സാമൂഹ്യമാദ്ധ്യമം സാമൂഹ്യവിരുദ്ധ മാദ്ധ്യമമാവരുത്
അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവം തന്നെയാണ് പുതുമാദ്ധ്യമങ്ങൾ. നവ മാദ്ധ്യമങ്ങൾ എന്ന വിഭാഗത്തിൽ ഇന്റർനെറ്റ് മാദ്ധ്യമങ്ങളെല്ലാം ഉൾപ്പെടുന്നുണ്ട്. ഇന്റർനെറ്റ് വഴി പ്രസിദ്ധപ്പെടുത്തുന്ന മാദ്ധ്യമങ്ങളിൽ ഒരു വിഭാഗം അച്ചടിക്കുന്നില്ല എന്നതൊഴിച്ചാൽ ബാക്കി മിക്ക കാര്യങ്ങളിലും അച്ചടിമാദ്ധ്യമത്തിന്റെ പരമ്പരാഗത രീതികളും മുൻകരുതലുകളും പുലർത്തുന്നവയാണ്. അവയ്ക്ക് എഡിറ്റർമാരുണ്ട്, പ്രസിദ്ധപ്പെടുത്തുന്നത് ശരിയോ എന്ന സൂക്ഷ്മ പരിശോധനയുണ്ട്, ഭാഷപരമായ എഡിറ്റിങ്ങ് ഉണ്ട്. ഇതൊന്നുമില്ലാത്തതാണ് രണ്ടാം വിഭാഗമായ സാമൂഹ്യമാദ്ധ്യമം. ആർക്കും എന്തും എഴുതാം പ്രസിദ്ധപ്പെടുത്താം. ഒരു എഡിറ്ററുടെയും ഔദാര്യം വേണ്ട. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ സീമാതീതമായ വളർച്ച തന്നെ. പത്തു വർഷമെങ്കിലുമായി ഈ മാദ്ധ്യമവും അതിനോടു ചേർന്നുള്ള സ്വാതന്ത്ര്യവും വളർന്നു പന്തലിക്കുകയാണ്. എന്താണ് ഇപ്പോഴത്തെ സ്ഥിതി? സാമൂഹ്യമാദ്ധ്യമം ഉപയോഗിക്കുന്നവരിലും സ്വാഭാവികമായി രണ്ടു വിഭാഗക്കാരുണ്ട്. ഉത്തരവാദിത്തബോധത്തോടെ, തങ്ങളെഴുതുന്നതെല്ലാം സത്യവും മാന്യവും ആണ് എന്ന ഉറപ്പോടെ എഴുതുന്നവർ ധാരാളം. വീണുകിട്ടിയ സ്വാതന്ത്ര്യം ആരെ