വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

 ഫോര്‍ത്ത് എസ്റ്റേറ്റും വെറും വ്യവസായം മാത്രം...


എന്‍.പി രാജേന്ദ്രന്‍

ഇന്ത്യന്‍ പത്രപ്രവര്‍ത്തകരുടെ ബലവും പ്രതീക്ഷയും ആയിരുന്ന വര്‍ക്കിങ് ജേണലിസ്റ്റ് ആക്റ്റ് ഇനി നിയമപുസ്തകത്തിലില്ല. രാജ്യത്തെ പതിമൂന്നു നിയമങ്ങള്‍ ഒറ്റ നിയമത്തിന്‍ കീഴില്‍ കൊണ്ടു വരിക എന്ന ഉദ്ദേശ്യത്തോടെ ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയതോടെയാണ് വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റ് അപ്രത്യക്ഷമായത്. ജനാധിപത്യ രാജ്യങ്ങളിലെല്ലാം ഫോര്‍ത്ത് എസ്റ്റേറ്റായി അംഗീകരിക്കപ്പെട്ട മാധ്യമപ്രവര്‍ത്തനത്തിന്റെ ഔന്നത്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനുമായി, 1955-ല്‍ അതികായന്മാര്‍ നിറഞ്ഞ ഇന്ത്യന്‍ പാര്‍ലമെന്റ് ഏറെ ചര്‍ച്ചകള്‍ നടത്തി രൂപം നല്‍കിയ നിയമമാണ്, മഹാമാരിയുടെ മറവില്‍ ഒരു ചര്‍ച്ച പോലുമില്ലാതെ പതുക്കെ ഇല്ലാതാക്കിയത്. 

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റില്‍ വ്യവസ്ഥ ചെയ്തതിന്റെ ബലത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ വേജ് ബോര്‍ഡുകളെ നിയമിക്കുന്നത്. ഇന്ത്യയില്‍ വേതനനിര്‍ണ്ണയത്തിന് വേജ് ബോര്‍ഡ് ഉള്ള ഏക വ്യവസായം അച്ചടിമാധ്യമങ്ങള്‍ മാത്രമായിരുന്നു.  ആദ്യകാലത്ത് അഞ്ചു വര്‍ഷത്തിനിടയിലും പിന്നെ ആവശ്യം വരുമ്പോഴൊക്കെ എന്ന നിയമഭേദഗതിയിലൂടെ പത്തും പതിനഞ്ചും കൊല്ലം കഴിഞ്ഞുമാണ് നടപ്പാക്കിയിരുന്നതെങ്കിലും ഒരു അവകാശമായി നിലനിന്ന വേജ്‌ബോര്‍ഡ് സംവിധാനവും ഇതോടൊപ്പം, വലിച്ചെറിയപ്പെട്ടു. മറ്റെല്ലാ വേജ് ബോര്‍ഡുകളും ഇല്ലാതാക്കിയപ്പോള്‍ പത്രപ്രവര്‍ത്തക വേജ്‌ബോര്‍ഡ് നിലനിര്‍ത്തിയത് എന്തുകൊണ്ട് എന്ന് പുതിയ നിയമനിര്‍മാതാക്കള്‍ ചിന്തിച്ചുപോലുമില്ലേ? 

പുതിയ തൊഴില്‍നിയമ നിര്‍മാണം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായെങ്കിലും മാധ്യമങ്ങളെ സംബന്ധിക്കുന്ന രണ്ട് സുപ്രധാന മാറ്റങ്ങള്‍ ഉണ്ടായത് മാധ്യമങ്ങളില്‍ ഒരു വരി വാര്‍ത്ത വാര്‍ത്ത പോലുമായില്ല. അങ്ങനെയൊന്നു സംഭവിച്ചതുപോലും അപൂര്‍വം ആളുകളേ അറിഞ്ഞുപോലുമുള്ളൂ. പല ദേശീയ മാധ്യമപ്രവര്‍ത്തക സംഘടനകളുടെ വെബ്‌സൈറ്റില്‍ പോലും അതു  കാണാനില്ല.  

