മാദ്ധ്യമലോകം എങ്ങോട്ട്? നിര്‍മിതബുദ്ധി മുതല്‍ വ്യാജവാര്‍ത്ത വരെവികസിതലോകത്ത് പത്രങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഓരോ വര്‍ഷാരംഭവും മാദ്ധ്യമലോകത്തിന്റെ ഹൃദയമിടിപ്പിനു വേഗം കൂട്ടുകയാണ്. 2019 എന്താണ് മാദ്ധ്യമ മേഖലയ്ക്കായി കാത്തുവച്ചിരിക്കുന്നത്? പരിശോധിക്കുകയാണ് ലോകത്തിലെ പ്രമുഖ മാദ്ധ്യമപഠന സ്ഥാപനം ആയ റോയിട്ടേയഴ്‌സ് ഇന്‍സ്റ്റിറ്റിയട്ട് ഫോര്‍ സ്റ്റഡി ഓഫ് ജേണലിസം. 2012 മുതല്‍ വര്‍ഷംതോറും സര്‍വെ നടത്തുന്നുണ്ട് റോയ്‌ട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്.

ഇന്ത്യ ഉള്‍പ്പെടെ 29 രാജ്യങ്ങളില്‍നിന്നുള്ള 200 മാദ്ധ്യമ പ്രധാനികളുടെ അഭിപ്രായങ്ങള്‍ ആണ് ഈ റിപ്പോര്‍ട്ടിനു ആധാരം. അവരില്‍ നാല്പത് എഡിറ്റര്‍ ഇന്‍ ചീഫുമാരും മുപ്പതു സി.ഇ.ഓ മാരും മുപ്പതു ഡിജിറ്റല്‍ മീഡിയ തലവന്മാരും ഉള്‍പ്പെടുന്നു. എണ്‍പതു ശതമാനവും വികസിതരാജ്യങ്ങളില്‍നിന്നുള്ളവരാണ്. 55 ശതമാനം പേര്‍ അച്ചടി മാദ്ധ്യമ പശ്ചാത്തലം ഉള്ളവരുമാണ്.

സര്‍വെയില്‍ കണ്ടെത്തിയ പ്രധാന ആശങ്കകളും പ്രതീക്ഷകളും എന്തെല്ലാമെന്നു നോക്കാം.

