1977-2019 ചരിത്രം തിരിഞ്ഞു നടക്കുമ്പോള്‍
എന്‍.പി രാജേന്ദ്രന്‍ കന്നിവോട്ട് ചെയ്ത തിരഞ്ഞെടുപ്പ് ആയാണ് ഞാന്‍ 1977-ലെ പൊതു തിരഞ്ഞെടുപ്പിനെ ഓര്‍ക്കേണ്ടത്. 23ാം വയസ്സിലാണ് കന്നിവോട്ട് വന്നത്. അക്കാലത്തു വോട്ടവകാശം കിട്ടുന്നത് 21 ാം വയസ്സിലാണ്. അടിയന്തരാവസ്ഥ കാരണം ലോക്‌സഭയുടെ കാലാവധി ഒരു വര്‍ഷം നീട്ടിയ വകയില്‍ അങ്ങനെയും നീണ്ടു. കന്നിവോട്ടല്ല, പ്രശ്‌നം അടിയന്തരാവസ്ഥയാണ്. അടിയന്തരാവസ്ഥ അവസാനിപ്പിച്ച തിരഞ്ഞെടുപ്പ് എന്നതാണ് 1977-ലെ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം-എനിക്കെന്നല്ല, ഈ രാജ്യത്തിനാകെയും. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഈ രാജ്യം പിന്നിട്ട അത്യപൂര്‍വമായ, ഏറ്റവും ചരിത്രപ്രധാനമായ തിരഞ്ഞെടുപ്പ് എഴുപത്തേഴിലേതാണ്. അതുപോലൊന്നു ഒരുപക്ഷേ, ഇനിയും നൂറുവര്‍ഷം പിന്നിട്ടാലും ഉണ്ടാവണമെന്നില്ല. തിരഞ്ഞെടുപ്പിലൂടെ ഒരു ഏകാധിപത്യഭരണകൂടത്തെ പിഴുതെറിയാന്‍ 1977-ലെ ഇന്ത്യക്കല്ലാതെ ലോകത്തൊരു രാജ്യത്തിനും കഴിഞ്ഞതായി കേട്ടിട്ടില്ല. ഇനി കഴിയുമെന്നു തോന്നുന്നുമില്ല. ആ തിരഞ്ഞെടുപ്പില്‍ വെറുതെ ഒരു കന്നിവോട്ട് ചെയ്യുകയല്ല, അടിയന്തരാവസ്ഥാ ഭരണകൂടത്തിനെതിരെ പ്രസംഗപ്രചാരണവും വോട്ടുപിടിത്തവും നടത്തിയാണ് കന്നിവോട്ട് ചെയ്തത്. ചെറിയ കാര്യമല്ല എന്നിപ്പോള്‍ ഓര്‍ക്കുന്നു.