എന്‍.പി.രാജേന്ദ്രന്‍ പ്രത്യയശാസ്ത്രങ്ങള്‍ ശാശ്വതമായി നിലനില്‍ക്കുന്ന ചിന്താപദ്ധതികളാണ് എന്ന് ആര്‍ക്കും ഉറപ്പിക്കാനാവില്ല. മതങ്ങള്‍ ഒഴികെയുള്ള വിശ്വാസസംഹിതകളൊന്നും ഒരു തലമുറയ്ക്കപ്പുറം നിലനില്‍ക്കുക പതിവില്ല. വല്ലതും നിലനിന്നെങ്കില്‍ അവ മതമായി മാറുകയാണ് പതിവ്. കമ്യൂണിസത്തിന് മതത്തിന്റെ സ്വഭാവങ്ങളുണ്ടായിരുന്നു. സ്വര്‍ഗനരകങ്ങള്‍ എങ്ങോ നിലനില്‍ക്കുന്നുണ്ടെന്നും മരണാനന്തരം തരംപോലെ അവിടങ്ങളിലാണ് മനുഷ്യന്‍ എത്തുകയെന്നും പല മതങ്ങളും അനുയായികളെ ഉദ്‌ബോധിപ്പിക്കാറുണ്ട്. വ്യക്തികള്‍ക്കല്ല മനുഷ്യരാശിക്കാണ് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം സ്വര്‍ഗവും നരകവും വാഗ്ദാനം ചെയ്തത്. ചൂഷിതര്‍ക്കു സ്വര്‍ഗവും ചൂഷകവര്‍ഗത്തിനു നരകവും. സ്വര്‍ഗം നേടാന്‍ പല കര്‍മാനുഷ്ഠാനങ്ങളുമുണ്ട്. മതങ്ങള്‍ക്ക് അവകാശപ്പെടാന്‍ കഴിയാത്ത ഒന്ന് പ്രത്യയശാസ്ത്രം നല്‍കുന്നുണ്ട്. ശാസ്ത്രത്തിന്റെ പിന്‍ബലം, മതത്തിന് അതില്ല. മനുഷ്യരാശി പല സാമൂഹ്യാവസ്ഥകളിലൂടെ കടന്നുപോയാണ് ഒടുവില്‍ കമ്യൂണിസം എന്ന സ്വര്‍ഗത്തിലെത്തുക എന്നും അത് അനിവാര്യമാണെന്നുമെല്ലാമുള്ള സിദ്ധാന്തങ്ങള്‍ നിലവിലുണ്ടായിരുന്നു അടുത്ത കാലം വരെ. ഫ്യൂഡലിസത്തില്‍നിന്ന് മുതലാളിത്തത്ത