ഈ നിയമം വന്ന കാലം മുതല്‍ത്തന്നെ അതില്ലാതാക്കാന്‍ മാധ്യമ ഉടമസ്ഥര്‍ അവരെക്കൊണ്ടാവുന്നതെല്ലാം ചെയ്തു പോന്നിട്ടുണ്ട്. ഒന്നും ഫലവത്തായിരുന്നില്ല. ഓരോ വേജ്‌ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരെയും അവര്‍ പല കോടതികളില്‍ പാടുകിടന്നിട്ടുണ്ട്. ഒരിക്കലെങ്കിലും, ഒരു കേസ് എങ്കിലും അവര്‍ ജയിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍, 2014-ലെ മജീദിയ വേജ്‌ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കാത്തതിനെതിരെ സമര്‍പ്പിക്കപ്പെട്ട 83 കോടതി അലക്ഷ്യ ഹരജികള്‍ ഒന്നടങ്കം മാനേജ്‌മെന്റുകള്‍ക്കെതിരായി കര്‍ശനമായ താക്കീതോടെ സുപ്രിം കോടതി വിധിപറഞ്ഞത് 2017 ജുലായിലാണ്. അത്തരമൊരു നിയമമാണ് വളരെ സമര്‍ത്ഥമായി ഇല്ലാതാക്കിയത്.   

കമ്മീഷന്‍ ഓണ്‍ ലേബര്‍

ശരിയാണ്, നാഷനല്‍ കമ്മീഷന്‍ ഓണ്‍ ലേബര്‍ 2002ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യവസായങ്ങളില്‍ ഇനി വേജ് ബോര്‍ഡ് വേണ്ട എന്നു ഒറ്റ വാചകത്തില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.രാജ്യത്തെ എല്ലാ വ്യവസായങ്ങള്‍ക്കും വേജ്‌ബോര്‍ഡിലൂടെ വേതനം നിശ്ചയിക്കുന്നത് ശരിയല്ല. എന്നാല്‍, ഇപ്പോഴും കേന്ദ്രത്തിലും സംസ്ഥാനങ്ങളിമെല്ലാം ഇത്തരം റിപ്പോര്‍ട്ടുകളിലൂടെയാണ് ശമ്പളം നിശ്ചയിക്കുന്നത്. വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റിന് ഒരു ചരിത്ര പശ്ചാത്തലമുണ്ട്. ആ നിയമനിര്‍മ്മാണത്തിന്റെ മൂല്യങ്ങളോട് ഇത്രയും കാലം നില നിന്ന സര്‍ക്കാറുകളെല്ലാം ഒരു പരിധി വരെയെങ്കിലും ആദരവ് പുലര്‍ത്തിയിരുന്നു. അതു കൊണ്ടാണ് ലേബര്‍ കമ്മീഷന്‍ പറഞ്ഞിട്ടും മാധ്യമങ്ങളുടെ കാര്യത്തില്‍മാത്രം കേന്ദ്രസര്‍ക്കാര്‍ ഇത്രയും കാലം അതു സ്വീകരിക്കാതിരുന്നത്. ഈ സര്‍ക്കാറിന് അത്തരം പരിഗണനകളൊന്നുമുണ്ടായില്ല.  

വേജ് ബോര്‍ഡില്ലെങ്കില്‍ എന്താണ് മാധ്യമരംഗത്തെ ശമ്പളനിര്‍ണയത്തിന്റെ രീതി എന്ന് പുതിയ നിയമത്തിലില്ല. അത് അതിന്റെ ഭാഗവുകയുമില്ല. മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമ തൊഴിലാളികളുടെയും മാധ്യമ ഉടമകളുടെയും സര്‍ക്കാറിന്റെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതികള്‍ ഇതിനായി രൂപവല്‍ക്കരിക്കുമെന്ന് നിയമത്തിന്റെ ഭാഗമായി ഉണ്ടാക്കുന്ന റൂള്‍സില്‍ ചേര്‍ക്കുന്നുണ്ട് എന്ന് 2002-ലെ നാഷനല്‍ കമ്മീഷന്‍ ഓണ്‍ ലേബര്‍ അംഗമായിരുന്ന ബി.എം.എസ് പ്രസിഡന്റ്് അഡ്വ. സജി നാരായണന്‍ പറയുന്നു. പ്രത്യേക കേന്ദ്ര നിയമത്തെ ആധാരമാക്കി, ജസ്റ്റിസുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന വേജ് ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്ന ശമ്പളപരിഷ്‌കരണം പോലും നേരാംവണ്ണം നടക്കാറില്ലെന്നിരിക്കെ പുതിയ കമ്മിറ്റി പ്രവര്‍ത്തനം ഏതുവിധമാകും എന്നു ഊഹിക്കാന്‍ പ്രയാസമില്ല.   