1. പത്രങ്ങള്‍ തുടര്‍ന്നും അതിജീവനത്തിനു പരസ്യവരുമാനത്തെയും കോപ്പി വില്‍പ്പനയും ആശ്രയിക്കും. പക്ഷേ, നിലനില്‍ക്കാന്‍ അതു മതിയാകില്ല. ഇതിനോട് ചേര്‍ന്നു സംഭാവനകളെയും മറ്റു പുതിയ മാര്‍ഗ്ഗങ്ങളെയും ആശ്രയിക്കേണ്ടിവരും.
2. സ്വതന്ത്ര മാദ്ധ്യമപ്രവര്‍ത്തനത്തിനു താങ്ങ് ആവുന്ന ഫൗണ്ടേഷനുകളും സംഘടനകളും ഉയര്‍ന്നു വരാം. ജനാധിപത്യ സര്‍ക്കാറുകളും ഈ ചുമതല നിര്‍വ്വഹിച്ചേക്കും. ഫോര്‍ത്ത് എസ്റ്റേറ്റ് നിലനില്‍ക്കണമെന്നു നിര്‍ബന്ധമുള്ള ഭരണാധികാരികള്‍ അതിനു സന്നദ്ധരായേക്കാം. 
3. മികച്ച യോഗ്യതയുള്ളവരെ മാദ്ധ്യമപ്രവര്‍ത്തക മേഖലയ്ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ശമ്പളക്കുറവും ന്യൂസ് റൂം ജോലി സമ്മര്‍ദ്ദവും മാദ്ധ്യമപ്രവര്‍ത്തനം അനാകര്‍ഷക തൊഴിലിടമാക്കുന്നു.
4. നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്) മാദ്ധ്യമമേഖലയില്‍ പ്രാമുഖ്യം നേടും എന്നാണ്. അതു ജേണലിസത്തിനു പകരമാവില്ല. പക്ഷേ, വായനക്കാര്‍ ആഗ്രഹിക്കുന്ന രീതി   യില്‍ ഉള്ളടക്കം രൂപപ്പെടുത്താനും അതുവഴി പ്രസിദ്ധീകരണങ്ങള്‍ക്കു കൂടുതല്‍ ജനസമ്മതി ഉണ്ടാക്കാനും കഴിയും.
5. വാര്‍ത്തകളും മറ്റും കൂടുതലായി ശബ്ദറിപ്പോര്‍ട്ടുകളിലൂടെ പുറത്തുവരും. ഓഡിയോ പോഡ്കാസ്റ്റുകള്‍ എങ്ങും കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ആമസോണും അലക്‌സയും ഗൂഗ്ള്‍    അസിസ്റ്റന്റും പ്രധാനപങ്കു വഹിക്കും.
6. വ്യാജവാര്‍ത്തകള്‍ക്കും കുപ്രചാരണങ്ങള്‍ക്കും എതിരെ കേന്ദ്രീകൃത നടപടികള്‍ വര്‍ദ്ധിച്ച തോതില്‍ ഈ വര്‍ഷം ഉണ്ടാകും. പക്ഷേ, വ്യാജവാര്‍ത്ത, അടഞ്ഞ കമ്മ്യൂണിറ്റി ഗ്രൂ   പ്പുകളില്‍ തുടരും. പുറത്തുള്ളവര്‍ക്ക് ഇവ കണ്ടെത്താനോ തടയാനോ കഴിയില്ല.
7. വിലയോ ദൃശ്യപരമായ ആകര്‍ഷണീയതയോ അല്ല, വിശ്വാസ്യതയാണ് പ്രധാനം എന്ന തിരിച്ചറിവിലേക്കു കുറെ മാദ്ധ്യമങ്ങള്‍ നീങ്ങും. പ്രസിദ്ധീകരണങ്ങളെ ഈ മാനദണ്ഡത്തിലൂടെ തിരിച്ചറിയാന്‍ ജനങ്ങള്‍ പഠിച്ചുതുടങ്ങും.
8.  ഒഴിവുസമയ മുഴുവന്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ ചെലവാക്കുന്ന സ്വഭാവം പുതുതലമുറ ക്രമേണ വെടിയും. അര്‍ത്ഥമുള്ള ഉള്ളടക്കത്തിലേക്ക് മാറാന്‍ അവര്‍ തയ്യാറാകും.
9. അതിവേഗമുള്ള, ഉപരിപ്ലവ വാര്‍ത്താ കുത്തൊഴുക്കില്‍നിന്നു വേഗത കുറഞ്ഞ, എന്നാല്‍ അര്‍ത്ഥപൂര്‍ണ്ണവും സത്യസന്ധവുമായ വാര്‍ത്തയിലേക്ക് ധാരാളം പ്രസിദ്ധീകരണങ്ങള്‍ മാ     റും. പക്ഷേ, ജനങ്ങളുടെ പ്രതികരണം ഇപ്പോഴും വ്യക്തമല്ല.
10. ന്യൂയോര്‍ക്ക് ടൈംസ് പോലെ വിശ്വാസ്യതയുള്ള മാദ്ധ്യമങ്ങള്‍ പണം കൊടുത്ത് ഓണ്‍ലൈനില്‍ വായിക്കാന്‍ കൂടൂതല്‍ വായനക്കാര്‍ സന്നദ്ധരാകുന്നുണ്ട്. അവരുടെ നാല്‍പതു ല   ക്ഷം വരിക്കാരില്‍ 31 ലക്ഷവും ഓണ്‍ലൈന്‍ വരിക്കാരാണ്.
11. വാര്‍ത്താശേഖരണത്തില്‍ സാങ്കേതികവിദ്യ വലിയ പങ്കു വഹിക്കും. കാമറൂണില്‍ സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ബി.ബി.സി,    ഗൂഗ്ള്‍ എര്‍ത്ത് തൊട്ട് നിരവധി ഓപ്പണ്‍ സോഴ്‌സ് ടെക്‌നോളജികള്‍ ഉപയോഗപ്പെടുത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതാണ് മികച്ച ഉദാഹരണം.
12.ഇന്ത്യയില്‍ സാമൂഹ്യമാദ്ധ്യമങ്ങളുടെ സാര്‍വത്രികമായ സാന്നിദ്ധ്യം വ്യാജവാര്‍ത്ത പരത്തുന്നതിനും അസഹിഷ്ണുതയും മതവൈരവും ആളിക്കത്തിക്കുന്നതിനുമാണ് പ്രയോജനപ്പെ   ട്ടിട്ടുള്ളത്. വ്യാജ വീഡിയോകള്‍ ഉണ്ടാക്കുക ഒരു എളുപ്പപ്പണിയായി മാറിയിട്ടുമുണ്ട്. ഇതെല്ലാമാണ് തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നത് എന്നതു ജനാധിപത്യത്തിനു തന്നെ വലിയ ഭീഷണിയാകുന്നു.
13. വലിയൊരു വിഭാഗം രാജ്യങ്ങളില്‍ വിശ്വാസ്യതയുള്ള ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ പെയ്ഡ് സബ്ക്രിബ്ഷനിലേക്കു മാറുന്നത് സത്യസന്ധതയില്ലാത്ത മാദ്ധ്യമങ്ങളെ ആശ്രയിക്കാന്‍  ജ    നങ്ങളെ നിര്‍ബന്ധിതമാക്കും. ഇതും വാര്‍ത്തയുടെ ഗുണം ഇല്ലാതാക്കും. ഇതിനൊരു മറുമരുന്നായി പേ വാള്‍ ബ്ലോക്കുകള്‍ സൃഷ്ടിക്കപ്പെടും.(പണംനല്‍കിയുള്ള മാധ്യമവായനയാണ് പേ വാള്‍)
14. പ്രസിദ്ധീകരണങ്ങളില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സാന്നിദ്ധ്യം ഉറപ്പാക്കാനുള്ള ശ്രമം ശക്തിപ്പെടും. വളരെ ബോധത്തോടെയും മുന്‍കരുതലോടെയും തയ്യാറാക്കുന്ന      മാദ്ധ്യമങ്ങളിലും സ്ത്രീകള്‍ ഉള്‍പ്പെടെ അതിരുകളിലുള്ളവരുടെ സാന്നിദ്ധ്യം രചനകള്‍, അഭിമുഖങ്ങള്‍, അഭിപ്രായങ്ങള്‍ തുടങ്ങിയ എല്ലാ മേഖലകളിലും ന്യൂനപക്ഷമായി തുടരുന്നു      എന്നത് തിരിച്ചറിയപ്പെടും. ഇതു കണ്ടെത്തുന്നതിനുള്ള സോഫ്റ്റ് വെയറുകള്‍ സാര്‍വത്രികമായി ഉപയോഗപ്പെടുത്തുകയുംചെയ്യും.
Read full report in
https://reutersinstitute.politics.ox.ac.uk/our-research/journalism-media-and-technology-trends-and-predictions-2019ദ് ഗാര്‍ഡിയനില്‍ പരസ്യം കുറവ,് സംഭാവന കൂടുതല്‍


