ ആരാധകര്‍ കൂടുതലുണ്ടായിരുന്നത് പല്‍പ്പുഡോക്റ്റര്‍ക്കായിരുന്നു എന്നു സി.കേശവന്‍ എഴുതിയിട്ടുണ്ട്.

സാധാരണ പൗരാവകാശങ്ങള്‍ ഈഴവര്‍ക്കും അനുവദിക്കണമെന്നുള്ള അതിവിനീതമായ നിവേദനം ഈഴവര്‍ രാജാവിന് സമര്‍പ്പിച്ചതിനെയാണല്ലോ ഈഴവ മെമ്മോറിയല്‍ എന്നു വിളിക്കുന്നത്. 1896 സപ്തംബര്‍ മൂന്നിനാണ് ഈ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ഇതും ഇതിനു ദിവാന്‍ സുന്ദരയ്യര്‍ നല്‍കിയ വിസ്തരിച്ച മറുപടിയും ഈ ആത്മകഥയില്‍ എടുത്തുചേര്‍ത്തിട്ടുണ്ട്. ഡോ.പല്‍പ്പുവും സി.വി.കുഞ്ഞുരാമനും ഈ വിഷയങ്ങളില്‍ എഴുതിയ കൃതികളില്‍ നിന്നുള്ള ഉദ്ധരണികളും ഈ പുസ്തകത്തിലുണ്ട്.

വിവേചനങ്ങള്‍ സൃഷ്ടിച്ച ജാതിസ്പര്‍ദ്ധ നീണ്ടുനിന്ന നായര്‍ ഈഴവ ലഹളകള്‍ക്കു കാരണമായിത്തീര്‍ന്നിരുന്നു. 1903 കാലത്താണ് ഇത് പൊട്ടിപ്പുറപ്പെട്ടത്. ലഹള ക്രമേണ അസ്തമിച്ചു. ഇത് സമാധാനപരമായ പല മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു. സാമുദായിക പരിഷ്‌കരണപ്രസ്ഥാനങ്ങളും കേരളകൗമുദി പോലുള്ള പത്രങ്ങളും ഉയര്‍ന്നുവന്നത് ഇതിനു ശേഷമാണ്. ഈ പോരാട്ടത്തിന്റെ പല ഘട്ടങ്ങളിലും സവര്‍ണജാതികളില്‍പ്പെട്ട നീതിബോധവും മനുഷ്യത്വവും ഉള്ള നിരവധി വ്യക്തികളില്‍ നിന്ന് സഹായങ്ങളുണ്ടായി എന്നു സി.കേശവന്‍ ആത്മകഥയില്‍ എടുത്തുപറയുന്നുണ്ട്. പല ഘട്ടങ്ങളിലും ക്രൈസ്തവ അധികാരികളില്‍നിന്നും വിലപ്പെട്ട ഇടപെടലുകളുണ്ടായി. പലരും രാഷ്ട്രീയമായ നിലപാടുകള്‍ എടുത്ത് പുരോഗമനപക്ഷത്തു നിന്നവരാണ്. വേറെ പലര്‍ വ്യക്തിപരമായ സ്‌നേഹസൗഹാര്‍ദ്ദങ്ങളിലൂടെ നീതിയുടെ പക്ഷം നിന്നവരാണ്.

ഈ ആത്മകഥയ്ക്ക് ഒരുപ്രത്യേകത കൂടിയുണ്ട്. ഇതിന് അവതാരിക എഴുതിയത് പ്രക്ഷോഭകാരിയായ  പത്രപ്രവര്‍ത്തകനും ഇടതുപക്ഷപ്രവര്‍ത്തകനുമായ കെ.ബാലകൃഷ്ണനാണ്. സി.കേശവന്റെ മകനാണ് കെ.ബാലകൃഷ്ണന്‍. മകന്‍ അച്ഛന്റെ കൃതിക്ക് അവതാരിക എഴുതുന്നതില്‍ പുതുമ ഉണ്ടാകാം. അതിലേറെ ആളുകള്‍ അക്കാലത്ത് അതു ചര്‍ച്ച ചെയ്യാന്‍ കാരണം അച്ഛനും മകനും ശത്രുക്കളെപ്പോലെ രണ്ട് രാഷ്ട്രീയപക്ഷങ്ങളില്‍നിന്നു കലഹിച്ചവരാണ് എന്നുള്ളവരാണ്. കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന സി.കേശവന്റെ മുഖ്യ എതിരാളിയായിരുന്നു ആര്‍.എസ്.പി.നേതാവായിരുന്ന കെ.ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ വീട്ടില്‍ താമസിക്കാന്‍ വിസമ്മതിച്ചു മാറിപ്പാര്‍ത്ത പുത്രനെയാണ് അച്ഛന്‍ അവതാരിക എഴുതാന്‍ ഏല്പിച്ചത്. ചോര വെള്ളത്തേക്കാള്‍ കട്ടിയുള്ളതാണ് എന്നു വെറുതെ പറയുന്നതല്ല. പ്രഗത്ഭ പത്രപ്രവര്‍ത്തകനായ പുത്രനുള്ള അംഗീകാരം കൂടിയായി അച്ഛന്റെ അഭ്യര്‍ത്ഥന.

എഴുതിയത്. പിന്നെ 1969-ല്‍ മരിക്കുന്നതു വരെ അദ്ദേഹം കാര്യമായൊന്നും വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

Also read

https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF._%E0%B4%95%E0%B5%87%E0%B4%B6%E0%B4%B5%E0%B5%BB

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

മാധ്യമങ്ങള്‍ വളര്‍ത്തുന്ന യുദ്ധഭ്രാന്ത്

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്