ഇപ്പോള്‍ അംഗീകരിച്ച ബില്‍ നമ്പര്‍ 122 ന്റെ (THE OCCUPATIONAL SAFETY, HEALTH AND WORKING CONDITIONS CODE, 2020) പത്താം പേജില്‍ ന്യൂസ് പേപ്പറുമായി ബന്ധപ്പെട്ട കുറെ പദങ്ങള്‍ നിര്‍വചിച്ചിട്ടുണ്ട്. എന്തിനാണ് എന്നറിയില്ല. വക്കിങ് ജേണലിസ്റ്റ്‌സ് ആക്റ്റിനു വേണ്ടി ഉണ്ടാക്കിയ നിര്‍വചനങ്ങളാണ് ഇതില്‍ എടുത്തുചേര്‍ത്തിട്ടുണ്ട്. ആക്റ്റില്ല, നിര്‍വചനമുണ്ട്. 14ാം പേജില്‍ വര്‍ക്കിങ്ങ് ജേണലിസ്റ്റിനെ നിര്‍വചിച്ചിട്ടുണ്ട്. ഒരേ സബ് ഹെഡ്ഡിങ്ങിനു ചുവടെ പല തരം തൊഴിലുകള്‍ നിര്‍വചിക്കുന്നതിന് ഒപ്പമാണ് വര്‍ക്കിങ്ങ് ജേണലിസ്റ്റുകളെയും നിര്‍വചിച്ചിട്ടുള്ളത്. 

(zzm) 'Working Journalist' means a person whose principal avocation is that of a journalist and who is employed as such, either whole-time or part-time, in, or in relation to, one or more newspaper establishment, or other establishment relating to any electronic media or digital media such as newspaper or radio or other like media,  and includes an editor, a leader-writer, news editor, sub-editor, feature-writer, copytester, reporter, correspondent, cartoonist, news-photographer and proof-reader, but does not include any such person who is employed mainly in a managerial, supervisory or administrative capacity; 

മാധ്യമവും ഒരു വ്യവസായം മാത്രം

നിയമത്തിന്റെയും വേജ് ബോര്‍ഡിന്റെയും പ്രസ് കൗണ്‍സിന്റെയും പരിധിയില്‍ ഇലക്‌ട്രോണിക് മാധ്യമപ്രവര്‍ത്തകരെയം ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. അതൊന്നും പരിഗണിക്കപ്പെട്ടിരുന്നില്ല. വര്‍ക്കിങ് ജേണലിസ്റ്റ് ആക്‌റ്റോ അതിന്റെ ആനുകൂല്യങ്ങളോ പരിഗണനകളോ ഇല്ലാതെ മറ്റേതൊരു വ്യവസായം പോലെ മാത്രമായി ഫോര്‍ത് എസ്റ്റേറ്റിനെ തരംതാഴ്ത്തിയ ശേഷം, ദൃശ്യമാധ്യമ പ്രവര്‍ത്തകരെയും അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നു അവകാശപ്പെടുന്നതിലെ പരിഹാസം ചെറുതല്ല. വര്‍ക്കിങ്ങ് ജേണലിസ്റ്റ് നിയമം ഇനിയില്ല, പക്ഷേ, ഇല്ലാതായ നിയമത്തിലെ നിര്‍വചനത്തില്‍ നിങ്ങളെയും ഉല്‍പ്പെടുത്തിയിട്ടുണ്ട് എന്ന്. 28ാം പേജില്‍ വര്‍ക്കിങ്ങ് ജേണലിസ്റ്റുകളുടെ ജോലിസമയം പ്രത്യേകമായി കൊടുത്തിട്ടുണ്ട്. അതു മാറ്റിയിട്ടില്ല. അതില്‍ പഴയ നിയമത്തിലുള്ള ജോലി സമയം തന്നെയാണ് ഉള്ളത്. ആറു മണിക്കൂര്‍ എന്നു നിയമത്തിലുള്ളപ്പോള്‍ത്തന്നെ എട്ടും പത്തും മണിക്കൂര്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതു കൊണ്ട് കുറച്ച് മനസ്സമാധാനം കിട്ടുമായിരിക്കാം. 