ലണ്ടനിലെ ദ് ഗാര്‍ഡിയന്‍ പ്രസിദ്ധീകരണത്തിനു രണ്ടു വര്‍ഷത്തിനിടെ പത്തു ലക്ഷം വായനക്കാരില്‍ നിന്നു സംഭാവന ലഭിച്ചു. സംഭാവനയായി കിട്ടുന്നതില്‍ കുറഞ്ഞ സംഖ്യയേ പത്രത്തിന് പരസ്യ വരുമാനമായി ലഭിക്കുന്നുള്ളൂ.

1821 മുതല്‍ ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിച്ചുവരുന്ന ദ് ഗാര്‍ഡിയന്‍ പ്രിന്റ് എഡിഷന്‍ പ്രചാരം ഒന്നര ലക്ഷം കോപ്പിയേ ഉള്ളൂ. ദ് ഒബ്‌സര്‍വര്‍, ദ് ഗാര്‍ഡിയന്‍ വീക്ക്‌ലി എന്നിവ കൂടി പ്രസിദ്ധപ്പെടുത്തുന്ന ഗാര്‍ഡിയന്‍ മീഡിയ ഗ്രൂപ്പ് ഇറക്കുന്ന പത്രത്തിന്റെ പേര് 1959 വരെ മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്‍ എന്നായിരുന്നു.

രാഷ്ട്രീയ-മത താല്പര്യങ്ങളില്ലാത്ത സ്വതന്ത്ര പത്രപ്രവര്‍ത്തനം വാഗ്ദാനം  ചെയ്യുന്ന സ്ഥാപനമാണ് ഇത്. രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള പത്രമായാണ് ദ് ഗാര്‍ഡിയന്‍ കണക്കാക്കപ്പെടുന്നത്. ഗാര്‍ഡിയന്റെ ഓണ്‍ലൈന്‍ എഡിഷന്‍ മാസം 23 ലക്ഷം പേരിലെത്തുന്നു. റുപര്‍ട് മര്‍ഡോക്കിന്റെ ഉടമസ്ഥയിലുള്ള ന്യൂസ് ഓഫ് ദ വേള്‍ഡ് പത്രം പൂട്ടിച്ച ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത പുറത്തുകൊണ്ടുവന്നത് ദ് ഗാര്‍ഡിയന്‍ ആണ്.

 ഒരു ബിസിനസ് എന്ന നിലയിലുള്ള തകര്‍ച്ചയല്ല, വിശ്വാസ്യതയിലുള്ള തകര്‍ച്ചയാണ് വാര്‍ത്താമാദ്ധ്യമങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ദ് ഗാര്‍ഡിയന്‍ എഡിറ്റര്‍ കാത് വിനര്‍ പ്രസ്ഗസറ്റ്.സിഒ.യുകെ യുമായുള്ള അഭിമുഖത്തില്‍ പറയുന്നുണ്ട്.

