കേരളം ഇപ്പോഴും ഭ്രാന്താലയമോ?


തൊടുപുഴയ്ക്കടുത്ത് ഒരു കുടുംബത്തെ ഒന്നടങ്കം തല്ലിക്കൊന്നു വീട്ടുപറമ്പിൽ കുഴിച്ചിട്ട സംഭവം കേരളത്തെ ഞെട്ടിച്ചു. ആരെയും ഞെട്ടിക്കുന്ന പൈശാചികതയോടെയാണ് രണ്ടു സ്ത്രീകളെയും മാനസികാരോഗ്യമില്ലാത്ത ഒരു യുവാവിനെയും കുടുംബനാഥനെയും കൊലപ്പെടുത്തിയത്. ഏതാനും നാൾക്കകം പൊലീസ് കൊലയാളികളെ കണ്ടെത്തി. കൊല നടത്താൻ അവർ പറഞ്ഞ കാരണം കേരളത്തെ വീണ്ടും ഞെട്ടിച്ചു. മുന്നൂറു മൂർത്തികളുടെ ബലം, ദുർമന്ത്രവാദം, ദുർമൂർത്തികൾ, മന്ത്രങ്ങളെഴുതിയ താളിയോല, നിധി ശേഖരം.....എത്ര നൂറ്റാണ്ടു പിറകിലാണ് കേരളം ജീവിക്കുന്നത്?
ഇതാദ്യത്തെ സംഭവമല്ല. ഏതാനും മാസം മുമ്പ് ഒരു സംസ്ഥാനതലസ്ഥാനത്ത് യുവാവ് സ്വന്തം കുടുംബത്തെ കൊന്നത് ശരീരവും ആത്മാവും വേർപെടുന്നത് കാണാനായിരുന്നുവത്രെ! ഇതിൽ മനോവിഭ്രാന്തിയുടെ ലക്ഷണങ്ങളുണ്ട്. പക്ഷേ, തൊടുപുഴ സംഭവത്തിൽ അങ്ങനെ യാതൊന്നുമില്ല. തികഞ്ഞ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും ബുദ്ധിപൂർവവുമാണ് ആ ചെറുപ്പക്കാർ ആറു മാസത്തെ ആസൂത്രണത്തോടെ ഒരു കുടുംബത്തെ ഉന്മൂലനം ചെയ്തത്.
കൂട്ടക്കൊല നടത്താൻ അവരെ പ്രേരിപ്പിച്ച കാരണങ്ങൾ അവർ പോലീസിനോടു പറഞ്ഞത് മാദ്ധ്യമങ്ങൾ വിശദമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നമ്മളെല്ലാം അതു കൗതുകപൂർവം വായിച്ചു. കൗതുകത്തിനപ്പുറം അതിൽ യാതൊന്നുമില്ലേ? ക്രമേണ മറക്കാവുന്ന മറ്റനേകം സംഭവങ്ങളിൽ ഒന്നു മാത്രമാണോ ഇതും.