ഇതിന്റെ അടുത്ത പാര തുടങ്ങുന്നത് ദുരൂഹമായ തരത്തിലാണ്. അതിങ്ങനെ....

3) Notwithstanding anything contained in sub-sections (1) and (2), a sales promotion

employee or the working journalist,—

(i) in addition to such holidays, casual leave or other kinds of leave as may be

prescribed by the Central Government, shall be granted, if requested for—

(a) earned leave on full wages for not less than one-eleventh of the

period spent on duty;

(b) leave on medical certificate on one-half of the wages for not less than

one-eighteenth of the period of service;


സെയ്ല്‍സ് പ്രമോഷന്‍ എംപ്ലോയിയും വര്‍ക്കിങ്ങ് ജേണലിസ്റ്റുമായി എന്തു ബന്ധമാണ് ഉള്ളത്? എന്തെങ്കിലും തൊഴില്‍പരമായ ബന്ധം നിയമത്തിലൊരിടത്തും വേറെ കാണാനില്ല, ആര്‍ക്കെങ്കിലും ഇതു വിശദീകരിക്കാന്‍ പറ്റുമോ എന്തോ. 

നാഷനല്‍ കമ്മീഷന്‍ ഓണ്‍ ലേബര്‍ 2002 സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തതനുസരിച്ചാണ് 44 നിയമങ്ങള്‍ റദ്ദാക്കി നാലു കോഡുകളില്‍ സമാഹരിച്ചതെന്ന വിശദീകരണമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ദീര്‍ഘമായ ഒരു അധ്യായം തൊഴില്‍ നിയമങ്ങളെക്കുറിച്ചുണ്ട്. ഒരുപാട് മേഖലകളില്‍ സമാന സ്വഭാവമുള്ള വിഷയങ്ങള്‍ക്കു വെവ്വേറെ നിയമങ്ങള്‍ ഉണ്ടാകുന്നത് മൂലമുള്ള ആശയക്കുഴപ്പത്തെക്കുറിച്ച് റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്്. അത്തരം സന്ദര്‍ഭങ്ങളിലാണ് കഴിയുന്നേടത്തോളം ഒരു നിയമം ഉണ്ടാകുന്നതാണ് നല്ലത് എന്ന് ശുപാര്‍ശ ചെയ്തത്. പത്രം, ഖനി, തോട്ടം, കുടിയേറ്റ, ബീഡി സിഗര്‍ തൊഴിലാളികള്‍ക്കെല്ലാം വേണ്ടി ഒരേ നിയമമുണ്ടാക്കാം എന്നല്ല കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. അങ്ങനെ ചെയ്തിന്റെ ബുദ്ധി വിശദപരിശോധന അര്‍ഹിക്കുന്നതാണ്.   

പത്തില്‍ കുറവ് തൊഴിലാളികളുള്ള സ്ഥാപനത്തിന് നിയമം തൊഴില്‍ നിയമങ്ങള്‍ ബാധകമല്ല എന്ന പുതിയ വ്യവസ്ഥ ചെറുകിട പത്രങ്ങളിലെ ജീവനക്കാരെയും പത്രപ്രവര്‍ത്തകരെയും ഗുരുതരമായി ബാധിക്കും. അത്തരം സ്ഥാപനങ്ങള്‍ അടച്ചിടാനോ സ്ഥാപനത്തില്‍ ആരെയെങ്കിലും പിരിച്ചുവിടാനോ സര്‍ക്കാറിന്റെ അനുമതി ആവശ്യമേയില്ല. ഹയര്‍ ആന്റ് ഫയര്‍ എപ്പോള്‍ വേണമെങ്കിലുമാകാം എന്നര്‍ത്ഥം. 