അഫ്ഗാന്‍ ജേണലിസ്റ്റ് ആദ്യ രക്തസാക്ഷി

അഫ്ഗാന്‍ സിറ്റിസണ്‍ ജേണലിസ്റ്റ് ജാവിദ് നൂരി ആണ് 2019ലെ ആദ്യത്തെ പത്രപ്രവര്‍ത്തക രക്തസാക്ഷി. ജനവരി അഞ്ചിന് ഫാറ പ്രവിശ്യയില്‍ അദ്ദേഹത്തെ ബസ് തടഞ്ഞ് തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയത് താലിബാന്‍ ക്രൂരന്മാരാണ്.
27കാരനായ ജാവിദ് പ്രാദേശിക സര്‍ക്കാറില്‍ പ്രവര്‍ത്തിക്കുമ്പോള്‍തന്നെ ചാനലുകളിലും റേഡിയോവിലും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തുപോന്നിരുന്നു.സാമൂഹ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള വിമര്‍ശനറിപ്പോര്‍ട്ടുകളില്‍ താലിബാന്‍കാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നതായി റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ് വിശദീകരിക്കുന്നു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുന്ന രാജ്യം അഫ്ഗാനിസ്ഥാനാണ്. 2018ല്‍ പതിനഞ്ച് റിപ്പോര്‍ട്ടര്‍മാരാണ് അവിടെ അക്രമങ്ങളില്‍ മരിച്ചത്.

വ്യാജവാര്‍ത്തകള്‍
പങ്കു വയ്ക്കുന്നത്
ഏറെയും മുതിര്‍ന്നവര്‍

വ്യാജവാര്‍ത്തകള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പങ്കുവച്ച് പ്രചരിപ്പിക്കുത് ഏറിയ പങ്കും യുവാക്കളാണ് എന്നാവും പൊതുധാരണ. അതു ശരിയല്ല. 65 പിന്നിട്ട മുതിര്‍ന്നവരാണ് ഇക്കാര്യത്തില്‍ മുന്നില്‍ എന്ന്് അമേരിക്കയില്‍ നടന്ന ഒരു പഠനം കണ്ടെത്തുന്നു.

തെരഞ്ഞെടുപ്പു കാലത്തെ വ്യാജവാര്‍ത്തകളെക്കുറിച്ചായിരുന്നു പഠനം. വന്‍തോതില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നു എന്നത് അമേരിക്കയെ സംബന്ധിച്ചെങ്കിലും ശരിയല്ല. ഇതില്‍തന്നെ പതിനൊന്നു ശതമാനം പേര്‍ 65നു മേല്‍ പ്രായമുള്ളവരാണ്. അവരാകട്ടെ തൊട്ടു താഴെയുള്ള വിഭാഗം പങ്കു വച്ചതിന്റെ ഇരട്ടി വ്യാജവാര്‍ത്തകളാണ് സത്യവാര്‍ത്തകള്‍ എന്ന മട്ടില്‍ പലര്‍ക്കും പങ്കുവച്ച് പ്രചരിപ്പിച്ചത്. ഇവര്‍ പാര്‍ട്ടി അനുഭാവികളാണോ അല്ലയോ എന്നത് അത്രയൊന്നും പ്രസക്തമായി തോന്നിയില്ല എന്നു പഠനത്തില്‍ പങ്കാളിയായിരുന്ന പ്രിന്‍സ്ടന്‍ യൂനിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്റിസ്റ്റ് ആന്‍ഡ്രൂ ഗസ് വെളിപ്പെടുത്തി.

എന്താണ് ഇതിനു കാരണം? മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇപ്പോഴും ഡിജിറ്റല്‍ മീഡിയ സാക്ഷരത ആര്‍ജ്ജിക്കാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ക്കു വ്യാജവാര്‍ത്തയും യഥാര്‍ത്ഥവാര്‍ത്തയും വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതുതന്നെ കാരണം. ഫേസ്ബുക്കിലും മറ്റും വാര്‍ത്ത സൃഷ്ടിച്ചുവിടുന്ത് യഥാര്‍ത്ഥ മാദ്ധ്യമപ്രവര്‍ത്തകരാണ് എന്നു തെറ്റിദ്ധരിച്ചവരും ധാരാളമായി വാര്‍ത്തകള്‍, സത്യാസത്യ വിചാരമില്ലാതെ അവ പങ്കുവയ്ക്കുന്നു എന്നം തിരിച്ചറിഞ്ഞിട്ടുണ്ട്.

(മീഡിയബൈറ്റ്
മീഡിയ മാഗസീനില്‍ ്പ്രസിദ്ധപ്പെടുത്തുന്നത്)


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

മാധ്യമങ്ങള്‍ വളര്‍ത്തുന്ന യുദ്ധഭ്രാന്ത്

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്