കേരളീയസമൂഹത്തെ ബാധിച്ചിരിക്കുന്ന അതിഗുരുതരമായ ചില രോഗങ്ങളുടെ ലക്ഷണമാണ് ഇത്. രണ്ടു ഘടകങ്ങളാണ് ഈ സംഭവത്തിന്റെ പ്രേരണയായി കാണാനാവുന്നത്. ഒന്ന്, ധനത്തോടുള്ള അത്യാർത്തി. രണ്ട്, അമിതമായ അന്ധവിശ്വാസം. കേരളത്തിന്റെ സവിശേഷമായ നന്മകളുടെ, പുരോഗതിയുടെ തെളിവുകളായ എല്ലാ മുല്യങ്ങളുടെയും ലംഘനങ്ങളും നിഷേധങ്ങളുമാണ് ഇതു രണ്ടും. ഏതാനും ഒറ്റപ്പെട്ട വ്യക്തികൾ എക്കാലത്തും ഇതു പോലെ വഴിതെറ്റിപ്പോയിട്ടുണ്ടാകാം. പക്ഷേ, ഇവർ ഒറ്റപ്പെട്ട വ്യക്തികളല്ല. സമൂഹത്തിൽ ശക്തി പ്രാപിച്ചുവരുന്ന പ്രവണതയുടെ പ്രതീകങ്ങൾ മാത്രമാണ്. ദുർമന്ത്രവാദി ഉണ്ടാകുന്നതുതന്നെ അതിനു ആവശ്യക്കാർ ഉണ്ടാകുമ്പോഴാണ്. ദുർമന്ത്രവാദി കോടീശ്വരനാവുന്നത് ആവശ്യക്കാർ ധാരാളമുണ്ടാകുമ്പോഴാണ്. ദുർമന്ത്രവാദിക്കു ശിഷ്യന്മാർ ഉണ്ടാവുകയും ശിഷ്യന്മാർക്കു സംഘങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഒരു പക്ഷേ, അവർക്കു ആളെക്കുട്ടാനും ശിക്ഷണം നൽകാനും വാട്‌സ്ആപ്പ് ഗ്രൂപ്പുകളുമുണ്ടാകാം.
ഒരേ സമയം പ്രാചീനകാലത്തെ പ്രാകൃതത്വങ്ങളിലേക്കും വിശ്വാസങ്ങളിലേക്കും, അതേ സമയം അതിനൂതനമായ സാങ്കേതികവിദ്യകളിലേക്കും മനസ്സുകൊടുക്കാനുള്ള അത്യസാധാരണ മനസ്സാണ് കേരളീയരിൽ രൂപം കൊണ്ടിരിക്കുന്നത്. കേരളത്തിൽ ഒരു നവോത്ഥാനകാലം ഉണ്ടായിരുന്നതായി ചരിത്ര-സാമൂഹ്യശാസ്ത്ര പണ്ഡിതരും ബുദ്ധിജീവികളും നിരീക്ഷിച്ചിട്ടുണ്ട്. അതു നിഷേധിച്ചവരും ഉണ്ട്. എന്നാലും എല്ലാവരും യോജിക്കുന്ന ചില കാര്യങ്ങളുണ്ട്. വിദ്യാഭ്യാസത്തിന്റെ വരവോടെ അന്ധവിശ്വാസങ്ങൾ വെടിയാനും ശാസ്ത്രബോധത്തോടെ കാര്യങ്ങളെ കാണാനും കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതൽ മലയാളികളുടെ പുതിയ തലമുറയ്ക്കു കഴിഞ്ഞിട്ടുണ്ട്. ജാതിഭ്രാന്തിനെ അവർ കൈയൊഴിഞ്ഞു. മതാന്ധതയോട് വിട പറഞ്ഞു. മതങ്ങൾതന്നെ നവോത്ഥാനത്തിൽ പങ്കാളികളായി. സ്‌കൂൾ വിദ്യാഭ്യാസവും ഇംഗ്ലിഷ് പഠനവും കടൽ കടന്നുപോക്കും പോലെ അകറ്റിനിർത്തിയിരുന്ന കാര്യങ്ങൾ പലതും സ്വീകരിക്കുകയും പുരോഗമനത്തിന്റെ പാതയിലേക്കു വരികയും ചെയ്തു.
 കേരളം ചവറ്റുകൊട്ടയിലെറിഞ്ഞ പ്രേതങ്ങളും യക്ഷികളും ചാത്തന്മാരും ദുർമന്ത്രവാദികളും ഒടിയന്മാരും അന്ധവിശ്വാസങ്ങളും ഇതാ പുറത്തേക്കു ചാടിയിരിക്കുന്നു. തൊടുപുഴയിലെ യുവാക്കളെ കൂട്ടക്കൊലയ്ക്കു പ്രേരിപ്പിച്ചതും ഇക്കണ്ട അന്ധവിശ്വാസങ്ങളുടെ പിറകെ പോകുന്നവരെ ഇളക്കിവിടുന്നതും ഒരേ മൂർത്തിയാണ്. പണമാണ് ആ മൂർത്തി. പണത്തോടുള്ള അത്യാർത്തിയാണ് ആ ദുർമൂർത്തി.