ആരുമായും ചര്‍ച്ചയില്ല

പുതിയ നിയമനിര്‍മ്മാണത്തിനു മുന്‍പ് ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച നടത്തുകയുണ്ടായെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, പത്രപ്രവര്‍ത്തക സംഘടനകളുമായി ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ല എന്നാണ് ഇന്ത്യന്‍ ജേണലിസ്റ്റ്‌സ് യൂണിയന്‍, ബില്‍ പാസ്സായ ശേഷം അതിനെ വിമര്‍ശിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. ഡല്‍ഹി യൂണിയന്‍ ഒഫ് ജേണലിസ്റ്റ്‌സ് യൂണിയനും നിയമത്തിനെതിരെ രംഗത്തു വന്നിട്ടുണ്ടെങ്കിലും ഏറ്റവും പഴക്കമുള്ള വലിയ സംഘടനയായിരുന്ന ഐ.എഫ്.ഡബ്‌ള്യൂ.ജെ അതിനെക്കുറിച്ച് ഒരക്ഷണം പറഞ്ഞിട്ടില്ല. നാഷനല്‍ യൂണിയന്‍ ഓഫ് ജേണലിസ്റ്റ്‌സ് ഇന്ത്യയും മൗനം പാലിക്കുകയാണ്.രണ്ട് സംഘടനകളുടെയും വെബ്‌സൈറ്റുകളെ ആശ്രയിച്ചാണ് ഇത്ു പറയുന്നത്.  

ഒരു നിയമം എന്ന ആശയത്തെക്കുറിച്ച് ഗൗരവമായ പര്യാലോചന നടന്നിരുന്നുവെങ്കില്‍ പത്രജീവനക്കാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ടെലിവിഷന്‍ ചാനല്‍ പ്രവര്‍ത്തകര്‍ക്കും റേഡിയോകള്‍ക്കും ഇ വാര്‍ത്താ ചാനലുകള്‍ക്കും എല്ലാം ചേര്‍ന്നാണ് ഒരു നിയമം ഉണ്ടാക്കേണ്ടിയിരുന്നത്. വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റാണ് അവര്‍ക്കുകൂടി ബാധകമാക്കേണ്ടിയിരുന്നത്. ഇപ്പോഴത്തെ സര്‍വാണി കോഡ് അല്ല.   

തൊഴിലുടമകളുടെ താല്പര്യം സംരക്ഷിക്കുന്നതിന് ഇത്രയേറെ പ്രതിജ്ഞാബന്ധമായ ഒരു കേന്ദ്രസര്‍ക്കാര്‍ ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. ബില്ലുകളില്‍ ഉടനീളം അതു പ്രതിഫലിക്കുന്നണ്ട്. നിയമവ്യവസ്ഥകളില്‍ എവിടെയെല്ലാം എന്തെല്ലാം ഒളിപ്പിച്ചു വെച്ചിരിക്കുന്നു എന്ന് ബില്ലുകള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ ക്രമേണ മനസ്സിലാവുകയേ ഉള്ളൂ. ഓരോ നിയമവും മണിക്കൂറുകള്‍ ചര്‍ച്ച ചെയ്താണ് അതാതുകാലത്ത് രൂപപ്പെടുത്തിയിരുന്നത്. ഇപ്പോഴിതാ 44 നിയമങ്ങള്‍ ചര്‍ച്ച പോലുമില്ലാതെ അപ്പം ചുടും പോലെ ചുട്ടെടുത്തിട്ടുള്ളത്. 

വ്യവസായങ്ങളില്‍ വേതനനിര്‍ണ്ണയത്തിന് വേജ് ബോര്‍ഡുകള്‍ ആവശ്യമില്ല എന്ന ഒറ്റവരി ശുപാര്‍ശ 2002-ലെ തൊഴില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട് എന്നത് ശരിയാണ്. പക്ഷേ, വളരെ ഗൗരവപൂര്‍വമായ ആലോചനയ്ക്കു ശേഷമാവുമല്ലോ മാറിമാറി വന്ന കേന്ദ്രഭരണാധികാരികള്‍ ഈ ശുപാര്‍ശ സ്വീകരിക്കാതിരുന്നത്. പത്രപ്രവര്‍ത്തക വേജ് ബോര്‍ഡ് വേണ്ട എന്നു തീരുമാനിക്കുംമുമ്പ് ഇക്കാര്യം തൊഴില്‍വകുപ്പ് പഠിച്ചിരുന്നുവോ എന്നു കൂടി വെളിപ്പെടുത്തേണ്ടതുണ്ട്. ബില്‍ പാസ്സാക്കിയ ഇരു സഭകളിലെയും എത്ര അംഗങ്ങള്‍ ഇക്കാര്യം അറിഞ്ഞിരുന്നു എന്നും പറഞ്ഞാല്‍ നന്നായിരുന്നു. കാരണം, ബില്ലിലൊരിടത്തും അങ്ങനെ പറയുന്നില്ല. ഒളിച്ചു വെച്ചാണ് ഇതെല്ലാം പാസ്സാക്കിയെടുത്തത്. ഇന്ത്യന്‍ നിയമനിര്‍മ്മാണ ചരിത്രത്തില്‍ ഇത്രയും കറുത്ത ഒരു ദിവസം ഉണ്ടായിരുന്നോ?