സ്വാമി വിവേകാനന്ദൻ പറഞ്ഞ അവസ്ഥയിലുള്ള ഒരു ഭ്രാന്താലയം ആയിക്കഴിഞ്ഞിട്ടുണ്ടാവില്ല ഇപ്പോഴും കേരളം. പക്ഷേ, പോക്കു അങ്ങോട്ടാണ്. ഏതെങ്കിലും ഒരു മതത്തിൽ ഒതുങ്ങുന്നതല്ല ഈ പ്രവണത. ഹിന്ദുമതത്തിൽ മാത്രമല്ല ക്രിസ്‌തു മതത്തിലും ഇസ്ലാം മതത്തിലും സമാനമായ അയുക്തികമായ, അതതു മതങ്ങളുടെ തത്ത്വങ്ങൾക്കു നിരക്കാത്ത പല ആചാരങ്ങളും ഉണ്ട്. അവയുടെ സ്വാധീനം കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നത്. ഇവയ്‌ക്കെല്ലാം പ്രചാരം വർദ്ധിക്കുന്നതു കേരളത്തെ ഭ്രാന്താവസ്ഥയിലേക്കു നയിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
എന്തെങ്കിലും നേടാൻ പണം വാങ്ങുകയും അസാധാരണകാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന സ്വാർത്ഥോദ്ദേശ്യങ്ങളുള്ള പ്രവർത്തനങ്ങളാണ് അന്ധവിശ്വാസത്തിന്റെ അടിസ്ഥാനം
. മഹാരാഷ്ട്ര സർക്കാർ 2013-ൽ നടപ്പാക്കിയ അന്ധവിശ്വാസത്തിനെതിരായ നിയമം ഒരു പരിധിവരെ ഫലപ്രദമാണ് എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടു കേരളം ആ വഴിക്കു ചിന്തിക്കുന്നില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും മാദ്ധ്യമങ്ങൾക്കുമെല്ലാം ഇക്കാര്യത്തിൽ വലിയ പങ്കു വഹിക്കാനുണ്ട്. ശാസ്ത്രീയരീതികളിലൂടെ മുന്നോട്ടുപോകാനുള്ള അറിവും ബോധവും ജനങ്ങളിലുണ്ടാക്കാനുള്ള ബാധ്യത ഈ സ്ഥാപനങ്ങൾക്കുണ്ട്. ഇന്ത്യയിൽ അത്ഭുതപ്രവർത്തനങ്ങളിലൂടെ പ്രശ്നപരിഹാരം(മാജിക്കൾ റെമഡീസ്) ഉറപ്പുനൽകുകയും അതിന്  പണം വാങ്ങുകയും അതു പരസ്യപ്പെടുത്തുകയും ചെയ്യുന്നതു തടയുന്ന ഒരു നിയമം തന്നെയുണ്ട്. ജനങ്ങൾക്കു വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളാണ് മാദ്ധ്യമങ്ങൾ എന്ന് അറിവുള്ളവർ പറഞ്ഞിട്ടുണ്ട്. ആ മാദ്ധ്യമങ്ങൾ തന്നെയാണ് ചാത്തൻസേവ ഉൾപ്പെടെയുള്ള അമാനുഷിക, അയുക്തിക അന്ധവിശ്വാസപ്രവർത്തനങ്ങൾക്കു പ്രോത്സാഹനം നൽകുന്നത്. ഇവയൊന്നും കാണാതിരുന്നു കൂടാ. ഇവയ്‌ക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പിനു ഇനിയും വൈകിക്കൂടാ.
Editorial written for Thalsamayam daily dt 9 Aug 2018

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

മാധ്യമങ്ങള്‍ വളര്‍ത്തുന്ന യുദ്ധഭ്രാന്ത്

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്