അഭിപ്രായങ്ങള്‍

 1. It is true to say that modigovernment is pro corporate to the core.but all parties including the left are extending disguised support by registering namesake protest against such, in a way ,draconian legislation.draconian becos no discussion were held on such laws.all protest even on the street are eyewash events.so we get a legislation what we deserve.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. It is true to say that modigovernment is pro corporate to the core.but all parties including the left are extending disguised support by registering namesake protest against such, in a way ,draconian legislation.draconian becos no discussion were held on such laws.all protest even on the street are eyewash events.so we get a legislation what we deserve. 😊

   ഇല്ലാതാക്കൂ
 2. വേജ് ബോർഡ് ഇല്ലാതായതോടെ മാധ്യമ പ്രവർത്തകരുടെ വേതന പരിഷ്ക്കരണങ്ങൾ ഇനി കടലാസിലൊതുങ്ങും. എല്ലാ മേഖലയിലും ഹയര് ആൻ്റ് ഫയർ. സ്ഥിരം ജീവനക്കാരില്ലാതാകുന്നതോടെ വേതന ഘടന ഒരു പ്രശ്നമല്ലാതാകും.ഇതിനെതിരെ പ്രതികരിക്കാൻ ജീവനക്കാർക്ക് കഴിയില്ലെന്നത് ഏറെ ദു:ഖകരം.അടിമത്വ സമ്പ്രദായം ഈ മേഖലയെ വരിഞ്ഞുമുറുക്കും. മറ്റേതെങ്കിലും തൊഴിൽ മേഖലയിലെ പ്രശ്നങ്ങളാണെങ്കിൽ സമൂഹത്തിൻ്റെയും അധികാരികളുടെയും ശ്രദ്ധയിൽപെടുത്താൻ മാധ്യമങ്ങൾ ഉണ്ടാകും. ഈ മേഖലയിൽ പണിയെടുക്കുന്നവർക്ക് പണ്ടുണ്ടായിരുന്ന നിയമ പരിരക്ഷ പോലും എടുക്കപ്പെട്ടു പോയിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 3. അങ്ങിനെ മാധ്യമപ്രവർത്തകർക്ക് ആകെ ഉണ്ടായിരുന്ന പിടിവള്ളിയും നഷ്ടമായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 4. ഇതിനപ്പുറം വരുമെന്നാണ് പ്രതീക്ഷിക്കേണ്ടത്

  മറുപടിഇല്ലാതാക്കൂ
 5. പത്രപ്രവർത്തകർക്കും മൊത്തത്തിൽ എല്ലാ പത്ര ദൃശ്യ മാധ്യമ പ്രവർത്തകരേയും ബാധിക്കുന്ന
  തൊഴിലാളി വിരുദ്ധ നടപടി തന്നേയാണ്
  ഈ ഗവർമെന്റും തുടരുന്നത്. ഏതെല്ലാം തലങ്ങളിൽ ഇതിനെതിരെ പ്രധിഷേധം
  ഉയർത്താൻ കഴിയുമോ എന്ന് ചിന്തിക്കേണ്ട സമയം ഇനിയും വൈകാതെ നോക്കേണ്ടത് ഓരോ പത്ര
  ജീവനക്കാരൻ്റയും കടമയാണ്....

  മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

മാധ്യമങ്ങള്‍ വളര്‍ത്തുന്ന യുദ്ധഭ്രാന്ത്

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്